ആറു പതിറ്റാണ്ടിന്‍റെ നിസ്തുലമായ കര്‍മ പാരമ്പര്യം സമൂഹമധ്യേ പ്രതിഫലിപ്പിച്ചും നാടും നഗരവും അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചും സുന്നി സംഘശക്തി കാഴ്ചവെച്ച എസ്വൈഎസ് അറുപതാം വാര്‍ഷിക സമ്മേളനവും സമ്മേളനം മുന്നോട്ടുവെച്ച ആശയങ്ങളും സംരംഭങ്ങളും ഏറെ പ്രതീക്ഷയോടെയാണ് പ്രസ്ഥാനബന്ധുക്കളും പൊതുജനങ്ങളും ഏറ്റെടുത്തത്. അതില്‍ ഏറെ ശ്രദ്ധേയമായത് സുന്നി പ്രസ്ഥാനത്തിന് പുതിയൊരു ബഹുജന സംഘടന എന്ന പ്രഖ്യാപനമായിരുന്നു.

പ്രതീക്ഷിച്ച പോലെ തന്നെ സാമൂഹിക മണ്ഡലത്തിന്‍റെ വിവിധ കോണുകളില്‍ ആ പ്രഖ്യാപനം പ്രകമ്പനങ്ങളുണ്ടാക്കി. പ്രഖ്യാപനത്തെ തെല്ലലോസരത്തോടെ കേട്ടവര്‍ അതിന് രാഷ്ട്രീയ നിറം ചാര്‍ത്തി വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു. അപ്പോഴും ഒരു നൂറ്റാണ്ടോളമായി സുന്നി സംഘ കുടുംബം നിര്‍വഹിച്ചുപോന്ന സുതാര്യമായ പ്രബോധന ദൗത്യത്തിന് നേര്‍സാക്ഷ്യം വഹിച്ച പ്രബുദ്ധ കേരളം സുന്നി ബഹുജന സംഘടനയെ ഇരുകൈയും നീട്ടി വരവേല്‍ക്കാന്‍ കാത്തിരുന്നു.

ഇപ്പോള്‍ കാത്തിരിപ്പിനറുതിയായിരിക്കുന്നു. സമൂഹത്തിന് ധാര്‍മിക ദിശാബോധം നല്‍കാന്‍ പുതിയ സംഘശക്തിയായി ‘കേരള മുസ്ലിം ജമാഅത്ത്’ പിറവിയെടുത്തു കഴിഞ്ഞു.

സ്വഹാബാക്കളില്‍ തുടങ്ങി സാദാത്തുക്കളും മഖ്ദൂമുമാരും പണ്ഡിത പ്രതിഭകളും ഏറ്റെടുത്ത് നിര്‍വഹിച്ചുവന്ന ഇസ്ലാമിക പ്രബോധന ദൗത്യത്തിന്‍റെ പിന്തുടര്‍ച്ചയായി കര്‍മരംഗത്തുവന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങള്‍ പ്രബോധനം ചെയ്യാന്‍ 1954-ലാണ് സമസ്ത കേരള സുന്നി യുവജന സംഘം (എസ്വൈഎസ്) രൂപീകരിക്കപ്പെട്ടത്. കേരളീയ നവോത്ഥാന ചരിത്രത്തിലെ ഒരു അനിവാര്യ നിയോഗം തന്നെയായിരുന്നു ഇത്. പേരില്‍ യുവജനമെങ്കിലും പ്രസ്ഥാനത്തിന്‍റെ ബഹുജന മുഖവും ജനകീയ ഘടകവുമായാണ് എസ്വൈഎസ് നിലയുറപ്പിച്ചത്.

സാഹചര്യങ്ങളുടെ അനിവാര്യത എസ്വൈഎസ് യുവതയുടെ ധാര്‍മിക ചാലക ശക്തിയായി തുടരാനും ബഹുജനങ്ങള്‍ക്കിടയില്‍ പുതിയൊരു ഇടപെടലിനും അവസരമൊരുക്കിയിരിക്കുന്നു. 60 വര്‍ഷം കൊണ്ട് ഇത്രമാത്രം വിപുലമായ സേവനങ്ങള്‍ സമര്‍പ്പിക്കാന്‍ അമ്പതുകളിലെ ആ ദീര്‍ഘവീക്ഷണത്തിനും തുടര്‍ നീക്കങ്ങള്‍ക്കുമായെങ്കില്‍, അനുഭവങ്ങളെ പാഠമാക്കി പ്രസ്ഥാനം ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ എത്രമാത്രം പ്രതിഫലനങ്ങളുണ്ടാക്കുമെന്ന് പറഞ്ഞറിയിക്കേണ്ടതില്ല.

മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളില്‍ സംഘടനകളുടെ വേലിയേറ്റം തന്നെയുള്ള നമ്മുടെ നാട്ടില്‍ ഇനിയുമൊരു സംഘടന ആവശ്യമുണ്ടോ എന്ന ചോദ്യത്തിനും അനുബന്ധ ചര്‍ച്ചകള്‍ക്കും പ്രസക്തിയേതുമില്ല. സംഘടനാ ബാഹുല്യത്തിനിടയില്‍ മുസ്ലിം ജമാഅത്ത് എങ്ങനെ വേറിട്ടു നില്‍ക്കുന്നുവെന്നതാണ് പ്രശ്നം. നമ്മുടെ സാമൂഹിക ഘടന ഏറെ അധഃപതിച്ചതു കൊണ്ടാണ് അത്തരം സന്ദേഹങ്ങളുയരുന്നത്. എന്തിനും ഏതിനും കക്ഷിരാഷ്ട്രീയ നിറം നല്‍കല്‍, സാമുദായിക ചേരിതിരിവുകള്‍ കല്‍പിക്കല്‍, വര്‍ഗീയമാനം, സ്വജനപക്ഷപാതം… ഇങ്ങനെ ധ്രുവീകരണത്തിന്‍റെയും നിഷേധാത്മക നിലപാടുകളുടെയും അരങ്ങായി മാറിയിരിക്കുന്നു നമ്മുടെ പൊതു ചിന്താമണ്ഡലം.

കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിക്കാന്‍ പോലും അനുവദിക്കാത്ത വിധം ജനം ഷണ്ഡീകരിക്കപ്പെടുകയാണിവിടെ. മുസ്ലിം ജമാഅത്ത് രൂപപ്പെടുമ്പോള്‍ ചില സംഘടനകളും മീഡിയകളുമൊക്കെ പ്രകടിപ്പിച്ച ആശങ്കയും ഉത്കണ്ഠയുമെല്ലാം ഇതിന്‍റെ ഭാഗമായിരുന്നു. മുസ്ലിം ജമാഅത്ത് പ്രഖ്യാപന സമ്മേളനത്തില്‍ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഉന്നയിച്ച ചോദ്യം വളരെ പ്രസക്തമാണ്:

‘കക്ഷിരാഷ്ട്രീയത്തിനപ്പുറം ഇവിടെ ഒന്നുമില്ലേ, ഒന്നും ആയിക്കൂടെന്നുണ്ടോ? അതിനുമപ്പുറം സമൂഹത്തില്‍ എന്തൊക്കെ കാര്യങ്ങളുണ്ട് ചെയ്യാനായി?’

നാടിന്‍റെയും ജനങ്ങളുടെയും പുരോഗതിയും വികാസവും ലക്ഷ്യമാക്കിയുള്ള സ്വതന്ത്രവും നീതിയുക്തവുമായ സമുന്നത രാഷ്ട്രീയ വീക്ഷണങ്ങളാണ് രാജ്യത്തിന് അത്യന്താപേക്ഷിതമായിട്ടുള്ളത്. മമ്പുറം തങ്ങളും ഉമര്‍ഖാളിയും മഖ്ദൂമുമാരും(റ.ഹും) പകര്‍ന്ന രാഷ്ട്രീയ പാഠങ്ങളിതാണ്. ഈ നിലപാട് തന്നെയാണ് സുന്നി പ്രസ്ഥാനം എന്നും ഉയര്‍ത്തിപ്പിടിക്കുന്നത്. പക്ഷേ, ഇന്ന് എല്ലാം പാര്‍ട്ടി, പണ ആധിപത്യ കീഴ്വഴക്കങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും വഴിമാറിയിരിക്കുന്നു.

ബഹുജനങ്ങള്‍ക്കിടയില്‍ ധാര്‍മിക ഇടപെടലിന്‍റെ ആവശ്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഭൗതികാതിപ്രസരവും പൊങ്ങച്ചവും തെരുവാഭാസങ്ങളും നിറഞ്ഞ ജീവിതക്രമമാണിന്ന്. മൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു. ലാഭക്കൊതിയുടെ കാലം. പ്രതിബദ്ധതയും സ്നേഹവും സൗഹാര്‍ദവും കരുണയും അന്യം നിന്നുകൊണ്ടിരിക്കുന്നു. ആദര്‍ശമോ മതനിയമങ്ങളോ ആശയങ്ങളോ ഒന്നിനും മാനദണ്ഡമല്ലാതാകുന്നു. ആരെയും അനുസരിക്കാത്ത, ആര്‍ക്കും വിധേയരാവാത്ത, അച്ചടക്കമില്ലാത്ത തലമുറ വളര്‍ന്നുവരുന്നു. ഫലമോ, നാട്ടിലുടനീളം അക്രമവും അനീതിയും അരാജകത്വവും.

വര്‍ഗീയതയും ചേരിതിരിവുകളും വ്യാപിപ്പിക്കുകയാണ്. ഭരണകൂടങ്ങള്‍ പോലും ഭീകരതയുടെ പ്രയോക്താക്കളാകുന്നു. നാടിനെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ജനം ജാഗരൂകരാകുക മാത്രമേ പ്രതിവിധിയുള്ളൂ. പക്ഷേ, ജനസഞ്ചയത്തെ നന്മയിലേക്ക് വഴിനടത്താന്‍ നാം ഇതുവരെ ആവിഷ്കരിച്ച് നടപ്പിലാക്കിയ സംഘടനാ രീതികള്‍ ഫലപ്രദം തന്നെയായിരുന്നുവെങ്കിലും പൂര്‍വോപരി വിജയപ്രദമാക്കാനും സമ്പൂര്‍ണതയിലേക്കെത്തിക്കാനും ഇനിയും വ്യവസ്ഥാപിത ശ്രമങ്ങള്‍ ആവശ്യമാണ്.

ഇവിടെയാണ് കേരള മുസ്ലിം ജമാഅത്തിന്‍റെ സാന്നിധ്യം പ്രസക്തമാകുന്നത്. ഓരോ ഗ്രാമത്തിലും മുസ്ലിം മഹല്ലുകളിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കുമിടയിലും നിരന്തര ബോധവത്കരണവും ഇടപെടലും അത്യന്താപേക്ഷിതമാണെന്ന് പൂര്‍വികരുടെ നവോത്ഥാന വഴിയില്‍ സക്രിയമായി ചലിക്കുന്ന സുന്നി സംഘ നേതൃത്വം മനസ്സിലാക്കുന്നു.

നമ്മുടെ സാമൂഹ്യ, സാംസ്കാരിക മണ്ഡലം അരക്ഷിതമായിക്കൂടാ. ആഘോഷങ്ങളും ആചാരങ്ങളും തെരുവാഭാസങ്ങളുമാകരുത്. സര്‍വോപരി മുഹമ്മദ് നബി(സ്വ) പഠിപ്പിച്ച ആശയാദര്‍ശങ്ങള്‍ ഭൗതികാസക്തിയുടെ മറവില്‍ ബലി കഴിക്കപ്പെടുന്നത് തടയുകയും വേണം. യൗവനം നിഷ്ക്രിയമാകരുത്. യുവാക്കള്‍ നാടിനും നാട്ടുകാര്‍ക്കും ശാപമാവുകയുമരുത്. കക്ഷി രാഷ്ട്രീയം ഭ്രാന്തായി മാറി നാടിനെ പിറകോട്ടു നയിക്കുന്ന സാഹചര്യം ദുരന്തമേ സമ്മാനിക്കൂ.

അതിനാല്‍ എല്ലാ മേഖലയിലും ഒരു തിരുത്താവശ്യമാണ്. അവ്വിധമുള്ള ഒരിടപെടലിലൂടെ സമൂഹത്തിന് ദിശാബോധം നല്‍കാനും നന്മയിലേക്ക് വഴിനടത്താനും സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ് ബഹുജന സംഘടനയുടെ രൂപീകരണത്തിന് കളമൊരുക്കിയത്. ഈ ചുവട് പിഴക്കുകയില്ലെന്നുറപ്പാണ്. ഇത്തരം നീക്കങ്ങളും നിലപാടുകളും സങ്കുചിത താല്‍പര്യം വെച്ചുപുലര്‍ത്തുന്നവര്‍ക്ക് ഭീഷണിയാവുക സ്വാഭാവികം മാത്രം. എസ്വൈഎസിന്‍റെ പിറവിയിലും പ്രയാണത്തിലും തുടക്കം തൊട്ടേ പൊറുതികേട് കാണിച്ചവരുണ്ടായിരുന്നല്ലോ. എന്നാല്‍ അവയെല്ലാം അല്‍പായുസ്സുകളായിരുന്നുവെന്നു ചരിത്രം. ധാര്‍മിക മുന്നേറ്റം അധര്‍മത്തിനും അധര്‍മകാരികള്‍ക്കും എന്നും വെല്ലുവിളിയാകും. വെളിച്ചം ഇരുട്ടിന് ശത്രുവാകുന്നതു പോലെ. കൂരിരുട്ടില്‍ നിന്നുള്ള അട്ടഹാസത്തിന്‍റെ അലയൊലികള്‍ തന്നെയാണ് നമ്മളിപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത്.

ധാര്‍മികതയില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഈ മുന്നേറ്റത്തിന്‍റെ ഗുണകാംക്ഷികളാവാം; സഹയാത്രികരും. 2016 ഫെബ്രുവരിയോടെ മുസ്ലിം ജമാഅത്തിന്‍റെ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. അതോടെ എസ്വൈഎസ് അറുപതാം വാര്‍ഷികം മുന്നോട്ടുവെച്ച ക്രിയാത്മക നിര്‍ദേശങ്ങള്‍ നെഞ്ചേറ്റി പുതിയ ചക്രവാളങ്ങള്‍ ജയിച്ചടക്കാനുള്ള സുന്നി സംഘശക്തിയുടെ കുതിപ്പിന് വേഗത കൂടും. ഭാവിയില്‍ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാവാത്ത മഹാപ്രവാഹമായി പ്രസ്ഥാനം മാറുക തന്നെ ചെയ്യും.

എസ്വൈഎസ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സമാപിച്ച് പുനഃസംഘടനാ ഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇതിനൊപ്പം തന്നെയാണ് മുസ്ലിം ജമാഅത്തിന്‍റെ പിറവിയും. അണിയറയില്‍ എല്ലാം കൃത്യമായി നടന്നുവരുന്നു. നവംബര്‍ 1-30 കാലയളവില്‍ ആറായിരത്തിലേറെ പ്രദേശങ്ങളെ പ്രതിനിധാനം ചെയ്ത് എസ്വൈഎസ് പുനഃസംഘടിപ്പിക്കപ്പെടുമ്പോള്‍ അനുബന്ധമായി അത്രയും ബഹുജന യൂണിറ്റുകള്‍ കൂടി നിലവില്‍ വരും. തുടര്‍ന്ന് സര്‍ക്കിള്‍, സോണ്‍, ജില്ലാ ഘടകങ്ങളും. ഫെബ്രുവരിയില്‍ സുശക്തമായ സംസ്ഥാന ഘടകവും രൂപീകൃതമാകും.

അതോടെ കേരളത്തിന്‍റെ ആധികാരിക പണ്ഡിത സഭക്കു കീഴില്‍ സുന്നി സംഘ ശക്തിയുടെ ബഹുജന ഘടകവും നേതൃത്വവുമായി കേരള മുസ്ലിം ജമാഅത്ത് പ്രയാണം തുടങ്ങും. നാടിന്‍റെയും ജനതയുടെയും ജീവത്തുടിപ്പുകളായ യുവതയുടെ ചാലക ശക്തിയായി എസ്വൈഎസും വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രതീക്ഷയായി എസ്എസ്എഫും പുറമെ മറ്റു പോഷക ഘടകങ്ങളും മുന്നേറ്റം തുടരും.

ഈ കുതിച്ചു ചാട്ടം മതപരിഷ്കരണ വാദികളെ കൂടുതല്‍ അലോസരപ്പെടുത്തുമെന്നുറപ്പാണ്. പൊതുജനത്തെ സങ്കുചിത കക്ഷിരാഷ്ട്രീയ ചാപല്യങ്ങളില്‍ തളച്ചിടാന്‍ ശ്രമിക്കുന്നവര്‍ക്കും തിരിച്ചടിയാകും. മതമൂല്യങ്ങളെ നിരാകരിക്കാന്‍ പ്രേരിപ്പിക്കുന്നവരുടെ ആശങ്കകള്‍ വര്‍ധിക്കും. തീവ്രവാദവും ഭീകരവാദവും വിപണനം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് കൂടുതല്‍ അലോസരങ്ങളുണ്ടാക്കും. മതത്തെ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും ഭൗതിക ശക്തികള്‍ക്കും തീറെഴുതിക്കൊടുത്ത് സുന്നി പ്രസ്ഥാനത്തിനും നേതൃത്വത്തിനുമെതിരെ നിരന്തരമായി ഓരിയിടുന്ന ചില അപരിഷ്കൃത വര്‍ഗക്കാരുണ്ടിവിടെ. അവര്‍ക്ക് കൂടുതല്‍ പ്രഹരം സൃഷ്ടിക്കും. നാടിന്‍റെ നന്മയാഗ്രഹിക്കുന്നവരും സമൂഹത്തിന്‍റെ ധാര്‍മികത കൊതിക്കുന്നവരും ഈ മഹാമുന്നേറ്റത്തിനു നേര്‍സാക്ഷികളാവാനും കരുത്തു പകരാനും സര്‍വസജ്ജരായിരിക്കുക.

മുഹമ്മദ് പറവൂര്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ