വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമായി ആധുനിക വിദ്യാഭ്യാസ-മനഃശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ്. മനുഷ്യനിലെ മലിന തിന്മകളെ ആർജിത നന്മകളാക്കി രൂപാന്തരപ്പെടുത്തുകയാണ് വിദ്യാഭ്യാസത്തിന്റെ പരമപ്രധാനമായ ധർമം. കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി അവയെ നിർമാണാത്മകവും പുരോഗമനാത്മകവുമായ ഉപയോഗത്തിന് വേണ്ടി പരിശീലിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിൽ സാധിതമാകേണ്ടതെന്ന് വിദഗ്ധർ സിദ്ധാന്തിക്കുന്നു.
ഇത്തരത്തിലുള്ള പഠന രീതികൾ സ്വീകരിക്കുന്ന സംവിധാനമാണ് പള്ളിദർസുകളിൽ കണ്ടിരുന്നത്; ഇപ്പോൾ കാണുന്നതും. ദർസ് സംവിധാനം തിരുനബിയിൽ നിന്ന് തുടർച്ചയായി വരുന്നതാണല്ലോ. ആ തിരുനിയോഗത്തെക്കുറിച്ചുള്ള ഖുർആൻ ഭാഷ്യം ഇങ്ങനെ വായിക്കാം: ‘നിരക്ഷരർക്കിടയിൽ അവരിൽ നിന്നു തന്നെ ഒരു ദൂതനെ നിയോഗിച്ചതു അവൻ (അല്ലാഹു) തന്നെയാകുന്നു. നബി അവർക്ക് അവന്റെ സൂക്തങ്ങൾ ഓതിക്കൊടുക്കുന്നു. അവരുടെ ജീവിതത്തെ സംസ്കരിക്കുന്നു. അവർക്ക് വേദവും തത്ത്വജ്ഞാനവും പഠിപ്പിച്ചുകൊടുക്കുന്നു. അവരോ ഇതിനു മുമ്പ് തികഞ്ഞ മാർഗഭ്രംശത്തിലായിരുന്നു (62/2).
പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലാണ് ആധുനിക വിദ്യാഭ്യാസം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാഠ്യപദ്ധതി എന്നതു കൊണ്ടുള്ള വിവക്ഷ ലക്ഷ്യസ്ഥാനത്തേക്ക് അതിവേഗം ഓടിയെത്താനായി നിശ്ചയിക്കപ്പെട്ട പ്രത്യേക പാതയെന്നാണ്. എന്നാൽ ദർസ് സംവിധാനത്തിലെ കരിക്കുലം തികച്ചും ശാസ്ത്രീയമായി തന്നെ മഹാന്മാർ രൂപീകരിച്ചുവെച്ചതാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജീവിച്ച വിദ്യാഭ്യാസ ദാർശനികനായിരുന്നു ഹെർബർട്ട് സ്പെൻസർ. അദ്ദേഹം വ്യത്യസ്ത വിജ്ഞാന-ശാസ്ത്ര ശാഖകളെ മുൻഗണനാ ക്രമത്തിൽ പ്രധാനമായും അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചു. ഇതിനു സമാന വിധത്തിനുള്ള മുൻഗണനാക്രമവും വർഗീകരണവുമാണ് ഇമാം ഗസ്സാലി(റ) മുന്നോട്ടുവെച്ചത്. പക്ഷേ, സ്പെൻസർ മത-ആത്മീയ വശത്തെ അവഗണിച്ചു. ഇമാം ഗസ്സാലി(റ) വിദ്യാഭ്യാസ ലക്ഷ്യം നിർണയിച്ച ശേഷം അത് കരസ്ഥമാകുന്നതിന് ഉതകുന്ന പാഠ്യപദ്ധതി നിശ്ചയിച്ചപ്പോൾ ആത്മസംസ്കരണത്തിന് പ്രാധാന്യം നൽകി. ഇന്ന് പള്ളി ദർസുകളിൽ അദ്കിയ, ഇഹ്യ, അയ്യുഹൽ വലദ്, ഹികമ് തുടങ്ങി ആത്മസംസ്കരണത്തിനുതകുന്ന ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നുവെന്നതു വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യത്തിലേക്ക് വഴിതെളിയിക്കുന്നു.
കുട്ടികളുടെ അഭിരുചിയും പ്രയാസവും മാനിച്ച് കൊണ്ടാവണം കരിക്കുലം തയ്യാറാക്കേണ്ടത്. ഇമാം ഗസ്സാലി(റ) വളരെ സമഗ്രമായ പാഠ്യപദ്ധതിയാണ് സമർപ്പിച്ചത്. മതപരം, ധാർമികം, സാമൂഹിക ജീവിതത്തിനാവശ്യമായ മാനസിക വിജ്ഞാനങ്ങൾ, സംസ്കാരം, ആസ്വാദനം എന്നിവക്ക് സ്ഥാനം നൽകി പദ്യത്തിലൂടെയും ഗദ്യത്തിലൂടെയും പഠനം നടത്താൻ പറ്റുന്ന രീതിയിലുള്ള ഗ്രന്ഥങ്ങൾ മഹാന്മാർ രചിച്ചു. നഹ്വ് പഠിക്കുന്നതിന് ഗദ്യരീതിയിലും പദ്യരീതിയിലും അവസരമൊരുക്കി.
വ്യക്തിയുടെ സമഗ്ര വികാസമായിരിക്കണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാക്കേണ്ടത് എന്നതുകൊണ്ടുതന്നെ വ്യത്യസ്ത വിജ്ഞാന ഗ്രന്ഥങ്ങൾ സിലബസിൽ ഉൾപ്പെടുത്തി. ഗണിതം, തർക്കശാസ്ത്രം, ഗോളശാസ്ത്രം, ചരിത്രം, കവിത തുടങ്ങിയവയുടെ പഠനം ദർസിൽ നിന്നും ലഭിക്കുന്നു. പഠിച്ചിറങ്ങുമ്പോൾ ബഹുമുഖ പ്രതിഭകളെ വാർത്തെടുക്കലായി ബഹുമുഖ ബുദ്ധിയെ ഹാവാർഡ് ഗാർഡർ അവതരിപ്പിച്ചത് വ്യത്യസ്ത കഴിവുകളുള്ള പഠിതാക്കളെ പരിഹസിക്കുന്നതിനാണ്. കണക്കിൽ മികവ് കാണിക്കുന്ന കുട്ടി ചിലപ്പോൾ പ്രസംഗത്തിലും ഖണ്ഡന മണ്ഡനങ്ങളിലും തിളങ്ങണമെന്നില്ല. അതുകൊണ്ട് ഓരോരുത്തർക്കും തിളങ്ങാൻ പറ്റുന്ന വിഷയങ്ങൾ ഉണ്ടാവുമ്പോൾ എല്ലാവരുടെയും അഭിരുചിയെ പരിഗണിക്കുകയാണ്. അതിന് ദർസിൽ സാഹചര്യമുണ്ട്.
നബി(സ്വ)യെ അല്ലാഹു ഏൽപ്പിച്ച മൂന്ന് ഉത്തരവാദിത്തങ്ങളായ നമ്മുടെ ദൃഷ്ടാന്തങ്ങൾ ഓതിക്കൊടുക്കൽ, സംസ്കരിച്ചെടുത്ത പ്രായോഗികമായ കിതാബും ഹിക്മത്ത് പഠിപ്പിച്ചു കൊടുക്കൽ എന്നീ ദൗത്യങ്ങൾ ഏറ്റെടുക്കാനാണ് നബി(സ്വ) മദീനാ തെരുവിലെ തന്റെ അനുയായികളെ പരിശീലിപ്പിച്ചിരുന്നത്. ഇതേ ഉത്തരവാദിത്തമാണ് പള്ളി ദർസുകളിൽ നടക്കുന്നതും. പഴയകാല പള്ളി ദർസിലൂടെ മുസ്ലിം സമുദായം കരുത്താർജിച്ചതും വളർന്ന് വികസിച്ചതും അതു തന്നെ.
ഏറ്റവും ഫലപ്രദമായ അധ്യയന-അധ്യാപന രീതികളെയാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത്. പഠനം ശരിയായി നടക്കാൻ അധ്യാപക-വിദ്യാർത്ഥി ബന്ധം ദൃഢമാകണം. എന്നാൽ പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ അധ്യാപകൻ വെറും സഹായിയും കൈത്താങ്ങ് നൽകുന്നവനുമാണ്. യഥാർത്ഥത്തിൽ ഇത് ലക്ഷ്യ സാക്ഷാത്കരണത്തിന് ഉതകുന്ന രീതിയല്ല. എല്ലാം വിദ്യാർത്ഥിയിൽ സംക്ഷിപ്തമാകുകയും അധ്യാപകൻ ഒരു നോക്കുകുത്തിയായി നിൽക്കുകയും ചെയ്യുമ്പോഴാണ് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നഷ്ടപ്പെടുക. പിരീഡുകൾ മാറിമാറി വരുമ്പോൾ കയറിവരുന്ന അധ്യാപകന് ഒരു കുട്ടിയുടെ സമഗ്രമേഖലയെയും മനസ്സിലാക്കാൻ കഴിയണമെന്നില്ല. പള്ളിദർസിലെ ഗുരുവിനു തന്റെ ശിഷ്യന്റെ സർവഗുണങ്ങളെയും പോരായ്മകളെയും കണ്ടറിഞ്ഞ് തിരുത്താനും പ്രോത്സാഹിപ്പിക്കാനും കഴിയുന്നു. പഴയകാല ഗുരുകുല സംവിധാനം ദർസുകളിലും സമാന രീതിയിലുള്ള സ്ഥാപനങ്ങളിലുമേ ഇന്നു ശേഷിക്കുന്നതായി കാണുന്നുള്ളൂ.
ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്കുള്ള കൈമാറ്റത്തിലൂടെയാണ് ജ്ഞാനം നിലനിൽക്കുന്നത്. ശുദ്ധ ഉറവിടങ്ങളിൽ നിന്ന് തന്നെ അറിവു ലഭിക്കണം. അതിനായിരുന്നു ദേശാതിർത്തികൾ ഭേദിച്ച് മഹാന്മാർ നിരന്തര യാത്രകൾ നടത്തിയത്. വായിലൂടെ പകർന്നുനൽകുകയും അത് മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിനു അനുമതി നൽകുകയും ചെയ്യുന്നതോടെയാണ് പൂർണാർത്ഥത്തിലുള്ള ജ്ഞാനകൈമാറ്റാം നടക്കുന്നത്. വിളക്കത്ത് ഇരിക്കലിലൂടെ ഇതു സാധ്യമായിരുന്നു. വിദ്യാർത്ഥിയുടെ യോഗ്യത തിരിച്ചറിയുകയും ചോർച്ചയൊന്നും കൂടാതെ ജ്ഞാനം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശിഷ്യന് കഴിയുമെന്ന് ബോധ്യപ്പെടുകയും ചെയ്യുമ്പോഴാണ് ഗുരുവിൽ നിന്നുള്ള ഇജാസത്ത് (സമ്മതം) ലഭിക്കുന്നത്. ഗുരുശിഷ്യ ബന്ധം ഇവിടെ ദൃഢമാകുകയാണ്. ഇതാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നതും. ആധുനിക നിരീക്ഷണം പോലെ കേവലം ഒരു ഉദ്യോഗസ്ഥനോ വഴികാട്ടിയോ ആയിട്ടില്ല ഇസ്ലാം അധ്യാപകനെ കാണുന്നത്.
ഒരു വിജ്ഞാനം ഗുരു പകർന്നു നൽകുന്നതിലൂടെ ആ വ്യക്തിയുമായി ജീവിതാന്ത്യം വരെ നിലനിൽക്കുന്ന ബന്ധം സ്ഥാപിക്കപ്പെടുകയായി. അറിവിനോടുള്ള പ്രതിബദ്ധത വർധിപ്പിക്കാൻ ഇസ്ലാമിന്റെ ഈ കാഴ്ചപ്പാട് സഹായകമായിട്ടുണ്ട്. ആധ്യാത്മിക മേഖലയിലെ ശൈഖ്-മുരീദ് ബന്ധം ഗുരു-ശിഷ്യ ബന്ധത്തിന്റെ ഏറ്റവും ഉദാത്തമായ രൂപമാണ്. പള്ളിദർസുകളുടെ വെളിച്ചത്തിലൂടെ വിദ്യാർത്ഥിയിൽ മാത്രമല്ല മാറ്റമുണ്ടാവുന്നത്. സമൂഹത്തിൽ കൂടിയാണ്. ഇതും സാമൂഹിക ബന്ധത്തിന്റെ ദൃഢത വർധിക്കുന്നു.
പഠനത്തിനൊപ്പം പരിശീലനവും കൂടി വിദ്യാർത്ഥിക്ക് പള്ളിദർസുകളിൽ നിന്നു ലഭിക്കുന്നതു കൊണ്ട് മറ്റൊരു ട്രെയ്നിംഗ് ആവശ്യമായി വരുന്നില്ല. ഇമാമത്തിനും പ്രാർത്ഥനക്കും ഗുരു ഉള്ളപ്പോൾ തന്നെ ശിഷ്യൻ നേതൃത്വം നൽകുമ്പോൾ പിഴവുകൾ തിരുത്താനും ആത്മവിശ്വാസം വർധിക്കാനും സഹായകമാവുകയാണ്. ചുറ്റുപാടുകളിലുള്ളവരുമായി ബന്ധം സ്ഥാപിക്കാനും അവരെ പള്ളിയിലേക്ക് അടുപ്പിക്കാനും ദർസ് സംവിധാനത്തിലൂടെ സാധിതമാകുന്നുണ്ട്. ഇതും വിദ്യാർത്ഥിയുടെ സാമൂഹിക വികസനത്തിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ വിജ്ഞാനത്തിന്റെ വിളക്കുമാടങ്ങളും ദഅ്വത്തിന്റെ ഉദ്ഭവ കേന്ദ്രങ്ങളുമായ പള്ളിദർസുകൾ മരിക്കാതിരിക്കട്ടെ.
ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി