സ്രഷ്ടാവായ അല്ലാഹുവിനെ അറിയലും ആരാധിക്കലുമാണ് സൃഷ്ടിപ്പിന്‍റെ രഹസ്യം. പ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ചതും സംവിധാനിച്ചതുമെല്ലാം ഇതിനാണ്. ഇബാദത്തിലേക്കുള്ള കവാടമാണ് നോമ്പെന്ന് തിരുനബി(സ്വ) അരുളിയിട്ടുണ്ട്. എല്ലാ വസ്തുക്കള്‍ക്കും കവാടമുണ്ടെന്നും ഇബാദത്തിന്‍റെ കവാടം നോമ്പാണെന്നും തിരുഹദീസില്‍ കാണാം. മനുഷ്യകുലത്തിന്‍റെ ഏറ്റവും കഠിന ശത്രുക്കളായ പിശാചിനെയും ശരീരേച്ഛയെയും പ്രതിരോധിച്ച് കൊണ്ട് ഹൃദയത്തെ ശുദ്ധീകരിക്കുമ്പോള്‍ മാത്രമേ ജീവിതത്തിന്‍റെ അര്‍ത്ഥം കണ്ടെത്താന്‍ കഴിയൂ. വിശുദ്ധിയുടെ തിരുവസന്തമായ നോമ്പുമാസം അതിനുള്ള സമയമാണ്.

തഖ്വയാണ് നോമ്പിന്‍റെ ലക്ഷ്യം. എല്ലാ വിജയങ്ങളുടെയും അടിസ്ഥാനം തഖ്വയാണ്. മനുഷ്യജീവിതം സമ്പൂര്‍ണമായി അല്ലാഹുവിന് സമര്‍പ്പിക്കുമ്പോഴാണ് തഖ്വ പൂര്‍ണമാകുന്നത്. കല്‍പ്പനകള്‍ അനുസരിക്കുകയും തിന്മകള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നതാണ് തഖ്വയുടെ ആദ്യഘട്ടം. അനാവശ്യമായ വാക്ക്, നോട്ടം, ചലനം, പ്രവര്‍ത്തനം എന്നിവ സൂക്ഷിച്ച്, ചിന്തയെ നന്മയില്‍ മാത്രം കേന്ദ്രീകരിക്കലാണ് തഖ്വയുടെ രണ്ടാം ഘട്ടം. അല്ലാഹുവല്ലാത്ത മറ്റൊന്നും ഹൃദയത്തില്‍ വരാതെ സൂക്ഷിക്കുന്ന അതുല്യമായ ആത്മജ്ഞാനത്തിന്‍റെ ഘട്ടമാണ് അവസാനത്തേത്. വിശുദ്ധമായ നോമ്പിലൂടെ ഒരു വിശ്വാസിക്ക് തഖ്വയുടെ മൂന്ന് ഘട്ടങ്ങളും പ്രാപിക്കാനുള്ള വഴിയാണ് തുറന്നുകിട്ടുന്നത്.

മനുഷ്യകുലത്തിന്‍റെ കഠിന ശത്രുവാണെന്ന് വിശുദ്ധ ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയ പിശാചും നിങ്ങളുടെ ഉഗ്രശത്രുവാണെന്ന് തിരുനബി(സ്വ) ബോധ്യപ്പെടുത്തിത്തന്ന ദേഹേച്ഛയുമാണ് തഖ്വയുടെ എല്ലാ വഴികളില്‍ നിന്നും നമ്മെ പിറകോട്ട് വലിക്കുന്നത്. അപ്പോള്‍, ഈ രണ്ട് ഘോരശത്രുക്കളെയും മറികടന്ന്കൊണ്ട് ജീവിക്കുന്നതാണ് തഖ്വയെന്ന് ലളിതമായി മനസ്സിലാക്കാം.

നഫ്സിനെയും ശൈത്വാനെയും കീഴടക്കുന്നവരാണ് യഥാര്‍ത്ഥ ദൈവദാസന്മാര്‍. തഖ്വയുള്ളവര്‍ക്കാണ് വിജയമെന്നും നഫ്സിനും പിശാചിനും വഴിപ്പെടുന്നവര്‍ പരാജിതരാണെന്നും വിശുദ്ധ ഖുര്‍ആനും തിരുഹദീസുകളും നിരന്തരം ഓര്‍മപ്പെടുത്തുന്നത് ഇക്കാരണത്താലാണ്. ഈ രണ്ട് ശത്രുക്കളെ തോല്‍പ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് നോമ്പ്. അതുകൊണ്ട്കൂടിയാണ് നോമ്പിന്‍റെ ലക്ഷ്യം തഖ്വയാണെന്ന് പറയുന്നത്.

തഖ്വക്ക് രണ്ട് തലങ്ങളുണ്ട്. ഒന്ന്, അനുഷ്ഠാനം. രണ്ട്, ഉപേക്ഷ. പാപങ്ങളും അനാവശ്യങ്ങളും പരലോകത്ത് ഗുണകരമല്ലാത്ത ഫലശൂന്യ പ്രവൃത്തികളും അല്ലാഹുവല്ലാത്ത മുഴുവന്‍ വിചാരങ്ങളും ഉപേക്ഷിക്കുക എന്ന രണ്ടാമത്തെ തലമാണ് ഏറ്റവും മഹത്ത്വവും പ്രയാസകരവും. നോമ്പ് തഖ്വയുടെ ഈ രണ്ടാം ഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. അന്നപാനീയങ്ങളും ലൈംഗിക സംസര്‍ഗങ്ങളും ഉപേക്ഷിച്ച് പരലോകത്ത് ഫലപ്പെടാത്ത വാക്കും പ്രവൃത്തിയും നോട്ടവും ചിന്തയുമെല്ലാം വലിച്ചെറിഞ്ഞും അല്ലാഹുവല്ലാത്ത ആലോചനകളെല്ലാം ഹൃദയത്തില്‍ നിന്ന് പറിച്ചെറിഞ്ഞും നോമ്പിന്‍റെ വ്യത്യസ്ത തലങ്ങള്‍ തഖ്വയുടെ ഈ രണ്ടാം ഭാഗത്തെ ശക്തിപ്പെടുത്തുന്നു. അതുകൊണ്ട് തന്നെയാണ് മറ്റു കര്‍മങ്ങള്‍ക്കില്ലാത്ത മഹത്ത്വം നോമ്പിലൂടെ നമുക്ക് ലഭിക്കുന്നത്. നോമ്പ് എനിക്കുള്ളതാണെന്ന് അല്ലാഹു പ്രത്യേകം പുകഴ്ത്തിയതിന്‍റെ പൊരുളും ഇതാണ്. നന്മകള്‍ ചെയ്യുന്നതിനേക്കാള്‍ പുണ്യം തിന്മകള്‍ ഉപേക്ഷിക്കുന്നതിനാണെന്നത് കൊണ്ട് തന്നെ ഏറ്റവും പ്രയാസകരമായതും ഈ രണ്ടാം തലമാണ്.

നല്ല ക്ഷമാശീലര്‍ മാത്രമേ തഖ്വയുടെ രണ്ടാം തലത്തില്‍ വിജയിക്കാറുള്ളൂ. നോമ്പിലൂടെ ഏറ്റവും നല്ല ക്ഷമാശീലരായവര്‍ക്ക് പരിധികളില്ലാതെ പ്രതിഫലം നല്‍കുമെന്ന് അല്ലാഹു വാഗ്ദത്തം നല്‍കിയതും ഇക്കാരണം കൊണ്ടാണ്. ക്ഷമ ഈമാനിന്‍റെ പകുതിയാണെന്ന തിരുവചനം ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ നോമ്പിലൂടെ തഖ്വയുടെ പകുതിഭാഗമായ ഉപേക്ഷയുടെ തലത്തില്‍ വിജയിച്ചവര്‍ക്ക് വിജയത്തിന്‍റ പാതി ഉറപ്പായി എന്ന് മനസ്സിലാക്കാം. കര്‍മങ്ങളുടെ പകുതി ഭാഗം വളരെ വേഗത്തില്‍ നേടാന്‍ സാധിക്കുകയും ചെയ്യും. ഇബാദത്തുകളില്‍ അലസതക്ക് കാരണമായ ദേഹേച്ഛയും പിശാചും പരാജയപ്പെടുമ്പോള്‍ വിശ്വാസിക്ക് ആരാധനകളില്‍ മാധുര്യം ലഭിക്കും. അല്ലാഹുവിനെ ഭയന്ന് ഹറാമിലേക്ക് നോക്കാത്തവരുടെ ഖല്‍ബില്‍ ഈമാനിന്‍റെ മാധുര്യം ലഭിക്കുമെന്ന തിരുവാക്യത്തില്‍ ഇതിലേക്കുള്ള സൂചനയുണ്ട്.

തര്‍കുല്‍ കലാം, തര്‍കുല്‍ അനാം, തര്‍കു ത്വആം, തര്‍കുല്‍ മനാം എന്നീ നാല് ഘട്ടങ്ങള്‍ തഖ്വയുടെ അനിവാര്യ ഘടകങ്ങളാണ്. അനാവശ്യമായ സംസാരം, ഇടപെടല്‍, ഭക്ഷണം, ഉറക്കം എന്നിവ ഉപേക്ഷിക്കുന്നതോടെ തഖ്വയുടെ രണ്ടാം തലത്തിലേക്കെത്താന്‍ അല്ലാഹുവിന്‍റെ ഇഷ്ടദാസന്‍മാര്‍ക്ക് കഴിയുന്നു. ഒരാളുടെ ഇസ്ലാം പൂര്‍ണമനോഹരമാവുമ്പോള്‍ ഫലരഹിത കര്‍മങ്ങള്‍ അയാള്‍ ഉപേക്ഷിച്ചിരിക്കുമെന്ന് തിരുവചനങ്ങളിലുണ്ട്. നോമ്പിലൂടെ ഈ നാല് കാര്യങ്ങളും ശീലിക്കാന്‍ കഴിയും. അനാവശ്യ സംസാരങ്ങളുടെ അവസരങ്ങളില്‍ ഞാന്‍ നോമ്പുകാരാണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറണമെന്ന നിര്‍ദേശം തര്‍കുല്‍ കലാമിന്‍റെയും തര്‍കുല്‍ അനാമിന്‍റെയും പരിശീലനമാണ്.

അമിതഭോജനമെന്ന മാരകമായ ആപത്താണ് ആത്മീയ വഴിയില്‍ നാം നേരിടുന്ന ഏറ്റവും അപകടകരമായ മറ്റൊരു തടസ്സം. നോമ്പിലൂടെ ഫലപ്രദമായ രൂപത്തില്‍ തര്‍കുത്വആമെന്ന തഖ്വയുടെ ഘട്ടം വിശ്വാസിക്ക് മറികടക്കാന്‍ കഴിയുന്നു. പിശാചിനെ തുരത്താനുള്ള ഉത്തമ മാര്‍ഗമായി നബി(സ്വ) കാണിച്ചുതന്ന വഴിയാണ് തര്‍കുത്വആം. ശരീരത്തില്‍ രക്തസഞ്ചാരമുള്ള ഇടങ്ങളിലെല്ലാം പിശാച് എത്തുമെന്നും അതിനെ തടയാനുള്ള വഴി ഭക്ഷണമുപേക്ഷിച്ച് കൊണ്ട് പിശാചിന്‍റെ സഞ്ചാരപാത തടയലാണെന്നും ഹദീസില്‍ കാണാം. എന്നാല്‍ മറ്റു മാസങ്ങളേക്കാള്‍ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുകയും വിവിധ തരം പലഹാരങ്ങള്‍ കൊണ്ട്, ശത്രുവായ ദേഹേച്ഛക്ക് ഊര്‍ജം പകരുകയും ചെയ്യുന്ന പ്രവണത നോമ്പിന്‍റെ ചൈതന്യം നശിപ്പിക്കും. നോമ്പിലൂടെ ലഭിക്കേണ്ട ആത്മീയ ഉണര്‍വുകളൊന്നും ലഭിക്കില്ല, തീര്‍ച്ച. പുതിയ കാലത്ത് വികസിച്ച് വന്ന നോമ്പുസല്‍ക്കാരങ്ങള്‍ നോമ്പിലൂടെ ലഭിക്കേണ്ട തഖ്വയെ തടയുകതന്നെ ചെയ്യും. വയറ് നിറയെ ഭക്ഷണം കഴിക്കുന്നവരുടെ ശരീരവും ആത്മാവുമെല്ലാം കടുത്ത് നശിക്കുമെന്ന് ഹദീസുകളുദ്ധരിച്ച് സൂഫിപണ്ഡിതര്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. തീറ്റക്കൊതിയന്മാര്‍ക്ക് ഇബാദത്തിന്‍റെ മാധുര്യം ലഭിക്കില്ലെന്നതുറപ്പാണ്.

ഏറ്റവും ദൈര്‍ഘ്യമേറിയ സുന്നത്ത് നിസ്കാരങ്ങളില്‍പെട്ട തറാവീഹിലൂടെ വിശ്വാസികള്‍ തര്‍കുല്‍ മനാം (നിദ്ര ഉപേക്ഷിക്കല്‍) പരിശീലിക്കുന്നു. ശരീരേച്ഛകളില്‍ ശക്തമായ, ആത്മീയപാതയിലെ കടുത്ത എതിരാളിയാണ് അമിത ഉറക്കമെന്ന് മഹാന്മാര്‍ ഉണര്‍ത്തിയിട്ടുണ്ട്. ഉള്ളും പുറവും ദുഷിക്കാനുള്ള കാരണങ്ങളില്‍ ഗൗരവമേറിയതാണ് അമിതനിദ്ര. വിശുദ്ധ റമളാന്‍ ഈ രോഗത്തെ ചികിത്സിക്കാനുള്ള സുവര്‍ണാവസരമാണ്.

മനുഷ്യശരീരം ഇഷ്ടപ്പെടുന്ന എല്ലാം ആത്മീയവഴിയിലെ തടസ്സങ്ങളായേക്കുമെന്ന് നാം തിരിച്ചറിയണം. ഭക്ഷണവും സംസാരവും സമ്പത്തും നേതൃത്വവും ഭോഗവും ഉറക്കവുമെല്ലാം നഫ്സിന്‍റെ ആര്‍ത്തികളാണ്. അമിതമാകുംതോറും അപകടം കൂടിക്കൂടി വരും. ഇവയില്‍ അനുവദനീയമായവയിലെല്ലാം നിയന്ത്രണമോ പ്രതിരോധമോ അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെന്നത് വിസ്മയം തന്നെ. നോമ്പും മൗനവും ദാനവും വിനയവും തഹജ്ജുദുമെല്ലാം ഈ ദേഹേച്ഛകളെ നിയന്ത്രിക്കാനുള്ള ഓര്‍മപ്പെടുത്തലാണ്. നികാഹിന്‍റെ ലക്ഷ്യം തന്നെ വികാരത്തിന് വഴിപ്പെടലല്ല. മനുഷ്യകുലത്തിന്‍റെ നിലനില്‍പ്പിന് അനിവാര്യമായ പ്രത്യുല്‍പാദന മാര്‍ഗമെന്ന നിലക്കും സ്വര്‍ഗത്തിലെ ആനന്ദങ്ങളുടെ സൂചകമെന്ന നിലക്കും നിയന്ത്രണങ്ങളില്ലാത്ത രത്യുത്സവങ്ങള്‍ക്കൊരു പ്രതിരോധമെന്ന നിലക്കുമാണ് വൈവാഹികജീവിതത്തെ മതം നിയമമാക്കിയത്. ദാമ്പത്യജീവിതം നയിക്കാത്തവര്‍ നോമ്പനുഷ്ഠിക്കട്ടെയെന്ന തിരുവചനത്തിന്‍റെ പ്രസക്തി ഇവിടെ നമുക്ക് ബോധ്യപ്പെടുന്നു.

നിദ്രയെന്ന ആനന്ദനിമിഷങ്ങളില്‍ മുഴുകി ദേഹേച്ഛക്ക് അടിമപ്പെടാതിരിക്കാന്‍ തഹജ്ജുദ് നിയമമാക്കി അല്ലാഹു നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കാനുള്ള വഴികള്‍ പറഞ്ഞുതരുന്നു. മുഴുവന്‍ സൂഫിഗുരുശ്രേഷ്ഠരും തങ്ങളുടെ ശിഷ്യര്‍ക്ക് നല്‍കിയ ആത്മീയ പരിശീലനമുറകളുടെ (രിയാളകള്‍) കാതല്‍ നോമ്പില്‍ കണ്ടെടുക്കാന്‍ കഴിയും. തഖ്വയുടെ ഉള്ളറിഞ്ഞ് ജീവിച്ച് പഠിക്കലാണല്ലോ സൂഫിസം. വിശുദ്ധമായ നോമ്പിലൂടെ ആത്മീയ ലോകത്തിലെ ആനന്ദലോകങ്ങള്‍ തൊട്ടറിയാന്‍ വിശ്വാസിക്ക് കഴിയും. ഇസ്ലാമിക തസ്വവ്വുഫിനെതിരെ വിമര്‍ശനം ചൊരിയുന്ന, സംസാരം, ഉറക്കം, ഭക്ഷണം എന്നിവ നിയന്ത്രിച്ച് ഹൃദയം ശുദ്ധീകരിക്കുന്ന സൂഫീവഴികളെ പരിഹസിക്കുന്ന മതയുക്തിവാദികള്‍ക്കുള്ള ഉത്തരം നോമ്പിലുണ്ട്. നിസ്കാരത്തിന്‍റെയും ഹജ്ജിന്‍റെയും നോമ്പിന്‍റെയും കര്‍മങ്ങളോരോന്നും ആഴത്തില്‍ ചിന്തിക്കുമ്പോള്‍ തിരുത്തല്‍വാദികള്‍ക്ക് ഈ ഇബാദത്തുകളെ പൂര്‍ണാര്‍ത്ഥത്തില്‍ നിര്‍വഹിക്കാന്‍ കഴിയില്ലെന്നതുറപ്പാണ്.

വാക്കും നോട്ടവും നിയന്ത്രിക്കുന്ന മാസമാണല്ലോ നോമ്പുമാസം. തഖ്വയുടെ കാതലായ തലവും ഇതാണ്. വാക്കും പ്രവൃത്തിയും സൂക്ഷിച്ചുപയോഗിക്കുന്നവനാണ് യഥാര്‍ത്ഥ വലിയ്യെന്നും നോട്ടവും ആട്ടവും ക്ലിപ്തപ്പെടുത്താത്തവന്‍റെ അന്ത്യം തന്നെ അപകടത്തിലായിരിക്കുമെന്നും ആത്മജ്ഞാനികള്‍ മുന്നറിയിപ്പ് തന്നിട്ടുണ്ട്.

സൂഫിഗുരുശ്രേഷ്ഠരായ ഇബ്റാഹീമുബ്നു അദ്ഹം(റ) പറയുന്നു: ലൂബ്നാന്‍ പര്‍വതത്തില്‍ ഏകാന്ത ധ്യാനത്തിലിരിക്കുന്ന നിരവധി സൂഫീപണ്ഡിതരുമായി ഞാന്‍ സഹവഹസിച്ചിട്ടുണ്ട്. അപ്പോഴെല്ലാം അവരൊക്കെ നല്‍കിയത് നാല് ഉപദേശങ്ങളാണ്. ഒന്ന്, അമിതഭോജനക്കാര്‍ക്ക് ഇബാദത്തിന്‍റെ മാധുര്യം ലഭിക്കില്ല. രണ്ട്, ധാരാളം ഉറങ്ങുന്നവരുടെ ജീവിതത്തില്‍ ബറകത്ത് നഷ്ടപ്പെടും. മൂന്ന്, ജനങ്ങളുടെ തൃപ്തി നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് അല്ലാഹുവിന്‍റെ പൊരുത്തം നഷ്ടപ്പെടും. നാല്, ഫലരഹിത സംസാരങ്ങള്‍കൊണ്ടും പരദൂഷണംകൊണ്ടും സുഖിക്കുന്നവരുടെ അന്ത്യം ദുഷിച്ചതായിരിക്കും. ഈ നാല് ഉപദേശവും പൂര്‍ണമായി പരിശീലിക്കാനുള്ള ആധ്യാത്മിക വഴിയാണ് നോമ്പ്. ഇതിലൂടെ തഖ്വയുടെ ഉന്നതങ്ങളിലേക്ക് ഉയരാന്‍ വിശ്വാസി കരുത്താര്‍ജിക്കുന്നു. ഭക്ഷണവും ഉറക്കവും നിയന്ത്രിക്കല്‍ വിശ്വാസിയുടെയും അമിത ഭോജനവും ഉറക്കവും കപടവിശ്വാസിയുടെയും പ്രകടമായ സ്വഭാവങ്ങളാണെന്ന് പൂര്‍വികര്‍ പറഞ്ഞത് കാണാം. അതിനാല്‍ നോമ്പിലൂടെ കപടവിശ്വാസത്തില്‍ നിന്നുള്ള മോചനവും യഥാര്‍ത്ഥ ഈമാനിലേക്കുള്ള വെളിച്ചവും നേടാന്‍ സാധിക്കുന്നു.

എല്ലാ അവയവങ്ങള്‍ക്കും നോമ്പുണ്ട്. അവ പാലിക്കുമ്പോള്‍ മാത്രമേ നോമ്പിന്‍റെ ലക്ഷ്യമായ തഖ്വയുടെ ഉന്നത തലത്തിലെത്താന്‍ സാധിക്കുകയുള്ളൂ. നോമ്പിന്‍റെ സമ്പൂര്‍ണതക്ക് ആറ് കാര്യങ്ങള്‍ അനിവാര്യമാണെന്ന് ഇമാം ഗസ്സാലി(റ) പറയുന്നു. ഒന്ന്, ആക്ഷേപാര്‍ഹവും വെറുക്കപ്പെട്ടതുമായ കാഴ്ചകളെതൊട്ട് കണ്ണിനെ സൂക്ഷിക്കുക. അല്ലാഹുവിനെ കുറിച്ചുള്ള ചിന്തകളെ നഷ്ടപ്പെടുത്തിക്കളയുന്ന കാര്യങ്ങളിലേക്ക് നോക്കാതിരിക്കുക. രണ്ട്, ഏഷണി, പരദൂഷണം, തര്‍ക്കം തുടങ്ങി പരലോകത്ത് ഉപകാരപ്രദമല്ലാത്ത വാക്കുകളെ സൂക്ഷിക്കല്‍. മൂന്ന്, വെറുക്കപ്പെട്ടതും നിഷിദ്ധവുമായ കാര്യങ്ങളെ തൊട്ട് കാതിനെ സൂക്ഷിക്കുക. നാല്, കൈകാലുകളെയും മറ്റവയവങ്ങളെയും വിലക്കപ്പെട്ട കാര്യങ്ങളില്‍ നിന്ന് സംരക്ഷിക്കുക. അഞ്ച്, നോമ്പ് തുറക്കുമ്പോഴും അത്താഴ സമയത്തും ഭക്ഷണം ചുരുക്കുക. ആറ്, നിര്‍വഹിക്കപ്പെട്ട നോമ്പ് അല്ലാഹുവിങ്കല്‍ സ്വീകാര്യമാണോയെന്ന ആധി ഖല്‍ബില്‍ നിലനില്‍ക്കുക. ഗീബത്തും നമീമത്തും നോമ്പിനെ മുറിക്കുമെന്ന തിരുവചനത്തിന്‍റെ പൊരുള്‍ ഇക്കാര്യങ്ങളാണ്. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചെങ്കിലും അന്യനെ വേദനിപ്പിച്ചാല്‍ അവന്‍റെ നോമ്പിന്‍റെ കാമ്പ് നഷ്ടപ്പെടുമെന്നും പ്രതിഫലം ലഭിക്കില്ലെന്നും മനസ്സിലാക്കണം. ചുരുക്കത്തില്‍, നോമ്പ് മുഴുവന്‍ ശരീരാവയവങ്ങളുടെയും ഹൃദയത്തിന്‍റെയും ഇബാദത്താണ്. കര്‍മങ്ങളും ചിന്തകളും അല്ലാഹുവില്‍ വിലയം പ്രാപിക്കുകയും ദുഷിച്ച വിചാരങ്ങളില്‍ നിന്നും അനാവശ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുകയും ചെയ്യുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ തഖ്വയിലൂടെ നോമ്പിന്‍റെ മധുരം ലഭിക്കൂ.

You May Also Like
lets welcome ramalan-malayalam

റമളാന്‍ വരുന്നു നമുക്ക് സ്വീകരിക്കാന്‍ പഠിക്കാം

ഹിജ്‌റ വര്‍ഷം 1439-ലെ റമളാനിന്റെ മുന്നൊരുക്കപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് മുസ്‌ലിം ലോകം. സമഗ്രമായ ആസൂത്രണങ്ങളോടെ പുണ്യറമളാനിനെ സ്വീകരിക്കാന്‍…

● ശുക്കൂര്‍ സഖാഫി വെണ്ണക്കോട്

റമളാന്‍: പുണ്യങ്ങള്‍ പുണ്യവചനങ്ങള്‍

ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസമാണു റമളാന്‍. വിശുദ്ധ ഖുര്‍ആനില്‍ ശഹ്റു റമളാന്‍ എന്നുതന്നെ ഇതിനെ വിളിച്ചുകാണാം.…

നോമ്പിന്റെ രീതിശാസ്ത്രം

റമളാനിലെ അതിശ്രേഷ്ഠമായ നിർബന്ധ ആരാധനയാണ് നോമ്പ്. അല്ലാഹു ഖുദ്‌സിയ്യായ ഹദീസിലൂടെ ഉണർത്തി: ‘നോമ്പ് എനിക്കുള്ളതാണ്. ഞാനാണതിന്…

● അബൂബക്കർ അഹ്‌സനി പറപ്പൂർ