ആന്തരികവും ബാഹ്യവുമായ വിജ്ഞാനങ്ങളുടെ മഹത്തായ ഒരു ഉറവിടത്തിലേക്കാണ് തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ മാതാപിതാക്കളുടെ പരമ്പര ചെന്നെത്തുന്നത്. നഖ്ശബന്ദി ത്വരീഖത്തിന്റെ ശൈഖും കര്‍മശാസ്ത്ര പണ്ഡിതനുമായ അശ്ശൈഖ് അബ്ദുറഹ്മാന്‍ അന്നഖ്ശബന്ദി(റ)യുടെ സന്താന പരമ്പരയിലാണ് അദ്ദേഹം ജനിച്ചത്.

നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍, അബുല്‍ കമാല്‍ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ഉസ്താദുല്‍ അസാതീദ് ഒകെ സൈനുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ മഹാ പണ്ഡിതരാണ് ബാപ്പു ഉസ്താദിന്റെ ഗുരുവര്യര്‍. ഉസ്താദുമാരുടെയെല്ലാം പൂര്‍ണ സംതൃപ്തിയും പ്രശംസയും ബാപ്പുമുസ്‌ലിയാര്‍ സ്വായത്തമാക്കിയിട്ടുണ്ട്. ഒകെ ഉസ്താദ് പലപ്പോഴും ബാപ്പു മുസ്‌ലിയാരെ പ്രശംസിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. ഇങ്ങനെ മാതൃപിതൃ പരമ്പരയും ഗുരുശൃംഖലയും അത്യുന്നതമായതിന്റെ ഫലം അദ്ദേഹത്തില്‍ തെളിഞ്ഞുകണ്ടിരുന്നു.

ആദര്‍ശദാര്‍ഢ്യതയും ബിദ്അത്തുകാരോടുള്ള വെറുപ്പും ബാപ്പു മുസ്‌ലിയാരില്‍ എപ്പോഴും മികച്ചുനിന്നു. ഒരവസരത്തില്‍ അദ്ദേഹം തന്നെ അതിന്റെ കാരണം ഇങ്ങനെ വിശദീകരിച്ചതോര്‍ക്കുന്നു:

“പുത്തന്‍ ആശയക്കാര്‍ കേരളത്തില്‍ എത്തുന്നത് നൂറു കൊല്ലത്തിനിപ്പുറമാണ്. പക്ഷേ, അന്നത്തെ അവരുടെ നേതാക്കള്‍ ആലിമീങ്ങളുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നവരായതു കൊണ്ട് സാധാരണക്കാര്‍ക്ക് അവരെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ചില പ്രദേശങ്ങളെല്ലാം അവരുടെ പിടിയിലമര്‍ന്നു. എടവണ്ണയില്‍ അലവി മൗലവിയും പുളിക്കല്‍ അബുസ്വബാഹ് മൗലവിയും ഉദാഹരണം. അന്ന് അവരെ പ്രതിരോധിക്കാനും അവരുടെ ഉള്ളിലിരുപ്പ് മുസ്‌ലിം ബഹുജനങ്ങള്‍ക്ക് വ്യക്തമാക്കിക്കൊടുക്കാനും ആളില്ലാതെ പോവുകയും ചെയ്തു.

എന്നാല്‍ തിരൂരങ്ങാടി അങ്ങനെയായിരുന്നില്ല. കെഎം മൗലവി, എംസിസി അബ്ദുറഹ്മാന്‍ മൗലവി അടക്കമുള്ള വഹാബികളുടെ വലിയ നേതാക്കന്മാര്‍ അവിടെയുണ്ടായിരുന്നെങ്കിലും തിരൂരങ്ങാടിയില്‍ സുന്നത്ത് ജമാഅത്തിന്റെ വലിയ ആലിമീങ്ങളുടെ നിറസാന്നിധ്യവുമുണ്ടായിരുന്നു. അവരില്‍ നിന്ന് യഥാര്‍ത്ഥ ഇസ്ലാമിന്റെ വിശ്വാസങ്ങളും കര്‍മങ്ങളും സ്വഭാവ സംസ്കാരങ്ങളും പഠിച്ചവരായിരുന്നു അവിടുത്തെ മുസ്‌ലിം ബഹുജനങ്ങള്‍. ശാഫിഈ മദ്ഹബിലെ വിശ്രുത ഗ്രന്ഥമായ ഇബ്നുഹജറി(റ)ന്റെ തുഹ്ഫതുല്‍ മുഹ്താജിന് വ്യാഖ്യാനമെഴുതിയ ശൈഖ് അബ്ദുല്‍ ഹമീദ് ശര്‍വാനി(റ)യുടെ ശിഷ്യനും ഫത്ഹുല്‍ മുഈനിന്റെ വ്യാഖ്യാന ഗ്രന്ഥമായ ഇആനത് ത്വാലിബീന്‍ രചയിതാവായ ശൈഖ് മുഹമ്മദുല്‍ ബക്രി(റ)യുടെ ഗുരുവര്യരുമായ കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍(റ) തിരൂരങ്ങാടി സ്വദേശിയാണ്.

ഉപരിപഠനത്തിന് വേണ്ടി അദ്ദേഹം മസ്ജിദുല്‍ ഹറാമില്‍ കാലങ്ങള്‍ താമസിച്ചിട്ടുണ്ട്. തിരൂരങ്ങാടി നടുവിലെ പള്ളിയിലാണ് മഹാന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. അതുപോലെ അതിന്റെ മുമ്പ് ഖുതുബുസ്സമാന്‍ സയ്യിദ് അലവി(റ) തങ്ങളവര്‍കളും അതിന്റെ മുമ്പ് മഖ്ദൂം തങ്ങളുടെ മകളുടെ മകനും തിരൂരങ്ങാടിയിലെ ആദ്യത്തെ ഖാളിയുമായ അശ്ശൈഖ് അലി ഹസന്‍ അല്‍ മഖ്ദൂമി തുടങ്ങിയവരും തിരൂരങ്ങാടിയില്‍ വര്‍ഷങ്ങള്‍ ജീവിച്ചവരാണ്.

ഹിജ്റ 1050ല്‍ ജനിച്ച അലി ഹസന്‍ മഖ്ദൂമി 27ാമത്തെ വയസ്സില്‍ 1077ലാണ് തിരൂരങ്ങാടിയില്‍ ഖാളിയായി വരുന്നത്. വലിയ ജുമുഅത്ത് പള്ളിക്ക് മുമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നു. എന്നാല്‍ ഇവര്‍ക്കെല്ലാം ശേഷം കേരളത്തില്‍ വലിയ വിജ്ഞാന വിപ്ലവം സൃഷ്ടിച്ച മഹല്‍ വ്യക്തിയും കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള പണ്ഡിതന്മാരുടെ പരമ്പര ചെന്നുമുട്ടുന്ന ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാരുടെയെല്ലാം ഗുരുവര്യരുമായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തിരൂരങ്ങാടിയില്‍ ജീവിച്ച് മരിച്ച മഹാ പണ്ഡിതനാണ്. ഇന്ന് മുജാഹിദുകളുടെ കീഴിലുള്ള തിരൂരങ്ങാടി തറമ്മല്‍ പള്ളിയുടെ മുന്‍വശത്താണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. 1919ലാണ് വിയോഗം.

മഹാനവര്‍കളുടെ ശിഷ്യന്മാരില്‍ പെട്ട കെഎം മൗലവി 1921ല്‍ മാപ്പിള സമരം നടന്നതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂരിലേക്ക് ഒളിച്ചോടിപ്പോയി. കാലങ്ങള്‍ക്കു ശേഷം വഹാബിയായിട്ടാണ് അദ്ദേഹം തിരിച്ചുവന്നത്. ഇദ്ദേഹമാണ് തിരൂരങ്ങാടിയില്‍ വഹാബിസത്തിന് വിത്ത് പാകിയത്.

ഭാര്യാപിതാവും സ്വന്തം ഗുരുവര്യരുമായ കുഞ്ഞഹമ്മദ് ഹാജി സ്വീകരിച്ചിരുന്നതും പഠിപ്പിച്ചു പോന്നതുമായ സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശത്തിനെതിരില്‍ ബിദഈ ആദര്‍ശം തിരൂരങ്ങാടിയില്‍ നടപ്പാക്കുന്നതിന് കെഎം മൗലവിയും കൂട്ടാളികളും കിണഞ്ഞ് പരിശ്രമിച്ചു. കുഞ്ഞഹമ്മദ് ഹാജിയുടെ ശേഷം അദ്ദേഹത്തിന്റെ കുടുംബങ്ങളെ അയാള്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞു. അങ്ങനെയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രസ്സായിരുന്ന സിഎച്ച് പ്രസ്സും അദ്ദേഹത്തിന്റെ പള്ളിയായിരുന്ന തറമ്മല്‍ പള്ളിയും മുജാഹിദുകളുടെ കൈവശത്തിലായത്.

ഈ ബിദ്അത്ത് കുതന്ത്രങ്ങള്‍ക്കെതിരെ അക്കാലത്ത് ശക്തമായി രംഗത്തുവന്നത് ബാപ്പു മുസ്‌ലിയാരുടെ അമ്മാവന്മാരായ ഇബ്റാഹീം കുട്ടി ഹാജി, കോയട്ടി മുസ്‌ലിയാര്‍ അടങ്ങുന്ന ഉലമാ, ഉമറാ സമിതിയായിരുന്നു. ഇന്ന് തിരൂരങ്ങാടിയിലും സമീപത്തും കാണുന്ന മദ്റസകള്‍, പള്ളിദര്‍സുകള്‍ എന്നിവ നടത്തിവരുന്ന ഹിദായതുസ്വിബ്യാന്‍ സംഘത്തിന് രൂപംകൊടുത്തതും ഇവരാണ്.

ആ കാലത്ത് ബിദ്അത്തുകള്‍ക്കെതിരെ ഖണ്ഡന പ്രസംഗങ്ങള്‍ നടത്തുന്നതിന് തയ്യാറാക്കിയ സ്ഥലമാണ് റശീദ് നഗര്‍. സുന്നത്ത് ജമാഅത്തിന്റെ നിരവധി കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാമ്പസാണത്. ബാപ്പു മുസ്‌ലിയാരുടെ കുടുംബത്തില്‍പ്പെട്ട മുജാഹിദുകളുടെ പേടിസ്വപ്നവും കണ്ണൂര്‍പുറത്തീല്‍ സ്വദേശിയുമായ റശീദുദ്ദീന്‍ മൂസാന്‍ കുട്ടി മുസ്‌ലിയാരായിരുന്നു പ്രധാനമായും ഖണ്ഡന പ്രസംഗത്തിന് അവിടെയെത്തിയിരുന്നത്. അദ്ദേഹത്തിന്റെ നാമത്തിലേക്ക് സൂചിപ്പിച്ചാണ് റശീദ് നഗര്‍ എന്നറിയപ്പെട്ടത്. ശേഷം പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഇകെ ഹസന്‍ മുസ്ലയാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ആമയൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവരെല്ലാം സുന്നത്ത് ജമാഅത്തിനുവേണ്ടി പ്രസംഗം നടത്താന്‍ പല പ്രാവശ്യങ്ങളിലായി അവിടെ വന്നിട്ടുള്ളവരാണ്.

സമസ്തയിലെ പിളര്‍പ്പിന് ശേഷം താജുല്‍ ഉലമയുടെയും കാന്തപുരം ഉസ്താദിന്റെയും കൂടെ തിരൂരങ്ങാടിയിലും പരിസര പ്രദേശത്തുമുള്ള സുന്നികള്‍ ഉറച്ചുനില്‍ക്കാന്‍ കാരണമായതും ഇതുതന്നെയാണ്. ദീനിന്റെ മൊത്ത കുത്തക അവകാശപ്പെടുന്ന ചില രാഷ്ട്രീയക്കാരുടെ വലയില്‍ പെട്ട ചിലരൊക്കെ സുന്നിമുജാഹിദ് തര്‍ക്കം ശാഖാപരം മാത്രമാണെന്ന് കരുതി സുന്നികളുടെ പള്ളി, മദ്റസ പോലെയുള്ള സ്ഥാപനങ്ങളുടെ കമ്മിറ്റിയില്‍ വരെ യാതൊരു വേര്‍തിരിവും കൂടാതെ എല്ലാവരെയും കടത്തിക്കൂട്ടിയിരുന്ന അക്കാലത്തുതന്നെ സുന്നികള്‍ വേര്‍തിരിഞ്ഞ ചരിത്രമാണ് തിരൂരങ്ങാടിക്കുള്ളത്.

1925ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപംകൊണ്ടിരുന്നെങ്കിലും അത് ഉലമാ സംഘടനയായി മാത്രം നിലനിന്നതുകൊണ്ട് മുസ്‌ലിം ബഹുജനങ്ങളിലേക്ക് അതിന്റെ പ്രവര്‍ത്തനം വേണ്ടത്ര ഇറങ്ങിച്ചെന്നിരുന്നില്ല. ഇത് മനസ്സിലാക്കിയ പണ്ഡിതര്‍ 1954ല്‍ സുന്നി യുവജന സംഘത്തിന് രൂപം നല്‍കി. മര്‍ഹൂം പാണക്കാട് പൂക്കോയ തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, പൂന്താവനം അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങി പലരും സംഘടനയുടെ സാരഥ്യം വഹിച്ചവരാണ്. ഇകെ ഹസന്‍ മുസ്‌ലിയാര്‍ പ്രസിഡന്‍റും കാന്തപുരം ഉസ്താദ് ജനറല്‍ സെക്രട്ടറിയുമായി വന്നതോടെ അതിന്റെ പ്രവര്‍ത്തനം സജീവമായി. ഹസന്‍ മുസ്‌ലിയാര്‍ക്ക് ശേഷം നൂറുല്‍ ഉലമ എംഎ ഉസ്താദും കാന്തപുരം ഉസ്താദും ദീര്‍ഘകാലം സംഘടനയെ നയിച്ചുകൊണ്ടിരുന്നു. ഈ കാലഘട്ടങ്ങളിലാണ് ബിദഈ കക്ഷികളുമായുള്ള പൂര്‍ണവേര്‍തിരിവും തനിമയും സുന്നികള്‍ക്ക് നിലനിര്‍ത്തിപ്പോരാനായത്. ഈ കഥകളെല്ലാം വിവരിച്ച് ബാപ്പു മുസ്‌ലിയാര്‍ തമാശയില്‍ ഇപ്രകാരം പറയാറുണ്ട്; നിങ്ങള്‍ക്കെല്ലാം സുന്നികളുടെ തനിമ ലഭിച്ചത് എസ്വൈഎസിന്റെ പ്രവര്‍ത്തനം ശക്തിയായതു മുതലാണെങ്കില്‍ അതിന്റെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തിരൂരങ്ങാടിയിലെ സുന്നികള്‍ തനിമ നിലനിര്‍ത്തിപ്പോരുന്നവരായിരുന്നു.”

പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ കഴിവുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ ബാപ്പു മുസ്‌ലിയാര്‍ അനുസ്മരിച്ചത് ഇവിടെ ചേര്‍ക്കാം. എടവണ്ണ അലവി മൗലവിയും മറ്റും തിരൂരങ്ങാടിയില്‍ പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ അവര്‍ തട്ടിവിട്ട വിവിധ ഗ്രന്ഥങ്ങളുടെ ഉദ്ധരണങ്ങള്‍ ഞാന്‍ കുറിച്ചുവെക്കാറുണ്ടായിരുന്നു. പതി “റദ്ദ്” പ്രസംഗത്തിന് വന്നാല്‍ ഇത് അദ്ദേഹത്തെ വായിച്ചുകേള്‍പ്പിക്കും. അപ്പോള്‍ മുമ്പിന്‍ ഭാഗങ്ങള്‍ അടക്കം വാചകം പൂര്‍ണമായി വായിച്ച് കൊടുക്കാന്‍ പതി ആവശ്യപ്പെടും. റാസി, തുഹ്ഫ, അടക്കമുള്ള ഗ്രന്ഥങ്ങളില്‍ നിന്ന് ഞാന്‍ വായിച്ചുകൊടുക്കുന്ന ഭാഗങ്ങള്‍ കേള്‍ക്കുന്നതോടെ അത് ഹൃദ്യസ്ഥമാക്കും. മൂന്നും നാലും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന പ്രസംഗത്തിനിടയില്‍ ആ ഉദ്ധരണങ്ങളെല്ലാം ഇടതടവില്ലാതെ വായിച്ച് വിഷയം സമര്‍ത്ഥിക്കും. ഇത് വല്ലാത്തൊരു കഴിവായിരുന്നു.”

എല്ലാ വിജ്ഞാന ശാഖകളിലും സാഗരതുല്യമായ ബാപ്പു മുസ്‌ലിയാര്‍ ബിദഇകളെ “റദ്ദ്” ചെയ്യുന്ന വിഷയത്തിലും നല്ല ജ്ഞാനിയായിരുന്നെങ്കിലും പ്രസംഗകനല്ലാത്തതു കൊണ്ടാണ് പൊതുജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കാനാകാതിരുന്നത്. ദീര്‍ഘമായ കാലം ദര്‍സ് നടത്തിയത് കൊണ്ട് നല്ലൊരു ശിഷ്യസമ്പത്തും ബാപ്പു മുസ്‌ലിയാര്‍ക്കുണ്ട്.

പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ