ദീനീ തല്‍പരനായ ബാപ്പു ഹജ്ജിന് പോകാനുള്ള ഒരുക്കത്തിലിരിക്കുമ്പോഴാണ് അദ്ദേഹവും സുഹൃത്തും ഒരപകടത്തില്‍ പെടുന്നത്. എതിര്‍ ദിശയില്‍ നിന്നും വന്ന വാഹനം ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ബാപ്പുവിനും സുഹൃത്തിനും സാരമായ പരിക്കുപറ്റി. അര്‍ദ്ധബോധത്തില്‍ രക്തം വാര്‍ന്ന് റോഡില്‍ കിടന്ന ഇവര്‍ക്ക് ആവശ്യമായ ആശ്വാസം നല്‍കാന്‍ ആരും തന്നെ എത്തിയില്ല. അപകടം ദേശീയ പാതയിലായിട്ടും ജനങ്ങള്‍ ചുറ്റും കൂടി അപകടത്തിന്റെ നേര്‍ക്കാഴ്ച ക്യാമറക്കണ്ണില്‍ പകര്‍ത്താന്‍ ശ്രമിച്ചതല്ലാതെ കാര്യമായ ഒന്നും ചെയ്യാന്‍ കൂട്ടാക്കിയില്ല. ആര്‍ക്കോ വൈകിയുദിച്ച സല്‍ബുദ്ധിയാണ് ഒടുവില്‍ ഇവരെ ഹോസ്പിറ്റലില്‍ എത്തിച്ചത്. മരണത്തോട് മല്ലടിക്കുന്ന ദയനീയ ദൃശ്യം ക്യാമറകളില്‍ പകര്‍ത്താനുള്ള ഹൃദയമില്ലായ്മ ഓര്‍ത്തപ്പോള്‍ ഒന്ന് ഞെട്ടി. മാത്രമല്ല, ഹോസ്പിറ്റലില്‍ എത്തിയ ഉടനെ തന്റെ പോക്കറ്റ് പരതിയപ്പോഴാണ് അതിലുണ്ടായിരുന്ന 25000 രൂപ ആരോ അടിച്ച്മാറ്റിയതറിയുന്നത്. കണ്ണൂര്‍ ജില്ലയില്‍ നടന്ന സംഭവമാണ് ഇത്.
അന്യന്റെ താടിരോമത്തില്‍ തീപിടിക്കുമ്പോള്‍ അതില്‍ നിന്ന് ബീഡിക്ക് തീ കൊളുത്താന്‍ വെപ്രാളപ്പെടുന്നവരെ സമൂഹം ഏത് കോണിലാണ് വീക്ഷിക്കുക. മനുഷ്യര്‍ പരസ്പരം സഹോദര മനസ്കത പുലര്‍ത്തണമെന്നാണ് എല്ലാ മതങ്ങളും അനുശാസിക്കുന്നത്. പ്രത്യേകിച്ച് ഇസ്‌ലാം ഇത്തരം കാഴ്ചപ്പാടുകളെ പുണ്യങ്ങളുടെ കൂട്ടത്തില്‍ എണ്ണിയിട്ടുമുണ്ട്. അപകടത്തില്‍ പെട്ട് ആശ്വാസത്തിന് വേണ്ടി കണ്ണും നട്ടിരിക്കുന്ന ഇരകള്‍ക്ക് ക്യാമറക്കണ്ണുകളില്‍ നിന്ന് അടിച്ചുവീശുന്ന ഫ്ളാഷ് ലൈറ്റുകള്‍ എന്ത് സമാധാനമാണ് നല്‍കുക. സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ കടന്നുകയറ്റവും യുവജനങ്ങളുടെ മൂല്യച്യുതിയുമാണ് ഈ വിപത്തുകള്‍ക്ക് വഴിവെക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണുന്നതിന് പകരം ഇരയെ തേടിനടക്കുന്ന മൃഗസമാനമായ മനസ്സ് സ്വീകരിക്കുമ്പോഴാണ് മനുഷ്യന്റെ സാംസ്കാരിക ഷണ്ഡത്വം വെളിവാകുന്നത്. ദാഹജലത്തിനുവേണ്ടി കേഴുന്നവര്‍ക്ക് മുമ്പില്‍ അതല്ലാത്ത മറ്റെന്ത് നല്‍കിയാലും പരിഹാരമാവുമോ? കാരുണ്യപ്രവര്‍ത്തനം എന്നാല്‍ ആവശ്യമായത് തല്‍സമയങ്ങളില്‍ എത്തിച്ചു കൊടുക്കുകയോ ചെയ്തുകൊടുക്കുകയോ ആണ്.
ആധുനിക സമൂഹം എത്രമാത്രം അരുതായ്മള്‍ക്ക് അടിമപ്പെട്ടു എന്നതിന്റെ മകുടോദാഹരണമാണ് അപകടസമയങ്ങളിലെ രംഗങ്ങള്‍ നിമിഷാര്‍ദ്ധം കൊണ്ട് തന്റെ ഫേസ്ബുക്ക്വാട്ട്സപ്പ് ലിങ്കുകളിലൂടെ പുറത്ത് വിടുന്നത്. ദുരന്ത മേഖലകളില്‍ ആശ്വാസത്തിന്റെ തെളിനീരുമായി കടന്നു ചെല്ലേണ്ടവര്‍ ശവമാംസം ഭുജിക്കുന്നവനെപ്പോലെ നിന്ദ്യമായ പ്രവണതകളിള്‍ ഏര്‍പ്പെടുന്നു. ചതഞ്ഞരഞ്ഞ ശരീരങ്ങളും ചിതറിയ തലച്ചോറും വേര്‍പ്പെട്ടുപോയ കൈകാലുകളും നഗ്നമായ ശരീരങ്ങളെയും ക്ഷണനേരം കൊണ്ട് സോഷ്യല്‍ മീഡിയകളിലൂടെ പുറത്ത് വിടാനുള്ള വെമ്പല്‍ എത്ര മ്ലേച്ഛമാണ്. ഇത്തരം ദുരന്തങ്ങളില്‍ ഒരുപക്ഷേ, താനും ബന്ധപ്പെട്ടവരും പെട്ടേക്കാം എന്ന് ചിന്തിക്കാനുള്ള നല്ല മനസ്സ് കാണിക്കുന്നില്ല എന്നത് ഒരപായം തന്നെയാണ്.
തന്റെ സഹോദരന് ഇഷ്ടപ്പെടാത്തത് പറയുന്നതും പ്രവര്‍ത്തിക്കുന്നതും കുറ്റകരമാണെന്നാണ് മതവീക്ഷണം. അതിനെല്ലാം ഇതെല്ലാം കുറ്റകൃത്യങ്ങള്‍ തന്നെയായി പരിഗണിക്കണം. ദുരന്തനേരങ്ങളില്‍ ഉയര്‍ന്ന് വരേണ്ടത് ക്യാമറയും മൊബൈല്‍ ഫോണും അല്ല. മറിച്ച്, മനസ്സാക്ഷിയാണ് ഇവിടെ അനിവാര്യമായ ഘടകം. അതില്‍ ജാതിയോ, മതമോ വര്‍ഗമോ, വര്‍ണമോ, ദേശമോ, ഭാഷയോ പരിഗണിക്കേണ്ടതില്ല. മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊള്ള നടത്താന്‍ മനസ്സ് കാണിക്കുന്നവരാണ് പലരും. കൊള്ളയടി മഹാപാപവും ക്രൂരകുറ്റകൃത്യവുമാണ്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: ‘ഭൂമിയില്‍ അതിക്രമം കാട്ടി ജനദ്രോഹം നടത്തുന്നവര്‍ക്ക് വേദനാ പുര്‍ണമായ ശിക്ഷയുണ്ട്’ (ശൂറ/42).
വഴിയോരങ്ങളിലും കടലോരങ്ങളിലും ജീവച്ഛവമായും ചേതനയറ്റതുമായി കിടക്കുന്ന മനുഷ്യ ശരീരങ്ങളോട് കരുണകാണിക്കല്‍ അനിവാര്യമാണ്. ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുത്ത് മാതൃകാ സേവനം ചെയ്ത് ജീവിതം വിജയിപ്പിച്ചെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണചെയ്യുക. എന്നാല്‍ ആകാശാധിപന്‍ നിങ്ങളോട് കരുണ കാണിക്കുമെന്ന തിരുവചനം അന്വര്‍ത്ഥമാക്കി ജീവിക്കുന്നവരാണ് ആവശ്യം.
വര്‍ധിച്ചുവരുന്ന അപകട രംഗങ്ങളില്‍ ദുരിതാശ്വാസവുമായി കടന്നു ചെല്ലാന്‍ യുവസമൂഹം മുന്നിട്ടിറങ്ങേണ്ടതുണ്ട്. പച്ചയായ ദുരന്തക്കാഴ്ചകളെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും മറ്റും പോസ്റ്റ് ചെയ്യുന്നത് അഭികാമ്യമല്ല. നന്മയുടെ വക്താക്കളാകാന്‍ നാം സന്നദ്ധരാവുക. യൗവനം നാടിനെ പുനഃനിര്‍മിക്കുമെന്നതില്‍ സന്ദേഹമില്ല. അപകടങ്ങള്‍ സംഭവിച്ച സ്ഥലങ്ങളില്‍ സന്ദര്‍ശിക്കുകയോ തദവസരത്തില്‍ അവിടെ സന്നിഹിതരാവുകയോ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്കാവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കാന്‍ തയ്യാറാവേണ്ടത് അനിവാര്യമാണ്. വിഷമ ഘട്ടത്തില്‍ ആരാണോ സഹായിക്കുന്നത് അവനാണ് യഥാര്‍ത്ഥ സുഹൃത്ത്. അവന് അര്‍ഹമായ പ്രതിഫലം ഇരുലോകത്തും നാഥന്‍ നല്‍കുമെന്നതില്‍ സംശയമില്ല.

സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ