ആഇശ(റ)യുടെ വീട്ടിലെത്തി മറ്റു ഭാര്യമാരും പെൺമക്കളും നബി(സ്വ)യെ പരിചരിച്ചു. സ്വഹാബിമാർ പലരും പള്ളിയിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്. പള്ളിയിലും പരിസരത്തും തിരുനബി(സ്വ)യുടെ രോഗവിവരം അന്വേഷിക്കുന്ന സ്വഹാബിമാരുടെ ബാഹുല്യം. എല്ലാവരും രോഗശമനത്തിനുള്ള നിരന്തര പ്രാർത്ഥനയിലാണ്. രോഗം മൂർച്ഛിച്ചപ്പോൾ ജമാഅത്ത് നിസ്‌കാരങ്ങൾക്ക് ഇമാമത് നിർവഹിക്കാൻ അബൂബക്കർ(റ)നെ നബി(സ്വ) നേരിട്ട് ചുമതലപ്പെടുത്തി.

എന്നാൽ ആ ഉത്തരവാദിത്വം ഉമർ(റ)നെ ഏൽപിക്കാൻ തുനിഞ്ഞു അബൂബക്കർ(റ). താങ്കൾ തന്നെയാണ് ആ കർത്തവ്യം നിർവഹിക്കാൻ ഏറ്റവും അർഹൻ എന്നു പറഞ്ഞ് ഉമർ(റ) വിസമ്മതിച്ചു. പിതാവായ അബൂബക്കർ(റ)ന് ഈ കർത്തവ്യം നിർവഹിക്കുന്നതിനുള്ള വൈഷമ്യം മനസ്സിലാക്കിയ ആഇശ(റ) തിരുനബിയോട് പറഞ്ഞു: അബൂബക്കർ ലോലഹൃദയനാണ്. ഖുർആൻ ഓതാനാരംഭിച്ചാൽ അദ്ദേഹം വാവിട്ട് കരയും. അതിനാൽ ഇമാമത്തിന്റെ ചുമതല ഉമർ(റ)നെ ഏൽപിച്ചുകൂടേ.’ പക്ഷേ, നബി(സ്വ) ഇമാമത്ത് ചുമതല അബൂബക്കർ(റ)നെ നിർബന്ധിച്ച് ഏൽപ്പിച്ചു.

കരളിന്റെ കഷ്ണമെന്ന് അവിടുന്ന് വിശേഷിപ്പിച്ചിട്ടുള്ള അരുമ മകൾ ഫാത്വിമ(റ)യെ അടുത്ത് വിളിച്ച് ഏതാനും വാചകങ്ങൾ ചെവിയിൽ മന്ത്രിച്ചു. ആദ്യം കരഞ്ഞ ഫാത്വിമ(റ)ന്റെ ഭാവം അടുത്ത സ്വകാര്യം പറച്ചിലോടെ മാറുകയും അവർ പുഞ്ചിരിക്കുകയും ചെയ്തു. പിന്നീടൊരിക്കൽ ആഇശ(റ) ഈ രഹസ്യ സംഭാഷണത്തെക്കുറിച്ച് ഫാത്വിമ(റ)യോട് ചോദിച്ചു. തന്റെ മരണം അടുത്തിട്ടുണ്ടെന്ന സന്ദേശമാണ് സൂറതുൽ ഫത്ഹ് എന്ന് തിരുനബി(സ്വ) എന്നോട് പറഞ്ഞു. അപ്പോഴാണ് ഞാൻ സങ്കടപ്പെട്ടത്. അധികം താമസിയാതെ തന്നെ നീയും വഫാത്തായി എന്നിലേക്ക് വന്നുചേരുമെന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിച്ചപ്പോഴാണ് ഞാൻ പുഞ്ചിരിച്ചത്-ഫാത്വിമ(റ) വിശദീകരിച്ചു.

രോഗം ബാധിച്ചതിന്റെ പത്താം ദിവസം അബൂബക്കർ(റ) സുബ്ഹി നിസ്‌കാരം ജനങ്ങൾക്ക് ഇമാമായി നിർവഹിക്കുകയാണ്. പള്ളിയോട് ചേർന്നുള്ള ആഇശ(റ)യുടെ വീട്ടിലെ വാതിലിന്റെ വിരിമാറ്റി റസൂൽ(സ്വ) പള്ളിയിലേക്ക് നോക്കി. പള്ളിയിലേക്ക് വരാനായിരിക്കും കർട്ടൺ നീക്കിയതെന്ന് സ്വഹാബികൾ ധരിച്ചു, അവർ സന്തോഷിച്ചു. അതിനു മുമ്പ് ഒരു ദിവസം രോഗത്തിന് നേരിയ ആശ്വാസം അനുഭവപ്പെട്ടപ്പോൾ രണ്ടു സ്വഹാബിമാരുടെ തോളിൽ താങ്ങി പള്ളിയിലേക്ക് വന്നിരുന്നു. തളർച്ചമൂലം നബി(സ്വ)യുടെ ഇരുകാലുകൾ നിലത്ത് ഇഴയുന്നുണ്ടായിരുന്നു. നബി(സ്വ)യുടെ സാന്നിധ്യം മനസ്സിലാക്കിയ അബൂബക്കർ(റ) പിന്നോട്ട് മാറുകയും നബി(സ്വ) ഇരുന്നുകൊണ്ട് ഇമാമായി നിസ്‌കരിക്കുകയും ചെയ്തു. പ്രസ്തുത ദിവസം സുബ്ഹിക്ക് ഇപ്രകാരം പള്ളിയിലേക്ക് വരുമോ എന്നു കരുതി അബൂബക്കർ(റ) പിന്നോട്ട് മാറാൻ ഒരുങ്ങിയപ്പോൾ പ്രവാചകർ(സ്വ) വേണ്ട എന്ന് ആംഗ്യം കാണിക്കുകയും മറ താഴ്ത്തിയിടുകയും ചെയ്തു. നബി(സ്വ)യെ ഞാൻ അവസാനമായി കണ്ടത് വിരി മാറ്റിയ സമയത്താണെന്ന് അനസ്(റ) അനുസ്മരിക്കുന്നുണ്ട്. ആഇശ(റ)യുടെ മുറിയുടെ വാതിൽക്കൽ വന്ന് മറമാറ്റി പുഞ്ചിരിച്ചതിനാൽ രോഗം ശമിക്കുകയാണെന്നു കരുതി സുബ്ഹി നിസ്‌കാരം കഴിഞ്ഞ് സ്വഹാബത്ത് ആശ്വാസത്തോടെയാണ് പിരിഞ്ഞുപോയത്.

റബീഉൽ അവ്വൽ പത്ത്, പതിനൊന്ന് ദിവസങ്ങളിൽ ജിബ്‌രീൽ(അ) വന്ന് തിരുനബിയുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും അല്ലാഹുവിന്റെ പ്രത്യേക കൽപന പ്രകാരമാണ് തന്റെ രോഗസന്ദർശനം എന്നു അറിയിക്കുകയും ചെയ്തു. മൂന്നാം ദിവസം ജിബ്‌രീൽ(അ) വീണ്ടും സന്ദർശിച്ചു. അസ്‌റാഈൽ(അ)മും മറ്റൊരു മലക്കും കൂടെയുണ്ടായിരുന്നു. സമ്മതം ചോദിച്ച് അകത്തുകടന്ന ജിബ്‌രീൽ(അ) അസ്‌റാഈൽ(അ) അങ്ങയോട് സമ്മതം ചോദിക്കുന്നുണ്ടെന്ന് തിരുനബി(സ്വ)യെ അറിയിച്ചു. സമ്മതപ്രകാരം അടുത്തെത്തിയ അസ്‌റാഈൽ തന്റെ ആഗമനോദ്ദേശ്യം അറിയിച്ചു. അനുമതിയുണ്ടെങ്കിൽ അവിടുത്തെ റൂഹ് പിടിക്കാനാണ് ഞാൻ എത്തിയതെന്നുപറഞ്ഞു. നബി(സ്വ)യുടെ അനുമതി അനുസരിച്ച് കാരുണ്യത്തിന്റെ മാലാഖമാരുടെ അകമ്പടിയോടെ ആ പുണ്യാത്മാവിനെ അവർ കൊണ്ടുപോയി.

‘വഹ്‌യുമായി ഞാൻ അങ്ങയെ ലക്ഷ്യമാക്കിയാണ് വന്നിരുന്നത്. ഭൂമിയിലേക്കുള്ള എന്റെ അവസാനത്തെ യാത്രയാണല്ലോ ഇന്നത്തേതെ’ന്ന് വിലപിച്ചാണ് ജിബ്‌രീൽ(അ) മടങ്ങിയത്. മരണസമയം ആഇശ(റ)യുടെ നെഞ്ചിലേക്ക് തല ചായ്ച്ച് കിടക്കുകയായിരുന്നു റസൂൽ(സ്വ). ആ വേദന അനുഭവിക്കുമ്പോഴും നിസ്‌കാരം ഉപേക്ഷിക്കുകയോ നിസ്‌കാരത്തെ തൊട്ട് അലസരാവുകയോ ചെയ്യരുതെന്ന് ഉമ്മത്തിനോട് വസ്വിയ്യത്ത് ചെയ്യുകയുണ്ടായി. ശുഭകരമായ അന്ത്യത്തിന്റെ ലക്ഷണമായ അല്ലാഹുവിനെ കാണാനുള്ള അതിയായ ആഗ്രഹം നിറവേറുന്നതിന് വേണ്ടി അർറഫീഖുൽ അഅ്‌ലാ (ഉന്നതനായ സ്‌നേഹിതനിലേക്ക് ചേർക്കണേ) എന്നിങ്ങനെ ആവർത്തിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

റൂഹ് പിരിഞ്ഞ പുണ്യശരീരം ആഇശ(റ) തന്റെ നെഞ്ചത്തുനിന്ന് മാറ്റി നിലത്തുകിടത്തി പുതപ്പിച്ചു. മറ്റുള്ളവരെപ്പോലെ തന്നെ ആഇശ(റ)ക്കും തിരുനബി(സ്വ)യുടെ മരണം വിശ്വസിക്കാൻ കഴിഞ്ഞില്ല. മരണപ്പെട്ടതാണോ ബോധക്ഷയമാണോ എന്ന സംശയത്തിലായിരുന്നു മഹതി. അപ്പോഴാണ് ഉമർ(റ)വും മുഗീറത്ത്(റ)വും വീട്ടിലേക്ക് കടക്കാൻ ബീവിയോട് അനുമതി ചോദിച്ചത്. അനുമതി നൽകിയ ആഇശ(റ) അവർ അന്യപുരുഷന്മാരായതിനാൽ മറയ്ക്ക് പിന്നിലേക്ക് മാറി. അവർ വന്ന് തിരുനബി(സ്വ)യുടെ അവസ്ഥ നിരീക്ഷിച്ച ശേഷം പള്ളിയിലേക്ക് ചെന്നു. വാതിൽക്കൽ എത്തിയപ്പോൾ മുഗീറത്ത് പറഞ്ഞു: ‘തിരുനബി(സ്വ) വഫാത്തായി അല്ലേ..’

ഉമർ(റ)ന് വിശ്വസിക്കാനായില്ല. അദ്ദേഹം രോഷാകുലനായി പറഞ്ഞു: ‘അത് ബോധക്ഷയമാണ്. കപടവിശ്വാസികളെയൊക്കെ ശിക്ഷിച്ചിട്ടല്ലാതെ തിരുനബി(സ്വ) വഫാത്താവുകയില്ല. ബോധം തെളിയും തീർച്ച.’

പള്ളിയിലും പരിസരത്തും സ്വഹാബിമാർ തടിച്ചുകൂടിയിരുന്നു. പ്രവാചകർ(സ്വ) വഫാത്തായ വിവരം അവരുമറിഞ്ഞു. ഉസ്മാൻ(റ), അലി(റ) തുടങ്ങിയവരും അവിടെയുണ്ട്. ആർക്കും വിശ്വസിക്കാനാകുന്നില്ല. തിരുനബി(സ്വ)യുടെ വഫാത്ത് വിവരം പറയുന്നവരോട് അവർ രോഷാകുലരാവുകയാണ്. ഉമർ(റ) തന്നെയായിരുന്നു അതിൽ മുന്നിൽ. മരണം ബോധ്യപ്പെട്ട അബ്ബാസ്(റ) ജനക്കൂട്ടത്തെ ശാന്തരാക്കാൻ ശ്രമിച്ചു. പക്ഷേ, സാധിച്ചില്ല.

അപ്പോഴാണ് അബൂബക്കർ(റ)ന്റെ ആഗമനം. സുബ്ഹി നിസ്‌കാരം കഴിഞ്ഞ് തിരുനബി(സ്വ)യുടെ സമ്മതത്തോടെ മദീനയുടെ മുകൾ ഭാഗത്തുള്ള സുൻഹ് എന്ന പ്രദേശത്തെ വസതിയിലേക്ക് പോയതായിരുന്നു മഹാൻ. പള്ളിയിലെത്തിയ അബൂബക്കർ(റ) ആരോടും സംസാരിച്ചില്ല. മകൾ കൂടിയായ ആഇശ(റ)യുടെ വീട്ടിലേക്ക് ചെന്നു. തിരുനബി(സ്വ)യുടെ മുഖത്തുനിന്ന് മുണ്ട് മാറ്റിനോക്കി. അദ്ദേഹത്തിന് തിരുനബി(സ്വ)യുടെ വഫാത്ത് ബോധ്യപ്പെട്ടു. മഹാന്റെ നയനങ്ങൾ നിറഞ്ഞു. തിരുനെറ്റിയിൽ ആദരവോടെ ചുംബിച്ച് മുണ്ട് കൊണ്ട് മറച്ചു. മുണ്ടിന്റെ അറ്റം തലയുടെ അടിയിലേക്ക് തിരുകിവെച്ചു.

അബൂബക്കർ(റ) പള്ളിയിലേക്ക് ചെന്നു. തടിച്ചുകൂടിയ സ്വഹാബികൾക്കുമധ്യേ ഉമർ(റ) ഊരിപ്പിടിച്ച വാളുമായി നിൽക്കുകയാണ്. തിരുനബി(സ്വ)യുടെ മരണവാർത്ത കേട്ട് സ്വബോധം നഷ്ടപ്പെട്ടു പലർക്കും. അബൂബക്കർ(റ), അബ്ബാസ്(റ) പോലെ അപൂർവം പേർക്കല്ലാതെ ആ വാർത്തക്കുമുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. മനുഷ്യർക്ക് മാത്രമല്ല, മദീനയിലെ നിർജീവ വസ്തുക്കൾക്കുപോലും ആ ദുഃഖം താങ്ങാൻ കഴിഞ്ഞില്ലെന്ന് ഇമാം അസ്ഖലാനി(റ) രേഖപ്പെടുത്തിക്കാണുന്നു. നട്ടുച്ച സമയം അർധരാത്രി പോലെ ഇരുട്ട്മൂടിയതായി ഇമാം സ്വാലിഹ്(റ) നിവേദനം ചെയ്യുന്നു.

ആൾക്കൂട്ടത്തിലേക്ക് കടന്ന അബൂബക്കർ(റ) അവരെ അഭിസംബോധന ചെയ്തു:

‘ആരെങ്കിലും മുഹമ്മദിനെ ആരാധിച്ചിരുന്നെങ്കിൽ മുഹമ്മദ്(സ്വ) മരണപ്പെട്ടിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നെങ്കിൽ അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. അവന് മരണമില്ല.’ ശേഷം വിശുദ്ധഖുർആൻ 3/144 പാരായണം ചെയ്തു: ‘മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ മാത്രമാണ്. നബിക്ക് മുമ്പുള്ള പ്രവാചകന്മാർ മരണപ്പെട്ടവരാണ്. നബി മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താൽ നിങ്ങൾ പിന്തിരിഞ്ഞോടുന്നപക്ഷം അതുകൊണ്ട് അല്ലാഹുവിന് ഒരു കോട്ടവും സംഭവിക്കുകയില്ല. യുദ്ധമുഖത്ത് അടിയുറച്ച് നിന്ന് അല്ലാഹുവിന്റെ കൽപന അനുസരിക്കുന്നവർക്ക് പ്രതിഫലം നൽകുന്നതുമാണ്’ എന്ന സൂക്തം കേട്ടപ്പോൾ എല്ലാവർക്കും ആശ്വാസമായി. ഈ വിശുദ്ധവാക്യം മുമ്പ് കേട്ടിട്ടില്ലെന്നു പോലും ചിലർ ധരിച്ചു.

മരണവാർത്ത കേട്ട് ഉമർ(റ)ന് സുബോധം നഷ്ടപ്പെട്ടുവെങ്കിൽ ഉസ്മാൻ(റ)ന് ബധിരതയും മൂകതയും ബാധിച്ചു. ദീർഘനേരത്തേക്ക് നാവ് അനക്കാനായില്ല. അലി(റ) വാർത്ത കേട്ട സ്ഥലത്തുതന്നെ തരിച്ചിരുന്നുപോയി. കുറേനേരത്തേക്ക് ചലിക്കാൻ കഴിഞ്ഞില്ല. അബ്ദുല്ലാഹിബ്‌നു ഉനൈസ്(റ) എന്ന സ്വഹാബി ദുഃഖം താങ്ങാനാകാതെ മരണപ്പെട്ടു.

ഹജ്ജിന്റെ വേളയിൽ ‘തൽബിയ’ത്തിന്റെ ശബ്ദത്താൽ വിശുദ്ധ മക്കയുടെ അന്തരീക്ഷം മുഖരിതമാകും പ്രകാരം തിരുനബി(സ്വ)യുടെ വഫാത്ത് വാർത്ത അറിഞ്ഞവരുടെ അടക്കിപ്പിടിച്ച തേങ്ങലിന്റെ ശബ്ദം കൊണ്ട് പുണ്യമദീനയുടെ അന്തരീക്ഷം മുഖരിതമായെന്നു ചരിത്രം രേഖപ്പെടുത്തുന്നു. സമൂഹത്തെ സമാധാനിപ്പിക്കാനും തിരുശരീരം മറവ് ചെയ്യാനുമൊക്കെ നേതൃത്വം നൽകിയത് അബൂബക്കർ(റ)വാണ്.

പ്രവാചകർ(സ്വ)യുടെ ജനാസ മറവുചെയ്ത് തിരിച്ചുവന്ന അനസ്(റ)വിനോട് ‘തിരുനബി(സ്വ)യുടെ മേൽ മണ്ണ് വാരിയിടാൻ നിങ്ങൾക്കെങ്ങനെ സാധിച്ചു’ എന്ന് ഫാത്വിമ(റ) കണ്ണീരോടെ ചോദിക്കുകയുണ്ടായി. ഈ ചോദ്യത്തിനു മുന്നിൽ പകച്ചുനിന്ന അനസ്(റ)ന് പറയാനുണ്ടായിരുന്നത്, മരണപ്പെട്ടാൽ മറവ് ചെയ്യണമെന്ന തിരുനബി(സ്വ)യുടെ നിർബന്ധ കൽപന തിരസ്‌കരിക്കാൻ നിർവാഹമില്ലാത്തതു കൊണ്ട് മാത്രമാണ് ഞങ്ങൾ അങ്ങനെ ചെയ്തതെന്ന് ഇമാം അസ്ഖലാനി(റ) രേഖപ്പെടുത്തുന്നു. റസൂലിനൊപ്പം അല്ലാഹു നമ്മെയും സ്വർഗത്തിലൊന്നിപ്പിക്കുകയും തിരുശഫാഅത്ത് നൽകുകയും ചെയ്യട്ടെ.

അബ്ദുൽ ഹകീം സഅദി കരുനാഗപ്പള്ളി

വഫാതുന്നബി-2

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ