നബി(സ്വ)ജനിച്ചത് തിങ്കളാഴ്ച ദിവസമാണെന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസിൽ നിന്നു വ്യക്തമാണ്. അബൂഖതാദതുൽഅൻസ്വാരി(റ)യിൽ നിന്നു നിവേദനം. തിങ്കളാഴ്ചദിവസത്തെപ്പറ്റി നബി(സ്വ)യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: ‘തിങ്കളാഴ്ച ദിവസം ഞാൻ പ്രസവിക്കപ്പെട്ടു. അതിൽ എനിക്ക് ഖുർആൻ അവതരിക്കുകയും ചെയ്തു’ (സ്വഹീഹു മുസ്‌ലിം. 1978).

റബീഉൽഅവ്വൽ മാസം പന്ത്രണ്ടിനാണ് നബി(സ്വ) ജനിച്ചതെന്നാണ് ബഹുഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. ഇബ്‌നുകസീർ എഴുതുന്നു: റബീഉൽഅവ്വൽ 12-നാണ് നബി(സ്വ) ജനിച്ചതെന്ന് ഇബ്‌നുഇസ്ഹാഖ്(റ) വ്യക്തമാക്കിയിരിക്കുന്നു. അഫ്ഫാൻ(റ), സഈദുബ്‌നു മീനാഅ്(റ) വഴിയായി ജാബിർ(റ), ഇബ്‌നുഅബ്ബാസ്(റ) എന്നിവരെ ഉദ്ധരിച്ച് ഇബ്‌നുഅബീശൈബ(റ) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു. അദ്ദേഹം പറയുന്നു: റബീഉൽഅവ്വൽ 12-ന് തിങ്കളാഴ്ച ആനക്കലഹം നടന്ന വർഷം തിരുനബി(സ്വ) ജനിച്ചു. തിങ്കളാഴ്ച നബി(സ്വ) പ്രവാചകരായി നിയോഗിക്കപ്പെട്ടു. തിങ്കളാഴ്ച ദിവസം പ്രവാചകർ(സ്വ) മിഅ്‌റാജിനുപോയി. തിങ്കളാഴ്ച ദിവസം റസൂൽ(സ്വ) ഹിജ്‌റപോയി. തിങ്കളാഴ്ച ദിവസം അവിടുന്ന് വഫാത്തായി. ബഹുഭൂരിഭാഗം പണ്ഡിതന്മാരുടെയടുത്തും പ്രസിദ്ധമായ അഭിപ്രായം ഇതാണ് (അസ്സീറത്തുന്നബവിയ്യ. 1/199-അൽബിദായത്തുവന്നിഹായ. 2/338).

വിശ്രുത ചരിത്രപണ്ഡിതൻ ഇബ്‌നുഹിശാം(റ) എഴുതുന്നു: ഇബ്‌നുഇസ്ഹാഖ്(റ) പറയുന്നു; റബീഉൽഅവ്വൽ 12-ന് തിങ്കളാഴ്ച നബി(സ്വ) ജനിച്ചു (സീറത്തുഇബ്‌നുഹിശാം, 1/158-സീറത്തുഇബ്‌നിഇസ്ഹാഖ് 159).

ഈ അഭിപ്രായത്തിനു പ്രബലത കൽപ്പിച്ച് ഇമാം ഖസ്ത്വല്ലാനി(റ) എഴുതുന്നു: റബീഉൽഅവ്വൽ 12-നാണ് നബി(സ്വ) ജനിച്ചതെന്ന് അഭിപ്രായമുണ്ട്. ഇതനുസരിച്ചാണ് പൂർവകാലത്തും വർത്തമാനകാലത്തും നബി(സ്വ)ജനിച്ച സ്ഥലം മക്കക്കാർ  റബീഉൽഅവ്വൽ 12-ന് സന്ദർശിച്ചുവരുന്നത് (അൽമവാഹിബ്. സുർഖാനി സഹിതം 1/132).

ആനക്കലഹം നടന്ന വർഷത്തിലാണ് നബി(സ്വ)യുടെ ജനനം എന്നതാണ് പ്രബലാഭിപ്രായം. ഇത് ക്രി. 570-ലായിരുന്നു.

ഇമാം നവവി(റ) എഴുതുന്നു: ആനക്കലഹം നടന്ന വർഷത്തിലാണ് നബി(സ്വ) ജനിച്ചത്. ആനക്കലഹം കഴിഞ്ഞ് 30 വർഷത്തിനുശേഷമാണെന്നും 40 വർഷത്തിനുശേഷമാണെന്നും 10 വർഷത്തിനുശേഷമാണെന്നും അഭിപ്രായപ്പെട്ടവ

രുമുണ്ട്.  ഈ അഭിപ്രായം ഇബ്‌നുഅസാകിർ(റ)ന്റെ താരീഖുദിമിശ്ഖിൽ കാണാം.  എന്നാൽ ആനക്കലഹം നടന്ന വർഷത്തിലാണ് നബി(സ്വ)ജനിച്ചതെന്ന വീക്ഷണമാണ് പ്രബലവും പ്രസിദ്ധവും. ഇമാം ബുഖാരി(റ)യുടെ ഉസ്താദ് ഇബ്‌റാഹീമുബ്‌നുൽമുൻദിറും(റ) ഖലീഫത്തുബ്‌നുഖയ്യാത്ത്വും(റ) മറ്റുപലരും ഇതിൽ ഇജ്മാഉണ്ടെന്ന് ഉദ്ധരിക്കുന്നുണ്ട്. റബീഉൽഅവ്വൽ  തിങ്കളാഴ്ചയാണ് നബി(സ്വ) ജനിച്ചതെന്ന കാര്യത്തിലും പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു (തഹ്ദീബുൽഅസ്മാഇ വല്ലുഗാത്ത് 1/ 23).

അല്ലാമ മുനാവി(റ) എഴുതുന്നു: ആനക്കലഹം നടന്ന വർഷം റബീഉൽഅവ്വൽ 12-ന് ഫജ്‌റിന്റെ അൽപം പിറകെ മക്കയിലെ ശിഅ്ബിൽ നബി(സ്വ) ജനിച്ചുവെന്നാണ് പ്രബലാഭിപ്രായം. അവിടുത്തെ ജനനം വെള്ളിയാഴ്ചയോ യുദ്ധം നിഷിദ്ധമായ മാസത്തിലോ ആയിരുന്നില്ല. ശ്രേഷ്ഠമായ സമയത്തിൽ ജനിച്ചാൽ ആ സമയം നിമിത്തമാണ് നബി(സ്വ)ക്ക് ശ്രേഷ്ഠത ലഭിച്ചതെന്ന തോന്നൽ വരുന്നതിനെ തട്ടിക്കളയാനാണ് അങ്ങനെ സംഭവിച്ചത്. അതിനാൽ

റബീഉൽഅവ്വൽ തിങ്കളാഴ്ച തിരുനബി(സ്വ) ജനിച്ചതുകാരണം ആ മാസത്തിനും ദിവസത്തിനും മറ്റുള്ളതിനേക്കാൾ ശ്രേഷ്ഠതയുണ്ടെന്ന് വ്യക്തമാകുമല്ലോ. നബി(സ്വ)യെ മക്കയിൽ മറവുചെയ്യാതെ മദീനയിൽ മറവുചെയ്തതിനെ ഇതോട് തുല്യമായ ഒന്നായി കാണാവുന്നതാണ്. മക്കയിലായിരുന്നു റസൂലി(സ്വ)നെ മറവുചെയ്തിരുന്നതെങ്കിൽ മക്കയോട് തുടർന്ന് മാത്രമാണല്ലോ നബി(സ്വ)യെ ലക്ഷ്യം വെക്കുക (ഫൈളുൽഖദീർ. 3/ 768).

ഇതേ ആശയം ഇമാം ഖസ്ത്വല്ലാനി(റ) അൽമവാഹിബുല്ലദുന്നിയ്യയിലും പ്രസ്താവിച്ചിട്ടുണ്ട് (സുർഖാനി സഹിതം 1/132).

ചുരുക്കത്തിൽ, ആനക്കലഹം നടന്ന വർഷം റബീഉൽഅവ്വൽ 12-ന് തിങ്കളാഴ്ച സ്വുബ്ഹിയോടടുത്ത സമയത്താണ് തിരുനബി(സ്വ) ജനിച്ചതെന്നാണ് പ്രബലവും പ്രസിദ്ധവുമായ വീക്ഷണം. പൂർവകാലം തൊട്ട് വർത്തമാനകാലം വരെ മക്കാനിവാസികൾ പ്രവാചകർ(സ്വ) ജനിച്ച സ്ഥലം സന്ദർശിച്ചുവരുന്നത് റബീഉൽഅവ്വൽ 12-നാണെന്നത് ആ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നു. ശരിയായ അഭിപ്രായം ഇതാണെന്ന് ഇമാം ഖസ്ത്വല്ലാനി(റ) അൽമവാഹിബുല്ലദുന്നിയ്യയിൽ പ്രസ്താവിച്ചിട്ടുണ്ട്.

ശാഫിഈ പണ്ഡിതൻ മുഹമ്മദുബ്‌നു ഉമർ ബഹ്‌റഖുൽ ഹള്‌റമീ(റ) (ഹി. 869- 930) രേഖപ്പെടുത്തി:

ചരിത്രപണ്ഡിതന്മാർ പറയുന്നു: റബീഉൽഅവ്വൽ മാസം തിങ്കളാഴ്ചയാണ് നബി (സ്വ) ജനിച്ചതെന്നതിൽ അഭിപ്രായാന്തരമില്ല. റബീഉൽ അവ്വൽ പന്ത്രണ്ടിന്റെ രാവിലാണെന്ന് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. പത്തിനാണെന്നും എട്ടിനാണെന്നും അഭിപ്രായമുണ്ട്. മക്കയിലെ ശിഅ്ബ് അബീത്വാലിബിലായിരുന്നു അവിടുന്ന് ജനിച്ചത്.  മൗലിദുശ്ശരീഫിന്റെ രാവിൽ ദിക്‌റിനും ദുആഇനും നബി(സ്വ)യുടെ തിരുശിരസ് പിറന്നുവീണസ്ഥലം കൊണ്ട് ബറകത്തെടുക്കാനും വേണ്ടി മക്കാനിവാസികൾ സമ്മേളിക്കുന്ന സ്ഥലമാണത്. ഈ ഉദ്ദേശ്യത്തോടെ മൗലിദ് പരിപാടി നല്ലതാണെന്ന് പിൽക്കാലപണ്ഡിതരിൽ നിന്ന് ഒരു കൂട്ടം പേർ ഫത്‌വ നൽകിയിട്ടുണ്ട് (ഹദാഇഖുൽഅൻവാൻ 105).

 

ജന്മദിന രാവ്

സമയത്തിനു ശ്രേഷ്ഠതയുണ്ടാകുന്നത് അതിലുണ്ടായ പ്രത്യേക കാര്യങ്ങളെ അടിസ്ഥാനമാക്കിയാണല്ലോ. വെള്ളിയാഴ്ചക്ക് മറ്റുദിവസങ്ങളേക്കാൾ ബഹുമാനമുണ്ടായത് ആദം നബി(അ)യുടെ ജന്മദിനമായതിനാലാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്. അതുപോലെ വിശുദ്ധ റമളാൻ മാസങ്ങളുടെ നേതാവായത് വിശുദ്ധ ഖുർആൻ അതിൽ അവതരിച്ചതിന്റെ പേരിലാണെന്ന് ഖുർആനിൽ നിന്നു തന്നെ വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ നബി(സ്വ) ജനിച്ച റബീഉൽഅവ്വൽ പന്ത്രണ്ടിന്റെ രാവിനാണ് ലൈലത്തുൽ ഖദ്‌റിനേക്കാൾ ശ്രേഷ്ഠതയുള്ളതെന്ന് പണ്ഡിതന്മാർ വിവരിക്കുന്നുണ്ട്. ഇമാം ഖസ്തല്ലാനി(റ) എഴുതുന്നു: മൂന്ന് കാരണങ്ങളാൽ റസൂൽ(സ്വ) പ്രസവിക്കപ്പെട്ട രാത്രി ലൈലത്തുൽഖദ്‌റിനേക്കാൾ ശ്രേഷ്ഠമാണ്.

(1) ഈ രാത്രിയിൽ പിറന്ന നബി(സ്വ)ക്ക് നൽകപ്പെട്ട ഒന്നാണല്ലോ ലൈലത്തുൽഖദ്ർ. തിരുനബി(സ്വ)ക്ക് നൽകപ്പെട്ട ഒന്നിന്റെ പേരിൽ ആദരവുണ്ടായ രാത്രിയേക്കാൾ ശ്രേഷ്ഠതയുണ്ടാവേണ്ടത് ആദരവിനു നിദാനമായവരുടെ പുണ്യദേഹം വെളിവാകൽ നിമിത്തം ശ്രേഷ്ഠത കൈവരിച്ച രാത്രിക്കാണല്ലോ. ഈ വിഷയത്തിൽ തർക്കിക്കാൻ വക കാണുന്നില്ല. അതിനാൽ നബി(സ്വ)യെ പ്രസവിക്കപ്പെട്ട പ്രത്യേക രാത്രി ലൈലത്തുൽഖദ്‌റിനേക്കാൾ ശ്രേഷ്ഠമാണ്.

(2) മലക്കുകൾ ഇറങ്ങുന്നതിനാലാണ് ലൈലത്തുൽഖദ്‌റിനു ശ്രേഷ്ഠതയുണ്ടായത്. ലൈലത്തുൽമൗലിദിന് നബി(സ്വ) ജനിച്ചതിനാലും. പ്രബലമായ വീക്ഷണപ്രകാരം മലക്കുകളേക്കാൾ ശ്രേഷ്ഠത നബി(സ്വക്കാണ്. അപ്പോൾ മലക്കുകളേക്കാൾ ശ്രേഷ്ഠരായ നബി(സ്വ)യെ പ്രസവിച്ച രാത്രി മലക്കുകളുടെ ഇറക്കം മൂലം ശ്രേഷ്ഠമാക്കപ്പെട്ട ലൈലത്തുൽഖദ്‌റിനേക്കാൾ ശ്രേഷ്ഠമായി.

(3) ലൈലത്തുൽഖദ്‌റിന്റെ ശ്രേഷ്ഠത ഈ ഉമ്മത്തിനുമാത്രമുള്ളതാണ്. നബി(സ്വ)യെ പ്രസവിക്കപ്പെട്ട രാത്രിയിലെ ശ്രേഷ്ഠത എല്ലാ സൃഷ്ടികൾക്കുമുള്ളതും. അതിനാൽ ഈ രാത്രി ലൈലത്തുൽഖദ്‌റിനേക്കാൾ ശ്രേഷ്ഠമായി. (അൽമവാഹിബുല്ലദുന്നിയ്യ 1/136).

അല്ലാമ ശർവാനി(റ) എഴുതുന്നു: രാത്രികളിൽവെച്ച് അതിശ്രേഷ്ഠമായത് നബി(സ്വ) പ്രസവിക്കപ്പെട്ട രാത്രിയാണ്. പിന്നെ ലൈലത്തുൽഖദ്‌റും ശേഷം വെള്ളിയാഴ്ചരാവും പിന്നെ ഇസ്‌റാഇന്റെ രാവുമാണ്. ഇപ്പറഞ്ഞത് നമ്മിലേക്ക് ചേർത്തിനോക്കിയാണ്. നബി(സ്വ)യെ അപേക്ഷിച്ച് ഏറ്റവും ശ്രേഷ്ഠമായത് ഇസ്‌റാഇന്റെ രാത്രിയാണ്. കാരണം രണ്ട് കണ്ണുകൾകൊണ്ട് അവിടുന്ന് അല്ലാഹുവിനെ ദർശിച്ച രാത്രി അതാണല്ലോ. പൊതുവെ രാത്രി പകലിനേക്കാൾ ശ്രേഷ്ഠമാണ് (ശർവാനി. 2/ 405).

 

ജന്മ ദിനാഘോഷം

അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്. വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം  അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി(സ്വ) തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി(സ്വ) ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ(സ്വ) അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി(സ്വ) തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആരാധനാകർമങ്ങൾ നിർവഹിച്ചും തിരുനബി(സ്വ)യുടെ ജനനം കൊണ്ട് നന്ദിപ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ് (അൽഹാവീ ലിൽ ഫതാവാ 1/ 196).

ഇമാം സുയൂത്വി(റ)യുടെ സമർത്ഥനത്തിന് പിൽക്കാല പണ്ഡിതന്മാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇമാം സുയൂത്വി(റ)യുടെ പരാമർശങ്ങൾ എടുത്തുപറഞ്ഞ ശേഷം പ്രഗത്ഭ ശാഫിഈ പണ്ഡിതൻ ശൈഖ് അഹ്മദുബ്‌നുഖാസിം(റ) എഴുതുന്നു:

ചില നിബന്ധനകൾക്കുവിധേയമായി ജന്മദിനാഘോഷം സ്തുത്യർഹവും പ്രതിഫലാർഹവുമാണെന്ന് സ്ഥാപിക്കാൻ സുദീർഘമായി ഇമാം സുയൂത്വി(റ) സംസാരിച്ചിട്ടുണ്ട്. തദ്വിഷയകമായി എതിരഭിപ്രായം പ്രകടിപ്പിച്ചവരെ അദ്ദേഹം ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം പഠനാർഹമാണ്. അതെല്ലാം ഒരു ഗ്രന്ഥമായി ക്രോഡീകരിച്ച് അതിന് ‘ഹുസ്‌നുൽ മഖ്‌സ്വിദ് ഫീ അമലിൽ മൗലിദ്’ എന്ന് അദ്ദേഹം പേരിട്ടു. അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ (ഹാശിയത്തു ഇബ്‌നു ഖാസിം 7/ 425).

ഇതേ വിവരണം അല്ലാമ ശർവാനി(റ)യുടെ ഹാശിയ 7/ 425-ലും കാണാം.

വിശ്വവിഖ്യാത പണ്ഡിതൻ ഇബ്‌നുഹജറുൽ അസ്ഖലാനി(റ) പറയുന്നു: മൗലിദിനൊരടിസ്ഥാനം ഞാൻ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയിലും മുസ്‌ലിമിലും ഉള്ള ഒരു ഹദീസാണത്. നബി(സ്വ)മദീനയിൽ ചെന്നപ്പോൾ ജൂതന്മാർ മുഹർറം പത്തിന് നോമ്പനുഷ്ഠിക്കുന്നത് അവിടുത്തെ ശ്രദ്ധയിൽപ്പെട്ടു. അതേപ്പറ്റി അവരോടന്വേഷിച്ചപ്പോൾ അവർ പറഞ്ഞ മറുപടിയിതാണ്: അല്ലാഹു ഫിർഔനിനെ മുക്കിനശിപ്പിക്കുകയും മൂസാനബി(അ)യെ  രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണന്ന്. അതിനാൽ ആ മഹത്തായ അനുഗ്രഹത്തിന് നന്ദിപ്രകടിപ്പിച്ച് ആ ദിവസം ഞങ്ങൾ വ്രതമനുഷ്ഠിക്കുന്നു.

ഒരു നിശ്ചിത ദിവസം അല്ലാഹുവിൽ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദിപ്രകടിപ്പിക്കാമെന്നും ഓരോ വർഷവും ആ ദിവസം മടങ്ങിവരുമ്പോൾ നന്ദിപ്രകടനം ആവർത്തിക്കാമെന്നും ഈ സംഭവത്തിൽ നിന്ന്   മനസ്സിലാക്കാം. സുജൂദ്, നോമ്പ്, ദാനധർമം, ഖുർആൻ പാരായണം തുടങ്ങി ആരാധനയുടെ വിവിധ ഇനങ്ങൾ കൊണ്ട് നന്ദിപ്രകടനം ഉണ്ടാകുന്നതാണ്. ആ ദിവസത്തിൽ (റബീഉൽഅവ്വൽ പന്ത്രണ്ട്) ലോകത്തിനനുഗ്രഹമായ പ്രവാചകർ(സ്വ) ജനിച്ചുവെന്ന അനുഗ്രഹത്തേക്കാൾ വലിയ എന്ത് അനുഗ്രഹമാണുള്ളത്? അതിനാൽ മുഹർറം പത്തിൽ മൂസാനബി(അ)യുടെ സംഭവവുമായി യോജിക്കാൻ ആ ദിവസം തന്നെ (നബി(സ്വ)യുടെ ജന്മദിനം) നന്ദിപ്രകടനം നടന്നേ മതിയാവൂ. ഈ പരിഗണന നൽകാത്തവർ റബീഉൽ അവ്വൽ മാസത്തിൽ ഏതെങ്കിലുമൊരു ദിവസം മൗലിദ് സംഘടിപ്പിക്കുന്നു. ചിലർ ഇതിനേക്കാൾ വിശാലതകാണിച്ച് വർഷത്തിൽ ഒരുദിവസം മൗലിദ് സംഘടിപ്പിക്കുന്നു. അതത്രശരിയാണെന്ന് തോന്നുന്നില്ല. ഇതുവരെ പറഞ്ഞത് മൗലിദിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

നാം നേരത്തെപ്പറഞ്ഞ, ഖുർആൻ പാരായണം, അന്നദാനം, ദാനധർമം, നന്മചെയ്യാൻ പ്രോത്സാഹനം നൽകുക, നബി(സ്വ)യുടെ പ്രശംസാഗീതങ്ങൾ  തുടങ്ങി അല്ലാഹുവിനുള്ള നന്ദിപ്രകടന മായി വിലയിരുത്താൻ പറ്റുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടികൾ. ആ ദിവസത്തിൽ സന്തോഷമുണ്ടെന്ന് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ്. ഹറാമോ കറാഹത്തോ ഖിലാഫുൽഔലയോ ആയത് ഒഴിവാക്കണം (അൽഹാവീ ലിൽഫതാവാ 1/196).

സാക്ഷാൽ ഇബ്‌നുതൈമിയ്യ പറയുന്നു: ചിലർ മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനത്തെ ആദരിക്കുകയും അതിനെ ഒരാഘോഷമായി കൊണ്ടാടുകയും ചെയ്യാറുണ്ട്. അവരത് ചെയ്യുന്നത് നല്ല ഉദ്ദേശ്യ ത്തോടെ ആയതിനാലും തിരുനബി(സ്വ)യെ ആദരിക്കുന്നതിന്റെ ഭാഗമായതിനാലും അതിന് വലിയ പ്രതിഫലം ലഭിക്കുന്നതാണ് (ഇഖ്തിളാഉ സ്വിറാത്വിൽ മുസ്തഖീം പേ 296).

നബിദിനാഘോഷം മഹത്തായ ഒരു പുണ്യകർമമാണ്. നബി(സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക, അല്ലാഹുവെ സ്മരിക്കുക തുടങ്ങി ധാരാളം സൽകർമങ്ങൾ അതുൾക്കൊള്ളുന്നു. നബിദിനാഘോഷത്തിന്റെ ഉള്ളടക്കം പരിശോധിച്ചുനോക്കിയാൽ നിരവധി സുന്നത്തായ കാര്യങ്ങൾ അതുൾക്കൊള്ളുന്നതായി കാണാൻ സാധിക്കും. മൊത്തത്തിൽ അവയെ ഇപ്രകാരം സംഗ്രഹിക്കാം:

1-സാധ്യമാകുന്ന ഖുർആൻ പാരായണം ചെയ്യുന്നു.

2-നബി(സ്വ)യുടെ മദ്ഹുകൾ പറയുന്നു.

3-പ്രവാചകർ(സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലുന്നു.

4-നബി(സ്വ)യുടെ മദ്ഹുകൾ ഉൾക്കൊള്ളുന്ന പദ്യങ്ങൾ ആലപിക്കുകയും അവയെ അധികരിച്ച് ചെറുപ്പ വലുപ്പ വ്യത്യാസമില്ലാതെ എല്ലാവരും പ്രസംഗിക്കുകയും ചെയ്യുന്നു.

5-ശേഷം ആത്മാർത്ഥമായി അല്ലാഹുവോട് പ്രാർത്ഥിക്കുന്നു.

6-സാധുക്കൾക്ക് അന്നദാനം നടത്തുന്നു.

7-മുസ്‌ലിംകൾ സമ്മേളിച്ച് സന്തോഷം പങ്കിടുകയും സൗഹൃദം പുതുക്കുകയും ചെയ്യുന്നു.

ഇത്തരം വിഷയങ്ങൾ വിശുദ്ധ ഇസ്‌ലാം നിർദേശിച്ചതും സുന്നത്താണെന്ന് അവിതർക്കിതമായി സ്ഥിരപ്പെട്ടതുമാണ്.

ഇവ്വിധത്തിലുള്ള നബിദിനാഘോഷം കൊണ്ട് ഇനിപറയുന്ന കാര്യങ്ങൾ സിദ്ധിക്കുന്നു.

1-നബി(സ്വ)യുടെ പ്രശംസകൾ വിവരിക്കുന്നത് പ്രവാചകർ(സ്വ) കൂടുതൽ ആദരിക്കപ്പെടാൻ നിമിത്തമാകുന്നു.

2-നബി(സ്വ)യിലുള്ള വിശ്വാസം വർധിക്കാനും അവിടത്തോടുള്ള മതിപ്പും ബഹുമാനവും കൂടാനും അത് കാരണമാകുന്നു.

3-തിരുനബി(സ്വ)യുടെ സ്വഭാവഗുണങ്ങൾ പകർത്താ

നും നബി(സ്വ)യോട് പിന്തുടരാനും പ്രേരിപ്പിക്കുന്നു.

4-നബി(സ്വ)യുടെ ജനനത്തിൽ സന്തോഷം പ്രകടിപ്പിക്കാൻ അതിലൂടെ സാധിക്കുന്നു.

5-തിരുനബി(സ്വ)യോടുള്ള സ്‌നേഹം വർധിക്കാനും സ്വലാത്തും സലാമും നേരാനും അവസരമൊരുക്കുന്നു.

6-റസൂൽ(സ്വ) മുഖേന അല്ലാഹു നൽകിയ  അനുഗ്രഹത്തിന് ആരാധനയുടെ വ്യത്യസ്ത ഇനങ്ങളിലൂടെ നന്ദി പ്രകടിപ്പിക്കാൻ സാധിക്കുന്നു.

7-ഇസ്‌ലാമിന്റെ നേതാക്കളോടുള്ള മതിപ്പും ബഹുമാനവും വർധിക്കുക വഴി മതത്തിന്റെ പുരോഗതിക്ക് കാരണമാകുന്നു.

ഇവയിലോരോന്നും ഇസ്‌ലാം നിർദേശിച്ച കാര്യങ്ങളും പുണ്യകർമങ്ങളുമാണ്.  അവയെല്ലാം ഒരുമിച്ച് ഒരു ദിവസത്തിൽ ചെയ്താൽ തെറ്റാകുമെന്ന് പറയാൻ യാതൊരു പ്രമാണവുമില്ല.

നബി(സ്വ)യുടെ ജനനം ഏറ്റവും വലിയ ഒരനുഗ്രഹമാണ്. ലോകത്തിനാകെ അനുഗ്രഹമായാണ് നബി(സ്വ) നിയോഗിക്കപ്പെട്ടതെന്ന് അല്ലാഹു ഖുർആനിൽ തന്നെ പ്രസ്താവിച്ചതാണ്. അവൻ പറയുന്നു:

‘ലോകർക്ക് അനുഗ്രഹമായല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല’ (അമ്പിയാഅ് 107).

ലോകർക്ക് അനുഗ്രഹമായിരിക്കുക എന്നത് നബി(സ്വ)യുടെ പ്രത്യേകത തന്നെയാണ്. വിശ്വാസികൾക്കും അല്ലാത്തവർക്കും ചേതന-അചേതനവ്യത്യാസമില്ലാതെ എല്ലാവസ്തുക്കൾക്കും അനുഗ്രഹമായാണ് അവിടുത്തെ അല്ലാഹു അയച്ചത്. ഇക്കാര്യം പ്രസ്തുത വചനത്തിന്റെ വിശദീകരണത്തിൽ പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.

മേൽ സൂക്തം വിവരിച്ച് ഇബ്‌നുകസീർ എഴുതുന്നു: മുഹമ്മദ്(സ്വ)യെ ലോകർക്ക് അനുഗ്രഹമായി നിയോഗിച്ചതായി അല്ലാഹു അറിയിക്കുന്നു. അതായത് അവർക്കെല്ലാവർക്കും റഹ്മത്തായി നബി(സ്വ)യെ അല്ലാഹു നിയോഗിച്ചിരിക്കുന്നു. ഈ അനുഗ്രഹത്തെ സ്വീകരിക്കുകയും അതിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തവർ ദുൻയാവിലും ആഖിറത്തിലും വിജയിച്ചു. അതിനെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്തവർ ഇരുലോകത്തും പരാജയപ്പെട്ടു (ഇബ്‌നു കസീർ 3/99).

ലഭിച്ച അനുഗ്രഹം എടുത്തുപറയാനും അതിന് നന്ദികാണിക്കാനും അല്ലാഹു നിർദേശിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക (ളുഹാ 11).

ലഭിച്ച അനുഗ്രഹം എടുത്തുപറയുന്നത് അതിനു നന്ദി കാണിക്കുന്നതിന്റെ ഭാഗമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഇബ്‌നുജരീർ(റ) ഉദ്ധരിക്കുന്നു: ലഭിച്ച അനുഗ്രഹങ്ങൾ എടുത്തു പറയുന്നതിനെ അവയ്ക്കു നന്ദി കാണിക്കുന്നതിന്റെ ഭാഗമായാണ് മുസ്‌ലിംകൾ കണ്ടിരുന്നത് (ഇബ്‌നുജരീർ).

അല്ലാഹു പറയുന്നു: അല്ലാഹുവിന്റെ (അനുഗ്രഹത്തിന്റെ) നാളുകളെപ്പറ്റി അവരെ ഓർമിപ്പിക്കുകയും ചെയ്യുക. തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവർക്കും തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്'(ഇബ്‌റാഹീം 5).

അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ലഭിച്ച നാളുകളെപ്പറ്റി ജനങ്ങളെ ഓർമിപ്പിക്കാനാണല്ലോ അല്ലാഹു പ്രസ്തുത വചനത്തിലൂടെ കൽപ്പിക്കുന്നത്. സൃഷ്ടികളുടെ നേതാവ് മുഹമ്മദ്(സ്വ) ജനിച്ചതിനേക്കാൾ വലിയ ഒരനുഗ്രഹം വിശ്വാസികൾക്ക് മറ്റെന്തുണ്ട്?. അതിനാൽ നബി(സ്വ)യുടെ ജനനത്തെക്കുറിച്ചും ജനനസമയത്തെക്കുറിച്ചും വിവരിച്ചുകൊടുക്കുന്നതും പാട്ടിലൂടെയും പ്രസംഗങ്ങളിലൂടെയും ജനങ്ങളുടെ മുമ്പിൽ അതവതരിപ്പിക്കുന്നതും പ്രസ്തുത വചനത്തിന്റെ ആശയ വ്യാപ്തിയിൽ കടന്നുവരുമെന്നകാര്യം തീർച്ചയാണ്.

പ്രവാചകന്മാർ ജനിച്ച സമയത്തിനും സ്ഥലത്തിനും ആദരവുള്ളതായി സുന്നത്തിൽ നിന്നു മനസ്സിലാക്കാം. ആദം നബി(അ)യുടെ ജന്മദിനമായതിനാൽ വെള്ളിയാഴ്ചക്ക് ബഹുമാനമുള്ളതായി പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്.

ഇമാം നസാഈ(റ) സുനനിൽ രേഖപ്പെടുത്തിയ ഹദീസിൽ ഇപ്രകാരം കാണാം: ഇസ്‌റാഇന്റെ രാത്രിയിൽ പിന്നീട് ജിബ്‌രീൽ(അ) നിർദേശിച്ചു: ‘ഇവിടെ ഇറങ്ങി താങ്കൾ നിസ്‌കരിക്കുക.’ ഞാനിറങ്ങി നിസ്‌കരിച്ചു. അപ്പോൾ ജിബ്‌രീൽ (അ) ചോദിച്ചു: ‘എവിടെയാണ് താങ്കൾ നിസ്‌കരിച്ചതെന്ന് അറിയുമോ? ഈസാ(അ) ജനിച്ച ബൈതുലഹ്മിലാണ് താങ്കൾ നിസ്‌കരിച്ചത്’ (നസാഈ 446).

അപ്പോൾ ഒന്നാമത്തെ ഹദീസ് ആദം(അ) ജനിച്ച സമയത്തിനും രണ്ടാം ഹദീസ് ഈസാ(അ) ജനിച്ച സ്ഥലത്തിനും ബഹുമാനമുണ്ടെന്ന് വ്യക്തമാക്കുന്നു. എങ്കിൽ സൃഷ്ടികളിൽ അത്യുത്തമരായ മുഹമ്മദ് നബി(സ്വ) ജനിച്ച സമയത്തിനും സ്ഥലത്തിനും എങ്ങനെ ബഹുമാനമില്ലാതിരിക്കും?.

നബിദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

അനുഗ്രഹം ലഭിച്ചതിന്റെ പേരിൽ സന്തോഷിക്കാമെന്നും ആ ദിനത്തെ സന്തോഷദിനമായി ആഘോഷിക്കാമെന്നും ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കുന്നു. ചിലത് വായിക്കാം.

1-അല്ലാഹു പറയുന്നു: ‘ഈ ദിനം നിങ്ങളുടെ മതത്തെ നിങ്ങൾക്കു ഞാൻ പൂർത്തീകരിക്കുകയും എന്റെ അനുഗ്രഹം നിങ്ങൾക്കു ഞാൻ പരിപൂർണമാക്കുകയും ഇസ്‌ലാമിനെ മതമായി നിങ്ങൾക്കു ഞാൻ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു'(മാഇദ 3).

മനുഷ്യജീവിതത്തിന്റെ തുടക്കം മുതൽ തുടർന്നുവരുന്ന ഒരു മഹാദൗത്യത്തിന്റെ പൂർത്തീകരണത്തിനുവേണ്ടിയാണല്ലോ അന്ത്യപ്രവാചകരായ നബി(സ്വ) നിയോഗിക്കപ്പെട്ടത്. പൂർവികരായ 124000 പ്രവാചകന്മാരുടെ തീവ്രശ്രമങ്ങൾക്കു ശേഷവും ഇരുപത്തിമൂന്ന് വർഷത്തെ അധ്വാനം വേണ്ടിവന്നു ഇസ്‌ലാമിനെ പൂർത്തീകരിക്കുവാനും ജനങ്ങളെ  അതിലേക്ക് ആകർഷിക്കാനും. ഒടുവിൽ ഇസ്‌ലാം പൂർണത കൈവരിച്ചു. മാഇദ സൂറത്തിലെ മൂന്നാം വചനത്തിലൂടെ ഇക്കാര്യം അല്ലാഹു പ്രഖ്യാപിച്ചു. ഇസ്‌ലാമിന്റെ പൂർത്തീകരണം മുസ്‌ലിംകൾക്കു വല്ലാത്ത അഭിലാഷമായിരുന്നു. അവർ കാത്തിരുന്ന പൊൻപുലരി അതാ പിറന്നിരിക്കുന്നു. വലിയ അനുഗ്രഹം തന്നെ. പ്രസ്തുത സന്തോഷവാർത്ത അവതരിച്ച ദിവസത്തെ മുസ്‌ലിംകൾ ഒരാഘോഷ സുദിനമായി പരിഗണിച്ചതായി പ്രമാണങ്ങൾ നമ്മോട് സംസാരിക്കുന്നു. ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയ ഹദീസ് കാണുക:  ത്വാരിഖുബ്‌നു ശിഹാബ്(റ)ൽ നിന്നു നിവേദനം. യഹൂദർ ഉമറി(റ)നോട് പറഞ്ഞു: അമീറുൽ മുഅ്മിനീൻ! ഈ ആയത്ത് (ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തിയാക്കിത്തന്നിരിക്കുന്നു…) ഞങ്ങൾക്കാണ് അവതരിച്ചിരുന്നതെങ്കിൽ അതിനെ (അവതരിച്ച ദിവസത്തെ) ഞങ്ങൾ ഉത്സവമാക്കുമായിരുന്നു. ഇതുകേട്ട ഉമർ(റ)പറഞ്ഞു: ‘ഈ ആയത്ത് ഏതുദിവസം അവതരിച്ചെന്ന് എനിക്കറിയാം. ജുമുഅ ദിവസം അറഫയിൽവെച്ചാണ് അത് അവതരിച്ചത്'(ബുഖാരി 43).

അതിനെ (അവതരിച്ച  ദിവസത്തെ) ഞങ്ങൾ ഉത്സവമാക്കുമായിരുന്നു’എന്ന പരാമർശത്തെ ഇബ്‌നു ഹജർ(റ) വ്യാഖ്യാനിക്കുന്നതു കാണുക: ആ ദിവസത്തെ ഞങ്ങൾ ആദരിക്കുകയും ദീൻ പൂർത്തിയാക്കുകയെന്ന അതിമഹത്തായ കാര്യം ആ ദിവസത്തിൽ സംഭവിച്ചതുകൊണ്ട് എല്ലാ വർഷവും ആ ദിവസത്തെ ഞങ്ങൾ ഒരാഘോഷ ദിവസമാക്കുകയും ചെയ്യുമായിരുന്നു (ഫത്ഹുൽ ബാരി 1/71).

(തുടരും)

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ