ശൈഖ് രിഫാഈ(റ)നു നേരെ തിരുദൂതര്‍(സ്വ) കൈനീട്ടിയതും അദ്ദേഹം അതു ചുംബിച്ചു സംതൃപ്തനായതും ഏറെ പ്രസിദ്ധമാണ്. ഇതു സംബന്ധമായുള്ള അന്വേഷണത്തിനു വിശദീകരണമായി ഇമാം സുയൂഥി(റ) രചിച്ച “അശ്ശറഫുല്‍ മുഹത്തം’ എന്ന ലഘുകൃതിയുടെ ആശയ വിവര്‍ത്തനമാണിത്.
തിരുനബി(സ്വ)യും മറ്റു പ്രവാചകരും ജീവിച്ചിരിക്കുന്നവരാണെന്നത് അവിതര്‍ക്കിതവും പ്രാമാണികവുമാണ്. ഹദീസുകളുടെ ഇതുസംബന്ധിയായ വിവിധ റിപ്പോര്‍ട്ടുകള്‍ സ്വഹീഹായി വന്നിട്ടുമുണ്ട്. പ്രവാചകന്മാര് ജീവിച്ചിരിക്കുന്നവരാണെന്നതിനെ സംബന്ധിച്ച് ഞാനൊരു സ്വതന്ത്ര കൃതി രചിച്ചിട്ടുണ്ട്. അതില്‍ വിശദീകരിച്ച സമഗ്ര പ്രമാണങ്ങളില്‍ ചിലതു മാത്രം ഇവിടെ ചേര്‍ക്കാം.
ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: “നബി(സ്വ)ഇസ്റാഇന്റെ രാത്രിയില്മൂസ നബി(അ)ന്റെ ഖബ്റിനരികിലൂടെ നടന്നു. മൂസ നബി(അ) ഖബ്റില്‍ നിന്ന് നിസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു’ (മുസ്ലിം/2375).
അനസ്(റ)ല്‍ നിന്ന് നിവേദനം: “നിശ്ചയം നബി(സ്വ) പറഞ്ഞു: പ്രവാചകന്മാര് അവരുടെ ഖബ്റുകളില്‍ ജീവിച്ചിരിക്കുന്നവരാണ്’ (മുസ്നദ് അബീ യഅ്ലാ/3425).
തിരുനബി(സ്വ)ക്ക് നുബുവ്വതിന് പുറമെ ശഹാദത്തിന്റെ സ്ഥാനവും ലഭിച്ചിട്ടുണ്ടെന്നത് ഇമാം ബുഖാരിയും ബൈഹഖിയും ആഇശ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസ് തെളിയിക്കുന്നു. അതിങ്ങനെ: “നബി(സ്വ) രോഗശയ്യയില്‍ പറഞ്ഞു കൊണ്ടിരുന്നു: ഖൈബറില്‍ നിന്ന് ഞാന്‍ രുചിച്ചുനോക്കിയ (വിഷം കലര്‍ത്തിയ) ഭക്ഷണത്തിന്റെ വേദന ഞാന്‍ അനുഭവിക്കുന്നുണ്ട്. അത് കാരണമായി എന്റെ കണ്ഠനാടി മുറിയുന്ന സമയമാണിത്’ (ബുഖാരി/4165).
നബി(സ്വ) രക്തസാക്ഷിയാണെന്നു വന്നാല്‍ വിശുദ്ധ ഖുര്‍ആനിലെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല ചെയ്യപ്പെട്ടവരെ മരിച്ചവരാണെന്ന് നീ വിചാരിക്കരുത്. അവര്‍ ജീവിച്ചിരിക്കുന്നവരും റബ്ബിന്റെയടുക്കല്‍ ഉന്നത സ്ഥാനീയരും ഭക്ഷണം നല്‍കപ്പെടുന്നവരുമാണെന്ന (ആലുഇംറാന്/169) സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ നബി(സ്വ) ജീവിച്ചിരിക്കുന്നവരാണെന്ന് സ്ഥിരപ്പെടും.
ജീവിച്ചിരിക്കുക എന്ന ബഹുമതി ശുഹദാക്കള്ക്കുണ്ടെങ്കില് ആ സ്ഥാനം കൊണ്ട് അവരേക്കാള്‍ ബന്ധപ്പെട്ടവരാണ് അമ്പിയാക്കള്‍ എന്നത് വ്യക്തമാണല്ലോ. നമ്മുടെ നബി(സ്വ) നബിമാരില്‍ ഏറ്റവും ശ്രേഷ്ഠരാണുതാനും. മുഴുവന്‍ പ്രവാചകന്മാരും ജീവിച്ചിരിക്കുന്നവരാണെന്നത് മറ്റു തെളിവുകളാലും സ്ഥിരപ്പെട്ടിട്ടുണ്ട്. നബി(സ്വ) അവരില്‍ പലരെയും നിസ്കരിക്കുന്നതായി കണ്ടിട്ടുണ്ട്. നമ്മുടെ സ്വലാത്ത് പ്രവാചകര്‍(സ്വ)യുടെ മേല്‍ വെളിവാക്കപ്പെടുമെന്നും നമ്മുടെ സലാമിന് അവിടുന്ന് പ്രത്യുത്തരം ചെയ്യുമെന്നും റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്.
ഇമാം ബാറസി(റ) ചോദിക്കപ്പെട്ടു: നബി(സ്വ) വഫാതാനന്തരം ജീവിച്ചിരിക്കുന്നവരാണോ? അദ്ദേഹം മറുപടി പറഞ്ഞു: അതേ, അവിടുന്ന് ജീവിച്ചിരിക്കുന്നു.
സഈദുബ്നുല്‍ മുസയ്യബ്(റ)യസീദുബ്നു മുആവിയയുടെയും അബ്ദുല്ലാഹിബ്നു ഹന്ളലതില് അന്‍സാരിയുടെയും സൈന്യങ്ങള്‍ക്കിടയില്‍ ഹിജ്റ 63ല്‍ മദീനതുല്‍ മുനവ്വറയുടെ കിഴക്കു ഭാഗത്തുള്ള ഹര്‍റ എന്ന സ്ഥലത്തുവെച്ച് ഭീകരമായ യുദ്ധം നടന്ന ഘട്ടത്തില്‍ സഈദുബ്നുല്‍ മുസയ്യബ്(റ) നിസ്കാരത്തിന്റെ സമയം അറിഞ്ഞിരുന്നത് നബി(സ്വ)യുടെ ഖബ്റില്‍ നിന്ന് കേട്ട നേര്‍ത്ത ശബ്ദം കൊണ്ടായിരുന്നു. സുബൈറുബ്നു ബക്കാര് അഖ്ബാറുല്‍ മദീനയില്‍ സഈദുബ്നുല്‍ മുസയ്യിബില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ഹര്‍റ ദിനങ്ങളില്‍ തിരുനബി(സ്വ)യുടെ ഖബറകത്തുനിന്ന് ഞാന്‍ വാങ്കും ഇഖാമത്തും കേട്ടുകൊണ്ടിരുന്നു. ജനങ്ങള്‍ മടങ്ങുന്നതുവരെ ഇതു തുടര്‍ന്നു.
അഫീഫുദ്ദീന്‍ യാഫിഈ(റ) പറഞ്ഞു; അല്ലാഹുവിന്റെ ഔലിയാക്കള്‍ക്ക് ചില അവസ്ഥകള്‍ ഉണ്ടാകും. ആ സമയം ആകാശ ഭൂമിയിലെ അദൃശ്യങ്ങള് കാണാന്‍ അവര്‍ക്ക് കഴിവും. മാത്രമല്ല, നബിമാരെ ജീവാവസ്ഥയില്‍ അവര്‍ ദര്‍ശിക്കും. നബി(സ്വ), മൂസാ(അ)നെ ഖബ്റില്‍ കണ്ടപോലെ അമ്പിയാക്കള്‍ക്ക് മുഅ്ജിസത്തായി സംഭവിക്കാവുന്നതെല്ലാം പ്രവാചകത്വ വാദമില്ലാതെ ഔലിയാഇനു കറാമത്തായും സംഭവിക്കാവുന്നത് സ്ഥിരപ്പെട്ട കാര്യമാണ്. വിവരമില്ലാത്തവനല്ലാതെ ഈ യാഥാര്‍ത്ഥ്യം നിഷേധിക്കുകയില്ല. അമ്പിയാക്കള്‍ ജീവിച്ചിരിക്കുന്നവരാണെന്നതിന് പണ്ഡിതന്മാരുടെ വാക്കുകള്‍ വേറെയും ധാരാളമുണ്ട്. ക്ലിപ്തപ്പെടുത്താന്‍ കഴിയാത്തത്ര വിപുലമാണത്. ഇതിലൊതുക്കാം.
പ്രവാചകന്മാര് മരണശേഷം പ്രത്യേകമായി ജീവിച്ചിരിക്കുന്നവരാണെന്നും അവരെ കാണലും സംസാരം ശ്രവിക്കലും ഔലിയാഇന് സംഭവ്യമാണെന്നും സ്ഥിരപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് തിരുനബി(സ്വ)യുടെ പരിശുദ്ധ കരം ശൈഖ് രിഫാഈ(റ)ന് വേണ്ടി പുറത്തുവന്നത് സംഭവിക്കാവുന്ന കാര്യമാണെന്ന് തെളിഞ്ഞു. പിഴച്ച ചിന്താഗതിക്കാരോ കപട ഹൃദയക്കാരോ അല്ലാതെ ഇതില്‍ സംശയിക്കില്ല. സ്ഥിരപ്പെട്ട മുഅ്ജിസത്തും വ്യക്തമായ രീതിയില്‍ സമര്‍ത്ഥിക്കപ്പെട്ട കറാമത്തുമായ ഇത്തരം മഹല്സംഭവങ്ങളെ നിഷേധിക്കുന്നത് അന്ത്യം ചീത്തയാകാന്‍ കാരണമാകും.
ശൈഖുല്‍ ഇസ്ലാം അശ്ശൈഖ് കമാലുദ്ദീന് ശരിയായ പരമ്പരയിലൂടെ ഉദ്ധരിക്കുന്നു: ഹിജ്റ 555ല്‍ ഞാന്‍ ഖുതുബും ഗൗസുമായ അസ്സയ്യിദ് ശൈഖ് അഹ്മദുല്‍ കബീറുര്‍രിഫാഈ(റ)യോടൊപ്പം ഉണ്ടായിരുന്നു. ശൈഖവര്‍കള്‍ ഹജ്ജിന് വന്ന് മദീനയിലെത്തിയപ്പോള്‍ ഹുജ്റതുശ്ശരീഫയുടെ നേരെ നിന്ന് ജനമധ്യത്തില്‍ ഉറക്കെ പറഞ്ഞു: അസ്സലാമു അലൈക യാ ജദ്ദീ. ഉടനെ റൗള ശരീഫില്‍ നിന്ന് മറുപടി വന്നു: വഅലൈകസ്സലാമു യാ വലദീ. ഇത് മസ്ജിദുന്നബവിയിലുള്ള എല്ലാവരും കേട്ടിട്ടുണ്ട്. പിന്നെ ശൈഖ് പ്രവാചകാനുരാഗത്തില്‍ മുങ്ങി ശരീരം വിറച്ചു നിറം മഞ്ഞയായി. മുട്ടുകുത്തി അല്പസമയം ഇരുന്നു. ശേഷം എഴുന്നേറ്റു നിന്നു തേങ്ങിക്കരഞ്ഞു കൊണ്ടു പാടി: ഫീ ഹാലതില്‍ ബുഅ്ദി റൂഹീ… പ്രവാചകരേ, അങ്ങ് ദൂരെ നിന്ന ഞാനെന്റെ ആത്മാവിനെ അങ്ങയുടെ ചാരത്തേക്ക് അയച്ചുകൊണ്ടിരുന്നു ഇപ്പോഴിതാ എന്റെ ശരീരം തന്നെ എന്നായിരിക്കുന്നു. അതുകൊണ്ടാ തിരുകരം നീട്ടിത്തന്ന് എന്നെ അനുഗ്രഹിച്ചാലും…
അപ്പോഴതാ റൗളാ ശരീഫില്‍ നിന്നു പ്രവാചകര്‍(സ്വ)യുടെ സുഗന്ധപൂരിതമായ പവിത്ര കൈ പുറത്തേക്ക് നീളുന്നു. ശൈഖ് രിഫാഈ(റ) അത് ആവോളം ആസ്വദിക്കുന്നു. തൊണ്ണൂറായിരത്തോളം വരുന്ന ജനസഞ്ചയത്തിനു മുന്നിലാണിത് നടക്കുന്നത്. അവരെല്ലാം തിരുനബി(സ്വ)യുടെ കൈ അന്നു കണ്ടിട്ടുണ്ട്. മസ്ജിദുന്നബവിയില്‍ ഹയാതുബ്നുല് ഖൈസില് ഹര്‍റാനി(റ), ശൈഖ് അബ്ദുല്‍ ഖാദിറില്‍ ജീലാനി(റ), ശൈഖ് ഖമീസ്(റ), ശൈഖ് അദിയ്യിബ്നു മുസാഫിറുശ്ശാമി(റ) തുടങ്ങിയ പണ്ഡിത ശ്രേഷ്ഠര്‍ തല്സമയമുണ്ടായിരുന്നു. ഞങ്ങള്‍ക്കെല്ലാം ആ തിരുകര ദര്‍ശനത്തിന് അവസരം ലഭിച്ചു. അന്നുതന്നെ ശൈഖ് ഹയാതുബ്നു ഖൈസ് ശൈഖ് രിഫാഈയില്‍ നിന്ന് ഖിര്‍ഖ (സ്ഥാനവസ്ത്രം) യും ശിഷ്യത്വവും സ്വീകരിക്കുകയുണ്ടായി.
മറ്റു പല പരമ്പരകളിലൂടെയും ഈ സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അനിഷേധ്യമാം വിധം സ്ഥിരപ്പെട്ടതാണ് ഇത്. അതിന്റെ പരമ്പര ഉന്നതവും കുറ്റമറ്റതുമാണ്. കാപട്യത്തിന്റെ ഭാഗമായേ ഇതു നിഷേധിക്കാനാവൂ.
ഇതോടെ ശൈഖ് അഹ്മദുല്‍ കബീര്‍(റ) സ്വഹാബികളുടെ ഗണത്തില്‍ ഉള്‍പ്പെടില്ലേ എന്നൊരു സംശയം ഉണ്ടാവാം. അദ്ദേഹം സ്വഹാബിയാവില്ലെന്നാണ് നമ്മുടെ മശാഇഖിന്റെ പ്രബലാഭിപ്രായം. ഇമാം സഖാവിയും ഫര്റാഉം ഇപ്രകാരം പറഞ്ഞിട്ടുണ്ട്. കാരണം പ്രവാചകരുടെ വഫാത്തിന്റെ മുമ്പ് തങ്ങളെ കണ്ട വിശ്വാസിക്കാണല്ലോ സ്വഹാബി എന്നു പറയുന്നത്. ശേഷം നബി(സ്വ) ജീവിച്ചിരിക്കുന്നവരാണെങ്കിലും ഐഹിക നിയമങ്ങള്‍ ബാധകമാകുന്ന ജീവിതമല്ല പാരത്രിക ജീവിതമാണുള്ളത്.
ശൈഖ് രിഫാഈ(റ)യുടെ വഫാത്ത് വര്‍ഷം രണ്ടാമത് ഹജ്ജ് ചെയ്തപ്പോള്‍ തിരുനബി(സ്വ)യുടെ ഖബ്റുശ്ശരീഫിന് നേരെ നിന്ന് ഭവ്യതയോടെയും വിനയത്തോടെയും പറഞ്ഞു: സിയാറത്ത് ചെയ്തു മടങ്ങിയിട്ട് നിങ്ങള്‍ക്കെന്തു കിട്ടി എന്നാരെങ്കിലും ചോദിച്ചാല്‍ ഞാനെന്തു പ്രതികരിക്കും പ്രവാചക ശ്രേഷ്ഠരേ! ഉടനെ ഖബ്റുശ്ശരീഫില്‍ നിന്നൊരു ശബ്ദം: പിതൃപുത്ര സംഗമവും എല്ലാ നന്മകളുമായെന്ന് പറഞ്ഞോളൂ.
ശൈഖ് അഹ്മദുല്‍ കബീറുര്‍രിഫാഈ(റ) ധീരനും മഹാനായ വലിയ്യും പ്രവാചകചര്യയുടെ വന്‍ സമുദ്രവും നേതാവും ഔലിയാക്കളുടെ വഴിയിലെ നേതൃത്വവുമാണെന്നത് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പണ്ഡിതന്മാരും ഔലിയാക്കളും ഇതിന്റെമേല്‍ ഇജ്മാഅ് ആയിട്ടുണ്ട്.
ഇമാം സുയൂഥി(റ)/വിവ: കല്‍ത്തറ അബ്ദുല്‍ഖാദിര്‍ ദാരിമി