വിശ്വാസി അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കണം. ഭൗതിക ലോകത്ത് അനുവദിക്കപ്പെട്ട സുഖങ്ങളൊക്കെ ആകാമെങ്കിലും അതില്‍ മതിമറന്ന് അല്ലാഹുവിനെ വിസ്മരിച്ചു പോകരുത്. പക്ഷേ, ഇന്ന് സമൂഹത്തിന്റെ അവസ്ഥയെന്താണ്? ഭൗതിക ഭ്രമത്തില്‍ മനുഷ്യന്‍ കളിയും വിനോദവുമാണ് പൊതുവെ ജീവിതത്തിന്റെ മുഖ്യ അജണ്ടയാക്കിയിരിക്കുന്നത്. ഇതിലൊന്നും ഏര്‍പ്പെടാതെ ജീവിക്കാന്‍ മറ്റൊരു ലോകം കണ്ടത്തേണ്ട അവസ്ഥയാണുള്ളത്. ഇവിടെ യഥാര്‍ത്ഥ വിശ്വാസികളുറക്കെ ചിന്തിക്കണം. റബ്ബിനെയോര്‍ത്ത് കരയണം. നബി(സ്വ) പറഞ്ഞു: ഞാന്‍ അറിയുന്ന കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ കുറച്ചു മാത്രം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യുമായിരുന്നു (തുര്‍മുദി).

നബി(സ്വ) മറ്റൊരു വേളയില്‍ പറഞ്ഞു.നിങ്ങള്‍ കരയുക. കരച്ചില്‍ വരുന്നില്ലെങ്കില്‍ ഉണ്ടാക്കിക്കരയുക. നരകാവകാശികള്‍ കരഞ്ഞു കരഞ്ഞ് മുഖത്ത് കണ്ണീര്‍ ചാലുകള്‍ രൂപപ്പെടും. കണ്ണു നീര് വറ്റിയാല്‍ രക്ത കണങ്ങള്‍ ചാലിട്ടൊഴുകും. പിന്നീട് കണ്ണ് തന്നെ കൊഴിഞ്ഞു വീഴും (ഇബ്നു മാജ). പരലോകത്തെ കരച്ചില്‍ ഒഴിവാക്കണമെങ്കില്‍ ഇവിടെ കരയണമെന്നര്‍ത്ഥം.

അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: നബി(സ്വ) അരുളി: അല്ലാഹുവിനെ ഭയപ്പെട്ടു കരയുന്നവന്‍ കറന്നെടുത്ത പാല്‍ അകിട്ടിലേക്ക് മടങ്ങുന്നതു വരെ നരകത്തില്‍ പ്രവേശിക്കുകയില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്ത പൊടിപടലങ്ങളും നരകത്തിന്റെ പുകയും ഒരുമിച്ചു കൂട്ടുകയില്ല. അനസ്(റ)ല്‍ നിന്ന് നിവേദനം: നബി(സ്വ) ഉബയ്യിബനു കഅ്ബിനോട് പറഞ്ഞു. നിങ്ങളുടെ മേല്‍ ലം യകുന്‍ സൂറത്ത് ഓതിക്കേള്‍പ്പിക്കാന്‍ അല്ലാഹു എന്നോട് കല്‍പിച്ചിരിക്കുന്നു. ഉബയ്യ് ആശ്ചര്യപൂര്‍വം ചോദിച്ചു, അല്ലാഹു അങ്ങയോട് എന്റെ പേര് പറഞ്ഞോ! അതേ എന്ന മറുപടി കേട്ടപ്പോള്‍ അദ്ദേഹം കരയാന്‍ തുടങ്ങി.

അബൂ മഅ്മറിനെ തൊട്ട് നിവേദനം: അദ്ദേഹം പറഞ്ഞു: ഉമര്‍ (റ) മര്‍യം സൂറത്ത് ഓതി സുജൂദ് ചെയ്തു. എന്നിട്ടവിടുന്ന് പറഞ്ഞു.ഞാന്‍ സുജൂദ് ചെയ്യുന്നു.പക്ഷേ കരച്ചില്‍ വരുന്നില്ലല്ലോ..

അബൂബക്കര്‍ സിദ്ദീഖ്(റ)ന്റെ ഭരണ കാലത്ത് ഏതാനും യമന്‍ നിവാസികള്‍ മദീനയില്‍ വന്നു. ഖുര്‍ആന്‍ പാരായണം കേട്ടപ്പോള്‍ അവര്‍ കരയാന്‍ തുടങ്ങി. അപ്പോള്‍ സിദ്ദീഖ്(റ) പറഞ്ഞു: നബി(സ്വ)യുടെ കാലത്ത് ഞങ്ങള്‍ ഇങ്ങനെയായിരുന്നു. പിന്നെ ഹൃദയങ്ങള്‍ കടുത്ത് പോയി.

അനസുബ്നു മാലിക്(റ)ല്‍ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: സ്വഹാബത്തില്‍ നിന്നും പ്രയാസകരമായ ഒരു കാര്യം നബി(സ്വ) അറിഞ്ഞു. ഉടനെ അവിടുന്ന് പ്രസംഗിക്കാന്‍ എഴുന്നേറ്റു. പ്രസംഗത്തില്‍ പറഞ്ഞു: എന്റെ മേല്‍ സ്വര്‍ഗവും നരകവും വെളിവാക്കപ്പെട്ടു. എന്നാല്‍ ഇന്ന് കണ്ടപോലെ നന്മയും നാശവും ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.ഞാന്‍ അറിയുന്ന കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ കുറച്ചു മാത്രം ചിരിക്കുകയും കൂടുതലായി കരയുകയും ചെയ്യുമായിരുന്നു. അനസ്(റ) പറയുന്നു: ഇത്രയേറെ പ്രയാസമുണ്ടായ ഒരു ദിവസം നബി(സ്വ)യുടെ അനുചരന്മാര്‍ക്ക് ഉണ്ടായിട്ടില്ല. അവര്‍ തേങ്ങിക്കരഞ്ഞു കൊണ്ട് തല പുതപ്പിട്ട് മൂടി.

ഉബൈദുബനു ഉമൈര്‍(റ) ആഇശ(റ)യില്‍ നിന്ന് നിവേദനം. അദ്ദേഹം ആഇശ(റ)നോട് ചോദിച്ചു: നിങ്ങള്‍ നബി(സ്വ)യില്‍ നിന്ന് കണ്ട ഏറ്റവും അത്ഭുതകരമായ ഒരു സംഭവം വിവരിക്കൂ. അല്‍പനേരത്തെ നിശ്ശബ്ദതക്ക് ശേഷം ആഇശ(റ) പറഞ്ഞു: ഒരു രാത്രി നബി(സ്വ) എന്നോട് പറഞ്ഞു. ഇന്ന് രാത്രി അല്ലാഹുവിന് ഇബാദത്ത് ചെയ്യാന്‍ എന്നെ അനുവദിക്കൂ. ഞാന്‍ പറഞ്ഞു. അല്ലാഹുവാണ് സത്യം. ഞാന്‍ തങ്ങളുടെ സാമീപ്യം ഇഷ്ടപ്പെടുന്നു. ഒപ്പം അങ്ങേക്ക് സന്തോഷമുള്ള കാര്യവും. അങ്ങനെ നബി (സ്വ) ശുദ്ധി വരുത്തി നിസ്കരിക്കാന്‍ നിന്നു. പിന്നെ അവിടുന്ന് കരയാന്‍ തുടങ്ങി. കരഞ്ഞു കരഞ്ഞ് തന്റെ മടിത്തട്ട് നനഞ്ഞു കുതിര്‍ന്നു. വീണ്ടും കരഞ്ഞു ഭൂമി നനയുന്നത് വരെ. പ്രഭാതമായപ്പോള്‍ ബിലാല്‍(റ) വാങ്ക് വിളിക്കാനായി വന്നു. കരഞ്ഞ് കൊണ്ടിരിക്കുന്ന നബി(സ്വ)യെ കണ്ടപ്പോള്‍ ബിലാല്‍(റ) ചോദിച്ചു: അല്ലാഹുവിന്‍റ റസൂലേ, അങ്ങ് കരയുകയോ.. അങ്ങേക്ക് പാപങ്ങളില്ലല്ലോ… നബി(സ്വ) പ്രതികരിച്ചു: ഞാനൊരു നന്ദിയുള്ള അടിമയാേകണ്ടയോ? എനിക്ക് ഒരായത്ത് ഇറക്കപ്പെട്ടിട്ടുണ്ട്. അത് പാരായണം ചെയ്യുകയും അതില്‍ ചിന്തിക്കാതിരിക്കുകയും ചെയ്യാതിരിക്കുകയും ചെയ്യുന്നവനാണ് നാശം. നിശ്ചയം ആകാശ ഭൂമിയെ സൃഷ്ടിക്കുന്നതിലും രാവും പകലും മാറി മറിയുന്നതിലും ബുദ്ധിയുള്ളവര്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്നതാണാ ആയത്ത്. (ആലു ഇംറാന്‍/190)

അബൂ റൈഹാന(റ) യെ തൊട്ട് നിവേദനം. അദ്ദേഹം ഒരു യുദ്ധത്തില്‍ നബി(സ്വ)യുടെ കൂടെ പുറപ്പെട്ടു. അപ്പോള്‍ ഒരു രാത്രി അവിടുന്ന് പറയുന്നതായി കേട്ടു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ (യുദ്ധത്തില്‍) ഉറക്കമൊഴിച്ച ഒരു കണ്ണിന്റെ മേല്‍ നരകം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു. മൂന്നാമതൊന്നു കൂടി റസൂല്‍ പറഞ്ഞിരുന്നു. അത് ഞാന്‍ മറന്നു പോയി. അബുശൈഖ്(റ) പറയുന്നു: ചിലരില്‍ നിന്ന് ഞാന്‍ അത് കേട്ടിട്ടുണ്ട്. അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ തൊട്ട് അടക്കുന്ന കണ്ണാണത് (ഹറാം നോക്കാത്ത കണ്ണ്).

അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ട് ഒരു ഈച്ചയുടെ തലയോളമെങ്കിലും കണ്ണുനീരൊഴുക്കുകയും അതവന്റെ മുഖത്ത് എത്തുകയും ചെയ്താല്‍ അവന് അല്ലാഹു നരകം നിഷിദ്ധമാക്കുന്നതാണ്.

അല്ലാഹുവിനെയോര്‍ത്തുള്ള കണ്ണുനീര്‍ നയന സൗഭാഗ്യത്തിനുള്ള നന്ദിപ്രകാശനം കൂടിയാണ്. കണ്ണുകൊണ്ട് നന്മ ദര്‍ശിക്കുന്നതിനൊപ്പം പാപഭാരവും നരകഖബ്ര്‍ ശിക്ഷകളുമോര്‍ത്ത് കരഞ്ഞ് ഹൃദയം വിമലീകരിക്കാന്‍ വിശ്വാസി ഉത്സാഹിക്കണം.

അബ്ദുല്‍ഖാദിര്‍ ദാരിമി കല്‍ത്തറ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ