മനസ്സില്‍ നിറയെ വഹാബിസവും പുറത്ത് സുന്നിവേഷവും സ്വീകരിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന തബ്ലീഗ് ജമാഅത്തിന്‍റെ അവിശുദ്ധ കരങ്ങളെകുറിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 1964-ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങളെ നിസ്കരിക്കാന്‍ ക്ഷണിച്ചതോ, ഉപദേശം നല്‍കിയതോ, ഫളാഇലേ അഅ്മാല്‍ വായിച്ച് കൊടുത്തതോ ഏതാണ് തെറ്റ്? സമസ്ത എന്തിനാണ് ഞങ്ങള്‍ക്കെതിരെ ഫത്വയിറക്കിയത്? എന്നൊക്കെ വിലപിച്ചുകൊണ്ടിരിക്കുന്ന തബ്ലീഗുകാരുടെ കാപട്യം അതോടെ മറനീക്കി വെളിച്ചത്ത് വന്നു. തബ്ലീഗ് വഹാബിസമാണെന്നും അതില്‍ പെട്ടുപോവുന്നത് സൂക്ഷിക്കണമെന്നും സമസ്ത ഉപദേശിച്ചപ്പോള്‍ അതിനു തെളിവ് നിരത്താനുണ്ടായിരുന്നത് പ്രസ്ഥാനത്തിന്‍റെ സിരാകേന്ദ്രമായ ദയൂബന്ദിലെ തബ്ലീഗ് നേതാക്കളുടെ ഉറുദു ഗ്രന്ഥങ്ങളായിരുന്നു. കേരളക്കാര്‍ക്കും സമസ്ത തബ്ലീഗിസം പഠിക്കാന്‍ ചുമതല നല്‍കിയ ഉപസമിതിക്കും ഉറുദു അറിയില്ലെന്നും അതിനാല്‍ അവര്‍ മനസ്സിലാക്കിയതില്‍ അബദ്ധം പിണഞ്ഞതാണെന്നും ആ അബദ്ധം സമസ്ത ഏറ്റെടുത്തതാണെന്നും അണികളുടെ ചെവിയില്‍ അടക്കംപറഞ്ഞവര്‍ 1964-ല്‍ സമസ്ത ഉന്നയിച്ച കാര്യങ്ങള്‍ അമ്പതുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സ്വയം വിളിച്ചുപറയുന്നതാണ് കേരളം കാണുന്നത്.
മുസ്ലിം സമൂഹത്തെ മതത്തില്‍ നിന്നും പുറത്താക്കി ഹറമൈനികളില്‍ സത്യവിശ്വാസികളെ കൊന്നൊടുക്കി രക്തപ്പുഴ ഒഴുക്കിയ മുജാഹിദ് നേതാവിന്‍റെ സ്തുതി പാടുന്നവരാണ് ആധുനികരും പൗരാണികരുമായ തബ്ലീഗുകാര്‍. അവരുടെ കേരളത്തിലെ പ്രമുഖ പണ്ഡിതര്‍ ഒന്നിച്ചിരുന്ന് തയ്യാറാക്കിയ ‘ദേവ്ബന്ദ് പണ്ഡിതര്‍ നവോത്ഥാന ശില്‍പികള്‍’ എന്ന പുസ്തകത്തില്‍ എഴുതുന്നു:
‘ഈ വിഷയം സാധാരണ സമൂഹത്തിന്‍റെ മുമ്പില്‍ വിശദീകരിച്ചു മനസ്സിലാക്കി കൊടുക്കല്‍ ഒരു കാലത്ത് വലിയ പ്രയാസമുണ്ടായിരുന്നു. കാരണം, ഇബ്നു അബ്ദുല്‍ വഹ്ഹാബും അദ്ദേഹത്തിന്‍റെ വീക്ഷണവും തീര്‍ത്തും ഇസ്ലാമിക വിരുദ്ധവും അദ്ദേഹം പ്രവാചകന്‍റെ ശത്രുവായും പ്രചരിക്കപ്പെടുകയും ഈ കുപ്രചരണം പരമാവധി വിജയം കണ്ട് സര്‍വാംഗീകാരം പിടിച്ചു പറ്റിയ വിഷയമായി മാറിയിരുന്നു ഒരു കാലം. അതിലെയല്ല, ഇതിലെ എന്നു പറയുന്നവന്‍ പോലും സമൂഹത്തില്‍ ഒറ്റപ്പെടുമായിരുന്നു.
തുര്‍ക്കി ഭരണകൂടം ബ്രിട്ടീഷാധിപത്യത്തിലേക്കു അമര്‍ന്നു കൊണ്ടിരിക്കുന്നതു കണ്ടറിഞ്ഞ ഇബ്നു അബ്ദുല്‍ വഹ്ഹാബ് അന്ന് മഹത്തായ കൃത്യം ചെയ്തില്ലായിരുന്നുവെങ്കില്‍ മറ്റേതൊരു നാടും അധിനിവേഷത്തിനിരയായതു പോലെ ഇരു ഹറമുകളടങ്ങുന്ന സഊദിയും ബ്രിട്ടന്‍റെ പിടിയിലമരുമായിരുന്നു. പടച്ചവന്‍ ഇബ്നു അബ്ദുല്‍ വഹ്ഹാബിന്‍റെ കരങ്ങളെ ഹറമുകളുടെ കാവലിനായി തെരഞ്ഞെടുക്കുകയായിരുന്നു’ (പേ. 250).
അതിലെയല്ല, ഇതിലെ എന്നു പറയാന്‍ തബ്ലീഗുകാര്‍ക്ക് മുമ്പുതന്നെ ഇവിടെ മുജാഹിദുകളുണ്ടായിരുന്നു. പക്ഷേ ബുദ്ധിയും വിവേകവുമുള്ളവര്‍ അത് തിരിച്ചറിഞ്ഞു. അഹ്ലുസ്സുന്നയുടെ സത്യപാതയില്‍ സമുദായം ഉറച്ചു നിന്നു. ആയിടക്കാണ് പുതിയ തന്ത്രം മെനഞ്ഞുണ്ടാക്കി പുതിയ രൂപഭാവങ്ങളില്‍ തബ്ലീഗ് പ്രത്യക്ഷപ്പെടുന്നത്. സുന്നികളായി ചമഞ്ഞ് മുജാഹിദിസം നട്ടുവളര്‍ത്തലായിരുന്നു ലക്ഷ്യം. സാത്വികരായ പണ്ഡിത സമൂഹം അതിനെകുറിച്ച് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ സമൂഹം അത് അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുത്തു. അങ്ങനെ അതും പാഴ്സ്വപ്നമായി മാറി. മുജാഹിദ് ആചാര്യനെതിരെ ലോകത്ത് എല്ലാവരും ഒരുപോലെ ശബ്ദിച്ചു. നാലു മദ്ഹബുകളിലെയും സുപ്രസിദ്ധരായ സമകാലീന പണ്ഡിതര്‍ അദ്ദേഹത്തിന്‍റെ വാദങ്ങള്‍ പ്രാമാണികമായി ഖണ്ഡിച്ചു. തന്‍റെ നരമേധങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. മക്കയിലെ മുഫ്തിയായിരുന്ന സൈനീദഹ്ലാന്‍(റ) ഖുലാസതുല്‍ കലാം എന്ന ചരിത്ര ഗ്രന്ഥത്തില്‍ ഇദ്ദേഹത്തിന്‍റെ കാടത്തരങ്ങള്‍ വിവരിച്ചു. അവരെയെല്ലാം വിവരം കെട്ടവരും കേട്ടറിഞ്ഞ കളവുകളെ അടിസ്ഥാനമാക്കിയവരുമായി മുദ്രകുത്താനാണ് തബ്ലീഗ് ഇഷ്ടപ്പെട്ടത്. മാത്രമല്ല; ലോകത്താകമാനം അഹ്ലുസ്സുന്നയുടെ പ്രകാശം പരത്തുകയും ശീഇസം, ഖാദിയാനിസം, മൗദൂദിസം, തബ്ലീഗിസം തുടങ്ങിയവയുടെ ആദര്‍ശവ്യതിയാനങ്ങള്‍ തുറന്ന് കാണിക്കുകയും ചെയ്യുന്ന തുര്‍ക്കിയിലെ ഇഖ്ലാസ് വഖ്ഫി എന്ന പ്രസാധനാലയത്തെ വളരെ മോശമായി ചിത്രീകരിക്കുകയുമാണ് ഈ വിഭാഗം ചെയ്തത്. എല്ലാം മുജാഹിദ് നേതാവിനോടുള്ള വിധേയത്വത്തിന്‍റെ ഭാഗം മാത്രം. അവര്‍ എഴുതി:
‘സ്വന്തം ഖിലാഫത്തില്‍ നിന്നും വലിയൊരു ഭൂപ്രദേശത്തെ വേര്‍പ്പെടുത്തിയതില്‍ നേതൃത്വം വഹിച്ച ഇബ്നു അബ്ദുല്‍ വഹ്ഹാബിനോടും അനുയായികളോടും തുര്‍ക്കികള്‍ക്കു ശത്രുതയും വിരോധവും ഉണ്ടാകുകയെന്നത് സ്വാഭാവികം മാത്രം.
നേരത്തെ തന്നെ നജ്ദിലെ ഭരണം നഷ്ടപ്പെട്ട നാടുവാഴികളും മഹാനവറുകളോട് അതിരറ്റ ദേഷ്യത്തിലായിരുന്നു. അങ്ങനെ ആ മഹാ വ്യക്തിത്വത്തെ സാമാന്യ മനസ്സുകളില്‍ ഇടിച്ചു താഴ്ത്താന്‍ കുപ്രചരണങ്ങളും നുണകളും അടിച്ചു വിടാന്‍ തുര്‍ക്കി ഭരണകൂടം കച്ചകെട്ടിയിറങ്ങി. തുര്‍ക്കി ഗവണ്‍മെന്‍റ് അതിനായി ബജറ്റ് വരെ നീക്കിവെച്ചു. അച്ചടിച്ചു വിടുന്ന നുണകള്‍ രാജ്യാന്തരങ്ങളിലെത്തിക്കാന്‍ അവര്‍ ഹാജിമാരെ ഉപയോഗപ്പെടുത്തി. തപാല്‍ വഴിയും അനവധി പുസ്തകങ്ങള്‍ ഇബ്നു അബ്ദില്‍ വഹ്ഹാബിനെതിരെ എഴുതി അയക്കാന്‍ തുടങ്ങി. തുര്‍ക്കിയിലെ മന്ത്രാലയം അതിനായി ഇഖ്ലാസ് വഖ്ഫി എന്ന സൗജന്യ വിതരണ കേന്ദ്രവും സ്ഥാപിച്ചു. പ്രസ്തുത ഇഖ്ലാസ് വഖ്ഫിയില്‍ നിന്നും സൗജന്യമായി കിട്ടുന്ന കിതാബുകള്‍ കേരളക്കാരും കത്തയച്ചു വരുത്തിക്കൊണ്ടിരുന്നു. വഹ്ഹാബിയെന്നു കേട്ടാല്‍ ആരും മോശമായി പ്രതികരിക്കുന്നവരായി മാറി. അവസാനം ഇബ്നു അബ്ദുല്‍ വഹ്ഹാബിന്‍റെ തൗഹീദീ ആശയങ്ങളെ അഭിമാനമായി കാണുകയും ഇപ്പോള്‍ അദ്ദേഹത്തിന്‍റെ വക്താക്കളായി സ്വയം അവകാശപ്പെടുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ വിഭാഗമായ അഹ്ലെ ഹദീസിലെ പണ്ഡിതര്‍ പോലും വഹ്ഹാബിയുമായി ഞങ്ങള്‍ക്കു ബന്ധമില്ലെന്നും അദ്ദേഹം ഇസ്ലാമിക പരിധി ലംഘിച്ച ആളാണെന്നും പറയുകയുണ്ടായി…
റഷീദ് അഹ്മദ് ഗംഗോഹി (റഹ്), ഹുസൈന്‍ അഹ്മദ് മദനീ(റഹ്), ഖലീല്‍ അഹ്മദ് സഹാറന്‍പൂരീ(റഹ്) തുടങ്ങിയവര്‍ ആദ്യകാലത്ത് മുഹമ്മദ്ബിനു അബ്ദില്‍ വഹാബിനെ തള്ളിപ്പറഞ്ഞ് മറുപടി കൊടുത്തത് രേഖപ്പെടുത്തപ്പെട്ടതാണ്.
ഇങ്ങനെയെല്ലാം അവരില്‍ സംഭവിക്കാനുള്ള കാരണം മുഹമ്മദ്ബ്നു അബ്ദില്‍ വഹ്ഹാബിന്‍റെ യഥാര്‍ത്ഥ മസ്ലക് പഠിക്കാന്‍ അവസരം ലഭിക്കാത്തതായിരുന്നു. പ്രചരിപ്പിക്കപ്പെട്ട നുണകളില്‍ നിന്നും മാത്രം കേട്ടറിവുള്ളവര്‍ എഴുതാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ പ്രഗല്‍ഭര്‍ വരെ പെട്ടുപോയട്ടുണ്ട്. അല്ലാമാ ശാമീ, ശൈഖ് അഹ്മദ് സൈനീ ദഹ്ലാന്‍ ശാഫിഈ(റഹ്) തുടങ്ങിയവര്‍ ഉദാഹരണമാണ്. ശൈഖ് ദഹ്ലാന്‍ വെറും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രം അദ്ദുററുസ്സനിയ്യ ഫീ റദ്ദി അലല്‍വഹ്ഹാബിയ്യ, ഖുലാസതുല്‍ കലാം എന്നീ കിതാബുകളിലൂടെ ഇബ്നു അബ്ദില്‍ വഹ്ഹാബിന്‍റെ മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി’ (ദേവ്ബന്ദ് ഉലമാക്കള്‍ നവോത്ഥാന ശില്‍പികള്‍ പേ. 250,251).
തബ്ലീഗ് ജമാഅത്തിന്‍റെ പ്രഭവകേന്ദ്രങ്ങളായ റഷീദ് അഹ്മദ് ഗംഗോഹി, ഹുസൈന്‍ അഹ്മദ് മദനി, ഖലീല്‍ അഹ്മദ് സഹാറന്‍പൂരി തുടങ്ങിയവരൊക്കെ വിവരംകെട്ടവരായിരുന്നു എന്ന് കുറ്റപ്പെടുത്തുന്നതിനോടൊപ്പം ജീവിതത്തിന്‍റെ സിംഹഭാഗവും അല്ലാഹുവിന്‍റെ മതത്തിന് വേണ്ടി നീക്കിവെച്ച സാത്വികനായ ശൈഖ് സൈനീ ദഹ്ലന്‍(റ)നെ ഈ വിധത്തില്‍ അവഹേളിച്ചത് മുജാഹിദ് പ്രീണനത്തിനുവേണ്ടിയാണെന്നു വ്യക്തം. മുസ്ലിംലോകം അംഗീകരിച്ച വിശ്വാസ ആദര്‍ശങ്ങളെ ചോദ്യം ചെയ്ത് ഇബ്നുതൈമിയ്യ രംഗത്ത് വരികയും പ്രസ്തുത കാലയളവിലെ പണ്ഡിതന്മാര്‍ അദ്ദേഹത്തിന്‍റെ വാദമുഖങ്ങള്‍ക്ക് പ്രാമാണികമായി മറുപടി നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ രചനകളും ആശയങ്ങളും സമൂഹം കയ്യൊഴിഞ്ഞു. പിന്നീട് 300 വര്‍ഷങ്ങള്‍ക്ക് ശേഷം അതെല്ലാം പൊടിതട്ടിയെടുത്തത് ഈ മുജാഹിദ് നേതാവായിരുന്നു. അതിലൂടെ സമൂഹത്തില്‍ വിഭാഗീയത തലപൊക്കി. മാത്രമല്ല; അദ്ദേഹത്തെ അംഗീകരിക്കാത്തതിന്‍റെ പേരില്‍ പണ്ഡിത സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താനും തബ്ലീഗുകാര്‍ തയ്യാറായി. ഇന്ത്യയില്‍ ഈ വിഷവിത്തിന് തുടക്കം കുറിച്ചത് ആരായിരുന്നുവെന്ന് ഒരു ചരിത്രാന്വേഷണം നടത്താം.
ഇസ്മാഈല്‍ ദഹ്ലവിയുടെ സ്വാധീനം
പതിമൂന്നാം നൂറ്റാണ്ട്. ഇന്ത്യയിലെ മുസ്ലിംകള്‍ അല്ലാമ ശാഹ്വലിയ്യുല്ലാഹി ദഹ്ലവിയുടെയും പുത്രന്‍ ശാഹ് അബ്ദുല്‍ അസീസ് ദഹ്ലവിയുടെയും നേതൃത്വത്തില്‍ ഒറ്റക്കെട്ടായി ജീവിക്കുകയായിരുന്നു. ഇസ്ലാമിക പ്രബോധനത്തെ സജീവമാക്കാന്‍ ഈ മഹത്തുക്കള്‍ക്ക് സാധിച്ചു. ഹജ്റ 1076 മുഹര്‍റം അവസാനത്തില്‍ അല്ലാമാ ശാഹ് വലിയ്യുല്ലാഹി ദഹ്ലവി ലോകത്തോട് വിടചൊല്ലി.
പിന്നീട് നേതൃത്വം ശാഹ് അബ്ദുല്‍ അസീസ് ദഹ്ലവിക്കായി. അദ്ദേഹത്തിന് താങ്ങും തണലുമായി പ്രമുഖരായ നിരവധി ശിഷ്യന്‍മാര്‍ ഉണ്ടായിരുന്നു. ഫള്ലുല്‍ഹഖ് ഖൈറാബാദി, മുഫ്തി റശീദുദ്ദീന്‍, ശൈഖ് മഖ്സൂസുല്ലാഹ്, ശൈഖ് മുഹമ്മദ് മൂസാ, മുഫ്തീ സ്വദ്റുദ്ദീന്‍, ശൈഖ് നൂറുദ്ദീന്‍ ദഹ്ലവി എന്നിവര്‍ അതില്‍ പ്രമുഖരായിരുന്നു.
ഹി.1193 റബീഉല്‍ ആഖിര്‍ 12-ന് ശൈഖ് അബ്ദില്‍ അസീസ് ദഹ്ലവിയുടെ സഹോദരന്‍ അബ്ദുല്‍ ഗനീ ദഹ്ലവിക്ക് ഒരുകുഞ്ഞ് ജനിച്ചു. മുഹമ്മദ് ഇസ്മാഈല്‍ ദഹ്ലവി എന്ന ഇദ്ദേഹമായിരുന്നു ഇന്ത്യയില്‍ ഇബ്നു അബ്ദില്‍ വഹാബിന്‍റെ ആശയം ആദ്യമായി കൊണ്ടുവന്നത്. അദ്ദേഹത്തിനു വഴിതെറ്റിയത് പാണ്ഡിത്യംകൊണ്ട് അറിയപ്പെടാത്ത അഹ്മദ് ബിന്‍ ഇര്‍ഫാന്‍ റായ്ബറേലിയെ ബൈഅത്ത് ചെയ്തത് മുതലാണ്.
ഹി.1237-ല്‍ അഹ്മദ് ബിന്‍ ഇര്‍ഫാനുമൊത്ത് ഇസ്മാഈല്‍ ദഹ്ലവി ഹറമൈനിയിലെത്തി. തന്‍റെ കൂടെ നിരവധിപേരെ എല്ലാചെലവും എടുത്ത് അഹ്മദ് ബറേല്‍വി കൊണ്ട് പോയിരുന്നു. അദ്ദേഹം മനസ്സില്‍ താലോലിച്ച് വളര്‍ത്തിയ സ്വപ്നം താന്‍ പ്രധാനമന്ത്രിയായുള്ള ഒരു ഭരണകൂടമായിരുന്നു. അത് സ്ഥാപിക്കുന്നതിന് ആവശ്യമായവരെ സജ്ജീകരിക്കുക എന്നതായിരുന്നു ഇത്രയും ആളുകളെ കൂടെ കൊണ്ട് പോകുന്നതിലെ ഹിഡന്‍ അജണ്ട. ആ യാത്രയില്‍ ഇബ്നു അബ്ദില്‍ വഹാബ് രചിച്ച അത്തൗഹീദുസ്വഗീര്‍ എന്ന ഗ്രന്ഥം ദഹ്ലവി വായിക്കാനിടയായി. അതില്‍ ആകൃഷ്ടനായ അദ്ദേഹം അതിനെ ആധാരമാക്കി തഖ്വിയതുല്‍ ഈമാന്‍ എന്നഗ്രന്ഥം രചിച്ചു. സത്യവിശ്വാസികളെയും മുന്‍കഴിഞ്ഞ മുസ്ലിം സമുദായ അംഗങ്ങളെയും കാഫിറും മുശ്രിക്കുമാക്കുന്ന പ്രസ്തുത കൃതിക്കെതിരെ രോഷപ്രകടനങ്ങള്‍ രാജ്യത്തിന്‍റെ പലഭാഗത്തും ഉയര്‍ന്നു.
തന്‍റെ കാലഘട്ടത്തിലെ എല്ലാ പണ്ഡിതന്മാരും അതിനെ വിമര്‍ശിച്ചപ്പോള്‍ ഡല്‍ഹിയിലെ അബ്ദുല്‍ഹയ്യില്‍ ബുധാനവി ദഹ്ലവിയെ പിന്തുണച്ചു. അദ്ദേഹം ദഹ്ലവിക്കുവേണ്ടി ഡല്‍ഹിയില്‍ പരസ്യമായി പ്രസംഗിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത് കൊണ്ടിരുന്നു. ജനങ്ങളില്‍ ശാഹ്വലിയ്യുല്ലാഹി ദഹ്ലവിക്കും കുടുംബത്തിനും സ്വീകാര്യത വര്‍ധിച്ചിരുന്നു. ഇത് മുതലെടുത്ത് കൊണ്ടായിരുന്നു ഇസ്മാഈല്‍ ദഹ്ലവിയുടെയും ബുധാനവിയുടെയും പ്രചാരണങ്ങള്‍. അതില്‍ വഞ്ചിതരായി ഡല്‍ഹിയിലെ കുറേ വ്യക്തികള്‍ അവരുടെ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. ഇതറിഞ്ഞ ശാഹ് അബ്ദുല്‍ അസീസ് ദഹ്ലവിയുടെ മനസ്സ് വേദനിച്ചു. മഹാന്‍ പറഞ്ഞു: ഞാന്‍ ഇപ്പോള്‍ നിരവധി അസുഖം കൊണ്ട് പരീക്ഷിക്കപ്പെട്ടിരിക്കുന്നു. അവയില്ലായിരുന്നുവെങ്കില്‍ ശീഇസത്തെ ഖണ്ഡിച്ച് കൊണ്ട് തുഹ്ഫതുല്‍ ഇസ്നൈഅശരിയ്യ രചിച്ചത് പോലെ സമഗ്രമായൊരു ഗ്രന്ഥം തന്നെ തഖ്വിയത്തുല്‍ ഈമാനിനെതിരില്‍ രചിക്കുമായിരുന്നു.
അതിനിടയില്‍ ശൈഖിന്‍റ ശിഷ്യരായ ശൈഖ് മഖ്സൂദുല്ലാഹ്, ശൈഖ് മുഹമ്മദ് മൂസ, ശൈഖ് റശീദുദ്ദീന്‍, ഫസലുല്‍ ഹഖ് ഖൈറാബാദി എന്നിവര്‍ ബുധാനവിയുടെയും ഇസ്മാഈല്‍ ദഹ്ലവിയുടെയും വെല്ലുവിളി സ്വീകരിച്ച് ഹിജ്റ 1240 റബീഉല്‍ആഖിര്‍ 10-ന് ഡല്‍ഹിയിലെത്തി. സംവാദത്തില്‍ ഉത്തരം പറയാന്‍ കഴിയാതെ രണ്ട് പേരും നിന്ന് പരുങ്ങി. ഇത് കണ്ട് നേരത്തെ തെറ്റിദ്ധരിച്ച് അവരോടൊപ്പം ചേര്‍ന്ന ജനക്കൂട്ടം സത്യത്തിലേക്ക് മടങ്ങി. പക്ഷേ അവര്‍ രണ്ടാളും മടങ്ങാന്‍ തയ്യാറായില്ല. ശൈഖ് മഖ്ദൂസുല്ലാഹ് മുഈദുല്‍ ഈമാന്‍ ഫീറദ്ദി തഖ്വിയതില്‍ ഈമാന്‍ എന്ന ഗ്രന്ഥവും ശൈഖ് ഫള്ലുല്‍ ഹഖ് ഖൈറാബാദി തഹ്ഖീഖുല്‍ ഫത്വ ഫീ ഇബ്ത്വാലി തഖ്വാ എന്ന ഗ്രന്ഥവും തഖ്വിയത്തുല്‍ ഈമാനിന് മറുപടിയായി രചിച്ചു.
ഇളിഭ്യരായ രണ്ട് പേരും ഡല്‍ഹി വിട്ട് പെഷവാറിലെത്തി-അഹ്മദ് റായ്ബറേലി അമീറുല്‍ മുഅ്മിനീനും ഇമാമുമായ ഒരു ഭരണം തട്ടിപ്പടച്ചുണ്ടാക്കി. സിക്കുകാര്‍ക്കെതിരെ കലാപം അഴിച്ച് വിട്ടു. ഹിജ്റ 1246 ദുല്‍ഖഅദ് 24(ക്രി:1831 മെയ് 6) കാശ്മീരിലേക്ക് യുദ്ധകേന്ദ്രം മാറ്റുന്നതിനിടെ സിക്കുകാര്‍ അവരെ വധിച്ചു. രണ്ട് പേര്‍ക്കും ശഹീദ് പരിവേശം നല്‍കി. സിക്കുകാര്‍ക്കെതിരെ ഇവര്‍ സമരമുറകള്‍ പ്രഖ്യാപിച്ചപ്പോഴും ബ്രിട്ടീഷുകാരോട് സൗഹൃദം നിലനിര്‍ത്താന്‍ മറന്നില്ല എന്ന് മാത്രമല്ല അവരോട് യുദ്ധം ചെയ്യല്‍ ഹറാമാണെന്ന ഫത്വയും കൊടുത്തു. അസ്സിറാതുല്‍ മുസ്തഖീം, തഖ്വിയതുല്‍ ഈമാന്‍, ഈളാഉല്‍ ഹഖ്, സ്വരീഹ് ഫീ അഹ്കാമില്‍ മയ്യിത്തി വള്ളരീഹ്, മന്‍സ്വബ് ഇമാമ, തന്‍വീറുല്‍ ഐനൈന്‍ ഫീ ഇസ്ബാതി റഫ്ഇല്‍ യദൈന്‍, രിസാലത് എക്റോസ എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
ഇസ്മാഈലുദ്ദഹ്ലവിക്കുശേഷം അദ്ദേഹത്തിന്‍റെ അനുയായികള്‍ രണ്ടായി പിളര്‍ന്നു. നദീര്‍ഹുസൈന്‍ ദഹ്ലവി, സിദ്ദീഖ് ഹസ്സന്‍ ബോപ്പാലി, നവാബ് വഹീദ് സമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഹമ്മദ് ഇബ്നു വഹാബിലേക്കു ചേര്‍ത്തു മുഹമ്മദിയ്യ എന്ന പ്രസ്ഥാനം രൂപീകരിച്ചു. പിന്നീട് പ്രസ്തുത പേരില്‍ നിന്ന് അഹ്ലേ ഹദീസ് എന്നതിലേക്ക് മാറി. മദ്ഹബ് നിരാസമായിരുന്നു ഈ പേര് തിരഞ്ഞെടുത്തതിനു പിന്നില്‍. ഹദീസിലേക്ക് സമുദായം മടങ്ങണമെന്നും തഖ്ലീദ് സാമൂഹിക ദുരന്തമാണെന്നും അവര്‍ പ്രചരിപ്പിച്ച് കൊണ്ടിരുന്നു.
റശീദ് അഹമ്മദ് ഗംഗോഹി, ഖലീല്‍ അഹമ്മദ് അമ്പേട്ടവി, ഖാസിം നാനൂതവി, മുഹമ്മദ് ഇല്ല്യാസ് കാന്തലവി എന്നിവര്‍ നേതൃത്വം നല്‍കിയ ദയൂബന്ദിയ്യയായിരുന്നു മറ്റൊരു വിഭാഗം. ആശയ ആദര്‍ശങ്ങള്‍ ഇബ്നു അബ്ദില്‍ വഹാബിന്‍റേത് സ്വീകരിക്കുകയും മദ്ഹബ്, ത്വരീഖത്ത് എന്നിവ തള്ളിപ്പറയേണ്ടതല്ലെന്നും ഈ വിഭാഗം വാദിച്ചു. മദ്ഹബ് വേണം എന്ന് പറയുന്ന ദയൂബന്ദികളും വേണ്ടെന്ന് പറയുന്നവരും തത്ത്വത്തില്‍ ഒരേ ആശയമാണ് മദ്ഹബിന്‍റെ വിഷയത്തില്‍ സ്വീകരിച്ചെതെന്ന് കാണാം. അഥവാ സ്വഹീഹായ ഹദീസിന്‍റെ അടിസ്ഥാനത്തിലുള്ള മസ്അലകള്‍ അംഗീകരിക്കുകയും അല്ലാത്തവ തള്ളിക്കളയണമെന്നുമാണ് ദയൂബന്ദി നിലപാട്. മസ്അലകളില്‍ മദ്ഹബ് ആശ്രയിക്കരുതെന്നും ഹദീസുകള്‍ അവലംബിക്കണമെന്നുമായിരുന്നു അഹ്ലേ ഹദീസുകാര്‍ വാദിച്ചത്. ദയൂബന്ദിയ്യ വിഭാഗമാണ് തബ്ലീഗുകാരായി ഊരുചുറ്റി ഫിത്നയുണ്ടാക്കുന്നത്. ഇതിന്‍റെ പ്രചാരണവുമായി കേരളത്തിലെത്തിയത് കാഞ്ഞാര്‍ മൂസ മൗലവി ആയിരുന്നു.
(തുടരും)
അബ്ദുറഷീദ് സഖാഫി മേലാറ്റൂര്‍