palli dars - malayalam

ജ്ഞാനമാണല്ലോ മതത്തിന്‍റെ ജീവന്‍. സ്രഷ്ടാവില്‍ നിന്നും പ്രവാചകന്മാര്‍ മുഖേന ഭൂമിലോകത്തിന് ലഭ്യമായ അറിവുകള്‍ തലമുറകളിലേക്ക് കൈമാറിപ്പോരുന്നതില്‍ വലിയ പങ്കുവഹിച്ചത് പള്ളിദര്‍സുകളാണ്. കേരളീയാന്തരീക്ഷത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ സജീവമാണ് ദര്‍സുകള്‍. ഇല്ലായ്മയുടെ നെറുകയില്‍ സ്വന്തം കുടുംബം പോറ്റാന്‍ പാടുപെടുന്ന ഗൃഹനാഥന്മാര്‍ പോലും നാട്ടിലൊരു ദര്‍സും വീട്ടിലൊരു മോല്യേരുട്ടിയും വേണമെന്നു ശഠിച്ചിരുന്നു. അതിനായി അവര്‍ ത്യാഗം വരിച്ചു.

പള്ളിദര്‍സുകളുടെ വേരുകള്‍ തേടിപ്പോകുമ്പോള്‍ ചെന്നെത്തുക മദീനയിലെ മസ്ജിദുന്നബവിയിലാണ്. ഈ സമ്പ്രദായത്തിന്‍റെ പ്രഥമരൂപമായിരുന്നു തിരുനബി(സ്വ)യുടെ ഇഷ്ടശിഷ്യരായ അഹ്ലുസ്സുഫ്ഫ. പ്രവാചകര്‍(സ്വ) മദീനയിയില്‍ നിര്‍മിച്ച പള്ളിയുടെ ഓരത്ത് ആദ്യത്തെ ദര്‍സ് ആരംഭിച്ചു. വീടും കുടുംബവുമില്ലാതെ പള്ളിയില്‍ അറിവന്വേഷണത്തിലും ആരാധനയിലുമായി കഴിച്ചുകൂട്ടിയ അഹ്ലുസ്സുഫ്ഫയായിരുന്നു അവിടുത്തെ പഠിതാക്കള്‍. വിശപ്പും ദാരിദ്ര്യവും വകവെക്കാതെ ശരീരത്തെ കീഴ്പ്പെടുത്തി ആത്മശുദ്ധി പരിപോഷിപ്പിക്കുകയായിരുന്നു അവര്‍.ഈ മാതൃക സ്വീകരിച്ചുകൊണ്ട് ഇസ്ലാം വ്യാപിച്ചിടങ്ങളിലെല്ലാം പള്ളിയോടനുബന്ധിച്ച് ദര്‍സുകള്‍ രൂപംകൊണ്ടു. മക്കയിലും മദീനയിലും ഈജിപ്തിലുമെല്ലാം ഇത്തരം പള്ളിദര്‍സുകള്‍ ഇന്നും നിലനില്‍ക്കുന്നു.

പൊന്നാനിയില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) ഒന്നാമന്‍ ദര്‍സ് സ്ഥാപിച്ചു. അതൊരു ഉന്നത മതപഠന കേന്ദ്രമായി. മലയാളക്കരയില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉപരിപഠനാര്‍ത്ഥം പൊന്നാനിയിലേക്കെത്തി. പഠനം പൂര്‍ത്തീകരിച്ച് സ്വന്തം നാടുകളില്‍ ദര്‍സുകള്‍ സ്ഥാപിച്ചുതുടങ്ങി, ദീനീ പ്രബോധനം സജീവമാക്കി. പൊന്നാനി ദര്‍സിന്‍റെ തുടര്‍ച്ചയായി ചാലിയം, മണ്ണാര്‍ക്കാട്, വാഴക്കാട്, നാദാപുരം, കുണ്ടൂര്‍, ചെര്‍പ്പുളശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ ദര്‍സുകള്‍ ഉയര്‍ന്നുവന്നു.

 

മാനവസംസ്കരണത്തിന്

വളരെയധികം മേന്മകളുള്ള വിദ്യാഭ്യാസ രീതിയാണ് പള്ളിദര്‍സുകളുടേത്. ഒരു ദര്‍സ് വിദ്യാര്‍ത്ഥി പഠനകാലത്ത് ആര്‍ജിച്ചെടുക്കുന്നത് വിദ്യ മാത്രമല്ല, മുഴുജീവിതം തന്നെയാണ്. ഓരോ നിമിഷവും ഗുരുവിന്‍റെ നിയന്ത്രണത്തിലായതിനാല്‍ ധാര്‍മികവും സാംസ്കാരികവുമായ ബോധം വിദ്യാര്‍ത്ഥികളില്‍ വലിയ തോതിലുണ്ടായിരിക്കും. വിദ്യാഭ്യാസത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സ്വഭാവസംസ്കരണമാണല്ലോ. ദര്‍സുകള്‍ പള്ളികളില്‍ തന്നെയായതിനാല്‍ പള്ളിയോടുള്ള ബഹുമാനം എപ്പോഴും കാത്തുസൂക്ഷിക്കേണ്ടതിനാല്‍ മികച്ച അച്ചടക്കം ദര്‍സ് വിദ്യാര്‍ത്ഥികളുടെ വിശേഷഗുണമാണ്. കേരളത്തിലെ പള്ളിദര്‍സുകളിലെ അച്ചടക്കവും സൗഹൃദ മനോഭാവവും കണ്ടറിഞ്ഞ ഡോ. ബെല്‍ എന്ന ഇംഗ്ലണ്ടുകാരനായ ഗവേഷകന്‍ മദ്രാസ് സിസ്റ്റം ഓഫ് എജ്യുക്കേഷന്‍ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുവെ ചെലവു കുറഞ്ഞതും ഫലപ്രദവുമായ ദര്‍സ് പഠനരീതി അവര്‍ അനുകരിച്ചിരുന്നുവത്രെ.

ദര്‍സ് വിദ്യാര്‍ത്ഥികള്‍ മിക്കപ്പോഴും വീടുകളില്‍ പോയി ഭക്ഷണം കഴിക്കുന്നവരാണെന്നതിനാല്‍ ഓരോ വീട്ടുകാരും പള്ളിയുമായി ബന്ധപ്പെടുന്നു. മുതഅല്ലിമിന്‍റെ സാന്നിധ്യം വീടിന് ഇസ്ലാമിക അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്യും. മതപരമായ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളോട് നേരിട്ടോ അധ്യാപകന്‍ മുഖേനയോ സംശയങ്ങള്‍ തീര്‍ക്കാന്‍ സാധിക്കുന്നു. സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്കും ഒഴിവുസമയങ്ങളില്‍ പള്ളിയില്‍ പോയി മതവിജ്ഞാനം നുകരാന്‍ അവസരം ലഭിക്കുന്നു.

വാങ്കു കൊടുക്കല്‍, ഇമാമത്ത് തുടങ്ങിയ ആരാധനാ കാര്യങ്ങളില്‍ നേതൃപരിശീലനവും ദര്‍സിലൂടെ ലഭിക്കുന്നു. മുതിര്‍ന്നവര്‍ ചെറിയ ബാച്ചുകാര്‍ക്ക് പഠിപ്പിക്കുന്നതിലൂടെ അധ്യാപന പരിശീലനവും നേടുന്നു. അടുത്ത കാലത്തായി പള്ളിദര്‍സുകളുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണം കുറഞ്ഞുവരികയാണ്. പള്ളിദര്‍സുകള്‍ കുറയുമ്പോള്‍ ദീനീ സേവകരുടെ എണ്ണമാണ് കുറയുന്നത്. മാനവികതയുടെ ചക്രവാളത്തിലേക്ക് നയിക്കുന്ന ദര്‍സുകളെ നിലനിര്‍ത്തേണ്ടത് സാമൂഹ്യബാധ്യതയാണ്.

You May Also Like

പൊന്നാനിയുടെ ചരിത്രം; പള്ളി ദര്‍സുകളുടെയും

നൂറ്റാണ്ടുകളുടെ പ്രതാപ്വൈര്യങ്ങള്‍ക്ക് സാക്ഷിയായ ദേശമാണ് പൊന്നാനി. ഇന്ന് കാര്യമാത്ര പ്രസക്തമല്ലെങ്കിലും ഈ നാടിന്റെ ഇന്നലെകള്‍ ഭാസുരമായിരുന്നു,…

ok usthad

ഒ.കെ. ഉസ്താദിന്റെ മാതൃകാ ദർസ്

പലയിടങ്ങളിലായുള്ള ദർസ് പഠനത്തിനു ശേഷം യാദൃച്ഛികമായാണ് ഞാൻ ശൈഖുനാ ഒ.കെ ഉസ്താദിന്റെ ദർസിലെത്തുന്നത്. ശൈഖുനായുടെ അടുക്കൽ…

● വിവി അബ്ദു റസാഖ് ഫൈസി മാണൂർ

ഇല്മ് : ദാര്‍ശനികതയുടെ ഔന്നത്യം

ഇസ്ലാമില്‍ വിജ്ഞാനത്തിന് ‘ഇല്‍മ്’ എന്നാണ് സാങ്കേതികമായ വ്യവഹാരം. ആധുനികമായ ബോധ ധാരയാല്‍ ജ്ഞാനത്തെ സമീപിക്കുന്ന ഒരാള്‍ക്ക്…