സാഹസിക യാത്രയിലൂടെ ദേശങ്ങള്‍ താണ്ടിയ സാധാരണക്കാരനാണ് മൊയ്തു കിഴിശ്ശേരി. രാഷ്ട്രാതിര്‍ത്തികള്‍ കടന്നദ്ദേഹം ചരിത്രഭൂമികകള്‍ തൊട്ടു. ഇറാനില്‍ സൈനിക സേവനം, ഇറാഖില്‍ ചാരവൃത്തി, അഫ്ഗാന്‍ മലനിരകളില്‍ ഗറില്ലാ പോരാളികള്‍ക്കൊപ്പം റഷ്യന്‍ സൈന്യത്തെ നേരിട്ടതും അദ്ദേഹത്തിന്റെ മനസ്സില്‍ കടലിരമ്പമാണ്. നിലന്പൂരില്‍ അദ്ദേഹം നടത്തുന്ന പുരാവസ്തു മ്യൂസിയത്തില്‍ വെച്ച് മൊയ്തു സംസാരിച്ചു; തന്റെ ദേശാടനങ്ങളെക്കുറിച്ച്, നേരിട്ടുകണ്ട അതൃപ്പങ്ങള്‍, മതജ്ഞാനരംഗത്തുള്ള കയറ്റിറക്കങ്ങള്‍… അങ്ങനെ പലതും.
നിരവധി രാഷ്ട്രങ്ങളില്‍ ഇക്കാലത്തിനിടക്ക് താങ്കള്‍ ചുറ്റിക്കറങ്ങി. അതും ഔദ്യോഗിക രേഖകളൊന്നുമില്ലാതെ തന്നെ. സാഹസികമായ ഈ യാത്രകള്‍ക്ക് എന്തായിരുന്നു പ്രചോദനം?
എന്റെ ചെറുപ്പത്തില്‍ ഉപ്പാക്ക് കറാച്ചിയിലും മറ്റും കച്ചവടമായിരുന്നു. പ്രയാസങ്ങളില്ലാത്ത ആ നല്ലകാലം ഉപ്പയുടെ മരണത്തോടെ അസ്തമിച്ചു. ദാരിദ്ര്യം വീട്ടില്‍ നിത്യ അതിഥിയായി. പല ദിവസങ്ങളിലും വീട്ടില്‍ മുഴുപ്പട്ടിണി. ഉമ്മയുടെ കണ്ണീരും കുടുംബക്കാരുടെ വെറുപ്പോടെയുള്ള നോട്ടവും പത്തു വയസ്സുകാരനായ എന്നെ നാടുവിടാന്‍ പ്രേരിപ്പിച്ചു. ആരോടൊക്കെയോ പക തീര്‍ക്കാനുള്ള പുറപ്പാടായിരുന്നു അത്.
അങ്ങനെ ഞാന്‍ പൊന്നാനി മരുപ്പറമ്പിലുള്ള പള്ളിദര്‍സില്‍ അഭയം തേടി. ഉസ്താദ് സ്വൂഫി മട്ടുകാരനായിരുന്നു. ജലാലൈനി വരെ അവിടെ നിന്ന് ഓതി. ഖുര്‍ആനിലെ ചരിത്രഭൂമികള്‍ ഉസ്താദ് വിവരിക്കുമ്പോള്‍ അതൊക്കെ കാണാനും ദാഹം തീരുവോളം ആസ്വദിക്കാനും മോഹമുണര്‍ന്നു. ലോകം ചുറ്റി നിങ്ങള്‍ മുന്‍ഗാമികളുടെ അന്ത്യമെങ്ങനെയായിരുന്നെന്ന് ചിന്തിക്കുക എന്ന ഖുര്‍ആന്‍ സൂക്തം മനസ്സില്‍ കോറിയിട്ടു.
ഇസ്ലാമിക സംസ്കാരങ്ങളുടെ ചവിട്ടടയാളാന്വേഷണമാണു നിങ്ങള്‍ ഏറെ കൊതിച്ചതെന്നു തോന്നുന്നു…
പറഞ്ഞല്ലോ, മേലുദ്ധരിച്ച ഖുര്‍ആന്‍ സൂക്തമായിരുന്നു എന്നെ ലോകം ചുറ്റാന്‍ പ്രേരിപ്പിച്ചത്. സാംസ്കാരികകലാശാസ്ത്ര മേഖലകളില്‍ ഒരുപാട് മുന്നേറിയവരായിരുന്നു പൗരാണിക മുസ്ലിംകള്‍. അതോര്‍മപ്പെടുത്തുന്ന ഒരുപാട് കാഴ്ചാനുഭവങ്ങള്‍ യാത്രയില്‍ ഉണ്ടായി. ജോര്‍ജിയയുടെ അടുത്ത് കാഫ്മലമടക്കുകളില്‍ ദുല്‍ഖര്‍നൈന്‍ രാജാവ് യഅ്ജൂജ്, മഅ്ജൂജുകളെ പ്രതിരോധിക്കാനായി നിര്‍മിച്ച ലോഹമതില്‍, ഇബ്റാഹിം നബി(അ)നെ തീയിലെറിയാന്‍ ഉപയോഗിച്ച തെറ്റുവില്ല്, തീയില്‍ വീണയിടം, തുര്‍ക്കിയിലെ തര്‍ബൂസിലുള്ള അസ്വ്ഹാബുല്‍ കഹ്ഫിന്റെതെന്നഭിപ്രായമുള്ള ഗുഹ, അയ്യൂബ് നബി(അ) രോഗിയായി കിടന്ന സ്ഥലം, ജൂദി പര്‍വതത്തിലെ നൂഹ്(അ)ന്റെ കപ്പല്‍, ജലപ്രളയം ആരംഭിച്ച നൂഹ്(അ)ന്റെ ഭാര്യ ആഇലയുടെ അടുപ്പ്, കപ്പല്‍ പ്രയാണം ആരംഭിച്ച ഇടം, സിറിയയിലെ അസ്വൂന്‍ പര്‍വതത്തിലെ ഖാബീല്‍ ഹാബീലിനെ വധിച്ച സ്ഥലം, ത്വൂരിസീനാ പര്‍വതം, ശുഹൈബ് നബിയുടെ ആടുകള്‍ക്കായി മൂസാ നബി(അ) വെള്ളമെടുത്ത് കൊടുത്ത ജോര്‍ദാനിലെ ചരിത്ര പ്രസിദ്ധമായ കിണര്‍, 25 പ്രവാചകരുടെയും മഖ്ബറകള്‍, ബനൂഇസ്റാഈല്യര്‍ക്കായി ഉറവ പൊട്ടിയ പാറക്കല്ല്, മൂസാ നബി(അ)ക്ക് തൗറാത്ത് കിട്ടിയ സ്ഥലം, ഭൂമിക്കടിയിലേക്ക് താഴ്ത്തപ്പെട്ട ഖാറൂന്റെ കൊട്ടാരം സ്ഥിതി ചെയ്ത പ്രദേശം, യമനിലുള്ള ബില്‍ഖീസ് രാജ്ഞിയുടെ കൊട്ടാരം, സുലൈമാന്‍ നബി(അ) നിര്‍മിച്ച മഗ്രിബ് അണക്കെട്ട്, അബ്റഹത്തിന്റെ യമനിലെ ദേവാലയം….. ഖുര്‍ആന്‍ മനുഷ്യരാശിക്കു മുന്നില്‍ തുറന്നിട്ട എത്രയെത്ര ചരിത്ര ജാലകങ്ങള്‍…!
ഇന്നുപക്ഷേ, പഴയ പ്രതാപങ്ങള്‍ക്കപ്പുറം പുതുതായി നമുക്കെന്താണു ഈടുവെക്കാനുള്ളത്? നമ്മള്‍ വിഹരിച്ചിടത്തു ഇന്ന് പാശ്ചാത്യര്‍ മേയുകയാണ്. ഈ പിന്‍വലിയലിനെ എങ്ങനെ വിലയിരുത്താം…
എന്റെ അഭിപ്രായത്തില്‍ ആദ്യത്തെ കുഴപ്പം ഈമാനികമായ കുറവാണ്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഓര്‍മപ്പെടുത്തിയിട്ടുണ്ട്, ഈമാനുണ്ടെങ്കില്‍ നിങ്ങള്‍ തന്നെയാണ് അത്യുന്നതര്‍ എന്ന്. പിന്നെ മുസ്ലിം ഖലീഫമാരായി ഗണിച്ചുപോന്ന തുര്‍ക്കി ഓട്ടോമന്‍ രാജവംശത്തിന്റെ സുഖലോലുപതയും ലോകതലത്തില്‍ സമുദായ പിന്നാക്കത്തിന് നിദാനമായി. അവര്‍ക്ക് ഇത്തരം കാര്യങ്ങളിലൊന്നും പില്‍ക്കാലത്ത് ശ്രദ്ധയുണ്ടായിരുന്നില്ല. കൊര്‍ദോവയുടെ വീഴ്ച, ബഗ്ദാദിലെ അതിപ്രശസ്തവും ബൃഹത്തായതുമായ ഗ്രന്ഥശേഖരങ്ങളുടെ ഉന്മൂലനം ഇവയെല്ലാം എടുത്തുപറയേണ്ടതാണ്. ബഗ്ദാദിന്റെ ചരിത്രം കണ്ണീരണിയിക്കുന്നതാണ്. 1258ലെ ചെങ്കിസ്ഖാന്റെ നേതൃത്വത്തിലുള്ള മംഗോളിയന്‍ സൈന്യത്തിന്റെ അധിനിവേശങ്ങള്‍ക്ക് ടൈഗ്രീസിന്റെ ആഴവും വിശാലതയും തടസ്സമായപ്പോള്‍ ഗ്രന്ഥശാലകളിലെ മുഴുവന്‍ ഗ്രന്ഥങ്ങളും നദിയില്‍ തള്ളി, അതില്‍ ചവിട്ടിയാണത്രെ അവര്‍ മറുകര താണ്ടിയത്. ഇതില്‍ നശിക്കാതിരുന്ന ചില ഗ്രന്ഥങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്.
പഴയ ഖുര്‍ആന്‍ കാലിഗ്രാഫികളും മറ്റും പൗരാണിക ഗ്രന്ഥപ്പുരകളില്‍ കാണാം. അതിന്റെ ചരിത്രവും വര്‍ത്തമാനവും പറയാമോ?
ഉസ്മാന്‍(റ)ന്റെ കാലത്തുള്ള മുസ്വ്ഹഫാണ് ആദ്യത്തെ ഖുര്‍ആന്‍ കാലിഗ്രാഫിയായി കരുതിപ്പോരുന്നത്. അത് കൂഫി ലിപിയിലുള്ളതാണ്. പിന്നീടത് പല രീതിയിലും വികസിച്ചു. കാലിഗ്രാഫികള്‍ വ്യാപകമായി ലഭ്യമല്ലെങ്കിലും തുര്‍ക്കിയില്‍ ഒട്ടനേകം കാലിഗ്രാഫി ഗവേഷകരെ കാണാം. ഇസ്തംബൂളില്‍ വെച്ച് ഇലീം ഉക്കുമയാസ്മ ഇല്‍ഗിസി (കാലിഗ്രാഫി രചനവായന പഠന കേന്ദ്രം) എന്ന കോളേജില്‍ വെച്ച് ഇവ്വിഷയത്തില്‍ ഞാന്‍ ചില പഠനങ്ങള്‍ നടത്തുകയുണ്ടായി.
ഖിലാഫത്തിന്റെ പതനശേഷമുള്ള തുര്‍ക്കി മുസ്ലിം പൈതൃക ജീവിതത്തില്‍ നിന്ന് ഏറെ പിറകോട്ടുപോയി. പാശ്ചാത്യന്‍ സംസ്കാരം അവിടെ വേരൂന്നിനില്‍ക്കുകയല്ലേ?
അതാതുര്‍ക്ക് നിര്‍മിച്ച ഭരണഘടന അനുശാസിക്കുന്നതിനാല്‍ തുര്‍ക്കികളുടെ വേഷത്തില്‍ മാത്രമേ പാശ്ചാത്യവത്കരണം കാണാനാവൂ. തുര്‍ക്കികളുടെ വിശ്വാസങ്ങള്‍ക്ക് വ്യാപകമായി ഇളക്കം തട്ടിയിട്ടില്ല. തുര്‍ക്കികളുടെ ജീവിതം പഠിക്കാന്‍ ഉപരിപ്ലവമായ വിലയിരുത്തല്‍ മാത്രം മതിയാവില്ല. അതിന് അവര്‍ക്കിടയില്‍ ജീവിക്കണം. ഭരണകൂട ശാസനകള്‍ ധിക്കരിച്ചു തലപ്പാവണിഞ്ഞു പള്ളിയില്‍ പോകുന്ന വൃദ്ധന്മാരെയും അവരുടെ തലയില്‍ നിന്ന് തലപ്പാവൂരി നിലത്തെറിയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഞാന്‍ കണ്ടിട്ടുണ്ട്. പര്‍ദ്ദയും മക്കനയും നിരോധിച്ചതിനെ ചോദ്യം ചെയ്യുന്ന വനിതകളെയും കണ്ടു. റഷ്യഅഫ്ഗാന്‍ യുദ്ധകാലത്ത് എല്ലാം ഉപേക്ഷിച്ചുവരുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികളെ ഇസ്ലാമിന്റെ പേരില്‍ സ്വീകരിക്കുന്നതും വീടുകള്‍ നിര്‍മിച്ചു നല്‍കിയതും അനുഭവമാണ്. പള്ളിയില്‍ വെച്ചെല്ലാം കാണുമ്പോള്‍ തുര്‍ക്കികള്‍ വീടുകളിലേക്ക് വളരെ താല്‍പര്യപൂര്‍വം ക്ഷണിക്കാറുമുണ്ട്. നഖ്ശബന്ദി ത്വരീഖത്ത് രാജ്യത്ത് ഏറെ വേരൂന്നിനില്‍ക്കുന്നു. മൗലിദ് സദസ്സുകളും മറ്റും അവര്‍ സംഘടിപ്പിക്കുന്നു. ഇപ്പോഴത്തെ ഉര്‍ദുഗാന്‍ ഭരണത്തില്‍ കൂടുതല്‍ മതാന്തരീക്ഷം നിലനില്‍ക്കുന്നുവെന്നു പറയണം.
ഇസ്ലാമിക സംസ്കാരങ്ങളുടെ പറുദീസയായ മധ്യപൗരസ്ത്യ ദേശങ്ങളിലെ അധിനിവേശങ്ങളും ആഭ്യന്തര കുഴപ്പങ്ങളും ചരിത്രശേഷിപ്പുകളെ നശിപ്പിക്കുന്നു. ഇറാഖിലെ അമേരിക്കന്‍ അധിനിവേശം അവിടുത്തെ ധാരാളം ലൈബ്രറികളെയും ചരിത്ര സ്മൃതികളും ഇല്ലായ്മ ചെയ്യുകയുണ്ടായി…
ഇറാഖിലെ വാസക്കാലത്ത് ഒന്നര മാസത്തോളം ബഗ്ദാദ് യൂണിവേഴ്സിറ്റിക്കു കീഴില്‍ ഞാന്‍ ചില പഠനങ്ങളിലേര്‍പ്പെടുകയുണ്ടായി. ഇന്നലെ കഴിഞ്ഞതു പോലെയാണെനിക്കിതെല്ലാം. ബഗ്ദാദിലെ ശൈഖ് മുഹ്യിദ്ദീന്‍ പള്ളിയില്‍ ശൈഖ് തന്നെ തുടങ്ങിവെച്ച ലൈബ്രറിയുണ്ട്. അപൂര്‍വമായ പല കൈയെഴുത്ത് ഗ്രന്ഥങ്ങളും അവിടെ കാണാം. ചെങ്കിസ്ഖാന്റെ പടയാളികള്‍ ടൈഗ്രീസിലെറിഞ്ഞ ഗ്രന്ഥങ്ങളില്‍ ചിലത് പില്‍ക്കാലത്ത് കണ്ടുകിട്ടുകയും ഈ ലൈബ്രറിയില്‍ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.
തൂക്കിലേറ്റപ്പെട്ട ഇറാഖ് പ്രസിഡന്‍റ് സദ്ദാം ഹുസൈനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നോ?
ഇല്ല. എങ്കിലും അദ്ദേഹത്തിന്റെ ബാഅ്സ് പാര്‍ട്ടിക്കു കീഴില്‍ ചാരശൃംഖലയുമായി ബന്ധപ്പെട്ട് കുറച്ചുകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. യാദൃച്ഛികമായി എത്തിപ്പെടുകയായിരുന്നു. എന്നെ ചാരപ്രവര്‍ത്തനത്തിന് പറ്റും എന്നു കണ്ടിട്ടാവാം അവര്‍ പാര്‍ട്ടിയിലെടുത്തത്. അന്നൊരു മഗ്രിബിന്റെ സമയത്ത് ശൈഖ് മുഹ്യിദ്ദീന്‍ മസ്ജിദില്‍ നിന്നും നിസ്കാരം കഴിഞ്ഞ് സദ്ദാം ഇറങ്ങിവരുമ്പോഴാണ് പ്രസിഡന്‍റിനെ നേരില്‍ കാണുന്നത്.
ഇസ്ലാമിന്റെ ആദ്യകാലത്തേ ദീന്‍ തൊട്ട മണ്ണാണ് ആഫ്രിക്കയുടേത്. മതപരമായി ആഫ്രിക്ക സജീവമാണോ?
ആണ്. പക്ഷേ, പാശ്ചാത്യവത്കരണം മറ്റെവിടെയുമെന്നപോലെ അവിടെയും അരങ്ങുതകര്‍ത്തിരിക്കുകയാണ്. ഏകീകൃതമായ നേതൃത്വമില്ലാത്തതും വന്‍കരയുടെ പ്രശ്നമാണെന്നു പറയാം. ദാരിദ്ര്യവും സാമ്പത്തിക അസമത്വവും ഭരണാധികാരികള്‍ക്കിടയിലെ അഴിമതിയും സമുദായ പുരോഗതിക്ക് തടസ്സമായി നില്‍ക്കുന്നു. ഒരു നാള്‍കൊണ്ട് വെളുപ്പിച്ചെടുക്കാവുന്ന കാളിമയല്ല കറുത്ത ഭൂഖണ്ഡത്തില്‍ നിലവിലുള്ളത്.
ആഫ്രിക്കന്‍ വന്‍കരയില്‍ ഈജിപ്ത്, ലിബിയ, സുഡാന്‍, അള്‍ജീരിയ, ടുണീഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിലാണു ഞാന്‍ യാത്ര ചെയ്തിട്ടുള്ളത്. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയയിലെ ഫുന്‍ദുഖ് സാത്തി എന്ന ഭീമന്‍ ഹോട്ടലിനു മുന്നില്‍ വെച്ച് വന്‍ജനക്കൂട്ടത്തെ സാക്ഷിയാക്കി കേണല്‍ ഗദ്ദാഫി നടത്തിയ കിടിലന്‍ പ്രസംഗം ലിബിയന്‍ ഓര്‍മകളില്‍ മായാത്ത ഒന്നാണ്. കൊല്ലപ്പെട്ട ഗദ്ദാഫി വേദനിക്കുന്ന മറ്റൊരു ഓര്‍മയും.
എത്ര കണ്ടാലും കൊതിതീരാത്ത മണ്ണാണ് ഈജിപ്തെന്നതു സത്യം. മൂസാ, ഹാറൂന്‍, യൂസുഫ്(അ), ഇമാം ശാഫിഈ, നഫീസതുല്‍ മിസ്രിയ്യ (റ) തുടങ്ങിയ മഹാത്മാക്കളുടെ കളരിക്കളമാണത്. ഫറോവയെപ്പോലുള്ള നിഷേധികളുടെയും പിരമിഡുകളുടെയും നാട്. നഷ്ടപ്രതാപത്തിന്റെ ഉള്ളുലച്ചിലിലൂടെയാണു ആ രാജ്യമിന്ന് കടന്നുപോകുന്നത്. ശാന്തമായിരുന്ന അവിടം ഇന്ന് കനലുകള്‍ നിറഞ്ഞിരിക്കുന്നു. നൈല്‍തീരം പേക്കൂത്തുകള്‍ കൊണ്ട് വിങ്ങുകയാണ്. രാഷ്ട്രീയ അസ്ഥിരത രാജ്യത്തിനു ശാപമായിരിക്കുന്നു. മഹാന്മാര്‍ അഭ്യസിച്ചിറങ്ങിയ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി നിഴല്‍ മാത്രമായി പരിണമിക്കുകയാണോ എന്നും സന്ദേഹിക്കാം.
നിരന്തര യാത്രകളുടെ നീക്കിയിരിപ്പായിരിക്കും ഈ പുരാവസ്തു മ്യൂസിയം?
ചരിത്ര സംസ്കൃതിയോടുള്ള എന്റെ അടങ്ങാത്ത തൃഷ്ണയാണ് മ്യൂസിയമായി രൂപം പ്രാപിച്ചത്. യാത്രകള്‍ എനിക്ക് വെറും യാത്രകളല്ല, തീര്‍ത്ഥാടനങ്ങളായിരുന്നു. അനുഭവത്തിന്റെ ഓരോ പുസ്തകക്കെട്ടുകള്‍. യാത്രക്കിടയില്‍ ഇത്തരം കൗതുക വസ്തുക്കള്‍ ആരെങ്കിലും തന്നാല്‍ ചെറുതെങ്കില്‍ ബാഗില്‍ സൂക്ഷിക്കും, അല്ലെങ്കില്‍ നാട്ടിലേക്കയക്കും. അങ്ങനെയാണ് ഞാനിതെല്ലാം സംഭരിച്ചത്. അതില്‍ മറക്കാനാവാത്തതാണ്, ചൈനയില്‍ വെച്ച് റമളാനില്‍ പുതുമുസ്ലിമായ ഒരു ഇംഗ്ലണ്ടുകാരന്‍ സമ്മാനിച്ച ലോകത്തെ ഏറ്റവും ചെറിയ മുസ്വ്ഹഫും ബഗ്ദാദ് മ്യൂസിയം കാവല്‍ക്കാരന്‍ തന്ന സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നാണയവും. കൂടാതെ ഇക്കാലംകൊണ്ട് സ്വായത്തമാക്കിയ 20 ഭാഷകള്‍ എന്റെ സ്വകാര്യ അഹങ്കാരമാണ്.
ഇനി യാത്രകള്‍…?
പ്രായമായില്ലേ, ഒരര്‍ധവിരാമം കൂടാതെ വയ്യ.
അഭിമുഖം മൊയ്തു കിഴിശ്ശേരി
സ്വാദിഖലി വി.പി കരുളായി, ശുക്കൂര്‍ പി. കാരക്കുന്ന്
1 comment
How can I get his address? Super experience when I read this.