നാവ് വിതക്കുന്ന നാശങ്ങള്‍ പ്രധാനമായും ഇരുപതെണ്ണമാണ്. ആവശ്യമില്ലാത്തതില്‍ ഇടപെടല്‍, പാഴ്വാക്ക്, മാന്യമല്ലാത്ത പ്രയോഗം, അനാവശ്യ വിമര്‍ശനം, കുതര്‍ക്കം, അശ്ലീലം, ശകാരം, ശാപം, കാവ്യം, തമാശ, പരിഹാസം, അപഹാസം, ന്യൂനതാ പ്രചരണം, സത്യരഹിത വാഗ്ദാനം, കളവ് പറയല്‍, ഏഷണി, പരദൂഷണം, അബദ്ധ വര്‍ത്തമാനം, അല്ലാഹുവിന്‍റെ ഗുണവിശേഷണങ്ങളെപ്പറ്റി സാധാരണക്കാരനെ സംശയത്തിലാക്കും വിധം ചോദ്യമുന്നയിക്കല്‍ എന്നിവയാണവ.

മൗനം പാലിച്ചാല്‍ ഇഹത്തിലോ പരത്തിലോ കുറ്റമോ തെറ്റോ വരാത്ത വാക്കുകളാണ് ആവശ്യമില്ലാത്ത സംസാരം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. പാഴ്വാക്ക് പറയല്‍ കൊണ്ടര്‍ത്ഥമാക്കുന്നത് അനിവാര്യമായ കാര്യത്തില്‍ തന്നെ ആവശ്യത്തിന്‍റെ പരിധിവിട്ട് സംസാരിക്കലാണ്. മാന്യതക്കു നിരക്കാത്ത സംസാരമെന്നാല്‍ കുറ്റകരമായ വര്‍ത്തമാനമത്രെ. കാമകേളി, മദ്യവിരുന്ന്, അതിക്രമം തുടങ്ങിയവയെപ്പറ്റിയുള്ള സംസാരങ്ങള്‍ അമാന്യങ്ങളില്‍ പെടുന്നു. ദേഹേച്ഛക്കാരുടെ വീക്ഷണം, സ്വഹാബത്തിനിടയിലുണ്ടായ അസ്വാരാസ്യങ്ങള്‍ അവരെ വിലകുറച്ച് കാട്ടും വിധം ഉദ്ധരിക്കല്‍ തുടങ്ങിയവയും ഇതിന്‍റെ പരിധിയില്‍ പെടും.

മറ്റൊരാളുടെ പാളിച്ചകള്‍ ആക്ഷേപ സ്വരത്തില്‍ എടുത്തുപറയല്‍ വിമര്‍ശനമാണ്. സ്വന്തം അഭിപ്രായം സ്ഥിരീകരണവുമായി ബന്ധപ്പെട്ട ഗുണപ്രദമല്ലാത്ത സംസാരം സംവാദമാകുന്നു. മര്‍ക്കടമുഷ്ടിയെന്നോണം നാക്കിട്ടടിക്കുന്ന പണിയാണ് തര്‍ക്കം. എതിര്‍കക്ഷിയെ വിഷമിപ്പിക്കലാണിത്. രേഖവെച്ചുള്ള ചര്‍ച്ചയില്‍ പോലും അപരനെ ബുദ്ധിമുട്ടിക്കും വിധം സംസാരിക്കരുതെന്നാണ് നിയമം.

മോശമായ സംഗതികള്‍ വ്യക്തമായി പറയല്‍ അശ്ലീലമാണ്. അല്ലാഹുവില്‍ നിന്നു നീ വിദൂരമാകട്ടെ എന്ന പ്രാര്‍ത്ഥന അടങ്ങുന്ന പ്രയോഗമാണ് ശാപം. ഇത് മനുഷ്യനെതിരെ മാത്രമല്ല മറ്റു ജീവ-നിര്‍ജീവികള്‍ക്കെതിരെ പോലും തെറ്റാകുന്നു. ശാപം അതര്‍ഹിക്കുന്നവര്‍ക്കു മേല്‍ മാത്രമേ ചൊരിയാവൂ. സത്യനിഷേധി, പുത്തന്‍വാദി, അധര്‍മി എന്നിവരാണ് ശാപപ്രാര്‍ത്ഥന അര്‍ഹിക്കുന്നവര്‍. ഈ വിഭാഗത്തെ പൊതുവായി ശപിക്കുന്നത് തെറ്റല്ല. അതേ സമയം ഇവരില്‍ ഒരാളെ പേരെടുത്ത് ശപിക്കണമെങ്കില്‍ ഫിര്‍ഔന്‍, അബൂജഹല്‍, അബൂലഹബ് തുടങ്ങിയവരെപ്പോലെ സത്യനിഷേധിയായി മരിച്ചവനാണെന്ന് ഉറപ്പാകണം. അധര്‍മിയാണെങ്കിലും മരണവേളയില്‍ മുസ്‌ലിമാകാന്‍ സാധ്യതയുണ്ടല്ലോ.

നല്ല കാവ്യങ്ങള്‍ ആലപിക്കുന്നത് തെറ്റല്ല. വികടമായ ആശയങ്ങളുള്ളവയാണ് ആക്ഷേപാര്‍ഹം. ഇക്കാര്യത്തില്‍ സാധാരണ സംസാരത്തിനുള്ള നിയമം തന്നെയാണ് കവിതക്കും. മറ്റുള്ളവരെ വിഷമിപ്പിക്കലും അസത്യവും ഇല്ലെങ്കില്‍ ചെറുതോതിലുള്ള തമാശയ്ക്കു തെറ്റില്ല. മറിച്ചാണെങ്കില്‍ തെറ്റാകും. ഒരു കാര്യമോ ഒരാളുടെ കുറവോ പരിഹാസ്യമായി ഉണര്‍ത്തലാണ് അപഹാസം. അപരനെ ബുദ്ധിമുട്ടിക്കലുണ്ടെങ്കില്‍ ഇത് ഹറാമാകുന്നു. അല്ലാത്തപക്ഷം ഹറാമല്ല. അന്യന്‍റെ സ്വകാര്യത പ്രചരിപ്പിക്കുന്നതിനും ഈ വിധി ബാധകം. അവനെ വിഷമിപ്പിക്കുന്നതാണെങ്കില്‍ ഹറാമും അല്ലാത്തപക്ഷം ആക്ഷേപാര്‍ഹവുമാണ്. അസത്യമായ വാഗ്ദാനം കപട ലക്ഷണമാകുന്നു. കരാര്‍ ചെയ്യുമ്പോള്‍ തന്നെ അതു ലംഘിക്കുമെന്ന് മനസ്സില്‍ കരുതുകയും കാരണം കൂടാതെ ലംഘിക്കുകയും ചെയ്താല്‍ കടുത്ത തെറ്റാണ്. പാലിക്കണമെന്ന് ഉദ്ദേശ്യത്തോടെ വാഗ്ദാനം ചെയ്യുകയും പിന്നീട് പ്രതിബദ്ധങ്ങള്‍ മൂലം പാലിക്കാന്‍ കഴിയാതെ പോവുകയും ചെയ്താല്‍ അത് കാപട്യമല്ല. വാഗ്ദാനം കപടതയുടെ രൂപം പ്രാപിക്കുന്നത് നാം സൂക്ഷിക്കേണ്ട കാര്യമാണ്.

കള്ളസത്യവും കള്ള സംസാരവും കടുത്ത തെറ്റാണ്. എന്നാല്‍ ന്യായീകരണമര്‍ഹിക്കുന്ന അസത്യവുമുണ്ട്. ആശയം പ്രകടിപ്പിക്കാനുള്ള മാധ്യമമാണല്ലോ സംസാരം. സത്യം കൊണ്ടെന്ന പോലെ അസത്യം കൊണ്ടും ചിലപ്പോള്‍ ആശയം പ്രകടിപ്പിക്കാനാവും. പക്ഷേ അങ്ങനെ ചെയ്യല്‍ ഹറാമാകുന്നു. ലക്ഷ്യം നേടാന്‍ കളവ് പറയലല്ലാതെ മാര്‍ഗമില്ലെങ്കില്‍ പോലും പാടില്ല. എന്നാല്‍ ലക്ഷ്യം നേടല്‍ എല്ലാ നിലക്കും നിര്‍ബന്ധമായി വരികയും കളവ് പറയാതെ അത് അസാധ്യമാവുകയും ചെയ്താല്‍ കളവ് പറയുന്നതിന് ഇളവുണ്ട്.

ഖുര്‍ആനും സുന്നത്തും ഇജ്മാഉം ഒന്നുപോലെ നിഷിദ്ധമായി എണ്ണിയ കാര്യമാണ് ഗീബത്ത് അഥവാ പരദൂഷണം. അപരനെപ്പറ്റി അവനിലുള്ളതെങ്കിലും ഇഷ്ടപ്പെടാത്ത കാര്യം അഭാവത്തില്‍ പറയലാണ് ഗീബത്ത്. ആ കാര്യം മതപരമായാലും ഭൗതികമായാലും ഗീബത്താകും. വാക്ക്, പ്രവൃത്തി, സ്വഭാവം, പ്രകൃതം, വസ്ത്രം, സമ്പാദ്യം, തറവാട്, വീട്, വളര്‍ത്തുമൃഗം തുടങ്ങിയവയിലൊക്കെ പരദൂഷണത്തിന് അവസരമുണ്ട്. കേവലം സംസാരം കൊണ്ട് മാത്രമല്ല ഗീബത്ത് വരിക. മറിച്ച് പ്രവൃത്തി, ആംഗ്യം, സൂചന, വിരല്‍ ചൂണ്ടല്‍, കണ്ണ്ചിമ്മല്‍, വ്യംഗമാക്കി പറയല്‍ തുടങ്ങിയവയൊക്കെ ഗീബത്തിന്‍റെ വകഭേദങ്ങളത്രെ. ഇവയെല്ലാം ഹറാമാണെന്നാണ് ഇസ്ലാമിക ഭാഷ്യം.

പരദൂഷണത്തിനു പിന്നിലെ പ്രേരകശക്തികള്‍ പലതാണ്. സാധാരണക്കാരും പണ്ഡിതന്മാരും വ്യത്യസ്ത രൂപത്തിലാണ് ഗീബത്തില്‍ പ്രതികളാകുന്നത്. ഒരു സാധാരണക്കാരന്‍റെ ഗീബത്തിനു പ്രേരണ മിക്കവാറും ദേഷ്യം, പക, അസൂയ, പൊങ്ങച്ചം തുടങ്ങിയവയാകും. അതിനു പുറമെ കളി, തമാശ, തൊഴില്‍ തുടങ്ങിയവയിലെ കൂട്ടുകെട്ടും സ്വന്തം കുറവുകള്‍ മറച്ചുപിടിക്കുന്നതിനുള്ള തത്രപ്പാടും പരദൂഷണത്തിലെത്തിച്ചേക്കാം.

ഒരു പണ്ഡിതനെ ഗീബത്തില്‍ കൊണ്ടെത്തിക്കുന്നത് അധര്‍മിയോടുള്ള രോഷപ്രകടനവും അവനെ നന്നാക്കാനുള്ള നല്ല മനഃസ്ഥിതിയുമായിരിക്കാം. അല്ലാഹുവിന് വേണ്ടിയാണ് നീ ദേഷ്യപ്പെടുന്നതെന്നും അതുകൊണ്ട് പേരെടുത്ത് പരദൂഷിക്കുന്നത് അന്യായമല്ലെന്നും പിശാച് ഇത്തരക്കാരെ ധരിപ്പിക്കും. അതോടെ അവന്‍ അന്ധനാവുകയും പറഞ്ഞു പറഞ്ഞ് പരദൂഷണ ഗര്‍ത്തത്തില്‍ ആപതിക്കുന്നതുമാണ്. അതിസൂക്ഷ്മവും സമര്‍ത്ഥവുമായ ഒരു പൈശാചിക കെണിയാണിത്. കേസ് വിസ്താരം, മതവിധി നല്‍കല്‍, നീചത്വ നിര്‍മാര്‍ജനം, ഉപദേശ നിര്‍ദേശം, പരിചയപ്പെടുത്തല്‍ എന്നിവയ്ക്കുവേണ്ടി അനിവാര്യ ഘട്ടത്തില്‍ ഗീബത്തായിപ്പോകുന്ന സംസാരം നടത്തേണ്ടിവരുന്നത് ഇസ്ലാമികമായി തെറ്റല്ല.

ഗീബത്ത് ഒരു ഹൃദയ രോഗമാണ്. അത് അല്ലാഹുവിന്‍റെ അപാരമായ വെറുപ്പ് സമ്പാദിക്കാന്‍ കാരണമാകുമെന്നും തന്‍റെ നന്മകള്‍ പരദൂഷണത്തിരയായവന് നല്‍കുമെന്നുമുള്ള യാഥാര്‍ത്ഥ്യം ഉള്‍ക്കിടിലത്തോടെ ഓര്‍ക്കലാണ് അതിനുള്ള പ്രതിരോധം. പരദൂഷണത്തിനിരയായവന്‍റെ പൊരുത്തം നേടല്‍ തൗബ ശരിയാകാന്‍ നിര്‍ബന്ധമാണ്. അതിനു സാധിക്കാത്തപക്ഷം അവനുവേണ്ടി പ്രാര്‍ത്ഥനാ നിരതനാകണം. തെറ്റില്‍ നിന്ന് വിട്ടുനില്‍ക്കല്‍, ചെയ്തുപോയതില്‍ ഖേദിക്കല്‍, ആവര്‍ത്തിക്കില്ലെന്നുറപ്പിക്കല്‍ തുടങ്ങിയ നിബന്ധനകളും ഗീബത്തിന്‍റെ പശ്ചാതാപത്തിന് അനിവാര്യമാകുന്നു.

ഖുര്‍ആനും സുന്നത്തും ഇജ്മാഉം നിഷിദ്ധമായിക്കാണുന്ന മറ്റൊരു കടുത്ത തെറ്റാണ് ഏഷണി അഥവാ നമീമത്ത്. പരസ്പരം സംഘര്‍ഷം ജനിപ്പിക്കും വിധം ഒരാള്‍ പറഞ്ഞത് അപരന് കൈമാറുന്ന ഏര്‍പ്പാടാണിത്. ഒരാളോടുള്ള വെറുപ്പും അപരനോടുള്ള സ്നേഹവുമാകാം ഇതിന്‍റെ പ്രേരണ. ഏഷണിയുടെ ചികിത്സ, അതിന്‍റെ ആപത്തും പരലോക ശിക്ഷയുമോര്‍ത്ത് നാവിനു കടിഞ്ഞാണിടല്‍ മാത്രമാണ്. ഏഷണിക്കാരനും തൗബ നിര്‍ബന്ധം. ഏഷണിക്കാരന്‍ നമ്മെ സമീപിച്ചാല്‍ താഴെ പറയുന്ന പ്രതിരോധ നടപടികള്‍ എടുക്കണം. പറഞ്ഞത് അസത്യമായി ഗണിക്കുക, അരുതെന്നു വിലക്കുക, ചികഞ്ഞന്വേഷണം ഒഴിവാക്കുക, ദുഷിച്ച ഭാവന നെയ്യാതിരിക്കുക, ആഗതനെ പറ്റി തന്നെയും ഏഷണി ഒഴിവാക്കുക, അല്ലാഹുവിന്‍റെ പ്രീതിക്കായി വെറുപ്പ് പ്രകടിപ്പിക്കുക എന്നിവയാണവ. അല്ലാഹു വെറുത്തവനാണ് ഏഷണിക്കാരന്‍. അതുകൊണ്ട് തന്നെ അവനെ വെറുക്കല്‍ നമുക്ക് നിര്‍ബന്ധമാകുന്നു.

ഒരു മുസ്‌ലിമിനെ പറ്റി ദുഷിച്ച ഭാവന പുലര്‍ത്തല്‍ കടുത്ത ഹറാമാണ്. ചീത്ത വാക്കുകള്‍ പ്രയോഗിക്കുന്നതിന്‍റെ പരിധിയിലാണ് ഇത് പെടുക. വ്യക്തമായി അറിയാതെയും ഉറപ്പ് വരുത്താതെയുമുള്ള ധാരണകളാണ് ദുഷിച്ച ഭാവനകള്‍ കൊണ്ട് ഉദ്ദേശ്യം.

ശത്രുതയില്‍ കഴിയുന്ന രണ്ടാള്‍ക്കിടയില്‍ സംഘര്‍ഷത്തിലെത്തിക്കും വിധം വാര്‍ത്തകള്‍ കൈമാറരുത്. കടുത്ത തെറ്റാണത്. ഇരുകൂട്ടരും തെറ്റിയത് നന്നായെന്ന വിചാരം, അവര്‍ക്ക് സഹായവാഗ്ദാനം ചെയ്യല്‍, ഒരു കക്ഷിയെ പ്രശംസിക്കല്‍, മറുകക്ഷിയെ ആക്ഷേപിക്കല്‍ തുടങ്ങിയവയും തെറ്റുതന്നെ. ഇത്തരം സന്ദര്‍ഭത്തില്‍ ഒന്നുകില്‍ മൗനം പാലിക്കുക. വല്ലതും പറയുകയാണെങ്കില്‍ സത്യമുള്ള കക്ഷിയെ അംഗീകരിച്ച് സംസാരിക്കുക എന്ന നയമാണ് നാം സ്വീകരിക്കേണ്ടത്.

പ്രശംസ അനുവദിക്കപ്പെട്ട പോലെ വിലക്കപ്പെട്ട രംഗങ്ങളുമുണ്ട്. ആറു വിപത്തുകള്‍ പ്രശംസയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പണ്ഡിതമതം. അതില്‍ നാലെണ്ണം പ്രശംസിക്കുന്നവനെയും രണ്ടെണ്ണം പ്രശംസിക്കപ്പെടുന്നവനെയും ബാധിക്കുന്നതാണ്. പ്രശംസിക്കുന്നവനെ ബാധിക്കുന്ന വിപത്തുകളില്‍ ഒന്ന് പ്രശംസ കാടുകയറി കളവ് പറയലാകുന്നു. രണ്ടാമത്തേത് ലോകമാന്യത്തിനിട വരലാണ്. സുഹൃത്തിനോട് തനിക്ക് വലിയ സ്നേഹമാണെന്ന് വരുത്താനുള്ള കപടശ്രമമായി പ്രശംസ മാറാം. സത്യം മറിച്ചായിരിക്കും. ഇത് ലോകമാന്യത്തിലെത്തിക്കുന്ന പാതകമാകുന്നു. പ്രശംസാ വചനങ്ങളില്‍ പ്രശംസിക്കുന്നവന് തന്നെ തീരെ വിശ്വാസമില്ലാതെയും പോകാം. ഇത്തരം പ്രശംസ കപടതയിലേക്കാണ് കൊണ്ടെത്തിക്കുക. കാപട്യവും പ്രകടന പരതയും കടുത്ത തെറ്റാകുന്നു. മൂന്നാമത്തെ തെറ്റ്, പ്രശംസ വേണ്ടത്ര ഉറപ്പു വരുത്താതെയും യാഥാര്‍ത്ഥ്യമറിയാതെയുമാകുമെന്നതാണ്. അങ്ങനെ വന്നാല്‍ അര്‍ഹിക്കാത്തവനെ പ്രശംസിച്ച് കള്ളപ്രചാരണം നടത്തിയ കുറ്റം വരും. പ്രശംസിക്കപ്പെടുന്നവന്‍ അക്രമിയും അധര്‍മിയും ആകാനിടയുണ്ടെന്നതും അപകടമാണ്. തെമ്മാടികളെ പ്രശംസിക്കല്‍ മതപരമായി തെറ്റും അല്ലാഹു വെറുക്കുന്നതുമാണല്ലോ.

പ്രശംസിക്കപ്പെടുന്നവനില്‍ രണ്ടു വിധത്തില്‍ പ്രശംസ വിപരീത ഫലം ജനിപ്പിക്കാം. ഒന്ന് അവന്‍റെ മനസ്സില്‍ അഹങ്കാരവും ഉള്‍നാട്യവും ജനിക്കും. മാരകമായ മാനസിക വിപത്തുകളാണല്ലോ ഇവ. രണ്ട്, അത്യാഹ്ലാദം, സ്വയം മതിപ്പ് നിഷ്ക്രിയത്വം തുടങ്ങിയവ വരുക. അങ്ങനെ വന്നാല്‍ അവന്‍റെ പരലോക പ്രവൃത്തികള്‍ കുറഞ്ഞുപോകുന്നതും പരിശ്രമ ചിന്ത പറന്നകലുന്നതുമാണ്.

ഈ ആറ് വിപത്തുകളും വന്നുചേരാത്തിടത്ത് പ്രശംസ തെറ്റല്ല. ചിലപ്പോള്‍ അത് സുന്നത്തുമാകും. ലോകരുടെ മുഴുവന്‍ ഈമാനും ഒരു തട്ടിലും മറ്റേ തട്ടില്‍ അബൂബക്റിന്‍റെ ഈമാനും വെച്ചാല്‍ കനം തൂങ്ങുക അബൂബക്കറിന്‍റെ തട്ടാണെന്ന് നബി(സ്വ) പ്രശംസിച്ചിട്ടുണ്ടല്ലോ.

‘എന്നെ നബിയായി നിയോഗിച്ചിരുന്നില്ലെങ്കില്‍ നീയായിരിക്കും നബിയായി നിയോഗിക്കപ്പെടുക ഉമറേ’ എന്നു നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഇതിനേക്കാള്‍ ഉന്നതമായ പ്രശംസ മറ്റെന്തുണ്ട്?

ആത്മീയമായി ഉന്നത നിലവാരം പുലര്‍ത്തുന്നതിനാല്‍ ഇത്തരം പ്രശംസകള്‍ സ്വഹാബത്തില്‍ അഹന്തയും ഉള്‍നാട്യവും വരുത്തുകയില്ല. അത് അറിയാവുന്നതിനാലാണ് നബി(സ്വ) ഇങ്ങനെ പ്രശംസിച്ചതും. ‘ആദം സന്തതികളുടെ നേതാവാണ് ഞാന്‍, അഹന്ത പറയുകയല്ല’ എന്ന് നബി(സ്വ) പ്രഖ്യാപിച്ചതും പ്രശംസയില്‍ പെട്ടതാണ്. പൊങ്ങച്ചമല്ല, അല്ലാഹുവിനോട് റസൂലിനുള്ള അടുപ്പവും ബന്ധവും വ്യക്തമാക്കുകയാണ്.

സൂക്ഷ്മതക്കുറവിനാല്‍ സംസാരത്തില്‍ വന്നുചേരുന്ന അബദ്ധങ്ങളാണ് ശ്രദ്ധിക്കേണ്ട മറ്റൊന്ന്. ‘അല്ലാഹുവും ഞാനും ഉദ്ദേശിച്ചാല്‍, അല്ലാഹു ഇല്ലെങ്കില്‍ നമുക്ക് കളവ് നടത്താമായിരുന്നു, നാറ്റുവേല കാരണമായി മഴപെയ്തു എന്നിങ്ങനെയുള്ളവ സംസാരത്തില്‍ വരുന്നത് കരുതിയിരിക്കണം. ഇതുപോലെ തന്നെയാണ് പ്രയോഗം വിലക്കപ്പെട്ട വാക്കുകളുടെയും കഥ. സംസാരത്തില്‍ അത്തരം വാക്കുകള്‍ വരാതെ നോക്കുക.

അല്ലാഹുവിന്‍റെ സ്വിഫാത്തുകളെപ്പറ്റി സാധാരണക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കല്‍ കടുത്ത തെറ്റാണ്. അല്ലാഹുവിന്‍റെ സംസാരം എങ്ങനെ? അക്ഷരങ്ങള്‍ പില്‍ക്കാലത്തുണ്ടായതോ, പണ്ടേ ഉള്ളതോ? തുടങ്ങിയ ചോദ്യങ്ങള്‍ ഇതില്‍പ്പെടും. പൊതുജനത്തെ അബദ്ധത്തിലേക്ക് തള്ളിവിടാന്‍ ഇത്തരം ചോദ്യങ്ങള്‍ കാരണമാകുമെന്ന് ചുരുക്കം.

(അവസാനിച്ചു)

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ