ഇശ്ഖ്, അഖ്ല്‍, അമല്‍, ഫഖ്ര്‍പ്രണയം, ചിന്ത, കര്‍മം, പരിത്യാഗം എന്നീ നാല് നിബന്ധനകളെ ആഴത്തിലറിഞ്ഞ്, അനുഷ്ഠിച്ച് പ്രപഞ്ച സ്രഷ്ടാവിനെ മാത്രം ലക്ഷ്യമാക്കി ഒടുവില്‍ പ്രപഞ്ചമൊട്ടാകെ കണ്‍മുന്നില്‍ മാഞ്ഞുപോയി, ഒരുവനായ ശക്തിയില്‍ താനും നിലീനമാകുന്ന അവസ്ഥ പ്രാപിച്ചവനാരോ അവനെ ‘ദര്‍വീശ്’ എന്നു വിളിക്കാം.
പേര്‍ഷ്യന്‍ വേരുള്ള ദര്‍വീശ് എന്ന പദത്തിന് mendicant ascentic എന്ന് അര്‍ത്ഥകല്‍പന നല്‍കുന്നുണ്ട്. പരിവ്രാജകനായ യോഗി, ഭിക്ഷുവായ തപസ്വി എന്നെല്ലാം മലയാളപ്പെടുത്താം. ദര്‍ എന്നാല്‍ ഡോര്‍ (വാതിലുകള്‍) തോറും കയറിയിറങ്ങുന്നവന്‍. ഭിക്ഷു/യാചകന്‍ എന്ന പ്രത്യക്ഷാര്‍ത്ഥത്തില്‍ നിന്ന് പ്രപഞ്ച രഹസ്യത്തെ കണ്ടെത്താന്‍ അലയുന്നവന്‍, പരമസത്യത്തെ തേടി നടക്കുന്നവന്‍ എന്ന ഉദ്ദേശ്യാര്‍ത്ഥത്തിലേക്ക് ദര്‍വീശിനെ മാറ്റുക. ജലാലുദ്ദീന്‍ റൂമിയുടെ (ക്രി. 12071273) മൗലവിയ്യ ത്വരീഖത്തനുഷ്ഠിക്കുന്നവരെ പ്രത്യേകിച്ചും ദര്‍വീശുമാരെന്നു പറയാറുണ്ട്.
സ്വൂഫികളാണ് ദര്‍വീശുകള്‍. പ്രപഞ്ചത്തെയാകമാനം പ്രണയം കൊണ്ട് നിറച്ച്, അത് അല്ലാഹുവിനെ പ്രണയിക്കുന്നതിനുള്ള ഒരമൂല്യ ഘടകമാക്കുകയും സ്ഥിരോത്സാഹത്തോടെ അന്വേഷണം നടത്തുകയും ചെയ്യുന്നു അവര്‍. ദര്‍വീശില്‍ മുഴങ്ങുന്ന മൊഴികളിങ്ങനെയാണ്; ദിവ്യബോധനം പോലെ അതയാളോര്‍ക്കുന്നു:
എന്നെ അന്വേഷിക്കുന്നവരാരോ
അവനെന്നെ കണ്ടെത്തുന്നു.
എന്നെ കണ്ടെത്തിയവരാരോ
അവനെന്നെ അറിയുന്നു.
എന്നെ അറിയുന്നവനാരോ
അവനെന്നെ പ്രണയിക്കുന്നു.
എന്നെ പ്രണയിക്കുന്നവനാരോ
അവനെ ഞാന്‍ പ്രണയിക്കുന്നു.
ഞാന്‍ പ്രണയിക്കുന്നവനാരോ
അവനെ ഞാന്‍ ഇല്ലാതാക്കുന്നു.
അധ്യാത്മികതയിലൂന്നിയ പ്രണയം ഏറെ ജ്വലിപ്പിച്ച മഹാനാണ് ജലാലുദ്ദീന്‍ റൂമി(റ). പ്രണയത്തിന്റെ അത്യുന്നത പ്രകാരങ്ങളെ ജീവിച്ചു കാണിച്ചു തന്നു മഹാന്‍. കഥപറഞ്ഞും അനുഭവങ്ങളിലൂടെയും അല്ലാഹുവിനെ കേന്ദ്രബിന്ദുവാക്കി. പ്രപഞ്ചത്തെയാകമാനം പ്രണയം കൊണ്ടുമൂടാന്‍, അനുരാഗം കൊണ്ട് പുതക്കാന്‍ റൂമി ലോകത്തെ പഠിപ്പിച്ചു. നശ്വരതയിലല്ല ആത്യന്തിക പ്രണയം, അനശ്വരതയിലാവുമ്പോഴാണ് പ്രണയത്തിന് നിത്യതയും അനന്തതയുമുണ്ടാവുകയുള്ളൂ എന്ന തിരിച്ചറിവും നശ്വര വസ്തുക്കളുടെ ഉത്ഭവവും അവയുടെ പ്രദര്‍ശനവും അനശ്വര ശക്തിയായ അല്ലാഹു ഉണ്ടാക്കിയത് തന്നിലേക്ക് പ്രണയപ്രിയരായ അടിമകളെ അടുപ്പിക്കാന്‍ വേണ്ടിയാണ് എന്നും സ്വൂഫികള്‍ കരുതുന്നു. അതിനാല്‍ അവര്‍ പരമസത്യത്തെ, അനശ്വര യാഥാര്‍ത്ഥ്യത്തെ തേടി അലയുന്നു, ഇതിഹാസത്തിലെ ലൈലാ മജ്നൂനിനെ പോലെ. പക്ഷേ, മജ്നൂനിന്/ലൈലയെ അനുരാഗാഗ്നി കൊണ്ട് പ്രണയിച്ച് ജ്വലിപ്പിക്കാനേ സാധിച്ചിട്ടുള്ളൂ. അവളെ വേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല; എന്നാല്‍ സ്വൂഫികള്‍ അവസാനം ഉറപ്പായും അല്ലാഹുവിലെത്തിച്ചേരും.
ദര്‍വീശിന്റെ ചിന്തകളുടെയും കര്‍മമണ്ഡലങ്ങളുടെയും വിസ്മയാവഹമായ ആഴക്കടലിലേക്ക് നമുക്കു യാത്രചെയ്യാം. വായനക്കാരോട് പറയാനുള്ളത്, സ്വൂഫി ലോകത്തെ പുറമേനിന്ന് നടന്നുകാണുമ്പോള്‍ കിട്ടുന്ന ആസ്വാദനക്കാഴ്ചകളെ കുത്തിക്കുറിച്ചിടുക മാത്രമാണിത്.
ദര്‍വീശ്ദിവ്യാനുരാഗത്തിന്റെ അവധൂതന്‍
ചിരന്തന പ്രണയത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തേടി ഒരിടത്തു നില്‍ക്കാത്ത അവധൂതനാണ് ദര്‍വീശ്. പ്രപഞ്ചം എന്ന അത്യുല്‍കൃഷ്ട കലാവൈഭവത്തിന്റെ ദാതാവിന്റെ പ്രീതി പ്രാപിക്കാനുള്ള തൃഷ്ണയുമായി പകലിരവ് താണ്ടുന്ന ഭാവനാ സമ്പന്നന്‍. പേര്‍ഷ്യനില്‍ നിന്നുടലെടുത്ത് ഉറുദു, അറബി, മലയാള ഇതര ഭാഷകളിലടക്കം ഇടം കണ്ടെത്തിയ ദര്‍വീശിന്റെ ഉള്ളിലേക്ക് അനുരാഗനിബിഡതയും പ്രണയസൗകുമാര്യതയും നിറഞ്ഞ അര്‍ത്ഥ സാധ്യതകള്‍ തള്ളിക്കയറാനായി കാത്തുകിടക്കുകയാണ്. പ്രണയാര്‍ദ്രമായ ഒരു സാഗരതീരം. യാത്രയില്‍ മുഴുകിയ ചിന്താശീലന്‍. ഇത് ഒരു വ്യക്തിനാമമല്ല. വിശിഷ്ടത നിറഞ്ഞ വര്‍ഗനാമമത്രെ. നീ കഴുകിത്തുടച്ച ആത്മാവുമായി പ്രാപഞ്ചിക വസ്തുക്കളിലെല്ലാം കാരുണ്യവും സ്നേഹവും ദര്‍ശിച്ച്, ലോകം മുഴുവന്‍ കാണിച്ച് കൊതിപ്പിച്ച് തന്നിലേക്കാകര്‍ഷിക്കുന്ന സ്രഷ്ടാവിനെ കണ്ടെത്താന്‍ പാഞ്ഞുനടക്കുന്നവനാണെങ്കില്‍ നിനക്കുള്ളില്‍ ഒരു ദര്‍വീശ് മുളപൊട്ടി വരുന്നുണ്ട്.
മരം പോലെയല്ല ദര്‍വീശ്. നിന്നേടത്തു വളര്‍ന്നു വലുതായി നിഴലും തണലും പഴവും നല്‍കും വിധം പന്തലിച്ചു നില്‍ക്കുന്ന മരത്തിന് ഒരിക്കലും യാത്രകളുണ്ടായിട്ടില്ല. എന്നാല്‍ ഭിക്ഷുവായ ദര്‍വീശ് യാത്രക്കാരനാണ്. നിന്ന നില്‍പില്‍ ചലനങ്ങള്‍ സൃഷ്ടിച്ച് വിപ്ലവങ്ങള്‍ നടത്തുന്ന മരങ്ങളെക്കാള്‍ ഒരുപാട് ആകാശങ്ങള്‍ ചലിച്ചും യാത്രികനായും ദര്‍വീശ് കീഴടങ്ങുന്നുണ്ട്. ആളുകള്‍ക്ക് എറിയാന്‍ നിന്നുകൊടുക്കും. വെട്ടുകൊള്ളാനും കുത്തുകൊള്ളാനും കുത്തുവാക്കുകളേല്‍ക്കാനും പ്രണയാതുര മനസ്സിനുടമയായ ദര്‍വീശിനു മടിയില്ല. മഴയത്തും വെയിലത്തും ചൂടിലും തണുപ്പിലും ദര്‍വീശ് മരമാണ്; നിന്നുകൊള്ളും.
ദിവ്യാനുരാഗം ആഴത്തില്‍ വേരൂന്നുകയും സ്രഷ്ടാവിനോടും സൃഷ്ടികളോടൊക്കെയും സ്നേഹചിത്തത സൂക്ഷിക്കുകയും അകമില്‍ പ്രസന്നതയുടെ സംഗീതം ഒഴുകുകയും കൃത്രിമത്വത്തിന്റെ നിറച്ചാര്‍ത്തുകള്‍ക്ക് ചിന്തയില്‍ ഇടമില്ലാതിരിക്കുകയും ചെയ്യുന്ന ഈ സ്വൂഫി ദര്‍വീശിന്, സ്രഷ്ടാവുമായുള്ള പ്രണയബന്ധം മുറിയുക എന്നത് കരയിലേക്ക് വലിച്ചിട്ട മത്സ്യക്കുഞ്ഞിനുണ്ടാകുന്നതിനേക്കാള്‍ വലിയ ജീവഹാനിയാണ്. ക്ഷീരാമൃത് കുടിക്കുന്ന പൈതലിനെ ഉമ്മയുടെ മാറില്‍ നിന്നടര്‍ത്തിയെടുക്കുമ്പോഴുള്ള നൊമ്പരത്തേക്കാള്‍ വലിയ നിരാശ ദര്‍വീശിനനുഭവപ്പെടുന്നു. അല്ലാഹു അവനില്‍ നിന്നകലുമ്പോള്‍ അനുരാഗ ശൂന്യത അനുഭവിക്കുന്നു.
അദൃശ്യലോകത്തിരുന്ന് അനുരാഗ വിജൃംഭിതര്‍ മീട്ടുന്ന അവാച്യ ശ്രേഷ്ഠ പ്രേമത്തിന്റെ മാരുതനില്‍ നിലീനനായി കിടക്കുമ്പോഴാണ് ദര്‍വീശിന് ആത്മതീവ്രതയുടെ സപ്തലോകങ്ങള്‍ ദൃശ്യമാവുന്നത്. ഈ നിമിഷാര്‍ദ്ധത്തില്‍ അയാള്‍ മജ്നൂനുലൈലയായി മാറുന്നു. വാക്കുതോല്‍ക്കുന്ന സ്നേഹമൂര്‍ധന്യതയുടെ കൊടുമുടിയില്‍ അയാളനുഭവിക്കുന്ന കടുത്ത ഏകാഗ്രതയിലാണ് ഭിക്ഷുവായ ദര്‍വീശ് തന്റെ ലക്ഷ്യം സഫലീകരിക്കുന്നത്. ഇലാഹി ചിന്തയില്‍ നിലീനനായിത്തീരുന്നു അയാള്‍. പ്രാപഞ്ചികമായ സകല സമ്പന്നതയും നിറച്ചാര്‍ത്തുകളും ഭൗതിക ഐശ്വര്യങ്ങളും സ്വര്‍ഗീയാനുഭൂതികളും അല്ല എനിക്കു വേണ്ടത്; അല്ലാഹുവാണ് എന്റെ ലക്ഷ്യം എന്നിടത്തേക്കാണ് സ്വൂഫി സഞ്ചാരിയായ ദര്‍വീശ് പാഞ്ഞുപോകുന്നത്.
നല്ല ചിന്തകന്‍
സൃഷ്ടി വൈഭവത്തിന്റെ അപാര വിസ്മയം ഇന്ദ്രിയങ്ങളഞ്ചുമുപയോഗിച്ച് അനുഭവിച്ചറിയാനും തദ്ഫലമായി രൂപപ്പെട്ട വിശ്വാസ തീവ്രതയില്‍ ഹൃത്തിനെ കടഞ്ഞെടുത്ത് സ്രഷ്ടാവില്‍ സമര്‍പ്പിക്കുവാനും വേണ്ടിയാണ് ദര്‍വീശ് ഭൗതികതയോട് വേര്‍പിരിയുന്നത്. പിന്നെ പ്രണയാര്‍ദ്രമായ കടലായി അയാള്‍ തിരയിളക്കുന്നു. പ്രണയ പ്രാവുകള്‍ കുറുകാത്ത ഇടനാഴികളില്‍ പോലും അദ്ദേഹം അല്ലാഹുവെ ഓര്‍ത്തു കുറുകിക്കരയുന്നു. ഇരുളിലും വെറുതെയിരിക്കുമ്പോഴും ധാര്‍മികതയും പ്രണയവും ദര്‍വീശ് അകത്തളത്തില്‍ കത്തിച്ചുവെക്കുന്നു. ഒറ്റപ്പെടലുകള്‍ ജീവിതത്തിലെ ആകസ്മികതയല്ല; അനിവാര്യതയാണെന്ന് തിരിച്ചറിയുന്നു. ശരീരം സഞ്ചാരമധ്യേ വിശ്രമിക്കുമ്പോഴും ആത്മാവ് യാത്രയില്‍ തന്നെയായിരിക്കും. പ്രണയത്തിന് ഇടവേളകളില്ലല്ലോ. അനന്തപാതകള്‍, മാമലകള്‍ മാത്രമാണീ ഭൗതികത എന്നും ഇവ നിത്യ വിജയത്തിലേക്കെത്താനുള്ള മാര്‍ഗങ്ങളാണെന്നും ചിന്തിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നവനാണ് ദര്‍വീശ്.
ആത്മദര്‍ശനത്താല്‍ ലഭ്യമായ അമൂല്യ മുത്തായ ഇലാഹീ പ്രണയത്തെയാണ് ജ്ഞാനപ്രകാശമായി ഇവര്‍ കണക്കാക്കുന്നത്. പരമ സത്യത്തിനുവേണ്ടിയുള്ള അന്വേഷണം ചെന്നവസാനിക്കുമ്പോഴേക്ക് കുറേ പാപങ്ങളും അറിവില്ലായ്മകളും ചെയ്തതായി തോന്നും. അതിനൊക്കെ മാപ്പിരക്കും. ലക്ഷ്യത്തിലെത്താന്‍ താണ്ടിയതെല്ലാം ലക്ഷ്യം നേടിയാല്‍ വൃഥാവിലെന്നു തോന്നും. ഇവിടെ ദര്‍വീശില്‍ ഇസ്തിഗ്ഫാറുകള്‍ നിറയുന്നു. അബൂയസീദില്‍ ബിസ്ത്വാമി(റ)വിനോടൊരു ചോദ്യം: അങ്ങേക്കെത്ര വയസ്സായി? മറുപടി: ‘നാല്’. ആശ്ചര്യത്തോടെ നിന്ന ചോദ്യകര്‍ത്താവിനോട് ബിസ്ത്വാമി(റ) തുടര്‍ന്നു: ‘നാലു വര്‍ഷം മുമ്പാണ് ജ്ഞാനപ്രകാശം കൈവന്നത്. അതിനുമുമ്പുള്ള എഴുപതോളം വര്‍ഷങ്ങള്‍ ഞാന്‍ അല്ലാഹുവിനെ കുറിച്ചുള്ള വ്യര്‍ത്ഥമായ ചര്‍ച്ചകളില്‍ നഷ്ടപ്പെടുത്തുകയായിരുന്നു. അതെന്റെ വയസ്സായി ഞാന്‍ ഗണിക്കുന്നില്ല.’
കഴമ്പു തേടിയുള്ള അന്വേഷണ യാത്രകളില്‍, ആണ്ടുകള്‍ വെറും പുറംതോട് നിര്‍മിതിക്കുവേണ്ടി മാത്രം നീക്കിവെക്കേണ്ടിവരുന്നു. ചക്ക രൂപപ്പെടാന്‍ പുറന്തോടും തണ്ടും പശയും ഉണ്ടായേ പറ്റൂ. പക്ഷേ, ചക്കച്ചുളകള്‍ മാത്രമേ നമുക്കു വേണ്ടൂ.
ദിവസങ്ങളോളം അദൃശ്യതയില്‍ കിടന്നാല്‍ മാത്രമേ പുറത്തേക്കു വരാന്‍ നാം പാകമാവുകയുള്ളൂ. മേശപ്പുറത്തിരിക്കുന്ന ചക്കക്കുരു ആ അവസ്ഥയില്‍ മുളക്കാറില്ല. മണ്ണിനുള്ളിലേക്ക്, അദൃശ്യതയിലേക്ക് അതിനെ അവഗണിക്കുമ്പോഴാണ് വീര്യത്തോടെ കഠിന മണ്ണുതുരന്ന്, ബലഹീനമായ തണ്ട് മുളപൊട്ടി വരുന്നത്; ഗര്‍ഭസ്ഥ ശിശുവിനെ പോലെ. ഗര്‍ഭപാത്രത്തിലെ ഇരുട്ടില്‍ മാസങ്ങളോളം കിടക്കുമ്പോഴേ നമുക്ക് പുറത്തെത്താനുള്ള വളര്‍ച്ച ആവുന്നുള്ളൂ. പുറത്ത് നില്‍ക്കുന്നതിനുള്ള അവസരം നഷ്ടപ്പെട്ടാല്‍ നമ്മെ വീണ്ടും അകത്തേക്കു തന്നെ തള്ളിവിടും; ഖബ്റിലേക്ക്.
ഇശ്ഖില്‍ നിലീനനായ കേവലാത്മാവ്
ദര്‍വീശ് വെളുത്ത നീളന്‍ ഉടയാട (കന്തൂറ) ധരിക്കുന്നത് മരണത്തിന്റെ (മയ്യിത്തിന്റെ) പ്രതീകമായാണ്. മേലാടയെ പൊതിഞ്ഞ് കറുത്ത മൂടുപടവും (ഇര്‍ഖഇരുള്‍മുറ്റിയ ഖബ്റിന്റെ അടയാളമായി) ധരിക്കുന്നു. ഉയര്‍ന്നുനില്‍ക്കുന്ന ബ്രൗണ്‍ തൊപ്പി ഖബ്റിടത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന നീശാന്‍ (മീസാന്‍) കല്ലുകളെയും സൂചിപ്പിക്കുന്നു. ആത്മീയാന്വേഷണപാതയില്‍, സത്യാന്വേഷണ സഞ്ചാരത്തില്‍ ശരീരം വെടിഞ്ഞ്, അനുരാഗ വിവശനായി, പ്രണയോന്മത്തനായി, സ്വത്വത്തിന്റെ സ്വാതന്ത്ര്യം കാമിച്ചു നടക്കുന്ന ദര്‍വീശിന് ശരീരം പ്രധാനമല്ല. കേവലം ഹൃദയം, ആത്മാവ്, മനസ്സ് മതി. ആയതിനാല്‍ ശരീരത്തെ അയാള്‍ മയ്യിത്തായി കാണുന്നു. കഫന്‍ ചെയ്തുതന്നെ നടക്കുന്നു. ഖബ്റിലേക്ക് മീസാന്‍ കല്ലും വെച്ച് ആത്മാവിനെ അല്ലാഹുവിന്റെ അടുത്തേക്ക് പറഞ്ഞയക്കുന്നു. അല്ലാഹുവുമായാണ് ദര്‍വീശിയന്‍ ആത്മാവിന്റെ പ്രണയം. ശരീരത്തിനു വില കല്‍പ്പിക്കാതെ, ആത്മാവിന് അല്ലാഹുവിലേക്ക് പറന്നെത്താനുള്ള മാധ്യമങ്ങളായി ശാരീരിക ചലനനിശ്ചലനങ്ങളെ വകതിരിക്കുന്നു.
ദര്‍വീശിന്റെ ഗുണങ്ങള്‍
ശരീരങ്ങള്‍ തമ്മില്‍ ഉരസുമ്പോഴുള്ള ഒരു അനുഭൂതിയുണ്ടല്ലോ, അതിന്റെ പതിന്മടങ്ങ് അത്യാവേശം നുരഞ്ഞുപൊന്തും ആത്മാക്കള്‍ തമ്മിലുള്ള ഉരസലിന്. ആ ചേര്‍ച്ചയില്‍ അഭിരമിക്കുന്നവര്‍ ഒന്നാമത്തെ ഉരസലിനെ പരിഹാസത്തോടെ നോക്കി ഊറിച്ചിരിച്ചേക്കും. മസ്നവിയേ മഅ്നവിയില്‍ ജലാലുദ്ദീന്‍ റൂമി(റ) ദര്‍വീശിന്റെ ആത്മാവിന് ഇത്തരത്തിലുള്ള സമ്പൂര്‍ണ വികാസത്തിന്റെ നിബന്ധനകളായി പറയുന്നത് നാലു കാര്യങ്ങളാണ്; ഇശ്ഖ്, അഖ്ല്‍, അമല്‍, ഫഖ്ര്‍.
ഇശ്ഖ്
ഇശ്ഖ് എന്നത് സ്നേഹത്തിന്റെ അത്യുന്നത രൂപമാണ്. ശരീര വൈകാരികതയുടെ തലങ്ങള്‍ പിന്നിട്ട്, ഇവയേക്കാളൊക്കെ മൗലികത നിറഞ്ഞ ഉറവിടത്തെയാണ് അനുരാഗി തേടിപ്പിടിക്കുന്നത്. അത് അല്ലാഹു അല്ലാതെ മറ്റാരുമല്ല.
ദിവ്യപ്രണയത്തിന്റെ ആഴമറിയണമെങ്കില്‍ പ്രണയത്തിന്റെ തലങ്ങളെ അറിയണം. സ്നേഹത്തോട് സ്നേഹമുണ്ടാവുമ്പോഴല്ലേ സ്നേഹിക്കാന്‍ തോന്നുകയുള്ളൂ. ഹുബ്ബുല്‍ ഹുബ്ബ് (സ്നേഹത്തോടുള്ള സ്നേഹം) ആണ് ഒന്നാംഘട്ടം. സ്നേഹത്തോട് സ്നേഹം തോന്നുമ്പോള്‍ ഹുബ്ബ് ഉണ്ടാവുന്നു. ഇതാണ് രണ്ടാം ഘട്ടം. പിന്നെ ഹുബ്ബിനാല്‍ മുളപൊട്ടി വരുന്നതാണ് പ്രേമഭാജനത്തോടുള്ള അഭിവാഞ്ഛ (ശൗഖ്). പിന്നെ അത് പ്രണയം (ഇശ്ഖ്) ആയിത്തീരുന്നു. അനുരാഗം ഇശ്ഖിനാല്‍ പൂത്തുലയുമ്പോള്‍ ഇരുവര്‍ക്കുമിടയിലുള്ള അകലം കുറയുന്നു.
അഖ്ല്‍

പ്രണയസാഗരത്തിന്റെ ആഴത്തണുപ്പില്‍ പരിലസിക്കുന്നതിനാല്‍ അനാശാസ്യതയുടെ, അശ്ലീലതയുടെ സാന്നിധ്യം അത്യധികം അറപ്പോടും വമന ഭാവത്തോടും കൂടിയാണ് ഇവര്‍ക്ക് അനുഭവവേദ്യമാവുക. തിരിച്ചറിവ്, വിവേചനഭാഗ്യം ഇവരില്‍ സദാ രൂഢമൂലമായിരിക്കും. ഇതാണ് അഖ്ല്‍ (ബുദ്ധി/ചിന്ത) എന്നത്. നല്ലതും ചീത്തയും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള വിവേചന ശേഷിയാണിത്. ഉത്തമ ഭാവനകളുടെ പ്രൗഢമായ രൂപീകരണത്തിനും വസ്തുതകളുടെ മൗലികവും യുക്തിഭദ്രവുമായ ശേഷികൂടിയാണ് ബുദ്ധി. ആര്‍ജിക്കുന്ന അറിവുകളെ മാപിനികളാക്കി കൂടുതല്‍ ഉള്‍പ്രകാശം സൃഷ്ടിക്കുന്നുവത്. അത്ഭുത മണ്ഡലങ്ങളെ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നു.
മൃഗീയ സ്വഭാവങ്ങളില്‍ നിന്ന്, പൈശാചിക ചിന്തകളില്‍ നിന്ന് ദര്‍വീശിനെ അകറ്റി നിറുത്തുന്നത് ഇശ്ഖില്‍ ഇഴുകിച്ചേര്‍ന്ന ബുദ്ധിയുടെ ഇടപെടലാണ്. മനുഷ്യനിലെ രണ്ടു വിരുദ്ധ ശക്തികളാണ് ബുദ്ധിയും പൈശാചികതയും. ബുദ്ധി ദിവ്യജ്ഞാനവും പൈശാചികത പൈശാചിക ജ്ഞാനവും സൃഷ്ടിക്കും. പൈശാചിക ജ്ഞാനം ആത്മാവിനെ തകര്‍ക്കും. അജ്ഞാനം വളര്‍ത്തും. ഇത് അനുരാഗാദികളെയും അതിന്റെ ഉപശാഖകളെയും പെരുപ്പിക്കും. ഈ മത്സരത്തില്‍ ബുദ്ധി ജയിക്കുന്നേടത്ത് ദര്‍വീശ് ജനിക്കുന്നു.
പൈശാചിക സ്വഭാവങ്ങളായ രാഗദ്വേഷകാമാദികളെ അടിച്ചൊതുക്കുമ്പോള്‍ ചാരിത്ര്യം ശാന്തത, ഭക്തി, സംതൃപ്തി, സന്തോഷം, ലജ്ജ എന്നീ ഉത്തമ ഗുണങ്ങള്‍ ഹൃദയത്തില്‍ മേളിക്കുന്നു. കോപഭാവങ്ങളായ ക്രോധലോഭമോഹങ്ങളെയും മദമാത്സര്യങ്ങളെയും തകര്‍ത്താല്‍ ധ്യൈം, മാന്യത, ക്ഷമ, സഹനശക്തി, മാപ്പ് എന്നിവ കൈവരും.
പൈശാചിക ദുര്‍ഗുണങ്ങളെ വിപാടനം ചെയ്ത്, ആത്മീയാനുഭൂതിയിലൂടെ നേടുന്ന മൗലികമായ സര്‍ഗശ്രേഷ്ഠതയെ ജ്വലിപ്പിച്ചു നിറുത്താന്‍ ഇശ്ഖും അഖ്ലും അമലും ഫഖ്റും എവ്വിധം ദര്‍വീശ് ഉപയോഗപ്പെടുത്തുന്നുവോ അതുപോലെ പദവിയുടെ മൂല്യങ്ങളില്‍ ജയക്കൊടി നാട്ടുന്നു. അല്ലാഹുവിന്റെ സ്മരണയിലും നാമഗുണങ്ങളിലെ തത്ത്വങ്ങളോടും സ്വത്വ രഹസ്യങ്ങളോടും സ്നേഹമസൃണമായ കലഹങ്ങള്‍ സൃഷ്ടിച്ചും ജ്ഞാനവഴികളിലൂടെ ഫഖീറായി, നിസ്വനായി, ഭിക്ഷുവായി ഒന്നായവനിലേക്ക് എത്തിചേരുന്നു.
ഈ ദേഹത്തെ നോക്കൂ
മണ്ണില്‍ നിന്നും വന്നത്!
എന്തു പൂര്‍ണതയാണിതിന്?!
ഈ മനുഷ്യ സ്വരൂപത്തില്‍ നിന്നു മുക്തി നേടുമ്പോള്‍
നീ മാലാഖയായി മാറുന്നു.
നീ പിന്നെ ആകാശവാസിയായിത്തീരുന്നു.
പിന്നെയും അപ്പുറത്തേക്കു പോകുക
ഈ അര്‍ത്ഥത്തിലും ഭാഷാന്തരം നടത്താവുന്ന വിധം ജലാലുദ്ദീന്‍ റൂമിക്ക് ആഴം കൂടിയ ചിന്താവചസ്സുകളുണ്ട്. ശരീരത്തെ ത്യാഗം ശീലിപ്പിക്കണം, വലിച്ചെറിയണം. ആത്മാവാണ് എല്ലാം.
കര്‍മം
ആത്മവികാസത്തിനായി ദര്‍വീശ് അനുവര്‍ത്തിക്കേണ്ട മൂന്നാമത്തെ കടമ അമലാണ്. പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും മുഴുകണം. അലസത അരുത്. സ്ഥിരോത്സാഹത്തിന്റെ ലാവണ്യതയില്‍ തിളങ്ങണം. ദര്‍വീശ് കാലദേശങ്ങളുടെ ഭാവപകര്‍ച്ചകളിലൂടെ സഞ്ചാരിയാകണം. കെട്ടിക്കിടക്കുന്ന തടാകമല്ല, ഒഴുകുന്ന അരുവിയോ പുഴയോ ആവുക. സദാ അലടയിക്കുന്ന കടലാവുക. പ്രവര്‍ത്തന നിരതവും ഉത്സാഹദായകവുമായ ഒന്നാവണം ജീവിതം. ആത്മഗന്ധം താലോലിക്കുന്ന ലോലമനസ്സിനെ കൊണ്ടു നടക്കണം. പ്രണയവും കൃത്യനിഷ്ഠയും അമലിന്റെ മാറ്റുകൂട്ടുന്നു. അതിലൂടെ പ്രതിഭയുണ്ടാവുന്നു.
അതീന്ദ്രിയ ജ്ഞാനത്തിലേക്കു വഴിതുറക്കുന്നതും കര്‍മമാണ്. ഇല്‍മുല്‍ മുആമല (കര്‍മജ്ഞാനം) യിലൂടെയാണ് ഇല്‍മുല്‍ മുകാശഫ (അതീന്ദ്രിയ ജ്ഞാനം) യിലെത്തുന്നത്. ശരീഅത്തുത്വരീഖത്തുകളിലൂടെ പ്രവര്‍ത്തന നിരതനാവുമ്പോള്‍ മാത്രമേ സ്വൂഫി/ദര്‍വീശ് ഹഖീഖത്ത് പ്രാപിക്കുകയുള്ളൂ. ആന്തരികബാഹ്യ ജ്ഞാനങ്ങളില്‍ നല്ല അവഗാഹമുള്ള ജ്ഞാന ഭിക്ഷുവിന് കര്‍മആരാധനകളിലും സദാചാര അനുസരണങ്ങളിലും ഇടമുണ്ടാകുന്നു.
മനുഷ്യനു നാലു കര്‍മമണ്ഡലങ്ങളുണ്ട്. ശാരീരികം, മാനസികം, ബൗദ്ധികം, ആത്മീയം. ശരീരത്തെ ഭരിക്കുന്നത് മനസ്സും മനസ്സിനെ നിയന്ത്രിക്കുന്നത് ബുദ്ധിയും ബുദ്ധിയെ നിയന്ത്രിക്കുന്നത് ആത്മാവുമാണ്. ആത്മശുദ്ധീകരണം നടന്നാല്‍ എല്ലാം ശുദ്ധമാവും, പരിശുദ്ധാത്മാവാകും. ശരീരതലത്തില്‍ നിന്നും ദര്‍വീശ് ആത്മതലം വരെ എത്തുന്നു. ജ്ഞാനിയായ ദര്‍വീശ് ആത്മാവിനെ അറിയുന്നു. ശരീരത്തെ വലിച്ചെറിയുന്നു; അടക്കം ചെയ്യുന്നു. ‘സ്വത്വത്തെ ശുദ്ധീകരിച്ചവന്‍ വിജയിച്ചു. മലിനപ്പെടുത്തിയവന്‍ പരാജയപ്പെട്ടു’ (ഖുര്‍ആന്‍). കര്‍മങ്ങളിലൂടെ ശുദ്ധീകരണ പ്രക്രിയ സാധ്യമാക്കുക. നാലു കര്‍മമണ്ഡലങ്ങളെയും ഉജ്ജീവിച്ചുകൊണ്ടുള്ള കര്‍മം അല്ലാഹുവിലേക്കെത്തിക്കുന്നു. ഒരു കാര്യം ഉറപ്പാണ്, കര്‍മജ്ഞാനമില്ലാത്തവന് ജ്ഞാനിയാവാന്‍ സാധിക്കുകയേ ഇല്ല. ശരീഅത്തില്ലാത്തവന് മുന്നില്‍ സ്വൂഫി സരണികളുടെ സൗന്ദര്യ കവാടങ്ങള്‍ കൊട്ടിയടക്കപ്പെടും.
ആത്മജ്ഞാനത്തിന്റെ അലകടലില്‍ മുത്തു തപ്പാന്‍ ഒട്ടേറെ കര്‍മവഴികളൊരുക്കിയിട്ടുണ്ട് മശാഇഖുമാര്‍. ഖാദിരിയ്യ, രിഫാഇയ്യ, ശാദുലിയ്യ, ദസൂഖിയ്യ, നഖ്ശബന്ദിയ്യ, ബദവിയ്യ, ചിശ്തിയ്യ, സുഹ്റവര്‍ദിയ്യ തുടങ്ങിയവ പ്രസിദ്ധ സ്വൂഫി സരണികളില്‍ ചിലതാണ്. ദര്‍വീശിയന്‍ ലോകത്തെ കുലപതിയായ ജലാലുദ്ദീന്‍ റൂമി(റ)യുടെ പേരിലുമുണ്ട് ഒരു സരണി; മൗലവിയ്യ.
പരിത്യാഗം
ശരീരത്തെയും ലോകത്തെയും പരിത്യജിക്കുന്നതോടെ ദര്‍വീശ് ഫഖ്റില്‍ കടക്കുന്നു. സവിശേഷമായ ഒരു മനോഭാവമാണിത്. ഒന്നും കൈവശമില്ലാതിരിക്കുകയും അല്ലാഹുവിനെ അല്ലാതെ മറ്റാരെയും ആശ്രയിക്കാതിരിക്കുകയും ചെയ്യുക. അപ്പോള്‍, എല്ലാം ത്യജിച്ച ഫഖീറിന് എല്ലാം വരുതിയില്‍ വരുന്നു. ധന്യതയാണ് വേണ്ടത്. അത് മനസ്സിനകത്ത് ഉണ്ടാകും. ധനമല്ല, മനസ്സിന്റെ എ്വെര്യമാണ് യഥാര്‍ത്ഥ സമ്പത്ത്. ഇത് ഫഖീറുമാരായ സ്വൂഫി ദര്‍വീശുകള്‍ക്കുണ്ട്. ഖനാഅത് (ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക) ആണ് അടിസ്ഥാന ശില. ഇതാണ് യശസ്സിന്റെ നിദാനം. ഭൗതിക പ്രമത്തതയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുമ്പോള്‍ ദര്‍വീശ് സമ്പന്നനായ ഫഖീറായി രൂപപ്പെടുന്നു. നീ ഈ ലോകത്തില്‍ തന്നെയായേക്കാം. പക്ഷേ, ഒരു കാരണവശാലും അതിനോട് വിധേയത്വമരുത്. നീ ശരീരത്തിലായിരിക്കും. പക്ഷേ, അതിനു വിധേയപ്പെടരുത്. നിനക്ക് പല ആവശ്യങ്ങളുമുണ്ടാകും. പക്ഷേ, ഒന്നിനോടും വിധേയത്വമുണ്ടാവരുത്. ഇതാണ് ഫഖ്ര്‍. രിസാലതുല്‍ ഖുശൈരിയ്യയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഫഖീറാകുന്നതും ഫഖ്റ് വരിക്കുന്നതും, തുടര്‍ന്ന് നാടുനീളെ അലയുന്നതും സ്വന്തത്തിനു വേണ്ടിയല്ല; യാചിക്കുന്നത് അപരനു വേണ്ടിയാണ്. അപരനു വേണ്ടി ഭിക്ഷുവാകുന്നത് വിജയത്തിന്റെ, സ്വപ്നസാക്ഷാത്കാരത്തിന്റെ പ്രഥമ പടിയാണ്.

 

നിസാമുദ്ദീന്‍ അഹ്സനി പറപ്പൂര്‍

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ