പ്രകൃതിയുടെ സൗന്ദര്യത്തികവ് ഉൾച്ചേർന്ന പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമാണ് പാലക്കാട് ടൗണിൽ നിന്നു 60 കി.മീറ്റർ സഞ്ചരിച്ചാലെത്തുന്ന നെല്ലിയാമ്പതി. വളാഞ്ചേരി സോൺ എസ്‌വൈഎസ് ക്യാബിനറ്റ് ആദ്യ ഖാഫിലത്തുദ്ദഅ്‌വ സംഘടിപ്പിച്ചത് പാവങ്ങളുടെ ഊട്ടിയെന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്കായിരുന്നു. രാവിലെ 6 മണിക്ക് വളാഞ്ചേരിയിൽ നിന്നും ഞങ്ങൾ പുറപ്പെട്ടു.
കാഴ്ചകൾ സമ്മാനിക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രം മാത്രമല്ല നെല്ലിയാമ്പതി. ജീവിതത്തിന്റെ പച്ചപ്പ് തേടി മാമലകളിലേക്ക് കുടിയേറിയ ഒരുകൂട്ടം തൊഴിലാളികളുടെ ദൈന്യത നിറഞ്ഞ ജീവിതാനുഭവങ്ങൾ തുടിക്കുന്ന ഭൂമിക കൂടിയാണ്. ദാരിദ്ര്യവും സാമ്പത്തികമായ പിന്നാക്കാവസ്ഥയും ഒരു സമൂഹത്തിന്റെ മതബോധത്തെ ഏതു വിധം സ്വാധീനിക്കുമെന്നറിയാൻ ഇവിടത്തെ വിശ്വാസികളെ ഒന്ന് നിരീക്ഷിച്ചാൽ മതിയാകും. ഭൗതികമായ താൽപര്യങ്ങളില്ലാതെ ദഅ്‌വത്തിനെ സമീപിക്കുന്നവർക്ക് പഠിക്കാനും പകർത്താനും കർമഗോഥയിൽ സജീവമാകാനും നിരവധി അവസരങ്ങളുണ്ടിവിടെ.
നെല്ലിയാമ്പതി മലനിരകളിലേക്കുള്ള യാത്രയുടെ ഉന്മേഷം നെന്മാറ ടൗൺ വിടുമ്പോൾ തന്നെ ലഭിച്ചുതുടങ്ങി. വഴിയരികിലെ ഏലത്തോട്ടവും തേയിലത്തോട്ടവും കണ്ട് യാത്ര മുന്നേറി. മനോഹരമായി പണികഴിപ്പിച്ചിട്ടുള്ള നിരവധി വീടുകളും റിസോർട്ടുകളും വഴിയോരക്കാഴ്ചകളാണ്. പത്ത് ഹെയർപിൻ വളവുകൾ തിരിഞ്ഞ് വേണം മുകളിലെത്താൻ. വഴിയിൽ പലയിടത്തും താഴ്‌വാരത്തെ കാഴ്ചകൾ കാണാൻ വ്യൂ പോയന്റുകളുണ്ട്.
ഞങ്ങൾ ഒരിടത്തു വാഹനം നിർത്തി. തയ്യാറാക്കി കൊണ്ടുവന്നിരുന്ന ഭക്ഷണം കഴിച്ചു. സൗഹൃദം പങ്കുവെച്ചും കാഴ്ചകൾ കണ്ടും സംസാരിച്ചും ശീതളമായ കാലാവസ്ഥയിൽ സമയം ചെലവഴിച്ചു. അവിടെ നിന്നാൽ പാലക്കാട് ജില്ലയുടെ വ്യത്യസ്ത കാഴ്ചകൾ കാണാം. ദൂരെയുള്ള നെൽപാടങ്ങൾ കണ്ടാൽ പച്ചപ്പട്ട് വിരിച്ച നെല്ലറയുടെ ഹരിതാഭ ആസ്വദിക്കാം.
ഏറ്റവും രസകരമായ കാഴ്ച മുകളിലെത്തുമ്പോഴാണ്. ധാരാളം ചോലക്കാടുകളും പുൽമേടുകളുമുണ്ടവിടെ. നിത്യഹരിത വനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കി.മീറ്ററാണ്. 467 മീറ്റർ മുതൽ 1500 മീറ്ററിലധികം ഉയരമുള്ള മലകളാണ് നെല്ലിയാമ്പതിയിൽ. ഏറ്റവും ഉയരമേറിയ പാടഗിരി സമുദ്ര നിരപ്പിൽ നിന്ന് 1585 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ പല സ്ഥലങ്ങളിലും വ്യത്യസ്ത കാലാവസ്ഥയായിരിക്കും. പൊതുവിൽ ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പ് കുറവും ജൂൺ മുതൽ ഡിസംബർ വരെ ശൈത്യവുമാണ്.
മലമുകളിലേക്കുള്ള യാത്രക്കിടെ ജൈവകൃഷി രീതി അവലംബിക്കുന്ന ധാരാളം തോട്ടങ്ങൾ കാണാം. സ്വകാര്യ കമ്പനികൾ നടത്തുന്ന തേയിലത്തോട്ടങ്ങളുമുണ്ട്. കേരളത്തിൽ ഓറഞ്ച് കൃഷിയുള്ള പ്രദേശമെന്ന ഖ്യാതിയും നെല്ലിയാമ്പതിക്കുണ്ട്. ആന, പുലി, കാട്ടണ്ണാൻ, കാട്ടാട്, മാൻ തുടങ്ങിയവയെ വഴിയിൽ കാണാം.
നെല്ലിയാമ്പതിയിലെ പൂത്ത്പ്പാറ റഹ്‌മാനിയ്യ ജുമാമസ്ജിദിന്റെ പരിസര പ്രദേശമാണ് ഞങ്ങൾ ദഅ്‌വത്തിന് തിരഞ്ഞെടുത്തത്. പള്ളിയിലെത്തി നിസ്‌കരിച്ചു. മൂന്നു മണിയോടെ അവിടത്തുകാരുടെ അവസാന വാക്കായ പള്ളിയിലെ ഉസ്താദ് ഫള്‌ലുദ്ദീൻ സഅദിക്കൊപ്പം സ്‌ക്വാഡ് വർക്കിനിറങ്ങി. ഈ ഗ്രാമത്തിൽ ഒരു ഏകാധ്യാപക മദ്‌റസ പ്രവർത്തിക്കുന്നുണ്ട്. നാൽപതോളം മുസ്‌ലിം വീടുകളാണുള്ളത്. എല്ലാ മതവിഭാഗക്കാരും വലിയ സ്‌നേഹത്തിലും ഒത്തൊരുമയിലും കഴിയുന്നു. എസ്റ്റേറ്റ് ഉടമസ്ഥതയിൽ പണികഴിപ്പിച്ച ഓടുമേഞ്ഞ വീടുകളാണ് കാണാനാവുക. നല്ല നീളത്തിൽ ഒന്നിലധികം വീടുകളുള്ള കൂരകൾ. കച്ചവടമോ മറ്റ് ജോലികളോ ചെയ്യുന്നവർ വളരെ കുറവ്. മിക്കവരും എസ്റ്റേറ്റ് തൊഴിലാളികൾ. മുൻകാലങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തൊഴിൽ തേടിയെത്തി സ്ഥിരതാമസമാക്കിയവരാണ് ഏറെയും.
സംഭാവനക്കല്ലാതെയുള്ള ഗൃഹസന്ദർശനം വേറിട്ട അനുഭവമായെന്ന് നാട്ടുകാർ. ചോർന്നൊലിക്കുന്ന വീടുകളിലെ ദാരിദ്ര്യത്തെ കുറിച്ച് കണ്ണീർ കഥകൾ പറഞ്ഞു അവർ. സ്വന്തം വേദനകൾ ഇറക്കിവെക്കാൻ ഏതാനും ആളുകളെ കിട്ടിയ സന്തോഷത്തിലായിരുന്നു ചിലർ. എല്ലാവരെയും ഞങ്ങൾ മഗ്‌രിബ് നിസ്‌കാരത്തിന് മദ്‌റസയിലേക്ക് ക്ഷണിച്ചു. നിസ്‌കാരം കഴിഞ്ഞ് നോക്കുമ്പോൾ മദ്‌റസ ഹാൾ നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. പ്രദേശത്തെ മുസ്ലിം വീടുകളിൽ നിന്നെല്ലാം ആളുകൾ എത്തിച്ചേർന്നിട്ടുണ്ട്. പിന്നെ ക്ലാസുകളായി. കുടുംബ ജീവിതത്തെക്കുറിച്ച്, നിസ്‌കാരത്തെ പറ്റി, ഖുർആൻ പാരായണത്തിന്റെ അനിവാര്യതയെക്കുറിച്ച് ഗഹനവും പഠനാർഹമായ ഉപദേശങ്ങൾ. ഒടുവിൽ ഖാഫിലാ അമീറിന്റെ ഭക്തി നിർഭരമായ പ്രാർത്ഥന.
ഖാഫിലക്കൂട്ടത്തിന്റെ ഗൃഹസന്ദർശനവും ആശ്വാസവചനങ്ങളും സാന്ത്വനസ്പർശങ്ങളായി അനുഭവപ്പെട്ടതായി അവർ പങ്കുവെച്ചു. പഠന ക്ലാസുകൾ അവർക്ക് ദീനീ ആവേശമായി. തങ്ങളുടെ മക്കളെ ഇത്തരം ദാഇകളും പ്രസ്ഥാന പ്രവർത്തകരുമാക്കാൻ ചിലരെല്ലാം ആഗ്രഹം പ്രകടിപ്പിച്ചു. ഒടുവിൽ 40 വീട്ടുകാർക്കും എസ്‌വൈഎസ് വളാഞ്ചേരി സോൺ കമ്മിറ്റിയുടെ സാന്ത്വന സ്പർശമായി 5 കിലോ അരി വീതം നൽകി. പാവപ്പെട്ട അവരൊരുക്കിയ ഹൃദ്യമായ ഭക്ഷണവും കഴിച്ച് മടക്കയാത്ര. പരിമിതമായ സമയമാണെങ്കിലും ആത്മാഭിമാനത്തോടെ സ്മരിക്കാൻ ശ്രേയസ്സാർന്ന ധാരാളം ഓർമകൾ ബാക്കിയായി. വിപ്ലവാത്മകമായ മുന്നേറ്റം സൃഷ്ടിക്കാനുള്ള ഊർജം കൈവരിച്ച ഖാഫിലക്കൂട്ടം ചുരമിറങ്ങി.

മുസ്തഫ സഖാഫി കാടാമ്പുഴ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ