കൃതികള്‍മനുഷ്യ കഥാനുഗായികള്‍എന്നാണല്ലോ. കവികളും അങ്ങനെ തന്നെ. അവരുടെ മനസ്സിനെ സ്വാധീനിക്കുന്ന എന്തും കവിതകള്‍ക്ക് വിഷയീഭവിക്കുന്നു. പ്രതിഷേധവും പ്രണയവും പ്രതീക്ഷയും വിരഹവും വിവശതയും വൃദ്ധിക്ഷയങ്ങളും മാറ്റങ്ങളും പ്രതിമാറ്റങ്ങളും സാംസ്കാരിക ചലനങ്ങളും ഭക്തിയും നിശ്ചലതകളുമൊക്കെ കവിതയില്‍ഒഴുകിപ്പരക്കുന്നു. തീക്ഷ്ണവും വശ്യവുമായ ഭാഷയില്‍അവര്‍കാലത്തെ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഭക്തി എക്കാലവും കവിതയുടെ അന്തര്‍ധാരയായിരുന്നു. വാക്കുകളുടെ സമുച്ചയങ്ങള്‍കൊണ്ട് കവികള്‍ആദരവിന്റെ ഉത്തുംഗങ്ങള്‍സൃഷ്ടിച്ചു. പ്രകീര്‍ത്തന കവിതകളുടെ പൊതു സ്വഭാവം അത് വൈയക്തികമായ ബോധ്യങ്ങളില്‍നിന്ന് ഉരുവം കൊള്ളുന്നുവെന്നതാണ്. പ്രകീര്‍ത്തനം ആദ്യം സംഭവിക്കുന്നത് കവിയുടെ മനസ്സിലാണ്. കവിതയില്‍അനാവരണം ചെയ്യപ്പെട്ടതിനേക്കാള്‍തീവ്രമായിരിക്കും കവിയുടെ മനോതലത്തില്‍അടയാളപ്പെട്ട വണക്കം. മനുഷ്യ കുലത്തെ നേരിന്റെ രാജപാതകളിലേക്ക് ആനയിച്ച പ്രവാചകനെക്കുറിച്ച് പറയുന്പോള്‍ലോകത്തുടനീളം, ലിപിയുളളതും ഇല്ലാത്തതുമായ ഭാഷകളിലെയൊക്കെ കവികള്‍വിനീതരാകുന്നത് അത്കൊണ്ടാണ്. ഭക്തി പ്രധാനമായ കാവ്യ ബിംബ പരിസരങ്ങളാല്‍ഇത്തരം കവിതകള്‍സന്പന്നമാണ്. നബി(സ്വ)യുടെ ജീവിതകാലത്ത് തന്നെ കേരളക്കരയില്‍വെളിച്ചം വിതറിയ ഇസ്‌ലാം ഇവിടുത്തെ കവികളെയും എഴുത്തുകാരെയും ചിന്തകരെയും ആഴത്തില്‍സ്വാധീനിച്ചതും പ്രചോദിപ്പിച്ചതും അത്ഭുതചിത്തരാക്കിയതും സ്വാഭാവികം. ആ സ്വാധീനം, പ്രചോദനം, അത്ഭുതം സാഹിത്യ സൃഷ്ടികളുടെ മൂശയിലേക്ക് ഒഴുകിയപ്പോള്‍മലയാളത്തില്‍മനോഹരമായ കാവ്യ ശില്‍പ്പങ്ങള്‍സംഭവിച്ചു. ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു.

സത്യ പ്രബോധനത്തിനിടക്ക് പ്രവാചകന്‍(സ്വ) അനുഭവിച്ച ക്രൂരമായ ആക്രമണങ്ങളെയും അവയെ സ്നേഹം കൊണ്ടും സ്ഥ്യൈം കൊണ്ടും മറികടന്ന സംഭവ പരന്പരകളെയും അനുസ്മരിപ്പിക്കുന്നതാണ് വള്ളത്തോളിന്റെ അല്ലാഹ് എന്ന കവിത. കവി പറയുന്നു:

കാല്‍ചുവട്ടിലി,ത്തിരിയൊന്നു തൊട്ടാല്‍

മുഴുക്കെപ്പൊള്ളിപ്പോമെരിമണല്‍പ്പുറം

തലക്ക് മീതെയോ കമഴ്ന്നു നിന്നു തീ

യൊളിവെയില്‍തൂകും നഭോ നെരിപ്പോട്

അരയില്‍തൂക്കിയൊരുടവാളാകുന്ന

പരിജനത്തോടൊത്തൊരുനാളില്‍മുന്നം

മനോജ്ഞവും പുണ്യായതനവുമായ

മദീനാക്കു പോകും മുഹമ്മദ് നബി

ചിരപ്രവൃദ്ധമാം തമസ്സകറ്റുവാന്‍

ധരയിലേക്കീശന്‍നിയോഗിച്ച സൂര്യന്‍

ദിവി നിര്‍ത്തപ്പെട്ട പുരാണ സൂര്യനാല്‍

വിവിക്തമാം പഥി തപിപ്പിക്കപ്പെട്ടു

തിരു നബി മരുപ്പച്ചയില്‍മയങ്ങുന്പോള്‍അക്രമി അവിടുത്തെ വാള്‍കൈക്കലാക്കുന്നു. നിരായുധനായ നബി തിരുമേനിയെ വധിക്കാനായുന്നതും “ഇപ്പോള്‍നിന്നെ ആര് രക്ഷിക്കുമെന്ന് കാണട്ടെയെന്ന്’ അലറുന്നതുമാണ് കവിതയിലെ പ്രതിപാദ്യം. എന്നെ കാക്കാന്‍അല്ലാഹു മതിയെന്ന വിശ്വാസ ദാര്‍ഢ്യത്തിന് മുന്നില്‍അക്രമി വിളറുകയാണ്. കൈയില്‍നിന്ന് വാള്‍ഊര്‍ന്നു പോകുന്നു. കേവല സംഭവവിവരണമല്ല കവി നടത്തുന്നത്. സംഭവത്തിന്റെ ചട്ടക്കൂട് ഉപജീവിച്ച് നബിതിരുമേനിയോടുള്ള ആദരവിന്റെ കാവ്യ പുഷ്പം വിരിയിക്കുകയാണ് മഹാകവി.

മുഹമ്മദിന്റെ തൃക്കഴുത്തു വെട്ടണം

മഹാമതത്തിന്റെ മുരടറുക്കണം

അഹോ വൈപരീത്യം! കൊലപാതകികള്‍

ക്കഭയസ്ഥാനങ്ങള്‍സുലഭം ലോകത്തില്‍;

പൊരുള്‍കാട്ടി നമ്മെ സ്സുജീവിതരാക്കും

ഗുരുവരന്‍മാര്‍ക്കോ പൊറുതിയില്ലെങ്ങും

എന്ന് നന്‍മ തിന്‍മകള്‍തമ്മിലുള്ള നിതാന്ത സമരത്തിന്റെയും സംഘര്‍ഷത്തിന്റെയും സാര്‍വലൗകികതയെ കവി അടയാളപ്പെടുത്തുന്നു. തിന്‍മകളുടെ ശക്തികള്‍എന്നും ബലവത്തും സുരക്ഷിതരുമായിരിക്കുമെന്നും നന്‍മയുടെ പക്ഷത്ത് സംസാരിക്കുന്നവര്‍ക്ക് “പൊറുതിയില്ലെ’ങ്ങുമെന്നും ശബ്ദ സുന്ദരനായ കവി പറഞ്ഞു വെക്കുന്നു. എത്ര ക്രൗര്യമാര്‍ന്ന, എത്ര സായുധമായ തിന്‍മയും നന്‍മയുടെ പ്രകാശത്തില്‍അപ്രസക്തമാകുന്ന പ്രതീക്ഷ പങ്കുവെച്ചു കൊണ്ടാണ് കവി പിന്‍വാങ്ങുന്നത്.

ചിരിയുള്‍ക്കൊണ്ടവന്‍ചെകുത്താന്റെ വായ്കൊ

ണ്ടൊരു ചോദ്യം ചെയ്താന്‍: “എടോ മുഹമ്മദേ

ഇതാ, നിന്‍വാള്‍താന്‍നിന്‍നിണം കുടിക്കയായ്

ഇതില്‍നിന്ന് നിന്നെയെവന്‍സംരക്ഷിക്കും?’

പ്രജകള്‍തന്‍കുറ്റം പൊറുത്തരുളുവാന്‍

ത്രിജഗതി പിതാവൊടു പലപ്പൊഴും

നിബിഡ പ്രേമത്താല്‍അപേക്ഷിച്ചു പോന്ന

നബിത്തിരുനാവിന്‍തലക്കല്‍നിന്നപ്പോള്‍,

ഗുരവധക്രിയക്കുഴറി നില്‍ക്കുമാ

ക്കരാളനും കൈവാള്‍വഴുതിപ്പോം വണ്ണം

അതിസന്ദിഗ്ധ ഭക്തി രസമൊഴുക്കി നി

ഷ്പതിച്ചത, “ല്ലാഹ്’ എന്നൊരു ചെറുപദം!

വിദ്വാന്‍സൂര്യനെഴുത്തച്ഛന്‍തന്റെ കവിതയില്‍നബിയുടെ ആകാരം വിവരിക്കുന്നുണ്ട്:

പരന്ന ഫാലദേശ, മുയര്‍ന്നു നീണ്ട നാസ

നിവര്‍ന്ന നെടുദേഹ, മെകര്‍ന്ന വിരിമാറും

ഉരുണ്ടു നീണ്ട ബാഹു, വിരുണ്ടു കൃപാരസം

പുരണ്ടു കാണാകുന്ന നീല നീണ്‍മിഴിരണ്ടും

കണ്ടാകിലാരും കൂപ്പുക്കൊണ്ടാടി വാഴുത്തുമാമ

ട്ടുണ്ടാകാന്‍പണിയുണ്ട് ദിവ്യചൈതന്യമാര്‍ക്കും

ആരത്, മുഹമ്മദോ! സംശയിക്കാനെന്തുള്ളൂ

പാരിതില്‍സ്ഥ്യൈം മൂര്‍ത്തിയെടുത്തു ചലിക്കുന്നോന്‍

കേരളത്തിലെ ഹൈന്ദവ സമൂഹത്തില്‍കൊടികുത്തി വാണ ജാതി വിവേചനത്തിന്റെ ക്രൗര്യമാണ് ശ്രീനാരായണ ഗുരുവിനെക്കൊണ്ട് “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നും “മതമേതായാലും മനുഷ്യന്‍നന്നായാല്‍മതി’യെന്നും പറയിപ്പിച്ചത്. ഇസ്‌ലാമിന്റെ സമത്വദര്‍ശനത്തിലും അതിന്റെ പ്രയോഗത്തിലും ഗുരുവിന് അഗാധമായ ആഭിമുഖ്യമുണ്ടായിരുന്നു. ഇസ്‌ലാമിലേക്ക് പരിവര്‍ത്തിതരായ അവര്‍ണര്‍മനുഷ്യരാകുന്നത് ഗുരു കണ്ടു. തന്റെ അനുചരരില്‍പ്രമുഖരായ സഹോദരന്‍അയ്യപ്പന്‍, കുമാരനാശാന്‍, ടി കെ മാധവന്‍തുടങ്ങിയവര്‍മതപരിവര്‍ത്തനത്തെക്കുറിച്ച് നാരായണ ഗുരുവിനോട് ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുന്നുണ്ട്. വസ്ത്രം മാറുന്നതിന്റെ ഉപമ ഉയര്‍ത്തി ഗുരു അതിനെ പ്രതിരോധിക്കുന്നു. പക്ഷേ തന്റെ കാവ്യ ലോകത്ത് അദ്ദേഹം നബി കീര്‍ത്തനം ഒരുക്കുന്നു. നാണു ആശാനെ ശ്രീ നാരായണ ഗുരുവാക്കുന്നത് ഈ വിശാലതയാണ്. ഗുരു എഴുതുന്നു:

ഒരു പീഡയുറുന്പിനും വരു

ത്തരുതുന്നുള്ളനുകന്പയും സദാ

കരുണാകര നല്‍കുള്ളില്‍നിന്‍

തിരുമെയ് വിട്ടകലാതെ

…………………

അരുളന്‍പനുകന്പ മൂന്നിനും

പൊരുളൊന്നാണിതു ജീവതാരകം

അരുള്ളുള്ളവനാണ് ജീവിയെ

ന്നുരുവിട്ടീടുകയീ നവാക്ഷരി

………………….

പരമാര്‍ഥ മുരച്ചു തേര്‍വിടും

പൊരുളോ? ഭൂതദയാക്ഷമാബ്ധിയോ?

സരളാദ്വയഭാഷ്യകാരനാം

ഗുരുവോയീ അനുകന്പയാണ്ടവന്‍?

എന്ന് ചോദിക്കുക വഴി ഇതെല്ലാമാണ് നബിയെന്ന് ഉറപ്പിച്ച് പറയുകയാണ് ഗുരു. ചോദ്യങ്ങള്‍ഉത്തരമാകുന്ന കാവ്യ കൗശലം.

ഇസ്‌ലാമിക ദര്‍ശനത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ഒരുപാട് എഴുതിയ കവിയും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്നു കവിതിലകന്‍പണ്ഡിറ്റ് കറുപ്പന്‍.

ആരുടെ ചിന്തയും വാണിയും വൃത്തിയും

നേരായിട്ടെപ്പോഴും ലാലസിച്ചു,

ജീവിത പന്ഥാവില്‍സോദര്യ സ്നേഹമാം

പൂവിന്റെ സൗരഭ്യം ചേര്‍ത്തതാരോ,

നിസ്തീമ ഭവ്യത്തില്‍ചെങ്കൊടി പാറിടും

ഇസ്‌ലാമികാദര്‍ശ കോട്ടയിന്നും

യാതൊരു സിദ്ധന്റെ സിദ്ധാന്ത പാറമേല്‍

ആതങ്കമെന്നിയേ ശോഭിക്കുന്നൂ,

അഘേതരശീലനാകും “മുഹമ്മദ്’

ദീര്‍ഘ ദര്‍ശീന്ദ്ര നാമം മഹാത്മാ

ആയുരന്തക്കാല പാഴകൊടും കൈകളില്‍

ആയതനിദ്രയെ സ്വീകരിച്ചു

എന്നാണ് നബി തങ്ങളുടെ വിയോഗത്തെ കുറിച്ച് കവിതിലകന്‍പാടുന്നത്.

ജി ശങ്കരക്കുറുപ്പിന്റെ ദിവ്യ പുഷ്പം എന്ന കവിത മനോഹരമായ കല്‍പ്പനകളാല്‍സന്പന്നമാണ്. സത്യത്തിന്റെ വെളിച്ചവും സുഗന്ധവും സര്‍വജനീനതയും അതില്‍അനാവൃതമാകുന്നു. കവി പറയുന്നത് നോക്കൂ:

ഉണരുക മാനസ മധുപമേ നിന്‍ചിറ

കിണര്‍വിടര്‍ത്തിടുക പൊങ്ങുക നീ

അലയടിച്ചിടുന്നതിന്തരീക്ഷത്തിന്റെ

ചലനത്തിലൊക്കെയുമൊരു സുഗന്ധം,

മദകരം സുഖകരമഭിനവ ചൈതന്യ

മവനിക്കരുളുമൊരു സുഗന്ധം,

പടരുമീ പരിമളമേതൊരു ദിവ്യമാം

പനിനീരലരിന്റെയായിരിക്കാം?

ക്ഷിതിതലമുജ്ജ്വല ശാന്തിതന്‍രേണുവാല്‍

പൊതിയുമാപുഷ്പമേതായിരിക്കാം?

കുതുകിത താരകങ്ങളൊന്നു മുകരുവാന്‍

കുനിയുമാ കുസുമമേതായിരിക്കാം?

പലശതകങ്ങള്‍ക്ക് കോള്‍മയിര്‍ചേര്‍ത്തൊരാ

മലരു കുരുത്തതെങ്ങായിരിക്കാം?

മനുജമാര്‍ഗങ്ങളില്‍തേന്‍ചൊരിഞ്ഞീടുമാ

മലരുവിരിഞ്ഞത് എങ്ങായിരിക്കാം?

………………

അതിരുകളൊന്നും വകവെച്ചിടാതെത

ന്നിതളുകളേതു പരം വിടര്‍ത്തി,

“നബി’തന്നനുഭവത്തിന്റെ തടത്തിലാ

നറുമലരെന്നോ വിരിഞ്ഞു പോലും

വളരെ നാളായി തളര്‍ന്നു കിടന്നതാ

മിളയാം മനോഹരമായ പൂവില്‍,

നിരുപമ താരക പൂവനമേതൊരു

തിരുമേനി തന്‍വകയെന്ന് ചൊല്‍വൂ

അനുപമ സ്നേഹനാമവിടുന്നു നല്‍കിയോ

രടയാള വാക്കൊന്നു കണ്ടുപോലും

ഉണരുക മാനസ മധുപമേ നിന്‍ചിറ

കിണവിടര്‍ത്തിടുക, പൊങ്ങുക നീ

പ്രകീര്‍ത്തനത്തിന്റെ കാവ്യവഴികള്‍അനന്തമായി നീളുക തന്നെയാണ്. ഭാഷ, കാല, ദേശാതിര്‍ത്തികള്‍ഭേദിച്ച് അവ പരന്നൊഴുകുന്നു. അവയിലൂടെ കടന്ന് പോകുന്പോള്‍നാം കൂടുതല്‍വിനീതരാകുന്നു. കൂടുതല്‍സൂക്ഷ്മാലുക്കളും സൗമമനസ്കരുമാകുന്നു.

മുസ്തഫ പി. എറയ്ക്കല്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ