ദഅ്‌വത്ത് ഇസ്‌ലാമിക ബാധ്യതയാണ്. ബുദ്ധിപരവും പ്രയോഗികവുമായ മാർഗത്തിലൂടെയാവണം അതിന്റെ നിർവഹണം. സാഹചര്യബോധവും പ്രായോഗിക വഴികളും സ്വീകരിച്ച് കൊണ്ട് മാത്രമേ അത് നിർവഹിക്കാനാവൂ. യുക്തിയും സദുപദേശവും മുഖേനെ താങ്കളുടെ നാഥന്റെ മാർഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റവും നല്ല രീതിയിൽ അവരുമായി സംവദിക്കുക. എന്നാണ് ഖുർആൻ ദഅ്‌വത്തിനെ കുറിച്ച് നിർദേശിക്കുന്നത്.

ഇസ്‌ലാമിക ദഅ്‌വത്തിന്ന് കഴിഞ്ഞ തലമുറകൾ അവരുടെ പരിധിക്കുള്ളിൽ നിന്ന് പരമാവധിചെയ്തിട്ടുണ്ട്. ഓത്ത്പള്ളികളും പാതിരാവഅ്‌ളുകളും ദർസ്-മദ്‌റസ സംവിധാനങ്ങളുമെല്ലാം അതിന്റെ ഭാഗങ്ങളാണ്. കാലത്തിന്റെ ആവശ്യം അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ മുന്നേറ്റങ്ങളെല്ലാം നടന്നത്. ഇന്ന് നാം അനുഭവിക്കുന്ന ധർമശീതളത അങ്ങനെ ലഭിച്ചത് തന്നെയാണ്. കൂടുതൽ സമയമെടുത്ത് ആഴത്തിൽ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്തിരുന്ന അക്കാലത്ത് സിലബസും ടൈം ടേബിളും പരീക്ഷകളും റിസൽട്ടുകളുമെല്ലാം ഒന്നോ രണ്ടോ ഉസ്താദുമാരുടെ നിയന്ത്രണത്തിലായിരുന്നു. ഓരോ ദർസിലും ഭിന്നമായ രീതികളാണ് നടന്നുവന്നിരുന്നതെങ്കിലും ദർസ് കിതാബുകളുടെ ക്രമീകരണങ്ങൾക്ക് എല്ലായിടത്തും ഏകസ്വഭാവമുണ്ടായിരുന്നു.

പുത്തൻ സമൂഹം വിശാലമായ കാഴ്ച്ചപ്പാടുകളും അനുഭവങ്ങളുമുള്ളവരാണ്. അവരെ പരിഗണിച്ചും പരിഹരിച്ചുമാണ് വളർത്തി കൊണ്ട് വരേണ്ടത്. സൗകര്യത്തിന്ന് വേണ്ടി വിദ്യാഭ്യാസത്തെ മതപരം, ഭൗതികം എന്ന് വേർതിരിച്ചിരുന്നുവെങ്കിലും ഇമാം ഗസ്സാലി(റ) വീക്ഷിച്ചത് പോലെ എല്ലാ വിദ്യകളും മതകീയ ചട്ടകൂട്ടിൽ കൊണ്ട്‌വരാൻ കഴിയും. ആ നിലക്കാണ് പൊതു വിജ്ഞാനത്തിന് കൂടി സൗകര്യം സൃഷ്ടിച്ച്‌കൊണ്ട് മതപഠനം എന്ന തലത്തിലേക്ക് നമുക്ക് ചിന്തിക്കേണ്ടി വന്നത്. പലപണ്ഡിതന്മാരും നേരത്തെ തന്നെ അവരുടെ ദർസുകളിൽ രണ്ട് വിദ്യാഭ്യാസവും നൽകാൻ തയ്യാറായി. പലവിദ്യാർത്ഥികളെയും അത് സ്വാധീനിച്ചു. മത പഠന രംഗത്ത്പിടിച്ച് നിൽക്കാൻ അത് സഹായകമാവുകയും ചെയ്തു. ഇപ്പോഴും ചിലദർസുകളിൽ അത്തരംസംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇപ്പോൾ ദഅ്‌വാകോളേജുകൾ  നാടാകെ വളർന്ന് വന്നു. പല  ദഅ്‌വാകോളേജുകളും മെഡിസിൻ, എഞ്ചിനിയറിംഗ് തുടങ്ങിയ മേഖലകളിൽ പഠിച്ച് വളരാൻ കുട്ടികൾക്ക് സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്. മതപഠനരംഗത്ത് ഉന്നതബിരുദവും പൊതു വിദ്യാഭ്യാസ ബിരുദവും ഒന്നിച്ച് നേടുക എന്നതാണ് ദഅ്‌വ കോളേജുകളുടെ സവിശേഷതയും ഇടവുമെന്ന് മനസ്സിലാക്കി എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥികൾ ഈ രംഗത്തേക്ക് കടന്ന് വരുന്നുമുണ്ട്. ആശാവഹവും പ്രതീക്ഷാനിർഭരവുമായ ഈ അന്തരീക്ഷത്തെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ നല്ലൊരു മാറ്റം നമുക്ക് സമീപ ഭാവിയിൽ കാണാനാവും. ഇപ്പോൾ തന്നെ നമ്മുടെ മത രംഗത്ത് എല്ലായിടങ്ങളിലും ശോഭിച്ച് നിൽക്കാൻ ദഅ്‌വ വിദ്യാർത്ഥിൾക്ക് കഴിയുന്നുണ്ട്. തദ്‌രീസ്, പ്രസംഗം, എഴുത്ത്, സംഘാടനാരംഗം, കാര്യക്ഷമത, സമകാലികതയൊടുള്ള ഇടപെടൽ തുടങ്ങി എല്ലായിടത്തും അവരുടെ സാന്നിധ്യമുണ്ട്.

അല്ലറ ചില്ലറ ന്യൂനതകൾ ഉണ്ടാവാം. പഠിച്ചിറങ്ങുന്ന എല്ലാവരും മതരംഗത്ത് കാണപ്പെടുന്നില്ല എന്ന പരാതി നേരത്തെ ഉള്ളതാണ്. അത് ദഅ്‌വകോളേജുകളിൽ മാത്രമല്ല ഉന്നത ദർസുകളിൽ തന്നെ പഠിച്ച് പുറത്ത് വരുന്ന എല്ലാവരും കളത്തിലിറങ്ങിയിട്ടില്ലല്ലോ..?

മതഭൗതിക വിദ്യാഭ്യാസ സമന്വയ രംഗത്ത് നാം ഇതുവരെ നേടിയ പുരോഗതി വിലയിരുത്തണം. സിലബസ്, മികവ്, പഠനരീതി, പരീക്ഷാസംവിധാനം തുടങ്ങി എല്ലാം. പോരായ്മകൾ നിർദേശിക്കണം, പരിഹരിക്കണം; അവസാനം എത്തിചേരുന്ന സംവിധാനങ്ങളിൽ  എല്ലാസ്ഥാപനങ്ങളും ലയിക്കണം ഇത്തരമൊരു നിർദേശത്തിന് എന്നും പ്രസക്തിയുണ്ട്.

വിദ്യാഭാസ പാഠ്യപദ്ധതി നിർണ്ണയിക്കുന്നതിൽ (ഭൗതികമാവട്ടെ മതപരമാകട്ടെ)  ഓരോകാലഘട്ടത്തിലും സ്വീകരിച്ചുപോന്ന വഴികൾ നമുക്ക് മുന്നിലുണ്ട്. അതാത് കാലങ്ങളിൽ അവയെല്ലാം കൃത്യമാണ്. എങ്കിലും ഇവ്വിഷയത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഒന്നാമതായി വിദ്യാർത്ഥികളുടെ കഴിവിനും അവസരത്തിനുമനുസരിച്ചായിരിക്കണം പാഠ്യ പദ്ധതി. വിദ്യാർത്ഥികളുടെ പഠനപരിധി പരിഗണിച്ചായിരിക്കണം ഉചിതമായ വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഈ ഒന്നാം ഘട്ടത്തിലെ കോഴ്‌സ് ഭാരമുള്ളതാവരുത്. വിദ്യാർത്ഥികളുടെ മേൽ കോഴ്‌സിന്റെ കനത്ത ഭാരം കയറ്റി വെക്കുന്നതിന്നെതിരിൽ എഴുന്നൂറ് കൊല്ലങ്ങൾക്ക് മുമ്പ് ഇബ്‌നു ഖൽദൂൻ ശബ്ദമുയർത്തിയിട്ടുണ്ട്. പാഠ്യ പദ്ധതിയും അധ്യായന ക്രമവും ലഘൂകരിക്കുവാൻ അക്ബർ ചക്രവർത്തി കൽപ്പന പുറപ്പെടുവിച്ചത് അക്ബറിന്റെ ചരിത്രത്തിൽ കാണാനാവും.

രണ്ടാമതായി കാലഹരണപ്പെട്ട അധ്യാപന രീതികൾ ധിഷണാപരമായ വളർച്ചക്ക് ഹാനികരമാണ്. യോഗ്യരും പരിശീലനം സിദ്ധിച്ചവരും അർപ്പണബോധമുള്ളവരുമായ അദ്ധ്യാപകരെ വാർത്തെടുക്കണം. അദ്ധ്യാപകന്റെ വേഷവിധാനം, അദ്ധ്യാപനം, സ്വഭാവം, ആരോഗ്യകരമായ വീക്ഷണം, ആസൂത്രണത്തോടെയുള്ള സമീപനം എല്ലാം അതിപ്രധാനമാണ്. മൂന്നാമതായി ആധുനിക വിദ്യാഭ്യാസ സംവിധാനം പരീക്ഷാപ്രധാനമാണ്. അത്തരത്തിൽ ദർസ് കിതാബുകളുടെ പഠന രീതി ആയിക്കൂടാ. പഠനപരിശീലന പ്രധാനമായി അത് മാറണം. അപ്പോഴേ നമ്മുടെ ലക്ഷ്യം കാണാനാകൂ.

ഉന്നത വിദ്യാഭ്യാസം നേടി സ്വന്തം ജീവിതം  ധന്യമാക്കുകയല്ല പഠനത്തിന്റെ ലക്ഷ്യം. മറിച്ച് സമുദായത്തിന്റെ നന്മയും മത പ്രചാരണവുമാണ്. ഈ രംഗത്ത് തനിക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് ആലോചിച്ച് വേണം പണ്ഡിതന്മാർ നീങ്ങാൻ. ഇസ്‌ലാം അനുവദിച്ച ഏതു മേഖലയിലും തൊഴിലെടുക്കാം. പക്ഷേ, ലക്ഷ്യം സഫലമാകുമെന്നുറപ്പ് വേണം. കാശ്മീർ, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണ്ണാടക, ആസാം തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും ആഫ്രിക്ക, യു.എ.ഇ, സഊദി, ഒമാൻ, കാനഡ, യു.കെ തുടങ്ങി ഇന്ത്യക്ക് പുറത്തും ദഅ്‌വ ലക്ഷ്യമാക്കി പ്രവർത്തന രംഗത്തുള്ള യുവ പണ്ഡിതന്മാർ കേരളക്കാരായി എത്രയോ പേരുണ്ട്. അവരിൽ പലരും ദഅ്‌വാ കോളേജ് ബിരുദ ധാരികളാണ്. വളരെയേറെ പ്രശംസനീയവും ആശാവഹവുമായ സേവനങ്ങളാണ് അവർ ചെയ്ത് കൊണ്ടിരിക്കുന്നത്. തങ്ങൾക്ക് ലഭിച്ച ഭാഷാ പരിചയവും ദഅ്‌വാബോധവും ഫലപ്രദമായി ഉപയോഗിക്കാൻ അവർക്ക് കഴുയുന്നുമുണ്ട്.

ദഅ്‌വാ കോളേജുകളിൽ നിന്ന് ബിരുദമെടുത്ത് പുറത്ത് വരുന്നവരെല്ലാം പുത്തൻ വിപ്ലവങ്ങൾ സൃഷ്ടിക്കണം, ദഅ്‌വാ കോളേജിലെ മുദരിസുമാർ മാത്രമായി ചുരുങ്ങണം എന്നാഗ്രഹിക്കുന്ന ചിലരുണ്ട്. പഠിച്ചത് പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തിനപ്പുറം കാഴ്ചപ്പാടുകൾ പുറത്തെടുത്ത് മത പ്രചാരണ പ്രബോധന മേഖലകളിൽ കൂടുതൽ തിളങ്ങാൻ അവർ അവസരങ്ങൾ സൃഷ്ടിക്കണം. സ്ഥാനമാനങ്ങളും വരുമാനങ്ങളും ചിന്തിക്കാതെ സമൂഹത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കാനും സേവന പാതകൾ വെട്ടിതെളിയിക്കാനും പ്രബോധനരംഗം സജീവമാക്കാനുമാണ് പണ്ഡിതർ രംഗത്തിറങ്ങേണ്ടത്. ഇതിന് വേണ്ടിയുള്ള പരിശീലനങ്ങളും ശിക്ഷണങ്ങളും പഠനകാലത്ത് തന്നെ നേടിയിരിക്കണം. കേവലം അധ്യാപനങ്ങളും പാരമ്പര്യ തൊഴിലുകളുമാണ് ദീനീ സേവനമെന്ന ചിന്തയിൽ നിന്ന് ദഅ്‌വ ബിരുദ ധാരികളെങ്കിലും മാറി വരേണ്ടതുണ്ട്. മത പ്രബോധന രംഗത്ത് വികസിക്കാൻ ആവശ്യമായ ചേരുവകളാണ് വർഷങ്ങൾകൊണ്ട് ഞങ്ങൾ നേടിയെടുത്തതെന്ന് ഓർമയായിരിക്കണം അവരെ നയിക്കേണ്ടത്. ആ ഓർമയിൽ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് അവർ കർമ്മ രംഗത്ത് ശോഭിക്കണം.

സമൂഹസംസ്‌കരണം, ആദർശജാഗരണം, സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ സമീപിച്ചുള്ള ബോധ വത്കരണം, ഇതര മത വിഭാഗങ്ങൾക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തൽ, പിന്നാക്ക പ്രദേശങ്ങളിൽ നവോത്ഥാന സംരംഭങ്ങൾ ഏർപ്പെടുത്തൽ, സംഘടനാ പ്രവർത്തന രംഗത്ത് കൂടുതൽ പ്രായോഗികവും ആകർഷകവുമായ ചിന്തകൾ ആവിഷ്‌കരിച്ച് നടപ്പിലാക്കൽ, ബുദ്ധിപരമായ പ്രവർത്തന പദ്ധതികളിലൂടെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ഇസ്‌ലാമിക വ്യക്തിത്വം പ്രകടിപ്പിക്കുക, വിദ്യാഭ്യാസ രംഗത്ത് പുത്തൻ മേഖലകൾ തുറന്ന് പുതിയ സംവിധാനങ്ങൾക്ക് നേതൃത്വം നൽകുക, അന്യ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും വേദന തിന്ന്  കഴിയുന്ന മുസ്‌ലിംകളുടെ വിദ്യാഭ്യാസ സാംസ്‌കാരിക അഭിവൃദ്ധിക്കായി സജീവ രംഗത്തിറങ്ങി പ്രവർത്തിക്കുക, പഠന തൽപരത കൈവിടാതെ പുത്തൻ ജ്ഞാനങ്ങൾ നേടിയെടുക്കുക, അത് സമൂഹത്തിന്ന് കൈമാറുക ഇങ്ങനെ ഒട്ടു വളരെ പ്രവർത്തനങ്ങൾ ദഅ്‌വ ബിരുദ ധാരികളെ കാത്തിരിക്കുന്നുണ്ട്.

ഉന്നത വിദ്യഭ്യാസവും സമ്പത്തുമുള്ള വലിയൊരു വിഭാഗം സമൂഹത്തിൽ നിന്ന് വേറിട്ട വ്യക്തിത്വം പുലർത്തി ജീവിക്കുന്നവരുണ്ട്. എല്ലാ സ്ഥലങ്ങളിലും ഇത്തരം ആളുകളെ കാണാനാവും. അവരുടെ ഈ സമീപനത്തിന്ന് പല കാരണങ്ങളുമുണ്ട്. ഏതാവട്ടെ ഇത്തരക്കാരെ മനഃശാസ്ത്രപരമായി സമീപിച്ച് ഇടപഴകാനും സാമൂഹിക ബാധ്യതകൾ അവരെ ബോധ്യപ്പെടുത്തി പ്രവർത്തന രംഗത്തിറക്കാനും സാധിച്ചാൽ വൻ വിജയം കൊയ്‌തെടുക്കാൻ കഴിയും. ദഅ്‌വ കോളേജുകളിൽ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവർക്ക് ഇതിനൊക്കെ ആവശ്യമായ പരിശീലനവും പ്രചോദനവും ലഭിക്കണം.

ദർസീ കിതാബുകൾ സിലബസ് അനുസരിച്ച് തീർക്കുകയും ഏതെങ്കിലും   ഒരു ഡിഗ്രി വശത്താക്കുകയും ചെയ്യുക എന്ന നമ്മുടെ ഇന്നത്തെ അവസ്ഥ മാറണം. ദഅ്‌വാ വിദ്യാർത്ഥികൾ ഡിഗ്രി തലത്തിലെത്തുമ്പോഴേക്കും മേൽ വിഷയങ്ങളെ കുറിച്ച് പഠിക്കാനും അന്വേഷിച്ച് കണ്ടെത്താനും തയ്യാറാകണം. അതിനാവശ്യമായ പഠനങ്ങളും ചർച്ചകളും ദഅ്‌വ സ്ഥാപനങ്ങളിൽ നടക്കണം. വിദ്യാർത്ഥികളെ പ്രചോദിതരാക്കണം. സമൂഹത്തിന്റെ പരിഷ്‌കരണവും ദീനിന്റെ പ്രചാരണവും ആദർശ സംരക്ഷണവുമാണ് ഒരു ദഅ്‌വാ പണ്ഡിതന്റെ ലക്ഷ്യം. ഈ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള മാർഗങ്ങളും സംവിധാനങ്ങളും ദഅ്‌വ വിദ്യാർത്ഥിക്ക് ലഭ്യമാക്കണം. സ്ഥാപന ഭാരവാഹികളും അദ്ധ്യാപകരും സംഘടന നേതൃത്വവും ഈ വഴിക്ക് കൂടുതൽ ചിന്തിക്കണം. അതിന്നാവശ്യമായ പരിഷ്‌കരണങ്ങൾ നടപ്പിലാക്കുകയും ദഅ്‌വ ബോധമുണ്ടാക്കാനാവശ്യമായ ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കുകയും വേണം. വിദ്യാർത്ഥികളെ നിശ്ചിത വർക്കുകൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കണം. ദഅ്‌വ കോളേജ് വിദ്യാർത്ഥികൾ ഇടക്കിടെ സഹകരിച്ച് ചർച്ചകളും സെമിനാറുകളും നടക്കണം. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് സ്ഥാപനങ്ങൾ വേദിയാകുകയും ബുദ്ധിപരമായ ആസൂത്രണങ്ങൾ ഈ മേഖലയിൽ നടക്കുകയും ചെയ്താൽ ശക്തമായ പുരോഗതി നമുക്ക് ഭാവിയിൽ പ്രതീക്ഷിക്കാം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ