കാലവര്‍ഷം കൂടെക്കൂടെ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. കേരളം കൊടുംവരള്‍ച്ചയിലേക്ക് ആപതിക്കുകയാണെന്ന നിരീക്ഷകരുടെ പ്രവചനം അസ്ഥാനത്താകാനിടയില്ല. മാര്‍ച്ച് മാസത്തില്‍ തന്നെ ചൂടു കനത്തു. അനേകം പേര്‍ക്ക് സൂര്യതാപമേറ്റു. കിണറുകളിലും മറ്റും ക്രമാതീതമായി വെള്ളം താഴ്ന്നുതുടങ്ങി.

പതിവുപോലെ അന്താരാഷ്ട്ര ജലദിനം മാര്‍ച്ച് 22-ന് നമ്മളാചരിച്ചു. കേവല ആചരണത്തിനപ്പുറം ജലദിനം കാര്യമായ ചലനങ്ങളുണ്ടാക്കിയില്ലെന്നാണു സത്യം. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലും ജലസംരക്ഷണ കാര്യത്തിലും കാണിക്കുന്ന കുറ്റകരമായ അനാസ്ഥ നമുക്ക് തന്നെ ഭീഷണിയായി മാറുമെന്നുറപ്പാണ്.

മഴയുടെ തോത് വര്‍ഷാവര്‍ഷം കുറഞ്ഞുവരുന്നതും അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ധിക്കുന്നതും ജലസ്രോതസ്സുകള്‍ ഇല്ലാതാവുന്നതുമെല്ലാം ഇതിനെ സാധൂകരിക്കുന്നു. ഉള്ള ജലസ്രോതസ്സുകള്‍ നല്ലൊരു ഭാഗവും മലിനമായിക്കിടക്കുകയാണ്. എന്തിനും കുറുക്കുവഴി തേടുന്ന ആധുനിക തലമുറ, അല്ലാഹു മനുഷ്യനും ഇതര ജീവജാലങ്ങള്‍ക്കും വേണ്ടി സുരക്ഷിതമായി സൂക്ഷിച്ചുവെക്കുന്ന ഭൂഗര്‍ഭ ജലം അമിതമായി ഊറ്റിക്കൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും വന്‍തോതിലാണ് ഭൂഗര്‍ഭജലം താഴ്ന്നുകൊണ്ടിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നീര്‍ത്തടങ്ങള്‍ മണ്ണിട്ടു നികത്തി മഴവെള്ളത്തിന് ഭൂമിയിലേക്കാഴ്ന്നിറങ്ങാനുള്ള സാഹചര്യം പോലും നിഷേധിക്കുന്നു നാം. മലകളും കുന്നുകളും അമിതമായി കുത്തിപ്പിളര്‍ത്തി, മരങ്ങളും കാടുകളും വെട്ടിനിരത്തി, പുഴകളും തോടുകളും ഇല്ലാതാക്കി. പകരം അന്തരീക്ഷ താപനില ഉയര്‍ത്തുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനും വഴിയൊരുക്കി കോണ്‍ക്രീറ്റ് കാടുകള്‍ പണിതുയര്‍ത്തുന്നു. എല്ലാം നമ്മുടെ ജീവിത താളക്രമത്തെ തകിടം മറിക്കുമ്പോഴും പൊങ്ങച്ചത്തിന്‍റെയും ദുരഭിമാനത്തിന്‍റെയും സാമ്രാജ്യമുണ്ടാക്കി സുഖജീവിതം നയിക്കാനായി മനക്കോട്ടകള്‍ പണിയുകയാണു നാം.

ഇതിനൊരറുതി വേണ്ടേ? വരും തലമുറയോടും ജീവിത സൗകര്യങ്ങളൊരുക്കിയ പ്രകൃതിയോടും നമുക്ക് കടപ്പാടുകളില്ലേ? ഈ ചൂടുള്ള ചോദ്യങ്ങള്‍ക്ക് ക്രിയാത്മകമായ ഉത്തരം നല്‍കാന്‍ സമൂഹ മനഃസാക്ഷിയെ പാകപ്പെടുത്തുകയാണ് എസ്വൈഎസ്. തീര്‍ച്ചയായും ഇത്തരം ശ്രമങ്ങള്‍ എക്കാലത്തും വിജയിച്ചിട്ടുണ്ട്.

ഈ ഇടപെടല്‍ അവസരോചിതവും ഉപകാരപ്രദവുമാണെന്ന അനുഭവപാഠമാണ് എസ്വൈഎസിനുള്ള കരുത്തും കൈമുതലും. കേരളത്തില്‍ അതിരൂക്ഷമായ വരള്‍ച്ചയും ജലക്ഷാമവും അനുഭവപ്പെട്ട 2013 മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ സംഘടന നടപ്പിലാക്കിയ ജല സംരക്ഷണ പദ്ധതിക്ക് വര്‍ധിച്ച തോതിലുള്ള ജനപിന്തുണയാണ് ലഭിച്ചത്. കേവല ബോധവത്കരണത്തില്‍ ഒതുങ്ങാതെ അനേകായിരം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങളെ പോലും മറികടക്കുന്ന തരത്തിലുള്ള പദ്ധതികള്‍ എസ്വൈഎസ് നടപ്പിലാക്കി. കിണര്‍ കുഴിച്ചുനല്‍കിയും ടാങ്കും പൈപ്പ്ലൈനും സംവിധാനിച്ച് വീടുകള്‍ക്ക് കുടിവെള്ളത്തിനുള്ള കണക്ഷന്‍ വരെ ഏര്‍പ്പെടുത്തിയും സംഘശക്തി മാതൃക തീര്‍ക്കുകയുണ്ടായി.

ഈ വര്‍ഷവും കൊടുംവരള്‍ച്ചയും ജലക്ഷാമവും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇത് ആശങ്കയുണര്‍ത്തുന്നതാണ്. അതിനാല്‍ വിപുലമായ ജനകീയാടിത്തറയും പിന്തുണയുമുള്ള ബഹുജന സംഘടന എന്ന നിലയില്‍ എസ്വൈഎസ് ക്രിയാത്മകമായ ജലസംരക്ഷണ ബോധവത്കരണ പദ്ധതി നടപ്പിലാക്കുകയാണ്.

‘ജലമാണ് ജീവന്‍’ എന്നാണ് പദ്ധതി പ്രമേയം. ജലം അമൂല്യമായ അനുഗ്രഹമാണെന്നും അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നുമുള്ള സത്യം ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം. എന്തുവില കൊടുത്തും വെള്ളം സംരക്ഷിക്കണമെന്നും അമിതമായി ഉപയോഗിക്കുകയോ ദുരുപയോഗം ചെയ്യുകയോ മലിനമാക്കുകയോ അരുതെന്നും എസ്വൈഎസ് പൊതുസമൂഹത്തെ ഉണര്‍ത്തുന്നു. ഇതിനായി പ്രാദേശികതലങ്ങളില്‍ പോസ്റ്റര്‍ പ്രദര്‍ശനം, ലഘുലേഖ വിതരണം, ചര്‍ച്ചകള്‍, യോഗങ്ങള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.

കൂടാതെ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യും. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും കുടിവെള്ള ടാപ്പുകളും സംഭരണികളും സ്ഥാപിച്ചു പദ്ധതി വിപുലപ്പെടുത്തും.

ഉപയോഗശൂന്യമായിക്കിടക്കുന്ന കിണറുകളും കുളങ്ങളും നീര്‍ത്തടങ്ങളും പുഴയോരങ്ങളും മാലിന്യമുക്തമാക്കി സംരക്ഷിക്കാന്‍ എസ്വൈഎസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും. സ്വഫ്വ, സാന്ത്വനം ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഈ ദൗത്യത്തില്‍ പങ്കാളികളാവുന്നതോടെ അറുപതാം വാര്‍ഷികത്തിനു ശേഷമുള്ള സമഗ്രവും ജനകീയവുമായ മുന്നേറ്റമായി ജലസംരക്ഷണ പദ്ധതി മാറും.

ആളിലും അര്‍ത്ഥത്തിലും ചരിത്ര സംഭവമായി മാറുകയും വര്‍ധിത ജനപങ്കാളിത്തം നേടുകയും ചെയ്ത എസ്വൈഎസ് 60-ാം വാര്‍ഷിക സമ്മേളനം പകര്‍ന്ന കര്‍മവീര്യം കൈമുതലാക്കി നടത്തുന്ന സമ്മര്‍ കാമ്പയിനിലെ മുഖ്യ ഇനമായാണ് ജല സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നത്.

മുഹമ്മദ് പറവൂര്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ