നബി നിന്ദയുടെ ചരിത്രം പ്രവാചകത്വത്തോടെ ആരംഭിച്ച ഒന്നാകുന്നു. പ്രവാചകത്വം സിദ്ധിക്കുന്നതിന് മുമ്പ് മക്കക്കാർക്ക് മുഹമ്മദ്(സ്വ) അൽ അമീൻ ആയിരുന്നു. അവിടുത്തെ വാക്കിന് തെളിവ് ആവശ്യമില്ലായിരുന്നു. വാക്ക് തന്നെയായിരുന്നു വസ്തുത. എല്ലാ ഇടപാടുകളിലും അവർ അൽ അമീനെ ഇടയാളനാക്കി. എല്ലാ തർക്കങ്ങൾക്കും അവർ ആ യുവാവിനെ തീർപ്പുകാരനാക്കി. പൊതു മണ്ഡലത്തിന്റെ എല്ലാ തുറകളിലും അവർ അദ്ദേഹത്തിന് സമ്മോഹനങ്ങളായ ഇരിപ്പിടങ്ങൾ സമ്മാനിച്ചു. നാൽപ്പതാം വയസ്സിൽ ഹിറാ ഗുഹയുടെ ഏകാന്തതയിൽ നിന്ന് പ്രവാചകത്വത്തിന്റെ ഉൾക്കിടിലവുമായി മലയിറങ്ങി വന്ന നിമിഷം മുതൽ ഈ വിശ്വസ്തതകളെല്ലാം അസ്തമിച്ചു. ക്രൂരമായ നിന്ദകൾക്കും അധിക്ഷേപങ്ങൾക്കും അപരവത്കരണത്തിനും പ്രവാചകരെ അവർ വിധേയരാക്കി. ശാരീരികമായ ആക്രമണത്തേക്കാൾ നബി(സ്വ)ക്ക് എതിരെ ഗൂഢമായ പ്രചാരണങ്ങളായിരുന്നു അവർ നടത്തിയത്. പ്രവാചകർ (സ്വ) മുന്നോട്ട് വെച്ച വിശ്വാസ വീക്ഷണം വെളിച്ചത്തിന്റെ പ്രഭവ കേന്ദ്രമാണെന്നും അത് മണലാരണ്യത്തിന്റെ ക്രൗര്യങ്ങൾക്ക് മേൽ സത്യത്തിന്റെ ശാന്തത പടർത്തുന്നുണ്ടെന്നും തിരിച്ചറിഞ്ഞത് കൊണ്ടു തന്നെയാണ് മുഹമ്മദ്(സ്വ) അവർക്ക് ശത്രുവായത്. വിജയത്തിന്റെ തത്ത്വശാസ്ത്രമാണ് പ്രവാചകനും അനുയായികളും മുന്നോട്ട് വെക്കുന്നതെന്നത് ഗോത്ര പ്രമാണികൾ അടക്കമുള്ള എല്ലാവരും തിരിച്ചറിഞ്ഞിരുന്നു. അത്കൊണ്ടാണ് അവർ നബി നിന്ദയുടെ ആയുധം പുറത്തെടുത്തത്. വിശ്വാസത്തിന്റെ ആത്മവിശ്വാസം തകർക്കുക തന്നെയായിരുന്നു ലക്ഷ്യം. അത്തരമൊരു ആത്മവിശ്വാസ നഷ്ടത്തിന്റെ നാളുകൾ തന്നെ പിൻപറ്റിയവർക്ക് വരരുതെന്ന് നിശ്ചദാർഢ്യമുള്ളത് കൊണ്ടാണ് അവിടുന്ന് വേദനാപൂർണമായ പലായനം തിരഞ്ഞെടുത്തത്. മദീനയിലും അപവാദ വ്യവസായം തുടർന്നു. ജൂതൻമാരുടെ കൗശലവും കുടിലതയും കൂടിയായപ്പോൾ ഒരു നാട് മുഴുവൻ പിന്തുണക്കാനുണ്ടായിട്ടും നബി തിരുമേനിയുടെ വ്യക്തിത്വത്തിന് നേരെ ക്ഷുദ്രാവിഷ്കാരങ്ങളുടെ ആക്രമണം ഉണ്ടായിക്കൊണ്ടിരുന്നു. ഭാര്യയെക്കുറിച്ച് പോലും ആരോപണങ്ങളുയർന്നത് ഈ ഘട്ടത്തിലായിരുന്നു. അക്കാലം വരെ നിലനിന്ന കെട്ട ബോധ്യങ്ങളെ നിരാകരിക്കുകയും മാനവികതയുടെ പുതിയ പ്രഭാതങ്ങൾ സൃഷ്ടിക്കുകയും ചെയ്തപ്പോഴാണ് ഈ ആക്രമണങ്ങൾ ശക്തമായത്. അങ്ങനെ അല്ലായിരുന്നുവെങ്കിൽ അൽ അമീൻ തന്നെയായി നിലനിൽക്കുമായിരുന്നു. പിന്നെ ഒരു നൂറ്റാണ്ട് പിന്നിടും മുമ്പു തന്നെ വിശുദ്ധ മതത്തിന്റെ വെളിച്ചം സാമ്രാജ്യങ്ങൾ കടന്ന് ചെന്നു. ഈ വ്യാപനത്തിൽ അത്ഭുതപരതന്ത്രരായവരെല്ലാം പ്രത്യക്ഷമായും പരോക്ഷമായും പ്രവാചകരുടെ വ്യക്തിത്വത്തെയും ജീവിത സത്യങ്ങളെയും ആക്രമിക്കുകയാണ് ചെയ്തത്. കാരണം, വിശ്വാസിയെ ചേർത്തു നിർത്തുന്ന വികാരം പ്രവാചകൻ എന്ന ഉൺമ ആണെന്ന് അവർക്കറിയാം. മതപരിഷ്കരണവാദികൾ പ്രവാചകർക്കെതിരെ ഉയർത്തിയ സാധാരണക്കാരനാണെന്ന വാദത്തിന് പാശ്ചാത്യ, ക്രിസ്ത്യൻ ലോകത്തിൽ നിന്ന് വലിയ പിന്തുണ കിട്ടിയത് അത്കൊണ്ടാണ്. അഥവാ മതത്തിനകത്ത് തന്നെയുള്ള വ്യതിയാന പ്രവണതക്കാർ നബി നിന്ദകർക്കൊപ്പം ചേരുകയാണ് ഫലത്തിൽ സംഭവിച്ചത്. ബദൽ ജീവിത ക്രമം സാധ്യമാണെന്ന ആത്മവിശ്വാസവുമായി ലോകത്താകെ ഇസ്ലാമിലേക്ക് കൂടുതൽ പേർ കടന്നു വരുമ്പോൾ പ്രവാചക പ്രതിച്ഛായാ ധ്വംസനത്തിന്റെ വിഫല ശ്രമങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുകയാണ്. അന്ന് അബൂലഹബും അബൂജഹലും ഉത്ബത്തും ശൈബത്തുമൊക്കെയായിരുന്നെങ്കിൽ പിന്നീടത് മഹാചരിത്രകാരൻമാരെന്ന് വിശേഷിപ്പിക്കപ്പെട്ട അലക്സാണ്ടർ ഡ്യൂപോണ്ടും റിക്കാൾഡോ ഡാ മോണ്ടിക്രോസുമൊക്കെയായി. സാമുവൽ ഹണ്ടിംഗ്ടണും സൽമാൻ റുഷ്ദിയും തസ്ലീമാ നസ്റിനുമൊക്കെ ആ നിരയിൽ നിലയുറപ്പിക്കുന്നു. പ്രവാചകന്റെ സൃഷ്ടിയാണ് ഇസ്ലാമെന്ന ഭീമാബദ്ധം ഇവർ എഴുന്നള്ളിക്കുന്നു. പ്രവാചകന്റെ വ്യക്തി ജീവിതം, വൈവാഹിക ജീവിതം, സ്ത്രീ സ്വാതന്ത്ര്യ വീക്ഷണം, യുദ്ധങ്ങൾ, കരാറുകൾ, അനുഷ്ഠാനങ്ങൾ തുടങ്ങി സർവവും അപഹസിക്കപ്പെടുന്നു. സാഹചര്യത്തിൽ നിന്ന് അടർത്തിയെടുത്ത് നബി തിരുമേനിയുടെ വാക്കുകൾ നിക്ഷിപ്ത താത്പര്യങ്ങൾക്കായി വ്യാഖ്യാനിക്കുന്നു.
ഒരു ആശയവും വ്യക്തിയും കൂടുതൽ പേർക്ക് സ്വീകാര്യമാകുമ്പോഴാണ് അതിനെതിരെ നിന്ദാപരമായ ആക്രമണങ്ങൾ ഉണ്ടാകുന്നത്. സംവാദത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നത് ജനാധിപത്യം. അത്തരം സാധ്യതകളെ അടച്ച് അപഹാസത്തിന്റെ കോട്ടകൾ തീർത്ത് അതിനുള്ളിൽ കയറിയിരിക്കുന്നത് ഫാസിസം. സംവാദം ശ്രമകരവും അപഹാസം എളുപ്പവുമാകുന്നു. ഇസ്ലാം സംവാദമാണ് മുന്നോട്ട് വെക്കുന്നത്. അത് ബദൽ ലോകത്തെക്കുറിച്ച് സംസാരിക്കുന്നു. ബദൽ രാഷ്ട്രീയത്തെക്കുറിച്ചും ബദൽ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും ബദൽ ജീവിതത്തെ കുറിച്ചും ലോകത്തോട് സംവദിച്ചു കൊണ്ടേയിരിക്കുന്നു. മേധാവിത്വത്തിന്റെ രാഷ്ട്രീയം മാത്രം ശീലിച്ച
പാശ്ചാത്യൻ ഭരണകൂടങ്ങൾക്ക് ഈ ബദൽ ആഹ്വാനം അസഹ്യമാവുക സ്വാഭാവികം. ഏകധ്രുവ ലോകം എക്കാലവും നിലനിൽക്കണമെന്ന് അവർ ശഠിക്കുന്നു. ഏത് രാഷ്ട്രത്തിലും കയറി ഇടപെടാൻ അധികാരമുണ്ടെന്ന ധാർഷ്ട്യമാണ് അവരെ നയിക്കുന്നത്. ഈ അധികാര പ്രയോഗത്തിനുള്ള മണ്ണൊരുക്കാൻ നബി നിന്ദയെ അവർ ഉപയോഗപ്പെടുത്തുകയാണ്. നബി നിന്ദാ സിനിമകളും കാർട്ടൂണുകളും സാഹിത്യങ്ങളും വിശ്വാസികളിൽ ഉണ്ടാക്കുന്ന വേദനയും നിരാശയും മാത്രമല്ല ചർച്ചയാകേണ്ടത്. അതിൽ ഉൾക്കൊള്ളുന്ന മനുഷ്യാവകാശ ലംഘനത്തെക്കാൾ വിശകലനം ചെയ്യപ്പെടേണ്ടത് അത്തരം രചനകൾ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ അജൻഡയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പത്രസ്വാതന്ത്ര്യത്തിന്റെയും പേരിലാണ് ഈ അത്യാചാരങ്ങൾ ന്യായീകരിക്കപ്പെടുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണം അവസരമായെടുത്ത് പാശ്ചാത്യ വൻ ശക്തികൾ ആരംഭിച്ച ഭീകരവിരുദ്ധ യുദ്ധത്തിൽ ഈ രചനകൾ കാര്യമായ പങ്കു വഹിച്ചുവെന്ന് കാണാനാകും. അൽഖാഇദ അടക്കമുള്ള വിവിധ തീവ്രവാദി വിഭാഗങ്ങൾ പ്രവാചക നിന്ദക്കെതിരെ അക്രമാസക്ത പ്രതിഷേധം അഴിച്ചു വിടുകയും പ്രതികരണത്തിന്റെ ദിശ അവർ നിശ്ചയിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. യഥാർത്ഥത്തിൽ പ്രതിഷേധത്തെ അവർ അപഹരിക്കുകയാണ് ചെയ്തത്. അങ്ങനെ കൂടുതൽ പേരെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ അവർക്ക് സാധിച്ചു. ഇത്തരം ഗ്രൂപ്പുകൾ ആത്യന്തികമായി മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ അശാന്തി പടർത്തുന്നവരും ശിഥിലീകരണ പ്രക്രിയയിൽ ഏർപ്പെട്ടവരുമാണല്ലോ. ആ നിലക്ക് സാമ്രാജ്യത്വത്തിന്റെ നടത്തിപ്പുകാർ തന്നെയാണ് ഇവർ.
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം പാശ്ചാത്യ ലോകത്ത് മാരകരൂപം കൈവരിച്ച ഇസ്ലാമോഫോബിയയുടെ അങ്ങേയറ്റം നികൃഷ്ടമായ പ്രകടനമാണ് തിരുനബിയെ അപഹസിക്കുന്ന ക്ഷുദ്ര കൃതികൾ. കുടിലമായ രാഷ്ട്രീയ പ്രവർത്തനമാണ് അത്. നിഷ്കളങ്കരായ വിശ്വാസികളെ വൈകാരികമായ പ്രതികരണത്തിലേക്ക് വലിച്ചിഴക്കുക തന്നെയാണ് ഇവയുടെ പ്രാഥമികമായ ലക്ഷ്യം. വിശ്വാസിയുടെ ഹൃദയമാണ് തിരുനബി. അവരുടെ ജീവിതം നബിസ്നേഹത്താലാണ് പ്രകാശിതമാകുന്നത്. പ്രവാചക ശ്രേഷ്ഠരാണ് അവരുടെ നേതാവ്. ആ നേതൃഭാവം ഭൗതികമായ കേവല നേതൃത്വത്തിന് ഒരു നിലക്കും സമാനമല്ല. ജീവിതത്തിന്റെ ഓരോ അണുവിലും അനുസരിക്കുകയെന്ന ധ്യാനമാണ് ആ നേതാവിനോട് വിശ്വാസിയെന്ന നിലക്ക് അനുയായിക്കുള്ളത്. അത് അടർത്താനാകാത്ത ആത്മബന്ധമാണ്. ആത്മീയമായ അനുഭൂതി നിറക്കുന്ന നിതാന്തമായ സാന്നിധ്യമാണ് അവർക്ക് നബി തിരുമേനി. കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങി താൻ വ്യവഹരിക്കുന്ന സർവ മണ്ഡലങ്ങളിലും പ്രവാചകനാണ് അവർക്ക് മാതൃക. വിശ്വാസിക്കറിയാം ക്ഷുദ്ര രചനകൾ കൊണ്ട് നബിതിരുമേനിയുടെ സ്ഫടികസമാനമായ വ്യക്തിത്വത്തെ അപകീർത്തിപ്പെടുത്താനാകില്ലെന്ന്. അവർക്കറിയാം താൻ ഇത്തരം ആക്രമണങ്ങളോട് അങ്ങേയറ്റം സംയമനത്തോടെയാണ് പ്രതികരിക്കേണ്ടതെന്ന്. എന്നിട്ടും ചിലർ സാമ്രാജ്യത്വം കുഴിച്ച കുഴിയിൽ വീണു പോകുന്നു. നബിനിന്ദാ രചനകൾക്കെതിരെയുള്ള പ്രതിഷേധം തീവ്രവാദികൾ തട്ടിയെടുക്കുകയും അത് അക്രമാസക്തമാവുകയും ചെയ്യുമ്പോൾ കുറേ മനുഷ്യർ അതിൽ കുടുങ്ങിപ്പോകുന്നു.
സാമ്രാജ്യത്വ ശക്തികളിൽ നിന്ന് അച്ചാരം വാങ്ങിയവരാണല്ലോ ഭീകരവാദികൾ. അവർ ഉണ്ട ചോറിന് നന്ദി കാണിക്കുവാനാണ് നബിനിന്ദാ രചനകൾക്കെതിരെ അക്രമാസക്ത പ്രതിഷേധം അഴിച്ചു വിടുന്നത്. അതുവഴി നിഷ്കളങ്കരായ വിശ്വാസികളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുകയാണ് ലക്ഷ്യം. ഇടക്കിടക്ക് ഇത്തരം രചനകളും കാർട്ടൂണുകളും സിനിമകളും പടച്ചു വിട്ട് ഈ കൂട്ടുകച്ചവടത്തിൽ പാശ്ചാത്യ കലാവൈകൃതക്കാർ മുതൽ മുടക്കിക്കൊണ്ടേയിരിക്കുന്നു. 2001-ന് ശേഷം ലോകത്തിന്റെയാകെ പ്രതിഷേധം ക്ഷണിച്ചു വരുത്തിയ ക്ഷുദ്രാവിഷ്കാരങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. 2005 സെപ്തംബറിൽ നബി നിന്ദാ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചു കൊണ്ട് ഡാനിഷ് പത്രമായ ജില്ലൻഡ് പോസ്റ്റണാണ് വേൾഡ് ട്രേഡ് സെന്റർ ആക്രമാനന്തര ലോകത്ത് അക്രമാസക്ത പ്രതിഷേധത്തിന്റെ നാളുകൾക്ക് തുടക്കമിട്ടത്. കോപ്പൻഹേഗനിൽ 3500 പേർ സമാധാനപരമായി നടത്തിയ റാലിയായിരുന്നു ഇതിനെതിരെ ഉയർന്ന ആദ്യ പ്രതികരണം. കാർട്ടൂണുകാരുടെ ഉദ്ദേശ്യം പ്രകോപനമായതിനാൽ വരും ആഴ്ചകളിൽ നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ പത്രങ്ങൾ ഈ കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ചു. (ഇങ്ങ് കേരളത്തിൽ മാതൃഭൂമി പത്രവും ഇത് തന്നെ ചെയ്തുവെന്ന് സാന്ദർഭികമായി ഓർക്കേണ്ടതാണ്. തൃശൂർ എഡിഷനിൽ വന്ന സാധനമാണല്ലോ കോഴിക്കോട്ട് ആവർത്തിച്ചത്). അതോടെ പ്രതിഷേധം ആളിക്കത്തി. നയതന്ത്രകാര്യാലയങ്ങൾ ആക്രമിക്കപ്പെട്ടു. തീവ്രവാദി ഗ്രൂപ്പുകൾ ചാവേർ ആക്രമണങ്ങൾ നടത്തി. ക്രിസ്ത്യൻ ആരാധാനാലയങ്ങൾ തീവെച്ച് നശിപ്പിച്ചു. ഈ ഘട്ടത്തിൽ മുസ്ലിം രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികൾ ഡാനിഷ് ഭരണ നേതൃത്വവുമായി ചർച്ച നടത്താൻ തീരുമാനിച്ചു. പക്ഷേ ഡാനിഷ് അധികാരികൾ കൂട്ടാക്കിയില്ല. ആവിഷ്കാരത്തിന്റെ പ്രശ്നമല്ല, കൃത്യമായ രാഷ്ട്രീയ കുതന്ത്രമാണ് കാർട്ടൂണുകളെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ചർച്ചാ നിരാസം. ഡാനിഷ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനും അതിന് ബദലായി ബൈ ഡാനിഷ് ആഹ്വാനവും ഉണ്ടായി.
അടുത്ത ഊഴം ഇന്നസൻസ് സിനിമയുടെതായിരുന്നു. അമേരിക്കയിൽ നിർമിച്ച ഇന്നസൻസ് ഓഫ് മുസ്ലിംസ് സിനിമ ആദ്യം പ്രദർശിപ്പിച്ചത് 2011 ജൂൺ 30-ന് ഹോളിവുഡിലെ വൈൻ തിയേറ്ററിലായിരുന്നു. വിരലിലെണ്ണാവുന്നവരേ സിനിമ കാണാനെത്തിയുള്ളൂ. മുളപൊട്ടാനാകാതെ മണ്ണിലലിഞ്ഞ് പോകുമായിരുന്ന ആ വിഷവിത്തിന് വിദ്വേഷ വേഷം സാധ്യമാകുന്നത് അതിലെ ഒരു ഭാഗം മൊഴിമാറ്റം നടത്തി യൂ ട്യൂബിൽ നിക്ഷേപിച്ചതോടെയാണ്. ഈജിപ്തിലെ ഒരു കോപ്റ്റിക് ക്രിസ്ത്യാനിയാണ് അത് ചെയ്തത്. സിനിമ എഴുതി, സംവിധാനവും നിർമാണവും നിർവഹിച്ചത് സാം ബാസിലെ എന്നയാളാണ്. മുസ്ഹഫ് കത്തിക്കുമെന്ന് ഭീഷണി മുഴക്കി പേരെടുക്കാൻ ശ്രമിച്ച വിവാദ പാസ്റ്റർ ടെറി ജോൺസുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. സാമിന് അമ്പത് ലക്ഷം ഡോളറാണ് പേര് വെളിപ്പെടുത്താത്ത ജൂത കോടീശ്വരൻമാർ നൽകിയത്. അപ്പോൾ ആക്രമണ നിര വ്യക്തമാണ്. ലിബിയയിലാണ് ഈ സിനിമയുടെ പേരിൽ ആദ്യം ചോര ചിന്തിയത്. അൽഖാഇദക്കാർ അമേരിക്കൻ എംബസി ആക്രമിക്കുകയായിരുന്നു. ഈ ആക്രമണമാണ് ലിബിയയിൽ അമേരിക്കൻ സൈനിക സാന്നിധ്യത്തിന് വഴി തുറന്നതെന്ന് മനസ്സിലാക്കുമ്പോഴാണ് ഇത്തരം ഗൂഢ തന്ത്രങ്ങൾ വെളിവാകുന്നത്.
ഷാർളി ഹെബ്ദോ എന്ന ഫ്രഞ്ച് ആക്ഷേപഹാസ്യ വാരികയാണല്ലോ ഏറ്റവും ഒടുവിൽ നബിനിന്ദാ രചനയുമായി വന്ന് മരണം വിതച്ചത്. വാരികയുടെ ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ കാർട്ടൂണിസ്റ്റുകൾ അടക്കം 12 പേർ മരിച്ചു. ഈ സംഭവത്തോട് പോപ്പ് ഫ്രാൻസിസ് നടത്തിയ പ്രതികരണം ലോകം മുഴുവൻ ചർച്ച ചെയ്തിരുന്നു. ‘ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ട്. അത് ആരെയും അധിക്ഷേപിക്കുന്നതായിരിക്കരുത്. അധിക്ഷേപം മറ്റുള്ളവർ സഹിച്ചെന്ന് വരില്ല.’ ഇത് വിശദീകരിക്കാനായി അദ്ദേഹം കൃത്യമായ ഒരു ഉദാഹരണം മുന്നോട്ട് വെക്കുകയും ചെയ്തു. തൊട്ടടുത്തുള്ള സുഹൃത്തിനെ ചൂണ്ടിക്കാട്ടി മാർപ്പാപ്പ തുടർന്നു: ‘ഇദ്ദേഹം എന്റെ ആത്മാർത്ഥ സുഹൃത്താണ്. എന്നുവെച്ച് അദ്ദേഹം എന്റെ അമ്മയെ അവഹേളിക്കും വിധം സംസാരിച്ചാൽ അദ്ദേഹത്തിന്റെ മൂക്കിന് നോക്കി നല്ല ഇടി കൊടുക്കും ഞാൻ’.
പോപ്പിന്റെ വാക്കുകളുടെ ഉദ്ദേശ്യശുദ്ധി കണക്കിലെടുക്കുമ്പോൾ തന്നെ അത് അക്രമാസക്ത പ്രതിഷേധത്തെ വകവെച്ച് കൊടുക്കുന്നുണ്ടെന്ന് വ്യക്തമാകും. ഷാർളി ഹെബ്ദോ സംഭവത്തിന് ശേഷം ഫ്രാൻസിൽ ഇസിൽ സംഘം നിരവധി ഭീകരാക്രമണങ്ങൾ നടത്തി. ഏറ്റവും വേഗത്തിൽ വളരുന്ന മുസ്ലിം സമൂഹം നിലനിന്നിരുന്ന ഫ്രാൻസ് ഇന്ന് ഏറ്റവും അരക്ഷിതമായ മുസ്ലിം സമൂഹമുള്ള നാടായിരിക്കുന്നു. ആധുനിക, പാശ്ചാത്യ, വ്യവസായവത്കൃത സമൂഹങ്ങളുടെ അടിസ്ഥാനപരമായ പ്രതിസന്ധികൾക്ക് ഇസ്ലാം പരിഹാരം മുന്നോട്ട് വെക്കുന്നുവെന്ന് ഈ കാർട്ടൂണുകാരും അവരെ നയിക്കുന്നവരും തിരിച്ചറിയുന്നുണ്ട്. നിരവധി പേർ ഇസ്ലാമിന്റെ യാഥാർത്ഥ്യം ആശ്ലേഷിക്കുന്നുവെന്നത് അവരെ അസ്വസ്ഥമാക്കുന്നു. ഈ ആവിഷ്കാരവാദികളൊന്നും സയണിസ്റ്റ് ഭീകരതയെ തൊടുന്നില്ലെന്നതുകൂടി ഓർക്കണം. ഇതേ ഷാർളി ഹെബ്ദോയിൽ ജൂതൻമാർക്കെതിരെ കാർട്ടൂൺ വരച്ചയാളെ പിരിച്ചു വിടുകയായിരുന്നു.
ഇസ്ലാമോഫോബിയയുടെയും ആഗോള തീവ്രവാദത്തിന്റെ ഉത്തരവാദിത്വം മുസ്ലിം സമൂഹത്തിന് മേൽ കെട്ടിവെക്കുന്നതിന്റെയുമെല്ലാം ലക്ഷ്യം വിശ്വാസിയെ അപകർഷതയിലാഴ്ത്തുകയെന്നതാണ്. പാരമ്പര്യ ശേഷിപ്പുകൾ തകർത്തെറിഞ്ഞ് രാഷ്ട്രീയ ഇസ്ലാം സ്ഥാപിക്കാനിറങ്ങിയ തീവ്രവാദ ഗ്രൂപ്പുകളും അത് തന്നെ ചെയ്യുന്നു. പ്രകോപിപ്പിക്കുക, പ്രതിഷേധം ക്ഷണിച്ചു വരുത്തുക, നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന അക്രമാസക്ത പ്രതിഷേധത്തിന് തിരികൊളുത്തുക, ചോര വീഴ്ത്തുക, വീണ ചോരയെച്ചൊല്ലി പിന്നെയും അധിക്ഷേപിക്കുക. ഇതാണ്തന്ത്രം. അവഹേളനത്തിൽ അക്ഷമരായ വിശ്വാസികളിൽ ചിലരെങ്കിലും ചെന്നെത്തുക ബോംബും മിസൈലും വിളയുന്ന ആലകളിലാകും. ഒന്നുകിൽ അക്ഷരാർത്ഥത്തിൽ അയാൾ ഭീകരനാകും. അല്ലെങ്കിൽ അകം ഭീകരമാകും. അങ്ങനെ ഷാർളി ഹെബ്ദോമാർ തീവ്രവാദികളെ സൃഷ്ടിക്കുന്നു. അതുവഴി അവരുടെ തീവ്രവലതുപക്ഷ അജൻഡകൾക്ക് അഗ്നി പകരുന്നു. തീവ്ര ഗ്രൂപ്പുകളാകട്ടെ കാർട്ടൂണും നോവലും ക്ഷുദ്ര സിനിമകളും ആയുധമാക്കി ആളെക്കൂട്ടുന്നു.
അരൂപവും ഏകവുമായ ദൈവത്തിന്റെ സ്ഥായിയായ അസ്തിത്വമാണ് ഇസ്ലാമിന്റെ അടിസ്ഥാനം. പ്രവാചക ശ്രേഷ്ഠൻമാരുടെ ചിത്രങ്ങളും ഭാവനാ സൃഷ്ടികളും ഇസ്ലാം കർശനമായി വിലക്കിയിരിക്കുന്നു. ഇസ്ലാമിനെ രൂപങ്ങളുടെ ഇത്തിരിവട്ടത്തിലേക്ക് ചുരുക്കിക്കെട്ടാൻ എല്ലാ കാലത്തും ശ്രമങ്ങൾ നടന്നിട്ടുണ്ട്. സൽമാൻ റുഷ്ദി ശ്രമിച്ചതും ജില്ലൻഡ്പോസ്റ്റണിലെ കാർട്ടൂണുകാരൻ ശ്രമിച്ചതും ഇതിനാണ്. ഇന്നസെൻസ് സിനിമയും ചെയ്തത് അതു തന്നെ. ചിത്രകാരന്റെ ദരിദ്ര ഭാവനയിൽ കുടുങ്ങിപ്പോയ മതങ്ങളുടെ ശ്രേണിയിലേക്ക് ഇസ്ലാമിനെ അധഃപതിപ്പിക്കുകയെന്നത് ജൂത, ക്രിസ്ത്യൻ തീവ്രവാദികളുടെ സ്വപ്നമാണ്.
മാധ്യമ വിവേചനങ്ങളുടെ ഇരകളാണ് മുസ്ലിംകളും അവരുടെ ചരിത്രവും സംസ്കാരവും. എഡ്വേർഡ് സെയ്ദിന്റെ കവറിംഗ് ഇസ്ലാം ഇക്കാര്യം വിശദമാക്കുന്നുണ്ട്. പാശ്ചാത്യ മാധ്യമങ്ങൾക്ക് മുസ്ലിം അക്രമോത്സുകനും അവികസിതനും മാറാൻ കൂട്ടാക്കാത്തവനുമാണ്. ആത്യന്തികമായി അവർ പാശ്ചാത്യ സംസ്കാരത്തിന് ഭീഷണിയാണ്. അൽ ഖാഇദയെയും ഇസിലിനെയും തകർത്തെറിയേണ്ടത് മുസ്ലിംകളുടെയും മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെയും പ്രാഥമികമായ ബാധ്യതയാണെന്നാണ് റൂപർട്ട് മർഡോക്ക് പറയുന്നത്. സത്യത്തിൽ എല്ലാ ഭീകരവാദ സംഘടനകളും മുസ്ലിം സമൂഹത്തെ ശിഥിലമാക്കുന്നതിനും കൊന്നൊടുക്കുന്നതിനും മുസ്ലിം രാഷ്ട്രങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്നതിനുമുള്ള ഉപാധിയാണ് പാശ്ചാത്യ ശക്തികൾക്ക്. മുസ്ലിമിനെ മറ്റേതോ രാജ്യത്ത് വേരുകളും കൂറുമുള്ള മനുഷ്യനായി കാണാനാണ് മാധ്യമങ്ങൾക്ക് ഇഷ്ടം. അഥവാ സ്വന്തം രാഷ്ട്രത്തിൽ അവനെ അന്യനാക്കുന്നു. അല്ലെങ്കിൽ രാഷ്ട്രരഹിതനാക്കുന്നു. ഈ പ്രചാരണത്തിന് എരിവ് പകരാനാണ് ഇടക്കിടക്ക് പ്രവാചക നിന്ദയുടെ ഇരുട്ട് പരത്തുന്നത്. അത്കൊണ്ട് ഇത്തരം സാഹചര്യങ്ങളെ വിവേകപൂർവം സമീപിക്കാൻ മുസ്ലിം സമൂഹത്തിന് സാധിക്കണം. നിന്ദയുടെ രാഷ്ട്രീയം തിരിച്ചറിയണം. പ്രവാചകൻ സമഗ്രമായ ജീവിതക്രമം മുന്നോട്ട് വെച്ചിട്ടുണ്ട്. ഏത് പ്രതിസന്ധിയെയും മറികടക്കാൻ വിശ്വാസിയെ അത് പ്രാപ്തമാക്കുന്നു. ആത്മവിശ്വാസം നഷ്ടപ്പെടുന്ന പ്രശ്നമേ വിശ്വാസിക്കുണ്ടാകുന്നില്ല. ഈ നിശ്ചയദാർഢ്യത്തിൽ നിന്ന് വ്യതിചലിച്ചത് കൊണ്ടാണ് സലഫിസം അടക്കമുള്ള സർവ വ്യതിയാനക്കാരും ഭീകരവാദത്തിന്റെ പ്രയോക്താക്കളായിത്തീർന്നത്.