Indian Islamic History - Malayalam

കിഴക്കനിന്ത്യയിൽ ഗോമതി നദീതീരത്താണ്  ജോൻപൂർ. 1388-ൽ സുൽതാൻ ഫിറോസ് ഷാ തുഗ്ലക്ക് തന്റെ മുൻഗാമിയും മച്ചുനനുമായ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ പേരിൽ നിർമിച്ചതാണ് ഈ പട്ടണം. മുഹമ്മദിന്റെ പേര് ജൗനാ എന്നായിരുന്നു. ഫിറോസിന്റെ ഇഷ്ടക്കാരനായ മാലിക് സർവാർ ആയിരുന്നു ഇവിടത്തെ ആദ്യത്തെ ഗവർണർ. രാജ്യം ശിഥിലമായ തക്കത്തിൽ മാലിക് സർവാർ എന്ന ഖാജാ ജഹാൻ, ജോൻപൂരിൽ 1393-ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സുൽതാനായി. ജോൻപൂർ വികസിക്കുകയും ബംഗാൾ, ഒറീസ, ബീഹാർ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. ഡൽഹിയെപോലെ തന്നെ തികവൊത്ത ഒരു ഭരണ കൂടമായി ജോൻപൂർ സൽതനത്. ഡൽഹിയിൽ തീമൂർ താണ്ഡവമാടിയപ്പോൾ ജോൻപൂർ ഡൽഹിയെ സഹായിച്ചില്ല. അത്‌കൊണ്ടാവണം തീമൂർ ജോൻപൂരിനെ ആക്രമിക്കാതിരുന്നത്.  ആറ് വർഷം ഭരിച്ച് 1399-ലാണ് സുൽതാൻ മരിക്കുന്നത്. ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ രീതിയിൽ ജോൻപൂരിനെ അദ്ദേഹം മാറ്റിയെടുത്തു. അതോടെ മാലിക് സർവാർ  കിഴക്കിന്റെ പ്രഭു (മാലികു ശർഖ്) എന്നറിയപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ രാജ വംശത്തിന് ശർഖി രാജവംശം എന്ന പേരും വന്നു. മാലിക് സർവാർ നപുംസകമായതിനാൽ മക്കളുണ്ടായിരുന്നില്ല.  അതിനാൽ ഒരു കുട്ടിയെ ദത്തെടുത്ത് വളർത്തി. അയാൾ മുബാറക് ഷാ (1399-1402) എന്ന പേരിൽ പിന്നീട് സുൽതാനായി. അപ്പോഴേക്ക് ഡൽഹിയിൽ നിന്ന് തുഗ്ലക്ക് സുൽതാന്റെ സേനാപതി മല്ലുഖാൻ ആക്രമിച്ചെങ്കിലും മുബാറക് പരാജയപ്പെടുത്തി. താമസിയാതെ തുഗ്ലക്ക് സുൽതാനും മല്ലുഖാനും തമ്മിൽ കലഹത്തിലായി. ഈ തക്കം നോക്കി ജോൻപൂരിന്റെ ഭരണം മുബാറക് ഷാ സ്ഥിരപ്പെടുത്തി. തന്റെ പിൻഗാമി ഇബ്‌റാഹിം ഷായുടെ കാലത്ത് പലതവണ ഡൽഹി സുൽതാൻമാർ ജോൻപൂർ ആക്രമിച്ചു. ഇബ്‌റാഹിം ഖാൻ ശക്തമായ സൈന്യം സജ്ജമാക്കിയതിനാൽ ഡൽഹി സൈന്യത്തിന് തോൽവി സമ്മതിക്കേണ്ടിവന്നു.

കൽപി എന്ന പ്രദേശത്തെച്ചൊല്ലി മാൾവ സുൽതാനുമായും  ജോൻപൂരിന് യുദ്ധം ചെയ്യേണ്ടിവന്നു. അപ്പോഴാണ് ബംഗാളിൽ നിന്ന് സൂഫി ഖുതുബേ ആലം വിളിച്ചത്. അവിടെ ഗണേഷന്റെ മർദക ഭരണം അവസാനിപ്പിക്കാനായിരുന്നു ക്ഷണം. അതും പൂർത്തിയാക്കി. നിരന്തരമായ യുദ്ധങ്ങൾക്കിടയിലും തന്റെ രാജ്യം മനോഹരമാക്കാൻ ഇബ്‌റാഹിം ഖാൻ മറന്നില്ല. ജോൻപൂരിൽ സാഹിത്യകാരൻമാരും പണ്ഡിതൻമാരും സമൃദ്ധമായി. കിഴക്കിന്റെ ഷിറാസ് എന്ന പേരും കിട്ടി. അഠാല മസ്ജിദ് ജോൻപൂരിനെ അലങ്കരിച്ചു. ശരീഅത്ത് ഭരണം നടപ്പാക്കുകയും എല്ലാ മതവിഭാഗങ്ങൾക്കും സംരക്ഷണം നൽകുകയും ചെയ്തു. ഒട്ടേറെ സാഹിത്യ കൃതികൾ  പ്രസിദ്ധീകരിക്കപ്പെട്ടു. ഡൽഹിയോട് കിടപിടിക്കുംവിധം മനോഹരമായി മാറി ജോൻപൂർ. മുപ്പത് വർഷത്തെ ഇബ്‌റാഹിം ഷായുടെ ഭരണം ഏവരാലും പ്രശംസിക്കപ്പെട്ടു. 1440-ൽ ഭരണത്തിലേറിയ ഇബ്‌റാഹിമിന്റെ മകൻ മഹ്മൂദ് ഷാ ശർഖിയും പിതാവിന്റെ പാത പിന്തുടർന്നു. ഡൽഹിയുമായി  ഒരു കൈ നോക്കിയെങ്കിലും ആദ്യം പരാജയപ്പെട്ടു. ജോൻപൂരിന് ലാൽ ദർവാസ എന്ന പേരിൽ ഒരു കൂറ്റൻ കമാനം പണിതു. പള്ളികൾ വേറെയും. 1457-ൽ ഡൽഹിയെ പരാജയപ്പെടുത്തിയത് മഹ്മൂദിന്റെ ഖ്യാതി വർധിപ്പിച്ചു. എങ്കിലും ആയിടക്ക് തന്നെ അദ്ദേഹം മരണപ്പെട്ടതിനാൽ കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കാനായില്ല.

1457-ൽ ഭരണത്തിലേറിയ മകൻ  മുഹമ്മദ് ഷാ പിതാവിനെ പോലെ സമർഥനായിരുന്നില്ല. അൽപം ദേഷ്യക്കാരനായത്‌കൊണ്ട് ആരും ഇഷ്ടപ്പെട്ടില്ല. ഒരു വർഷത്തിനകം തന്നെ വധിക്കപ്പെട്ടു. പിൻഗാമിയായ സഹോദരൻ ഹുസൈൻ ഷാ ഭാര്യ ജലീലയുടെ സ്വാധീനത്തിലായിരുന്നു. അവരാകട്ടെ ഡൽഹി ഭരിച്ച സയ്യിദ് വംശത്തിലെ അംഗം കൂടിയാണ്. ഡൽഹി പിടിച്ചടക്കി  തന്റെ പിതാവിനെ തള്ളിയ ബഹ്‌ലുൽ ലോധിയോട് പ്രതികാരം ചെയ്യണമെന്ന് അവരാഗ്രഹിച്ചു. അതിനായി ഡൽഹി ആക്രമിക്കാൻ ഭർത്താവിനെ ചട്ടംകെട്ടി. ശക്തമായ ആക്രമണത്തെ പ്രതിരോധിക്കാനാവാതെ ഡൽഹി സുൽതാൻ ഒത്തു തീർപ്പിനൊരുങ്ങി. പക്ഷേ ജലീലയുടെ സമ്മർദത്തിന് വഴങ്ങി മുഹമ്മദ് ഷാ ഒത്തുതീർപ്പിന് സമ്മതിച്ചില്ല. അമിതമായ ശുഭാപ്തി വിശ്വാസം മൂലം കാര്യമായ ഒരുക്കങ്ങളൊന്നുമില്ലാതെ യുദ്ധം തുടർന്നു. ഒടുവിൽ ജയിക്കാനാവാതെ തിരിച്ചുപോരേണ്ടിവന്നു. വീണ്ടും ഡൽഹി ആക്രമിക്കാൻ ഹുസൈൻ ഷാ കോപ്പു കൂട്ടി. പരാജയപ്പെടുമെന്ന് കരുതി ഡൽഹി സുൽതാൻ സന്ധിക്കപേക്ഷിച്ചു. ഡൽഹിയും പരിസരവും മാത്രം വിട്ടുതന്നാൽ ജോൻപൂരിന്റെ ആശ്രിതനായി കഴിയാമെന്ന് ഡൽഹി സുൽതാൻ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. എണ്ണത്തിൽ വലിയ ജോൻപൂർ സൈന്യത്തെ സർവ ശക്തിയും ഉപയോഗിച്ച് ഡൽഹി നേരിട്ടു. അതോടെ ജോൻപൂരിന് പിന്തിരിയേണ്ടി വന്നു. 1477-ൽ ഡൽഹി സുൽതാൻ ജോൻപൂരിനെ ആക്രമിച്ചു. തോൽക്കുമെന്നായപ്പോൾ സുൽതാൻ ഹുസൈൻ ഷാ ബംഗാളിലേക്ക് രക്ഷപ്പെട്ടു. 1393-ൽ തുടങ്ങിയ ശർഖി ഭരണം 1477-ൽ അവസാനിച്ചു. ജോൻപൂർ ഡൽഹി സൽതനതിന്റെ ഭാഗമായി.

സയ്യിദ് മുഹമ്മദ് മഹ്ദി

ലോകാവസാന കാലത്ത് ഇമാം മഹ്ദി എന്ന ഭരണാധികാരി വന്ന് ലോകം ഭരിക്കുമെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. പല കാലത്തും മഹ്ദിയെന്ന് പറഞ്ഞ് പലരും വന്നിരുന്നു.  ഇവരിൽ മിക്കപേർക്കും ഭരണാധികാര മോഹത്തിനപ്പുറം മതപരമായ ചുറ്റുപാടൊന്നുമുണ്ടായിരുന്നില്ല. ജോൻപൂരിൽ സയ്യിദ് മുഹമ്മദ് എന്നൊരാൾ മഹ്ദി എന്നവകാശപ്പെട്ടു. 1443-ൽ ജോൻപൂരിൽ ജനിച്ച ഇദ്ദേഹം  അസാധാരണ ബുദ്ധിമാനായിരുന്നു. നല്ല പാണ്ഡിത്യവും. പണ്ഡിതൻമാരുടെ സംവാദങ്ങളിൽ സയ്യിദ് മുഹമ്മദ് മികവ് കാണിച്ചു. അങ്ങനെ അസദുൽ ഉലമാ (പണ്ഡിതൻമാരുടെ സിംഹം) എന്ന വിളിപ്പേരും കിട്ടി. അടിസ്ഥാനപരമായി ഒരു സൂഫിയാണ് മുഹമ്മദ്. ധ്യാനനിരതനാവുമ്പോൾ അദ്ദേഹത്തിൽ മാനസിക വിഭ്രാന്തി (ജദ്ബ്) പ്രത്യക്ഷപ്പെടും. എന്നാൽ സൂഫികളുടെ സമാധാന ചിന്തയൊന്നും മുഹമ്മദിൽ കണ്ടിരുന്നില്ല. ഒരു സൈനികനെപ്പോലെയാണദ്ദേഹം പ്രവർത്തിച്ചത്. ശക്തിപൂർവം ഇസ്‌ലാമിക ഭരണം നിർബന്ധമാക്കണമെന്ന് വാദിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന് നിരവധി ശിഷ്യൻമാരെ കിട്ടി. ഒരു ദിവസം താൻ മഹ്ദിയാണെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിച്ചു കളഞ്ഞു. മധ്യ ഇന്ത്യയിലും ദക്കാനിലും സഞ്ചരിച്ച് തന്റെ പ്രസ്ഥാനം പ്രചരിപ്പിച്ചു. അങ്ങനെ ഗുജറാത്തിലെത്തി. അവിടെയുള്ള മുസ്‌ലിം പണ്ഡിതൻമാർ അദ്ദേഹത്തിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്തു. പ്രശ്‌നം ഗുജറാത്ത് സുൽതാന്റെ മുമ്പിൽ വന്നു. മഹ്ദിയാണെന്നുള്ള തന്റെ പ്രഖ്യാപനം ദൈവഹിതമനുസരിച്ചാണെന്നും അത് തെറ്റാണെന്ന് തെളിയിച്ചാൽ താൻ കൊലക്കയറിൽ മരിക്കാൻ തയ്യാറാണെന്നും മഹ്ദി സുൽതാനെ അറിയിച്ചു. സുൽതാന് കാര്യം തെളിയിക്കാനൊന്നും കഴിഞ്ഞില്ല. മഹ്ദിയുടെ ബുദ്ധി ശക്തിയെപറ്റി കേട്ടറിഞ്ഞ മതപണ്ഡിതൻമാർ മഹ്ദിയുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് തയ്യാറായതുമില്ല. അവർ മഹ്ദി മതപരിത്യാഗി(മുർതദ്ദ്)യാണെന്ന് വിധിച്ചുകൊണ്ട് മക്കയിലെ പണ്ഡിതൻമാർ ഇറക്കിയ ഒരു ഫത്‌വ (മതവിധി) ഹാജരാക്കി. തനിക്ക് പറയാനുള്ളത് കേൾക്കാതെയാണ്  മതവിധി തയ്യാറാക്കിയതെന്നതിനാൽ അതിന് പ്രസക്തിയില്ല എന്ന് മഹ്ദി വാദിച്ചു. സുൽതാന് മറിച്ചൊന്നും പറയാനുണ്ടായില്ല. രാജ്യത്ത് പ്രശ്‌നമുണ്ടാവുമെന്നതിനാൽ രാജ്യം വിടാൻ സുൽതാൻ മഹ്ദിയോട് പറഞ്ഞു. അദ്ദേഹവും അനുയായികളും സിന്ധിലേക്ക് ചെന്നു (1500). നാല് വർഷം അവിടെ കഴിഞ്ഞ ശേഷം ഖുറാസാനി(പേർഷ്യ)ലേക്ക് പോയി. അറുപത്തിനാലാം വയസ്സിൽ മരിച്ചു.

മഹ്ദിയുടെ മരണ ശേഷം അനുയായികൾ മഹ്ദവി എന്നൊരു തീവ്ര പ്രസ്ഥാനം വളർത്തിയെടുത്തു. സംഘത്തിന്റെ തത്ത്വങ്ങൾ വിവരിക്കുന്ന അൽമിയാർ എന്നൊരു കൃതിയും രചിച്ചു. തങ്ങൾ ഒരു ഭരണാധികാരിയേയും അനുസരിക്കില്ലെന്നും ദൈവത്തെ മാത്രമേ അംഗീകരിക്കുകയുള്ളൂവെന്നും അവർ വാദിച്ചു. ഏതെങ്കിലും പ്രവൃത്തി ദൈവസ്മരണയിൽ നിന്നും പിന്തിരിപ്പിക്കുന്നുവെങ്കിൽ ആ കാര്യം ഉപേക്ഷിക്കേണ്ടതാണെന്നും പറഞ്ഞു. ഭരണാധികാരികളോ മുസ്‌ലിംകളോ ശരീഅത്തിന് വിരുദ്ധമായി എന്തെങ്കിലും പ്രവർത്തിച്ചുകണ്ടാൽ അവർക്കെതിരെ എന്ത് നടപടിയും സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. എന്തും നേരിടാൻ അവർ ആയുധങ്ങൾ കൂടെ കൊണ്ടുനടന്നു. ഡൽഹിയിലെ ഷേർഷ ചക്രവർത്തിയുടെ പിൻഗാമി ഇസ്‌ലാം ഷായുടെ കാലത്ത് മഹ്ദവി നേതാവ് ശൈഖ് അലായെ തൂക്കിലേറ്റി. മെല്ലെ മെല്ലെ ആ പ്രസ്ഥാനം ഇല്ലാതായി.

 

ഖാൻദേശ്

മാലിക് രാജ (1388-1399)

മാലിക് നാസിർ (1399-1437)

മീരാൻ ആദിൽ ഖാൻ(1437-1441)

മീരാൻ ആദിൽ ഖാൻ രണ്ടാമൻ (1441-1501)

ദാവൂദ് (1501- 1508)

ഗസ്‌നി ഖാൻ (1508)

ആദിൽ ഖാൻ മൂന്നാമൻ (1508-1520)

മുഹമ്മദ് ഒന്നാമൻ (1520)

 

മഹാരാഷ്ട്രയുടെ വടക്ക് പടിഞ്ഞാറാണ് ഈ പ്രദേശം. സുൽതാൻ മാലിക് രാജ 1388-ൽ ഇവിടെ സ്വതന്ത്ര ഭരണം സ്ഥാപിച്ചു. ബഹ്മനി സൽതനതിന്റെ ഭാഗമായിരുന്നു ഖാൻദേശ്. മാലിക് രാജ അവരെ ധിക്കരിച്ച്‌കൊണ്ട് ഖാൻദേശിന്റെ സുൽതാനായി. തപതി തീരത്തുള്ള തൽനർ തലസ്ഥാനമാക്കി. മാലിക് ഖലീഫാ ഉമറിന്റെ പിൻഗാമിയാണെന്നവകാശപ്പെട്ട് തന്റെ രാജവംശത്തിന് ഫാറൂഖി എന്ന് പേര് നൽകുകയുണ്ടായി. സുൽതാൻ എന്ന പദവിക്ക് പകരം ഖാൻ എന്ന സ്ഥാനമാണ് അദ്ദേഹം സ്വീകരിച്ചത്. ഖാന്റെ നാട് എന്നർത്ഥത്തിൽ രാജ്യത്തിന് ഖാൻദേശ് എന്നും വിളിച്ചു. തലസ്ഥാനം തൽനർ. പതിനൊന്ന് വർഷത്തിനകം അദ്ദേഹം രാജ്യത്തെ സമ്പുഷ്ടമാക്കി.  മരണം 1399-ൽ. ശേഷം മക്കൾ രണ്ട് പേർ ചേർന്ന് രാജ്യം പങ്കിട്ടു. മാലിക് നാസിർ കിഴക്കേ ഭാഗവും ഹസൻ പടിഞ്ഞാറേ പ്രദേശങ്ങളും. മാലിക് നാസിർ ബുർഹാനുദ്ദീൻ എന്ന പുണ്യവാളന്റെ പേരിൽ ബുർഹാൻപൂർ എന്ന പട്ടണമുണ്ടാക്കി അത് തലസ്ഥാനമാക്കി. ഹസൻ തൽനർ തന്നെ ആസ്ഥാനമാക്കി. 1517-ൽ മാലിക് നാസിറും ഹസനും തമ്മിൽ പിണങ്ങി. നാസിർ ഹസനെതിരെ യുദ്ധം ചെയ്തു. ഹസൻ ഗുജറാത്തിൽ അഭയം തേടി. ഗുജറാത്ത് സുൽതാൻ ഖാൻദേശ് ആക്രമിച്ചപ്പോൾ നാസിർ സന്ധിക്കപേക്ഷിച്ചു. ഇത് ഗുജറാത്തുമായി ശത്രുതയിലായിരുന്ന അയൽ രാജ്യത്തെ മാൾവ സുൽതാന് സഹിച്ചില്ല.  ബഹ്മനി സുൽതാനുമായും നാസിർ സഖ്യമുണ്ടാക്കി. തന്റെ മകളെ  ബഹ്മനി സുൽതാന്റെ മകന് വിവാഹം ചെയ്തുകൊടുത്തു. ഇത്‌കൊണ്ട് കാര്യമായ ഗുണമൊന്നും ഖാൻദേശിന് ലഭിച്ചില്ല. മരുമകൻ മകളെ വിട്ട് ഒരു ഹിന്ദു രാജകുമാരിയുമായി പ്രണയത്തിലായത് കൂടുൽ പ്രശ്‌നങ്ങൾക്ക് വഴിവച്ചു. മകൾ പിതാവ് നാസിറിനോട് പരാതി പറഞ്ഞു. കുപിതനായ നാസിർ 1435-ൽ ബഹ്മനി പ്രദേശങ്ങൾ ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതേ തുടർന്ന് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ശത്രുത വർധിച്ചു. മുപ്പത്തഞ്ച് വർഷത്തെ ഭരണത്തിന് ശേഷം (1437) മാലിക് നാസിർ മരണപ്പെട്ടു. ശേഷം വന്ന മീരാൻ ആദിൽ ഖാൻ നാല് വർഷം മാത്രമാണ് ഭരിച്ചത്. അദ്ദേഹം പ്രഭുക്കളെ രണ്ടായി കാണുകയും നാട്ടുകാരായ ദക്കാനി (മുൽകി) പ്രഭുക്കള പുറത്താക്കി വിദേശികളായ പ്രഭുക്കളെ (ആഫാഖി) കൂടെ നിറുത്തുകയും ചെയ്തു. കുപിതരായ ദക്കാനികൾ ആദിൽ ഖാനെ വധിച്ചു. പിന്നീട് അധികാരത്തിലേറിയ മകൻ മീരാൻ മുബാറക് പതിനാറ് വർഷം ഭരിച്ചെങ്കിലും കാര്യമായ സംഭവങ്ങളൊന്നുമുണ്ടായില്ല.  അദ്ദേഹത്തിന്റെ പുത്രൻ മീരാൻ ആദിൽഖാൻ രണ്ടാമൻ ശക്തനായിരുന്നു. അദ്ദേഹം രാജ്യം വിസ്തൃതമാക്കി. കൊള്ളക്കാരെ അമർച്ച ചെയ്ത് റോഡുകൾ സുരക്ഷിതമാക്കി. ഇക്കാലത്ത് ഖാൻദേശ് ഗുജറാത്തിന്റെ ആശ്രിത രാജ്യമായിരുന്നു. ഗുജറാത്തിന് കപ്പവും കൊടുത്തിരുന്നു. ആദിൽ ഖാൻ ഇത് നിറുത്തൽ ചെയ്ത് ഗുജറാത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഗുജറാത്ത് സംഘർഷത്തിനൊന്നും വന്നില്ല. ആദിൽ ഖാൻ വ്യാപാര രംഗത്ത് അഭിവൃദ്ധിയുണ്ടാക്കി. രാജ്യം സാമ്പത്തികമായി ഉയർന്നു. സൈന്യത്തെ ശക്തിപ്പെടുത്തി. ബുർഹാൻപൂരിൽ പുതിയൊരു കോട്ട കെട്ടി. പട്ടാള കേമ്പുകൾ നിർമിച്ചു. ആസിർ ഗഡ് കോട്ടയും ശക്തിപ്പെടുത്തി. നാൽപത്തി നാല് വർഷം അദ്ദേഹം ഭരിച്ചു. മരണം 1501-ൽ.

മീരാൻ ആദിൽഖാന് മക്കളുണ്ടായിരുന്നില്ല. അതിനാൽ സഹോദരൻ ഹസന്റെ പുത്രൻ ആലംഖാനെ നോമിനേറ്റ് ചെയ്തിരുന്നു. നാസിറിന്റെ പുത്രൻ ഹസൻ നേരത്തെ സഹോദരനെ ഭയന്ന് ഗുജറാത്തിലേക്ക് ഒളിച്ചോടിയതായിരുന്നു. അവിടെയാണ് മകൻ ആലംഖാൻ വളർന്നത്. ആദിൽഖാൻ മരിച്ചപ്പോൾ ആലംഖാനെ ഗുജറാത്തിൽ നിന്ന് ഖാൻ ദേശിലേക്ക് കടക്കാൻ സമ്മതിക്കാതെ മീരാൻ ആദിൽ ഖാന്റെ സഹോദരൻ ദാവൂദ് സുൽതാനായി. ഗുജറാത്ത് പ്രശ്‌നത്തിനൊന്നും പോയില്ല.

ദാവൂദ് അഹങ്കാരിയായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ തൊട്ടടുത്തുള്ള അഹ്മദ് നഗറിലെ നിസാം ഷാഹി സുൽതാൻമാരുടെ പ്രദേശം ആക്രമിച്ചു. അവർ തിരിച്ചടിച്ചു. ഉടനെ ദാവൂദ് മാൾവയുടെ സഹായം തേടി. മാൾവയുടെ സഹായം കണ്ട് നിസാം ഷാഹികൾ പിന്തിരിഞ്ഞുപോയി. പക്ഷേ ഖാൻദേശിന് മാൾവയുടെ  അധീശത്വം അംഗീകരിക്കേണ്ടിവന്നു. ഏഴ് വർഷത്തെ ഭരണത്തിന് ശേഷം ദാവൂദ് മരിച്ചപ്പോൾ മകൻ ഗസ്‌നിഖാൻ സുൽതാനായെങ്കിലും അദ്ദേഹത്തെ ആരോ വിഷം കൊടുത്ത് കൊന്നു. അദ്ദേഹത്തിന് മക്കളുണ്ടായിരുന്നില്ല. അതിനാൽ പിൻഗാമിയെ കുറിച്ച് പ്രശ്‌നങ്ങൾ ഉടലെടുത്തു. അയൽ രാജ്യങ്ങൾ അവസരം മുതലെടുത്തു. അഹ്മദ് നഗറിലെ അഹ്മദ് നിസാം ഷാ ഫാറൂഖി എന്ന ബന്ധു കുടുംബത്തിലെ  ആലംഖാൻ എന്നയാളെ സുൽതാനാക്കാൻ പ്രഭുക്കളെ നിർബന്ധിച്ചുകൊണ്ടിരുന്നു. എന്നാൽ ഗുജറാത്തിലെ അഹ്മദ് ബെഗഹ്‌ര (ബെഗാര) തന്റെ മകളുടെ പുത്രനായ മറ്റൊരു ആലംഖാനെ സുൽതാനാക്കാൻ ശ്രമിച്ചു. പ്രശ്‌നം രൂക്ഷമായപ്പോൾ ഗുജറാത്തിലെ ആലംഖാനെ തൽനീറിലും അഹ്മദ് നഗറിന്റെ നോമിനിയെ ബുർഹാൻപൂരിലും സിംഹാസനത്തിലേറ്റി. താമസിയാതെ ബുർഹാൻ പൂരിലെ ആലംഖാനെ പുറത്താക്കി തൽനീറിലെ ആലംഖാൻ, ആദിൽഖാൻ മൂന്നാമൻ എന്ന പേരിൽ ഖാൻദേശിന്റെ മുഴുവൻ സുൽതാനായി. ഗുജറാത്തുമായി നല്ല ബന്ധം സ്ഥാപിച്ചു. പന്ത്രണ്ട് വർഷം ആദിൽ മൂന്നാമൻ ഭരിച്ചു.

ആദിൽഖാൻ മൂന്നാമന്റെ  മരണത്തിന് ശേഷം മകൻ മുഹമ്മദ് സുൽതാനായി. മൈനറായതിനാൽ മാതാവാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. മാതാവ് ഗുജറാത്ത് സുൽതാൻ മുസഫറിന്റെ മകളായത് കൊണ്ട് ഗുജറാത്തിന്റെ പിന്തുണ കിട്ടുകയും ചെയ്തു. അഹ്മദ് നഗറിലെ സുൽതാൻ, ബെറാർ എന്ന പ്രദേശത്തിന്റെ ചില ഭാഗങ്ങൾ കീഴടക്കിയപ്പോൾ  ബെറാർ സുൽതാൻ ഖാൻദേശിന്റെ സഹായം തേടി. അവരുടെ സൈന്യത്തെ അഹ്മദ് നഗർ തോൽപിച്ചു. അപ്പോൾ ബെറാർ-ഖാൻദേശ് സഖ്യത്തെ സഹായിക്കാൻ ഗുജറാത്ത് സുൽതാനെത്തി. അവർ അഹ്മദ് നഗറിനെ തോൽപിച്ച് ബെറാറിനെ ഗുജറാത്തിന്റെ ആശ്രിത രാജ്യമാക്കി. ഈ ഘട്ടത്തിൽ മുഗൾ ചക്രവർത്തി ഹുമയൂൺ ഗുജറാത്ത് സ്വന്തമാക്കിയ ശേഷം ഖാൻദേശിലേക്ക് പട നയിച്ചു. സുൽതാൻ മുഹമ്മദ് ഒരെതിർപ്പും പ്രകടിപ്പിക്കാതെ തന്റെ ചെറിയ രാജ്യം വിട്ടുതരണമെന്നും മുഗളർക്ക് കപ്പം കൊടുത്തുകൊള്ളാമെന്നും ഹുമയൂണിനോട് അപേക്ഷിച്ചപ്പോൾ അദ്ദേഹം അതംഗീകരിച്ചു. മുഗൾ സൈന്യം നേരെ മാൾവ ലക്ഷ്യമാക്കി പോയി. ഹുമയൂൺ ഡൽഹിയിലേക്ക് തിരിച്ചപ്പോൾ ഗുജറാത്തിലെ ബഹാദൂർ സുൽതാൻ വീണ്ടും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ബഹാദൂറിന് ആൺ മക്കളുണ്ടായിരുന്നില്ല. അതിനാൽ ബന്ധുവായ മുഹമ്മദിനോട് പിൻഗാമിയാവാൻ ആവശ്യപ്പെട്ടു. അത്പ്രകാരം ഖാൻദേശിൽ നിന്ന് മുഹമ്മദ് ഗുജറാത്തിലേക്ക് യാത്ര പുറപ്പെട്ടു. വഴി മധ്യേ മരണപ്പെട്ടു. മുഹമ്മദ് പോയപ്പോൾ വന്ന ഖാൻദേശ് സുൽതാൻമാർ പൊതുവേ ദുർബലരായിരുന്നു. 1601 വരെ എങ്ങനെയൊക്കെയോ രാജ്യം നിലനിന്നു. പിന്നീട് ഖാൻദേശ് മുഗൾ സാമ്രാജ്യത്തിന്റെ അധീനത്തിലായി.

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

ഖുര്ആന്‍: അവതരണം, ക്രോഡീകരണം

ഒന്നാം ആകാശത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ ഒറ്റത്തവണയായി അവതരിപ്പിക്കപ്പെട്ടു. പിന്നീട് അല്ലാഹു അവയെ ഭാഗങ്ങളാക്കി ക്രമേണ നബി(സ്വ)ക്ക്…