ആഴമേറിയ ജ്ഞാനം കൊണ്ടും തതനുസൃതമായ ജീവിത രീതികൊണ്ടും ഒരു കാലഘട്ടത്തിന്റെ പരിച്ഛേദമായി മാറിയ മഹാമനീഷിയാണ് താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽബുഖാരി. പർവത സമാനമായ പ്രതിസന്ധികളോട് പടവെട്ടി സത്യപ്രസ്ഥാനത്തെ വിജയതീരമണയിച്ച കർമപോരാളി, ആത്മിക ജീവിതം കൊണ്ട് ഔന്നത്യത്തിന്റെ ഉത്തുംഗസോപാനങ്ങൾ കീഴടക്കുമ്പോഴും ധാർമികപ്രസ്ഥാനത്തിന് ഉപദേശ നിർദേശങ്ങൾ നൽകി നിയന്ത്രിച്ച പണ്ഡിത ശ്രേഷ്ഠൻ താജുൽ ഉലമ ഉള്ളാൾ തങ്ങൾ സ്മൃതിപഥത്തിൽ തെളിഞ്ഞുവരുമ്പോൾ ഇങ്ങനെ അനേകം സവിശേഷതകൾ പറയാനാവും. ജ്ഞാന ധീരതയുടെ കിരീടമണിഞ്ഞ ആ മഹാത്മാവിന്റെ ജീവിതം മാതൃകയാവുന്നത് ഇതൊക്കെ കൊണ്ടാണ്.

കേരള മുസ്‌ലിം പൈതൃക ചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടിയ ചാലിയത്തിന്റെ മുഴുവൻ ശോഭയും പ്രതാപവും ആവാഹിച്ചുനിൽക്കുന്ന നാടാണ് കരുവൻതിരുത്തി. ഉള്ളതിൽ നിന്ന് ഓഹരിയെടുത്ത് മതജ്ഞാനത്തെയും നിരവധി പണ്ഡിത ശ്രേഷ്ഠരെയും വാർത്തെടുത്ത ഈ നാടാണ് ചരിത്രത്തിലെന്നപോലെ വർത്തമാന കാലത്തും ജ്വലിച്ചുനിൽക്കുന്ന താജുൽ ഉലമക്ക് ജന്മംനൽകിയത്. നന്നേ ചെറുപ്പത്തിലുള്ള പിതാവിന്റെ വിയോഗവും പഠനത്തിനും അധ്യാപനത്തിനുമുള്ള പ്രയാസവും  ദേശാടനത്തിന് നിർബന്ധിച്ചു. ആ ധന്യ സാന്നിധ്യം  കരുവൻതിരുത്തിക്ക് ലഭ്യമാകുന്ന അവസരങ്ങൾ കൂടുതലില്ലെങ്കിലും ജന്മനാട് എന്ന വൈകാരിക ബന്ധം താജുൽ ഉലമക്ക് കരുവൻതിരുത്തിയോട് ഉണ്ടായിരുന്നു.

മതപ്രബോധനത്തിനായി ബുഖാറയിൽ നിന്ന് കണ്ണൂർ വളപ്പട്ടണത്തെത്തിയ സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി(റ)യാണ് പ്രവാചക സന്താന പരമ്പരയായ ബുഖാരി സാദാത്തുക്കളുടെ കേരളത്തിലെ തുടക്കക്കാരൻ. അദ്ദേഹത്തിന്റെ മൂന്നാമത്തെ പൗത്രൻ ഇസ്മാഈൽ(റ)വാണ് വിവാഹംവഴി കരുവൻതിരുത്തിയിൽ ആദ്യം താമസമാക്കുന്നത്. അദ്ദേഹത്തിന്റെ മകൻ അബ്ദുറഹ്മാൻ ബുഖാരി(റ), പുത്രനായ ഇസ്മാഈൽ(റ) എന്നിവരുടെ പരമ്പര വഴിയാണ് കരുവൻ തിരുത്തിയിൽ ബുഖാരി സാദാത്തുക്കൾ പ്രശസ്തരായത്. ഈ പരമ്പരയിൽ നബി(സ്വ)യുടെ 39-ാം പൗത്രനായി 1341(1929) റബീഉൽ അവ്വൽ 25-നാണ് അബ്ദുറഹ്മാൻ ബുഖാരി എന്ന ആദർശ കേരളത്തിന്റെ ഇതിഹാസനായകൻ ഉള്ളാൾ തങ്ങളുടെ ജനനം.

അഗാധപാണ്ഡിത്യത്തോടൊപ്പം വിനയവും നേതൃപാടവവും ആജ്ഞാശേഷിയും ഒത്തിണങ്ങിയ താജുൽ ഉലമയുടെ ഉന്നതിക്ക് ചില കാരണങ്ങളുണ്ട്. അതിൽ പ്രധാനം മാതാവിന്റെ ശിക്ഷണം തന്നെ. ഏറെ ഭക്തയായിരുന്ന തങ്ങളുടെ മാതാപിതാക്കൾ വീട്ടിൽ വരുന്ന പണ്ഡിത-സാദാത്തുക്കളോടെല്ലാം ഏൽപ്പിക്കാറുണ്ടായിരുന്നത്, രണ്ട് മക്കളും ഉഖ്‌റവിയ്യായ ആലിമീങ്ങളാവാൻ ദുആ ചെയ്യണമെന്നായിരുന്നു. ഇതേ സൂക്ഷ്മതയിലും സത്യസന്ധതയിലുമായി മാതാവ് മക്കളെ വളർത്തുകയും ചെയ്തു. ഉമ്മ ഉപദേശിച്ചിരുന്നു: ‘മോനേ, നല്ലതുമാത്രം പറയുകയും നല്ലതിനുവേണ്ടി മാത്രം പ്രവർത്തിക്കുകയും ചെയ്യുക. സത്യം അതെത്ര കൈപ്പേറിയതാണെങ്കിലും ഉറക്കെപറയുക.’ പിൽക്കാലത്തെ അത്ഭുതകരമായ വളർച്ചയിലേക്കും, താൻ ഏകനാണെങ്കിൽ പോലും സത്യപ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന ധീര പ്രഖാപനത്തിലേക്കും തങ്ങളെ നയിച്ച ചാലകശക്തി ഉമ്മയുടെ ഈ സാരോപദേശമാണെന്നു കാണാം.

സാഗര തുല്യരായ ആലിമീങ്ങളാണ് താജുൽ ഉലമയുടെ ഗുരുനാഥന്മാർ. പറവണ്ണ മുഹ്‌യിദ്ദീൻകുട്ടി മുസ്‌ലിയാർ, കണ്ണിയത്ത് അഹ്മദ്കുട്ടി മുസ്‌ലിയാർ തുടങ്ങിയവർ അവരിൽ പ്രധാനികളാണ്. ഒരു വിജ്ഞാന ദാഹിയുടെ സാഹസികത നിറഞ്ഞ യാത്രയാണ് ഉള്ളാൾ തങ്ങളുടെ ജീവിതത്തിൽ വായിക്കാനാവുക. ഇ.കെ അബൂബക്കർ മുസ്‌ലിയാർ ബാഖിയാത്തിൽ ഉള്ളതിനാൽ വെല്ലൂരിൽ ഉപരി പഠനം നടത്താനുള്ള കണ്ണിയത്തിന്റെ ഉപദേശമനുസരിച്ച് യാത്ര തിരിച്ചെങ്കിലും ഇകെ ഉസ്താദ് അപ്പോഴേക്ക് ബാഖിയാത്ത് വിട്ട് പറമ്പത്ത് ദർസ് നടത്തുകയാണെന്ന് വിവരം ലഭിച്ചപ്പോൾ അങ്ങോട്ടുചെന്നു ഈ വിജ്ഞാന ദാഹി. ശേഷം തളിപ്പറമ്പിൽ ഇകെ ഉസ്താദിനൊപ്പം രണ്ട് വർഷം കഴിഞ്ഞു. ഇതിനിടെ വെല്ലൂരിൽ പോകാൻ ആഗ്രഹിച്ചെങ്കിലും ക്ഷാമം മൂലം മലയാളി വിദ്യാർത്ഥികൾക്ക് അഡ്മിഷനില്ലെന്നറിഞ്ഞപ്പോൾ പണം കെട്ടിവെച്ചാണ് തങ്ങൾ കോളേജിൽ പ്രവേശനം നേടിയത്. അവിടെനിന്നു ശൈഖ് ആദം ഹസ്രത്ത്, ശൈഖ് ഹസൻ ഹസ്രത്ത് തുടങ്ങിയ പ്രഗത്ഭരുടെ ശിഷ്യത്വം നേടി.

ഫിഖ്ഹ്, ഹദീസ്, തർക്കശാസ്ത്രം, അലങ്കാരശാസ്ത്രം, വ്യാകരണം തുടങ്ങി വിജ്ഞാനത്തിന്റെ വിവിധ ശാഖകളിലെ ലളിതവും സങ്കീർണവും ഹ്രസ്വവും ദീർഘവുമായ ഗ്രന്ഥങ്ങളൊക്കെയും ഓർമയിൽ നിന്നു വായിച്ച് ക്ലാസെടുക്കാൻ തങ്ങൾക്ക് കഴിയുമായിരുന്നു. വിജ്ഞാനത്തിന്റെ നിരന്തര സാധന കൊണ്ടാർജിച്ചതാണ് ഈ വൈഭവം. തങ്ങളുടെ അഗാധ ജ്ഞാനം ബോധ്യപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ പറയാനാവും.

1982-83 കാലഘട്ടത്തിൽ തിരഞ്ഞെടുത്ത പ്രതിനിധികൾക്കായി ഒരു പഠനക്യാമ്പ് കോഴിക്കോട്ട് നടക്കുകയുണ്ടായി. പന്ത്രണ്ടു ദിവസം നീണ്ടുനിന്ന പ്രസ്തുത പരിപാടിയിൽ സമസ്തയിലെ പ്രമുഖരാണ് ക്ലാസെടുത്തിരുന്നത്. പഠിതാക്കൾ പണ്ഡിതരാകയാൽ തന്നെ ചർച്ചയും അതിഗഹനം. സമാപന ഘട്ടത്തിൽ കോഴിക്കോട് ടൗൺഹാളിൽ വെച്ച് പൊതുജനങ്ങൾക്ക് കൂടി പ്രവേശനം നൽകി ഒരുദിവസത്തെ ആദർശക്ലാസ് നടത്തുകയുണ്ടായി. സംശയ നിവാരണ അവസരത്തിൽ തർക്കത്തിലിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് ചോദ്യമുയർന്നു. നാട്ടിലെ സൗഹൃദാന്തരീക്ഷവും സമാധാനവും നിലനിർത്താൻ ഈ വിഷയത്തിൽ തന്നെയുള്ള രണ്ടാം അഭിപ്രായം സ്വീകരിച്ചുകൂടേ? അതുവഴി സമൂഹത്തിൽ മസ്വ്‌ലഹത്ത് ഉണ്ടാകുമെങ്കിൽ, മദ്ഹബിലെ അഭിപ്രായ ഭേദങ്ങൾ പ്രായോഗികവും അനുഗ്രഹവുമാണെന്നിരിക്കെ എന്തുകൊണ്ടത് സ്വീകരിക്കുന്നില്ല? ചോദ്യകർത്താവ് രംഗം കൊഴുപ്പിച്ചു.

തങ്ങൾ എഴുന്നേറ്റ് മറുപടി പറഞ്ഞു: ഈ ന്യായങ്ങളെല്ലാം നിലനിൽക്കുന്നത് രണ്ടാം അഭിപ്രായം പരിഗണനീയമാകുമ്പോഴാണ്. എന്നാൽ ചർച്ചയിലിരിക്കുന്ന പ്രശ്‌നത്തിൽ രണ്ടാം ഖൗൽ (ശിദ്ദത്തുള്ളുഅ്ഫ്) അതീവ ദുർബലമാണെന്നതിനു പുറമെ അങ്ങനെ ഒരഭിപ്രായം ഉണ്ടെന്നുതന്നെ പണ്ഡിതർക്കിടയിൽ തർക്കവിധേയമാകുന്നു. തുടർന്ന് അതിന്റെ ന്യായങ്ങളും വിശദീകരണങ്ങളും നിരത്തി. എല്ലാവർക്കും തൃപ്തികരമായിരുന്നു പ്രമാണങ്ങൾ നിരത്തിയുള്ള ആ വിശദീകരണം. പരന്ന വിജ്ഞാനം കൊണ്ട് മാത്രം സാധ്യമാകുന്നതാണ് ഇത്തരം ഇടപെടലുകൾ (താജുൽ ഉലമ/47).

താജുൽ ഉലമയുടെ ജീവിതമെഴുതുമ്പോൾ അത് സമസ്തയുടെ കൂടി ചരിത്രമായി മാറും. കാരണം ആദർശ പ്രസ്ഥാനവുമായി തങ്ങൾ അത്രയടുത്ത ബന്ധംസ്ഥാപിച്ചിരുന്നു. 1956 സെപ്റ്റംബർ 20-ന് താനൂരിൽവെച്ച് നടന്ന മീറ്റിംങ്ങിലെ തീരുമാനപ്രകാരമാണ് തങ്ങൾ മുശാവറയിൽ അംഗമാകുന്നത്. വൈകാതെ, സംഘടനയുടെ മുന്നണിപ്പോരാളിയായി വർത്തിച്ച അദ്ദേഹം ഉന്നത സമിതികളിലും അവരോധിതനായി. പ്രായത്തെ വെല്ലുന്ന പാണ്ഡിത്യം, ധീരനിലപാടുകൾ, ആദർശത്തിലെ കാർക്കശ്യം,  അത്മാർത്ഥത തുടങ്ങിയ വിശേഷണങ്ങളാണ് തങ്ങളെ ഉപസമിതികളുടെ തലപ്പത്തേക്ക് നയിച്ചത്. കേവലം തബറുകിന്റെ നിയമനങ്ങളായിരുന്നില്ല അവയൊന്നും എന്ന് സമസ്തയുടെ ചരിത്ര രേഖകൾ പറയും.

പ്രലോഭനങ്ങൾക്ക് കീഴ്‌പെടുത്താനോ  പ്രതിസന്ധികൾക്ക് പിൻമാറ്റാനോ കഴിയാത്ത താജുൽ ഉലമയുടെ ആത്മധൈര്യത്തിനുമുമ്പിൽ എല്ലാ ബിദഈ കക്ഷികളും അടിയറവ് പറഞ്ഞു. ആദർശം കയ്യൊഴിച്ച് എന്തെങ്കിലും നേടാമെന്ന വിചാരം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇടക്കാലത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ സ്ഥാപക ലക്ഷ്യത്തിൽ നിന്നും വ്യതിചലിപ്പിക്കാൻ ചില കുതന്ത്രങ്ങൾ നടക്കുകയുണ്ടായി. പിന്നിൽ പ്രമുഖരായിരുന്നതിനാൽ അതൊരു പരിധിവരെ ഫലം കാണുകയും ചെയ്തു. ബിദ്അത്തുകാരുമായുള്ള സമീപനത്തിൽ വെള്ളം ചേർക്കാൻഉത്തരവാദപ്പെട്ടവർ തന്നെ മുൻകയ്യെടുക്കുന്ന സ്ഥിതി. യോഗത്തിൽ ഉള്ളാൾ തങ്ങൾ ഗർജ്ജിച്ചു: ‘അഹ്‌ലുസ്സുന്ന  വിശ്വസിച്ച് ആചരിച്ച് പോരുന്നതും നാം ഇതുവരെ പഠിപ്പിച്ചതുമായ ആദർശം രാഷ്ട്രീയക്കാർക്ക് വേണ്ടിയോ മറ്റു തൽപര കക്ഷികൾക്ക് വേണ്ടിയോ ഉപേക്ഷിക്കാൻ കഴിയില്ല. അതിനു ഞങ്ങളെ കിട്ടുകയുമില്ല.’ ഹഖിനെതിരെ തീരുമാനമെടുക്കാൻ ഇവിടെ ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും ഭൂരിപക്ഷം നോക്കി സത്യംവിഴുങ്ങി ഈ കസേരയിൽ ഇരിക്കാനാവില്ലെന്നും മഹാൻ പ്രഖ്യാപിച്ചു. ആദർശ വ്യതിചലനത്തിൽ നിന്ന് പണ്ഡിത സഭയെ സംരക്ഷിച്ച പ്രഖ്യാപനമായിരുന്നു ഇത്. ഉള്ളാൾ തങ്ങളുടെ നിലപാടുകളോട് സുന്നി കേരളം പിൽക്കാലത്തു ചേർന്നുനിന്നത് ഈ നിഷ്‌കളങ്കതയും സ്ഥൈര്യവും കാരണമായാണ്.

സത്യം പറയാൻ ചങ്കൂറ്റമുള്ള പണ്ഡിതരെയും ലക്ഷക്കണക്കിന് അനുയായികളെയും വാർത്തെടുത്തും അതിന്റെ ആത്മഹർഷം ആവോളം ആസ്വദിച്ചുമാണ് തങ്ങൾ വിടപറഞ്ഞത്. ആദർശ പ്രസ്ഥാനത്തിന്റെ ജീവനാഡിയായ ആ മഹാമനീഷി വേർപിരിഞ്ഞിട്ട് രണ്ടു വർഷം കഴിയുമ്പോഴും മുസ്‌ലിം കൈരളി അകമിൽ കരയുകയാണ്. സയ്യിദവർകൾ കൊളുത്തിവെച്ച വിജ്ഞാനത്തിന്റെ കൈത്തിരിയും പതിനായിരക്കണക്കിന് ശിഷ്യരും സ്മാരകമായി നമുക്ക് മുമ്പിലുണ്ട്. മഹാനോടൊപ്പം നമ്മെയും അല്ലാഹു സ്വർഗത്തിൽ ഒന്നിപ്പിക്കട്ടെ.

ശഹീദ് എപി കാവനൂർ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ