“ഒരുപക്ഷേ, ഖുര്‍ആന്‍ വായിച്ച് ഇസ്‌ലാമിന്റെ ആത്മീയ ചൈതന്യം ഉള്‍വഹിച്ചതിനേക്കാള്‍ കൂടുതല്‍ സ്വൂഫികളുടെ ആത്മീയ ശിക്ഷണത്തിലൂടെ ഇസ്‌ലാമിക ജീവിതം സ്വാംശീകരിച്ചവരാണ് ഓരോ തലമുറയിലെയും മുസ്‌ലിംകള്‍’ (കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച സൂസന്‍ ബെയ്ലിയുടെ Saint, Goddesses and Kings എന്ന ഗ്രന്ഥത്തില്‍ നിന്ന്).
പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ വിരലുകള്‍ക്കിടയില്‍ നിന്ന് വെള്ളം വന്നത് അവിടുത്തെ ജീവിതകാലത്തുണ്ടായ പ്രശസ്തമായ അത്ഭുത സംഭവമാണ് (സ്വഹീഹുല്‍ ബുഖാരി/3576). വെള്ളം എന്നത് പ്രവാചകന് ചുറ്റുമുണ്ടായിരുന്ന സമൂഹത്തിന് ഏറ്റവും ആവശ്യമുള്ള ഒന്നായിരുന്നു. വെള്ളത്തിന് പകരം മറ്റു പലതും തിരുനബി(സ്വ)ക്ക് മുഅ്ജിസത്തായി അപ്പോള്‍ കൊണ്ടുവരാമായിരുന്നു. പക്ഷേ, അന്നത്തെ ഏറ്റവും വലിയ സാമൂഹിക ആവശ്യമായിരുന്ന വെള്ളം തന്നെ വിശുദ്ധ വിരലുകള്‍ക്കിടയിലൂടെ വന്നത് വിശ്വാസികളുടെ ഭൗതികാവശ്യങ്ങളെ അഭിമുഖീകരിക്കാന്‍ കൂടിയായിരുന്നിരിക്കണം.
ഈ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ മുഅ്ജിസത്തുകളും കറാമത്തുകളും നിര്‍വഹിക്കുന്ന സാമൂഹ്യ ശാസ്ത്രത്തെക്കുറിച്ച് വിശദമായ ആലോചന ആവശ്യമാണ്. പ്രവാചകന് ശേഷം വന്ന മുഴുവന്‍ സ്വൂഫികളുടെയും കറാമത്തുകള്‍ പരിശോധിച്ചാല്‍ സാമൂഹികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഒരു മഹത്തായ ദൗത്യം അവയില്‍ കണ്ടെത്താനാവും.
ഈ വസ്തുതയിലേക്ക് വെളിച്ചം വീശി, ഇസ്‌ലാമിക സമൂഹങ്ങളുടെ സാംസ്കാരിക വളര്‍ച്ചയില്‍ ഔലിയാക്കളുടെയും ദര്‍ഗകളുടെയും പങ്കിനെക്കുറിച്ച് നിരവധി അക്കാദമിക പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. “ജനകീയ ഇസ്‌ലാമി’ലെ വൈവിധ്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായി നടന്ന ഇത്തരം പഠനങ്ങള്‍ സ്വൂഫികളുടെ ആത്മീയ ശിക്ഷണങ്ങളുടെ സ്വാധീനത്തെക്കുറിച്ചും അതുവഴി ഇസ്‌ലാം വളര്‍ന്ന് പന്തലിച്ച് മുസ്‌ലിം സമൂഹങ്ങളുടെ വികസനം സാധ്യമാക്കിയതിനെക്കുറിച്ചും വിശദമായി പരിശോധിക്കുന്നുണ്ട്.
മുസ്‌ലിം ലോകത്ത് പ്രതിസന്ധികള്‍ നിറഞ്ഞ ഘട്ടത്തിലാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) ജനിക്കുന്നത് (ക്രി. 1077). മതത്തിന്റെ പേരില്‍ മതഭ്രാന്തരായ “അസാസിന്‍’ എന്ന വിഭാഗം വര്‍ഗശത്രുക്കളെ കൂട്ടക്കൊല നടത്തുന്ന സന്ദര്‍ഭമായിരുന്നു അത്. ഒപ്പം കുരിശുചുമന്ന ക്രിസ്ത്യാനികളുടെ ആക്രമണങ്ങളും സജീവമായിരുന്നു. രണ്ടും നിരപരാധികളായ നിരവധി വിശ്വാസികളുടെ ജീവന്‍ കവര്‍ന്നു. മുസ്‌ലിം ലോകത്തിന്റെ ദുരവസ്ഥ കണ്ട ശൈഖ് ജീലാനി അവസരത്തിനൊത്ത് ആത്മീയ മുന്നേറ്റം നടത്തി.
സ്വൂഫി ഗുരുവായ ശൈഖ് അഹ്മദിന്റെ ആത്മീയ ശിക്ഷണം സ്വീകരിച്ചു അദ്ദേഹം. ആത്മീയ പരിശീലനത്തിലൂടെ ജ്ഞാനം നേടിയ ശൈഖ് മുസ്‌ലിം ലോകത്തിന്റെ രക്ഷകനും നവോത്ഥാന നായകനുമായി മാറി. തന്റെ ആത്മീയ വൈഭവത്തിലൂടെയും പ്രസംഗങ്ങളിലൂടെയും സമാധാന സന്ദേശം കൈമാറിയാണ് ജീലാനി(റ) ജനങ്ങളെ സത്യപാതയിലേക്ക് നയിച്ചത്. എണ്‍പത് ധര്‍മോപദേശങ്ങള്‍ അടങ്ങുന്ന ഫുതൂഹുല്‍ ഗൈബ് ആണ് ശൈഖ് ജീലാനി(റ)യുടെ പ്രധാന ഗ്രന്ഥോപഹാരം. പ്രബോധനത്തിന്റെ ഭാഗമായി പല സന്ദര്‍ഭങ്ങളില്‍ നടത്തിയ പ്രസംഗങ്ങളാണിത്. അക്കാലത്തെ മുസ്‌ലിംകളുടെ ദുസ്ഥിതി ഈ ഗ്രന്ഥത്തില്‍ തെളിഞ്ഞു കാണാം. മാതൃകാപരമായ പ്രബോധനങ്ങളിലൂടെയും ആത്മീയ ശിക്ഷണങ്ങളിലൂടെയും ആത്മജ്ഞാനത്തിന്റെ പ്രകാശം ചൊരിഞ്ഞു കൊടുത്താണ് മുഹ്യിദ്ദീന്‍ ശൈഖ്(റ) ജനങ്ങളെ വിശുദ്ധ പാതയിലേക്ക് നയിച്ചത്. അതോടെ നിരവധിയാളുകള്‍ ആത്മീയ ദാഹം തീര്‍ക്കാന്‍ ശൈഖിന്റെ സമക്ഷത്തിലെത്തി.
ശൈഖ് ജീലാനി(റ)യുടെ കറാമത്തുകള്‍ പരിശോധിച്ചാലും ഈ സാമൂഹ്യ പ്രതിബദ്ധതയും സേവന സമര്‍പ്പണവും കാണാന്‍ കഴിയും. കുഞ്ഞായിരുന്ന കാലത്ത് വിശുദ്ധ റമളാന്‍ മാസത്തില്‍ പകല്‍ സമയത്ത് ഗൗസുല്‍ അഅ്ളം(റ) മുല കുടിച്ചിരുന്നില്ല. പകല്‍ സമയം മുഴുവനും നോന്പെടുത്തവരെപ്പോലെ കഴിഞ്ഞുകൂടി. ഒരു റമളാന്‍ 29ന് ശവ്വാല്‍ മാസപ്പിറവിയെക്കുറിച്ച് ചില സംശയങ്ങള്‍ ഉളവായി. ആര്‍ക്കും വ്യക്തമായ ഒരു തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. മുപ്പതാം ദിവസം നേരം പുലര്‍ന്നു. ശൈഖ് ജീലാനി(റ) അന്നും മുലകുടിച്ചില്ല. അപ്പോള്‍ അദ്ദേഹത്തിന്റെ വന്ദ്യമാതാവ് ജനങ്ങളെ അറിയിച്ചു: “ഇന്നലെ മാസം പിറന്നിട്ടില്ല. കാരണം, എന്റെ കുഞ്ഞ് ഇന്നും മുല കുടിക്കുന്നില്ല.’ അങ്ങനെ ആ ജനകീയ പ്രശ്നം തീര്‍ന്നു.
ഒരിക്കല്‍ ടൈഗ്രീസ് നദി കരകവിഞ്ഞൊഴുകി. മനുഷ്യരുടെ ജീവനും സ്വത്തിനും ധാരാളം നാശനഷ്ടങ്ങള്‍ അതുമൂലം സംഭവിച്ചു. തങ്ങള്‍ ആ വെള്ളപ്പൊക്കത്തില്‍ മുങ്ങി നശിക്കുമെന്ന് ബഗ്ദാദിലെ ജനത ഭയപ്പെട്ടു. വെള്ളപ്പൊക്കത്തിന്റെ കെടുതിയില്‍ നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് അവര്‍ ശൈഖ് ജീലാനി(റ)യോട് അഭ്യര്‍ത്ഥിച്ചു. ഗൗസുല്‍ അഅ്ളം തന്റെ വടിയുമായി ടൈഗ്രീസ് നദീതീരത്ത് ചെന്നു. നദിക്കരയില്‍ വടി നാട്ടിക്കൊണ്ട് പറഞ്ഞു: “ഇവിടെ നില്‍ക്കുക, ഇതിനപ്പുറം കടക്കരുത്.’
ശൈഖ് ജീലാനി(റ) കല്‍പിച്ച ഉടനെ നദി പിന്മാറുകയും വെള്ളപ്പൊക്കം ശമിക്കുകയും ചെയ്തു. അതോടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായിരുന്ന ആ പ്രശ്നവും ഇല്ലാതായി. കൂടാതെ ശൈഖ് ജീലാനി(റ) രോഗികള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു. വ്യൈന്മാര്‍ കയ്യൊഴിഞ്ഞ രോഗങ്ങളും ആ മഹാപുരുഷന്‍ സുഖപ്പെടുത്തിയിട്ടുണ്ട്. രോഗികള്‍ സമീപിച്ചാല്‍ ആ പുണ്യപുരുഷന്‍ അവരുടെ രോഗശാന്തിക്കായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും തൃക്കരം രോഗികളുടെ ശരീരത്തില്‍ വെക്കുകയും ചെയ്യും. അതോടെ രോഗികള്‍ സുഖം പ്രാപിക്കുമായിരുന്നു. അല്ലാഹുവിനോടുള്ള സാമീപ്യം കൊണ്ട് ശൈഖ് ജീലാനി(റ) കാണിച്ച അത്ഭുത പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായിരുന്നു.
ദക്ഷിണേന്ത്യയിലെ സ്വൂഫി പാരമ്പര്യത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയ സൂസന്‍ ബെയ്ലി എഴുതിയ ഗവേഷണ ഗ്രന്ഥമാണ് Saints, Goddesses and Kings കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രസ്തുത പഠനത്തില്‍ ബെയ്ലി എഴുതുന്നു: “സ്വൂഫികളുടെ കറാമത്തുകള്‍ സ്നേഹത്തിന്റെയും ഔദാര്യത്തിന്റെയും പ്രതിഫലനങ്ങളാണ്. ദക്ഷിണേന്ത്യയിലെ അറിയപ്പെട്ട സ്വൂഫിവര്യനായ ബാബ ഫക്റുദ്ദീന്റെ ആന്ധ്രപ്രദേശിലെ ചെനുകൊണ്ടയിലെ ദര്‍ഗാശരീഫില്‍ ഒരത്ഭുത മരം ഇപ്പോഴും കാണാം, ശൈഖിന്റെ കറാമത്തായി. പഞ്ചസാരയാണ് ആ മരത്തില്‍ നിന്ന് നിലക്കാതെ വിശ്വാസികള്‍ക്ക് ലഭിക്കുന്നത്.’
ഔലിയാക്കളുടെ സാമീപ്യം കൊണ്ട് ബറകത്തെടുക്കല്‍ ലോക മുസ്‌ലിംകള്‍ ഏറെ പ്രാധാന്യമുള്ളതായാണ് വിശ്വസിച്ചുപോരുന്നത്. ഇരുലോകവിജയത്തിനുള്ള നിദാനമായി ബറകത്തെടുക്കലിനെ വിശ്വാസികള്‍ പരിഗണിക്കുന്നു. ആത്മീയ കേന്ദ്രങ്ങളില്‍ അനുഗ്രഹം തേടുന്ന മുസ്‌ലിം പാരമ്പര്യത്തെക്കുറിച്ച് സൂസന്‍ ബെയ്ലി വിവരിക്കുന്നത് ഇങ്ങനെയാണ്: “തമിഴ്നാട്ടിലെ പ്രശസ്തമായ സയ്യിദ് മുഹമ്മദ് ഷാ അബുല്‍ ഹസന്‍ ഖുര്‍ബിയുടെ മഖ്ബറയില്‍ ബറകത്തെടുക്കാനായി മുസ്‌ലിംകള്‍ പതിവായി സന്ദര്‍ശനം നടത്താറുണ്ട്. വെല്ലൂരിലെ ഈ ആത്മീയ കേന്ദ്രത്തില്‍ വര്‍ഷം തോറും നടക്കുന്ന ഒരാചാരമുണ്ട്. മദ്റസയില്‍ ഒന്നാം ക്ലാസില്‍ പുതുതായി ചേരുന്ന വിദ്യാര്‍ത്ഥികളെ ഉസ്താദുമാര്‍ ഈ ദര്‍ഗക്ക് ചുറ്റുമിരുത്തിയാണ് ആദ്യമായി മതപഠനം ചെയ്യിക്കുന്നത്. ഈ ചടങ്ങ് വെല്ലൂരില്‍ അതിമഹത്തായ ഒന്നായാണ് വിശ്വാസികള്‍ കൊണ്ടാടുന്നത്’ (പേജ് 179).
സാമുദായിക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനും വിവിധ സമുദായങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കാനും സ്വൂഫികളും ആത്മീയ കേന്ദ്രങ്ങളും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്ന സ്ഥലങ്ങളില്‍ ആത്മീയ മുന്നേറ്റങ്ങളിലൂടെ സമാധാനം സ്ഥാപിച്ചെടുക്കുന്ന പ്രവര്‍ത്തനം ഔലിയാക്കള്‍ ഏറെ പ്രയോഗവത്കരിച്ചതാണ്. ഇതുവഴി ഹിന്ദുമുസ്‌ലിം സൗഹാര്‍ദത്തിന്റെ ഒരു പാരമ്പര്യം തന്നെ അവരെ ചുറ്റിപ്പറ്റി വളര്‍ന്നുവന്നു.
തന്റെ ചുറ്റും ജീവിക്കുന്ന സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഓരോ വലിയ്യും ബദ്ധശ്രദ്ധനായിരുന്നു. അതുകൊണ്ടുതന്നെ സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടുകയും ശാരീരികമാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്താണ് സ്വൂഫികള്‍ തങ്ങളുടെ പ്രബോധനം മുന്നോട്ടു കൊണ്ടുപോയിട്ടുള്ളത്. “ഏര്‍വാടിയിലെ സയ്യിദ് ഇബ്റാഹിം സുല്‍ത്താന്‍ തന്റെ ജീവിതകാലത്ത് സമുദായത്തിനു വേണ്ടി ചെയ്ത സേവനങ്ങള്‍ നിരവധിയാണ്. മുസ്‌ലിം സമുദായത്തെ ആക്രമിക്കാന്‍ വന്നവരില്‍ നിന്ന് രക്ഷിക്കാന്‍ എപ്പോഴും മുമ്പന്തിയിലുണ്ടായിരുന്നത് ഏര്‍വാടി ശൈഖായിരുന്നു’ (പേജ് 187).
അന്നത്ത ഏറ്റവും വലിയ ആവശ്യമായിരുന്ന സുരക്ഷിതത്വമാണ് ഏര്‍വാടി ശൈഖ് ഉറപ്പുവരുത്തിയത്. “എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച മൈസൂരിലെ ഹൈദരലിയും ടിപ്പുസുല്‍ത്താനും സ്വൂഫിവര്യന്മാരായിരിക്കെ തന്നെ മുസ്‌ലിം സമുദായത്തെ അക്രമികളില്‍ നിന്ന് രക്ഷിച്ചു പോന്നു’ (പേ 190).
muslim saints of south asia എന്ന ഗവേഷണ പഠനത്തില്‍ മോസ്കോയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്‍റല്‍ സ്റ്റഡീസ് മേധാവി അന്ന സുവറോറ എഴുതുന്നു: “ഇന്ത്യയിലൂടെയും പാകിസ്താനിലൂടെയും യാത്ര ചെയ്തവര്‍ക്ക് അതിമനോഹരങ്ങളായ സ്വൂഫീദര്‍ഗകള്‍ കാണാനാവും. ഈ ആത്മീയ കേന്ദ്രങ്ങള്‍ മുസ്‌ലിം സമൂഹത്തിന്റെ വികാസത്തില്‍ വഹിച്ച പങ്ക് അതിമഹത്തായതാണ്.’ അദ്ദേഹം തുടരുന്നു: “ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ ആത്മീയ നേതാക്കളും തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ആത്മീയ കേന്ദ്രങ്ങളും മുസ്‌ലിംകളുടെ ആത്മീയ സമര്‍പ്പണത്തെ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നു മനസ്സിലാക്കാം. മധ്യകാല സമൂഹത്തില്‍ മുസ്‌ലിം സമുദായങ്ങളുടെ ആത്മീയത പരിപോഷിപ്പിച്ചെടുത്തത് തീര്‍ത്ഥാടന കേന്ദ്രങ്ങളായ സ്വൂഫീ ദര്‍ഗകളാണ്.’ മതസൗഹാര്‍ദത്തെ ഊട്ടിയുറപ്പിച്ച നിരവധി സ്വൂഫി പരമ്പരകളെക്കുറിച്ചും ഈ പുസ്തകത്തില്‍ വിശദമായ പഠനമുണ്ട്: “1747ല്‍ അഫ്ഗാന്‍ ഭരണാധികാരി അഹ്മദ് ഷാ അബ്ദലി ഇന്ത്യ കീഴടക്കിയപ്പോള്‍ കല്‍ഹോര നാട്ടുരാജ്യത്തെ മന്ത്രിയായിരുന്ന ദിവാന്‍ ഗീതുമാല്‍ അദ്ദേഹത്തെ കാണാന്‍ പോയ ഒരു ചരിത്രമുണ്ട്. ഹിന്ദുമത പ്രചാരകന്‍ കൂടിയായ ദിവാന്‍ അഹ്മദ് ഷായെ കാണാന്‍ ചെന്നപ്പോള്‍ സമ്മാനിച്ചത് പ്രദേശത്തെ ഒരു വലിയ്യിന്റെ മഖ്ബറയില്‍ നിന്നെടുത്ത മണ്ണാണ്’ (പേജ് 2).
ആത്മീയ കേന്ദ്രങ്ങളിലെ സന്ദര്‍ശനം മുസ്‌ലിംകള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു. ജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്യാനുള്ള മഹത്തായ ആന്തരിക ശക്തിയാണ് ഓരോ പുണ്യകേന്ദ്രവും സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. അതുകൊണ്ടാണ് മുസ്‌ലിംകള്‍ അല്ലാത്തവരും ഇത്തരം ആത്മീയ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. ആത്മീയ നേതാക്കളെ ജീവിതകാലത്തും മരണശേഷവും സന്ദര്‍ശിക്കല്‍ ഇസ്‌ലാമില്‍ പുണ്യകര്‍മമാണെന്നിരിക്കെ, നിത്യജീവിതത്തിലെ ആശങ്കകള്‍ അകറ്റാനും ആത്മീയ നിര്‍വൃതി കരസ്ഥമാക്കാനും ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട് എന്നാണ് അന്ന സുവറോറ രേഖപ്പെടുത്തുന്നത്: “ബഗ്ദാദിലെ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ മഖ്ബറ, കോനിയയിലെ ജലാലുദ്ദീന്‍ റൂമിയുടെ മസാര്‍, ബുഖാറയിലെ ബഹാഉദ്ദീന്‍ നഖ്ശബന്ദിയുടെ ആത്മീയ കേന്ദ്രം, താന്തയിലെ അഹ്മദുല്‍ ബദവിയുടെ ദര്‍ഗ തുടങ്ങിയവ ലോകത്തെ എല്ലായിടത്തുമുള്ള മുസ്‌ലിംകള്‍ക്ക് വിശുദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. ഇത്തരം ആത്മീയ കേന്ദ്രങ്ങളിലെ സന്ദര്‍ശനം ചെറിയൊരു “ഉംറ’ ചെയ്ത ആത്മനിര്‍വൃതിയാണ് സമ്മാനിക്കുന്നത്.’ മഖ്ബറകളിലെ ഈ സന്ദര്‍ശനം ഇസ്‌ലാമിക പാരമ്പര്യത്തിലെ അനിഷേധ്യമായ വസ്തുതയാണെന്നും സുവറോറ അടിവരയിടുന്നു: “ഇസ്‌ലാം വികസിച്ചുവന്ന ഒന്നാം നൂറ്റാണ്ടില്‍ തന്നെ മദീനയിലെ പ്രവാചകന്‍ മുഹമ്മദ് നബിയുടെ അന്ത്യവിശ്രമസ്ഥലം, നജാഫിലെ ഖലീഫ അലിയുടെ ഖബര്‍, കര്‍ബലയിലെ ഇമാം ഹുസൈന്‍ ദര്‍ഗ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍ വിശ്വാസത്തിന്റെ ഭാഗമായി മുസ്‌ലിംകള്‍ എല്ലാവരും ചെയ്തുപോന്നു.’
സ്വൂഫി കേന്ദ്രങ്ങളിലൂടെ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മുസ്‌ലിംകള്‍ എങ്ങനെയാണ് പരിഹാരം കാണുന്നതെന്നും അന്ന സുവറോറ പരിശോധിക്കുന്നു: “മുസ്‌ലിംകള്‍ ഒറ്റക്കും കൂട്ടമായും സിയാറത്ത് ചെയ്യാറുണ്ട്. പ്രകൃതി ദുരന്തങ്ങളോ പകര്‍ച്ചവ്യാധികളോ വന്നാല്‍ മുസ്‌ലിംകള്‍ കൂട്ടമായാണ് സിയാറത്തിനെത്തുന്നത്. മഴ ലഭിക്കാനായി ജനങ്ങള്‍ ഒന്നടങ്കം സിയാറത്തിന് വരുമായിരുന്നു എന്ന് ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഔലിയയുടെ ജീവചരിത്രമെഴുതിയ ആമിര്‍ ഖുര്‍ദ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലേഗ് പടര്‍ന്നപ്പോള്‍ ഡല്‍ഹിയിലെ ശൈഖ് ഖുതുബുദ്ദീന്‍ ബക്തിയാര്‍ കാക്കിയുടെ ദര്‍ഗയില്‍ വിശ്വാസികളും അല്ലാത്തവരുമായ ഡല്‍ഹിക്കാര്‍ കൂട്ടം കൂട്ടമായി സിയാറത്തിന് എത്തിയിരുന്നു’ (പേജ് 19).
ഓരോ വലിയ്യും തന്റെ ചുറ്റുമുള്ള ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ എന്നും മുമ്പന്തിയിലുണ്ടായിരുന്നു. ഇന്ത്യക്കാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയ ഏറ്റവും വലിയ ആത്മീയ പുരുഷനാണ് അജ്മീറിലെ ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ). ആത്മജ്ഞാനത്തിലൂടെ തന്നിലേക്കു തന്നെ യാത്ര തിരിച്ച അജ്മീര്‍ ശൈഖ് ആത്മീയ ലോകത്തേക്കുള്ള യാത്രയില്‍ തനിക്കു ചുറ്റുമുള്ള മുഴുവന്‍ ജനങ്ങളെയും ഒപ്പം കൂട്ടി. ഖാജയുടെ പ്രശസ്തമായ ഒരു ആഹ്വാനം അന്ന സുവറോറ ഉദ്ധരിക്കുന്നു: “ഏറ്റവും വലിയ ആത്മീയ സമര്‍പ്പണം വിഷമം അനുഭവിക്കുന്നവരുടെ വിഷമം ഇല്ലാതാക്കലാണ്. പാവപ്പെട്ടവരുടെ ആവശ്യം പൂര്‍ത്തീകരിച്ചു കൊടുക്കലാണ്. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കലാണ്.’
mappila muslims of kerala: a study in islamic trendsവിഖ്യാത ഗ്രന്ഥം റോളണ്ട് ഇ മില്ലര്‍ എഴുതിയത് കേരള മുസ്‌ലിംകള്‍ക്കിടയില്‍ മുപ്പതു വര്‍ഷം താമസിച്ച് പഠിച്ചാണ്. ഈ പുസ്തകത്തില്‍ മില്ലര്‍ അടിവരയിടുന്നത് കാണുക: ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാപ്പിളമാര്‍ മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ വിശുദ്ധന്മാരുടെ സഹായം തേടുന്നു. കറാമത്തിന്റെ അനുഗ്രഹം കിട്ടിയവരാണ് അവര്‍. ദാരിദ്ര്യം, രോഗം, വന്ധ്യത, തര്‍ക്കങ്ങള്‍ എന്നിവയാണ് ആ പ്രശ്നങ്ങള്‍. “ഓ മുഹ്യിദ്ദീന്‍ ശൈഖ്, എന്നെ രക്ഷിക്കണേ’ എന്നത് പ്രശസ്തമായ ഒരു അപേക്ഷയാണ്. അല്ലാഹു കല്‍പിച്ചരുളിയ ഏറ്റവും പ്രശസ്തനായ സഹായി മമ്പുറത്തെ സയ്യിദ് അലവിയാണ്. മമ്പുറത്ത് അദ്ദേഹത്തെയും മറ്റു കുടുംബാംഗങ്ങളെയും ഖബറടക്കിയിരിക്കുന്നു. ആവശ്യമുള്ളപ്പോള്‍ ഭക്തര്‍ അവിടെ പോയി നേര്‍ച്ച കഴിക്കുകയും സഹായാര്‍ത്ഥന നടത്തുകയും സത്യം ചെയ്യുകയും ചെയ്യുന്നു. സൈനുദ്ദീന്‍ മഖ്ദൂമിന്റെ പൊന്നാനി ഖബറിടവും കേരളത്തിലെ പ്രധാന പുണ്യസ്ഥലങ്ങളാണ്. തമിഴ്നാട്ടിലെ നാഗൂരിലുള്ള സ്വൂഫിവര്യനായ ഷാഹുല്‍ ഹമീദിന്റെ (15321600) ഖബറിടവും ആദരണീയമാണ്. വിശുദ്ധരുടെ അധികാരപരിധി വ്യത്യസ്തമായിരിക്കാമെങ്കിലും ആര്‍ക്കും അവരോട് സഹായത്തിനായി അപേക്ഷിക്കാം. അത്ഭുത പ്രവൃത്തികള്‍ക്കുള്ള അവരുടെ കഴിവില്‍ അതിശക്തമായ വിശ്വാസം നിലനില്‍ക്കുന്നു. ഈ സിദ്ധി കിട്ടിയ കുടുംബങ്ങളിലെ ജീവിച്ചിരിക്കുന്നവരുടെ മുന്നിലും പ്രശ്നങ്ങള്‍ അവതരിപ്പിക്കാം. സാധാരണ രോഗങ്ങള്‍ക്ക് ഖുര്‍ആന്‍ ഓതി ഏതെങ്കിലും ഉസ്താദ് നല്‍കുന്നമന്ത്രം മതിയാകും. എന്നാല്‍ പിശാചുബാധയായി കരുതപ്പെടുന്ന മനോരോഗങ്ങള്‍ക്ക് പ്രത്യേക മന്ത്രങ്ങള്‍ വേണ്ടിവരും. അതിലും വലിയ പ്രശ്നങ്ങള്‍ക്ക് അതിശ്രേഷ്ഠരായ ചില തങ്ങള്‍ കുടുംബങ്ങളുടെ സഹായമാണ് തേടുന്നത്. ഈ വിശ്വാസത്തിന് ശാസ്ത്രത്തിന്റെ വളര്‍ച്ചയും ആധുനിക വ്യൈശാസ്ത്രവും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും ആദരണീയരായ തങ്ങന്മാരുടെ വീടുകള്‍ക്കു മുന്നില്‍ തടിച്ചുകൂടുന്ന ഭക്തര്‍ മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ വിശുദ്ധരിലുള്ള മാപ്പിളമാരുടെ വിശ്വാസത്തിന് തെളിവാണ്’ (പേജ് 234,35).
ജനകീയ ഇസ്‌ലാമിന്റെ ചരിത്രത്തില്‍ ഇങ്ങനെ നിരവധി സംഭവങ്ങള്‍ കാണാം. സാധാരണക്കാരുടെ പച്ചയായ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് ഔലിയാക്കളുടെ സാമീപ്യവും അനുഗ്രഹവും ഏറെ ഗുണം ചെയ്തു. മരണാനന്തര ലോകത്തെക്കുറിച്ച് ബോധവാന്മാരാവാനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോവാനും സാധാരണ വിശ്വാസികളെ സജ്ജരാക്കിയത് മറ്റെന്തിനേക്കാളും ഔലിയാക്കളായിരുന്നു. ഈയര്‍ത്ഥത്തില്‍ മമ്പുറം തങ്ങള്‍, ഉമര്‍ ഖാളി, കുണ്ടൂര്‍ ഉസ്താദ്, ഉള്ളാള്‍ തങ്ങള്‍ തുടങ്ങി നിരവധി മഹാപുരുഷന്മാര്‍ കേരളത്തിലെ മുസ്‌ലിംകളെ വഴിനടത്തി.
ചുരുക്കത്തില്‍, ഇസ്‌ലാമിക സമൂഹങ്ങളുടെ വികാസത്തില്‍ ഔലിയാക്കള്‍ വഹിച്ച പങ്ക് അതിവിപുലമാണ്. രോഗം, കടം, കച്ചവടം, തര്‍ക്കങ്ങള്‍, അപകടങ്ങള്‍, കല്യാണം, വീട്മദ്റസപള്ളി നിര്‍മാണം, മോഷണം, ശത്രുക്കളുടെ ശല്യങ്ങള്‍, സംഘടനാ പ്രശ്നങ്ങള്‍ തുടങ്ങി ഒട്ടനവധി ജീവിതജനകീയ പ്രശ്നങ്ങള്‍ക്ക് ആശ്വാസം പകരുന്നതില്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ എന്നും മുമ്പന്തിയിലായിരുന്നു. ജീവിതകാലത്തും മരണശേഷവും ഔലിയാക്കളുടെ വ്യക്തിപ്രഭാവവും സ്വാധീനവും കാരണം ഓരോ സമൂഹത്തിലും വളര്‍ന്നുവന്ന സാംസ്കാരിക പൈതൃകം ഒഴിച്ചുനിര്‍ത്തിയുള്ള ഒരു പഠനം ജനകീയ ഇസ്‌ലാമില്‍ ഇല്ലതന്നെ.

യാസര്‍ അറഫാത്ത് നൂറാനി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ