തറാവീഹ് കേവലമൊരു ആചാരമല്ല. മഹത്തായ ആരാധന, വലിയ ജിഹാദ്, പാപമോചനം, വിശ്വാസ പൂര്‍ത്തീകരണം, ആദര്‍ശ ശത്രുക്കള്‍ക്ക് മറുപടി, ഇജ്മാഇനെ അംഗീകരിക്കല്‍ തുടങ്ങി നിരവധി അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന അമൂല്യനിധിയാണ് തറാവീഹ്. ഓരോന്നായി വിശദീകരിക്കാം.

മഹത്തായ ആരാധന

ഏതൊരു ഇബാദത്തിന്‍റെയും സ്ഥാനവും ബഹുമതിയും ഉയരുന്നത് കല്‍പനയുടെ ശൈലിയും പ്രവര്‍ത്തന രീതിയും സമയവും പ്രതിഫലവും പരിഗണിച്ചാണ്. ഇത്തരത്തില്‍ വീക്ഷിക്കുമ്പോള്‍ ആരാധനകളില്‍ മുന്‍പന്തിയിലാണ് തറാവീഹിന്‍റെ സ്ഥാനം.

ഒന്നാമതായി കല്‍പനയുടെ ശൈലി നോക്കാം. തിരുമേനി(സ്വ) പറയുന്നു: ‘ആരെങ്കിലും വിശ്വാസം ശരിപ്പെടുത്തിയും പ്രതിഫലം കാംക്ഷിച്ചും റമളാനിലെ നിസ്കാരം നിര്‍വഹിച്ചാല്‍ അവന്‍റെ കഴിഞ്ഞകാലത്തെ പാപങ്ങള്‍ പൊറുക്കപ്പെടും’ (ബുഖാരി, മുസ്ലിം, തുര്‍മുദി).

സിഹാഹുസ്സിത്തയും ഇമാം മാലിക്, അഹ്മദ് (റ) അടക്കം നിരവധി ഇമാമുകളും റിപ്പോര്‍ട്ട് ചെയ്ത പ്രസ്തുത ഹദീസ് നോക്കൂ. റമളാന്‍ കൊണ്ട് ഉദ്ദേശിക്കപ്പെട്ട ആത്മശുദ്ധീകരണം തറാവീഹ് കൊണ്ട് എത്രമാത്രമാണ് സാധ്യമാകുന്നത്! കഴിഞ്ഞ കാലത്ത് ചെയ്ത പാപങ്ങള്‍ കഴുകി പുതിയ ജീവന്‍ നല്‍കുന്നു. വിശ്വാസിയായ ഒരടിമക്ക് സംസ്കൃത ആത്മാവുമായി പുതുജീവിതം ലഭിക്കുന്നതിനേക്കാള്‍ സന്തോഷമുള്ള മറ്റെന്തുണ്ട്?

ഇത്തരം സല്‍ക്കര്‍മങ്ങള്‍ കൊണ്ട് പൊറുക്കപ്പെടുന്ന ദോഷങ്ങള്‍ ഹറാമുകളല്ലാത്തവ യാണെന്നതാണ് പ്രബലമായ അഭിപ്രായം. വന്‍ ദോഷങ്ങള്‍ക്ക് പ്രത്യേക തൗബതന്നെ വേണം. ഇത് വിശ്വാസികള്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്. തൗബ നടത്തുമ്പോള്‍ ചെയ്തുപോയ വന്‍കുറ്റങ്ങള്‍ ഉള്‍പ്പെടുത്തി അവകളില്‍ നിന്ന് പിന്മാറി ഖേദം പ്രകടിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അപ്രകാരം, മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള അവകാശങ്ങള്‍ നല്‍കാനും ബാധ്യതയായ ആരാധനകള്‍ ഖളാഅ് വീട്ടാനും തൗബക്ക് മുമ്പേ സാധിക്കണം.

മറ്റൊരു ഹദീസ് കൂടി വായിക്കാം. ഒരാള്‍ തിരുനബി(സ്വ)യുടെയടുത്ത് വന്നു പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ, അവിടുന്ന് പറഞ്ഞുതന്നാലും. അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും അവിടുന്ന് അല്ലാഹുവിന്‍റെ റസൂലാണെന്നും ഞാന്‍ സാക്ഷ്യം വഹിച്ചു. അഞ്ചു വഖ്ത് നിസ്കരിച്ചു. സകാത്ത് കൊടുത്തു. റമളാനില്‍ നോമ്പും നിസ്കാരവും നിര്‍വഹിച്ചു. എങ്കില്‍ ഞാന്‍ ആരുടെ ഗണത്തിലാണ്? തിരുനബി(സ്വ)യുടെ മറുപടി: ‘സിദ്ദീഖീങ്ങളുടെയും ശുഹദാക്കളുടെയും ഗണത്തില്‍’ (ഇബ്നു ഹിബ്ബാന്‍, ഇബ്നു ഖുസൈമ, ബസ്സാര്‍).

ഏതൊരു വിശ്വാസിയെയും കുളിരു കൊള്ളിക്കുന്ന ഹദീസ് വാക്കുകളിലേക്ക് ശ്രദ്ധിച്ചില്ലേ. പ്രവാചക പദവിക്ക് ശേഷം ഉന്നത സ്ഥാനങ്ങളായി കണക്കാക്കുന്ന സിദ്ദീഖീങ്ങളുടെ സ്ഥാനവും കൂടാതെ ശുഹദാക്കളുടെ സ്ഥാനവും വാഗ്ദാനം ചെയ്യുന്നു. മുകളിലെ ഹദീസുകള്‍ കഴിഞ്ഞകാലവും വരുംജീവിതവും സമ്പന്നമാക്കാന്‍ തറാവീഹ് നിസ്കാരം കൊണ്ട് സാധ്യമാകുമെന്ന് പഠിപ്പിക്കുന്നുണ്ട്.

മാത്രമല്ല, ഇമാം ബുഖാരി(റ) ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ നബി(സ്വ) പറയുന്നു: ‘തറാവീഹ് ഫര്‍ളാക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.’ കാരണം അത്രമാത്രം സ്വഹാബികള്‍ തറാവീഹിനെ ആവേശത്തോടെ കണ്ടിരുന്നു. അതിനാല്‍ പിന്നീട് പരസ്യമായി തറാവീഹ് നിസ്കരിക്കാന്‍ തിരുനബി(സ്വ) പള്ളിയില്‍ വന്നില്ല.

പ്രവര്‍ത്തനരീതിയും സമയവും

ഏറ്റവും പരിശുദ്ധമായ മാസത്തിലെ മുഴുവന്‍ ദിവസങ്ങളിലും തറാവീഹ് നിര്‍വഹിക്കണം. ഓരോ സല്‍കര്‍മത്തിനും നിരവധി ഇരട്ടി പുണ്യങ്ങള്‍ നല്‍കപ്പെടുന്ന ഈ മാസത്തില്‍ നിര്‍വഹിക്കുന്ന തറാവീഹ് ഏറ്റവും മികച്ച സ്ഥാനമുള്ള ശാരീരിക ആരാധനകളില്‍ പെട്ടതാണ്. പരിശുദ്ധ ഖുര്‍ആനിന്‍റെ വാര്‍ഷിക മാസമായ റമളാനിലെ തറാവീഹിന്‍റെ നിര്‍വഹണം പരമാവധി ഖുര്‍ആന്‍ ഭാഗങ്ങള്‍ പാരായണം ചെയ്തു കൊണ്ടായിരിക്കണം. അതിന് അനുയോജ്യരായവരുടെ കൂടെ ജമാഅത്തായി നിര്‍വഹിക്കുന്നതാണ് ഏറ്റവും ഉത്തമം. ഒരു റക്അത്തില്‍ ഇരുപത്തേഴിരട്ടി പ്രതിഫലം നല്‍കപ്പെടുന്ന സംഘമായുള്ള നിസ്കാരത്തിന്‍റെ ഗണത്തിലാണ് തറാവീഹ് ഉള്‍പ്പെടുന്നത്.

തറാവീഹിന്‍റെ ജമാഅത്തിലുള്ള പുണ്യങ്ങളെ വിശദീകരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം: ‘ഒരാള്‍ ഇമാമിനോടൊന്നിച്ച് നിസ്കരിച്ചു കഴിഞ്ഞാല്‍ ആ മുഴുവന്‍ രാത്രി നിന്ന് നിസ്കരിച്ച പ്രതിഫലം അവന് എഴുതപ്പെടും’ (അബൂദാവൂദ്).

നിര്‍വഹണരീതിയും സമയവും എല്ലാം തറാവീഹിന്‍റെ മഹത്ത്വം വിളിച്ചോതുന്നു. ഈ മഹത്തായ ഇബാദത്ത് നിര്‍വഹിക്കേണ്ടത് അല്‍പം സമയം എടുത്തിട്ടാവണമെന്ന് തറാവീഹ് എന്ന പദത്തില്‍ നിന്ന് തന്നെ ലഭിക്കുന്നുണ്ട്. ഇടയ്ക്കിടെ ആശ്വാസത്തിന് സമയം ചെലവഴിക്കുന്നത് എന്നാണ് തറാവീഹ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇമാം നവവി(റ) തറാവീഹിന്‍റെ അദ്കാറുകളെ കുറിച്ച് പറഞ്ഞത് സമകാലിക ലോകത്ത് ഓര്‍മപ്പെടുത്തുന്നത് ഉചിതമാണെന്ന് തോന്നുന്നു. ‘തറാവീഹ് നിസ്കാരം മറ്റു നിസ്കാരങ്ങള്‍ പോലെതന്നെ മുഴുവന്‍ അദ്കാറുകളും കൊണ്ടുവരേണ്ടതാണ്. അഥവാ വജ്ജഹ്ത്തു, പൂര്‍ണ അത്തഹിയാത്ത്, ശേഷമുള്ള ദിക്റുകള്‍ പോലോത്ത മുഴുവനും കൊണ്ടുവരണം. ഇത് വ്യക്തമായി അറിവുള്ള കാര്യമാണെങ്കിലും അധിക ജനങ്ങളും അവയെ നിസ്സാരവത്കരിച്ച് ഒഴിവാക്കുന്നതിനാലാണ് ഞാന്‍ ഉണര്‍ത്തുന്നത്’ (അല്‍അദ്കാറുന്നവവി).

ഏറ്റവും വലിയ ജിഹാദ്

യുദ്ധം കഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ സ്വഹാബികളോട് നബി(സ്വ) പറഞ്ഞ ഒരു ചരിത്രമുണ്ട്: ‘നാം ചെറിയ യുദ്ധത്തില്‍ നിന്നു വലിയ യുദ്ധത്തിലേക്കാണ് മടങ്ങുന്നത്. അത് സ്വശരീരത്തോടുള്ള പോരാട്ടമാണ്.’ ബദ്ര്‍ യുദ്ധം നടന്ന മാസത്തില്‍ തന്നെയാണ് സ്വശരീരത്തോടും പിശാചിനോടുമുള്ള പോരാട്ടം ഗംഭീരമായി നടക്കേണ്ടത്. പകലില്‍ നോമ്പ് നോറ്റും രാത്രിയില്‍ നിന്ന് നിസ്കരിച്ചും പോരാട്ടം കെങ്കേമമാക്കി വിജയം വരിക്കണം.

ഇബ്നു റജബില്‍ ഹമ്പലി(റ) പറയുന്നു: റമളാനില്‍ ഒരു വിശ്വാസിക്ക് രണ്ട് യുദ്ധമുണ്ട്. നോമ്പ് നോറ്റ് കൊണ്ട് പകലിലൊന്നും നിസ്കാരം നിര്‍വഹിച്ചുകൊണ്ട് രാത്രിയില്‍ മറ്റൊന്നും. ഈ രണ്ട് യുദ്ധങ്ങള്‍ ഒരാള്‍ ഒരുമിച്ച് ചെയ്താല്‍ കണക്കില്ലാത്ത പ്രതിഫലം നല്‍കപ്പെടും (ലത്വാഇഫുല്‍ മആരിഫ്).

റമളാന്‍ മാസത്തില്‍ പ്രസ്തുത ജിഹാദില്‍ കൂടുതല്‍ പ്രയത്നിച്ച ഒരു പരിത്യാഗിയെ അല്‍ബിദായതു വന്നിഹായ പരിചയപ്പെടുത്തുന്നത് കാണുക: താബിഇയ്യായ പണ്ഡിതനും ഹിംസ്വിലെ ഇമാമുമായിരുന്നു ഖാലിദ്ബ്നു സഅദാന്‍(റ). അദ്ദേഹം നോമ്പുകാരനായിരിക്കേ നാല്‍പതിനായിരം തസ്ബീഹ് ചൊല്ലുന്നു. എല്ലാ രാത്രിയിലും ഖുര്‍ആനിന്‍റെ മൂന്നിലൊന്ന് ഭാഗം പാരായണം ചെയ്ത് തറാവീഹ് നിസ്കരിക്കുന്നു (അല്‍ബിദായതു വന്നിഹായ).

 

വിശ്വാസ പൂര്‍ത്തീകരണം

അഹ്ലുസ്സുന്നത്തി വല്‍ജമാഅ എന്നാല്‍ നബി(സ്വ)യുടെ തിരുസുന്നത്തിനെയും സ്വഹാബത്തിന്‍റെ ചര്യയെയും അനുധാവനം ചെയ്യുന്നവര്‍ എന്നാണര്‍ത്ഥം. ഞാനും എന്‍റെ സ്വഹാബത്തും നിലകൊണ്ട ആശയാദര്‍ശങ്ങളാണ് നേരായ വഴിയെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്.

ഏത് പുത്തനാശയക്കാരെ പരിശോധിച്ചാലും അവര്‍ അഹ്ലുസ്സുന്നയുമായി വേര്‍പിരിയുന്നത് സ്വഹാബികളുടെ കാര്യം വരുമ്പോഴാണ്. ഖവാരിജ്, റാഫിളുകള്‍, വഹാബികള്‍ തുടങ്ങിയ പുത്തനാശയക്കാരെല്ലാം ഇതിനുദാഹരണങ്ങളാണ്.

റാഫിളത്തിന് തറാവീഹ് സുന്നത്ത് തന്നെയില്ല. കാരണം അബൂബക്കര്‍ സിദ്ദീഖ്, ഉമര്‍(റ)നെയും തള്ളുന്നവരാണ് യഥാര്‍ത്ഥ റാഫിളുകള്‍. ഉമര്‍(റ) നടപ്പിലാക്കിയത് അവര്‍ക്ക് സുന്നത്താവാന്‍ പാടില്ലല്ലോ. ഇത്തരത്തിലുള്ളവ ശിയാക്കള്‍, വഹാബികള്‍ തുടങ്ങിയവരില്‍ നമുക്ക് ധാരാളം കാണാന്‍ കഴിയും. മൂത്ത റാഫിളുകള്‍ക്ക് തറാവീഹ് തന്നെ ഇല്ലാതിരിക്കുമ്പോള്‍ പകുതി റാഫിളിക്ക് ഉമര്‍(റ) നിലനിര്‍ത്തിയ ഇരുപത് പറ്റില്ല. റാഫിളിയ്യത് തലയില്‍ കയറിയ ഉമര്‍ മൗലവി പറഞ്ഞു: ‘മക്കത്തെ ഉമര്‍ തറാവീഹ് ഇരുപത് ആക്കിയെങ്കില്‍ വെളിയങ്കോട്ടെ ഉമര്‍ എട്ടാക്കുന്നു’. ഇത് സ്വഹാബത്തിനെ തിരസ്കരിക്കലല്ലെങ്കില്‍ പിന്നെന്താണ്?

ഇരുപത് റക്അത്ത്

ഇമാം നവവി(റ) എഴുതുന്നു: ഉമര്‍(റ)ന്‍റെ കാലത്ത് ജനങ്ങള്‍ റമളാനില്‍ ഇരുപത് റക്അത്തായിരുന്നു  തറാവീഹ് നിസ്കരിച്ചത് എന്ന സാഇബുബ്നു യസീദ്(റ)വില്‍ നിന്നുള്ള ഹദീസിനെ ഇമാം ബൈഹഖി(റ)യും മറ്റും സ്വഹീഹായ സനദോടെ റിപ്പോര്‍ട്ട് ചെയ്തത് നാം തെളിവായി എടുക്കുന്നു (ശറഹുല്‍ മുഹദ്ദബ്).

തറാവീഹ് ഇരുപത് റക്അത്ത് സുന്നത്താക്കിയതിന് പിന്നിലെ രഹസ്യം ഇബ്നു ഹജറുല്‍ ഹൈതമി(റ) കുറിച്ചു: മുഅക്കദായ റവാതിബ് സുന്നത്ത് നിസ്കാരങ്ങള്‍ പത്ത് റക്അത്താണ്. എന്നാല്‍ റമളാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ട മാസമായതിനാല്‍ തറാവീഹിനെ അവകളുടെ ഇരട്ടി എണ്ണമാക്കപ്പെട്ടു (തുഹ്ഫ).  ഒരു ദിവസത്തിലെ ഫര്‍ളായ പതിനേഴ് റക്അത്തും ശക്തമായ സുന്നത്തുള്ള വിത്റ് നിസ്കാരത്തില്‍ നിന്ന് മൂന്ന് റക്അത്തും കൂടിയ എണ്ണമാണ് ഇരുപത് ഈ തരത്തിലും അഭിപ്രായപ്പെട്ടിട്ടുണ്ട്.

റമളാനിലും അല്ലാത്തപ്പോഴുമുള്ള നബി(സ്വ)യുടെ നിസ്കാരത്തെ സംബന്ധിച്ച് ആഇശ(റ) പറയുന്ന ഹദീസാണ് റക്അത്തുകളുടെ എണ്ണം കുറക്കുന്നവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രധാന തെളിവ്. ‘നബി(സ്വ) റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനേക്കാള്‍ അധികരിപ്പിക്കാറില്ലായിരുന്നു’വെന്ന ഈ ഹദീസിന്‍റെ ആദ്യഭാഗത്തുള്ള ‘റമളാനും അല്ലാത്തപ്പോഴും’ എന്ന വാക്യംതന്നെ വിളിച്ചു പറയുന്നുണ്ട് ഇത് വിത്റിനെ സംബന്ധിച്ചാണെന്ന്. അത് ഇമാമുകള്‍ വ്യക്തമാക്കുകയും ചെയ്തു.

 

നേതാക്കള്‍ പറഞ്ഞത്

വഹാബികളുടെ ഏറ്റവും ഉന്നതരായ നേതാക്കള്‍ മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബും ഇബ്നുതൈമിയ്യയും പറയുന്നത് എത്ര റക്അത്താണെന്ന് പരിശോധിക്കാം.

ഇബ്നു തൈമിയ്യ വിശദമാക്കുന്നു: ഉമര്‍(റ)വിന്‍റെ  കാലത്ത് ഉബയ്യുബ്നു കഅബ്(റ) ജനങ്ങളുമായി ഇരുപത് റക്അത്ത് നിസ്കരിച്ചത് സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. അന്‍സ്വാരികള്‍ക്കും മുഹാജിറുകള്‍ക്കും ഇടയില്‍ ഇത്തരത്തില്‍ നിര്‍വഹിക്കപ്പെട്ടിട്ടും ഒരാള്‍പോലും എതിര്‍ത്തില്ല (മജ്മൂഉല്‍ ഫതാവാ).

മുഹമ്മദ്ബ്നു അബ്ദില്‍ വഹാബ് പറയുന്നു: അഹ്മദ് ബ്നു ഹമ്പല്‍(റ), ഇമാം ശാഫിഈ(റ) എന്നിവരുടെ അടുക്കല്‍ തറാവീഹ് ഇരുപത് റക്അത്താണ്. ഇമാം മാലിക്(റ) മുപ്പത്തിയാറാണെന്നും പറയുന്നു. എന്നാല്‍ നമുക്കുള്ള തെളിവ് ഉമര്‍(റ) ഉബയ്യ് ബ്നു കഅബ് (റ)വിന്‍റെ നേതൃത്വത്തില്‍ ഇരുപത് റക്അത്ത് സംഘടിപ്പിച്ചതാണ് (മുഖ്തസ്വറുല്‍ ഇന്‍സ്വാഫ്).

മാലിക്(റ) മുപ്പത്തിയാറാണെന്ന് പറയാന്‍ കാരണം മക്കയിലെ ആളുകള്‍ തറാവീഹില്‍ നിന്ന് ഓരോ നാല് റക്അത്ത് കഴിയുമ്പോഴും ഇടയില്‍ ത്വവാഫ് ചെയ്യാറുണ്ട്. എന്നാല്‍ മദീനക്കാര്‍ അതിനുപകരം നാല് റക്അത്ത് സുന്നത്ത് നിസ്കാരം നിര്‍വഹിക്കും. അതുകൂടി ചേര്‍ത്താണ് മുപ്പത്തിയാറ് എന്ന് ഇമാം മാലിക് (റ) പറഞ്ഞത്.

ചുരുക്കത്തില്‍, നാലു മദ്ഹബുകളും ഇരുപത് റക്അത്ത് തറാവീറിനെ സ്ഥിരപ്പെടുത്തുന്നു. ഇരുപതില്‍ കുറവാണ് തറാവീഹ് എന്നു പറയുന്നത് നാല് മദ്ഹബുകളുടെയും ഇജ്മാഇന് എതിരാണ്. നാല് മദ്ഹബിനും സ്ഥാപക നേതാക്കളായ ഇബ്നുതൈമിയ്യക്കും മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബിനും എതിരായിട്ട് പോലും വഹാബികള്‍ എട്ട് റക്അത്ത് വാദിക്കുന്നത് ശുദ്ധമതവിരോധമാണ്, അഥവാ റാഫിളത്തിന്‍റെ സ്വഹാബി തിരസ്കാരവാദം. അതിനാല്‍ തറാവീഹ് ഇരുപത് നിസ്കരിക്കുന്നത് പൂര്‍ണ അഹ്ലുസ്സുന്നയുടെ വക്താവായി പരിഗണിക്കപ്പെടാനുള്ള പ്രത്യക്ഷ മാര്‍ഗം കൂടിയാണ്.

അഹ്ലുസ്സുന്നത്തി വല്‍ജമാഅത്ത് ആരെന്ന് അനസുബ്നു മാലിക്(റ)നോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇവിടെ പ്രസക്തമാണ്: ശൈഖൈനി (അബൂബക്കര്‍-റ, ഉമര്‍-റ)യെ ഇഷ്ടപ്പെടുക, ഖത്നൈനി (ഉസ്മാന്‍-റ, അലി-റ)യെ അധിക്ഷേപിക്കാതിരിക്കുക, അംഗശുദ്ധി വരുത്തുമ്പോള്‍ ഖുഫ്ഫ തടവുക (ശറഹുല്‍ അഖാഇദ്) എന്നീ ശീലങ്ങളുള്ളവര്‍. ഖവാരിജുകള്‍ക്കും റാഫിളുകള്‍ക്കും സ്വഹാബികള്‍ തൃപ്തരല്ല. ശിയാക്കള്‍ ഖുഫ്ഫ തടവലുമില്ല. അതിനാല്‍ ഇവ സുന്നത്ത് ജമാഅത്തിന്‍റെ അടയാളമാണെന്ന് വ്യക്തം.

 

തെളിവുകള്‍ തിരിഞ്ഞുകുത്തുന്നു

തറാവീഹ് എട്ട് റക്അത്താണെന്ന് പറയാന്‍ ബിദ്അത്തുകാര്‍ തെളിവാക്കുന്ന വിത്റിന്‍റെ ഹദീസില്‍ റസൂല്‍(സ്വ) നാലു റക്അത്ത് ചേര്‍ത്തി  നിസ്കരിച്ചതായാണുള്ളത്.  പക്ഷേ ബിദഇകള്‍ രണ്ട് വീതമാണ് നിസ്കരിക്കുന്നത്. സ്വഹാബികളെ മാത്രമല്ല  തിരുചര്യയെയും ഇക്കൂട്ടര്‍ തള്ളുകയാണിവിടെ.

മാത്രമല്ല ഉമര്‍(റ)വാണ് പൊതുസ്വഭാവത്തില്‍ ഒരു ഇമാമിന്‍റെ കീഴില്‍ ഏകീകൃത ജമാഅത്ത് സ്ഥാപിച്ചത്. സിദ്ദീഖ്(റ)വിന്‍റെ കാലത്ത് ഇല്ലാത്ത മതപരമായ പുതിയചര്യ ഉമര്‍(റ) നടപ്പിലാക്കിയെന്ന് ചുരുക്കം. നബിദിനാഘോഷങ്ങള്‍ക്ക് റാലി നടത്തുന്നതും മറ്റും പുണ്യമുള്ള കാര്യമാണെങ്കില്‍ സ്വഹാബത്ത് എന്തുകൊണ്ട് നടത്തിയില്ല എന്ന വഹാബികളുടെ ചോദ്യം ബൂമറാങ്ങ് പോലെ അവരെത്തന്നെ തിരിഞ്ഞുകുത്തുകയാണിവിടെ. കാരണം ഇത്ര വലിയ സുന്നത്തായ പൊതുകര്‍മം സിദ്ദീഖ്(റ)ന് അറിയാതെയും ലഭിക്കാതെയും നഷ്ടപ്പെട്ടു പോയോ? എന്നാല്‍ സല്‍കര്‍മമാണെന്ന് തെളിവുകളിലൂടെ ബോധ്യപ്പെട്ടാല്‍ നാം പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ചുരുക്കത്തില്‍, തറാവീഹ് നിര്‍വഹിക്കുന്നവര്‍ക്ക് വിവിധ രീതിയിലുള്ള നിരവധി ഗുണങ്ങള്‍ ഒരുമിച്ചുകൂട്ടാനാകും.

You May Also Like
lets welcome ramalan-malayalam

റമളാന്‍ വരുന്നു നമുക്ക് സ്വീകരിക്കാന്‍ പഠിക്കാം

ഹിജ്‌റ വര്‍ഷം 1439-ലെ റമളാനിന്റെ മുന്നൊരുക്കപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് മുസ്‌ലിം ലോകം. സമഗ്രമായ ആസൂത്രണങ്ങളോടെ പുണ്യറമളാനിനെ സ്വീകരിക്കാന്‍…

● ശുക്കൂര്‍ സഖാഫി വെണ്ണക്കോട്

റമളാന്‍: പുണ്യങ്ങള്‍ പുണ്യവചനങ്ങള്‍

ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസമാണു റമളാന്‍. വിശുദ്ധ ഖുര്‍ആനില്‍ ശഹ്റു റമളാന്‍ എന്നുതന്നെ ഇതിനെ വിളിച്ചുകാണാം.…

നോമ്പിന്റെ രീതിശാസ്ത്രം

റമളാനിലെ അതിശ്രേഷ്ഠമായ നിർബന്ധ ആരാധനയാണ് നോമ്പ്. അല്ലാഹു ഖുദ്‌സിയ്യായ ഹദീസിലൂടെ ഉണർത്തി: ‘നോമ്പ് എനിക്കുള്ളതാണ്. ഞാനാണതിന്…

● അബൂബക്കർ അഹ്‌സനി പറപ്പൂർ