da'wath-malayalam

വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം തിന്മയിൽ ജീവിതം നയിക്കുന്നവർക്ക് കൂടി ഇസ്‌ലാമിന്റെ വെളിച്ചമെത്തിക്കൽ ബാധ്യതയാണ്. അതിന് പ്രത്യേക വേഷമോ സ്ഥാനമോ സ്ഥലമോ വേണമെന്നില്ല. ഇസ്‌ലാമിനെ പരിചയപ്പെടുത്തി കൊടുക്കാൻ ഓരോരുത്തർക്കും കഴിയുന്നത് ചെയ്യണം. വിശുദ്ധ ഖുർആൻ പറയുന്നു: കാലം തന്നെയാണ് സത്യം, തീർച്ചയായും മനുഷ്യർ നഷ്ടത്തിലാണ്. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും സത്യംകൊണ്ട് പരസ്പരം ഉപദേശിക്കുകയും ക്ഷമ കൈകൊള്ളാൻ പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ (സൂറതുൽ അസ്വ്ർ, 1-3).  ഓരോരുത്തരെയും നേരിൽ കണ്ട് ദഅ്‌വ നടത്തണമെന്നില്ല; അതാണ് കൂടുതൽ ഫലപ്രദമെങ്കിലും. ഇസ്‌ലാമിക പ്രബോധനം രഹസ്യമാക്കേണ്ടതല്ല. എന്നാൽ പരസ്യമായ ദഅ്‌വാ പ്രവർത്തനം പ്രയാസം സൃഷ്ടിക്കുമെങ്കിൽ അവിടെ മറച്ചുവെക്കണം.

ഹനഫീ മദ്ഹബ് പ്രകാരം ദാറുൽ ഇസ്‌ലാമായ (ഇസ്‌ലാമിക രീതിയിൽ ജീവിക്കാനും മറ്റും സ്വാതന്ത്ര്യമുള്ള നാട്) ഒരു രാജ്യത്ത് അമുസ്‌ലിംകൾ അധികരിച്ചുവരികയും അവിടെ ഇസ്‌ലാമിക പ്രബോധനം സാധ്യമല്ലാതിരിക്കുകയും ചെയ്താൽ ആ രാജ്യം ദാറുൽ ഹർബിലേക്ക് (ഇസ്‌ലാമിക രീതിയിൽ ജീവിക്കാൻ ബുദ്ധിമുട്ടുള്ള നാട്) മാറുന്നു. അഥവാ ദാറുൽ ഹർബിന്റെ വിധിയിലേക്ക് മാറും. എന്നാൽ ശാഫിഈ മദ്ഹബിൽ ഈ വീക്ഷണമല്ലയുള്ളത്. ദാറുൽ ഇസ്‌ലാം മാറി അവിടെ ഇസ്‌ലാമിന്റെ നിയമങ്ങളും പ്രബോധനവും നടപ്പാക്കാൻ കഴിയില്ലെങ്കിൽ രഹസ്യമായി മുസ്‌ലിമായി ജീവിക്കണമെന്നാണ് ശാഫിഈ മദ്ഹബിന്റെ അഭിപ്രായം. മുഴുവൻ വിശ്വാസികളോടും ഇസ്‌ലാം ദഅ്‌വക്ക് കൽപിക്കുന്നില്ല. അങ്ങനെയെങ്കിൽ ഇതു നിർവഹിക്കാത്ത മുസ്‌ലിംകളെ മുഴുവൻ മഅ്‌സിയത്തിലേക്ക് (തെറ്റ് ചെയ്യുക) ചേർക്കുകയാവും ഫലം.

 

ദീനീ പ്രചാരണം

മതപ്രചാരണം ഇസ്‌ലാമിൽ വളരെയധികം പ്രതിഫലമുള്ള കർമമാണ്. നീ കാരണമായി ഒരാൾക്ക് മാർഗദർശനം ലഭിക്കുന്നത് ചുവന്ന ഒട്ടകങ്ങൾ/ഭൂമിയും സർവസ്വവും ലഭിക്കുന്നതിനേക്കാൾ ഉത്തമമാണെന്നാണ് പ്രവാചക വചനം (ബുഖാരി). സന്മാർഗത്തിലേക്ക് ക്ഷണിക്കുന്നവർക്ക് അത് പിന്തുടർന്നവരുടേതിന് സമാനമായ പ്രതിഫലമുണ്ട്. ഉറപ്പാണെന്ന് ബോധ്യപ്പെട്ട സത്യം സ്വകാര്യമായി വെക്കാതെ അത് സഹോദരന് പകർന്നു കൊടുക്കുന്നത് വിശ്വാസം സമ്പൂർണമാവാൻ ആവശ്യമാണ്.

ദഅ്‌വാ പ്രവർത്തനം ഇല്ലാതെയാകുന്നത് വിപത്തിന് കാരണമാകുമെന്ന് ഇസ്‌ലാം താക്കീത് ചെയ്യുന്നുണ്ട്. ഇമാം തുർമുദി(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ നബി(സ്വ) പറയുന്നു: ‘എന്റെ ആത്മാവിന്റെ അധിപൻ തന്നെ സത്യം. നിങ്ങൾ നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക. അല്ലെങ്കിൽ നിങ്ങളെ അല്ലാഹു അടുത്തു തന്നെ ശിക്ഷിക്കും. ശേഷം പ്രാർത്ഥിച്ചിട്ട് ഫലമുണ്ടാകില്ല.’

പ്രബോധന ബാധ്യത നിർവഹിക്കുന്നില്ലെങ്കിൽ സാമൂഹിക ജീവിതം തന്നെ മനുഷ്യൻ ഉപേക്ഷിക്കണമെന്ന് പ്രഖ്യാപിക്കുകയാണ് ഇസ്‌ലാം. നിരന്തര ബോധവത്കരണത്തിനാണ് ഇസ്‌ലാമിന്റെ മുൻഗണന. ബോധവത്കരണത്തിന്റെ കുറവ് മൂലം മതത്തിന് ശോഷണം സംഭവിക്കരുതെന്ന് തന്നെയാണ് കാരണം. അതിനാൽ വ്യക്തിഗത പുണ്യത്തോടൊപ്പം മുസ്‌ലിംകളുടെ സാമൂഹിക ബാധ്യത കൂടിയാണ് ദഅ്‌വ.

 

പൂർവികർ എങ്ങനെ പ്രബോധകരായി?

പ്രശ്‌നങ്ങളും പരിഹാര മാർഗങ്ങളിലെ അനിശ്ചിതത്വവും വെല്ലുവിളിക്കുമ്പോൾ മാനവികമായ ഇസ്‌ലാമിക തത്ത്വസംഹിതകൾ ഉപയോഗപ്പെടുത്തി ദഅ്‌വ നടത്തിയ മുൻഗാമികൾ നമുക്ക് മാതൃകയാണ്. ഖുർആൻ ക്രോഡീകരണം, ഹദീസ് സംരക്ഷണം, മദ്ഹബുകളുടെ രൂപീകരണം തുടങ്ങി ഓരോ കാലത്തും വ്യത്യസ്തമായ പ്രതിസന്ധികളെ ഇസ്‌ലാമിക പ്രസ്ഥാനം തരണം ചെയ്തു. ഇതെല്ലാം ദഅ്‌വാ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. മുസ്‌ലിംകളുടെ ജീവിതരീതിയും സ്വഭാവവും പെരുമാറ്റവും കണ്ടുകൊണ്ടാണ് മുൻകാലത്ത് ഏറെ ആളുകൾ ഇസ്‌ലാമിലേക്ക് കടന്നുവന്നത്. ഇസ്‌ലാമിന്റെ സൗന്ദര്യം പൂർവികരുടെ ജീവിതത്തിൽ നിന്ന് വായിച്ചെടുക്കാൻ സാധിച്ചിരുന്നു. പഠിച്ചതനുസരിച്ച് പ്രവർത്തിക്കുകയും ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്താൽ പലരെയും ഇസ്‌ലാമിലേക്ക് ആകർഷിക്കാനാകും. അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ദഅ്‌വയും പുതുകാലത്തെ പല ദഅ്‌വാ ആഘോഷങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നതും ഇവിടെയാണ്. മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുമ്പ് തന്നെ അപരർക്ക് ഇത്തരക്കാരുടെ ജീവിതത്തിൽ നന്മകൾ കാണാൻ കഴിയും. ഔലിയാക്കൾക്ക് പലപ്പോഴും ആളുകളെ നേരിൽ കണ്ടോ മറ്റോ ഉപദേശിക്കേണ്ടി വന്നിരുന്നില്ല. അവരുടെ സ്വഭാവ മഹിമ കണ്ടുകൊണ്ടാണ് ജനം ഇസ്‌ലാമിലേക്ക് കടന്നുവന്നത്. അജ്മീർ ശൈഖ്(റ)യുടെ ജീവിതത്തിൽ ഇതിന് എമ്പാടും ഉദാഹരണങ്ങൾ കാണാം.

പ്രയാസപ്പെടുന്നവരെ സഹായിക്കുകയും കഷ്ടത അനുഭവിക്കുന്നവരോട് ദയ കാണിക്കുകയും ചെയ്യുന്നവരായിരുന്നു അവർ. മനുഷ്യരാകട്ടെ, ഇതര ജീവികളാകട്ടെ അവർ സഹായിക്കാനുള്ള സന്മനസ്സ് കാണിച്ചു. ശൈഖ് രിഫാഈ(റ) രോഗം ബാധിച്ച നായയെ മലമുകളിൽ ഒരു മാസക്കാലം പരിചരിച്ചിരുന്നു. ഇങ്ങനെ, സേവനം ജീവിതത്തിന്റെ ഭാഗമാക്കി പഴയ കാല പ്രബോധകർ. അവരുടെ സമൂഹത്തിലുള്ള ഇടപെടലുകളും സേവനവും ഇസ്‌ലാമിന്റെ സംസ്‌കാരമാണെന്ന് തിരിച്ചറിഞ്ഞ് ജനം ഇസ്‌ലാം ആശ്ലേഷിച്ചു. അല്ലാഹുവിനെ മനസ്സിലാക്കുന്നതോടൊപ്പം അവന്റെ സൃഷ്ടികൾക്ക് കരുണ ചെയ്യാനും താത്പര്യം കാണിച്ചു അവർ.

സ്‌നേഹവും വിട്ടുവീഴ്ചയും ക്ഷമയും കൈമുതലാക്കിയ അവരുടെ പ്രകൃതം തന്നെ പ്രബോധിതരെ ആകർഷിച്ചു. തിരുനബി(സ്വ)യുടെ കാലത്ത് ഹുദൈബിയ സന്ധിയിൽ ശത്രുക്കളുമായി മുസ്‌ലിംകൾ ചെയ്ത കരാറുകളിൽ അധികവും പ്രഥമ ഘട്ടത്തിൽ സ്വഹാബത്തിന് ഉൾകൊള്ളാനാവാത്തതായിരുന്നുവെങ്കിലും മുഹമ്മദ് നബി(സ്വ)യുടെ വിട്ടുവീഴ്ചയും താഴ്മയും ശത്രുക്കളെ വരെ അത്ഭുതപ്പെടുത്തി. അവരും പവിത്രമായ മതത്തിലേക്ക് കടന്നുവന്നു.

ക്ഷമയിലും ദൃഢനിശ്ചയത്തിലും ഉറച്ചുനിന്ന നബി(സ്വ)യുടെ പ്രവർത്തനവും ആത്മാർത്ഥതയും കണ്ട് ഖുറൈശികൾ അബൂത്വാലിബ്(റ)നോട്, ഇസ്‌ലാമിലേക്ക് ജനത്തെ ക്ഷണിക്കുന്നത് നിർത്താൻ മുഹമ്മദിനോട് പറയണമെന്നാവശ്യപ്പെട്ടത് പ്രസിദ്ധമാണല്ലോ. നിർബന്ധം മൂലം അബൂത്വാലിബ് ഇക്കാര്യം പറഞ്ഞപ്പോൾ നബി(സ്വ)യുടെ മറുപടി ഉറച്ചതായിരുന്നു: ‘എന്റെ വലത് കൈയ്യിൽ ചന്ദ്രനും ഇടത് കൈയ്യിൽ സൂര്യനും വെച്ച് തന്നാലും ഞാൻ ഈ ദൗത്യത്തിൽ നിന്ന് പിന്മാറുകയില്ല’. ഇതുപോലെ സാഹചര്യങ്ങൾക്കനുസരിച്ച് ഉറച്ച തീരുമാനമെടുക്കാനും പ്രബോധകന് ആർജവം വേണം.

നബി(സ്വ)യുടെ സ്വഭാവവും പെരുമാറ്റവും ഇടപഴക്കവുമെല്ലാം മഹിമയുള്ളതല്ലായിരുന്നുവെങ്കിൽ ലോകത്ത് ഇസ്‌ലാം പ്രചരിക്കുകയോ നിലനിൽക്കുകയോ ചെയ്യുമായിരുന്നില്ല. സത്യനിഷേധികൾ മാത്രമുണ്ടായിരുന്ന മക്കയിലും, അവർക്കു ഭൂരിപക്ഷമുള്ള മദീനയുടെ പരിസര പ്രദേശങ്ങളിലുമെല്ലാം 23 വർഷ കാലയളവിനുള്ളിൽ മനഃപരിവർത്തനത്തിലൂടെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാൻ നബി(സ്വ)ക്ക് കഴിഞ്ഞു. വാളുകൊണ്ടോ അടിച്ചമർത്തൽ കൊണ്ടോ ആയിരുന്നില്ല ഈ ഉദ്യമം. ജനമനസ്സുകളെ സ്വാധീനിക്കുന്ന സ്വഭാവ മഹിമയും ജീവിത രീതിയുമായിരുന്നു കൈമുതൽ. പ്രസ്തുത മാതൃക പിന്തുടർന്ന് മാനവിക മൂല്യങ്ങൾ കൈവരിച്ചവരിലൂടെയാണ് പിൽകാലത്ത് ഇസ്‌ലാമിക വ്യാപനം സാധിച്ചതും.

തസവ്വുഫിന്റെ സ്വാധീനം

ജനങ്ങൾ ഭൗതികതയിലും സുഖജീവിതത്തിലും ആകൃഷ്ടരാവുകയും ആത്മീയ രംഗം വഷളാവുകയും ചെയ്തപ്പോഴാണ് സൂഫികളായ പ്രബോധകർ രംഗത്തുവന്നത്. ആത്മജ്ഞാനികളായ ഇവരാണ് പിന്നീട് ഇസ്‌ലാമിന്റെ വളർച്ചക്ക് വലിയ തോതിൽ സഹായിച്ചത്. കലാസാഹിത്യങ്ങളും സംഗീതങ്ങളും ലോകത്തു വ്യാപിച്ചപ്പോൾ അതിലൊന്നും ഇസ്‌ലാമിക സംസ്‌കാരം ഒലിച്ചുപോവാതെ സംരക്ഷിച്ചത് സൂഫികളാണ്. മാലമൗലിദുകൾ, പ്രകീർത്തന കാവ്യങ്ങൾ, ബൈതുകൾ, റാത്തീബുകൾ, ദിക്ർ ഹൽഖകൾ തുടങ്ങിയവയെല്ലാം ദഅ്‌വാ രംഗത്തെ അതിജീവനോപാധികളായി. വ്യക്തി വിശുദ്ധിയിൽ നിന്ന് ഉരുത്തിരിഞ്ഞ സാമൂഹിക സംസ്‌കരണമാണ് സൂഫീരീതി.

ബലാൽക്കാരമില്ല

മനുഷ്യന് അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹങ്ങളിലൊന്നാണ് ചിന്താസ്വാതന്ത്രം. ചിന്തിക്കാനും അനുഗുണമായത് തിരഞ്ഞെടുക്കാനുള്ള തന്റേടം നാഥൻ  നൽകി. ഖുർആൻ പറയുന്നു: ‘പറയുക, സത്യം നിങ്ങളുടെ രക്ഷിതാവിന്റെയടുക്കൽ നിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ (അൽകഹ്ഫ്-29).

മതത്തിന്റെ കാര്യത്തിൽ ബലാൽക്കാരമേയില്ല. സന്മാർഗം ദുർമാർഗത്തിൽ നിന്ന് വ്യക്തമായി വേർതിരിഞ്ഞിരിക്കുന്നുവെന്ന് അല്ലാഹു ഓർമപ്പെടുത്തിയിട്ടുണ്ട് (2/256). എല്ലാ മനുഷ്യനും സത്യാന്വേഷിയാകാനോ സത്യമാർഗത്തിലെത്താനോ സാധിക്കണമെന്നില്ല. ഇവിടെയാണ് ഒരു പ്രബോധകൻ ആവശ്യമായി വരുന്നത്. മനുഷ്യരുടെ പ്രവർത്തന മണ്ഡലവും ചിന്തയും വ്യത്യസ്തമാണെന്നത് പരിഗണിച്ചാണ് ബന്ധികളായ അവിശ്വാസികളെ ഇസ്‌ലാം ആശ്ലേഷിക്കാൻ നിർബന്ധിക്കാൻ പാടില്ലെന്ന് കർമശാസ്ത്ര പണ്ഡിതർ പറഞ്ഞത്. പ്രായം തികഞ്ഞ ബന്ധികളെ സ്വന്തം മതം ത്യജിക്കാൻ നിർബന്ധിക്കരുത് എന്നതിൽ പണ്ഡിതർ ഏകാഭിപ്രായക്കാരാണ് (മറാതിബുൽ ഇജ്മാഅ്-ഇബ്‌നുറുശ്ദ്).

മതസ്പർദ പാടില്ല

സൗഹൃദത്തിന്റെ ഭാഗമായി അന്യമതക്കാർക്ക് പാരിതോഷികം നൽകിയ നിരവധി സംഭവങ്ങൾ ചരിത്രത്തിൽ കാണാം. മതകാര്യങ്ങളിൽ പരസ്പരം ഇടപെട്ട് പവിത്രത നഷ്ടപ്പെടുത്താതെ ഓരോന്നും തനിമയോടെ നിലനിർത്തുന്നതാണ് ശരിയായ മതേതരത്വം. അല്ലാതെ മതാചാരങ്ങൾ വെച്ചുമാറുന്നതല്ല. കുഞ്ഞായിൻ മുസ്‌ലിയാർ-മങ്ങാട്ടച്ചൻ/ മമ്പുറം തങ്ങൾ-കോന്തുനായർ പോലുള്ള ചരിത്ര പുരുഷർ ഈ വിധത്തിൽ സൗഹൃദം കാത്തുസൂക്ഷിച്ചവരായിരുന്നു.

മമ്പുറം തങ്ങൾ വരുമ്പോൾ ഇവിടെ കൂടുതലും ഇതരമതവിശ്വാസികളായിരുന്നു. അവരോട് അടുക്കാൻ മമ്പുറം തങ്ങൾക്ക് ഒരു നീരസവുമുണ്ടായില്ല. അവരുടെ കഷ്ടപ്പാടുകളിൽ തങ്ങളും പങ്കാളിയായി. തന്നാലാവുന്നതൊക്കെയും ചെയ്ത് കൊടുത്ത അദ്ദേഹം ബന്ധുക്കളോടെന്ന പോലെ അവരോട് പെരുമാറി. ആ സ്വഭാവമഹിമ കണ്ട് പലരും മഹാനുഭാവന്റെ സ്ഥിരം സന്ദർശകരായി. തങ്ങളുടെ ജീവിതം പഠിച്ച് അവർ ഇസ്‌ലാമിലേക്ക് കൂട്ടമായും ഓരോരുത്തരായും കടന്നുവന്നു.

പാർശ്വവത്കൃതരായ ഹരിജനങ്ങൾക്ക് ആരാധനാ കേന്ദ്രം അനുവദിക്കുകയും അവരുടെ അഭ്യർത്ഥന മാനിച്ച് ഉത്സവ ദിവസം കുറിച്ചുനൽകുകയും ചെയ്തു മമ്പുറം തങ്ങൾ. ഇതിലൂടെ, ഒരു ബഹുസ്വര സമൂഹത്തിൽ മുസ്‌ലിമിന്റെ ജീവിതം എങ്ങനെയാകണമെന്ന് അദ്ദേഹം വരച്ചുകാണിച്ചു. ഇന്നും മമ്പുറം മഖാമിൽ അമുസ്‌ലിം സഹോദരങ്ങൾ പ്രശ്‌ന പരിഹാരത്തിന് വരുന്നത് കാണാം. ഇത്തരം സൗഹൃദങ്ങൾ ദഅ്‌വയുടെ മുഖ്യഘടകങ്ങളിലൊന്നാണ്.

പ്രതിപക്ഷ ബഹുമാനം അനിവാര്യം

ലോകത്ത് നിലവിലുള്ള വ്യത്യസ്ത മതങ്ങളിൽ യുക്തിക്ക് യോജിക്കാത്തതും അപക്വമായതുമായ അനുഷ്ഠാന കർമങ്ങളുണ്ട്. ആമതാനുയായികളെ അലോസരപ്പെടുത്തുംവിധം അവയെ അടച്ചാക്ഷേപിക്കുന്നത് പ്രബോധകനു ചേർന്നതല്ല. മറ്റുള്ളവരിലെ നന്മകളെ അംഗീകരിക്കുകയും തിന്മകളെ തിരുത്തുകയും ചെയ്യുന്നതാണ് ഇസ്‌ലാമിന്റെ സംസ്‌കാരം. പ്രവാചകർ(സ്വ) ജീവിച്ച കാലത്തുണ്ടായിരുന്ന അധിക ഭരണാധികാരികൾക്കും അവിടുന്ന് കത്തെഴുതിയിട്ടുണ്ട്. അവരുടെ നാട്ടിലെ ഉപചാരക്രമങ്ങളിലും സംബോധന രീതികളിലുമാണ് ഓരോ രാജാക്കന്മാരോടും പെരുമാറിയത്. ഇതരരിലെ നന്മകളെയും ഇസ്‌ലാമിക വിരുദ്ധമല്ലാത്ത നിലപാടുകളെയും വാഴ്ത്തുക മാത്രമല്ല, അത്തരം നിലപാടുകൾ അംഗീകരിക്കാനും മുസ്‌ലിംകൾ മുന്നോട്ട് വന്നിട്ടുണ്ട്. ആരുടെയും നന്മകൾ സ്വീകരിക്കാനുള്ള സൗമനസ്യമാണ് മതവ്യാപനത്തിന് ആക്കം കൂട്ടിയതിലെ ഘടകങ്ങളിലൊന്ന്.

ഇതര മതസ്തരോട് പാരസ്പര്യത്തിന്റെ ഗുണകരമായ എല്ലാ മേഖലയിലും സഹകരിച്ചും സഹായിച്ചും ഒരു ബഹുമുഖ സംസ്‌കാരത്തെ താങ്ങിനിർത്തുകയാണ് മുസ്‌ലിംകൾ. ഖുർആനിൽ അല്ലാഹു പറയുന്നു: ‘മതകാര്യങ്ങളിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിരോധിക്കുന്നില്ല (മുംതഹിന-8). ഇതിന്റെ വ്യാഖ്യാനത്തിൽ ഇമാം ത്വബരി(റ) പറയുന്നു: ‘യുദ്ധത്തിലേർപ്പെടാത്ത എല്ലാ മത-ജാതി സമുദായങ്ങളോടും ഗുണപരമായി ഇടപെടുകയും അവർക്ക് നന്മയും നീതിയും ചെയ്ത് ബന്ധം സ്ഥാപിക്കുകയും ചെയ്യണമെന്നാണിതിന്റെ താത്പര്യം’.

അമുസ്‌ലിംകളുമായി സൗഹൃദത്തിൽ കഴിയുന്നവരായിരുന്നു മുൻഗാമികൾ. അവരുടെ ജീവിതരീതികളിലും സമീപനങ്ങളിലും ആകൃഷ്ടരായി പലരും ഇസ്‌ലാം പുൽകി. ഇതിന് വ്യക്തമായ ഉദാഹരണങ്ങൾ നബി(സ്വ)യുടെ ജീവചരിത്രത്തിൽ തന്നെ ധാരാളം കാണാനാകും. അനസ്(റ) പറയുന്നു: ഒരു ജൂത ബാലൻ നബി(സ്വ)ക്ക് തൊഴിലെടുക്കാറുണ്ടായിരുന്നു. പ്രവാചകർ ഇസ്‌ലാമിലേക്ക് ക്ഷണിച്ചപ്പോൾ അവനത് സ്വീകരിച്ചു (ബുഖാരി).

നബി(സ്വ)ക്ക് പരിചാരകനായ ഒരു യഹൂദി ബാലനുണ്ടായിരുന്നു. അവന് രോഗമായപ്പോൾ നബി (സ്വ) സന്ദർശിക്കുകയും അവന്റെ തലക്ക് സമീപം ഇരുന്ന് ആശ്വസിപ്പിക്കുകയും ചെയ്തു. ശേഷം അവനോടു പറഞ്ഞു: നീ ഇസ്‌ലാം സ്വീകരിക്കുക. ആ സമയത്ത് സമീപത്തുണ്ടായിരുന്ന തന്റെ പിതാവിന്റെ മുഖത്തേക്ക് അവൻ നോക്കിയപ്പോൾ (പിതാവിന്റെ അഭിപ്രായമറിയാനെന്നവണ്ണം) അദ്ദേഹം പറഞ്ഞു: നീ അബുൽ ഖാസ്വിമിനെ അനുസരിച്ചുകൊള്ളുക. അങ്ങനെയാണ് പ്രസ്തുത ബാലൻ ഇസ്‌ലാം സ്വീകരിച്ചത്.

അയൽബന്ധങ്ങൾ

അക്കൽപക്ക ബന്ധങ്ങൾ ദൃഢമാക്കുന്നതിനും അയൽവാസികൾ തമ്മിൽ സ്‌നേഹവും ഒത്തൊരുമയും വർധിപ്പിക്കുന്നതിനും ഇസ്‌ലാം ഒരുപാട് നിർദേശങ്ങൾ വെച്ചിട്ടുണ്ട്. അയൽക്കാരുടെ കാര്യങ്ങൾ ജിബ്‌രീൽ(അ) എന്നോട് പറഞ്ഞുതരുമ്പോൾ അവർക്ക് സ്വത്ത് വിഹിതം നൽകേണ്ടിവരുമോ എന്നുപോലും ഞാൻ ചിന്തിച്ചുപോയെന്ന് നബി(സ്വ) പറഞ്ഞതായി കാണാം (ബുഖാരി, മുസ്‌ലിം).

ഇസ്‌ലാമിന്റെ സൗന്ദര്യവും പ്രതിബന്ധതയും സൗഹൃദവും അമുസ്‌ലിംകളിലേക്ക് എത്തിക്കാൻ മുസ്‌ലിംകൾ ബാധ്യസ്ഥരാണ്. അയൽപക്ക മേഖല ഇതിന് ഏറ്റവും അനുയോജ്യമത്രെ. തിരുനബി(സ്വ) ഒരിക്കൽ പ്രസംഗത്തിൽ മുസ്‌ലിംകളിൽ ചിലരെ പ്രശംസിച്ച ശേഷം പറഞ്ഞു: എന്തുകൊണ്ടാണ് ചിലർ തങ്ങളുടെ അയൽവാസികൾക്ക് വിജ്ഞാനം പഠിപ്പിക്കുകയും അവർക്ക് ശിക്ഷണം നൽകുകയും അവരെ ഉപദേശിക്കുകയും ചെയ്യാത്തത്? എന്തുകൊണ്ടാണ് ചിലർ തങ്ങളുടെ അയൽക്കാരിൽ നിന്നും ദീൻ പഠിക്കുകയോ ദീനീബോധം വളർത്തുകയോ ഉപദേശം സ്വീകരിക്കുകയോ ചെയ്യാത്തത്? അല്ലാഹുവാണേ, ആളുകൾ അയൽവാസികൾക്ക് നിർബന്ധമായും അറിവ് നൽകുകയും അവരിൽ മതബോധം വളർത്തുകയും നല്ലത് കൽപിക്കുകയും ചീത്ത വിരോധിക്കുകയും ചെയ്യട്ടെ.’ സ്വയം നന്നായാൽ പോരാ. നാമുമായി ബന്ധമുള്ളവരെയും അയൽവാസികളെയുമൊക്കെ വിശുദ്ധമാർഗം സൗമ്യമായി പരിചയപ്പെടുത്തണമെന്ന് സാരം.

ഇസ്‌ലാമിക സമരങ്ങൾ

ശത്രുതയുടെ തോതനുസരിച്ച് പ്രതികരിക്കുന്ന നീതിപരമായ നിലപാടാണ് ഇസ്‌ലാം ശത്രുക്കളോട് സ്വീകരിച്ചിട്ടുള്ളത്. ഉന്നതമായ കൂട്ടായ്മകൾ സ്ഥാപിച്ച് മദീനയിലെ ജൂതരെ റസൂൽ(സ്വ) സംരക്ഷിച്ചിട്ടുണ്ട്. സമാധാന കരാറും ധാരണയും കാറ്റിൽ പറത്തി പരസ്യമായ നിയമലംഘനം നടത്തിയപ്പോഴാണ് അവരോട് യുദ്ധം പ്രഖ്യാപിച്ചത്.

ക്രൈസ്തവ സമൂഹത്തോടും ഇസ്‌ലാം ഒരുവിധ കടന്നാക്രമണവും നടത്തിയിട്ടില്ല. ഹുദൈബിയ്യാ സന്ധിയോടെ കൈവന്ന സമാധാനാന്തരീക്ഷത്തിൽ വിവിധ ക്രൈസ്തവ രാജാക്കന്മാർക്ക് നബി(സ്വ) കത്തയക്കുകയുണ്ടായി. അതിൽ ഇസ്‌ലാമിക സന്ദേശം പ്രബോധനം ചെയ്തിരുന്നു. ചില ക്രിസ്ത്യൻ രാജ്യങ്ങളിൽ കോളിളക്കമുണ്ടാക്കിയെങ്കിലും നല്ലൊരു ഭാഗം ജനങ്ങളും ഇസ്‌ലാം ആശ്ലേഷിക്കാൻ തയ്യാറായി. ഇന്നും നബി(സ)യുടെ ജീവചരിത്രം വായിച്ച് ഇസ്‌ലാമിന്റെ സംസ്‌കാരവും നിലപാടും മനസ്സിലാക്കി യൂറോപ്യൻ രാജ്യങ്ങളിൽ സത്യമതം പുൽകുന്നവർ നിരവധി. അവിടങ്ങളിലെ  മുസ്‌ലിം ജനസംഖ്യാ വർധനവ് ഇതാണ് സൂചിപ്പിക്കുന്നത്.

പ്രബോധന മനഃശാസ്ത്രം

ദഅ്‌വാ പ്രവർത്തനത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഘടകമാണ് മനഃശാസ്ത്രപരമായ സമീപനം. വ്യത്യസ്ത സ്വഭാവത്തിലും ചുറ്റുപാടുകളിലും ജീവിക്കുന്നവരോട് അവരുടെ മാനസികസ്ഥിതി മനസ്സിലാക്കി വേണം ഇടപെടാൻ. നബി(സ്വ)യുടെ അടുക്കൽ ഒരു യുവാവ് വന്നു. മുസ്‌ലിമാകാം, പക്ഷേ വ്യഭിചാരത്തിന് അനുമതി വേണമെന്നാവശ്യപ്പെട്ടു. ഇതുകേട്ട് സ്വഹാബികൾക്ക് ദേഷ്യം വന്നു. റസൂൽ(സ്വ) അദ്ദേഹത്തെ അരികിൽ വിളിച്ച് ചോദിച്ചു: നിന്റെ മാതാവിനെ ആരെങ്കിലും വ്യഭിചരിക്കുന്നത് നീ ഇഷ്ടപ്പെടുമോ? അദ്ദേഹം പറഞ്ഞു: ഒരിക്കലും ഇഷ്ടപ്പെടില്ല. നിന്റെ ഭാര്യയെ, മകളെ എന്നെല്ലാം മാറ്റി ചോദിച്ചപ്പോഴും ഇല്ലെന്നായിരുന്നു ഉത്തരം. ഇതേ നിലയിൽ മറ്റുള്ളവരും അവരുടെ മാതാവിനെ/ഭാര്യയെ/മകളെ വ്യഭിചരിക്കപ്പെടുന്നത് ഇഷ്ടപ്പെടുകയില്ലെന്ന നബി(സ്വ)യുടെ ഉപദേശം അദ്ദേഹത്തിന്റെ മനസ്സിൽ മാറ്റങ്ങളുണ്ടാക്കി. ശേഷം അവിടുന്ന് അയാളുടെ നെഞ്ചിൽ കൈവെച്ച് പ്രാർത്ഥിച്ചു കൊടുത്തു. ഇങ്ങനെ ദുആ, സൗമ്യമായ പെരുമാറ്റം, തന്ത്രം, ഉപദേശം എന്നിവ കൊണ്ട് മനസ്സ് കൈയ്യടക്കാൻ പ്രബോധകർക്കു സാധിക്കണം.

ക്ഷമ അനിവാര്യം

പ്രബോധകൻ പ്രബോധിതരോട് സൗമ്യമായേ പെരുമാറാവൂ. എങ്കിൽ മാത്രമേ വിജയം വരിക്കാനാവൂ.  ത്വായിഫ് യാത്രയിൽ നബി(സ്വ)യെ അക്രമികൾ കല്ലെറിഞ്ഞു, ചീത്ത വിളിച്ചു. ഈ സമയത്ത് ജിബ്‌രീൽ(അ) സഹായവുമായി വന്നുകൊണ്ട് പറഞ്ഞു: ‘അങ്ങ് അനുവദിക്കുകയാണെങ്കിൽ അക്രമികളായ ജനങ്ങളെ ഈ മലകൾക്കിടയിൽ ഞെരിച്ചു നശിപ്പിക്കാം.’ നബി(സ്വ) മറുപടി: ‘ഞാനത് ഇഷ്ടപ്പെടുന്നില്ല. ഇവർ എന്റെ സന്ദേശം തിരസ്‌കരിച്ചാലും ഇവരുടെ സന്താന പരമ്പരയിൽ നിന്ന് ഒരു മനുഷ്യനെങ്കിലും ഈ സന്ദേശം സ്വീകരിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.’

ഇതാണ് ഇന്നത്തെ പ്രബോധകർക്കും ദഅ്‌വാ വിദ്യാർത്ഥികൾക്കുമെല്ലാം മാതൃക. പ്രവാചകചര്യ ഉൾക്കൊണ്ട് അങ്ങേയറ്റം ക്ഷമിക്കാൻ ദാഇകൾ സന്നദ്ധരാകണം. സൂറത്തുൽ ബഖറയിലെ 83-ാം ആയത്തിന്റെ വിശദീകരണമായി ഇമാം ഖുർത്വുബി(റ) പറഞ്ഞു: പ്രബോധകന്റെ ജനങ്ങളോടുള്ള സംസാരം ലോലമായിരിക്കണം. നല്ലവരോടും അല്ലാത്തവരോടും മുഖപ്രസന്നതയോടെ ഇടപഴകണം. ശത്രുവിനോടും സൗമ്യനാകണം. ഇങ്ങനെ ശ്രദ്ധയോടെ നടത്തേണ്ട വിശുദ്ധ കർമമാണ് ദഅ്‌വാ പ്രവർത്തനം. ഏറെ ഫലദായകവും പ്രതിഫലാർഹവുമാണത്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ