അറബിക്കടലില്‍ രണ്ടു നദികള്‍ സംഗമിക്കുന്നിടത്തെ തുരുത്താണ് കരുവന്‍തിരുത്തി. ചാലിയാറും കടലുണ്ടിപ്പുഴയുമാണ് ആ രണ്ടു നദികള്‍. ഇവയില്‍ നിന്ന് മീമ്പിടിച്ചും കയറുല്‍പന്നങ്ങളുണ്ടാക്കിയും നാളികേര കൃഷി നടത്തിയും ഈ നാട്ടുകാര്‍ പുലര്‍ന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. സമ്പന്നതയിലേക്കുള്ള പറിച്ചുനടലിനു മുമ്പത്തെ കഥയാണിത്. ഉള്ളതില്‍ നിന്ന് ഓഹരിയെടുത്ത് മതവിജ്ഞാനത്തെയും പണ്ഡിതരെയും തുണച്ചു ഈ നാട്. കരുവന്‍തിരുത്തി പഴയ ജുമാമസ്ജിദ്, മഠത്തില്‍ പാടം പള്ളികള്‍ വിജ്ഞാന തീരങ്ങളായി പരിലസിച്ചു. കരുവന്‍തിരുത്തിയിലെ പൂഴിമണ്ണില്‍ ചവിട്ടി അറിവിന്റെ കാതങ്ങള്‍ താണ്ടിയവരേറെയാണ്. ദര്‍സുകളുടെതെന്ന പോലെ സാദാത്തുക്കളുടെ നാടായും ഈ തുരുത്ത് ചരിത്രത്തിലിടം നേടി, വര്‍ത്തമാനത്തിലും.
“കരുവാന്റെ തുരുത്താ’ണ് കരുവന്‍തിരുത്തിയായി പരിണമിച്ചതെന്നാണ് സ്ഥലനാമപുരാണം. കൊല്ലപ്പണിക്കാരനാണ് കരുവാന്‍ (black smith). തോണി, ചെറുബോട്ടുകള്‍ തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയുമായി ഈ തുരുത്തില്‍ കരുവാന്‍ അഭയം പ്രാപിച്ചതിനെ തുടര്‍ന്നാണത്രെ പേരുവീഴുന്നത്. ഏതായാലും പണിയായുധങ്ങള്‍ക്കു മൂര്‍ച്ചയും തിളക്കവും വരുത്തി അയാളും മതവിജ്ഞാനീയങ്ങള്‍ക്ക് മാറ്റും പ്രചാരവും കൂട്ടി പണ്ഡിത കേസരികളും കഴിഞ്ഞ കോഴിക്കോട് ഫറോക്കിനടുത്ത ഈ നാടാണ് ആദര്‍ശ കേരളത്തിന്റെ ഇതിഹാസ നായകന്‍ ഉള്ളാള്‍ തങ്ങള്‍ക്കു ജന്മം നല്‍കുന്നത്.
എട്ടു നൂറ്റാണ്ടുമുമ്പ് യമനിലെ ഹളര്‍ മൗത്തില്‍ നിന്ന് മതപ്രബോധനത്തിനായി കണ്ണൂര്‍ വളപട്ടണത്തെത്തിയ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി(റ)യാണ് പ്രവാചക സന്താന പരമ്പരയായ ബുഖാരി സാദാത്തുക്കളുടെ കേരളത്തിലെ തുടക്കക്കാരന്‍. കാലങ്ങള്‍ക്കു ശേഷം ഇദ്ദേഹത്തിന്റെ പിന്മുറക്കാര്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ താമസമാക്കി. അങ്ങനെ കരുവന്‍ തിരുത്തിയിലും അവരെത്തി. അഹ്മദ് ജലാലുദ്ദീന്‍ ബുഖാരിയുടെ മൂന്നാമത്തെ പൗത്രന്‍ ഇസ്മാഈല്‍ ബുഖാരി(റ)യാണ് വിവാഹം വഴി കരുവന്‍തിരുത്തിയില്‍ ആദ്യം താമസമാക്കുന്നത്. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹം പൊന്നാനിയില്‍ താമസമാക്കുകയും അവിടെ മരണപ്പെടുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ അബ്ദുറഹ്മാന്‍ ബുഖാരി(റ) എന്ന മകനും പുത്രനായ ഇസ്മാഈല്‍ ബുഖാരി(റ)യും കരുവന്‍തിരുത്തിയില്‍ തന്നെ തുടര്‍ന്നു. ഇരുവരുടെയും ഖബ്റും ഇവിടെത്തന്നെ. ഇവരുടെ ശിഷ്ട തലമുറയാണ് കരുവന്‍തിരുത്തിയിലെ ബുഖാരി സാദാത്തുക്കള്‍.
ഈ പരമ്പരയില്‍ പ്രവാചകര്‍(സ്വ)യുടെ 39ാമത്തെ പൗത്രനായി 1341 (1929) റബീഉല്‍ അവ്വല്‍ 25നാണ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയെന്ന ഉള്ളാള്‍ തങ്ങളുടെ ജനനം. സയ്യിദ് അബൂബക്ര്‍ കുഞ്ഞിക്കോയ അല്‍ബുഖാരിയാണ് പിതാവ്. വാഴക്കാട്ടെ കൊന്നാര് സാദാത്തുക്കളില്‍ പ്രമുഖനായ സയ്യിദ് അഹ്മദ് കുഞ്ഞുല്ല ബുഖാരിയുടെ മകന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരിയുടെ പുത്രി ഹലീമ എന്ന കുഞ്ഞിബീവി മാതാവും.
വിജ്ഞാനവഴി
ഏറെ ഭക്തരായിരുന്നു ഉള്ളാള്‍ തങ്ങളുടെ മാതാപിതാക്കള്‍. വീട്ടില്‍ വരുന്ന പണ്ഡിതസാദാത്തുക്കളോടെല്ലാം മാതാവ് ഏല്‍പിക്കാറുണ്ടായിരുന്നത്, രണ്ടു മക്കളും ഉഖ്റവിയായ ആലിമീങ്ങളാവാന്‍ നിങ്ങള്‍ ദുആ ചെയ്യണമെന്നാണ്. ഇതേ സൂക്ഷ്മതയിലും നിയന്ത്രണത്തിലുമായി ആ ഉമ്മ മക്കളെ വളര്‍ത്തുകയും ചെയ്തു, അവര്‍ ഇത്രകൂടി ഉപദേശിച്ചു; മോനേ, നല്ലതു മാത്രം പറയുക, പ്രവര്‍ത്തിക്കുക, സത്യം കയ്പേറിയതാണെങ്കിലും തുറന്നുപറയുക. പില്‍ക്കാലത്തെ അഭൂതപൂര്‍വമായ വളര്‍ച്ചയിലേക്ക് ഉള്ളാള്‍ തങ്ങളെ കൈപിടിച്ചതിലും ആദര്‍ശരംഗത്തെ നീക്കുപോക്കില്ലാത്ത സ്വഭാവ രൂപീകരണത്തിനും ഈ മാതൃ ഉപദേശമായിരിക്കാം ഹേതുകം.
നാട്ടുകാരനായ കുഞ്ഞായിന്‍ മൊല്ലാക്കയില്‍ നിന്നും ഖുര്‍ആന്‍ ഓതിപ്പഠിച്ച തങ്ങള്‍, കരുവന്‍ തിരുത്തിയില്‍ ദര്‍സ് നടത്തിയിരുന്ന പുത്തന്‍ വീട്ടില്‍ മുഹമ്മദ് മുസ്ലിയാരില്‍ നിന്ന് പ്രാഥമിക വിജ്ഞാനം നേടി. അദ്ദേഹം പാടത്തെ പള്ളിയിലേക്കു ദര്‍സ് മാറിയപ്പോള്‍ തങ്ങളും അവിടെയെത്തി. ശേഷം കൊടമ്പിയകത്തു മുഹമ്മദ് മുസ്ലിയാരില്‍ നിന്ന് തഫ്സീര്‍ നുകര്‍ന്നു. തുടര്‍ന്ന് കൊടുവള്ളി കളരാന്തിരിയില്‍ കോണപ്പുഴക്കാരന്‍ മുഹമ്മദ് മുസ്ലിയാര്‍, ചെറീത് മുസ്ലിയാര്‍ എന്നിവര്‍ക്കു കീഴിലായിരുന്നു. മുന്‍കാല സമസ്ത നേതാവ് പറവണ്ണ മുഹ്യിദ്ദീന്‍കുട്ടി മുസ്ലിയാരില്‍ നിന്ന് പറമ്പത്ത്, പരപ്പനങ്ങാടി, പനയത്തിങ്ങല്‍ എന്നിവിടങ്ങളിലായി പഠനം നടത്തി. പിന്നെ അവറാന്‍കുട്ടി മുസ്ലിയാരുടെയടുത്ത് കരുവന്‍തിരുത്തി, കാസര്‍ഗോഡ് എന്നിവിടങ്ങളിലും പറമ്പത്ത് കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ പക്കലും അറിവുതേടിയെത്തി. പനയത്ത് പള്ളിയില്‍ കാടേരി അബുല്‍ കമാല്‍ മുസ്ലിയാര്‍ക്കു കീഴിലും തൃക്കരിപ്പൂര്‍ ബാപ്പു മുസ്ലിയാര്‍ക്കൊപ്പം നങ്ങാട്ടൂരിലും കഴിഞ്ഞു.
ഇകെ അബൂബക്കര്‍ മുസ്ലിയാര്‍ ബാഖിയാതില്‍ ഉള്ളതിനാല്‍ വെല്ലൂരില്‍ ഉപരി പഠനം നടത്താനുള്ള കണ്ണിയത്തിന്റെ ഉപദേശമനുസരിച്ച് യാത്ര തിരിച്ചെങ്കിലും ഇകെ ബാഖിയാത്ത് വിട്ട് പറമ്പത്ത് ദര്‍സ് തുടങ്ങിയെന്ന് യാത്രാമധ്യേ വിവരം ലഭിച്ചപ്പോള്‍ അങ്ങോട്ടുചെന്നു. പിന്നെ തളിപ്പറമ്പിലും ഇകെക്കൊപ്പം കഴിഞ്ഞു. രണ്ടു വര്‍ഷത്തിനു ശേഷം വെല്ലൂരില്‍ തന്നെ പോകാന്‍ തീരുമാനിച്ചെങ്കിലും ക്ഷാമം മൂലം മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നില്ലെന്ന് പത്രദ്വാരാ അറിഞ്ഞു. പക്ഷേ, പിന്മാറാന്‍ ആ വിജ്ഞാനകുതുകി ഒരുക്കമായില്ല. സ്വന്തം ചെലവിനുള്ള പണം കെട്ടിവെച്ചാണ് തങ്ങള്‍ കോളേജില്‍ പ്രവേശനം നേടിയത്. അങ്ങനെ ശൈഖ് ആദം ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്രത്ത് തുടങ്ങിയ പ്രഗത്ഭരുടെ ശിഷ്യത്വം നേടി.
കോളേജിലും ദര്‍സുകളിലും വിജ്ഞാന അവഗാഹം കൊണ്ട് അദ്ദേഹം ഗുരുനാഥരുടെയും വിദ്യാര്‍ത്ഥികളുടെയും ആദരവിനു പാത്രമായി. മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് ദര്‍സിലും കോളേജിലും ക്ലാസ്സെടുത്തു കൊടുത്തു. മുസ്‌ലിം, മഹല്ലി, ചഗ്മീനി, മുല്ലാജാമി, നുഖ്ബ, ജംഉല്‍ ജവാമിഅ് പോലുള്ള ഗ്രന്ഥങ്ങള്‍ ഓതിക്കൊടുക്കാന്‍ നിയമിതനായി. ഇകെ തന്നെയാണ് തങ്ങളുടെ ഈ പ്രാവീണ്യം തിരിച്ചറിഞ്ഞതെന്നത് ചരിത്രത്തിലെ കൗതുകം. കോളേജിലും സഹപാഠികള്‍ക്കിടയില്‍ അദ്ദേഹം വലിയ അംഗീകാരം നേടി. ഉസ്താദുമാരും അദ്ദേഹത്തെ ആദരിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം പരീക്ഷാഫലം വന്നപ്പോള്‍ തങ്ങള്‍ക്കായിരുന്നു ഒന്നാം റാങ്ക്.
കുടുംബജീവിതം
യാദൃച്ഛികമായിരുന്നു ഉള്ളാള്‍ തങ്ങളുടെ വിവാഹം. ജ്യേഷ്ഠനു നിശ്ചയിച്ചിരുന്ന വധു തന്റെ സഹധര്‍മിണിയായത് സരസമായി തങ്ങള്‍ തന്നെ പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്. രാമന്തളി സയ്യിദ് അഹ്മദ് കോയമ്മ തങ്ങളുടെ മകള്‍ ഫാത്വിമയെ ജ്യേഷ്ഠ സഹോദരന്‍ സയ്യിദ് ഇമ്പിച്ചിക്കോയ ബുഖാരിയുമായാണ് വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍ നികാഹിന് സമയമായപ്പോള്‍ വരനെ കാണാതായിരിക്കുന്നു. തിരഞ്ഞുപോയവര്‍ നിരാശരായി മടങ്ങി. രണ്ടു സയ്യിദ് കുടുംബങ്ങളുടെയും അഭിമാനം കാക്കാന്‍ പതിനാറുകാരനായ ഉള്ളാള്‍ തങ്ങള്‍ വരനായി. ഇക്കാര്യം നര്‍മത്തില്‍ ചാലിച്ച് തങ്ങള്‍ അവതരിപ്പിക്കുമ്പോള്‍, നിര്‍ണായക ഘട്ടങ്ങളില്‍ സമസ്തയുടെ ആദര്‍ശത്തിനു കാവല്‍ നിന്ന ഈ മഹാമനീഷിയുടെ ധന്യസ്മരണകളില്‍ വിഹരിക്കുകയാവും സദസ്സ്. (ജ്യേഷ്ഠന്‍ പിന്നീട് പരപ്പനങ്ങാടി ഖാസി ചെറു കുഞ്ഞിക്കോയ തങ്ങളുടെ മകളെ നികാഹ് ചെയ്തത് ഇതിന്റെ ബാക്കിപത്രം.)
മാതൃകാപരമായിരുന്നു കുടുംബജീവിതവും. കുടുംബത്തിന്റെ എല്ലാ ചെലവുകളും മരണം വരെയും തങ്ങള്‍ തന്നെ മുന്നില്‍ നിന്നു നടത്തി. ധര്‍മിഷ്ഠനായ തങ്ങള്‍ അതുമൊരു ധര്‍മമായാണ് ഗണിച്ചത്.
ഇവരാണ് തങ്ങളുടെ മക്കള്‍: സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ (കൊയിലാണ്ടി), സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (പയ്യന്നൂര്‍), സയ്യിദത് ബീകുഞ്ഞി (മഞ്ചേശ്വരം), സയ്യിദത് മുത്ത് ബീവി (കരുവന്‍തിരുത്തി), സയ്യിദത് കുഞ്ഞാറ്റ ബീവി (കാസര്‍ഗോഡ്, തിരുത്തി), സയ്യിദത് ചെറിയ ബീവി (കാസര്‍ഗോഡ്, ഉടുമ്പുന്തല), സയ്യിദത് റംലബീവി (കുമ്പോല്‍). മരുമക്കള്‍: സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സുബൈദ ബീവി (കൊയിലാണ്ടി), ആറ്റ ബീവി (പാപ്പിനിശ്ശേരി), പരേതരായ യുകെ ആറ്റക്കോയ തങ്ങള്‍, ചെറുകുഞ്ഞിക്കോയ തങ്ങള്‍, ഹുസൈസന്‍ കോയ തങ്ങള്‍, ജമലുല്ലൈലി തങ്ങള്‍.
ഉള്ളാളിന്റെ ഉള്ളകത്തേക്ക്
ബാഖിയാത്തില്‍ നിന്നു ബിരുദമെടുത്ത് തങ്ങള്‍ ആദ്യം സേവനമേറ്റത് ഉള്ളാളത്താണ്. 1952ല്‍ പള്ളിയില്‍ മുദരിസായാണ് തങ്ങള്‍ ജോലിയേല്‍ക്കുന്നത്. ഇരുപതു കൊല്ലത്തിനു ശേഷം 1972ല്‍ ഇത് സയ്യിദ് മദനി കോളേജായി മാറി. തങ്ങള്‍ പ്രിന്‍സിപ്പളുമായി. മരണം വരെ ഈ പദവിയില്‍ തുടര്‍ന്നു. അക്കാലത്ത് കാസര്‍ഗോഡ് ഖാസിയായിരുന്ന അവറാന്‍ മുസ്ലിയാരാണ് തങ്ങളെ ഉള്ളാളത്തേക്കെത്തിക്കാന്‍ കിണഞ്ഞു ശ്രമം നടത്തിയത്. അദ്ദേഹം മരിച്ചപ്പോള്‍ പകരം ഖാസിയായി നാട്ടുകാര്‍ തെരഞ്ഞെടുത്തത് തങ്ങളെയാണ്. ഖാസി സ്ഥാനമേല്‍ക്കാന്‍ വിസമ്മതിച്ച അദ്ദേഹത്തെ പ്രിയഗുരുവായ കണ്ണിയത്ത് വഴിയാണ് മഹല്ല് സാരഥികള്‍ സമ്മര്‍ദം ചെലുത്തി സമ്മതിപ്പിച്ചത്. കണ്ണിയത്ത് തന്നെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കു കാര്‍മികത്വം വഹിക്കുകയും ചെയ്തു.
നാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് വിശുദ്ധ മദീനയില്‍ നിന്ന് ഉള്ളാളില്‍ ഇസ്‌ലാമിക പ്രബോധനത്തിനെത്തിയ സാത്വികനായ മഹാനാണ് സയ്യിദ് ശരീഫുല്‍ മദനി(റ). സമുദ്രത്തില്‍ മുസ്വല്ല വിരിച്ചാണദ്ദേഹം ഉള്ളാളത്തെത്തിയതെന്നാണു ചരിത്രം. അദ്ഭുത സിദ്ധികള്‍ ധാരാളം പ്രകടിപ്പിച്ചു. ജീവിതകാലത്തും ശേഷവും അഗതികളുടെ അത്താണിയായി ആ സന്നിധി പ്രശസ്തമായി. തെന്നിന്ത്യയിലെ അജ്മീര്‍ എന്ന വിശേഷണവും ദര്‍ഗക്കു ലഭിച്ചു. മഖ്ബറക്കു കീഴിലാണ് അറബിക് കോളേജ് പ്രവര്‍ത്തിക്കുന്നത്. അനാരോഗ്യം അവഗണിച്ചു പോലും തങ്ങള്‍ ഉറൂസിന്റെയും കോളേജിന്റെയും പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നു.
സമസ്തയില്‍
പഠനകാലത്തേ സമസ്തയെന്ന കേരള മുസ്‌ലിംകളുടെ ആദര്‍ശ പ്രസ്ഥാനവുമായി ഉള്ളാള്‍ തങ്ങള്‍ ബന്ധം സ്ഥാപിച്ചിരുന്നു. അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1956ലാണ് തങ്ങള്‍ മുശാവറയില്‍ വരുന്നത്. ആ വര്‍ഷം സപ്തംബര്‍ 20ന് താനൂര്‍ ഇസ്ലാഹുല്‍ ഉലൂം മദ്റസയില്‍ വെച്ചു കൂടിയ മുശാവറ മീറ്റിംഗിലാണ് തെരഞ്ഞെടുപ്പുണ്ടായത്.
വൈകാതെ സംഘടനയുടെ മുന്നണിപ്പോരാളിയായി മാറിയ അദ്ദേഹം ഉന്നത സമിതികളിലും അവരോധിതനായി. പ്രായത്തെ വെല്ലുന്ന പക്വത, പാണ്ഡിത്യം, ധീര നിലപാടുകള്‍, ആദര്‍ശത്തിലെ കാര്‍ക്കശ്യം, ആത്മാര്‍ത്ഥത തുടങ്ങിയ മഹദ്ഗുണങ്ങള്‍ തിരിച്ചറിഞ്ഞാണ് പണ്ഡിതസഭ ഉപസമിതികളുടെ തലപ്പത്ത് തങ്ങളെ അവരോധിച്ചത്. കേവലം “തബര്‍റുകിന്റെ നിയമനങ്ങളാ’യിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഊര്‍ജസ്വല പ്രവര്‍ത്തനങ്ങള്‍ തെളിയിച്ചു.
തങ്ങള്‍ അംഗമായ ഉപസമിതിയാണ് സമസ്തക്കുവേണ്ടി തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമസ്തയുടെ ചരിത്ര പുസ്തകങ്ങളില്‍ എക്കാലത്തും തിളങ്ങിനില്‍ക്കുന്ന അധ്യായമാണത്. 130864ന് ചേര്‍ന്ന മുശാവറയിലായിരുന്നു പ്രസ്തുത അഞ്ചംഗ ഉപസമിതി രൂപീകരണം. കമ്മിറ്റി അവരുടെ ഗ്രന്ഥങ്ങള്‍ പരതിയും നേതാക്കളെക്കുറിച്ച് വിശദാന്വേഷണം നടത്തിയും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 160165ന് കണ്ണിയത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തബ്ലീഗ് ജമാഅത്ത് പുത്തന്‍ പ്രസ്ഥാനവും അതിന്റെ ആശയ സംഹിതകള്‍ സുന്നത്ത് ജമാഅത്തിനു വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
തങ്ങളുടെ പ്രസ്തുത യോഗ്യതകള്‍ തിരിച്ചറിഞ്ഞ് 291176ന് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അയനിക്കാട് ഇബ്റാഹിം മുസ്ലിയാരുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപാധ്യക്ഷ പദവി തങ്ങളില്‍ അര്‍പ്പിതമാവുന്നത്. പിഎ അബ്ദുല്ല മുസ്ലിയാര്‍ ആധ്യക്ഷം വഹിച്ച യോഗത്തിലായിരുന്നു തീരുമാനം. ദീര്‍ഘകാലം വിദ്യാഭ്യാസ ബോര്‍ഡിന്റെ അധ്യക്ഷനായും തങ്ങള്‍ സേവനമനുഷ്ഠിച്ചു. സ്വഗുരുവര്യരായ കണ്ണിയത്ത് അഹ്മദ് മുസ്ലിയാരായിരുന്നു അന്ന് സമസ്ത പ്രസിഡന്‍റ്. എന്നാല്‍ മിക്ക യോഗങ്ങളിലും ശിഷ്യനായ തങ്ങളെ അദ്ദേഹം തല്‍സ്ഥാനത്തിരുത്തും. മാതൃകാപരമായ ഗുരുശിഷ്യ ബന്ധമാണ് അവര്‍ മരണം വരെ പുലര്‍ത്തിയിരുന്നത്. സമസ്ത പുനഃസംഘടനക്കു ശേഷവും ഈ ബന്ധം ഇരുവരും നിലനിര്‍ത്തി. ആദരവും വാത്സല്യവുമെല്ലാം ഇഴപിരിഞ്ഞ പാരസ്പര്യമാണ് ഈ രണ്ടു ജ്ഞാനികള്‍ പുലര്‍ത്തിയിരുന്നത്. രണ്ടാവേണ്ടി വന്ന ശേഷവും സമ്മേളനങ്ങളില്‍ തങ്ങള്‍ പ്രാര്‍ത്ഥിക്കട്ടെയെന്ന് മഹാന്‍ നിര്‍ദേശിച്ചതിന് അനുഭവസ്ഥര്‍ സാക്ഷി. സാത്വികതയില്‍ ലയിച്ച മഹാന്‍ പദാര്‍ത്ഥ ലോകത്തുനിന്ന് മാറി ഉന്നതമായ ആത്മികാവസ്ഥയിലായിരുന്നെന്ന് ആ നാളുകള്‍ ബോധ്യപ്പെടുത്തുന്നു.
പ്രധാന വിഷയങ്ങളിലെല്ലാം തങ്ങള്‍ ഗുരുവിന്റെ അഭിപ്രായം തേടിയിരുന്നു. അതിനപ്പുറത്തേക്ക് ചലിച്ചില്ല. രാഷ്ട്രീയ പാര്‍ട്ടിയും മറുഭാഗം നേതാക്കളും ബഹിഷ്കരണാഹ്വാനം നടത്തിയ 89ലെ ചരിത്ര പ്രസിദ്ധമായ എറണാകുളം സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അനുമതി തേടി തങ്ങള്‍ വാഴക്കാട്ടെത്തിയിരുന്നു. സമ്മേളനത്തിനു പോകാനും സുന്നി പറയാനുമായിരുന്നു ഗുരോപദേശം. മരണം വരെ തങ്ങള്‍ ആ വാക്കു പാലിച്ചു.
ഭിന്നിപ്പിനു ശേഷം ഉള്ളാള്‍ ഉറൂസിനു കണ്ണിയത്തിനെ ക്ഷണിക്കാന്‍ ദര്‍ഗാ സാരഥികള്‍ക്കൊപ്പം ഉള്ളാള്‍ തങ്ങള്‍ വാഴക്കാട്ടു വന്നതും ഉസ്താദിന്റെ പ്രതികരണമറിഞ്ഞ ശേഷം അടുത്തു ചെല്ലാന്‍ കാത്തിരുന്നതും സ്മരണീയം. ഭാരവാഹികള്‍ ഉസ്താദിനെ ക്ഷണിച്ചു പിരിയാന്‍ നേരം ഇഷ്ട ശിഷ്യനെ കുറിച്ചു ചോദിച്ചുവത്രെ. കാറിലിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞപ്പോള്‍ കൂട്ടിവരാനാവശ്യപ്പെട്ടു. തന്റെയടുക്കല്‍ വരാതിരുന്നതിനെക്കുറിച്ചന്വേഷിച്ചപ്പോള്‍ തങ്ങള്‍ മറച്ചുവെക്കാതെ പറഞ്ഞു: “നിങ്ങളെന്നെ സമസ്തയില്‍ നിന്നു പുറത്താക്കിയതല്ലേ, അതുകൊണ്ട് വരാതിരുന്നതാണ്.’ ശിഷ്യവത്സലനായ ആ മഹാഗുരു കിടന്നിടത്തുനിന്ന് എഴുന്നേറ്റ് സഗൗരവം ചോദിച്ചതിങ്ങനെ: “തങ്ങളെ ഞാന്‍ പുറത്താക്കുകയോ, ഞാന്‍ പുറത്താക്കിയിട്ടില്ല. തങ്ങളെവിടെയാണുള്ളതെങ്കില്‍ അവിടെ ഞാനും ഉണ്ട്’. കൂടിനിന്നവരുടെ കണ്ണുനനയിച്ച ഹൃദ്യരംഗം. കളങ്കമില്ലാത്ത രണ്ടു മഹാത്മാക്കളുടെ ശുദ്ധമനസ്സുകള്‍ തമ്മില്‍ തൊട്ടറിയുകയായിരുന്നു അവിടെ.
പുനഃസംഘടന
ഉള്ളാള്‍ തങ്ങളുടെ ജീവിതമെഴുതുമ്പോള്‍ അത് സമസ്തയുടെ കൂടി സ്പന്ദനമായി മാറും. അത്രക്കു കെട്ടുപിണഞ്ഞു കിടക്കുന്നു പ്രസ്ഥാനവും നായകനും. സമസ്തയിലെ ചില പണ്ഡിതരില്‍ ആദര്‍ശ വ്യതിയാനം പ്രകടമാവുന്നത് 89കളിലാണ്. കേരള മുസ്‌ലിംകളുടെ ആധികാരിക പ്രസ്ഥാനമെന്ന നിലയില്‍ തീര്‍ത്തും അഹിതമായ ബാന്ധവങ്ങളും നീക്കുപോക്കുകളുമാണു ചിലരില്‍ കാണപ്പെട്ടത്. ആദര്‍ശം തിരിച്ചുപിടിക്കുന്നില്ലെങ്കില്‍ പ്രസ്ഥാനം കൊണ്ട് സമൂഹത്തിന് പ്രയോജനമില്ലെന്ന് അന്ന് ഉള്ളാള്‍ തങ്ങള്‍ കര്‍ക്കശ നിലപാടെടുത്തു. വിയോജിപ്പാണു മിക്കവരും പ്രകടിപ്പിച്ചത്. പക്ഷേ, ഏകനാണെങ്കിലും സത്യത്തിനു വേണ്ടി നിലകൊള്ളണമെന്ന നിശ്ചയദാര്‍ഢ്യം കൊണ്ട് ആ മുശാവറയില്‍ നിന്നു തങ്ങള്‍ പുറത്തുപോന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരടക്കം ഒരു സംഘം പണ്ഡിതരും തങ്ങളെ അനുഗമിച്ചു. ചരിത്രത്തിലേക്കായിരുന്നു ആ ഇറങ്ങിപ്പോക്ക്. ഭൂരിപക്ഷത്തില്‍ അഭിരമിച്ചിരുന്നവര്‍ക്കൊപ്പം ഹഖുണ്ടായിരുന്നില്ലെന്ന് പില്‍ക്കാലം തെളിയിച്ചു.
തങ്ങളുടെ കാര്‍മികത്വത്തില്‍ കാന്തപുരം ഉസ്താദ് നയിച്ച ആദര്‍ശമുന്നേറ്റം ഇതിഹാസം തീര്‍ത്തു. ഞാനൊറ്റക്കാണെങ്കിലും സത്യത്തിനു വേണ്ടി പൊരുതുമെന്ന തങ്ങളുടെ പ്രഖ്യാപനം തക്ബീര്‍ വിളികള്‍ക്കിടയില്‍ മുങ്ങിപ്പോയില്ല. പ്രസ്ഥാനത്തിന്റെ വ്യക്തിത്വമായി തന്നെ അതുമാറി. തങ്ങളായിരുന്നു അതിന്റെ പ്രാണേതാവ്. പ്രയോക്താവ് കാന്തപുരം ഉസ്താദും. കേരളം ലോകത്തിനു നല്‍കിയ രണ്ടു വരദാനങ്ങള്‍.
2004ല്‍ കോഴിക്കോട് കടപ്പുറത്ത് നടന്ന എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലി തങ്ങളുടെ ജീവിതത്തില്‍, 89ലെ എറണാകുളം സമ്മേളനത്തിനു ശേഷം നിര്‍ണായകമായ ഒരു നാഴികക്കല്ലാണ്. തങ്ങളുടെ വാക്കുകളുടെ മൂര്‍ച്ചയും പ്രഹരശേഷിയും സമൂഹത്തിനും രാഷ്ട്രീയ വൈരാഗികള്‍ക്കും സമാപന സമ്മേളനത്തില്‍ ബോധ്യപ്പെട്ടു. ചരിത്രത്തിലേക്കു ചേര്‍ക്കപ്പെട്ടു ആ മഹാമനീഷിയുടെ ഇടിമുഴക്കമുള്ള പ്രഖ്യാപനങ്ങള്‍. വഖഫ് ബോര്‍ഡിലും ഹജ്ജ് കമ്മിറ്റിയിലും സുന്നികളെ അവഗണിച്ചതിലും അര്‍ഹമായ സ്കൂള്‍ അനുവദിക്കാത്തതിലും രോഷം പൂണ്ടാണ് തങ്ങള്‍ പ്രതികരിച്ചത്: “തെരഞ്ഞെടുപ്പിന് വാ, സുന്നികളെ സഹായിക്കാത്ത ഒരാള്‍ക്കും വോട്ട് കിട്ടുകയില്ല.’ തക്ബീര്‍ ധ്വനികള്‍ക്കിടയില്‍ തങ്ങള്‍ ഇങ്ങനെ ഓര്‍മപ്പെടുത്തി: “അതിനുള്ള പണികൂടി നിങ്ങള്‍ എടുക്കണം, തക്ബീര്‍ മാത്രം പോര.’ ആ താക്കീത് നെഞ്ചേറ്റി പ്രവര്‍ത്തകര്‍. ആസന്നമായ പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി മഞ്ചേരിയില്‍ നിലംതൊട്ടില്ല. അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രമാണ് ആ ഒറ്റ പ്രസംഗം മാറ്റിയെഴുതിയത്. അതിന്റെ അനുരണനങ്ങള്‍ പിന്നീടുവന്ന നിയമസഭാ ഇലക്ഷനിലും കണ്ടു. ലീഗിന്റെ വന്മരങ്ങള്‍ കടപുഴകി വീണു. പാര്‍ട്ടി നിയമസഭാ പ്രാതിനിധ്യം നേര്‍ പകുതിയായി ചുരുങ്ങി. സഹായിക്കാത്തവര്‍ക്ക് വോട്ടില്ലെന്ന തങ്ങളുടെ പ്രഖ്യാപനത്തിന്റെ ഫലപ്രാപ്തി.
നായകനു വിട
ശരീരത്തിന് പ്രായമേറുമ്പോഴും തങ്ങളുടെ മനസ്സ് യൗവനം നിലനിര്‍ത്തി. പ്രസംഗങ്ങളില്‍ കേള്‍ക്കാം: വയസ്സ് തൊണ്ണൂറു കഴിഞ്ഞു. ഇനി ആഗ്രഹങ്ങളൊന്നുമില്ല. ഈമാനോടെ പിരിഞ്ഞാല്‍ മതി. ആയുസ്സിനു വേണ്ടിയല്ല, ഈമാന്‍ സലാമത്താകാന്‍ നിങ്ങള്‍ ദുആ ചെയ്യുക.’
കേള്‍ക്കുമ്പോഴേ കണ്ണു നിറഞ്ഞിരിക്കും സദസ്സിന്. ചിലര്‍ കവിള്‍ തുടക്കുകയായിരിക്കും. അവര്‍ പ്രാര്‍ത്ഥിക്കുക, ഈമാനിനൊപ്പം ആ തണല്‍ കുറേക്കാലം കൂടി നീണ്ടുനില്‍ക്കാനാണ്. അവര്‍ക്കു തങ്ങളെ വേണം, ഇനിയും കാണണം, കേള്‍ക്കണം. സ്നേഹം കൊണ്ട് വിരുന്നൂട്ടുന്ന പ്രവര്‍ത്തകര്‍, അനുഭാവികള്‍. അപ്പോഴേക്കും തങ്ങള്‍ ചോദിക്കുന്നുണ്ടാവും; എന്റെയത്ര പ്രായമുള്ളവര്‍ ഈ സദസ്സിലുണ്ടെടോ? ഉത്തരവും തങ്ങള്‍ തന്നെ പറയും: “ഇല്ല, ഉണ്ടാവില്ല.’ കണ്ണീര്‍ ചാലുകള്‍ക്കിടയില്‍ കേള്‍വിക്കാര്‍ പുഞ്ചിരി വിടര്‍ത്തും അപ്പോള്‍.
ഒടുവില്‍ ആ വിളക്കും അണഞ്ഞു, വെളിച്ചം ബാക്കിനില്‍ക്കുന്നുവെങ്കിലും. ആരോഗ്യസ്ഥിതി വഷളായി വരുന്നതറിഞ്ഞപ്പോഴേ പ്രാര്‍ത്ഥന തുടങ്ങിയതാണു കേരളം. ചില തേട്ടങ്ങള്‍ക്കു പരലോകത്താണല്ലോ പ്രതിഫലം. ആ പ്രാര്‍ത്ഥനകളും അത്തരത്തിലായി. 2014 ഫെബ്രുവരി ഒന്നിന് (ഹി. 1435 റബീഉല്‍ ആഖര്‍ 1) ശനിയാഴ്ച വൈകുന്നേരം 4.30ന് ആദര്‍ശ കൈരളിയെ അനാഥമാക്കി നായകര്‍ സ്രഷ്ടാവിലേക്കു യാത്രയായി; സുകൃതങ്ങളുടെ സാഫല്യത്തിനായി, ആസ്വാദനത്തിനായി. വാര്‍ത്ത ശരിയായിരിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെയുള്ള വിവരാന്വേഷണങ്ങളായിരുന്നു പിന്നീട്. സോഷ്യല്‍ മീഡിയകള്‍ വാര്‍ത്ത പെട്ടെന്നു പരത്തി. മണിക്കൂറുകള്‍ക്കകം കണ്ണൂരിലെ പയ്യന്നൂര്‍ എട്ടിക്കുളത്ത് മനുഷ്യസാഗരമാണ് ഇരമ്പിയാര്‍ത്തത്. നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനുള്ള സ്നേഹലക്ഷങ്ങളുടെ തിടുക്കം. സജലങ്ങളായിരുന്നു മുഖങ്ങള്‍. ആ കൊച്ചു ഗ്രാമം ശരിക്കും ശ്വാസം മുട്ടി. അതിശയോക്തിയല്ല, പത്തു കിലോമീറ്ററിലധികം നടന്നാണ് സഹസ്രങ്ങള്‍ അന്ത്യദര്‍ശനത്തിനും ജനാസ നിസ്കാരത്തിനുമെത്തിയത്. നായകനു വിട നല്‍കാനെത്തിയ പുരുഷാരത്തിന്റെ ദാഹമകറ്റാന്‍ ജാതിഭേദമന്യേ നാട്ടുകാര്‍ ശീതള പാനീയങ്ങളുമായി പാതയോരത്ത് സ്നേഹപൂര്‍വം ക്ഷണിക്കുന്നതും കൗതുകക്കാഴ്ചയായി. കേരളത്തിന്റെ നഷ്ടദുഃഖത്തില്‍ പങ്കുചേരുകയായിരുന്നു അവരും.
വീട്ടില്‍ നിന്ന് ജനാസ സ്കൂള്‍ ഗ്രൗണ്ടിലെത്തി. ഞായര്‍ ആറുമണി മുതല്‍ മയ്യിത്ത് നിസ്കാരം. 35ഓളം തവണകളായി ജനലക്ഷങ്ങള്‍ തപിക്കുന്ന മനസ്സോടെ നിസ്കരിച്ചു പ്രാര്‍ത്ഥിച്ചു. പത്തുമണിയോടെ സയ്യിദ് കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ പള്ളിയിലേക്ക്. പ്രിയ പുത്രന്റെ കണ്ഠമിടറിയുള്ള പ്രാര്‍ത്ഥന. പച്ചപുതച്ച് കട്ടിലില്‍ നായകന്റെ ഭൗതികദേഹം അകലുന്നു. തഹ്ലീലിന്റെ പ്രഘോഷണങ്ങളോടെ ജനം തിരിച്ചൊഴുകുകയാണ്. നായകനു വിടയോതുകയാണ്. പലരും വിതുമ്പുന്നു, ശിഷ്യര്‍ കണ്ണുതുടക്കുന്നു. സ്കൂള്‍മുറ്റം പതിയെപ്പതിയെ വിജനതയിലേക്ക്. ജനാസ ദൂരെ മറയുകയാണ്. എത്രയെത്ര യാത്രകള്‍ കണ്ടിരിക്കുന്നു. പക്ഷേ, ഇത് മടക്കമില്ലാത്ത യാത്രയാണ്. ഗ്രൗണ്ടില്‍ നിന്ന് എല്ലാവരും പിരിഞ്ഞപ്പോള്‍ വല്ലാത്ത ഒറ്റപ്പെടല്‍. ഇനി താജുല്‍ ഉലമയില്ല; ശാസിക്കാനും നേര്‍വഴി നടത്താനും സാന്ത്വനം പകരാനും ഓടിച്ചെല്ലാനും. നിമിഷങ്ങള്‍ കഴിഞ്ഞാല്‍ ആ ശരീരവും മണ്ണില്‍ മറയും. ഓര്‍ത്തപ്പോള്‍ മനസ്സ് നടുങ്ങി. ദിക്ര്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു. മിന്‍ഹാ ഖലഖ്നാകും…

അബ്ദുല്‍ ഗഫൂര്‍ നിസാമി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ