നാസ്തിക വാദികൾ വിശ്വാസികളോട് ഉന്നയിക്കുന്ന ചോദ്യങ്ങളാണ്, മതം വല്ലപ്പോഴും നിങ്ങൾക്ക് തടസ്സമായിട്ടുണ്ടോ? അത് ചെയ്യരുത്, അങ്ങോട്ട് നോക്കരുത്, നിങ്ങൾ എന്ത് കുടിക്കണം ഇങ്ങനെ വിലക്കുകളുടെ ലോകത്ത് എങ്ങനെയാണ് ജീവിതമാസ്വദിക്കാൻ സാധിക്കുന്നത്? ഇസ്‌ലാം മത വിശ്വാസികൾക്ക് ഈ ചോദ്യങ്ങളുടെ ഉത്തരം വളരെ ലളിതമാണ്. നിങ്ങൾ വല്ലവരെയും പ്രണയിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, അത്തരമൊരാൾക്ക് മുസ്‌ലിമിനോടിത് ചോദിക്കാൻ സാധിക്കുകയില്ല. കാരണം പ്രണയികൾക്കറിയാം പ്രേമഭാജനത്തോടെങ്ങനെയാണ് പെരുമാറേണ്ടതെന്ന്. അവളാവശ്യപ്പെടുന്നതൊന്നും അവൻ നിഷേധിക്കുകയില്ല. ‘എനിക്കാ ചന്ദ്രനെ വേണമെ’ന്ന് അവൾ മാനത്ത് ചൂണ്ടി പറഞ്ഞാൽ സാധിക്കില്ലെങ്കിൽ പോലും ‘എനിക്കാവില്ല’ എന്ന നിഷേധ ഭാവം കാണിക്കാൻ പ്രണയിക്കുന്നവർ തയ്യാറാകില്ല. അങ്ങനെ ചെയ്താൽ അവരുടെ പ്രണയം പരിപൂർണമല്ലെന്നു വ്യക്തം. കാരണം പ്രണയം പരസ്പരമുള്ള സമർപ്പണമാണ്. പക്ഷേ ഒന്നുണ്ട്, യഥാർത്ഥ പ്രണയികൾ ഒരിക്കലും പ്രയാസപ്പെടുത്തുന്നതൊന്നും ആവശ്യപ്പെടുകയില്ല. ഇത് പോലെയാണ് ഇസ്‌ലാമും വിശ്വാസികളും. മുസ്‌ലിം എന്ന പ്രണയിയെ പ്രയാസപ്പെടുത്തുന്നതൊന്നും ഇസ്‌ലാം ആവശ്യപ്പെടുകയോ നിർദേശിക്കുകയോ ചെയ്യില്ലെന്നുറപ്പ്. പിന്നെ എങ്ങനെ എനിക്ക് ഈ മതം പ്രയാസമാകും? ഇത്രയേ വിശ്വാസികൾ മതത്തിന്റെ വിധി വിലക്കുകളെ കുറിച്ച് ആലോചിക്കൂ.

വിശ്വാസികളുടെ പ്രണയത്തിന്റെ ആഴവും പരപ്പും അറിയാത്തവരായി ആരെങ്കിലുമുണ്ടോ? ‘ലോകത്തുള്ള മറ്റെല്ലാത്തിനെക്കാളുമുപരി നിങ്ങളെന്നെ സ്‌നേഹിക്കണം’ എന്ന് പറയാൻ അർഹതയുള്ള ഒരു വ്യക്തിയേ ലോകത്തുണ്ടാവൂ. ആ വ്യക്തിത്വത്തെ വെല്ലുന്ന മറ്റൊരാൾക്കും ലോകത്തൊരുമ്മയും ജന്മം നൽകിയിട്ടില്ല. ഇനിയൊട്ട് ജന്മം നൽകുകയുമില്ല. അതാണ് അശ്‌റഫുൽ ഖൽഖ്(സ്വ). അവിടുത്തേക്ക് അങ്ങനെ ആവശ്യപ്പെടാനർഹതയുണ്ട്. കാരണം ലോകത്തുള്ള സകല സൃഷ്ടി ചരാചരങ്ങളും സൃഷ്ടിക്കപ്പെടാനുള്ള നിദാനം തിരുദൂതരാണ്. അവിടുന്നുണ്ടായിരുന്നില്ലെങ്കിൽ ഈ ലോകം തന്നെ ഉണ്ടാകുമായിരുന്നില്ല. സമുദായത്തെ ഏറെ സ്‌നേഹിച്ച റസൂൽ(സ്വ) അവരുടെ അന്തിമ വിജയം ലക്ഷ്യം വെച്ചാണ് നമ്മളോടാവശ്യപ്പെട്ടത്; ‘നിങ്ങളെന്നെ സ്‌നേഹിക്കണം.’ പ്രവാചകർക്ക് വേണ്ടിയല്ല അങ്ങനെ ആവശ്യപ്പെട്ടത്. അവിടുന്ന് അല്ലാഹുവിന്റെ ഹബീബാണ്. ഹബീബിനെ സ്‌നേഹിച്ചവരെ മഹ്ബൂബ് തള്ളുകയില്ല.

ജീവിക്കുന്നവർ മരിച്ചവരെ പ്രണയിച്ചതായി എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അത്തരത്തിൽ ഏറെ തെളിവൊന്നും ലഭ്യമാകില്ല. കാരണം പ്രണയം രൂപപ്പെടുന്നത് പരസ്പര ദർശനങ്ങളിൽ നിന്നും ഇടപെടലുകളിൽ നിന്നുമാണ്. എന്നാൽ പ്രവാചക പ്രണയം ഇതിന് വിപരീതമാണ്. ഭൗതികലോകത്ത് ജീവിക്കുന്ന വിശ്വാസി ലക്ഷങ്ങളാണ് ഇഹലോകവാസം വെടിഞ്ഞ തിരുനബിയെ പ്രണയിക്കുന്നത്. പ്രവാചക പ്രണയത്തിന്റെ പര്യാവസാനം സ്വർഗത്തിലാണ്. അവിടെ വച്ചേ പ്രണയികൾ പരസ്പരം സന്ധിക്കൂ.

നിങ്ങൾ പ്രവാചക പ്രണയ കാവ്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ. അവ മിക്കവാറും നിരാശയിൽ പര്യവസാനിക്കുന്നതും മറ്റൊരു ലോകത്ത് ഒത്ത്കൂടാനുള്ള പ്രതീക്ഷ നിറഞ്ഞതുമായിരിക്കും. ഇതിന്റെ കാരണമെന്താണ്?  ഈ ലോകത്തിനി ഹബീബിനോടൊത്ത് കൂടാനോ ഒരു നോക്ക് കാണാനോ സാധിക്കില്ലല്ലോ എന്നതിലുള്ള നിരാശയും പാരത്രിക ലോകത്ത് ഒരുമിച്ചുകൂടാം എന്ന പ്രതീക്ഷയുമാണ്. പ്രണയത്തിന് മുമ്പിൽ  ആക്ഷേപങ്ങൾക്കോ പരിഹാസങ്ങൾക്കോ സ്ഥാനമില്ല. അത് കൊണ്ടാണ് ഇമാം ബൂസ്വീരി(റ) ഖസീദത്തുൽ ബുർദയിലൂടെ തന്നെ ആക്ഷേപിക്കുന്നരോട് പറഞ്ഞത്:’ഉദ്‌രിയ്യ് പ്രണയത്തിൽ എന്നെ ആക്ഷേപിക്കുന്നവരേ, എനിക്ക് പറയാനുള്ളത് നിങ്ങൾ കേൾക്കൂ. നിങ്ങൾ നിക്ഷ്പക്ഷമായി ചിന്തിച്ചിരുന്നുവെങ്കിൽ എന്നെ ആക്ഷേപിക്കുമായിരുന്നില്ല. വഫാത്തായ റസൂൽ(സ്വ)യുടെ വിയോഗത്തിലുള്ള സങ്കടം സഹിക്കവയ്യാതെ ജീവിച്ച് തീർത്തവരുടെ ചരിതം ഇതിനോട് ചേർത്തുവായിക്കുക.

തിരുനബി(സ്വ) വഫാത്തായ ശേഷം സിദ്ദീഖ്(റ) ഒരിക്കൽ മക്കത്തേക്ക് മടങ്ങി വരികയാണ്. സന്തോഷാധിക്യം കൊണ്ട് കൂടി നിൽക്കുന്നവർ തിരുനബിയുടെ കൂട്ടുകാരൻ വരുന്നു എന്നുപറഞ്ഞാവേശം കൊണ്ടു. ഇത് കേൾക്കേണ്ട താമസം മഹാനവർകളുടെ ഇരുനയനങ്ങളും ചാലിട്ടൊഴുകി.

‘എന്തേ നിങ്ങൾ കരഞ്ഞത്?’

മഹാനവർകളോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ എന്നെ അബൂബക്കറേ എന്നോ അബീ ഖുഹാഫയുടെ മകനേ എന്നോ വിളിച്ചിരുന്നുവെങ്കിൽ ഞാൻ കരയുമായിരുന്നില്ല. മറിച്ച് നിങ്ങളെന്നെ പ്രവാചകരിലേക്ക് ചേർത്തു വിളിച്ചപ്പോൾ തിരുനബി ഒന്നാകെ എന്റെ മനസ്സിലേക്ക് വന്നു. അതാണ് ഞാൻ കരയാനുള്ള കാരണം.’

താൻ കാണുന്നതിലും ഓർക്കുന്നതിലും സ്പർശിക്കുന്നതിലുമെല്ലാം തന്റെ പ്രേമഭാജനത്തെ ദർശിക്കുക. പ്രണയത്തിന്റെ ഏറ്റവും മൂർത്തീഭാവമായ അവസ്ഥയാണിത്. ഇതാണ് പ്രവാചക പ്രണയികളിലെ ആദ്യപേരുകാരനായ സിദ്ദീഖ്(റ)നുണ്ടായത്.

പ്രവാചകാനുചരന്മാരുടെ പ്രണയം മനസ്സിലാവണമെങ്കിൽ മദീനയിൽ ചെന്ന് രഹസ്യങ്ങൾ ചോർത്താൻ നിയുക്തനായ ഉർവത്ത് ബ്‌നു മസ്ഊദിന്റെ ദൃക്‌സാക്ഷി വിവരണം കേട്ടാൽ മതി. അദ്ദേഹം പറയുന്നു: മുഹമ്മദ് ഒന്ന് തുപ്പിയാൽ ആദരപൂർവം അവരത് കയ്യിലേറ്റ് വാങ്ങുന്നു, മുഖത്തും മേനിയിലും പുരട്ടുന്നു. അദ്ദേഹമെന്തെങ്കിലും ഉത്തരവിട്ടാൽ ഉടനടി നിർവഹിക്കപ്പെടുന്നു. അംഗശുദ്ധി വരുത്തിയതിന്റെ ശിഷ്ടജലത്തിന് വേണ്ടിപോലും എന്തൊരു തിക്കും തിരക്കുമാണ്. എന്റെ ജനങ്ങളേ, ഞാൻ കിസ്‌റയുടെയും കൈസറിന്റെയും നജ്ജാശിയുടെയും മറ്റനേകം രാജാക്കന്മാരുടെ ദർബാറുകളും സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ഇവരിൽ ഒരാളെയും മുഹമ്മദിനെ അനുചരന്മാർ ആദരിക്കുന്നത് പോലെ ആദരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.’

പ്രവാചക പ്രണയ വൃത്തത്തിനകത്തിരിക്കുന്ന ആർക്കും ഉർവത്ത് പറഞ്ഞതിൽ അത്ഭുതം തോന്നുകയില്ല. അവിടുന്ന് അങ്ങനെയായിരുന്നു. അധികാര ഭാവത്തിൽ നിന്ന് രൂപപ്പെടുന്ന അനുസരിപ്പിക്കലായിരുന്നില്ല പ്രവാചകരുടേത്.

സ്വഹാബീ വനിതകളുടെ ചരിത്രവും വ്യത്യസ്തമല്ല. ഉഹ്ദ് യുദ്ധത്തിൽ പിതാവും ഭർത്താവും സഹോദരനും നഷ്ടപ്പെട്ട അൻസ്വാരി വനിതക്ക് തന്റെ ഉറ്റവർക്ക് പിണഞ്ഞ ആപത്തിലായിരുന്നില്ല, റസൂലിന്റെ അവസ്ഥയെന്താണ് എന്നറിയാത്തതിലായിരുന്നു വേവലാതി. പരിചരണത്തിന് പോയ ബീവി ഉമ്മു അമ്മാറ(റ) രണഭൂവിൽ ശത്രുക്കൾക്കുമുമ്പിൽ ഒറ്റപ്പെട്ട പ്രവാചകർക്ക് നേരെ ചീറിപ്പാഞ്ഞു വന്ന ശരവർഷങ്ങൾക്ക് പരിചയായതും ഹബീബിനോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടായിരുന്നു. സ്വഹാബികളുടെ പ്രണയ ചരിതങ്ങൾ എണ്ണിയാലൊടുങ്ങില്ല. തിരുനബിയില്ലാത്ത മദീനയിൽ തങ്ങാനാവില്ലെന്ന് പറഞ്ഞ് നാടുവിട്ട ബിലാൽ(റ) സ്വപ്നത്തിലൂടെയുള്ള തിരുദർശനം കാരണമായി വീണ്ടും മദീനയിലെത്തി. പ്രവാചക കാലത്ത് മദീനയിലെ മണൽ തരികളെ കോൾമയിർ കൊള്ളിച്ചിരുന്ന ആ ശബ്ദ മാധുരി കേൾപ്പിക്കാൻ അവർ അദ്ദേഹത്തോടപേക്ഷിച്ചു. തിരുനബി(സ്വ)യുടെ പേരമക്കൾ നിർബന്ധിച്ചപ്പോൾ അവസാനം അദ്ദേഹം തയ്യാറായി. ആ വാങ്കൊലി വീണ്ടും മദീനയെ പുളകം കൊള്ളിച്ചു. എല്ലാവരും തിരുനബിയുടെ പുഷ്‌കല കാലം തിരിച്ച് വന്നിരിക്കുന്നു എന്നുപോലും കരുതി മദീനാ പള്ളിയിലേക്ക് വെച്ചുപിടിച്ചു. ബിലാലിന് ആ വാങ്ക് പൂർത്തീകരിക്കാൻ സാധിച്ചില്ല. തിരുനാമം ഉച്ചരിച്ചപ്പോൾ ബിലാൽ(റ)ന്റെ മനസ്സിലേക്ക് ഹബീബില്ലാത്ത മദീന പള്ളിയുടെ മിഅ്‌റാബ് ഓടി വന്നു. അദ്ദേഹം ബോധരഹിതനായി വീണു.

പ്രണയികളുടെ ചരിത്രം പറഞ്ഞു തീർക്കാൻ സാധിക്കില്ല. അവിടുത്തെ ഹദീസുകളുദ്ധരിക്കുമ്പോൾ, തിരു നാമം ഉച്ചരിക്കുമ്പോൾ, പ്രവാചകരുമായി ബന്ധപ്പെട്ട എന്തെങ്കിലും കണ്ണിലുടക്കുമ്പോൾ ഹൃദയം അവിടുത്തെ ഓർമകൾ കൊണ്ട് നിറഞ്ഞ് തുളുമ്പി മോഹാലസ്യപ്പെട്ട് വിഴുന്ന നിരവധി പ്രണയികളിനിയുമുണ്ട്. പൂർവസൂരികളിൽ പ്രമുഖനായ അബൂബക്കറുൽ ബഗ്ദാദി(റ) ഇതിനൊരുദാഹരണമാണ്. സ്വലാത്ത് ചൊല്ലിച്ചൊല്ലി തിരുനബി(സ്വ) മദീനയിലേക്കുള്ള പ്രവേശനം നിഷേധിച്ച വ്യക്തിയാണ് മഹാനവർകൾ. കാരണമെന്തെന്നോ? അദ്ദേഹമെങ്ങാനും മദീനയിലെത്തിയാൽ തിരുനബിക്ക് റൗളാ ശരീഫിൽ സ്വസ്ഥമായി കിടക്കാൻ സാധിക്കുകയില്ല. തന്നെ അങ്ങേയറ്റം പ്രണയിക്കുന്ന മഹാനെ സ്വീകരിക്കാൻ തിരുറൗളയിൽ നിന്നു പുറത്തിറങ്ങാൻ മാത്രം തീവ്രമാണ് ആ പരസ്പര പ്രണയം. അത്‌കൊണ്ടു തന്നെ തിരുനബി രാജാവിന് സ്വപ്നദർശനം നൽകി; ഇന്നാലിന്ന വ്യക്തി മദീനയിൽ പ്രവേശിക്കുന്നത് തടയണം. അങ്ങനെയാണ് അബൂബക്കറുൽ ബഗ്ദാദിയുടെ മദീനാപ്രവേശം നടക്കാതെ പോയത്.

മണ്ണും വിണ്ണും വചസ്സും വപുസ്സും എല്ലാം തിരുറൗളയിലേക്ക് തിരിഞ്ഞിരിക്കുകയായിരുന്നു വിടപറഞ്ഞ റബീഉൽ അവ്വലിൽ. ജന്മമാസത്തിൽ മാത്രം ഒതുക്കേണ്ടതല്ലല്ലോ തിരുപ്രണയം. കാലങ്ങൾക്കും അതിരുകൾക്കും അതീതമായി അതു പരന്നൊഴുകണം. അവിടുന്നാണ് രക്ഷപ്പെടാനുള്ള പിടിവള്ളി. സ്വലാത്തും മൗലിദും മദ്ഹും ചൊല്ലിയും അപദാനങ്ങൾ പാടിയും പറഞ്ഞും തിരു സ്‌നേഹം ഇനിയും വർധിപ്പിക്കണം. അങ്ങനെ അവിടുത്തോടൊപ്പം നാളെ സ്വർഗത്തിലൊരുമിച്ച് കൂടാനാകണം.

സയ്യിദ് ഇബ്‌റാഹിമുൽ ഖലീൽ ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ