ചോദ്യങ്ങളാണ് നമ്മുടെ ജീവിതത്തിൽ പുതുമ സൃഷ്ടിക്കുക. ആത്മീയ, ഭൗതിക ഉന്നമനങ്ങൾക്ക് വഴിതുറക്കുന്നതും ചോദ്യങ്ങൾ തന്നെ. അതുകൊണ്ട് തന്നെ ചോദിക്കാൻ തിരുനബി(സ്വ) പ്രോത്സാഹനം നൽകിയിരുന്നു. വിവിധ തലങ്ങളിലും തരങ്ങളിലും ചോദ്യങ്ങളുമായി മുന്നേറാൻ അവിടന്ന് പ്രോത്സാഹിപ്പിച്ചു.
ഒരിക്കൽ റസൂൽ(സ്വ)യെ ഗ്രാമീണനായ ഒരു സ്വഹാബി സൽകരിച്ചു. സംതൃപ്തനായ നബി(സ്വ) അദ്ദേഹത്തോടു പറഞ്ഞു: താങ്കൾ എന്നെ വന്നു കാണണം.
പിന്നീട് അദ്ദേഹം തിരുദൂതരെ ചെന്ന് കണ്ടു. അപ്പോൾ അവിടന്ന് ആവശ്യപ്പെട്ടു: താങ്കളുടെ ആവശ്യം ചോദിച്ചോളൂ.
‘യാത്ര ചെയ്യാൻ ഒരു ഒട്ടകം, പാലിന് വേണ്ടി കുറച്ച് ആടുകളും.’ ഇതായിരുന്നു ആ സ്വഹാബിയുടെ സഹായാർത്ഥന.
അപ്പോൾ നബി(സ്വ) സ്നേഹ പൂർവം ഇങ്ങനെ നിർദേശിച്ചു: ബനൂഇസ്റാഈലിലെ വയോവൃദ്ധയെ പോലെ ചോദിക്കാമായിരുന്നില്ലേ?!
സമീപത്തുണ്ടായിരുന്ന മറ്റു സ്വഹാബിമാർക്ക് ആകാംക്ഷ: ബനൂഇസ്റാഈലീ വൃദ്ധയുടെ വിശേഷമെന്താണ് റസൂലേ?
തിരുനബി(സ്വ) വിവരിച്ചുകൊടുത്തു: ബനൂഇസ്റാഈൽ ജനതയുമായി മൂസാ നബി(അ) ഈജിപ്തിൽ നിന്ന് ഫലസ്ഥീനിലേക്ക് യാത്ര തിരിച്ചു. പക്ഷേ യാത്രാ മധ്യേ അവരൊന്നടങ്കം വഴി തെറ്റിപ്പോയി. തുടർന്ന് മൂസാ(അ) സഹയാത്രികരായ പണ്ഡിതരോട് കൂടിയാലോചന നടത്തി. ആ പണ്ഡിതർ ചൂണ്ടിക്കാട്ടിയത് ഇങ്ങനെയായിരുന്നു: യൂസുഫ് നബി(അ) ഞങ്ങളോട് ഒരു നിർദേശം വെച്ചിട്ടുണ്ട്. ഞങ്ങൾ ഈജിപ്ത് വിട്ടുപോവുകയാണെങ്കിൽ യൂസുഫ്(അ)മിന്റെ മയ്യിത്ത് കൂടെ കൊണ്ടുപോകണം. യൂസുഫ് നബി(അ)യുടെ പിതാക്കളായ യഅ്ഖൂബ് നബി(അ), ഇസ്ഹാഖ് നബി(അ) മുതലായവരുടെ കൂടെ ഖബറടക്കുന്നതിന് വേണ്ടിയായിരുന്നു ഈ നിർദേശം.
അപ്പോൾ മൂസാ(അ) ഒരു വയോവൃദ്ധയോട് യൂസുഫ് നബി(അ)യുടെ ഖബ്റിടത്തിലേക്കുള്ള വഴി കാണിക്കാനാവശ്യപ്പെട്ടു.
ആ സ്ത്രീ പറഞ്ഞു: വഴി ഞാൻ കാണിക്കാം, പക്ഷേ ഒരു നിബന്ധനയുണ്ട്. എനിക്ക് അങ്ങയുടെ കൂടെ സ്വർഗം വേണം.
മൂസാ നബി(അ) പരിഭ്രമിച്ചു പോയി. എന്നാൽ അല്ലാഹു മൂസാ(അ)നോട് കൽപ്പിച്ചു: താങ്കൾ അവർക്ക് ഉറപ്പു നൽകിക്കോളൂ.
തുടർന്ന് മൂസാ നബി(അ)യും ജനങ്ങളും ആ സ്ത്രീയുടെ കൂടെ ചെന്ന് യൂസുഫ് നബി(അ)യുടെ ഖബ്ർ കണ്ടെത്തുകയും തിരുശരീരം പുറത്തെടുക്കുകയും ചെയ്തു. തിരുജനാസയും വഹിച്ച് മൂസാ(അ)യും അനുയായികളും പുറപ്പെട്ടപ്പോൾ യാത്ര സുഗമമായി തീർന്നു. ഇമാം ഹാകിം(റ) ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇമാം ബുഖാരി(റ)യുടെയും ഇമാം മുസ്ലിമി(റ)ന്റെയും നിബന്ധനകൾ ഒത്തിണങ്ങിയ പ്രാബല്യം കൂടി ഉണ്ടെന്നും വ്യക്തമാക്കുന്നു. ഹാഫിളുദ്ദഹബി അതെല്ലാം സ്ഥിരീകരിച്ചിട്ടുമുണ്ട്. ആധുനിക സലഫീ നേതാവായ അൽബാനി പോലും ഈ ഹദീസിന്റെ പ്രാമാണികത അംഗീകരിച്ചിട്ടുണ്ട് (അസ്സിൽസിലതുസ്സ്വഹീഹ).
കൂടാതെ ഇമാം അബൂയഅ്ല, ഇമാം ത്വബ്റാനി, ഇമാം ഇബ്നു ഹിബ്ബാൻ(റ) തുടങ്ങിയ പ്രമുഖ ഹദീസ് പണ്ഡിതന്മാരും ഈ തിരുവചനം രേഖപ്പെടുത്തിട്ടുണ്ട്. മാത്രമല്ല, സൂറത്ത് മാഇദയിലെ ഇരുപത്തി ആറാം വാക്യത്തിന്റെ വ്യാഖ്യാനത്തിൽ ഈ നബിവചനം ഇമാം ത്വബരീ, ഇബ്നു കസീർ, ഖുർത്വുബീ മുതലായവർ ചേർത്തിട്ടുമുണ്ട്.
സ്വന്തം ആവശ്യം തിരുനബി(സ്വ)യുടെ മുന്നിൽ സമർപ്പിക്കാൻ അവസരം ലഭിച്ചാൽ ഒരു വിശ്വാസി എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഈ നബിവചനം സുതരാം വ്യക്തമാക്കുന്നു. അഥവാ, സ്വർഗ പ്രവേശം ഉൾപ്പെടെയുള്ള പാരത്രിക നേട്ടങ്ങളാണ് പ്രവാചകർ(സ്വ)യോട് ചോദിച്ചു വാങ്ങേണ്ടത്. സ്വഹാബീ പ്രമുഖനായ റബീഅത് ബിൻ കഅ്ബ്(റ) തിരുദൂതരോട് സ്വർഗത്തിലെ അത്യുന്നത സഹവാസം ചോദിച്ചു വാങ്ങിയ സംഭവം ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്നത് സുവിദിതമാണല്ലോ.
സുലൈമാൻ മദനി ചുണ്ടേൽ