ഭർത്താവ് നേരിടുന്ന പരീക്ഷണങ്ങൾ കണ്ട് റഹ്മത്ത് ബീവി(റ)ക്ക് സഹിക്കുന്നില്ല. ഗത്യന്തരമില്ലാതെ അവർ ഭർത്താവിനോട് പറഞ്ഞു: അങ്ങ് നാഥനോട് പ്രാർഥിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകില്ലേ? അയ്യൂബ് നബി(അ) തിരിച്ചുചോദിച്ചു: നാം ദുരിതങ്ങൾ അനുഭവിക്കാൻ തുടങ്ങിയിട്ട് എത്ര വർഷമായി?
‘ഏഴു വർഷം.’
സുഭിക്ഷമായി കഴിഞ്ഞതോ?
‘എഴുപതു വർഷം.’
സ്രഷ്ടാവ് നമ്മോട് ഇത്രയും കാരുണ്യം കാണിച്ചിട്ട് ഇനിയും ചോദിക്കാൻ എനിക്ക് നാണമാകുന്നു എന്നായിരുന്നു അയ്യൂബ്(അ)മിന്റെ മറുപടി.
വിശുദ്ധ ഖുർആൻ നാലിടങ്ങളിൽ പേരെടുത്ത് പറഞ്ഞ പ്രവാചകരാണ് അയ്യൂബ്(അ). ക്ഷമയുടെയും സഹനത്തിന്റെയും പര്യായങ്ങളായി ജീവിച്ചു നബിയും പത്നി റഹ്മത്ത് ബീവി(റ)യും. സമ്പന്നനും നല്ല ആരോഗ്യവാനുമായിരുന്നു അയ്യൂബ് നബി(അ). ദരിദ്രരെയും അഗതികളെയും ചേർത്തുപിടിച്ചു നബി. അവർക്കു വേണ്ടി സമ്പത്ത് ചെലവഴിക്കുന്ന കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു. ഇലാഹീ ഭക്തിയിൽ ബാല്യകാലം മുതലേ മുഴുകിയ മഹാന് നാൽപ്പതാം വയസ്സിൽ പ്രവാചകത്വം ലഭിച്ചു. ഡമസ്കസിലെ ഹൗറാൻ പ്രവിശ്യയിലായിരുന്നു നിയോഗം. തിന്മകളിലും പേക്കൂത്തുകളിലും അഭിരമിച്ചു കഴിഞ്ഞിരുന്ന ആ സമൂഹം അയ്യൂബ്(അ) പറഞ്ഞത് അനുസരിച്ചില്ല. അവർ നബിക്കെതിരെ ദുഷ്പ്രചാരണങ്ങളുമായി മുന്നോട്ടുപോയി.
യൂസുഫ് നബി(അ)യുടെ മകൻ അഫ്റായീമിന്റെ മകളാണ് അയ്യൂബ് നബി(അ)യുടെ ഭാര്യ റഹ്മത്ത്(റ). സമ്പന്നമായ ജീവിത സാഹചര്യങ്ങളോടെ സസന്തോഷം ഈ ദാമ്പത്യം മുന്നേറുന്നതിനിടയിലാണ് പരീക്ഷണങ്ങളുടെ കാലം ആരംഭിക്കുന്നത്. ഓരോ അനുഗ്രഹവും ജീവിതത്തിൽ നിന്ന് കൊഴിഞ്ഞുപോയി കൊണ്ടിരുന്നു. ധാരാളം ആടുമാടുകളും ഒട്ടകങ്ങളുമുണ്ടായിരുന്നു പ്രവാചകർക്ക്. ഒരു ദിവസം ഇടിമിന്നലേറ്റ് എല്ലാം ചത്തുപോയി. കനത്ത നഷ്ടത്തിൽ അയ്യൂബ് നബി(അ) ക്ഷമ കൈകൊണ്ടു. അധികം വൈകാതെ നബിയുടെ വിശാലവും സമൃദ്ധവുമായിരുന്ന കൃഷിയിടം അഗ്നിക്കിരയായി. അപ്പോഴും ക്ഷമ കൈവിട്ടില്ല. പത്നി ഭർത്താവിന് ആത്മധൈര്യം നൽകി കൂടെനിന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഇരുവരും മക്കളോടൊപ്പം വീട്ടിനകത്ത് കിടന്നുറങ്ങുകയാണ്. അപ്രതീക്ഷിതമായി വീടിന്റെ മേൽക്കൂര തകർന്നുവീണ് കുഞ്ഞുങ്ങളെല്ലാം മരണപ്പെട്ടു. നബിയും പത്നിയും അത്ഭുകരമായി രക്ഷപ്പെട്ടു. പതിമൂന്ന് മക്കളുണ്ടായിരുന്നു ഈ ദമ്പതികൾക്ക്. നേരത്തെ വ്യത്യസ്ത രോഗങ്ങൾ വന്ന് ഏതാനും കുട്ടികൾ മരണപ്പെട്ടിരുന്നു. വീട് തകർച്ചയോടെ ദമ്പതികൾക്ക് എല്ലാ മക്കളെയും നഷ്ടമായി. അചഞ്ചലമായ ഈമാനും സഹനവും പ്രകടിപ്പിച്ച് ഇരുവരും നിലകൊണ്ടു. ഉമ്മയുടെ ഉദരത്തിൽ നിന്ന് വെറും കയ്യോടെയാണ് ഭൂമിയിലേക്ക് വന്നത്. അങ്ങനെതന്നെ തിരിച്ചുപോവുകയും ചെയ്യും. അല്ലാഹു ഔദാര്യമായി തന്നത് അവൻതന്നെ തിരിച്ചെടുത്തു. എല്ലാ സ്തുതികളും അവനു മാത്രം. ഇതായിരുന്നു ആ വേളയിൽ നബിയുടെ പ്രതികരണം. പത്നിയുടെ ആത്മബലവും പിന്തുണയുമാണ് പ്രവാചകർക്ക് കൂടുതൽ കരുത്തേകിയത്.
ദുരിത കാലം അവസാനിച്ചുവെന്ന് കരുതിയിരിക്കുമ്പോഴാണ് മറ്റൊരു മഹാദുരിതം കൂടി നബിയെ തേടിയെത്തുന്നത്. അതികഠിനമായ രോഗമായിരുന്നു അത്. പ്രവാചകത്വ പദവിക്ക് നിരക്കാത്ത വെറുക്കപ്പെടുന്ന ഒരു രോഗാവസ്ഥയായിരുന്നില്ല. ശരീരത്തിൽ മാംസത്തിനും എല്ലിനുമിടയിൽ അസഹ്യമായ കഠിന വേദന. രോഗത്തിൽ നബി നന്നേ വിഷമിച്ചു. ശരീരം മെലിഞ്ഞൊട്ടി. കൃഷിയും സമ്പത്തും മറ്റു വരുമാന മാർഗങ്ങളുമെല്ലാം നശിച്ചുപോയതു കൊണ്ട് വലിയ ദാരിദ്ര്യം വേട്ടയാടി. സഹായം ആവശ്യമുള്ള ഘട്ടത്തിൽ എല്ലാവരും കയ്യൊഴിഞ്ഞു. പ്രിയപത്നി റഹ്മത്ത്(റ) മാത്രമായിരുന്നു തുണ. ദുരിതങ്ങൾ നാഥന്റെ പരീക്ഷണങ്ങളായി നൂലറ്റ മാലയിലെ മുത്തുകളെപ്പോലെ ഒന്നിനു പിറകെ മറ്റൊന്നെന്ന രീതിയിൽ വന്നപ്പോഴും ഭർത്താവിന് കരുത്തായി നല്ലപാതി നിലകൊണ്ടു.
ചെറിയൊരു കുടിലിലായിരുന്നു താമസം. അടുപ്പു പുകയണമെങ്കിൽ ബീവി ജോലിക്കു പോകണമെന്ന അവസ്ഥയായി. കിടപ്പിലായ അയ്യൂബ്(അ)ന് മുന്നിൽ മറ്റു വഴികളുണ്ടായിരുന്നില്ല. മഹതി ജോലിക്കു പോയി കിട്ടുന്നതുകൊണ്ട് അവർ കഴിഞ്ഞുകൂടി. എന്നാൽ രോഗിയായ അയ്യൂബ് നബി(അ)യുടെ ഭാര്യയാണെന്നറിഞ്ഞതോടെ ക്രമേണ ആരും ജോലിക്കു വിളിക്കാതെയായി. സുന്ദരിയായിരുന്ന മഹതിയുടെ ശരീരം ശോഷിച്ചു. നീണ്ടു മനോഹരമായ തന്റെ തലമുടി മുറിച്ച് വിറ്റ് പോലും അന്നത്തിന് വഴി കാണേണ്ടി വന്നു.
പട്ടിണി കിടന്ന് വല്ല അപകടവും സംഭവിക്കുമോ എന്ന് തോന്നിയ ഘട്ടത്തിൽ അയ്യൂബ് നബി(അ) നാഥനിലേക്ക് കൈയുയർത്തി: ‘ഞാനിതാ ഒരു വിഷമത്തിൽ പെട്ടുപോയിരിക്കുന്നു. നീ കാരുണ്യവാനാണല്ലോ നാഥാ.’ പ്രാർഥനക്ക് ഉടനെ ഉത്തരമുണ്ടായി. ജിബ്രീൽ(അ) അയ്യൂബ് നബി(അ)ക്കടുത്തു വന്ന് തന്റെ മടമ്പ് കൊണ്ട് നിലത്ത് ചവിട്ടാൻ നിർദേശിച്ചു. അപ്രകാരം ചെയ്തപ്പോൾ അവിടെ നിന്ന് ശുദ്ധജലം നിർഗളിച്ചു. അതിൽ നിന്ന് കുടിക്കാനും കുളിക്കാനും കൽപിച്ചു. അങ്ങനെ ചെയ്തതോടെ നബിയുടെ അസുഖങ്ങളെല്ലാം ഭേദപ്പെട്ടു. ഭാര്യക്കും പഴയ ആരോഗ്യം തിരിച്ചുകിട്ടി.
മാരക രോഗത്തിന് കീഴടങ്ങിയ ഭർത്താവിനെ ആത്മാർഥ സ്നേഹവും സമർപ്പണവും കൊണ്ടു സ്വയം മറന്ന് പരിചരിച്ച റഹ്മത്ത് ബീവി(റ)യെയാണ് ഇവിടെ പരിചയപ്പെട്ടത്. ദാമ്പത്യ ബന്ധങ്ങൾ തീരെ ആത്മാർഥതയില്ലാത്ത കേവലം കെട്ടുബന്ധങ്ങളായി മാറിയ ആധുനിക കാലത്താണ് നാം ജീവിക്കുന്നത്. ഒന്നിലധികം മക്കളുള്ള മാതാക്കൾ പോലും ഭർത്താവ് രോഗിയായതിന്റെ പേരിൽ ഉപേക്ഷിച്ചു പോകുന്ന എത്രയെത്ര വാർത്തകളാണ് നാം കേൾക്കുന്നത്. കൈക്കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം ജീവിക്കുന്ന ഭാര്യമാരുമുണ്ട്. അപകടങ്ങളും രോഗങ്ങളും ആർക്കും എപ്പോഴും സംഭവിക്കാവുന്നതാണ്. ഇതിന്റെ പേരിൽ പുതിയ സുഖങ്ങളന്വേഷിച്ച് പോയാൽ എന്തായിരിക്കും അനന്തരഫലമെന്ന് പ്രവചിക്കാൻ സാധിക്കില്ല. ക്ഷമയോടെ ഭർത്താവിനെ പരിചരിച്ചപ്പോൾ റഹ്മത്ത് ബീവിക്ക് ദുൻയാവിൽ വെച്ചു തന്നെ ആരോഗ്യവാനായ ഭർത്താവിനെ അല്ലാഹു തിരിച്ചുനൽകിയത് നാം കണ്ടു. നഷ്ടപ്പെട്ടുപോയ സുകൃതങ്ങളും റബ്ബ് അവർക്കു തിരിച്ചു നൽകി. രോഗം കൊണ്ട് രോഗിയെ മാത്രമല്ല നാഥൻ പരീക്ഷിക്കുന്നത്; രോഗിയുടെ കുടുംബത്തെയും ചുറ്റുമുള്ളവരെയും കൂടിയാണ്. രോഗിയെ എത്രകാലം ക്ഷമയോടെ, ആത്മാർഥമായി പരിചരിക്കാൻ ഇവർക്കു സാധിക്കുന്നുണ്ട് എന്നു നാഥൻ പരിശോധിക്കുന്നു. അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം മാത്രം ആഗ്രഹിച്ചു കൊണ്ടാകണം പരിചരിക്കേണ്ടത്. രക്തബന്ധം പരിഗണിച്ചും ജനങ്ങളുടെ ആക്ഷേപം ഭയന്നുകൊണ്ടുമായാൽ അധ്വാനങ്ങളെല്ലാം പാഴാകും.
ആരോഗ്യത്തിലും സമ്പത്തിലും സൗന്ദര്യത്തിലും ഉരുക്കിയുണ്ടാക്കിയ ബന്ധങ്ങളാണ് വർത്തമാന കാലത്ത് അധികവും. കൂടെ ജീവിക്കാൻ അവർ മാനദണ്ഡമായി കണ്ടത് നഷ്ടപ്പെടുന്നതോടെ ആ ബന്ധങ്ങളും പിരിയുടഞ്ഞ് അഴിഞ്ഞുപോകുന്നു. മാറാരോഗികളായ ഇണകൾക്കു വേണ്ടി സ്വന്തം ജീവിതം മറന്ന് പരിചരിക്കുന്ന ഇണകളെ അപൂർവമായെങ്കിലും ഇന്നും കാണാം. പലതും വാർത്തയാകാറുമുണ്ട്. ഇത്തരക്കാർക്ക് ക്ഷമിച്ചു നിൽക്കാൻ കരുത്തുനൽകുന്നത് ഈമാനികമായ ബോധമാണ്.
നിശാദ് സിദ്ദീഖി രണ്ടത്താണി