അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ വിനീതമായ നടത്തത്തെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. അഹംഭാവമെന്തെന്ന് അറിയാതെ ജ്ഞാനഭാരവുമായി ജീവിക്കുന്ന ജ്ഞാനികളുടെ കാലനക്കത്തിനു പോലും ഈമാനിന്റെ ഭംഗിയുണ്ട്. വിനയവും ലാളിത്യവുമുള്ള സംസാരം. വിശ്വാസത്തിന്റെ നിറചൈതന്യം തെളിഞ്ഞു കത്തുന്ന മുഖകമലം. ഈ ഗണത്തില്‍ എണ്‍പതാണ്ട് മലബാറില്‍ തെളിഞ്ഞു കത്തിയ പണ്ഡിത ജ്യോതിസ്സ്; ചെറുശ്ശോല ബീരാന്‍കുട്ടി ഉസ്താദ് ദൗത്യം പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ 17ാം വിടവാങ്ങി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗവും ഒട്ടനവധി പണ്ഡിത വരേണ്യരുടെ വന്ദ്യഗുരുവുമായിരുന്ന ഉസ്താദിന്റെ വിയോഗം പണ്ഡിത ശൃംഖലയില്‍ വലിയ വിടവാണ് ബാക്കിയാക്കിയിരിക്കുന്നത്.

വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വാഴയിലയില്‍ പൊതിഞ്ഞ ഒരു ചോറ്റുപൊതി കൊടുക്കും ഉമ്മ. അറിവ് തേടി കിലോമീറ്ററുകള്‍ നടക്കാനുള്ള മകന് വിശക്കരുതെന്ന് ഉമ്മ തീരുമാനിച്ചു. ചെറുശ്ശോലയില്‍ നിന്നും നടന്ന് വളാഞ്ചേരി വട്ടപ്പാറടിയിലെത്തുമ്പോള്‍ പൊതികെട്ടഴിച്ച് ഭക്ഷണം കഴിക്കും. വീണ്ടും നടക്കും. പട്ടാമ്പി തിരുവേഗപ്പുറയില്‍ എത്തണം. അവിടെയാണ് ദര്‍സ്. ജ്ഞാനം തേടിയുള്ള കാല്‍നടയാത്ര. ചുട്ടുപൊള്ളുന്ന വെയിലോ ദുര്‍ഘടമായ വഴികളോ വിജ്ഞാനതൃഷ്ണയില്‍ നിന്നും ചെറുശ്ശോല ഉസ്താദിനെ പിന്തിരിപ്പിച്ചില്ല.

കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാരായിരുന്നു പ്രധാന ഗുരു. അടിത്തട്ടുകാണാത്ത ആഴിപോലെ അറിവ് നേടിയ മഹാന്‍. അവിടുത്തെ ഓരോ മൊഴിയും മുത്തിനേക്കാള്‍ മഹത്ത്വമുള്ളതാണെന്നു ഗ്രഹിച്ച് ആവോളം കോരിക്കുടിച്ചു ഉസ്താദ്. നഷ്ടപ്പെടാതിരിക്കാന്‍ കുറിപ്പുകള്‍ നോട്ടുബുക്കില്‍ ശേഖരിച്ചു. കുറിപ്പുകളുടെ ഒരു കെട്ടുതന്നെ ഉണ്ടായിരുന്നു ഉസ്താദിന്റെ കയ്യില്‍. ആവശ്യം വരുമ്പോള്‍ എടുത്തു നോക്കും. അനുബന്ധ മസ്അലകള്‍ അതിനു ചുറ്റും കുറിച്ചിടും. കൈപ്പറ്റ ഉസ്താദിന്റെ തഹ്ഖീഖാത്ത് മസ്അലകള്‍ നിറഞ്ഞ് കവിഞ്ഞ പത്തിലധികം നോട്ടുബുക്കുകള്‍ തന്നെ ഉണ്ടായിരുന്നു ഉസ്താദിന്റെ കയ്യില്‍. ഒരിക്കല്‍, ജാമിഅ: നുസ്റതിലെ സി. കെ. എം ദാരിമി ഉസ്താദ് ഒരു മസ്അല ചോദിക്കാന്‍ ഉസ്താദിനെ സമീപിച്ചു. അവിടത്തെ മസ്അലാ നോട്ടുബുക്കുകള്‍ കണ്ട് അത്ഭുതപ്പെട്ടു. ആ കൗതുകം ചെറുശ്ശോല ഉസ്താദിനെ അറിയിക്കുകയും ചെയ്തു. പിറ്റേന്നാള്‍ വലിയ രണ്ടു പൊതിക്കെട്ടുമായി ചെറുശ്ശോല ഉസ്താദ് ദാരിമി ഉസ്താദിന്റെ അടുക്കല്‍ ചെന്നു. അവയില്‍ നിന്നും ഒരുകെട്ട് നല്‍കിക്കൊണ്ട് പറഞ്ഞു: കൈപ്പറ്റ ബീരാന്‍ കുട്ടി ഉസ്താദില്‍ നിന്നും ഞാനെഴുതിയെടുത്ത മസ്അല നോട്ടിന്റെ ഫോട്ടോകോപ്പികളാണിതില്‍. അതില്‍ ഒന്ന് നിങ്ങള്‍ക്കും മറ്റേത് അലി ബാഖവി (ആറ്റുപുറം) ക്കുമാണ്.

അറിവ് ശേഖരിക്കുന്നതില്‍ പ്രത്യേകമായ അനുഭൂതിയുണ്ടായിരുന്നു ഉസ്താദിന്. ആരില്‍ നിന്നും അറിവ് നേടാന്‍ മടിയുണ്ടായിരുന്നില്ല. നാട്യങ്ങളോ അഹംഭാവമോ തൊട്ടുതീണ്ടിയിട്ടേയില്ലാത്ത പുണ്യഗുരുവിന്റെ ഓരോ ചലനവും അത്ഭുതപ്പെടുത്തും വിധമായിരുന്നു. ഒരു മുതഅല്ലിമിന്റെ അനുഭവമിങ്ങനെ: ഫത്ഹുല്‍ ഖയ്യൂം ഓതുന്ന വേള, തന്റെ കയ്യിലുള്ള ഒരു പുസ്തകം ഉസ്താദിനെ കാണിച്ചു. ഉസ്താദ് അതിന്റെ പല ഭാഗങ്ങളും നോക്കിക്കൊണ്ട് പറഞ്ഞു. ഇതെവിടുന്നാ? എനിക്കും ഇതിന്റെ ഒരു കോപ്പി വേണം, ഇതിനെന്ത് വില വരുമെന്ന് ചോദിച്ച് അപ്പോള്‍ തന്നെ അത് വാങ്ങി വെച്ചു. വേറിട്ട ഒരറിവ് കണ്ടപ്പോള്‍ അപ്പോള്‍ തന്നെ വില കൊടുത്ത് വാങ്ങി സംതൃപ്തനാവുകയാണ് ഉസ്താദ് ചെയ്തത്.

മസ്അലകള്‍ ഇഴകീറി ചര്‍ച്ച ചെയ്യുന്ന സബ്ഖുകളായിരുന്നു ഉസ്താദിന്റേത്. കൈപ്പറ്റ ഉസ്താദിന്റെ അതേ രീതി. മണിക്കൂറുകള്‍ കഴിഞ്ഞാലും ആവേശം ചോരാതെ ഉസ്താദ് ക്ലാസ്സെടുക്കും. എല്ലാവരേയും പരിഗണിക്കും. സംശയങ്ങള്‍ തീരും വരെ വിശദീകരണങ്ങള്‍ നല്‍കും. അതായിരുന്നു ശൈലി. പലപ്പോഴും ക്ലാസ്സ് നീണ്ടു പോകും. ചിലര്‍ നോട്ടുകള്‍ വെച്ച് എഴുതിവെക്കും. മറ്റു ചിലര്‍ തര്‍ക്കങ്ങള്‍ക്കു മേല്‍ സംശയങ്ങള്‍ ഉന്നയിക്കും. അവസാനിക്കാത്ത ചര്‍ച്ചകള്‍ അങ്ങനെ നീണ്ടു പോകും. സബ്ഖ് കഴിയുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത നിര്‍വൃതിയില്‍ കുട്ടികള്‍ അടുത്ത കിതാബുമായി വരും. മസ്അലകള്‍ ഇഴകീറി ചര്‍ച്ച ചെയ്ത എത്രയെത്ര സബ്ഖുകള്‍…! ഗോളശാസ്ത്രവും ഗണിതവും പ്രത്യേകമായ രീതിയില്‍ ഉസ്താദ് വിശദീകരിച്ചു തരും. ഗോളത്തിന്റെ മാതൃക വരച്ച് കൃത്യമായി അടയാളപ്പെടുത്തി തരും. അവിടുന്ന് ഹൃദയത്തില്‍ കൊത്തിവെച്ചു തന്നത് എത്ര പാഠങ്ങളാണ്.

ആ മഹല്‍ ജീവിതം ഒരു അരുവി പോലെ ഒഴുകി. പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഒഴുക്കിന് തടയിടാന്‍ ശ്രമിച്ചു. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും അവന്‍ ഉദാരമായി നല്‍കിയ മനോസ്ഥൈര്യവും കൊണ്ട് പ്രശ്നങ്ങളെ നേരിട്ടു. ദൂരെ നിന്നു നടന്നു വരുന്ന ചെറുശ്ശോല ഉസ്താദിനെ നോക്കിക്കൊണ്ട് കുണ്ടൂരുസ്താദ് ഒരിക്കല്‍ ചോദിച്ചു. നിങ്ങള്‍ മുബ്തലാ(കഠിന പരീക്ഷണ വിധേയനായവന്‍)യെ കണ്ടിട്ടുണ്ടോ? കൂടിനില്‍ക്കുന്നവര്‍ ചിരിച്ചതേയുള്ളൂ. “അതാ… ആ വരുന്നത് ഒരു മുബ്തലയാണ്.”

ചെറുശ്ശോലയില്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കെയാണ് മകള്‍ക്ക് വൃക്ക സംബന്ധമായ രോഗം പിടിപെടുന്നത്. അറുപതു കഴിഞ്ഞ ആ മനസ്സിനെ മകളുടെ രോഗം തളര്‍ത്തിയില്ല. പുന്നാര മകള്‍ക്കൊപ്പം ആ പിതാവ് നിന്നു. ആഴ്ചയില്‍ രണ്ടു ഡയാലിസിസ്. അതേ വഴിയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. നീണ്ട ഇരുപത്തിനാലു വര്‍ഷങ്ങള്‍. ചികിത്സക്ക് പിതാവ് തന്നെ വേണമായിരുന്നു മകള്‍ക്ക്. പിതാവും അതുതന്നെ തീരുമാനിച്ചു. ഭര്‍ത്താവിനോട് വേറെ കല്ല്യാണം കഴിക്കാന്‍ പറഞ്ഞു. ആഴ്ചയില്‍ രണ്ടുതവണ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലേക്ക് മകളോടൊപ്പം ജീപ്പില്‍ യാത്ര ചെയ്യുമായിരുന്നു. ഒരുപാടാളുകള്‍ ഡയാലിസിസ് ചെയ്ത് വീടും പറന്പും വിറ്റുവെങ്കില്‍ എനിക്കിതു വരെ അഞ്ചു പൈസ കടം വന്നിട്ടില്ല എന്ന് ഇടക്കിടെ നിഷ്കളങ്കമായ ചിരിയോടെ ഉസ്താദ് പറയാറുണ്ടായിരുന്നു. യൗവന പ്രസരിപ്പോടെ മകളുടെ ശുശ്രൂഷയുമായി കടന്നുപോയത് കാല്‍നൂറ്റാണ്ട്. ഗഹനമായ സബ്ഖുകള്‍ക്കിടയില്‍ മകളുടെ കാര്യത്തില്‍ ഫോണ്‍ വരും. പെട്ടെന്ന് വീട്ടിലേക്ക് നടക്കും. കെകെ പുറം നുസ്റത്തില്‍ നിന്നും ചെറുശ്ശോലയിലേക്ക് ഏകദേശം ഒരു കിലോമീറ്ററില്‍ അധികം നടക്കണം. ആവശ്യം നിര്‍വഹിച്ചു കഴിഞ്ഞാല്‍ കോളേജിലെത്തും. താന്‍ പ്രയാസപ്പെട്ടുവെന്ന് ഒരിക്കല്‍പോലും പറഞ്ഞതായി ആര്‍ക്കും ഓര്‍മയില്ല.

ചികിത്സ കാരണം സബ്ഖുകള്‍ നഷ്ടപ്പെടാതെ ശ്രദ്ധിച്ചിരുന്നു ഉസ്താദ്. മസ്അലകള്‍ ഇഴ കീറി ചര്‍ച്ച ചെയ്യുന്ന ക്ലാസുകള്‍ ശിഷ്യവൃന്ദത്തിന് നഷ്ടമായില്ല. വിനയം സ്ഫുരിക്കുന്ന വാക്കുകള്‍. നിഷ്കളങ്കമായ പെരുമാറ്റം. ദ്യേവും വിദ്വേഷവും സ്പര്‍ശിച്ചിട്ടു പോലുമില്ലെന്നു തോന്നും. എല്ലാവരോടും മിതമായ സംസാരം. എവിടെയും ഏറെ നിന്ന് സമയം പാഴാക്കാറില്ല. എല്ലാം കൃത്യമായിരുന്നു. ബസ് സ്റ്റോപ്പില്‍ പോലും ഒരു മിനിറ്റ് അധികം വരാറില്ല. സമയ നിഷ്ഠയില്‍ മികച്ച മാതൃകയായിരുന്നു ഉസ്താദ്.

ഫിഖ്ഹിലുള്ള അഗാധ ജ്ഞാനം പ്രസിദ്ധം. ഗണിതവും ഗോളശാസ്ത്രവും ഇഷ്ടവിഷയങ്ങളാണ്. അറ്റം കാണാത്ത അറിവ്. ഒഴിവു വേളകളില്‍ മുത്വാലഅ. മസ്അലകള്‍ ചര്‍ച്ച ചെയ്യുന്ന മുശാവറ നടക്കാനിരിക്കുന്നുവെങ്കില്‍ പിന്നീടങ്ങോട്ട് വിശ്രമമില്ലാത്ത ദിനങ്ങളായിരിക്കും. മസ്അലകള്‍ക്ക് മറുപടി കിട്ടിയാല്‍ നിധികിട്ടിയ ആവേശത്തോടെ പങ്കുവെക്കുമായിരുന്നുവെന്ന് അലി ഉസ്താദ് ഓര്‍ക്കുന്നു. മസ്അലകള്‍ക്ക് തന്റെ പക്കലുള്ള കിതാബ് പോരാതെ വരുമ്പോള്‍ അറിവ് തേടിയുള്ള അന്വേഷണമാണ്. പുതിയൊരറിവ് ലഭിച്ചാല്‍ തന്റെ പോക്കറ്റിലെ ഡയറിയില്‍ അത് കുറിച്ചിടും. മറ്റുള്ളവര്‍ക്കത് പകര്‍ന്നു കൊടുക്കും. മയ്യിത്ത് എടുക്കാന്‍ നില്‍ക്കുന്ന ഒരു വീട്ടില്‍ സ്ത്രീകള്‍ മയ്യിത്ത് നിസ്കാരിക്കാന്‍ ശ്രമിച്ചുവത്രെ. ഉസ്താദ് ഇടപെട്ടു. പുരുഷന്മാര്‍ മയ്യിത്ത് നിസ്കരിക്കുന്നതിന് മുമ്പ് സ്ത്രീകള്‍ നിസ്കരിക്കാന്‍ പാടില്ലെന്ന് കിതാബിന്റെ ഉദ്ധരണി വായിച്ച് കേള്‍പ്പിച്ചത് അലി മുസ്‌ലിയാര്‍ ഓര്‍ക്കുന്നു.

ഓരോ നിമിഷവും മറ്റുള്ളവര്‍ക്ക് തണലായ് നിന്നു കൊടുത്തു. സമാധാനവും സന്തോഷവും പകര്‍ന്നു നല്‍കി. ശിഷ്യന്‍മാരോടുപോലും താഴ്മയോടെയായിരുന്നു ഇടപഴകിയിരുന്നത്. വിനയത്തിന്റെ ആള്‍രൂപമായി ജീവിതം വരച്ചുകാട്ടി ഉസ്താദ്. മകള്‍ മരിച്ചപ്പോള്‍ വരെ ഉസ്താദാണ് ആശ്വസിപ്പിച്ചത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് പതിനേഴിന് രാവിലെ മരിക്കുന്നതിന്റെ അല്‍പം മുമ്പ് ഉസ്താദിനോട് വേദനയുണ്ടോ എന്ന് ചോദിച്ചു. വയറ്റത്തു തടവിക്കൊണ്ട് പറഞ്ഞു; ഇവിടെ വേദന തോന്നുന്നു. അതു സാരമില്ല, അതങ്ങ് മാറിക്കൊള്ളും. സമാധാനത്തിന്റെ വാക്കുകള്‍ ഇങ്ങോട്ടു പറയുന്നു. വിശ്വാസത്തിന്റെ വരികള്‍ ഉറക്കെ പറഞ്ഞ്, പുഞ്ചിരിച്ച് അല്ലാഹുവിന്റെ ലിഖാഇലേക്ക് അകലുകയായിരുന്നു ആ പൂമേനി.

ജ്ഞാനികളുടെ മരണം ലോകത്തിന്റെ അന്ത്യമാണെന്ന് പ്രമാണം. ഖിയാമം നമ്മോടടുത്തു വരികയാണ്. ബാര്‍ളികളുടെയും ഈത്തപ്പഴത്തിന്റെയും ചണ്ടികള്‍ പോലെ മൂല്യമില്ലാത്തവര്‍ ലോകത്ത് അവശേഷിക്കുമെന്ന തിരുമൊഴി ഭീതിപ്പെടുത്തുന്നു. അല്ലാഹ്..! ഉലമാക്കളുടെ റൂഹ് പെട്ടെന്ന് പിടിച്ച് ഞങ്ങളെ നീ അനാഥരാക്കല്ലേ. ഉസ്താദിന്റെ ആത്മാവിന് നീ ശാന്തി നല്‍കണേ.

അനസ് കുളത്തൂര്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ