സാംസ്‌കാരിക നവോത്ഥാനത്തിന്റെ അച്ചുതണ്ടായി വർത്തിച്ചിരുന്നത് അക്ഷരങ്ങളായിരുന്നു. വൈജ്ഞാനിക ആദാനപ്രദാനങ്ങൾക്ക് ഭാഷയും ലിപിയും രചനയുമാണ് മുഖ്യമാധ്യമം. പ്രവാചകരുടെ നിയോഗംതന്നെ അക്ഷര വിപ്ലവത്തിന്റെ തുടക്കമായിരുന്നു. അതൊരു മഹാപ്രവാഹമായി ഇവിടമാകെ പരന്നൊഴുകി. അതിൽ നിന്ന് ജലസേചനം നടത്തിയാണ് ഇന്ന് കാണുന്ന നാനാവിധ ടെക്‌നോളജികളെയും മുളപ്പിച്ചെടുത്തത്. അക്ഷര പഠനവും ജ്ഞാനവ്യവഹാരവും ജനകീയമാക്കിയത് മുസ്‌ലിംകളാണ്. അവർണന് അക്ഷരം പഠിക്കാൻ അർഹതയുണ്ടായിരുന്നില്ലല്ലോ. അക്ഷരപഠനം ശിക്ഷാർഹമായ കഠിന പാപമായിരുന്നു അവരെ സംബന്ധിച്ചിടത്തോളം. ഇസ്‌ലാമിന്റെ കടന്നുവരവോടുകൂടി ജാതീയമായ ഉച്ചനീചത്വങ്ങൾ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. മലയാള ഭാഷയ്ക്ക് സ്വന്തമായി ലിപിയുണ്ടാക്കി അവർ ആര്യാധിപത്യത്തെ തിരുത്തിയെഴുതി. സാമുദായിക സ്വത്വബോധം വളർത്തി സാംസ്‌കാരികവും വൈദേശികവുമായ അധിനിവേശത്തെ ചെറുത്തുതോൽപ്പിക്കാൻ പോർ നിലമൊരുക്കിയത് ഈ അക്ഷര വിപ്ലവമായിരുന്നു.

അറബിമലയാളം

ലിപിയെ അടിസ്ഥാനപ്പെടുത്തി ‘മാപ്പിളമലയാള’ത്തിനു നൽകിയ പേരാണ് അറബിമലയാളം. മലയാള ഭാഷയ്ക്ക് ആധുനിക ലിപി രൂപപ്പെടുന്നതിനു മുമ്പ് അറബിമലയാളം പിറവിയെടുത്തിട്ടുണ്ടെന്നതിൽ തർക്കമില്ല. ചുരുങ്ങിയത് നാലു നൂറ്റാണ്ടുകളുടെയെങ്കിലും പഴക്കം ഈ ഭാഷാ രൂപത്തിനുണ്ട്. മലയാള ഭാഷയായിട്ടു തന്നെയാണ് അന്നതിനെ കണ്ടിരുന്നത്. പിന്നീട് മലയാളത്തിന് ആര്യൻ ലിപി കണ്ടെത്തുകയും അതിന് ഔദ്യോഗിക പരിവേഷം കിട്ടുകയും ചെയ്തതോടെ എല്ലാവർക്കും അത് സ്വീകരിക്കേണ്ടിവന്നു. ആര്യൻ ലിപിയുടെ കടന്നുവരവോടെ പാർശ്വവൽക്കരിക്കപ്പെട്ട അറബി ലിപിയിലുള്ള മലയാളത്തെ മാപ്പിളമലയാളം എന്നും അറബിമലയാളം എന്നും വിളിച്ചു തുടങ്ങി.

ബോധപൂർവമോ അല്ലാതെയോ അറബിമലയാളത്തെ മണിപ്രവാള ഭാഷയാക്കി ചുരുക്കിക്കെട്ടാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നുണ്ട്. മുഹ്‌യിദ്ദീൻ മാലയിലെ മുത്തും മാണിക്യവും എന്ന പ്രയോഗമാണ് അതിന് ഉപോൽബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രസ്തുത വരികൾക്കു മുമ്പോ ശേഷമോ ഭാഷയെ കുറിച്ചുള്ള ഒരു സൂചനപോലും ഖാളി മുഹമ്മദ് നൽകുന്നില്ല. എന്നതിനാൽ വിജ്ഞാന മുത്തുകളും മാണിക്യങ്ങളും എന്നേ അദ്ദേഹം അതുകൊണ്ട് വിവക്ഷിച്ചിരിക്കാൻ തരമുള്ളൂ. മറ്റു ചില അസാംഗത്യങ്ങൾ കൂടി ഈ പ്രയോഗത്തിനുണ്ട്.

മഖ്ദൂമുമാരുടെ സുവർണകാലത്താണ് അറബിമലയാളത്തിന് ശ്രദ്ധേയമായ ഇടം ലഭിക്കുന്നത്. ആദ്യകാല അറബിമലയാള ഗ്രന്ഥങ്ങളിലും ലിപി പരിഷ്‌കരണങ്ങളിലും പൊന്നാനി ബന്ധം കാണാം. ഖാളി മുഹമ്മദും കുഞ്ഞായിൻ മുസ്‌ലിയാരുമെല്ലാം പൊന്നാനി ദർസിന്റെ സന്തതികളായിരുന്നുവല്ലോ. കായൽപട്ടണവുമായുള്ള ബന്ധം കാരണം മഖ്ദൂമുമാരുടെ വാമൊഴിയിൽ തമിഴ് സ്വാധീനമുണ്ടായിരുന്നു. പ്രാചീന അറബിമലയാള സാഹിത്യങ്ങളിൽ പ്രകടമായി കാണുന്ന തമിഴ് ചുവക്ക് അതാണ് നിമിത്തം. ‘അർവിത്തമിഴി’നു പകരം അവരിവിടെ ‘അർവിമലയാളം’ രൂപപ്പെടുത്തുകയായിരുന്നു എന്നുവേണം അനുമാനിക്കാൻ.

അറബിമലയാളത്തിന്റെ വ്യാപനത്തോടെ മുസ്‌ലിംകളുടെ ജ്ഞാനമണ്ഡലത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായി. ഇന്ത്യയിലെ ഒരു നാട്ടുഭാഷക്കും അവകാശപ്പെടാൻ കഴിയാത്തവിധം അതിവിപുലവും ബൃഹത്തുമായ ഗ്രന്ഥസമുച്ചയം രൂപംകൊണ്ടു. ആര്യൻ ലിപിയുടെ അധിനിവേശത്തോടെ അതിനെ ശ്രേഷ്ഠ ലിപിയായി കണ്ട് ചുവടുമാറ്റിയ മക്തിതങ്ങളെ പോലുള്ളവർക്ക് ശ്രേഷ്ഠ മലയാളത്തിൽ ആനുകാലികങ്ങൾ പ്രസിദ്ധീകരിച്ച് എട്ടുനിലയിൽ പൊട്ടി അറബി ലപിയിലേക്ക് തന്നെ തിരിച്ചുവരേണ്ടി വന്നുവെങ്കിൽ അറബിമലയാളത്തിന് മാപ്പിളമാർക്കിടയിൽ ഉണ്ടായിരുന്ന സ്വാധീനം എത്രമാത്രമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

തർജ്ജമകൾ

മാപ്പിളമാരുടെ ജ്ഞാനോൽബുദ്ധതക്കും സ്വത്വബോധത്തിനും തർജമകൾ വഹിച്ച പങ്ക് നിസ്സീമമാണ്. അറബിമലയാളത്തിൽ വിരചിതമായ ഗദ്യസാഹിത്യങ്ങൾക്ക് പൊതുവിൽ പ്രയോഗിച്ചിരുന്ന പേരാണ് തർജമ. സ്വതന്ത്ര കൃതികളും വിവർത്തനങ്ങളുമെല്ലാം അതിൽ പെടും. മതപ്രധാന ഗ്രന്ഥങ്ങൾ ഭൂരിപക്ഷവും ഭാഷാന്തരങ്ങളായിരുന്നു. സ്ഖലിതങ്ങൾ കടന്നുകൂടാതിരിക്കാനും ബറകത്തുദ്ദേശിച്ചും കൂടുതൽ സ്വീകാര്യത ലഭിക്കാനുമായിരിക്കണം അങ്ങനെ ചെയ്തത്. സ്വതന്ത്ര രചനകളിൽ നല്ലൊരുഭാഗം കർത്താക്കളെ കുറിച്ച് അറിയാത്തവയാണ്. വൈയക്തിക പ്രസിദ്ധിക്കു പകരം ജ്ഞാനം പ്രചരിപ്പിക്കാനുള്ള പൂർവികരുടെ ആത്മാർത്ഥതയാണ് അത് സൂചിപ്പിക്കുന്നത്.

എഡി പത്താം ശതകം മുതൽ ഇരുപതാം ശതകം വരെയുള്ള 10 നൂറ്റാണ്ടുകൾക്കിടയിൽ മാപ്പിള മുസ്‌ലിംകളുടെ പഠനഗവേഷണ മനനങ്ങളിൽ പിറന്നത് അയ്യായിരത്തിൽപ്പരം മഹദ്ഗ്രന്ഥങ്ങളാണെന്ന് ഒ ആബു സാഹിബ് അറബിമലയാള സാഹിത്യ ചരിത്രം എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ‘പ്രകാശിതവും അപ്രകാശിതവുമായ ആയിരക്കണക്കിനു ഗദ്യ പുസ്തകങ്ങൾ അറബി മലയാളത്തിലുണ്ട്. എല്ലാ ശാസ്ത്രങ്ങളെ കുറിച്ചുമുള്ള നിലവാരം പുലർത്തുന്ന ഗ്രന്ഥങ്ങളും നിഘണ്ടുക്കളും അതിൽ പെടുന്നു’ എന്ന് ശൂരനാട് കുഞ്ഞൻപിള്ള വെറുതെ തട്ടിവിട്ടതല്ല. ഖുർആൻ, ഹദീസ്, വിശ്വാസം, ചരിത്രം, കർമശാസ്ത്രം, വൈദ്യം, തത്ത്വശാസ്ത്രം, കഥ, ആഖ്യാനം, നിഘണ്ടുക്കൾ തുടങ്ങിയ വൈജ്ഞാനിക മേഖലകളിലെല്ലാം അറബിമലയാളം വിസ്മയാവഹമായ സേവനങ്ങൾ അർപ്പിച്ചിട്ടുണ്ട്.

സഫീന പാട്ടുകൾ

മാപ്പിള മുസ്‌ലിംകളെ ധർമോത്സുകരും സ്വാതന്ത്ര്യദാഹികളും സമരാവേശിതരുമാക്കി ചരിത്ര നിർമിതിയുടെ ഭാഗമാക്കിയത് മാപ്പിളപ്പാട്ടുകളാണ്. തങ്ങൾക്കെതിരായ പോരാട്ടത്തിന് പ്രേരിപ്പിക്കുന്നുവെന്നതിന്റെ പേരിൽ ബ്രിട്ടീഷുകാർ നിരവധി മാപ്പിളപ്പാട്ടുകൾ നിരോധിക്കുകയും അച്ചുകൂടങ്ങൾ കണ്ടുകെട്ടുകയുമുണ്ടായി. മാപ്പിളപ്പാട്ടുകൾ അവർക്ക് എത്രമാത്രം അലോസരമുണ്ടാക്കിയിരുന്നുവെന്ന് ഈ അസഹിഷ്ണുതയിൽ നിന്ന് വായിച്ചെടുക്കാം. ആത്മീയ പരിവർത്തനമുണ്ടാക്കുന്നതിനും ധാർമിക ഉത്ഥാനത്തിനും ഇത്തരം മാപ്പിളപ്പാട്ടുകൾ സഹായകമായിട്ടുണ്ട്.

മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, ഖിസ്സപ്പാട്ടുകൾ, ചരിത്ര ഗാനങ്ങൾ, ഉറുദി ഗാനങ്ങൾ, കത്തു പാട്ടുകൾ തുടങ്ങി പലതരം മാപ്പിളപ്പാട്ടുകളുണ്ട്. മുഹ്‌യിദ്ദീൻ മാലയാണ് കണ്ടെടുക്കപ്പെട്ട മാപ്പിളപ്പാട്ടുകളിൽ ഒന്നാമത്തേത്. പിന്നീട് കുഞ്ഞായിൻ മുസ്‌ലിയാരുടെ കപ്പപ്പാട്ടും നൂൽമാലയും നൂൽ മദ്ഹും വന്നു. കപ്പപ്പാട്ടിനു ശേഷം പിറന്ന പാട്ടുകൾ സഫീന (സബീന) പാട്ടുകൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സബീന പാട്ടിൽ നിന്ന് മാപ്പിളപ്പാട്ടിലേക്കുള്ള കളം മാറ്റത്തിൽ അൽപം ധാർമികച്യുതി സംഭവിക്കാതിരുന്നില്ല. എങ്കിലും മാപ്പിളപ്പാട്ടുകളുടെ ജനകീയത വർധിക്കുകയുണ്ടായി.

അച്ചുകൂടങ്ങളുടെ പ്രവാഹം

കേരളത്തിലെ പൊതുമണ്ഡലം വായിക്കാൻ പോലും പഠിച്ചിട്ടില്ലാത്ത കാലത്ത് മാപ്പിള മുസ്‌ലിംകൾ അച്ചടി രംഗത്ത് വൻ കുതിച്ചുചാട്ടത്തിലായിരുന്നു എന്ന വസ്തുത ഇന്നും ഒരത്ഭുതമാണ്. 1821-ൽ ബെഞ്ചമിൻ ബെയ്‌ലി കോട്ടയത്ത് സ്ഥാപിച്ച സിഎംഎസ് പ്രസ്സാണ് കേരളത്തിലെ ആദ്യത്തെ അച്ചടിശാല. വിദേശ സഹായവും ഭരണകൂട പിന്തുണയും ഉണ്ടായിരുന്നിട്ടുപോലും നസ്രാണികളുടെ ഇടയിൽ വായനയും പുസ്തക വിൽപനയും വ്യാപകമായിരുന്നില്ല. എന്നാൽ പ്രതികൂല സാഹചര്യങ്ങളിൽ നിന്നുകൊണ്ടാണ് മുസ്‌ലിംകൾ അച്ചടി രംഗത്ത് മുതലിറക്കാൻ ധൈര്യവും ആവേശവും കാണിച്ചത്. അതവർ മതാനുഷ്ഠാനത്തിന്റെ ഭാഗമാക്കി സ്വയം ഏറ്റെടുക്കുകയായിരുന്നു.
1864-ൽ തലശ്ശേരി ബാസൽ മിഷൻ പ്രസ്സിൽനിന്ന് അച്ചടി പരിശീലിച്ച തീപ്പുത്തിൽ കുഞ്ഞഹമ്മദാണ് ഈ രംഗത്തെ ആദ്യ സംരംഭകൻ. പിന്നീട് തലശ്ശേരി, നാദാപുരം, വളപട്ടണം, പൊന്നാനി എന്നിവിടങ്ങളിലെല്ലാം പ്രസ്സുകൾ സ്ഥാപിതമായി. മുസ്‌ലിംകൾക്ക് കീഴിൽ മലബാറിൽ ഒരേസമയം ഇരുപതോളം അച്ചടിശാലകൾ പ്രവർത്തിച്ചിരുന്നതായി കാണാം. നഗരങ്ങൾക്കു പുറമേ ഗ്രാമങ്ങളിലും പ്രസ്സുകളുണ്ടായിരുന്നു. ഏതാനും പ്രസ്സുകൾ സ്ഥാപിതമായപ്പോൾ തന്നെ മാപ്പിളമാർക്കിടയിൽ വായന നിത്യജീവിതത്തിന്റെ ഭാഗമായിമാറി. പ്രസ്സുകൾ വന്ന് അരനൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും ആയിരക്കണക്കിന് പുസ്തകങ്ങൾ വെളിച്ചം കണ്ടു.

അറബി സാഹിത്യത്തിന്
മലബാറിന്റെ ഈടുവെപ്പ്

അറബിമലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ മാപ്പിള മുസ്‌ലിംകൾ ഗ്രന്ഥരചന ആരംഭിക്കുന്നതിനു മുമ്പേ അവർ മതഭാഷയായ അറബിയിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പലതും പണ്ഡിതലോകം നെഞ്ചേറ്റിയ വിശ്വോത്തര രചനകൾ തന്നെയായിരുന്നു. പ്രകാശിതവും അപ്രകാശിതവുമായ ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ അറബി സാഹിത്യത്തിനു സമർപ്പിച്ചു. ഖുർആൻ വ്യാഖ്യാനം, ഹദീസ്, കർമശാസ്ത്രം, ചരിത്രം, ആധ്യാത്മികത, തത്ത്വശാസ്ത്രം, അറബി വ്യാകരണം, കാവ്യങ്ങൾ, മനാഖിബുകൾ തുടങ്ങി എല്ലാ മേഖലകളിലും കിടയറ്റ രചനകൾ മലബാറിന്റേതായുണ്ട്.

ലഭ്യമായിടത്തോളം തെളിവുകൾ വച്ചു നോക്കിയാൽ ഹിജ്‌റ 743-ൽ (എഡി 1342) മുദ്രിതമായ ഖൈദുൽ ജാമിഅയാണ് കേരളീയർ രചിച്ച പ്രഥമ അറബി ഗ്രന്ഥമായി ഗണിക്കപ്പെടുന്നത്. ഫഖീഹ് ഹുസൈനാണ് ഗ്രന്ഥകർത്താവ്. ഇബ്‌നു ബത്തൂത്തയുടെ യാത്രാവിവരണത്തിൽ ഇദ്ദേഹത്തെ പറ്റി പരാമർശിക്കുന്നുണ്ട്. ഇതിനു മുമ്പും രചനകൾ നടന്നിട്ടുണ്ടാകാം. പ്രസിദ്ധീകരിക്കാനുള്ള അസൗകര്യവും അനർഹരുടെ കൈകളിലേക്ക് കൈയെഴുത്തുപ്രതികൾ കൈമാറ്റം ചെയ്യപ്പെട്ടതും മറ്റും നിമിത്തമായി നശിച്ചുപോയതായിരിക്കണം. പള്ളിച്ചുമരുകളിലും മറ്റും കവിതകൾ കോറിയിടുന്ന പതിവ് പൂർവികർക്കുണ്ടായിരുന്നു. പുനർ നിർമാണ ഘട്ടത്തിൽ പരിരക്ഷിക്കുകയോ പകർത്തി എടുക്കുകയോ ചെയ്യാത്തത് മൂലം മിക്കതും നമുക്ക് നഷ്ടപ്പെട്ടു.

ഈജിപ്തിലെ അൽഅസ്ഹർ അടക്കമുള്ള പല വിദേശ സർവകലാശാലകളിലും പാഠ്യഗ്രന്ഥങ്ങളായി കേരളീയ പണ്ഡിതന്മാരുടെ രചനകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളി പണ്ഡിതരുടെ അറബി ഭാഷയിലുള്ള നൈപുണിക്കും വൈജ്ഞാനിക രംഗത്തുള്ളവരുടെ ആത്മസമർപ്പണത്തിനും ലോകം നൽകിയ അംഗീകാരമാണിത്. കേരളത്തിന്റെ ചരിത്രം പറയുന്ന പ്രഥമവും ആധികാരികവുമായ ഗ്രന്ഥം തുഹ്ഫതുൽ മുജാഹിദീൻ വിരചിതമായത് അറബി ഭാഷയിലാണ്. സൈനുദ്ദീൻ മഖ്ദൂം രണ്ടാമനാണ് (991/1583) ഗ്രന്ഥകർത്താവ്. അതുപോലെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല ഏടുകളാണ് മഖ്ദൂം ഒന്നാമന്റെ തഹ്‌രീളയും ഖാളി മുഹമ്മദിന്റെ ഫത്ഹുൽ മുബീനും. ഇത്തരം അറബി രചനകളെ തൊടാതെ ഒരു അക്കാദമിക പണ്ഡിതനും കേരളത്തിന്റെ ചരിത്രം പറയാനാവില്ല.
നിരവധി അറബ്-അറബേതര രാജ്യങ്ങളിൽ വൻപ്രചാരം നേടിയ ഗ്രന്ഥമാണ് ഫത്ഹുൽ മുഈൻ. ശാഫിഈ മദ്ഹബിലെ ആധികാരിക പ്രമാണമായി ഇന്നും അതംഗീകരിക്കപ്പെടുന്നു. മഖ്ദൂമുമാർക്കു പുറമെ ശൈഖ് ജിഫ്‌രി, ഉമർ ഖാളി, വാളക്കുളം അബ്ദുൽ ബാരി തുടങ്ങി പരശ്ശതം പണ്ഡിതന്മാരെയും അതിന്റെ പത്തിരട്ടി രചനകളെയും ഈ രംഗത്ത് പരിചയപ്പെടുത്താൻ കഴിയും. ഈ വൈജ്ഞാനിക വിപ്ലവങ്ങളത്രയും അരങ്ങേറിയത് തൊള്ളായിരങ്ങൾക്കു മുമ്പായിരുന്നു. മാപ്പിള മുസ്‌ലിം നവോത്ഥാന മുന്നേറ്റത്തിന്റെ സുവർണകാലമായിരുന്നു അത്. സാമ്പ്രദായിക പണ്ഡിതന്മാരെയല്ലാതെ പേരിനുപോലും ഒരാളെ ഈ രംഗത്തു ചൂണ്ടിക്കാണിക്കാനാവില്ല.

ഗ്രന്ഥാലയങ്ങളുടെ കഥ

ഗ്രന്ഥാലയങ്ങൾ സമൂഹത്തിന്റെ അക്ഷര സ്‌നേഹത്തിന്റെ മുദ്രകളാണ്. ഒരു നാടിന്റെ സാംസ്‌കാരികവും വൈജ്ഞാനികവുമായ പുരോഗതി അവിടത്തെ ഗ്രന്ഥാലയങ്ങൾ സാക്ഷ്യപ്പെടുത്തും. പണ്ഡിതനാണെങ്കിൽ ഗ്രന്ഥങ്ങളെ പ്രണയിക്കും. കേരളത്തിലെ മുസ്‌ലിംജ്ഞാനികൾ ഇതിൽ ഒട്ടും പിറകിലായിരുന്നില്ല. മിക്ക പണ്ഡിത വീടുകളും വലിയ ഗ്രന്ഥപ്പുരകളായിരുന്നു. പണം നൽകി സ്വന്തമാക്കാൻ കഴിയാത്തവർ ഗ്രന്ഥങ്ങൾ പകർത്തിയെഴുതി സൂക്ഷിക്കുമായിരുന്നു. കേരളത്തിൽ കിട്ടാത്തത് ഈജിപ്തിൽ പോയി പകർത്തിയെഴുതി കൊണ്ടുവന്ന സാഹസിക സംഭവങ്ങൾ വരെയുണ്ട്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ലൈബ്രറിയും വാളക്കുളം അബ്ദുൽബാരി മുസ്‌ലിയാരുടെ മൗലവിയ്യ കുതുബ് ഖാനയും ചരിത്രപ്രസിദ്ധമാണ്.

പള്ളിദർസുകൾക്കു പേരുകേട്ട പ്രസിദ്ധ മസ്ജിദുകളോടനുബന്ധിച്ചും വിശാലമായ കുതുബുഖാനകളുണ്ടായിരുന്നു. പൊന്നാനി, തലക്കടത്തൂർ, വാഴക്കാട്, കുറ്റിച്ചിറ, ചെറുമുക്ക്, കൈനിക്കര, അറക്കൽ കെട്ട് എന്നിവിടങ്ങളിലെല്ലാം അപൂർവ ഗ്രന്ഥങ്ങളുടെ വൻശേഖരങ്ങളുണ്ടായിരുന്നു. ചാലിയത്തും താനൂരും തിരൂരുമുള്ള ഗ്രന്ഥാലയങ്ങൾ വളരെ പ്രശസ്തമായിരുന്നു. താനൂരിലെ വലിയകുളങ്ങര പള്ളിയിലെ ഗ്രന്ഥപ്പുരയിൽ ലോകത്തുതന്നെ അപൂർവമായുള്ള കിതാബുകളും കൈയെഴുത്തു പ്രതികളും കാണാം. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കൈയെഴുത്തു ഗ്രന്ഥങ്ങളുള്ളത് ഇവിടെയാണ്.
ചാലിയത്തെ അസ്ഹരിയ്യ ലൈബ്രറി അപൂർവ ഗ്രന്ഥങ്ങൾ കൊണ്ട് സമ്പന്നമാണ്. അഹ്‌മദ്‌കോയ ശാലിയാത്തിയാണ് ഇത് സ്ഥാപിച്ചത്. ഹീബ്രു ഭാഷയിൽ രചിക്കപ്പെട്ട ബൈബിൾ, ഉപനിഷത്തുകൾ, മഹാഭാരതം, രാമായണം, ഭഗവദ്ഗീത, അൽബിറൂനിയുടെ കിതാബുൽ ഹിന്ദ്, സെൻതോമസ് എഴുതിയ പുസ്തകം, ഹുയാങ് സാങ്ങിന്റെ കൃതികൾ, ഗോളശാസ്ത്ര ഗ്രന്ഥങ്ങൾ, പ്രാചീന ഭൂപടങ്ങൾ തുടങ്ങി ഖുർആൻ, ഹദീസ്, കർമശാസ്ത്രം, ചരിത്രം ആദിയായ എല്ലാ ശാഖകളിലെയും ഗ്രന്ഥങ്ങൾ ഖുതുബഖാനയെ സമ്പുഷ്ഠമാക്കുന്നു. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അമൂല്യവും അപൂർവവുമായ മക്തബതു ദാരിൽ ഇഫ്താഇൽ അസ്ഹരിയ്യ മാപ്പിള മലബാറിന്റെ നക്ഷത്രത്തിളക്കമായി സാഭിമാനം ഉയർത്തി നിൽക്കുന്നു.

പത്രപ്രവർത്തനം

കേരളമുസ്‌ലിംകളുടെ പത്രപ്രവർത്തന ചരിത്രം തുടങ്ങുന്നത് അറബിമലയാള മാസികകളിൽ നിന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തിരൂരങ്ങാടിയിൽ നിന്ന് പുറത്തിറങ്ങിയ ഹിദായതുൽ ഇഖ്‌വാനാണ് പ്രഥമ അറബിമലയാള മാസികയായി കരുതപ്പെടുന്നത്. മമ്പുറം സയ്യിദ് ഫസൽ തങ്ങളുടെ പിൻഗാമിയായ അബ്ദുല്ലക്കോയ തങ്ങളായിരുന്നു പത്രാധിപർ. തിരൂരങ്ങാടി ചാലിലകത്ത് അഹ്‌മദ് നടത്തിയിരുന്ന ആമിറുൽ ഇസ്‌ലാം ഫീ മഅ്ദിനിൽ ഉലൂം പ്രസ്സിൽ നിന്നാണ് ഹിദായതുൽ ഇഖ്‌വാൻ അച്ചടിച്ചിരുന്നത്. മാപ്പിളമാർക്കിടയിൽ മതവിദ്യാഭ്യാസം പ്രചരിപ്പിക്കാനും അതിവൈകാരികത അവസാനിപ്പിക്കാനുമായിരുന്നു ഹിദായതുൽ ഇഖ്‌വാൻ മുൻഗണന നൽകിയിരുന്നത്.

മാപ്പിളമാരുടെ പത്രപ്രവർത്തന ചരിത്രത്തിൽ ശ്രദ്ധേയമായ ഒരധ്യായമാണ് സി സൈതാലിക്കുട്ടി മാസ്റ്ററുടെ പത്രാധിപത്യത്തിൽ തിരൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്വലാഹുൽ ഇഖ്‌വാൻ മാസിക. അറബിമലയാളത്തിൽ വലിയ സ്വാധീനമുണ്ടായിരുന്ന മാസികയായിരുന്നു ഇത്. സ്വലാഹുൽ ഇഖ്‌വാൻ കമ്പനി എന്ന നാമധേയത്തിലുള്ള സ്ഥാപനത്തിനായിരുന്നു മാസികയുടെ മേൽനോട്ടം. 1899-ൽ സ്വലാഹുൽ ഇഖ്‌വാൻ പുറത്തിറങ്ങി. സൈതാലിക്കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ തന്നെ റഫീഖുൽ ഇസ്‌ലാം എന്ന മറ്റൊരു പത്രവും പുറത്തിറങ്ങിയിരുന്നു. 1909-ലായിരുന്നു ഇത്.

കെപി മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അൽഫിർദൗസ്, സമസ്തയുടെ മുഖപത്രമായിരുന്ന അൽബയാൻ, അൽമുഅല്ലിം എന്നിവയും ശ്രദ്ധേയ പ്രസിദ്ധീകരണങ്ങളായിരുന്നു. മുസ്‌ലിം, അൽ ഇസ്‌ലാം, ദീപിക, അൽഇസ്‌ലാഹ്, അൽഇത്തിഹാദ്, അൽമുർഷിദ്, തുഹ്ഫതുൽ അഖ്‌യാർ, സത്യപ്രകാശം, പരോപകാരി, മണിവിളക്ക് എന്നിങ്ങനെ മാസികകളും വാരികകളുമായി പല കാലങ്ങളിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.

സമ്പന്നമായ മലയാളം
സവിശേഷ കാലസന്ധിയിൽ അറബിമലയാളത്തിൽ നിന്ന് മലയാളത്തിലേക്ക് മാപ്പിളമാർക്ക് ചുവട് മാറ്റേണ്ടിവന്നു. മലയാളത്തിൽ വിസ്മയകരമായ അക്ഷര മുന്നേറ്റം തന്നെ പിന്നീട് മുസ്‌ലിംകൾ കാഴ്ചവെച്ചു. നിരവധി പത്രങ്ങളും അതിന്റെ നാലിരട്ടി ആനുകാലികങ്ങളും മുസ്‌ലിം മാനേജ്‌മെന്റുകൾക്കു കീഴിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ഈടുറ്റ ആയിരക്കണക്കിന് ഗ്രന്ഥങ്ങളും പുറത്തിറങ്ങി. മതസാഹിത്യ രംഗത്ത് മുസ്‌ലിംകളെ വെല്ലാൻ മറ്റൊരു പ്രസ്ഥാനവും ഇല്ലെന്നുറപ്പ്. മതേതര സാഹിത്യങ്ങൾ വായിക്കുന്നതിൽ മുമ്പ് മുസ്‌ലിംകൾ അൽപ്പം പിന്നാക്കമായിരുന്നുവെന്ന് തുറന്നു സമ്മതിക്കാതെ വയ്യ. അതിന് അതിന്റേതായ കാരണങ്ങളുണ്ടാകും. എന്നാൽ കേരളത്തിലെ ഏറ്റവും വലിയ വായനാസമൂഹം ഇന്നും അന്നും മുസ്‌ലിംകളാണെന്നതിൽ സംശയമില്ല.

അലി സഖാഫി പുൽപറ്റ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ