മനുഷ്യ ജീവിതത്തിലെ സുപ്രധാനമായ ഘട്ടമാണ് യൗവനം. ആരോഗ്യവും പ്രസരിപ്പും കർമശേഷിയുമുള്ള സമയം. ഇന്നേക്കും നാളേക്കും വേണ്ടതെല്ലാം സമ്പാദിക്കാവുന്ന കാലമാണിത്. വിവേകമുള്ള മനുഷ്യൻ അഞ്ച് കാര്യങ്ങൾ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്, അതിലൊന്ന് വാർധക്യം വരുന്നതിന് മുമ്പുള്ള യുവത്വ കാലമാണെങ്കിൽ, മറ്റൊന്ന് അനാരോഗ്യം പിടിപെടുന്നതിന് മുമ്പുള്ള ആരോഗ്യ കാലമാണ്. ഇതും യൗവനവുമായി ബന്ധപ്പെട്ടതാണല്ലോ.
എന്നാൽ ചോരത്തിളപ്പിനിടയിൽ തീരെ ശ്രദ്ധിക്കാതെ പോകുന്നതും ഇവ തന്നെയത്രെ. ഭൂരിഭാഗം ജനങ്ങളും അശ്രദ്ധരാകുന്ന രണ്ടു കാര്യങ്ങൾ തിരുനബി(സ്വ) എണ്ണിയതിലൊന്ന് യൗവനമാണ്, മറ്റേത് ഒഴിവുസമയവും. രണ്ടും കൂടി ചേർന്നാൽ നഷ്ടത്തിലാവുന്നത് പൂർണമായ യൗവനകാലമായിരിക്കും.
നാളെ മഹ്ശറയിൽ അർശിന്റെ തണൽ ലഭിക്കുന്ന ഏഴു വിഭാഗങ്ങളിലൊന്ന് അല്ലാഹു വിന്റെ വഴിയിൽ യുവത്വം വിനിയോഗിച്ചവരാണെന്നാണ് റസൂലി(സ്വ)ന്റെ സുവിശേഷം. യുവത്വം ക്രിയാത്മകമായി ചെലവഴിക്കേണ്ടതുണ്ട്. അത് ധാർമികമായി ചിട്ടപ്പെടുത്തുകയും ഉപയോഗപ്പെടുത്തുകയും വേണം. ജീവിത ദൗത്യനിർവഹണത്തിൽ യൗവനത്തിന് അനൽപമായ പങ്ക് വഹിക്കാനുണ്ട്. യുവത്വത്തെ പരിഗണിക്കുകയും സക്രിയമാക്കി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സമൂഹങ്ങൾക്ക് മാത്രമേ നിലനിൽപ്പും വളർച്ചയും സാധ്യമാവൂ.
ജീവിതം ഒരു സമരമാണ്. നിരന്തര പോരാട്ടങ്ങളിലൂടെയും പ്രതിരോധത്തിലൂടെയും മാത്രമേ മനുഷ്യന് ലക്ഷ്യത്തിലെത്താൻ കഴിയൂ. സമരസജ്ജമായ യുവതക്ക് രാഷ്ട്ര നിർമാണത്തിലും സാമൂഹിക നിർമിതിയിലും ധാർമികതയുടെ പുന:സൃഷ്ടിയിലും പങ്കുവഹിക്കാനാവും. ഒഴുക്കിനനുകൂലമായി നീന്താനും നീങ്ങാനും എളുപ്പമാണ്. അതിൽ പുതുമയേതുമില്ല. പക്ഷേ, ഒഴുക്കുകൾക്കെതിരെ നീന്തിയും നീങ്ങിയും ജീവിതം ജയിച്ചക്കേണ്ടവനാണു മനുഷ്യൻ. വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നതു പോലെ ക്ഷമയും അങ്ങേയറ്റത്തെ സഹനവും കൈമുതലാക്കി പ്രതിരോധ സജ്ജരായി നിലകൊള്ളുകയും ഭയഭക്തിയിലൂടെ ശാശ്വത വിജയം നേടേണ്ടവരുമാണ് നാം. എല്ലാതരം അരുതായ്മകൾക്കുമെതിരെ സദാ പ്രതിരോധ സജ്ജരായി, ജാഗരൂകരായി ചുവടുറപ്പിച്ച് നിൽക്കേണ്ടവർ.
നശ്വരമായ ഈ ഭൗതിക ലോകം പ്രലോഭന-പ്രകോപനങ്ങളുടേതാണ്. അധാർമികതയുടെ ചതിക്കുഴികളും അഗാധ ഗർത്തങ്ങളും നിറഞ്ഞതാണീ ലോകം. അപകടങ്ങൾ മണത്തറിയാനും കരുതലോടെ കാലുറപ്പിച്ച് മുന്നോട്ട് നീങ്ങാനുമുള്ള ആർജവമാണ് യുവത്വം സ്വന്തമാക്കേണ്ടത്. യൗവനത്തിന്റെ ചാപല്യങ്ങളെ അവഗണിക്കാനും മറികടക്കാനുമുള്ള കരളുറപ്പും നെഞ്ചൂക്കും കൈമുതലാക്കണം. ഇതിനായി മനസ്സ് പാകപ്പെടുത്തണം. സ്വന്തത്തെക്കുറിച്ചുളള നിതാന്ത ജാഗ്രതയിലൂടെ മാത്രമാണിത് സാധ്യമാവുക.
ബാഹ്യ സമ്മർദങ്ങൾക്ക് വിധേയരായി നമ്മുടെ പ്രതിരോധ ശേഷി നഷ്ടപ്പെടാതിരിക്കണമെങ്കിൽ സഹനവും ദീർഘവീക്ഷണവും വിശാലമായ കാഴ്ചപ്പാടും വേണം. ഇത്തരം ഗുണങ്ങളുടെ അപര്യാപ്തതയാണോ ന്യൂ ജനറേഷൻ എന്ന പേരിൽ അരികുവത്കരിച്ച് പഴിക്കപ്പെടാൻ പുതുതലമുറയിലെ യുവത്വം കാരണമാവുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രായത്തിന്റെ സ്വാഭാവികമായ എടുത്തുചാട്ടവും വീറും വാശിയും അപക്വമായ പ്രതികരണങ്ങൾക്കും പ്രവർത്തനങ്ങൾക്കും കാരണമാകും. അതു മൂലമുണ്ടാവുന്ന ഭവിഷ്യത്തുകളും പ്രത്യാഘാതങ്ങളും എത്രമേൽ ആപത്കരമായിരിക്കും? സ്വന്തം മനോചാപല്യങ്ങളെ നിയന്ത്രിക്കാൻ നമുക്കാവണം. ധാർമികവും സാമൂഹികവുമായ പ്രബുദ്ധതയിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ഒപ്പം രാഷ്ട്രീയമായ വകതിരിവ് കൈവരിക്കാനും സഹായകമാകും.
യുവത്വത്തെ നിഷേധാത്മക നിലപാടുകളിലേക്ക് തള്ളിവിട്ട് സ്വന്തം കാര്യം നേടാൻ ശ്രമിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ സമയവും ആരോഗ്യവും വിവേകവും കർമശേഷിയും യുവത്വത്തെ ടാർഗറ്റ് ചെയ്ത് ചൂഷണവിധേയരാക്കുന്ന അത്തരക്കാർക്ക് അടിയറ വെക്കരുത്. അത് നാം നമ്മോടു തന്നെയും നമ്മളാൽ നിർമിക്കപ്പെടേണ്ട ധാർമിക സാമൂഹിക ക്രമത്തോടും ചെയ്യുന്ന കടുത്ത അപരാധമായിത്തീരും. യുവതയുടെ അധമ വികാരങ്ങളെ ഇക്കിളിപ്പെടുത്തി വഴിതെറ്റിക്കുന്നവരും യുവത്വത്തെ ഷണ്ഡീകരിച്ച് വർഗീയമായും തീവ്രമായും ദുരുപയോഗം ചെയ്യുന്നവരും വർധിച്ചുവരികയാണ്. അത്തരക്കാരുടെ കുടില തന്ത്രങ്ങളിൽപെട്ട് അസ്തിത്വം നഷ്ടപ്പെടുത്തുന്നവർ ഒട്ടേറെപ്പേരുണ്ട്. യുക്തിവാദികളും യുക്തിവാദത്തിന്റെ ഉപോത്പന്നമായ മതനവീകരണ പരിഷ്‌കരണവാദികളും നോട്ടമിടുന്നത് യുവാക്കളിലാണ്. വർഗീയതയും ഭീകരതയും ചാവേറുകളെ തിരയുന്നതും യുവതയിൽ തന്നെ.
പ്രതികരണ ശേഷിയും പ്രതിരോധ ശക്തിയുള്ള ഒരു വിഭാഗത്തെയാണ് കാലത്തിനെന്നും ആവശ്യം. പ്രതിസന്ധികൾക്കും പ്രശ്‌നങ്ങൾക്കും നടുവിലാണ് സമൂഹം, വിശിഷ്യാ ധാർമികത കാത്തുസൂക്ഷിക്കുന്നവർ. ഭരണകൂട ഭീകരതയും അതിന് ചൂട്ടുപിടിക്കുന്ന നീതിന്യായ സംവിധാനങ്ങളും സൃഷ്ടിക്കുന്ന ഭീതിയും അസ്വസ്ഥതകളും അതിന്റെ പരിണിത ഫലമായ അരാജകത്വവും വർധിച്ചുവരുന്നു. ചരിത്രം തിരുത്തിയെഴുതാനും ദേശത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും തമസ്‌കരിക്കാനും ശ്രമങ്ങൾ നടക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിരോധനിര വളർന്നുവരണമെങ്കിൽ യൗവനം സക്രിയമാവണം. യുവത്വത്തിന്റെ അജണ്ട മറ്റുള്ളവരാൽ നിർണയിക്കപ്പെടാനോ മാറ്റിമറിക്കപ്പെടാനോ അവസരമുണ്ടാകരുത്.
ഇവിടെയാണ് ‘ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യ’മായി കേരളത്തിലെ ഏറ്റവും വിപുലമായ യുവജന സംഘടന എസ്‌വൈഎസ് കർമഗോദയിൽ നിറഞ്ഞുനിൽക്കുന്നത്. അസ്തിത്വം ഉയർത്തിപ്പിടിച്ചും നട്ടെല്ല് നിവർത്തിപ്പിടിച്ചും ജീവദൗത്യം നിർവഹിക്കാൻ യുവതയെ പര്യാപ്തമാക്കുകയാണീ പ്രസ്ഥാനം. യൗവനം ആദർശക്കരുത്തുള്ളവരാവണം, അവരുടെ ചിന്താശേഷിയും കർമകുശലതയും നേരായ വഴിയിൽ തിരിച്ചുവിടണം. യുവത്വം അപരരാൽ നിഷ്‌ക്രിയമാക്കപ്പെടരുത്, ചൂഷണം ചെയ്യപ്പെടരുത്. നിലപാടില്ലാതെ, പ്രതിരോധശേഷിയും പ്രതികരണ ശക്തിയുമില്ലാത്ത ‘ഇറച്ചിക്കോഴി’കളും തൽപരകക്ഷികളുടെ കയ്യിലെ കളിപ്പാവകളുമായി യൗവനം മാറരുത്. ആദർശ പാപ്പരത്തത്തിനെതിരെ, അരുതായ്മകൾക്കെതിരെ, ഇരുട്ടിന്റെ ദുശ്ശക്തികൾക്കെതിരെ, അരാജകത്വ പ്രവണതകൾക്കെതിരെ ഉശിരു കാട്ടുന്നവരായി യുവാക്കൾ വളരണം. സാമൂഹിക മാധ്യമ സങ്കേതങ്ങളിൽ അലസമായി രമിക്കുന്നതിനു പകരം പാർശ്വവത്കരിക്കപ്പെട്ടവരുടെ കൈപ്പിടിക്കുന്ന, സാന്ത്വന സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾ സംസ്‌കാരമായേറ്റെടുത്ത നാടിന്റെ ശിൽപ്പികളും കാവൽ ഭടൻമാരുമായി അവർ കർമരംഗം കൈയടക്കണം. എസ്‌വൈഎസ് അതാണുദ്‌ഘോഷിക്കുന്നത്.
സുന്നി പ്രസ്ഥാനം ഈ കോവിഡ്കാല നിയന്ത്രണങ്ങൾക്കിടയിലും അതിന്റെ അംഗത്വകാല പുന:സംഘടനാ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനകീയ ഘടകങ്ങളായ പ്രസ്ഥാനത്തിന്റെ ബഹുജന മുഖം കേരള മുസ്‌ലിം ജമാഅത്ത്, യുവജന വിഭാഗമായ എസ്‌വൈഎസ്, വിദ്യാർത്ഥി വിഭാഗമായ എസ്എസ്എഫ് സംയുക്തമായാണ് പ്രവർത്തനങ്ങൾ. ഇതിനുള്ള മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും പൂർത്തിയായി. നവംബർ 13-ന് സംസ്ഥാനത്തുടനീളം മെമ്പർഷിപ്പ് ഡേ ആയി ആചരിക്കും. മുപ്പതാം തിയ്യതിക്കകം അംഗത്വകാല നടപടികൾ പൂർത്തീകരിക്കും. തുടർന്ന് യൂണിറ്റ് മുതൽ സംസ്ഥാനതലം വരെ മൂന്നു ഘടകങ്ങളുടെയും പുന:സംഘടന ഘട്ടംഘട്ടമായി പൂർത്തീകരിക്കും. ഇരുപത്തഞ്ച് ശതമാനം അംഗത്വ വർധനവാണിത്തവണ പ്രതീക്ഷിക്കുന്നത്. കോവിഡ്കാല നിയന്ത്രണങ്ങൾ പാലിക്കുന്നതോടൊപ്പം സമ്പൂർണമായി ഓൺലൈൻ, ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗിച്ചാണ് അംഗത്വ പുന:സംഘടനാ നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. ‘ധാർമിക യൗവനത്തിന്റെ സമരസാക്ഷ്യം’ എന്ന പ്രമേയമുയർത്തിയാണ് പ്രസ്ഥാനത്തിന്റെ സമരമുഖവും ആദർശധാരയുമായ എസ്‌വൈഎസ് യുവത്വത്തെ അഭിമുഖീകരിക്കുന്നത്. ആത്മീയ സംഘകുടുംബത്തിൽ അംഗത്വമെടുക്കാൻ യോഗ്യരായ മുഴുവൻ യുവാക്കളെയും അണിചേർക്കാനുള്ള തയ്യാറെടുപ്പിലാണ് നാടൊട്ടുക്കുമുള്ള സംഘടനാ സാരഥികളും പ്രവർത്തകരും.

മുഹമ്മദ് പറവൂർ

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ