എനിക്ക് നരകമാണിഷ്ടം അവടെന്റെ പോലത്ത കൊറെ ചെങ്ങായിമാരുണ്ടാവ്വോല്ലോ? തീരെ കുടിക്കാത്തവരോടെപ്പം സ്വര്‍ഗത്തില്‍ പാര്‍ക്ക്ണതിന് ഒരു രസോണ്ടാവൂല. പിന്നെയ്, നിങ്ങള്‍ നിങ്ങളെ പടച്ചോനോടു പറഞ്ഞ് ഞാന്‍ നില്‍ക്കുന്ന ഭാഗൊന്ന് സ്വര്‍ഗാക്കി ത്തരാന്‍ പറഞ്ഞാലും മതി. ന്നാലും അടുത്ത് കുടിയന്‍മാരെ കിട്ട്വോലോ….
മദ്യപാനത്തെകുറിച്ച് ഒരു മുസ്‌ലിം പേരുകാരനോടു സംസാരിച്ചപ്പോള്‍ അയാളുടെ പ്രതികരണമാണ് മുകളിലുദ്ധരിച്ചത്. ഹറാം എന്നതില്‍ നിന്ന് മതനിഷേധമെന്ന മഹാ അപരാധത്തിലേക്ക് മദ്യപാനം കൊണ്ടുചെല്ലുന്നതാണിത്. മദ്യപാനം എല്ലാ തിന്‍മകളുടെയും മാതാവാണെന്ന തിരു വചനം ഓര്‍ക്കുക.
ഓണത്തലേന്നാള്‍ രാത്രി തലശ്ശേരിയില്‍ നിന്ന് നിറയെ ആളുകളുള്ള ഒരു ബസില്‍ കയറേണ്ടിവന്നു. മാഹിയിലെത്തിയപ്പോള്‍ പതിവുപോലെ കുറേ ആളുകള്‍ നാലു കാലില്‍ ബസില്‍ കയറി. കൂട്ടത്തില്‍ ഒരു ചെറുപ്പക്കാരന്‍ രണ്ടു വലിയ കുപ്പികളുമായി കയറി ഒരു സീറ്റില്‍ ഒപ്പിച്ചിരുന്നു. വഴി മധ്യേ ഒരു വന്‍ ശബ്ദം കേട്ടാണ് അര്‍ധമയക്കത്തിലായ യാത്രക്കാര്‍ ഞെട്ടിയുണര്‍ന്നത്. കുപ്പിക്കാരന്‍ അതു രണ്ടും താഴേക്കിട്ട് പൊട്ടിച്ചിരിക്കുന്നു. ബസിലാകെ രൂക്ഷഗന്ധം പരത്തി മദ്യം പതഞ്ഞൊഴുകുന്നു. കാലു നിലത്തു വെക്കാനാവാതെ മദ്യ സ്നേഹികള്‍ പോലും നിന്നു കിതക്കുമ്പോള്‍, തീരെ അതിന്റെ വാസനപോലുമേല്‍ക്കാത്തവരുടെ നരകാവസ്ഥ ഓര്‍ത്തുനോക്കുക. ഒന്നു സ്ഥലം മാറിനില്‍ക്കാന്‍ പോലുമിടമില്ലാത്ത തപ്ത യാത്രയാകയാല്‍ പ്രത്യേകിച്ചും.
മദ്യം ഒരു സമൂഹത്തെ എത്രമേല്‍ അധഃപതിപ്പിക്കുന്നു വെന്നതിന്റെ രണ്ടുദാഹരണങ്ങള്‍. ഓണാഘോഷവുമായി ബന്ധപ്പെട്ട് വേറെയും ലഹരിക്കാഴ്ച്ചകള്‍ കണ്ടു. കേരളം പൊതുവെയും യുവത പ്രത്യേകിച്ചും കാലുറക്കാതെയാവുന്നുവോഎന്ന് സംശയിച്ചു പോവുകയാണ്.
മദ്യമൊഴുക്കിലാഭം കൊയ്യുന്ന ഭരണാധികാരികളാണ് ഇവിടെ ഒന്നാം പ്രതികള്‍. പ്രജകള്‍ ഉരുകിച്ചത്താലും അവര്‍ക്ക് വേണ്ടത് പണമാണ്. മക്കളെ അഴിഞ്ഞാട്ടത്തിനു വിടുന്ന രക്ഷിതാക്കള്‍ രണ്ടാം പ്രതികളാകുന്നു. സ്വപുത്രരോടൊന്നിച്ച് മദ്യപിക്കുന്ന രക്ഷിതാക്കള്‍ പോലുമുണ്ടിവിടെ. സിനിമയും സീരിയലുമൊക്കെ ഇതിനു പ്രചോദനമാകുന്നു. എന്തു വിഷമമുണ്ടായാലും മദ്യത്തില്‍ സമാധാനം കണ്ടെത്തുന്ന ധീരനായകനായി അഭിനയിക്കുക മാത്രമല്ല; വൈകീട്ടത്തെ പരിപാടി ചോദിച്ച് കുടിക്കാരനാവാന്‍ പ്രേരിപ്പിക്കുക കൂടി ചെയ്യുന്ന സിനിമാതാരങ്ങളും പ്രതിസ്ഥാനത്തു വരുന്നുണ്ട്. എന്തൊക്കെയായാലും മനുഷ്യര്‍ ജീവിച്ചിരിക്കാത്ത ഒരു നാടായി കേരളം മാറുന്നതിനു മുമ്പ് നാം ഉണര്‍ന്നു പ്രവര്‍ത്തിച്ചേ പറ്റൂ.