വിശുദ്ധ ഖുർആനിലെ ചെറിയ ഒരധ്യായമാണ് അൽ അസ്വ്ർ. മൂന്ന് സൂക്തങ്ങളാണിതിലുള്ളത്. ഒന്നാം സൂക്തത്തിൽ അൽ അസ്വ്‌റി(കാലം)നെക്കൊണ്ട് സത്യം ചെയ്ത് രണ്ടാം സൂക്തത്തിൽ പറയുന്ന കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിത്തരുന്നു. മനുഷ്യ വംശത്തിന് നാശം നേരിട്ടതിന്റെ തിക്താനുഭവകഥകൾ ഓർമിപ്പിക്കുകയാണ് രണ്ടാം സൂക്തത്തിൽ. ചരിത്രത്തിന്റെ ആവർത്തന സാധ്യത സഗൗരവം ഓർമപ്പെടുത്തുന്നു. അതിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള ഉപാധികളാണ് മൂന്നാം സൂക്തത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.

നാലു കാര്യങ്ങളാണ് സാർവത്രികമായ പരാജയത്തെ അതിജീവിച്ചു വിജയം കൈവരിക്കാൻ വേണ്ടത്. വിശ്വാസം, സൽകർമം, സത്യോപദേശം, സഹനോപദേശം എന്നിവ. വിശ്വാസവും കർമവും കൃത്യമായറിഞ്ഞ് കണിശമായി പരിരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ് ഇവകൊണ്ടുദ്ദേശ്യം. ഈമാനും ഇസ്‌ലാമും ഇതിൽ പൂർണമായി അകപ്പെട്ടുകഴിഞ്ഞു. പക്ഷേ, ഇവയുടെ അടിസ്ഥാനത്തിൽ മാത്രം വിജയ നേട്ടങ്ങൾ സാധ്യമല്ല എന്നും എണ്ണത്തിൽ വിജയ ഘടകങ്ങളുടെ ആകത്തുകയുടെ പകുതി മാത്രമാണവയെന്നും മനസ്സിലാക്കാം.

മൂന്നാമത്തെയും നാലാമത്തെയും കാര്യങ്ങൾ പ്രത്യക്ഷത്തിൽ ദഅ്‌വാപരമാണ്. അതോടൊപ്പം സ്വന്തം ജീവിതത്തിൽ അവയുടെ ആവശ്യകതയും സൂചിപ്പിക്കുന്നുണ്ട്. സത്യം ഉപദേശിക്കുക എന്നതിൽ ആദർശവും അനുഷ്ഠാനവും ഉൾപ്പെടുന്നു. സത്യവിശ്വാസവും സദ്കർമങ്ങളും പ്രബോധനം ചെയ്യുക എന്നുതന്നെയാണിതിന്റെ താൽപര്യം. മുൻഗണനാ ക്രമമനുസരിച്ച് ആദർശ സംരക്ഷണത്തിനും വിശുദ്ധിക്കുമായുള്ള പ്രബോധനം ഒന്നാം സ്ഥാനമർഹിക്കുന്നു. കർമങ്ങളെ സംബന്ധിച്ചത് തുടർന്നാണ് വരുന്നത്.

നാലാമത്തെ കാര്യമായ ക്ഷമകൊണ്ടുള്ള ഉപദേശം പ്രധാനമാണ്. കാരണം ക്ഷമ ആത്മനിഷ്ഠയാണ്. സ്ഥൈര്യത്തെ ഉൽപാദിപ്പിക്കുന്ന കാര്യവും. ആദർശത്തിലും അനുഷ്ഠാനത്തിലും അനുബന്ധങ്ങളിലും സംഭവിച്ചേക്കാനിടയുള്ള പ്രതിസന്ധികൾക്കെതിരെ ഉൾക്കരുത്ത് നേടേണ്ടതുണ്ട്. പ്രതിബന്ധം ഏതു തരത്തിലുള്ളതായാലും നന്മയെ നേടുന്നതിന് തടസ്സമായിക്കൂടാ. പ്രതിസന്ധികളും മറ്റും തരണം ചെയ്യാൻ സ്വസഹോദരനു ധൈര്യം പകരുക എന്നതാണിതിലൂടെ നടക്കുന്നത്. തിന്മയിലേക്കുള്ള ആകർഷണത്തെ പ്രതിരോധിച്ച് പിടിച്ചുനിൽക്കാനുള്ള മനോവീര്യം പകരുന്നതും ഇതിന്റെ ഭാഗമാണ്.

ഉമ്മത്ത് മുഹമ്മദിയ്യയുടെ നിയോഗ ലക്ഷ്യത്തെയാണ് ഈ ചെറു അധ്യാപനം ഗൗരവപൂർവം ബോധ്യപ്പെടുത്തുന്നത്. ഖൈറു ഉമ്മത്ത് എന്ന വിശേഷണം സ്ഥിരീകരിക്കുന്നതിന്റെ ഉപാധിയാണ് ദഅ്‌വാ പ്രവർത്തനം. ദഅ്‌വ നടത്താൻ സാധിക്കുന്നതും അതിൽ നേരിട്ടോ അല്ലാതെയോ പങ്കാളിത്തത്തിന് അവസരമുണ്ടാവുന്നതും മഹാഭാഗ്യമത്രെ.

ദഅ്‌വയുടെ പ്രാധാന്യം

അല്ലാഹുവിന്റെ ദീനിന്റെ വെളിച്ചവും ശബ്ദവും അണയാതെ നിലനിർത്തുന്ന പ്രക്രിയയാണ് ദഅ്‌വ. സ്വന്തമായി അംഗീകരിക്കുന്നതിനും അനുഷ്ഠിക്കുന്നതിനുമൊപ്പം അപരനിൽ കൂടി അത് പടർത്തുന്നതിനുള്ള ആഗ്രഹമാണതിൽ പ്രകടമാവുന്നത്. വിശ്വാസത്തിൽ പ്രചോദിതമായി ദഅ്‌വ പ്രവർത്തനം നടത്തിയിരിക്കണമെന്ന അല്ലാഹുവിന്റെ നിശ്ചയം അനുഷ്ഠിക്കാനുള്ള നിയോഗമാണ് ദാഇയുടെ മഹത്ത്വം.

ദഅ്‌വത്ത് ഒരു വിദൂര സാധ്യതയല്ല എന്നതാണ് യാഥാർത്ഥ്യം. ഒരാളിൽ ഒരു നന്മയെക്കുറിച്ചുള്ള വിചാരമെത്തിക്കുന്നത് തന്നെ ദഅ്‌വയാണ്. ഒരു തിന്മയെക്കുറിച്ച് നൽകുന്ന തിരിച്ചറിവും ദഅ്‌വ തന്നെ. സ്വീകരിക്കപ്പെടുക എന്നതിൽ കേന്ദ്രീകൃതമല്ല ദഅ്‌വയുടെ നിർവഹണ നിർദേശം. തീരെ ചെറിയ ഒരു നന്മയെക്കുറിച്ചെങ്കിലും ഒരാൾക്ക് അറിവ് നൽകി അയാളതനുഷ്ഠിച്ചാൽ അറിവ് നൽകിയവനും നല്ല പ്രതിഫലമുണ്ട്. നബി(സ്വ) പറഞ്ഞു: ‘ഒരു നന്മയെ കുറിച്ച് ഒരാൾ അറിവ് നൽകിയാൽ അത് അനുവർത്തിച്ചവന് ലഭിക്കുന്നതിന് സമാനമായ പ്രതിഫലമുണ്ട്’ (മുസ്‌ലിം).

ഇമാം നവവി(റ) ഈ ഹദീസിന്റെ വിശദീകരണത്തിൽ എഴുതുന്നു: ‘നന്മയെക്കുറിച്ച് അറിയിക്കലും അതിനായി ഉണർത്തലും അത് ചെയ്യുന്നവനെ സഹായിക്കലും വിജ്ഞാനം പകരലും ആരാധനാ മുറകൾ പഠിപ്പിക്കലുമെല്ലാം ശ്രേഷ്ഠമാണെന്ന് ഈ വചനം വ്യക്തമാക്കുന്നു’ (ശറഹുമുസ്‌ലിം).

നന്മക്ക് കാരണമാവുന്നതും സഹായകമാകുന്നതും ദഅ്‌വാപരമാണ്. മറ്റൊരാളിൽ നന്മയുടെ അനുരണനം സാധിക്കുന്ന ഒന്നും വെറുതെയാവില്ലെന്ന് ഈ ഹദീസിന്റെ പശ്ചാത്തലം കൂടി ഗ്രഹിച്ചാൽ വ്യക്തമാകും. നബി(സ്വ)യുടെ സമീപത്ത് വന്ന് ഒരു സ്വഹാബി പറഞ്ഞു: റസൂലേ, എനിക്ക് സാമ്പത്തിക ശേഷിയില്ല. പ്രയാസമാണ്. വാഹനമൊന്നുമില്ല. ഒരു സമര പുറപ്പാടിന്റെ സമയത്തായിരുന്നു ഇത്. അപ്പോൾ നബി(സ്വ) പറഞ്ഞു: എന്റെ അടുക്കലും ഒന്നുമില്ലല്ലോ. ഇതുകേട്ട മറ്റൊരു സ്വഹാബി പറഞ്ഞു: അദ്ദേഹത്തെ യുദ്ധസന്നാഹങ്ങൾ നൽകി യാത്രയാക്കാൻ പറ്റിയ ആളെ ഞാൻ അറിയിച്ചു തരട്ടെയോ റസൂലേ. അപ്പോൾ നബി(സ്വ) പറഞ്ഞതിങ്ങനെ: ഒരു ഗുണത്തെക്കുറിച്ച് അറിവ് നൽകിയാൽ അത് പ്രവർത്തിക്കുന്നവന് ലഭിക്കും പ്രകാരം അറിയിച്ചവനും പ്രതിഫലം ലഭിക്കും (മുസ്‌ലിം).

ദഅ്‌വയുടെ നേട്ടങ്ങൾ

കേവലമായ പ്രതിഫലത്തിലൊതുങ്ങുന്നതല്ല ദഅ്‌വയുടെ നേട്ടം. അഭംഗുരം തുടരുന്നതും അനുദിനം വർധിതമാകുന്നതുമായ പ്രതിഫലമാണ് ദഅ്‌വയുടേത്. വിജ്ഞാനം പകരുക എന്നതാണ് ദഅ്‌വയുടെ അടിസ്ഥാന ഘടകം അറിവില്ലായ്മയും അബദ്ധധാരണകളും വക്രവും വികലവുമായ മനോഗതിയും തിരുത്തപ്പെടുന്നിടത്തുനിന്നാണ് നന്മകൾ നാമ്പെടുക്കുക. അതിനാൽ തന്നെ അറിവ് നൽകലാണ് ദഅ്‌വയുടെ മുഖ്യ ഭാഗം. തലമുറകളിലൂടെ അത് പകർന്ന് കൈമാറ്റം ചെയ്യുമ്പോഴെല്ലാം അതിന്റെ പൂർവകണ്ണികൾക്ക് പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും.

അല്ലാമാ മുനാവീ(റ) ഉപര്യുക്ത ഹദീസ് വിശദീകരിച്ചെഴുതുന്നു: നന്മ അറിയിക്കുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നവരുടെയെല്ലാം പ്രതിഫലത്തിന് സമാനമായത് നബി(സ്വ)ക്ക് ലഭിക്കും. മാത്രമല്ല, സർവ മുസ്‌ലിംകളുടെയും എല്ലാ സദ്കർമങ്ങളുടെ പ്രതിഫലവും നബി(സ്വ)ക്ക് അധികമായി രേഖപ്പെടുത്തപ്പെടുന്നതാണ്. ഇപ്രകാരം എല്ലാം സന്മാർഗദർശകനും അറിവ് നൽകുന്നവനും പണ്ഡിതനും അന്ത്യനാൾ വരെ പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും അവരുടെ പൂർവ ഗുരുനാഥന്മാർക്കും ക്രമമനുസരിച്ച് ഇരട്ടികളായും വർധിതമായും പ്രതിഫലം ലഭിക്കും. അങ്ങനെ നോക്കുമ്പോൾ നബി(സ്വ)ക്ക് എല്ലാവരെക്കാളുമധികം പ്രതിഫലം ലഭിക്കുന്നു (ഫൈളുൽ ഖദീർ 6/164).

സംഘടനാ സംവിധാനം

നന്മയുടെ അനുരണനം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളുടെ മഹത്ത്വവും പുണ്യവും വളരെ വലുതാണ്. അതിൽ പങ്കാളികളാകുന്നത് നന്മയുടെ നടത്തിപ്പിനും സംസ്ഥാപനത്തിനും കാരണമാകും. അതിന് ഏറ്റവും ഉചിതമായ മാർഗമാണ് സംഘടനാ സംവിധാനം. ആധിപത്യത്തിന്റെയും അധികാരത്തിന്റെയും പിൻബലമില്ലാതെ തന്നെ ദഅ്‌വയുടെ വിജയവും മുന്നേറ്റവും ഇതുവഴി സാധിതമാണെന്നതാണ് അനുഭവം. സത്യവിശ്വാസികൾ പരസ്പരമുള്ള ബന്ധത്തിന്റെ ഊഷ്മളതയെക്കുറിച്ച് ഖുർആൻ പറയുന്നു:

‘സത്യവിശ്വാസികളും സത്യവിശ്വാസിനികളും അവരിൽ ചിലർ മറ്റുള്ളവരുടെ സഹായികളാണ്. അവർ നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു’ (അത്തൗബ/71).

ഇമാം ഖുശൈരി(റ) ഇതിനെ വിശദീകരിക്കുന്നു: ‘അവർ അല്ലാഹുവിനു വഴിപ്പെടുന്ന വിഷയത്തിൽ പരസ്പരം സഹായിക്കും. വിരോധിച്ച കാര്യങ്ങൾ ഉപേക്ഷിക്കാൻ ഉപദേശിക്കും. അല്ലാഹുവിന്റെ പേരിലാണ് പരസ്പരം സ്‌നേഹിക്കുന്നതെന്നതിനാൽ അവന്റെ വിധിക്കനുസരിച്ചാണവരുടെ നിലനിൽപ്. അവരുടെ ചങ്ങാത്തം അവരുടെ ശത്രുതയും അല്ലാഹുവിനു വേണ്ടിയുള്ളതാണ്’ (തഫ്‌സീറുൽ ഖുശൈരി).

സത്യവിശ്വാസികൾ തമ്മിൽ ഉണ്ടായിരിക്കേണ്ട ആത്മബന്ധം സംസ്ഥാപിക്കുന്ന പ്രവർത്തനമാണ് ദഅ്‌വ. തന്റെ മിത്രം അപകടപ്പെടരുതെന്നും അവന്റെ സൗഭാഗ്യവാനായിരിക്കണമെന്നുമുള്ള വിശാലമായ വിചാരം വിശ്വാസികൾ പരസ്പരം പ്രയോഗവൽക്കരിക്കുമ്പോൾ ദഅ്‌വത്തിന്റെ വലിയൊരു കവാടം തുറക്കുകയായി.

‘നിങ്ങളിൽ നിന്നും നന്മയിലേക്ക് ക്ഷണിക്കുന്നവരും നന്മ കൽപിക്കുന്നവരും തിന്മ വിരോധിക്കുന്നവരുമായ ഒരു വിഭാഗമുണ്ടാവണം. അവർ വിജയികൾ തന്നെ’ (ആലുഇംറാൻ/104) എന്ന വചനത്തിൽ വിശ്വാസികളുടെ ആത്മബന്ധത്തിന്റെ തേട്ടമായ ദഅ്‌വയെ തന്നെയാണ് പ്രാധാന്യപ്പെടുത്തുന്നത്.

‘നല്ലതിലേക്ക് ക്ഷണിക്കുക എന്നാൽ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയെന്നാണ്. നന്മ കൽപിക്കുക എന്നാൽ അനിവാര്യമായ കാര്യങ്ങളിൽ താൽപര്യം ജനിപ്പിക്കുക എന്നും. തിന്മ വിരോധിക്കുക എന്നാൽ, അനുചിതമായവ വർജിക്കാൻ പ്രേരിപ്പിക്കുകയും’ (തഫ്‌സീർ അല്ലുബാബ്).

‘ഖൈറ് എന്നാൽ മതപരമോ മതത്തിനുപകരിക്കുന്ന ഭൗതികമായോ ആത്മീയമായോ മാനസികമായോ ഗുണവും നന്മയുമുള്ളതെല്ലാമാണ്. നന്മ എന്നാൽ മനുഷ്യപ്രകൃതം നല്ലതായി മനസ്സിലാക്കുകയും മതം അംഗീകരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. തിന്മ എന്നാൽ ശുദ്ധപ്രകൃതിയും മതവും നിരാകരിക്കുന്ന കാര്യങ്ങളാണ്’ (അൽബഹ്ദുൽ മദീദ്).

ഇമാം ബുർഹാനുദ്ദീനിൽ ബിഖാഈ(റ) ഈ സൂക്തത്തിലെ ഉമ്മത്തിനെ വിവരിക്കുന്നു:

‘മറ്റുള്ളവർക്ക് അവലംബിക്കാൻ കൊള്ളുന്ന ഒരു സംഘമാണത്. അവരെ മറ്റു ചിലർ ലക്ഷ്യം വെക്കുന്നതായിരിക്കും. അങ്ങനെ അവർ യോജിപ്പിലും സംഘചലനത്തിലും ഏതു സമയത്തും വളരെ ഈടുറ്റവരായിരിക്കും. എല്ലാ സമയങ്ങളിലുമവർ അധ്യാനത്തിലൂടെയും ബോധവത്കരണത്തിലൂടെ പരസ്പരമുള്ള അടുപ്പവും ബന്ധവും പുതുക്കിക്കൊണ്ടിരിക്കും’ (നള്മുദ്ദുറർ).

നബി(സ്വ)യുടെ സമുദായത്തിൽ ഈ വിശേഷണങ്ങളുള്ള ഒരു സംഘം ഉണ്ടാകണമെന്നത് നിർദേശം മാത്രമല്ല. അത്തരമൊരു സംഘം നിലക്കാതെ ഉണ്ടാവുമെന്ന സുവിശേഷം കൂടി ഇതറിയിക്കുന്നുണ്ട്. മതകാര്യങ്ങളിലും മതത്തിനെതിരാകാത്ത വിധം ഐഹിക കാര്യത്തിലും പരസ്പരം ഉപദേശവും മാർഗദർശനവും സഹായ സഹകരണങ്ങളും നൽകുന്നതിനുപകരിക്കുന്ന ഉന്നതമായ മാർഗമാണ് സംഘടനാ സംവിധാനം. സ്വയം നന്നാവാനും സഹോദരങ്ങളെ നല്ലവരാക്കുന്ന പ്രവർത്തനങ്ങിൽ പങ്കാളികളാവാനും ഇതുവഴി എല്ലാവർക്കും സാധിക്കുന്നു.

ദഅ്‌വയുടെ മാതൃക

മനുഷ്യവംശത്തെ ഉദ്‌ബോധിപ്പിക്കുന്നതിനായി അല്ലാഹു നിശ്ചയിച്ചവരാണ് അവന്റെ ദൂതന്മാർ. അവരുടെ നിയോഗലക്ഷ്യം ദഅ്‌വത്തായിരുന്നു. അതിന് വേണ്ട യോഗ്യതകളെല്ലാം അവർക്ക് നൽകപ്പെട്ടിട്ടുണ്ട്. അവരുടെ നിരന്തരമായ രംഗപ്രവേശവും പ്രബോധന പ്രവർത്തനവുമാണ് മാനവരാശിക്ക് എന്നും മാർഗദർശനമായത്. അത്യുന്നതമായ മഹദ്‌വിലാസങ്ങൾ നൽകി നിയുക്തരായവരുടെ ജീവിത ലക്ഷ്യം തന്നെ ദഅ്‌വയായിരുന്നു. അത് അംഗീകരിച്ചവരും സ്വീകരിച്ചവരുമാണ് എക്കാലത്തെയും സത്യവിശ്വാസികൾ.

സത്യവിശ്വാസികളായ അനുയായികളെ സംബന്ധിച്ചിടത്തോളം മാനസികമായി അംഗീകാരം നൽകി അടങ്ങിയിരിക്കുക എന്ന കേവല ദൗത്യമല്ല ഉള്ളത്. മറിച്ച്, താനുമായി ബന്ധപ്പെട്ടവരിൽ നന്മ നട്ട് നിലനിർത്തുക എന്നത് ഓരോ വ്യക്തിയുടെയും ദൗത്യമായിത്തീരുന്നു. സ്വാധീനത്തിനും സൗകര്യത്തിനുമനുസരിച്ച് ബാധ്യതയുടെ അളവ് വർധിക്കും. സ്വന്തം പ്രവർത്തന മേഖലയിലും സ്വാധീനവലയത്തിലും സാധിക്കുന്ന കാര്യങ്ങൾ നിർവഹിക്കുന്നതിനായി നാം തയ്യാറാവേണ്ടതുണ്ട്. മാതൃകാപരമായി ജീവിതം തന്നെ ദഅ്‌വയാണ്. അസത്യവും അരുതായ്മകളും അരങ്ങുവാഴുന്നിടങ്ങളിൽ അവയോട് സന്ധിയാവുന്നതും രാജിയാവുന്നതും ശരിയല്ല. സമരം ചെയ്യാനുള്ള ആർജവം കാണിക്കേണ്ടതുണ്ട്.

അമ്പിയാക്കൾ ജീവിച്ച സാഹചര്യങ്ങളൊന്നും അത്ര ശുഭകരമായിരുന്നില്ല. പക്ഷേ, അവയോടൊന്നും സമരസപ്പെടാതെയാണവർ ജീവിതം നയിച്ചത്. മാതൃകാ ജീവിതത്തിലൂടെ നല്ല മനസ്സുള്ളവരിൽ സ്വാധീനം നേടാനും മാറ്റങ്ങൾ വരുത്താനുമവർക്കായി. പ്രത്യക്ഷ മതപ്രചാരണത്തിന് നിർദേശമുണ്ടായപ്പോൾ പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിയായി ഏറ്റെടുത്തു അവർ. എന്നിട്ടും അല്ലാഹുവിൽ നിന്നു ലഭ്യമാകേണ്ട സന്മാർഗ പ്രവേശനാവസരം ലഭിക്കാത്തവരേറെയുണ്ടായിരുന്നു. ഇത് അവരുടെ ആരുടെയും കുറവായിരുന്നില്ല. അവർക്ക് പ്രബോധന ബാധ്യത മാത്രമാണുണ്ടായിരുന്നത്. അതവർ കൃത്യമായി നിർവഹിച്ചിട്ടുണ്ടുതാനും. ഇത് നമുക്കും പാഠമാണ്.

പ്രബോധന പ്രവർത്തനങ്ങൾ വിജയം കാണാതെ വരുന്ന ഘട്ടത്തിൽ നിരാശരാവേണ്ടതില്ല. നാം നമ്മുടെ ദൗത്യം നിർവഹിക്കുക മാത്രം. അതിന് സാധ്യമായ മാർഗങ്ങളെല്ലാം ഉപയോഗപ്പെടുത്തണം. ആരുടെയെങ്കിലും സന്മാർഗ പ്രവേശനത്തിനത് കാരണമായാൽ നാം അതി ഭാഗ്യവാന്മാർ. ഇല്ലെങ്കിലും പ്രബോധനമെന്ന പുണ്യകർമം ചെയ്ത പ്രതിഫലം ലഭിക്കാതിരിക്കില്ല.

പ്രതിബന്ധങ്ങൾക്കിടയിൽ ജീവിതത്തെ പാകപ്പെടുത്തി ജീവിക്കുന്നതിനെ നബി(സ്വ) പുകഴ്ത്തിയിട്ടുണ്ട്. സമൂഹത്തിൽ നിന്നും മാറി ആരാധനാ കാര്യങ്ങളുമായി ജീവിക്കുന്നതിനേക്കാൾ ഉത്തമമാണത്. തിരുനബി(സ്വ) പറഞ്ഞു: ‘ജനങ്ങൾക്കിടയിൽ കഴിയുകയും അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വിഷമതകൾ ക്ഷമിക്കുകയും ചെയ്യുന്ന സത്യവിശ്വാസി, ജനങ്ങൾക്കിടയിൽ ജീവിക്കാതിരിക്കുകയും അവരുടെ പക്കൽ നിന്നുണ്ടാകുന്ന വിഷമങ്ങൾ സഹിക്കാനവസരമില്ലാതിരിക്കുകയും ചെയ്യുന്നവനേക്കാൾ ശ്രേഷ്ഠനാണ്’ (തിർമുദി, അഹ്മദ്, ബൈഹഖി).

ത്യാഗവും സഹനവും അവലംബിച്ചുള്ള സ്ഥൈര്യം വിശ്വാസിയുടെ മഹത്ത്വം വർധിപ്പിക്കും. ഈ സഹനം അനിവാര്യമാണെന്നാണ് വൽ അസ്വ്ർ സൂറത്ത് നൽകുന്ന വ്യക്തമായ സൂചന.

മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം ദഅ്‌വ ഒരു അനിവാര്യ സംഗതിയാണ്. പ്രബോധനത്തിന്റെ അടിസ്ഥാന ഗുണം വ്യക്തമാക്കി ഖുർആൻ പറഞ്ഞു:

‘നബിയേ പറയുക, ഇതാണെന്റെ മാർഗം. ഞാനും എന്നെ പിന്തുടരുന്നവരും എന്റെ റബ്ബിലേക്ക് ഉൾക്കാഴ്ചയോടെ ദഅ്‌വത്ത് നടത്തുന്നു’ (യൂസുഫ്/108).

ഇബ്‌നു അബീ ഹാതമിർറാസിയും മറ്റു വ്യാഖ്യാതാക്കളും ഇതിന്റെ വിശദീകരണത്തിൽ നബി(സ്വ)യുടെ അനുയായികളുടെ പ്രബോധന ദൗത്യത്തിന്റെ അനിവാര്യത വ്യക്തമാക്കിയതുകാണാം:

‘ഈ സൂക്തത്തിന്റെ വിവരണത്തിൽ അബ്ദുറഹ്മാനുബ് സൈദ്(റ) ഇങ്ങനെ പറഞ്ഞിരിക്കുന്നു; അല്ലാഹുവാണ് സത്യം, നബി(സ്വ) ദഅ്‌വത്ത് ചെയ്തതിലേക്ക് ദഅ്‌വ നടത്തലും ഖുർആൻ കൊണ്ടും ഉപദേശം കൊണ്ടും ബോധവത്കരിക്കലും അല്ലാഹുവിനെ ധിക്കരിക്കുന്നതിനെ തൊട്ട് വിരോധിക്കലും റസൂലിനെ പിൻപറ്റിയവർക്ക് ബാധ്യതയാണ്’ (തഫ്‌സീറുത്വിബ്‌രി 16/292).

ഉൾക്കാഴ്ചയോടെയുള്ള ദഅ്‌വ എന്നാൽ വസ്തുനിഷ്ഠവും പ്രമാണബദ്ധവും പ്രായോഗികവുമായ ദഅ്‌വത്താണെന്നദ്ദേഹം. ഫലശൂന്യവും അലക്ഷ്യമായതുമായ ദഅ്‌വ എന്ന ചടങ്ങ് നിർവഹിച്ചു എന്നു വരുത്തുകയല്ല വേണ്ടത്. ഇബ്‌നുകസീർ ഇത് വശദീകരിച്ചിട്ടുണ്ട്:

‘അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത്, അതുമായി ബന്ധപ്പെട്ട ഉൾക്കാഴ്ചയോടെയും ദൃഢവിശ്വാസത്തോടെയും മതപരവും ബുദ്ധിപരവുമായ പ്രമാണങ്ങളുടെ പിൻബലത്തോടെയുമായിരിക്കണം. നബി(സ്വ)യും അനുയായികളും ദഅ്‌വത്ത് നടത്തിയത് ഇപ്രകാരമാണ്’ (ഇബ്‌നുകസീർ 4/422).

ഇത്തരത്തിൽ ദഅ്‌വ നടത്തുമ്പോൾ അതിന്റെ പ്രതിഫലനം അനുഭവപ്പെടും. പരുക്കൻ മാനസങ്ങളിലും സത്യത്തിന്റെ ശബ്ദം തുളച്ചുകയറുമ്പോൾ മാറ്റങ്ങളുണ്ടാകും. നിശ്ചയദാർഢ്യത്തോടെയുള്ള സംസാരം കേൾവിക്കാരിൽ മാറ്റങ്ങളുണ്ടാക്കാതിരിക്കില്ല. കാമിച്ച പെൺകുട്ടിയെ തന്റെ കരവലയത്തിൽ ഒതുങ്ങിക്കിട്ടിയ ഒരു യുവാവ് അവളെ പ്രാപിക്കാതെ വിട്ടെഴുന്നേറ്റ കഥ തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അവളുടെ ഒറ്റവാചകമാണ് യുവാവിനെ മാറ്റിച്ചിന്തിപ്പിച്ചത്. അവൾ പറഞ്ഞു: ‘നീ അല്ലാഹുവിനെ സൂക്ഷിക്കണം.’ അപ്പോൾ യുവാവ് എഴുന്നേറ്റു മാറിപ്പോയി.

ആത്മീയ നായകനും ഉപദേശകനുമായിരുന്നു മൻസ്വൂറുബ്‌നു അമ്മാർ(റ). അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു സംഭവം അല്ലാമാ ശംസുദ്ദീനിസ്വഫീരി(റ) ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം നടന്നുപോവുമ്പോൾ ഒരു യുവാവും സ്ത്രീയും സംസാരിച്ചു നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. മൻസ്വൂർ(റ)യെ കണ്ടപ്പോൾ യുവാവ് നടന്നുമറഞ്ഞു. അദ്ദേഹം നേരെ സ്ത്രീയുടെ അടുത്തുചെന്ന് അവളോട് കൂടെ വരാൻ പറഞ്ഞു. അവൾ അദ്ദേഹത്തിന്റെ പിറകിലായി നടന്നു. തന്റെ വീട്ടിലെത്തിയ മൻസൂർ(റ) അവളെ അവിടെ ഇരുത്തി. മൻസ്വൂർ(റ) നിസ്‌കരിക്കാൻ തുടങ്ങി. ദീർഘമായ നിസ്‌കാരം സലാം വീട്ടിയപ്പോൾ അവൾ സമയം വൈകുന്നതിനെക്കുറിച്ച് പരിതപിച്ചു. അപ്പോൾ അദ്ദേഹം ചോദിച്ചു; നാലു സാക്ഷികളുണ്ടാവുകയും വിധികർത്താവ് കൃത്യമായി അറിയുകയും ചെയ്യുന്ന അവസ്ഥയിൽ ഒരാൾക്ക് താൻ ചെയ്ത കാര്യത്തെ നിഷേധിക്കാൻ പറ്റുമോ? അവൾ പറഞ്ഞു: ‘സാധ്യമല്ല.’

മൻസ്വൂർ(റ) തുടർന്നു: എന്റെ കൂടെ രണ്ടു മലക്കുകൾ (റഖീബ്, അതീദ്) ഉണ്ട്. നിന്റെ കൂടെയും രണ്ടു മലക്കുകളുണ്ട്. വിധികർത്താവായ അല്ലാഹു നമ്മെ കാണുന്നുമുണ്ട്.

ഇതു കേട്ടപ്പോൾ അവൾ ഭയന്നുവിറച്ചു. പിന്നെ മോഹാലസ്യപ്പെട്ടു. ആ കിടപ്പിൽ അന്ത്യശ്വാസം വലിച്ചു (ശറഹുൽ ബുഖാരി ലിസ്സഫീരി). കാമം കത്തിനിൽക്കുന്നവരിൽ വരെ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്നതിന് തെളിവാണിത്തരം സംഭവങ്ങൾ.

ഈമാനുള്ളവരിൽ ഉപദേശ വാക്യങ്ങൾ പ്രതിഫലനം സൃഷ്ടിക്കുമെന്ന് ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്‌ബോധനമർഹിക്കുന്നവരും ദുർവൃത്തികളിലകപ്പെട്ടവരുമായ സഹോദരങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. അവരെ അവഗണിക്കുന്നതിന് പകരം മോചനത്തിന്റെ ദിശ കാണിച്ചുകൊടുക്കൽ നമ്മുടെ ബാധ്യതയാണ്.

ആത്മാർത്ഥതയും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഫലം കാണാതിരിക്കില്ല. ഇനി ഫലം കണ്ടില്ലെങ്കിലും പ്രതിഫലം ഉറപ്പാണ്. സൂറത്ത് യാസീനിൽ ഒരു ത്യാഗിവര്യനായ ദാഈയെ കുറിച്ച് വിവരിക്കുന്നുണ്ട്. തന്റെ നാട്ടിൽ പ്രബോധനം നടത്തുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ചാണദ്ദേഹം രംഗത്തുവന്നത്. ഹബീബുന്നജ്ജാർ എന്നു പേരായ അദ്ദേഹം തന്റെ നാട്ടുകാരോട് പറഞ്ഞു: ‘നിങ്ങളോട് പ്രതിഫലമൊന്നും ചോദിക്കാത്തവരെ നിങ്ങൾ പിന്തുടരുവീൻ. അവർ സച്ചരിതരാണ്’ (യാസീൻ/21). നാട്ടുകാർ സ്വീകരിച്ചില്ലെന്ന് മാത്രമല്ല, അവരദ്ദേഹത്തെ കൊന്നുകളഞ്ഞു. പക്ഷേ, അദ്ദേഹത്തിന് പാരത്രികമായി വലിയ സൗഭാഗ്യമാണ് ലഭിച്ചത്.

നൂഹ് നബി(അ)ന്റെ പ്രബോധന കാലവും പ്രവർത്തനവും ഖുർആൻ വ്യക്തമാക്കിയതാണ്. അവിശ്രമം യത്‌നിച്ചിട്ടും ഏറെ വിശ്വാസികളുണ്ടായില്ലെന്നത് നൂഹ് നബി(അ)ന് ഒരു കുറവും വരുത്തിയില്ല. താൻ നടത്തിയ പ്രബോധന പ്രവർത്തനത്തെ കുറിച്ചും തന്റെ അനുഭവത്തെ കുറിച്ചും നൂഹ് നബി(അ) തന്നെ പറയുന്നത് സൂറത്ത് നൂഹിന്റെ ആദ്യ ഭാഗത്തു കാണാം. ഇമാം ഖുർത്വുബി(റ) അത് ഇങ്ങനെ വിശദമാക്കി:

‘ഞാനെന്റെ ജനതയെ രാപകലുകൾ ഭേദമന്യേ മുഴുസമയത്തും ബോധവൽക്കരിച്ചു. അവർ വിശ്വസിച്ചില്ലെന്ന് മാത്രമല്ല അവർക്ക് പാപമോചനം ലഭിക്കണമെന്ന ആഗ്രഹത്തിൽ ഞാനത് ചെയ്യുമ്പോൾ അതു കേൾക്കാതിരിക്കാൻ ചെവിയും മുഖവും പൊത്തി. ധിക്കാരവും അഹങ്കാരവും അവസാനിപ്പിക്കാൻ അവർ കൂട്ടാക്കിയില്ല. ഞാൻ പ്രബോധനം അവസാനിപ്പിക്കണമെന്നാണവർ ശഠിച്ചത്. എനിക്ക് പൂർണമായും അവർ പിന്തിരിഞ്ഞു നിൽക്കുകയാണ്. നിന്റെ കൂടെ നിസ്സാരന്മാരാണുള്ളത്. പിന്നെ ഞങ്ങളെങ്ങനെയാണ് നിന്റെ കൂടെ വരിക എന്നവർ പറഞ്ഞു. ഞാൻ അവരെ പരസ്യമായും രഹസ്യമായും ഉച്ചത്തിലും വ്യക്തിഗതമായും വീടുകളിൽ ചെന്നും പ്രബോധം നടത്തി. ഗുണകരമായതെല്ലാം ഞാനവർക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. എന്നാലാവുന്നതിലൊന്നും ഞാൻ കുറവ് വരുത്തിയിട്ടില്ല. നിന്റെ അനുഗ്രഹങ്ങളും സൃഷ്ടിപ്പിന്റെ ഘട്ടങ്ങളും അതിലെ അദ്ഭുതങ്ങളും ഞാനവർക്ക് വിവരിച്ചിട്ടുണ്ട്. നീ ഭൂമിയിലൊരുക്കിയ സൗകര്യങ്ങളും അവയുടെ ഉപയോഗവും ഞാനവരെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും സത്യം അംഗീകരിക്കാതെ ധിക്കാരികളായിരിക്കുകയാണ്. ദൈവമെന്നവകാശപ്പെടുന്ന പ്രതിമകളെ അവർ ഉപേക്ഷിക്കാൻ തയ്യാറല്ല (ഖുർതുബി 18/299-307).

പ്രബോധിതരുടെ മനസ്സിലുറച്ച കുറെ പ്രലോഭനങ്ങളുണ്ടായിരുന്നു. അനുഭവിക്കുന്ന സുഖ സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും അവസാനിപ്പിക്കുന്നതവർക്കിഷ്ടമായിരുന്നില്ല. നൂഹ് നബി (അ)ൽ വിശ്വസിച്ചാൽ അവയെല്ലാം നഷ്ടപ്പെടുമെന്നവർ കരുതി. തങ്ങളുടെ ആ സ്വത്തിനും അധികാരങ്ങൾക്കും ക്ഷീണം നേരിടുമെന്നു ഭയന്നു. പാവങ്ങളുടെയും ദുർബല ജനവിഭാഗങ്ങളുടെയും കൂടെ ഇരുന്നുകൂടെന്നവർക്ക് വാശിയായിരുന്നു. അഹങ്കാരമാണ് അവരെ സത്യത്തിൽ നിന്നും തടഞ്ഞുനിർത്തിയത്. നൂഹ് നബി(അ) നേരിട്ട ദുരനുഭവത്തിന്റെ പുതിയ പതിപ്പുകളാണ് നവകാല പ്രബോധകരെയും കാത്തിരിക്കുന്നത്. സുഖകരമായ ഒരു അനുഷ്ഠാനമായി ദഅ്‌വ പ്രവർത്തനത്തെ ആസ്വദിക്കാൻ സാധിക്കില്ലെന്നു ചുരുക്കം.

നാം നമ്മുടെ ദൗത്യം ഏറ്റെടുക്കുകയും സാധ്യതകൾ കൂടുതൽ പ്രായോഗികമാക്കി ഉപയോഗപ്പെടുത്തുകയും ചെയ്‌തേ മതിയാകൂ. നമ്മുടെ ദൗത്യം ആത്മാർത്ഥമായും ദൃഢവിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും നിർവഹിക്കുക. ദഅ്‌വാ മേഖലയിൽ ചെയ്യുന്ന പ്രവർത്തനങ്ങളെ സ്വയം വലുതായിക്കാണാതിരിക്കുക, പകരം അല്ലാഹുവിന്റെ മാർഗത്തിൽ എനിക്കിനിയും ചെയ്യാനുണ്ടെന്ന വിചാരത്തിൽ നിരന്തരം പ്രവർത്തിക്കുക. വ്യക്തിപരമായും കൂട്ടായും ലഭിക്കുന്ന ഒരവസരവും പാഴാക്കരുത്.

ദഅ്‌വാ വിചാരത്തെ തകർക്കുന്ന പൈശാചിക മന്ത്രണങ്ങൾ ഈ മേഖലയിൽ ധാരാളമായി കടന്നുവരാം. ശൈഖ് ഹംദൂൻ ബിൻ അഹ്മദ്(റ)യുടെ വാക്കുകൾ ഇത്തരുണത്തിൽ ശ്രദ്ധേയം:

‘പൂർവികരുടെ വാക്കുകൾക്ക് സ്വാധീനവും ഫലവും കൂടുതലുണ്ടാവാൻ കാരണമെന്തെന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞു: പൂർവികർ സംസാരിച്ചത് ഇസ്‌ലാമിന്റെ ഇസ്സത്തിന് വേണ്ടിയും ആത്മാവ് രക്ഷ പ്രാപിക്കുന്നതിനും അല്ലാഹുവിന്റെ പൊരുത്തത്തിനും വേണ്ടിയായിരുന്നു. എന്നാൽ നാം സംസാരിക്കുന്നതോ നമ്മുടെ ഇസ്സത്തിനു വേണ്ടിയും ദുൻയാവ് സമ്പാദിക്കാനും പടപ്പുകളുടെ പൊരുത്തത്തിനും വേണ്ടിയാണ്’ (സ്വിഫതുസ്വഫ്‌വ).

അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ