hajara-sara-malayalam

ത്യാഗത്തിന്റെ പ്രതീകമായ ഇബ്‌റാഹീം(അ)യുടെ പ്രിയതമയായിരുന്നു ബീവി സാറ(റ). അസൂയാർഹമായ സൗന്ദര്യത്തിന്റെ ഉടമയായ അവർ പ്രബോധന രംഗത്ത് ഭർത്താവിനൊപ്പം എന്തും സഹിക്കാനും ക്ഷമിക്കാനും ഒരുക്കമായിരുന്നു. പ്രാചീന ഇറാഖിലെ ബാബിലോണിൽ നിന്നും തൗഹീദിന്റെ പ്രചരണാർത്ഥം ആദ്യം ഫലസ്തീനിലേക്കും പിന്നീട് ഈജിപ്തിലേക്കും അവർ നബിയോടൊപ്പം ഹിജ്‌റ പോയി.

കണ്ടവരൊന്നും കണ്ണെടുക്കാതെ നോക്കാൻ മാത്രം സുമുഖിയായിരുന്ന സാറാ(റ) ഈജിപ്തിലെത്തിയതറിഞ്ഞ കാമാതുരനായ അന്നത്തെ രാജാവ് ഈ ദമ്പതികളെ പിടികൂടി കൊട്ടാരത്തിലെത്തിക്കാൻ ഉത്തരവിട്ടു. ഇബ്‌റാഹീം(അ)യെ ഒരു റൂമിലടച്ച ശേഷം ബീവിയെ കിങ്കരന്മാർ രാജാവിന്റെ മുമ്പിൽ ഹാജരാക്കി. അവരുടെ സൗന്ദര്യം കണ്ട് കണ്ണു തള്ളിയ അയാൾ മഹതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. അതേ സമയം ഇബ്‌റാഹീം(അ) തന്റെ ഭാര്യയെ രക്ഷിക്കാൻ നാഥനോടാവശ്യപ്പെട്ട് സുജൂദിൽ കിടന്നു പ്രാർത്ഥിക്കുകയായിരുന്നു.

ബീവിയുടെ കൈ പിടിക്കാൻ തുനിഞ്ഞ രാജാവിന്റെ കൈയും കഴുത്തും ഒരശരീരിയുടെ പിടിയിൽ പെട്ട് ഞെരിഞ്ഞു. വേദന കൊണ്ടു പുളഞ്ഞ അയാൾ മഹതിയോടു തന്നെ രക്ഷപ്പെടുത്താനപേക്ഷിച്ചു. ‘എന്നെ രക്ഷപ്പെടുത്തണം, ഇനി നിന്നെ ഞാൻ ഉപദ്രവിക്കില്ല’ അയാൾ അഭ്യർത്ഥിച്ചു. മഹതിയുടെ പ്രാർത്ഥനയുടെ ഫലമായി ആ പിടുത്തത്തിൽ നിന്ന് സ്വതന്ത്രനായെങ്കിലും കാമതൃഷ്ണ അയാളെ വീണ്ടും അവിവേകത്തിനു പ്രേരിപ്പിച്ചു. ഇത്തവണ അതിശക്തമായിട്ടായിരുന്നു ചങ്കിലെ പിടുത്തം. ഖേദ പ്രകടനത്തെ തുടർന്ന് ബീവിയുടെ പ്രാർത്ഥന മൂലം അയാൾ രണ്ടാമതും രക്ഷ പ്രാപിച്ചു. ഒരു കയ്യേറ്റ ശ്രമം കൂടി അയാൾ നടത്തിനോക്കിയെങ്കിലും പൂതി നടക്കില്ലെന്നു ബോധ്യമായപ്പോൾ കിങ്കരന്മാരോട് ആക്രോഷിച്ചു: ‘കൊണ്ടുപോകുവീൻ ഇവളെ. ഇത് മനുഷ്യസ്ത്രീയല്ല. ജിന്നോ പിശാചോ ആണിവൾ. ഇനിയൊരിക്കലും ഇതിന്റെ ശല്യം എനിക്കുണ്ടാകാൻ പാടില്ല. അതിനായി ഇവൾക്കൊരു വെപ്പാട്ടിയെ കൂടി സമ്മാനിക്കുക.’

രക്ഷപ്പെട്ട സാറ(റ) പ്രിയതമന്റെ ചാരത്തേക്ക് ഓടി. ഇബ്‌റാഹീം നബി(അ) ചോദിച്ചു: വല്ലതും പറ്റിയോ?’  മഹതി പറഞ്ഞു: ഇല്ല. ആ തെമ്മാടിയുടെ കരങ്ങളെ അല്ലാഹു തടഞ്ഞു. അൽഹംദുലില്ലാഹ്.’ ഇരുവരും കൊട്ടാരം വിടാനൊരുങ്ങിയപ്പോൾ സാറക്കു സമ്മാനിച്ച ഹാജർ എന്ന പെൺകുട്ടിയെ കൊട്ടാര ജീവനക്കാർ ഇവർക്കൊപ്പം വിട്ടു.

മധ്യധരണ്യാഴിയുടെ തീരത്ത് സീനാ പട്ടണത്തിന്റെ പരിസരത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു ഈ ഭാഗ്യവതിയുടെ ജനനം. സാറയുടെ വെപ്പാട്ടിയായി ഇബ്‌റാഹീമി കുടുംബത്തിനൊപ്പം ജീവിതമാരംഭിച്ച അവർ തൗഹീദിന്റെ വെളിച്ചം ഏറ്റുവാങ്ങി. ഭക്തയും ത്യാഗസന്നദ്ധയുമായ അവരെ ഈ ദമ്പതികൾക്ക് ഏറെ ഇഷ്ടപ്പെട്ടു. എല്ലാ സന്തോഷങ്ങൾക്കിടയിലും ഒരു സന്താനത്തിന്റെ അഭാവം അവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി.

തൊണ്ണൂറിലേക്കു കടന്ന ഭർത്താവിന്റെ, ഒരു കുഞ്ഞിനായുള്ള പ്രാർത്ഥന സാറാബീവിയുടെ മനസ്സിനെ വല്ലാതെ അലട്ടി. അവർ പരിഹാരത്തെ സംബന്ധിച്ച് ചിന്തിച്ചു. എല്ലാ സൽഗുണങ്ങളും മേളിച്ച തന്റെ വെപ്പാട്ടിയായ ഹാജറയെ ഭർത്താവിന് ഇണയാക്കാൻ  അവർ സന്നദ്ധയായി. അങ്ങനെ ഭർത്താവിന്റെ ആഗ്രഹം സാധിച്ചെങ്കിലോ. എങ്കിൽ ഈ കുടുംബത്തിൽ സന്തോഷത്തിന്റെ പൂത്തിരി വിരിയും. സ്വന്തം ന്യൂനതയാൽ ഗർഭധാരണം സാധിക്കാത്ത എല്ലാ ഭർതൃമതികൾക്കും മാതൃകയായി ബീവി ആ ത്യാഗത്തിന് സന്നദ്ധയായി. ഹാജറിനെ രണ്ടാം ഭാര്യയാക്കാൻ അവർ ഭർത്താവിനെ അനുവദിച്ചു. ഹാജർ(റ) ജീവിത പങ്കാളിയായതോടെ ആ കുടുംബത്തിന്റെ ആഗ്രഹം പൂവണിഞ്ഞു. തൊണ്ണൂറു തികഞ്ഞ ഇബ്‌റാഹീം നബി(അ)യിൽ നിന്നു ഹാജർ(റ) ഗർഭിണിയായി. നല്ലൊരു ആൺകുട്ടിക്ക് അവർ ജന്മം നൽകി-ഇസ്മാഈൽ(അ). ഖലീലുല്ലാഹിയുടെ വീട്ടിൽ ആനന്ദം അലതല്ലി. ഭർത്താവിന്റെ സന്തോഷം കണ്ട് സാറാബീവിയും സന്തുഷ്ടയായി. ഈ വിശാല മനസ്‌കതക്ക് കാരുണ്യവാനായ റബ്ബ് കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലമാണ് നൽകിയത്. ഭർത്താവിന് നൂറ്റിപതിമൂന്ന് പിന്നിട്ട സമയം അസാധാരണക്കാരായ ചില അതിഥികൾ വീട്ടിലെത്തി. അവരെ നോക്കി പുഞ്ചിരിച്ചു ബീവിയോടായി അവർ പറഞ്ഞു: നിങ്ങൾ സന്തോഷിക്കുക, ഇസ്ഹാഖ് എന്ന പുത്രനും പിറകെ യഅ്ഖൂബ് എന്ന പേരമകനും നിങ്ങൾക്കു പിറക്കാൻ പോകുന്നു.’ ആശ്ചര്യത്തോടെ അവർ ചോദിച്ചു: ഇതെന്തൊരദ്ഭുതം. ഞാനൊരു പടുകിഴവിയും എന്റെ ഭർത്താവ് വലിയ പ്രായക്കാരനുമായിരിക്കെ ഞങ്ങൾക്ക് എങ്ങനെ ഇനിയൊരു കുഞ്ഞുണ്ടാകും?’  അതിഥികളായ മലക്കുകൾ പറഞ്ഞു: അല്ലാഹുവിന്റെ കാര്യത്തിൽ ഇതൊന്നും അദ്ഭുതമല്ല. പ്രവാചക കുടുംബത്തിനു അല്ലാഹുവിന്റെ റഹ്മത്തും ബറകത്തുമുണ്ടാകട്ടെ.’ എന്നു പ്രാർത്ഥിച്ചു കൊണ്ടവർ വിടവാങ്ങി. അങ്ങനെ ഇബ്‌റാഹീം(അ)ന് നൂറ്റിപതിനാലു വയസ്സുള്ളപ്പോൾ സാറ(റ) ഇസ്ഹാഖ് എന്ന മകന് ജന്മം നൽകി.

മക്കളുണ്ടാകാത്തതിന്റെ കാരണങ്ങൾ ചിലപ്പോൾ രണ്ടു പേരിലുമുണ്ടാകാം. ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് മക്കൾ വേണ്ടെന്നു തീരുമാനിച്ച് റബ്ബിന്റെ വിധി, അതായിരിക്കും ഖൈറ് എന്നു ചിന്തിച്ചു സമാധാനിക്കുകയാണ് വിശ്വാസികൾ വേണ്ടത്. ഇനി ഭാര്യക്കാണ് പ്രശ്‌നമെന്ന് കണ്ടാൽ തന്റെ ഭർത്താവിന് മറ്റൊരു വിവാഹം കൂടി കഴിച്ച് ഒരു പരീക്ഷണം നടത്താൻ ആദ്യ ഭാര്യ സമ്മതം നൽകുന്നത് ചിലപ്പോൾ അവർക്കുകൂടി സന്താന സൗഭാഗ്യത്തിന് കാരണമായിത്തീരും. ഇതാണ് സാറാ(റ)യുടെ ജീവിത വായന നൽകുന്ന സന്ദേശം. ഇനി ഭർത്താവിന്റെ തകരാറു കൊണ്ടാണ് മക്കളുണ്ടാകാത്തതെന്നു ബോധ്യപ്പെട്ടാൽ തന്റെ ഭാര്യക്ക് താൽപര്യമുണ്ടെങ്കിൽ മറ്റൊരാളുമായി വിവാഹിതയാവാൻ അവളെ ത്വലാഖ് ചൊല്ലിക്കൊടുത്ത് സൗകര്യമൊരുക്കുക എന്നതും നല്ല കാര്യംതന്നെ. ശേഷം തന്നെപ്പോലെ മക്കളുണ്ടാകാനിടയില്ലാത്തവളെയോ മറ്റോ പുനർവിവാഹം ചെയ്ത് ഇലാഹീ തീരുമാനത്തിൽ സന്തുഷ്ടരായി ജീവിക്കണം.

ഹാജറ(റ) ഇസ്മാഈൽ എന്ന കുഞ്ഞിനെ മുലയൂട്ടി താലോലിച്ചിരിരിക്കുമ്പോൾ ഇബ്‌റാഹീം(അ) വന്നു. ഉടൻ ഒരുങ്ങുക, ഒരു യാത്രയുണ്ട് എന്നറിയിച്ചു. കൈ കുഞ്ഞിനെയുമെടുത്ത് അനുസരണയോടെ ബീവി നബിക്കൊപ്പം പുറപ്പെട്ടു. മരുഭൂമികളും മരുപ്പച്ചകളും താണ്ടി ആ മൂന്നംഗസംഘം എത്തിച്ചേർന്നത് കരിമ്പാറക്കൂട്ടങ്ങൾ തിങ്ങിനിറഞ്ഞ, കൃഷിയും ജലവുമില്ലാത്ത ഒരു തരിശുഭൂമിയിലാണ്. എങ്കിലും അവാച്യമായ ഒരു ശാന്തതയും ഭക്തിനിർഭരമായ ഒരന്തരീക്ഷവും ആ പ്രദേശത്തിനുണ്ടായിരുന്നു. കരിമ്പാറക്കുന്നുകൾക്കിടയിലെ ഒരു വലിയ കല്ലിന്റെ നിഴലിൽ ആ ചോരക്കുഞ്ഞിനെയും ഉമ്മയെയും ഇരുത്തി, ഒരു തോൽപാത്രത്തിൽ അൽപം വെള്ളവും ഒരു സഞ്ചിയിൽ ഏതാനും കാരക്കച്ചുളകളും നൽകി ഒന്നുമുരിയാടാതെ നബി തിരിഞ്ഞു നടന്നു.

ദു:ഖ ഭാരത്താൽ നാവനക്കാൻ കഴിയുമായിരുന്നില്ല. പിന്നാലെ കഥയറിയാതെ ആ മാതാവും നടന്നു. അതു കണ്ട് നബി നടത്തത്തിനു വേഗത കൂട്ടി. ഹാജറ(റ) ചോദിക്കുന്നുണ്ടായിരുന്നു: അങ്ങെന്താണീ ചെയ്യുന്നത്. ഒരു മനുഷ്യജീവിയില്ലാത്ത, കൃഷിയിയോ വെള്ളമോ ഇല്ലാത്ത ഈ വിജനതയിൽ ഞങ്ങളെ ഉപേക്ഷിച്ചു പോവുകയാണോ? ഇതു കേട്ടു പ്രവാചകരുടെ മനംനൊന്തു. എന്തെങ്കിലും പറഞ്ഞാൽ അതൊരു പൊട്ടിക്കരച്ചിലായി പരിണമിക്കും. അപ്പോൾ ആ ധീര വനിത ചോദിച്ചു: അല്ലാഹുവാണോ നിങ്ങളോടിതു കൽപിച്ചത്?’ അതേയെന്നു മഹാൻ പറഞ്ഞപ്പോൾ ബീവി ആശ്വാസത്തോടെ പറഞ്ഞതിങ്ങനെ: എങ്കിൽ അവൻ ഞങ്ങളെ കൈ വിടില്ല.’ പിന്നെ അവർ കുഞ്ഞിന്റെയടുക്കലേക്ക് തിരിച്ചുചെന്നു.

ഓർത്തു നോക്കൂ. ബീവിയുടെ മനോബലം. എന്തൊരു മനക്കരുത്താണിത്. സ്ത്രീകൾ പോകട്ടെ ഏതെങ്കിലും പുരുഷനു സാധിക്കുമോ ഇങ്ങനെ വിജനതയിൽ ഒരു ചോരക്കുഞ്ഞിനെയുമായി ഒറ്റക്കു കഴിയാൻ. അചഞ്ചലമായ ഈമാനിന്റെ കരുത്തിലാണീ തീരുമാനമെന്നതു തീർച്ച. കുടുംബജീവിതത്തിൽ ഭാര്യയെയും മക്കളെയും വിട്ടേച്ചു പോകുന്നവർ ഇന്നു പെരുകുകയാണ്. എവിടേക്കെന്നോ എപ്പോൾവരുമെന്നോ ഒരു സൂചനപോലും പറയാതെ ഉള്ള പണ്ടവും പണവുമെല്ലാം കവർന്നു നാടു വിടുന്ന കല്യാണവീരന്മാർ അകാലങ്ങളിൽ വൈധവ്യം സമ്മാനിച്ച എത്രയെത്ര തരുണികൾ! അവർക്കെല്ലാം മാതൃകയാണ് ഹാജറ(റ). ക്ഷമിക്കാനും സഹിക്കാനും ശീലിച്ചാൽ ഭാവി നിറഞ്ഞ സന്തോഷത്തിന്റേതായിരിക്കും. പക്ഷേ ഇബ്‌റാഹീം നബി(അ) ഇവരെ വിട്ടുപോയത് തികച്ചും അല്ലാഹുന്റെ കൽപന പ്രകാരമായിരുന്നു. തന്റെ കുഞ്ഞിനെ കാണാതാവും വരെ നടന്നു ഹജൂൻ കുന്നിനു മുകളിൽ കയറി അവരുടെ നേരെ തിരിഞ്ഞ് ആ പിതാവ് പ്രാർത്ഥിക്കുകയായിരുന്നു. ‘നാഥാ, നിസ്‌കാരം നിലനിർത്തുന്നതിന് വേണ്ടി എന്റെ കുഞ്ഞിനെ ഒരു കൃഷിയുമില്ലാത്ത നിന്റെ വിശുദ്ധ ഗേഹത്തിനടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ജനഹൃദയങ്ങളെ നീ അവരിലേക്ക് തിരിച്ചുവിടുകയും അവർ നന്ദിയുള്ളവരാകാൻ നല്ല പഴങ്ങൾ അവർക്കു നീ ഭക്ഷണമായി നൽകുകയും ചെയ്യേണമേ (14/37).

ഹാജർ(റ)യുടെയും സഹനത്തിനും അല്ലാഹു വലിയ പ്രതിഫലമാണ് കൊടുത്തത്. ഭർത്താവിന്റെയും അല്ലാഹുവിന്റെയും തീരുമാനങ്ങൾ അനുസരിച്ചതു കൊണ്ടാണ് എന്നും മഹതി മുസ്‌ലിം ലോകത്ത് സ്മരിക്കപ്പെടുന്നത്. ഹാജറിനെ ഓർക്കാതെ ആർക്കാണൊരിറ്റ് സംസം കുടിക്കാനാവുക. ഹജ്ജും ഉംറയും നിർവഹിക്കുന്നവർ ആ മഹതിയെ അക്ഷരംപ്രതി അനുകരിച്ചാണ് സഅ്‌യ് ചെയ്യുന്നത്. തന്റെ മകൻ വിശുദ്ധ കഅ്ബ പുനർനിർമിച്ചതിലൂടെ സ്വന്തം കുടുംബത്തിന്റെ ഓർമകൾ അന്ത്യദിനം വരെ ഉജ്ജ്വലമാക്കി നിർത്തിയതുമെല്ലാം ഹാജറ(റ)യുടെ മനോധൈര്യത്തിന്റെ സത്ഫലങ്ങളാണ്. ഖിബ്തി വംശജയായിരുന്ന ഹാജറ ബീവിയുടെ അതേ വംശക്കാരിയായിരുന്നു പിന്നീട് ഈജിപ്തിലെ മുഖൗഖിസ് രാജാവ് തിരുനബി(സ്വ)ക്ക് സമർപിച്ച മാരിയതുൽ ഖിബ്തിയ്യ. നബി(സ്വ)യുമൊത്ത് ഇണ ജീവിതം നയിക്കാൻ ഭാഗ്യമുണ്ടായിരുന്ന അവരോട് തന്റെ വല്ല്യുമ്മയുടെ കുടുംബബന്ധം ഓർത്തുകൊണ്ട് വലിയ സ്‌നേഹം പ്രകടിപ്പിച്ചിരുന്നു പ്രവാചകർ. മാത്രമല്ല മഹതിയിലൂടെ റസൂൽ(സ്വ)ക്ക് കുട്ടി ജനിച്ചപ്പോൾ ഇബ്‌റാഹീം എന്നു പേരിട്ടതും ഈ ഓർമ പുതുക്കാനാവണം. ഇസ്മാഈൽ(അ) അബുൽ അറബ് എന്നറിയപ്പെടുമ്പോൾ ഉമ്മ ഹാജറ(റ) ഉമ്മുൽ അറബ് എന്ന മാതൃപദവിയിലാണ് ചരിത്രത്തിൽ ഇടം നേടിയത്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ