റസൂൽ(സ്വ)യുടെ വ്യക്തിത്വത്തിന് മനുഷ്യ ചരിത്രത്തിൽ ഒരു ഉപമയില്ല. മാത്രമല്ല, അത് അസംഭവ്യവുമാണ്. ഏത് അളവുകോൽ കൊണ്ടളന്നാലും അതിന്റെ പ്രഭാവവും വ്യതിരിക്തതയും ഉന്നതമായി കാണാം. അല്ലാഹുവിന്റെ റസൂൽ എന്ന വ്യക്തിത്വം എല്ലാ മുർസലുകൾക്കുമുള്ളതാണ്. എന്നാൽ നമ്മുടെ നബി(സ്വ) അവരുടെയെല്ലാം നേതാവ് എന്ന ഉന്നത സ്ഥാനത്തിനുടമയാണ്. അല്ലാഹു അവന്റെ സൃഷ്ടികളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത് നിയോഗിച്ചവരാണ് അമ്പിയാ മുർസലുകൾ. എല്ലാ നിലയിലും മുഴുവൻ മേഖലകളിലും അവരുടെയെല്ലാം മീതെയാണ് തിരുനബി(സ്വ). മതത്തിന്റെ പരിധിയിൽ നിന്ന് വീക്ഷിക്കുമ്പോൾ നബി(സ്വ)യുടെ വ്യക്തിത്വത്തിന്റെ നിരുപമഭാവം ഇതിൽ കേന്ദ്രീകൃതമാണ്. കലിമതുത്തൗഹീദിൽ ലാഇലാഹ ഇല്ലല്ലാഹു എന്നതിനോട് ചേർത്ത് വെച്ചിട്ടുള്ളതാണ് മുഹമ്മദുർറസൂലുല്ലാഹി എന്നത്. സത്യവിശ്വാസത്തിന്റെ അടിസ്ഥാനം തന്നെ മുഹമ്മദ് റസൂൽ ചേർന്നതാണെന്നർത്ഥം.
ചരിത്ര പുരുഷൻ എന്ന ഭൗതിക വായനയിലും നബി(സ്വ)യുടെ വ്യക്തിത്വത്തിന്റെ തുല്യതയില്ലായ്മ സുവ്യക്തമാണ്. ചരിത്ര പുരുഷന്മാരായി വാഴ്ത്തപ്പെടുന്നവരും ചരിത്രം തീർത്തവരും ധാരാളം. പക്ഷേ, ഏതെങ്കിലും മേഖലകളിലോ കാലഘട്ടങ്ങളിലോ സ്വന്തം സാന്നിധ്യം അടയാളപ്പെടുത്തിയവരായിരിക്കും അവർ. അവർ അങ്ങനെയായിത്തീരുന്നതിന് സാഹചര്യപരമായ അനുകൂലനങ്ങളോ സമ്മർദങ്ങളോ സൗകര്യങ്ങളോ ഉണ്ടായിട്ടുമുണ്ടാകും. സാമ്പത്തികശേഷി, വിദ്യാഭ്യാസ സൗകര്യം, അനുകൂലമായ ജീവിതസാഹചര്യം, സാംസ്‌കാരികമായ മേന്മ തുടങ്ങി പല ഘടകങ്ങളും അവരെ രൂപപ്പെടുത്തുന്നതിന് സഹായകമായിട്ടുണ്ടാവും. എന്നാൽ പ്രവാചകർ(സ്വ)യുടെ വ്യക്തിത്വം പ്രത്യക്ഷവും ഭൗതികവുമായ അനുകൂല സാഹചര്യത്തിന്റെ സൃഷ്ടിയല്ല എന്നത് വ്യക്തമായ ചരിത്രമാണ്.

നബി(സ്വ) ജൻമംകൊണ്ട ആറാം നൂറ്റാണ്ടിന് മേന്മകൾ അധികമൊന്നും പറയാനില്ല. ചില നന്മകളും ശീലങ്ങളും നിലനിന്നിരുന്നുവെന്നതൊഴിച്ചാൽ അക്കാലത്തിന് ഒട്ടും ശോഭയുണ്ടായിരുന്നില്ല. വ്യക്തമായ വഴികേടുകൾ നിലനിന്ന സമൂഹത്തിലാണ് നബിയുടെ നിയോഗമെന്ന് ഖുർആൻ വ്യക്തമാക്കി. പക്ഷേ, അന്നത്തെ ഒരു ദുശ്ശീലവും അരുതായ്മയും ബാധിക്കാതെയാണ് അവിടന്നു വളർന്നത്.

അന്നു പ്രധാന പരിമിതി വിദ്യാഭ്യാസ രംഗത്തായിരുന്നു. വിദ്യാഭ്യാസത്തിന് സൗകര്യങ്ങളേ ഇല്ലായിരുന്നു. ഔപചാരിക വിദ്യാഭ്യാസ സംവിധാനങ്ങളൊന്നുമില്ലാത്തതിനാൽ ഒരു ഗുരുവിന്റെ പരിഗണനയും ശ്രദ്ധയും നബി(സ്വ)ക്ക് ലഭിച്ചിട്ടില്ല. നല്ല ബുദ്ധിശക്തിയും പഠന മികവും പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികൾ കൂടുതൽ പരിഗണനയും പ്രോത്സാഹനവും ലഭിക്കുമ്പോൾ ചരിത്ര പ്രതിഭകളായിത്തീരാറുണ്ട്. അനാഥനായി വളർന്ന ആ ബാലനു പഠിക്കാൻ കലാലയമോ ഗുരുനാഥനോ കരിക്കുലമോ ഉണ്ടായിരുന്നില്ല. പഠന സൗകര്യമേർപ്പെടുത്താൻ മാതാപിതാക്കൾ ജീവിച്ചിരിപ്പുമില്ല. വീടിനകത്ത് നിന്നോ കുടുംബത്തിൽ നിന്നോ ഏതെങ്കിലും തരത്തിലുള്ള ഗ്രന്ഥപാരായണമോ വേദമന്ത്രമോ കേട്ടില്ല. പരമ്പരാഗതമായി കൈമാറിവന്ന ചില നല്ല ശീലങ്ങളല്ലാതെ ഔപചാരിക സംവിധാനമേതുമുണ്ടായിരുന്നില്ലെന്ന് ചുരുക്കം. ഇത്തരമൊരു സമൂഹത്തിലും കാലഘട്ടത്തിലുമാണ് മുഹമ്മദ് നബി(സ്വ)യുടെ നിയുക്തി.

അനുകൂലിക്കുന്നവർക്കും വിശ്വസിക്കുന്നവർക്കും അല്ലാത്തവർക്കും തിരുനബി(സ്വ)യുടെ വ്യക്തിപ്രഭാവത്തിൽനിന്ന് വെളിച്ചം സ്വീകരിക്കാൻ സാധിച്ചു. വിശ്വാസികൾ ആദരപൂർവം സ്വീകരിച്ചു. നബി(സ്വ)യെ പിന്തുടർന്നു, അംഗീകരിച്ചു. പ്രവാചകർ(സ്വ)യിൽ നിന്നാണ് വെളിച്ചവും വഴിയും സ്വീകരിക്കേണ്ടത്. സൽപ്രവർത്തനങ്ങളും സൽസ്വഭാവങ്ങളും നബി(സ്വ)യെ പിന്തുടർന്ന് സ്വായത്തമാക്കണം.
ലോകസമാധാനത്തിനും സാമൂഹിക ക്ഷേമത്തിനും സാംസ്‌കാരിക മേന്മകൾക്കും ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട പാഠങ്ങളും വ്യവസ്ഥകളും ജീവിതമൂല്യങ്ങളും ലോകത്തിനു സമർപ്പിച്ച നിസ്തുലനായ മാതൃകാപുരുഷനാണ് തിരുനബി(സ്വ). ഈ യാഥാർത്ഥ്യം പറയാതെ പറയുകയാണ് ലോകം. മിക്കവർക്കും ഇത് ബോധ്യമാണ്. പക്ഷേ, രൂക്ഷമായ സ്വാർത്ഥതയോ അഹങ്കാരമോ അസൂയയോ കാരണം തുറന്നു പറയുകയും അംഗീകരിക്കുകയും ചെയ്യുന്നില്ലെന്ന് മാത്രം. പ്രത്യക്ഷത്തിൽ അനുകൂലമല്ലാത്ത സാഹചര്യമായിരുന്നിട്ടും സാർവത്രികമായ ഒരനുകരണീയത നബി(സ്വ)യുടെ വ്യക്തിത്വം നേടിയെന്നത് അത്ഭുതകരവും നിസ്തുലവുമാണ്. നന്മക്ക് അനുകൂല സാഹചര്യമായിരുന്നില്ല പ്രവാചകർക്ക് ചുറ്റിലും. എന്നിട്ടും നബി(സ്വ)യുടെ വ്യക്തിപ്രഭാവം പ്രസരിപ്പോടെ നിലനിന്നു.

ആ വ്യക്തിത്വത്തിന്റെ ബഹുമുഖത്വം വിസ്മയാവഹമാണ്. ഒപ്പം മാതൃകാപരവും സുതാര്യവും. ചരിത്രപുരുഷരായി അറിയപ്പെടുന്ന ചിലർ ഏതെങ്കിലുമൊരു തലത്തിൽ മാത്രം അറിയപ്പെടുന്നവരോ ശ്രദ്ധേയരോ ആയിരിക്കും. പ്രസ്തുത മേഖലകളിൽ അവർ ഉന്നതമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുണ്ടാകും. പക്ഷേ, അതിനപ്പുറവും ഇപ്പുറവും അത്ര ശോഭനമായിരിക്കില്ല. എന്നാൽ പ്രവാചകർ(സ്വ)യുടെ വ്യക്തിത്വത്തിന്റെ ബഹുമുഖത്വം അവിടുത്തെ നിയോഗവുമായി ബന്ധപ്പെട്ടതാണ്. ലോകത്തിനും സമൂഹത്തിനും ആത്യന്തികമായി ഗുണകരമായത് ചെയ്യുക, അതിനുപകരിക്കുന്ന ആശയങ്ങൾ പ്രകാശനം ചെയ്യുക എന്നത് നബിയുടെ ദൗത്യമായിരുന്നു. അതുകൊണ്ടു തന്നെ മനുഷ്യജീവിതം അഭിമുഖീകരിച്ചതും അഭിമുഖീകരിക്കാനിരിക്കുന്നതമായ എല്ലാ ഘട്ടങ്ങളെയും നേരിട്ടോ അല്ലാതെയോ റസൂൽ(സ്വ) പരിചരിച്ചിട്ടുണ്ട്.

ജേതാവ്, നേതാവ്, വിമോചകൻ, പണ്ഡിതൻ, വിശ്വഗുരു, പോരാളി, നിയമജ്ഞൻ, വിധികർത്താവ്, ഭരണാധികാരി തുടങ്ങി എല്ലാ വിശേഷണങ്ങളിലും നബിയുടെ നിരുപമഭാവം പ്രകടമാണ്. ഇതെല്ലാം പൊതുവായ വിശേഷങ്ങളാണ്. ഇവയോട് ചേർത്തു പറയാവുന്ന വ്യത്യസ്തങ്ങളായ ഉപ മേഖലകളിലെല്ലാം അവിടത്തെ വ്യതിരിക്തത കൂടുതൽ പ്രസരിച്ചു കാണാം.
തിരുനബി(സ്വ)യുടെ വ്യക്തിത്വത്തിന്റെ ബഹുമുഖത്വവും അവയുടെ നിസ്തുല ഭാവവും മനുഷ്യവർഗത്തിനാകമാനമുള്ള നേതാവ് എന്നതിൽ കേന്ദ്രീകൃതമത്രെ. എല്ലാ സൃഷ്ടികളിലും അത്യുത്തമർ എന്ന വിശേഷണം മുത്ത്‌നബിക്ക് മാത്രം അവകാശപ്പെട്ടതാണ്. നബി(സ്വ)യുടെ ദൗത്യം ഈ നേതൃപദവിയുടെ അടിസ്ഥാനമാണ്. അതിനാൽ അത്യുദാത്തമായ ജീവിതം തന്നെ പകർത്തിവെച്ചു തിരുദൂതർ.

അല്ലാഹു പറയുന്നു: നിശ്ചയം അങ്ങ് മഹത്തായ സ്വഭാവത്തിൻമേലാണ് (അൽഖലം: 4). തിരുനബി(സ്വ)യുടെ ദൗത്യം എന്താണെന്നും ജീവിതം എങ്ങനെയായിരുന്നെന്നും ഈ സൂക്തം മനസ്സിലാക്കിത്തരുന്നുണ്ട്. ആഇശ(റ) പറഞ്ഞു: നബി(സ്വ)യുടെ സ്വഭാവം ഖുർആനായിരുന്നു (അഹ്മദ്). ജീവിതത്തിലും ദൗത്യ നിർവഹണത്തിലും അഭിമുഖീകരിക്കേണ്ടിവന്ന ഏതൊരു സാഹചര്യവും കൃത്യമായും ഉദാത്തമായും സമീപിക്കുക എന്നതായിരുന്നു നബിരീതി. അതുകൊണ്ടു തന്നെ മാതൃകാപരമായ വ്യക്തിത്വത്തെ അടയാളപ്പെടുത്തിക്കാണിച്ചു റസൂൽ(സ്വ). മറ്റു ചരിത്ര പുരുഷന്മാർക്കൊന്നും സാധിക്കാത്ത വിജയമാണിത്. നബി(സ്വ)യെ വായിച്ചവർക്കെല്ലാം ഇത് മനസ്സിലായിട്ടുള്ളതാണ്. അവരിൽ പലരും അത് പറഞ്ഞിട്ടുമുണ്ട്. പക്ഷപാതപരമായി പഠിച്ചവർക്കും ചിലതൊക്കെ പറയേണ്ടിവന്നു. ഇതും ആ വ്യക്തിത്വത്തിന്റെ സവിശേഷത തന്നെ.

എല്ലാം തികഞ്ഞവരല്ല സാധാരണ മനുഷ്യർ. എന്നാൽ മുഹമ്മദ് നബി(സ്വ) എല്ലാം തികഞ്ഞവരാണ്, അതിനാൽ തന്നെ അസാധാരണ വ്യക്തിത്വവും. ലോകത്തിനാകമാനം മാതൃകയായി നബി(സ്വ) നിർദേശിക്കപ്പെട്ടതും അതുകൊണ്ടാണ്. അനുകരണം ആത്മാർത്ഥവും വിശ്വാസപൂർവവുമാകണം. അങ്ങനെയാകുമ്പോൾ അത് ജീവിത വിജയ നിദാനമാകുമെന്നാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത്. ഖുർആൻ വിശ്വാസികളോട് പറയുന്നു: നിങ്ങളിൽ അല്ലാഹുവിനെ ആഗ്രഹിക്കുന്ന, പാരത്രിക വിജയം കാംക്ഷിക്കുന്ന, അവനെ ധാരാളമായി ഓർക്കുന്നവർക്ക് അല്ലാഹുവിന്റെ റസൂലിൽ ഉദാത്തമായ മാതൃകയുണ്ട് (അൽഅഹ്‌സാബ്: 21). നബി(സ്വ)യുടെ അനുകരണീയത ഉത്തമമായ ജീവിതത്തിന്റെ തേട്ടവും അടയാളവുമാകുന്നു.

പടിഞ്ഞാറു നിന്നും വന്നിട്ടുള്ള ധാരാളം നബിപഠനങ്ങളുണ്ട്. അടിസ്ഥാനപരമായി അവയൊന്നും ഇസ്‌ലാമിനോ നബിക്കോ ഗുണം ചെയ്യാനുദ്ദേശിച്ചുള്ളതല്ല. ചരിത്ര പഠനത്തിന്റെയോ നിരൂപണത്തിന്റെയോ വിമർശനത്തിന്റെയോ പേരിലായിരുന്നു മിക്കതും എന്നതാണ് യാഥാർത്ഥ്യം. പക്ഷേ അതിൽ പലതിലും നബി(സ്വ)യുടെ വ്യക്തിത്വത്തെ എടുത്തുപറഞ്ഞതു കാണാം. ഫ്രഞ്ച് കവിയും ചരിത്രകാരനും രാഷ്ട്രതന്ത്രജ്ഞനുമായ ലാമാർട്ടിൻ എഴുതി: ‘ലക്ഷ്യത്തിന്റെ മാഹാത്മ്യവും ഉപാധികളുടെ പരിമിതിയും അമ്പരപ്പിക്കുന്ന ഫലങ്ങളുമാണ് മനുഷ്യപ്രതിഭയുടെ മൂന്ന് ഉരക്കല്ലുകളെങ്കിൽ ആധുനിക ചരിത്രത്തിൽ വല്ല മഹാനെയും മുഹമ്മദിനോട് താരതമ്യം ചെയ്യാൻ ആരെങ്കിലും ധൈര്യപ്പെടുമോ? ഏറ്റവും പ്രശസ്തരായ ആളുകൾ ആയുധങ്ങളോ നിയമങ്ങളോ സാമ്രാജ്യങ്ങളോ മാത്രം സൃഷ്ടിച്ചവരാണ്. അവർ വല്ലതും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് മിക്കപ്പോഴും സ്വന്തം കൺമുമ്പാകെ വഴുതിപ്പോയ ഭൗതികാധികാരങ്ങളെക്കാൾ കൂടുതലൊന്നുമല്ല. ഈ മനുഷ്യനാകട്ടെ സൈന്യങ്ങളെയും നിയമനിർമാണങ്ങളെയും സാമ്രാജ്യങ്ങളെയും ജനതകളെയും അധികാരപീഠങ്ങളെയും മാത്രമല്ല, അന്നത്തെ ലോകത്തിന്റെ മൂന്നിലൊന്നിൽ താമസിച്ച് കോടിക്കണക്കിന് ജനങ്ങളെ കൂടിയാണ് ചലിപ്പിച്ചത്. സർവോപരി ആൾത്താരകളെയും ദൈവങ്ങളെയും വിശ്വാസങ്ങളെയും ആത്മാവുകളെയും അദ്ദേഹം ചലിപ്പിച്ചു. അതിലെ ഓരോ അക്ഷരവും നിയമമായിത്തീർന്ന ഒരു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ, എല്ലാ ഭാഷക്കാരും എല്ലാ വംശക്കാരുമായ ജനതകളെ കോർത്തിണക്കിയ ഒരു ആത്മീയ ദേശീയത അദ്ദേഹം സൃഷ്ടിച്ചു. ദാർശനികൻ, പ്രസംഗകൻ, പ്രവാചകൻ, നിയമനിർമാതാവ്, യോദ്ധാവ്, ആശയങ്ങളുടെ ജേതാവ്, യുക്തിസിദ്ധാങ്ങളുടെ പുനഃസ്ഥാപകൻ, ഭാവനകളില്ലാത്ത ഭാവത്തോടുകൂടിയവൻ, ഇരുപത് ഭൂപ്രദേശ സാമ്രാജ്യങ്ങളെയും ഒരു ആത്മീയ സാമ്രാജ്യത്തിന്റെയും സ്ഥാപകൻ- അതാണ് മുഹമ്മദ്. മനുഷ്യ മാഹാത്മ്യത്തിന്റെ എല്ലാ മാനദണ്ഡങ്ങളും വെച്ചു നോക്കിയാൽ നമുക്കു ചോദിക്കാം; അദ്ദേഹത്തേക്കാൾ മഹാനായി ആരെങ്കിലുമുണ്ടോ?’
((Historie De La turquie, Vol, 2 Page 277))
അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ