ജലചൂഷണത്തിനെതിരെ കൈകോര്ക്കാം്

against water explotation-min

ജലക്ഷാമം മാനവരാശിക്കും സസ്യ ജീവജാലങ്ങള്‍ക്കും സൃഷ്ടിക്കുന്ന വിഷമങ്ങള്‍ ഗൗരവമായ ചിന്തയര്‍ഹിക്കുന്നതാണ്. വര്‍ഷങ്ങള്‍ പിന്നിടും തോറും വെള്ളം മണ്ണില്‍ നിന്നും മനുഷ്യരില്‍ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്നു. അല്ലാഹു നമുക്ക് കനിഞ്ഞു നല്‍കിയ വിശേഷ വസ്തുവാണ് വെള്ളം. വെള്ളമില്ലെങ്കില്‍ മനുഷ്യരില്ല, ഭൂമിയില്ല. പണവും അധികാരവും സംസ്കാരങ്ങളുമെല്ലാം പിന്നെ പാഴ്വസ്തുക്കള്‍ മാത്രം.

മനുഷ്യന്‍ പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിക്കുന്ന സസ്യങ്ങള്‍, ജീവജാലങ്ങള്‍ എന്നിവയുടെയെല്ലാം വളര്‍ച്ചയിലും നിലനില്‍പ്പിലും വെള്ളത്തിനുള്ള പങ്ക് ഒഴിച്ചുകൂടാനാകാത്തതാണ്. ഒരഗ്നി ഗോളമായി ജ്വലിച്ച് നില്‍ക്കുന്ന സൂര്യന്‍റെ ആദിമ ദ്രവം ജലമായിരുന്നു എന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. സൂര്യന്‍റെ 87% ജലത്തില്‍ നിന്നുള്ള ഹൈട്രജനും 12.9% ഹൈട്രജനില്‍ നിന്നാവിര്‍ഭവിച്ച ഹീലിയവും 0.025% ജലത്തില്‍ നിന്നുള്ള ഓക്സിജനുമാണ്. ബാക്കി 0.075% മാത്രമേ ഇതര മൂലകങ്ങളുള്ളൂ.

വെള്ളം മനുഷ്യ ജീവിതത്തിന്‍റെ അനുപേക്ഷ്യ ഘടകമാണ്. മനുഷ്യ ശരീരത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗവും വെള്ളമാണ്. രക്തത്തില്‍ 90% ജലമാണുള്ളത്. വൃക്കകളിലെ ജല സാന്നിധ്യം 82% മാണ്. അസ്ഥികളില്‍ 22%വും. പ്രധാനപ്പെട്ട ശരീര ധര്‍മങ്ങളെല്ലാം നിര്‍വഹിക്കാന്‍ ജലം കൂടിയേതീരൂ.

ഭൂമിയുടെ 70%വും വെള്ളമാണെന്ന് നമുക്കറിയാം. എന്നാല്‍ ഈ വെള്ളമെല്ലാം മനുഷ്യന്‍റെ നിത്യോപയോഗത്തിന് ഉതകുന്നതല്ല. 97%വും ഉപ്പുവെള്ളമാണ്. പാനത്തിനോ പാചകത്തിനോ സ്നാനത്തിനോ പറ്റാത്ത ലവണജലം. അവശേഷിക്കുന്ന 3%ത്തില്‍ 2.67% മഞ്ഞും ഹിമവുമായി നേരിട്ടുപയോഗിക്കാവുന്ന അവസ്ഥയിലുമല്ല. ശിഷ്ടമായ 0.33% ജലം മാത്രമാണ് മനുഷ്യരുടെയും പക്ഷിമൃഗാദികളുടെയും സസ്യങ്ങളുടെയും ആവശ്യങ്ങള്‍ക്കായി അവശേഷിക്കുന്നത്.

പ്രതിവര്‍ഷ ജല ലഭ്യത 1000 ക്യൂബിക് മീറ്ററിന് താഴെയാണെങ്കില്‍ ആ രാജ്യം ഗുരുതരമായ വരള്‍ച്ച നേരിടുമെന്നാണ് പറയാറ്. ജല ലഭ്യത ഇതിലും താഴെയായാല്‍ രാജ്യത്തിന്‍റെ ആരോഗ്യ, സാമ്പത്തിക വികസനം തടസ്സപ്പെടും. പ്രതിശീര്‍ഷ ജല ലഭ്യത 500 ക്യൂബിക്ക് മീറ്ററിനും താഴെയായാല്‍ ജീവിതം തകരാറിലാവും. 1951-ല്‍ ഇന്ത്യയിലെ പ്രതിവര്‍ഷ ജല ലഭ്യത 3450 ക്യൂബിക് മീറ്ററാണ്. 1990-കളുടെ അവസാനത്തില്‍ അത് 1250 ക്യൂബിക് മീറ്ററായി കുറഞ്ഞു.

ജീവന്‍റെ നിലനില്‍പ്പ് തന്നെ അസാധ്യമാകുന്ന രീതിയില്‍ ശുദ്ധജല ഉറവിടങ്ങള്‍ കുറഞ്ഞു വരികയാണിന്ന്. ഉള്ളതില്‍ തന്നെ പലതും മലിനപ്പെടുത്തുകയും ഉപയോഗ ശൂന്യമാക്കുകയും ചെയ്യുന്നു. ഈ നില തുടര്‍ന്നാല്‍ നമ്മുടെ നിലനില്‍പ്പ് അവതാളത്തിലാകും. 2015-ല്‍ ലോക ജനസംഖ്യയുടെ നാലിലൊന്നിനും ശുദ്ധജലം കിട്ടുകയില്ലെന്നാണ് പഠനം. ഭൂമുഖത്ത് നടന്ന പല പോരാട്ടങ്ങളും പല ലക്ഷ്യങ്ങളിലായിരുന്നെങ്കില്‍ ലോക ചരിത്രത്തില്‍ ഇനിയുള്ള പോരാട്ടങ്ങള്‍ വെള്ളത്തിനു വേണ്ടിയായിരിക്കുമെന്ന ആശങ്ക വിദഗ്ധര്‍ പങ്കുവെക്കുന്നു. ഇപ്പോള്‍ തന്നെ ലോകത്ത് 80-ലധികം രാജ്യങ്ങള്‍ വെള്ളത്തിന് വേണ്ടി തമ്മിലടിക്കുകയാണെന്നും 100 കോടി ജനങ്ങള്‍ വെള്ളത്തിനായി പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണെന്നുമാണ് ഫുഡ് & അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 1988 കാലഘട്ടത്തില്‍ നടന്ന ഇറാന്‍, ഇറാഖ് യുദ്ധത്തിന്‍റെ അടിസ്ഥാനം ശാത്വ് അല്‍ അറബ് നദിയിലെ വെള്ളത്തിന്‍റെ അവകാശം സംബന്ധിച്ച തര്‍ക്കമായിരുന്നു. 5 ലക്ഷം ഭടന്‍മാരാണ് ഈ നദീതല യുദ്ധത്തില്‍ ജീവാര്‍പ്പണം നടത്തിയത്.

ഭൂമിയിലെ ആകെ ജലത്തിന്‍റെ അളവ് 1386-ദശലക്ഷം ഖന കി.മി ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് സമുദ്രങ്ങളിലും കരയിലും അന്തരീക്ഷത്തിലുമായി വ്യാപിച്ച് കിടക്കുകയാണ്. സമുദ്രത്തില്‍ ലവണ ജലമാണ്. നദികള്‍, തടാകങ്ങള്‍, ഹിമ പാളികള്‍ എന്നീ ഉപരിതല ജലസ്രോതസ്സുകളിലും ഭൂഗര്‍ഭ ജല സ്രോതസ്സുകളിലുമാണ് ഭൂമിയില്‍ ശുദ്ധ ജലം കാണപ്പെടുന്നത്. ഈ സ്രോതസ്സുകളെ ജല സമ്പുഷ്ടമാക്കുന്നത് സമൃദ്ധമായ മഴയാണ്. മഴയില്ലായിരുന്നെങ്കില്‍ കരയില്‍ ജീവിക്കുന്നവയ്ക്കൊന്നും ജീവന്‍ നിലനിറുത്തുക സാധ്യമാകുമായിരുന്നില്ല.

മഴക്കാവശ്യമായ സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുള്ളത് അന്തരീക്ഷത്തിലാണ്. അന്തരീക്ഷ വായുവിന്‍റെ ഘടനയും ചലന സ്വഭാവവുമെല്ലാം മഴയുണ്ടാകുന്നതിന് സഹായകമായി വര്‍ത്തിക്കുന്നു. അതിന് സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. അത്കൊണ്ട് തന്നെ മഴവെള്ളം ശേഖരിക്കാനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനും ഒന്നിച്ചു നില്‍ക്കുകയും ഭാവിക്കായി കരുതിവെക്കാന്‍ തയ്യാറാവുകയും വേണം. ഇന്ത്യയിലെ ചിറാപൂഞ്ചിയാണ് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലമെന്നാണ് പാഠപുസ്തകങ്ങളില്‍ കാണുക. പ്രതിവര്‍ഷം 11 മീറ്റര്‍ മഴയാണ് ഇവിടെ പെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ അവിടെയും മഴലഭ്യത കുറവാണ്.

പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗമാണ് വരള്‍ച്ചക്കും ജല ദൗര്‍ലഭ്യത്തിനും പ്രധാന കാരണം. കാട് വെട്ടിത്തെളിച്ച് മഴയെന്ന മനോഹരാനുഗ്രഹത്തെ നാം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. നിര്‍ദാക്ഷിണ്യം കുന്നിടിച്ചു നിരത്തുന്നു. വയലുകള്‍ നിരപ്പാക്കുന്നു. ചതുപ്പുകള്‍ നിരത്തി കോണ്‍ക്രീറ്റ് സൗധങ്ങള്‍ പണിയുന്നു. രണ്ടിടത്തും നമുക്ക് നഷ്ടമാകുന്നത് ജലമാണ്. മാത്രമോ നികത്തുന്ന വയലുകളില്‍ ഉയരുന്ന വലിയ കെട്ടിടങ്ങള്‍ പ്രസരിപ്പിക്കുന്ന താപം തൊട്ടടുത്തുള്ള വയലുകളിലെ ജലസ്രോതസ്സിനെയും ഇല്ലാതാക്കുന്നു. ഒരു കാലത്ത് കുളിരുള്ള തണ്ണീര്‍ പ്രവഹിച്ചിരുന്ന എത്ര കൊച്ചരുവികളാണ് വറ്റി വരണ്ടും കണ്ണീര്‍ ചാലുകളായും കിടക്കുന്നത്. മുന്നും പിന്നും നോക്കാത്ത, കൃഷി ഒരു സാംസ്കാരിക വ്യവസ്ഥയായി കാണാത്ത ആധുനിക മനുഷ്യന്‍റെ ലാഭക്കൊതിയാണ് ഈ ജല സ്രോതസ്സുകള്‍ വറ്റിച്ചു കളഞ്ഞത്.

ജലം ജീവാമൃതമാണ്. ജല ശൂന്യമായാല്‍ ഭൂമി നിര്‍ജീവമാകും. മനുഷ്യനു കുടിക്കാനും വൃത്തിവരുത്താനും പാചകത്തിനും വൈദ്യുതി ഉദ്പാതനത്തിനും കൃഷിക്കുമെല്ലാം വെള്ളം വേണം. അതിനാല്‍ വെള്ളം പാഴാക്കരുത്. ദുര്‍വ്യയം ഒരു കാര്യത്തിലുമരുത്. വെള്ളത്തില്‍ പ്രത്യേകിച്ചും. അത് കടുത്ത വരള്‍ച്ചക്കും ഒടുങ്ങാത്ത ക്ഷാമത്തിനും കാരണമാകും. വുളൂഅ് ചെയ്യുകയായിരുന്ന സഅദ്(റ)ന്‍റെ അരികില്‍ വന്ന് നബി(സ്വ) ഓര്‍മിപ്പിച്ചു:  സഅദേ.. നീ ഒഴുകുന്ന നദിക്കരയിലിരുന്ന് അംഗസ്നാനം ചെയ്യുകയാണെങ്കില്‍ പോലും വെള്ളം ധൂര്‍ത്തടിക്കരുത്. മൂന്ന് തവണ കഴുകി വൃത്തിയാക്കുന്നതിനു പകരം നാലാമത് വെള്ളമുപയോഗിക്കരുത് (അഹ്മദ്).

ജലം ദുരുപയോഗം ചെയ്തതിന്‍റെ തിക്താനുഭവം പ്രാചീന കാലം മുതല്‍ മനുഷ്യന്‍ അനുഭവിച്ചിട്ടുണ്ട്. മെസപൊട്ടോമിയ നശിച്ചതിന്‍റെ പ്രധാന കാരണം ആ കാര്‍ഷിക രാജ്യത്തെ ആസൂത്രണമില്ലാത്ത നഗരവല്‍ക്കരണവും തെറ്റായ ജല നിര്‍ഗമന സംവിധാനവുമായിരുന്നുവത്രെ. വന നശീകരണം ഇതിനെ ത്വരിതപ്പെടുത്തുകയും ചെയ്തു. വര്‍ധിച്ച് വരുന്ന ജനസംഖ്യ, കാലാവസ്ഥാ വ്യതിയാനം, കാഴ്ചപ്പാടില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍, നഗരവല്‍ക്കരണം, നിയന്ത്രണമില്ലാത്ത മലിനീകരണം, വന നശീകരണം തുടങ്ങിയവയൊക്കെ ജല സ്രോതസ്സുകളെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. ശക്തമായ വരള്‍ച്ചക്ക് കാലാവസ്ഥാ വ്യതിയാനത്തെ പഴിചാരി മഴ കാത്തിരിക്കുന്നവര്‍ക്കായി സമര്‍ഖന്ദില്‍നിന്നുള്ള ഈ ചരിത്രം പാഠമാണ്. അബൂലൈസ് നസ്രുതര്‍കന്തിയ്യ്(റ) പറയുന്നു:

കുറച്ചു കാലം സമര്‍ഖന്ദില്‍ വരള്‍ച്ച ബാധിച്ചു. ജനങ്ങള്‍ പല തവണ പ്രാര്‍ത്ഥന നടത്തിയിട്ടും മഴ ലഭിച്ചില്ല. ഒരു സുപ്രസിദ്ധ സൂഫി വര്യന്‍ ആ സമയത്ത് സമര്‍ഖന്ദിലെ ഖാളിയുടെ അടുക്കല്‍ വന്ന് പറഞ്ഞു: നിങ്ങളും ജനങ്ങളും സമര്‍ഖന്ദില്‍ നിലകൊള്ളുന്ന ഇമാം ബുഖാരി(റ)ന്‍റെ മഖ്ബറയില്‍ പോവുക. എന്നിട്ട് അവിടെ വെച്ച് മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. എങ്കില്‍ അല്ലാഹു മഴ തരും. ഇത് കേട്ട് ഖാളി പറഞ്ഞു: ‘നല്ല അഭിപ്രായമാണത്.’

അങ്ങനെ ജനങ്ങളെയും കൂട്ടി ഖാളി ഇമാം ബുഖാരി(റ)യുടെ മഖ്ബറയില്‍ ചെന്നു. അവര്‍ കരഞ്ഞ്കൊണ്ട് ഇമാമിനെ ഇടയാളനാക്കി പ്രാര്‍ത്ഥിച്ചു. അതോടെ ആകാശം മേഘാവൃതമാവുകയും ശക്തമായ മഴ പെയ്യുകയും ചെയ്തു. ഖാളിയും ജനങ്ങളും ഏഴ് ദിവസത്തോളം അവിടെ കുടുങ്ങിപ്പോയി. ശക്തമായ മഴ കാരണം അവര്‍ക്ക് വീടുകളിലേക്ക് തിരിച്ചുപോരാന്‍ സാധിച്ചില്ല.

ശുദ്ധജല സംരക്ഷണത്തെ കുറിച്ച് പൊതുജനത്തിന് വിജ്ഞാനം നല്‍കേണ്ടതുണ്ട്. ജീവന്‍റെ നിലനില്‍പ്പിനുതന്നെ അടിസ്ഥാനമായ ജലം എല്ലാ മനുഷ്യരുടെയും അവകാശമാണെന്ന ധാരണ ഓരോ വ്യക്തിയിലും രൂപപ്പെടണം. മനുഷ്യന്‍റെ തന്നെ പ്രവൃത്തികളാണ് ശുദ്ധജലം ഇല്ലാതാക്കുന്നതെന്ന് നാം മനസ്സിലാക്കണം. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന വ്യാവസായിക ശക്തികള്‍ക്കെതിരെ ഒന്നിക്കാനുള്ള മനോഭാവവും ഓരോരുത്തരിലും വളരണം. വെള്ളം പാഴാക്കുകയും മലിനമാക്കുകയും ചെയ്യുന്നതിനെതിരെ കഴിയുന്നത്ര സാമൂഹിക-ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.

 

 

മുസ്തഫ സഖാഫി കാടാമ്പുഴ

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക...

You must be logged in to post a comment Login