അല്ലാഹുവിന്റെ മതമായ ഇസ്‌ലാമിനെ പൊളിച്ചൊടുക്കാന്‍ ഭാരതത്തില്‍ ജന്മംകൊണ്ട ഒരു വികലമതമാണ് ഖാദിയാനിസം. ഇസ്‌ലാമിക ഗാത്രത്തെ കാന്‍സര്‍ പോലെ കാര്‍ന്നു തിന്നാന്‍ സര്‍വസന്നാഹത്തോടെയും ഇതിന്റെ അനുയായികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമടക്കം പ്രമാണങ്ങളും ഗ്രന്ഥങ്ങളും ദുര്‍വ്യാഖ്യാനം നടത്തിയും വെട്ടിയും തിരുത്തിയും പാകപ്പെടുത്തിയെടുത്തുമാണ് അവര്‍ നിലനില്‍പു തുടരുന്നത്.
ആളും കോളും മാത്രമല്ല, ആശയാദര്‍ശങ്ങള്‍ കൂടി നല്‍കാന്‍ മതവിരുദ്ധ ശക്തികള്‍ സന്നദ്ധരായതിന്റെ ഫലം കൂടിയാണ് അവരുടെ വ്യാപക പ്രചാരണങ്ങള്‍. ഖാദിയാനികളുടെ ചാനല്‍ സംപ്രേക്ഷണവും ‘ഖിലാഫത്ത്’ വാഴ്ചയും പ്രമുഖ പ്രസാധനാലയവുമൊക്കെ പ്രവര്‍ത്തിക്കുന്നത് ജന്മനാടായ ഖാദിയാനിലല്ല, മറിച്ച് ബ്രിട്ടനിലാണെന്നതു തന്നെ ഈ അവിശുദ്ധ ബന്ധത്തെ വെളിപ്പെടുത്തുന്നുണ്ടല്ലോ.
എന്തായാലും മുസ്‌ലിം പണ്ഡിതര്‍ ഉദ്ഭവം മുതല്‍ ഇതേക്കുറിച്ച് പഠിച്ച് സമൂഹത്തെ ബോധവല്‍ക്കരിച്ചതിനാല്‍, മതബോധമുള്ളവരെ സ്വാധീനിക്കാന്‍ ഖാദിയാനികള്‍ക്കായില്ല. മുഹമ്മദ് ശംസുല്‍ ഹഖ് അളീമാബാദിയുടെ സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഔനുല്‍ മഅ്ബൂദ് മുതല്‍ കാന്തപുരം ഉസ്താദിന്റെ അല്‍ബറാഹീനുല്‍ ഖാത്വിഅ വരെയുള്ള മഹദ്ഗ്രന്ഥങ്ങള്‍ ഈ വിപത്തിന്റെ ഉള്ളും പുറവും തുറന്നു കാണിച്ചപ്പോള്‍, മുസ്‌ലിം സമൂഹത്തില്‍ മറ്റൊരു മതം എന്നതിലപ്പുറം അത് വികസിച്ചുവന്നതുമില്ല. സൂചിപ്പിച്ചതുപോലെ സര്‍വവിധ ഭൗതിക സന്നാഹവും ഒന്നിച്ചുപയോഗിച്ചിട്ടും ഈ അര്‍ബുദം മതത്തെ കാര്‍ന്നു തിന്നാതിരുന്നത് അല്ലാഹുവിന്റെ ദീനിന്റെ സംരക്ഷണം അവന്‍ ഏറ്റെടുത്തതു കൊണ്ടായിരുന്നു. അത് നടപ്പിലാക്കാന്‍ ഊര്‍ജസ്വലരായ നിരവധി പണ്ഡിതരെ അവന്‍ നിയോഗിക്കുകയും ചെയ്തു.
മുഹമ്മദ് റസൂല്‍(സ്വ)യ്ക്കു ശേഷം ഒരു വിധത്തിലുമുള്ള നബിയുടെയും ആഗമനമുണ്ടാവില്ലെന്നതിന് ഖുര്‍ആന്‍, ഹദീസ് പ്രമാണങ്ങളുടെ ശൃംഖല സാക്ഷി നില്‍ക്കുന്നുണ്ട്. നബി(സ്വ)യില്‍ നിന്ന് മതം പഠിച്ച ഒന്നാം തലമുറ മുതല്‍ മീര്‍സയുടെ നബിവാദത്തിനു മുമ്പും ശേഷവുമുള്ള മുസ്‌ലിം ലോകത്തിലാര്‍ക്കും ഇതില്‍ ഒരു സംശയവുമില്ലതാനും. നബിവാദവുമായി നാടകത്തിനിറങ്ങിയ പല കാല കോമാളികളെയെല്ലാം സമൂഹം അവിശ്വാസികളായി ഗണിക്കുകയും അതനുസരിച്ചുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ മുഹമ്മദ്(സ്വ)ക്കു ശേഷമുള്ള നബി എന്ന കുഫ്ര്‍ വാദവുമായി കൂടുതല്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കായില്ല. മീര്‍സാ ഗുലാം അഹ്മദും അയാളുടെ മതാനുയായികളും ഇതുവരെയും പിടിച്ചുനിന്നതിന്റെ ഒന്നാം കാരണം മുമ്പു സൂചിപ്പിച്ചതുപോലെ മുസ്‌ലിം വിരുദ്ധരുടെ നിര്‍ലോപ പിന്തുണയാണ്. രണ്ടാമതായി, സത്യാസത്യ വിവേചനത്തിന് തരിമ്പും വില നല്‍കാതെയുള്ള ദുര്‍വ്യാഖ്യാനങ്ങള്‍. വിശുദ്ധ ഗ്രന്ഥങ്ങള്‍ മൃഗീയമായി വളച്ചൊടിക്കുന്നതില്‍ ഖാദിയാനികളെക്കാള്‍ വൈദഗ്ധ്യമുള്ള മറ്റൊരു മനുഷ്യവര്‍ഗം ഭൂലോകത്ത് ജനിച്ചിട്ടില്ലെന്നതാണ് വസ്തുത.
ഇങ്ങനെയുള്ള വളച്ചൊടിക്കലുകള്‍ക്ക് അക്ഷരാവിഷ്കാരം നല്‍കി സൗജന്യ വിതരണം നടത്തുമ്പോള്‍ ദീനിനെക്കുറിച്ച് കൂടുതലറിയാത്ത, അഥവാ ഏതാനും കര്‍മ-ഖുര്‍ആന്‍ പാരായണാദികളില്‍ ഒതുങ്ങിയ മദ്റസാ പഠനം മാത്രം ലഭിച്ചവരോ അതുപോലും പരിചയമില്ലാത്തവരോ ആയ ചിലരെയെങ്കിലും അവ സ്വാധീനിക്കുന്നു. പിന്നെ അതുവരെ കിട്ടാത്ത ‘ഇല്‍മു’മായി ആമോദം കൊള്ളുന്നു. ഒരു അടിസ്ഥാനവുമില്ലാതെ പ്രമാണ നുറുങ്ങുകള്‍ക്കിടയില്‍ ചാഞ്ചാട്ടം നടത്തി ആദര്‍ശം പിടിച്ചുവെക്കാനുള്ള ഖാദിയാനികളുടെ നിഴല്‍നാടകത്തില്‍ ഇങ്ങനെയാണ് ചില പരമസാധുക്കള്‍ വീണുപോയത്. അതുകൊണ്ട്, പ്രവാചകത്വ സമാപ്തി, ഈസാ നബി(അ)യുടെ പുനരാഗമനം, മഹ്ദി ഇമാം ആരാണ് തുടങ്ങിയ അടിസ്ഥാന വിഷയങ്ങളുടെ വിശദീകരണങ്ങള്‍ക്കൊപ്പം, മീര്‍സായികളുടെ ചില ഗ്രന്ഥചോരണങ്ങള്‍ കൂടി പരാമര്‍ശിക്കുന്ന ഒരു തുടര്‍ പഠനമാണ് ഇവിടെ ആരംഭിക്കുന്നത്.
വെട്ടിമാറ്റലിന്റെ മാതൃകകള്‍
വിശുദ്ധ ഗ്രന്ഥങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മീര്‍സായികള്‍ വച്ചുപുലര്‍ത്തുന്ന ഒരു പൊതുശൈലി പരിചയപ്പെടുത്താം. ഗ്രന്ഥത്തിന്റെയോ ഗ്രന്ഥകര്‍ത്താവിന്റെയോ തീരുമാനങ്ങളും വിശ്വാസവും ഇവര്‍ക്ക് ഒരു സംഗതിയേ അല്ല. മറിച്ച്, അവര്‍ക്ക് മുറിച്ചുമാറ്റാന്‍ പറ്റുന്ന ഏതെങ്കിലുമൊരു പരാമര്‍ശം കണ്ടുപിടിച്ച് വളച്ചൊടിച്ചെടുത്ത് അത് ഗ്രന്ഥത്തിന്റെയും കര്‍ത്താവിന്റെയും മേല്‍ അടിച്ചേല്‍പ്പിക്കുക. അതിന്റെ മുമ്പോ ശേഷമോ തൊട്ടുടനെയോ ഉള്ളതൊന്നും കണ്ടതായി നടിക്കുക പോലുമില്ല. എന്നല്ല, അത്തരം അര്‍ധവാക്യങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവ് ആലോചിക്കുക പോലും ചെയ്യാത്ത അര്‍ത്ഥസാരങ്ങള്‍ ‘കണ്ടെത്തി’ വിളംബരപ്പെടുത്തുകയും ചെയ്യും. ഒരു ഉദാഹരണം സൂചിപ്പിക്കാം:
ഇസ്‌ലാമിലെ കക്ഷിഭേദങ്ങളില്‍ നിന്ന് വിജയിക്കുന്ന സംഘം മുഹമ്മദ് നബി(സ്വ)യുടെ ശരിയായ പിന്തുടര്‍ച്ചക്കാരാണെന്ന് വിശദീകരിച്ച് മുല്ലാ അലിയ്യുല്‍ ഖാരി(റ) നടത്തുന്ന ഒരു പ്രസ്താവം ഇങ്ങനെയാണ്: വിജയിച്ച സംഘം പ്രകാശോന്മയമായ മുഹമ്മദീയ ചര്യയുടെ വാഹകരും വിശുദ്ധ അഹ്മദീയ മാര്‍ഗക്കാരുമാണ് (മിര്‍ഖാത് 2/59). അതായത് മുഹമ്മദ് നബി(സ്വ)യെ യഥാവിധി പിന്തുടരുന്നവര്‍. ഇതിനായി നബി(സ്വ)യുടെ മുഹമ്മദ്, അഹ്മദ് എന്നീ നാമങ്ങളിലേക്ക് ചേര്‍ത്തി മുഹമ്മദീയ, അഹ്മദീയ എന്ന് മുല്ലാ അലിയ്യുല്‍ ഖാരി(റ) പ്രയോഗിച്ചിരിക്കുന്നു. തികച്ചും നിര്‍ദോഷകരവും ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ വ്യാപകമായി കാണുന്നതുമാണ് ഈ ശൈലി. ഇതു രണ്ടിന്റെയും ആശയവും ഒന്നു തന്നെയാണ്. ആദ്യം പറഞ്ഞ മുഹമ്മദീയയുടെ അര്‍ത്ഥം മുഹമ്മദ് നബി(സ്വ)യിലേക്ക് ചേര്‍ന്നുനില്‍ക്കുന്നവര്‍ എന്നാണെന്നും രണ്ടാമതായി അറബി ഭാഷാ രീതിയനുസരിച്ച് പ്രാസമൊപ്പിക്കാന്‍ നല്‍കിയ ‘അഹ്മദിയ്യ’ക്കും ഇതേ ആശയമാണെന്നും എല്ലാവര്‍ക്കുമറിയാം. ഇതല്ലാതെ ‘അഹ്മദിയ്യ’ മറ്റൊരു കക്ഷിയാണെന്ന് ഭാഷയറിയാവുന്ന ഒരാളും പറയുകയില്ല. എന്നാല്‍, മുല്ലാ അലിയ്യുല്‍ ഖാരിപോലുമറിയാതെ ‘അഹ്മദിയ്യ’ എന്നത് ഖാദിയാനികളെ കുറിച്ചുള്ള പരാമര്‍ശമാണെന്ന് അവര്‍ വിവിധ ഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്നതു കാണാം!
എങ്ങനെയുണ്ട്! മേല്‍ വാക്യ ഘടനയുമായി യാതൊരു പൊരുത്തവുമില്ലാതെ അഹ്മദിയ്യ എന്നു കണ്ടതോടെ അത് തങ്ങളെക്കുറിച്ചാണെന്ന് കൊട്ടിഘോഷിക്കുക. അതേ ഗ്രന്ഥത്തിലെ മറ്റിടങ്ങളില്‍ അദ്ദേഹം അഹ്മദിയ്യ എന്ന പദം പ്രയോഗിച്ച അര്‍ത്ഥസാരം കൂടി മനസ്സിലാക്കിയാല്‍ ഈ വഞ്ചനയുടെ ആഴം വ്യക്തമാവും. ‘നബി(സ്വ)യുടെ വാക്യകര്‍മഅവസ്ഥാന്തരങ്ങളില്‍ നിന്ന് വിശ്വാസികളുടെ ഹൃദയത്തില്‍ അല്ലാഹു നിക്ഷേപിക്കുന്ന പ്രകാശമാണ് വിജ്ഞാനം എന്ന് പരിചയപ്പെടുത്തുന്നിടത്തും മുഹമ്മദിയ്യ, അഹ്മദിയ്യ, മഹ്മൂദിയ്യ എന്നിങ്ങനെ അഹ്മദിയ്യ എന്ന് പരാമര്‍ശിക്കുന്നുണ്ട്. ഇതുകൊണ്ട് ഖാദിയാനിസമാണോ ഉദ്ദേശിക്കുന്നത്? ഒരിക്കലുമല്ല, മറിച്ച് നേരത്തെ പറഞ്ഞതുപോലെ ‘അഹ്മദ്’ നബി(സ്വ)യിലേക്ക് ചേര്‍ത്തിയുള്ള എന്നാണര്‍ത്ഥം.
ഒരേ പദം ആദ്യം പറഞ്ഞിടത്ത് കൃത്യമായി ദുര്‍വ്യാഖ്യാനിക്കുകയാണ് മീര്‍സായികള്‍. ഒരു ഗ്രന്ഥത്തിലെ പ്രയോഗം അന്യഥാ വ്യാഖ്യാനിക്കുമ്പോള്‍, ഗ്രന്ഥകര്‍ത്താവിന്റെ ആശയം പരിഗണിക്കുക തീര്‍ത്തും ആവശ്യമാണല്ലോ. നബി(സ്വ)ക്കു ശേഷം ഒരു പ്രവാചകനുമില്ലെന്നതില്‍ മാത്രമല്ല, ഈസാ(അ) ആകാശത്തു ജീവിച്ചിരിക്കുകയാണെന്നതിലും അദ്ദേഹം അവസാന ഘട്ടത്തില്‍ ഇറങ്ങിവരുമെന്നതിലുമെല്ലാം മുസ്‌ലിം ലോകത്തിന്റെ അഭിപ്രായം തന്നെയാണ് മുല്ലാ അലിയ്യുല്‍ ഖാരിക്കുമുള്ളത്. നിരവധി ഹദീസുകള്‍ ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം അദ്ദേഹം തെളിയിക്കുന്നുമുണ്ട്. ഇതു കാണുക: മുന്‍കഴിഞ്ഞ നബിമാര്‍ക്ക് മുഴുവന്‍ നബി(സ്വ) അന്ത്യപ്രവാചകനാകയാല്‍ ശേഷം ഒരാളും നബിയാവുകയില്ല (മിര്‍ഖാത്). ഇത് പലയാവര്‍ത്തി സമര്‍ത്ഥിക്കുന്ന അലിയ്യുല്‍ ഖാരി(റ) എങ്ങനെയാണ് നബിവാദി മീര്‍സയെയും അയാളുടെ പ്രസ്ഥാനമായ അഹ്മദിയ്യത്തിനെയും വിജയിച്ച കക്ഷിയായി പരിചയപ്പെടുത്തുക! ഇതൊന്നും മീര്‍സായികള്‍ക്ക് അറിയാത്തതല്ല. പക്ഷേ, അതു പരിഗണിച്ചാല്‍ നിലനില്‍പ്പ് നഷ്ടപ്പെടുന്നതിനാല്‍ അഹ്മദിയ്യ എന്ന പദത്തെ കൈകാര്യം ചെയ്യുകയാണ്.
ഇതിലേറെ മാരകമായും ഇവര്‍ മതഗ്രന്ഥങ്ങള്‍ തിരിമറി ചെയ്യാറുണ്ട്. ഭാഷാപണ്ഡിതന്‍ റാഗിബിന്റെ ഒരു വാക്യം ഉദ്ധരിച്ച് അതിന്റെ ഭാഷാപരമായും മതപരമായുമുള്ള അബദ്ധങ്ങള്‍ വിശദീകരിക്കുന്ന ഒരു ഭാഗമുണ്ട് അബൂഹയ്യാനുന്നഹ്വി(റ)യുടെ അല്‍ ബഹ്റുല്‍ മുഹീത്വ് എന്ന തഫ്സീര്‍ ഗ്രന്ഥത്തില്‍ (സൂറതുന്നിസാഅ്/69ാം സൂക്തം). നബി(സ്വ) അന്ത്യപ്രവാചകനാകയാല്‍ ആശയപരമായും അറബി വ്യാകരണ നിയമമനുസരിച്ചും വ്യക്തമായ തെറ്റാണ് റാഗിബിന്റെ പ്രയോഗമെന്നാണ് അബൂഹയ്യാന്‍(റ) പറയുന്നത്. എന്നാല്‍ മറുപടി നല്‍കാന്‍ വേണ്ടി അദ്ദേഹം ഉദ്ധരിച്ച ഭാഗം മാത്രമെടുത്ത് മറുപടിയെക്കുറിച്ച് സൂചനപോലും നല്‍കാതെ പ്രസ്തുത ഗ്രന്ഥം ഖാദിയാനികളുടെ കൂടെയാണെന്ന് വരുത്തുന്നത് എത്ര അപരാധമാണ്. ‘ലാഇലാഹ ഇല്ലല്ലാഹ്’ന്റെ ആദ്യ പദം മാത്രമെടുത്ത് ഒരു ആരാധ്യനുമില്ലെന്ന് ഇസ്ലാം പഠിപ്പിക്കുന്നു എന്ന് വിശദീകരിക്കുന്നതുപോലുള്ള ഈ ജ്ഞാനവഞ്ചന എങ്ങനെയാണ് മനസ്സിലാക്കേണ്ടത്. ആശ്ചര്യം തോന്നും വിധം മാരകമാണ് ഇത്. പക്ഷേ, മീര്‍സായികള്‍ക്ക് അതൊരു പ്രശ്നമേ അല്ല. ‘സന്മാര്‍ഗദീപം’ എന്ന അവരുടെ കൈപുസ്തകം 9698-ല്‍ ഈ കലാപരിപാടിയാണ് നടത്തിയിരിക്കുന്നത്.
നഗ്നമായ ഗ്രന്ഥചോരണ ശീലങ്ങളില്‍ ഒന്നുകൂടി വിശദീകരിച്ച് തല്‍ക്കാലം നിറുത്താം. ‘മഹ്ദി ഇമാം വെളിപ്പെട്ടു’ എന്ന ഖാദിയാനി പുസ്തകത്തില്‍ മഹ്ദി ഇമാമിന്റെ ആഗമനത്തെക്കുറിച്ച് പറയുന്നതിങ്ങനെ: കദ്അ എന്ന പേരിലറിയപ്പെടുന്ന സ്ഥലത്ത് ഇമാം മഹ്ദി വെളിപ്പെടുന്നതാണ് (പേ 13). ഇമാം മഹ്ദി(റ) തന്നെയാണ് ഈസാനബി(അ)യെന്നും അവര്‍ രണ്ടുപേരും തന്നെയാണ് മീര്‍സാ ഗുലാമെന്നുമുള്ള വിചിത്രവാദം (വിശദീകരണം പിന്നീട്) സമര്‍ത്ഥിക്കാന്‍ ഇവര്‍ ഉദ്ധരിച്ച ഒരു ഹദീസ് വാക്യത്തിന് അവര്‍ തന്നെ നല്‍കിയ പരിഭാഷയാണിത്. കദ്അ എന്നാല്‍ ഖാദിയാന്‍ എന്ന് തോന്നിക്കിട്ടുകയും അങ്ങനെ മഹ്ദിയെ ഖാദിയാനില്‍ ജനിപ്പിച്ച് മീര്‍സയാക്കുകയുമാണു ലക്ഷ്യം.
പ്രസ്തുത വാക്യത്തിന്റെ ബലാബലത്തെക്കുറിച്ചുള്ള ചര്‍ച്ച തല്‍ക്കാലം മാറ്റിവെച്ച് നമുക്കതൊന്നു വിലയിരുത്താം. മുഅ്ജമുബ്നുല്‍ മുഖ്രിയില്‍ ഇത് ഉദ്ധരിക്കുന്നതിങ്ങനെ: യമനിലെ കുറ്അ എന്നു പേരുള്ള ഗ്രാമത്തില്‍ മഹ്ദി പ്രത്യക്ഷനാവും… (1/91). ഇവിടെ രണ്ടു പ്രധാന തട്ടിപ്പുകള്‍ മീര്‍സായികള്‍ നടത്തിയിരിക്കുന്നു. ഒന്ന്, ‘യമനിലുള്ള…’ എന്നത് വിട്ടുകളഞ്ഞു. ഇതങ്ങനെ തന്നെ എഴുതിയാല്‍ ഇന്ത്യക്കാരന്‍ മീര്‍സ മഹ്ദിയായി കിട്ടില്ലല്ലോ. രണ്ടാമതായി ‘കുറ്അ’ എന്നത് ‘കദ്അ’ എന്നാക്കി മാറ്റി. കുര്‍അക്ക് ഖാദിയാനുമായി യാതൊരു ബന്ധവുമില്ലാത്തതിനാലാണ് ഈ സാഹസം. കുറ്അ എന്ന ഗ്രാമം യമനിലുണ്ടെന്നത് വിവിധ ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നുണ്ടുതാനും (മുഅ്ജമുല്‍ ബുല്‍ദാന്‍ 4/452).
ഇങ്ങനെ വെട്ടിയും ചേര്‍ത്തും ദുര്‍വ്യാഖ്യാനിച്ചുമാണ് മീര്‍സ നബിയായി അഭിനയിക്കുന്നത്, അയാളെ നബിയാക്കി ചമയിച്ചൊരുക്കാന്‍ അനുയായികള്‍ ധാര്‍ഷ്ട്യം കാണിക്കുന്നത്. സത്യത്തില്‍, വിശുദ്ധ മതത്തിന്റെയോ പ്രമാണങ്ങളുടെയോ ഒരു വിധ പിന്തുണയുമില്ലാതെ മതഗ്രന്ഥങ്ങള്‍ ശരിക്കു പഠിക്കാത്തവരെ ലക്ഷ്യമിട്ടാണ് ഖാദിയാനികളുടെ ഈ ചൂണ്ടയിടലൊക്കെയും.
(തുടരും)
ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി