നോമ്പുതുറക്ക് അനിവാര്യമായ സമൂസ, കട്ലെറ്റ്, പൊക്കവട, മുട്ടബജി, പൊറാട്ട… തുടങ്ങിയവ ഓര്‍ഡര്‍ പ്രകാരം ഉണ്ടാക്കി കൊടുക്കുന്നതാണ്റമളാന്‍ കാലത്ത് അങ്ങാടികളില്‍ വ്യാപകമായുയര്‍ന്ന ഫ്ളക്സ് ബോര്‍ഡാണിത്. നോമ്പുതുറന്നു കിട്ടാന്‍ ഇത്രയും കുസൃതികള്‍ അനിവാര്യമാണെന്ന്, എങ്കിലേ തുറക്കല്‍ കര്‍മം നിര്‍വഹിക്കാനാവുകയുള്ളൂവെന്ന് ആരാണ് കേരളക്കാരെ മലബാറുകാരെ തെറ്റിദ്ധരിപ്പിച്ചത്?
പത്തുപതിനഞ്ചു കൊല്ലം മുമ്പുള്ള നോമ്പുതുറ സങ്കല്‍പിച്ചുനോക്കുക. ഒരു കറിയും എന്തെങ്കിലും അപ്പവും ഏറിയാല്‍ കട്ടന്‍ ചായയും. തീര്‍ന്നു! അന്നും ആരോഗ്യത്തോടെ, ഭക്ത്യാദരപൂര്‍വം നാം നോമ്പെടുത്തിരുന്നു, തുറക്കുകയും ചെയ്തിരുന്നു. കേരളക്കരയിലുണ്ടായ ഗള്‍ഫ് പുരോഗതി ഭക്ഷണമേശയെയും സമ്പന്നമാക്കിയപ്പോള്‍ മറ്റു ചിലതുകൂടി അവിടെ സ്ഥാനമുറപ്പിച്ചു. പായസം, വിവിധ പഴങ്ങള്‍, എണ്ണപ്പലഹാരങ്ങള്‍ എല്ലാം ചേര്‍ന്ന് സംഗതി ഗംഭീരമാക്കിയപ്പോള്‍ ഇവയൊക്കെയും നോമ്പിന്റെ ഫര്‍ളും ശര്‍ത്വും ആയിത്തീര്‍ന്നിരിക്കുകയാണ്. അങ്ങനെ പകല്‍ കിടന്ന പട്ടിണിക്കു പകരം മത്സരിച്ച് അടിച്ചുകയറ്റുന്ന വിചിത്ര മാസമായി വിശുദ്ധ റമളാന്‍ മാറിയിരിക്കുന്നു. ഫലമോ, അതിന്റെ രാത്രി പകലിനേക്കാള്‍ പ്രശോഭിതമാണ് എന്നു മതം പഠിപ്പിച്ച റമളാന്‍ രാവുകള്‍ ഭക്ഷണാധിപത്യത്തിന്റെ അനിവാര്യമായ ആലസ്യം അപഹരിച്ചു കൊണ്ടുപോകുന്നു. പതിവുപോലെ ഒരു റമളാന്‍ കൂടി നമ്മെ വിട്ടുപിരിയുകയും ചെയ്യുന്നു.
അമിതവ്യയം കര്‍ശനമായി വിലക്കിയിട്ടുണ്ട് ഇസ്ലാമില്‍. അവരെ അല്ലാഹു ഇഷ്ടപ്പെടില്ലെന്ന് ഖുര്‍ആന്‍. പറഞ്ഞിട്ടെന്തു കാര്യംനല്ലൊരു മാസം തന്നെ ഈ കല്‍പന ലംഘിക്കുന്നതിന്റെ ആഘോഷമാക്കാന്‍ സമൂഹം തെരഞ്ഞെടുക്കുന്നു. വിവിധ കച്ചവട സ്ഥാപനങ്ങള്‍ മേല്‍പ്രകാരം ബോര്‍ഡ് വെച്ച് വിപണനം കൊഴുപ്പിക്കുന്നതിന്റെ പൊരുള്‍, നോമ്പുതുറയില്‍ ഇത്തരം പൊങ്ങച്ച പ്രകടനങ്ങള്‍ ജനകീയമായിരിക്കുന്നുവെന്നതാണ്. അതും ചില ജാഡകളുടെ ഭാഗം തന്നെയാണ്. കണ്ണൂര്‍ മേഖലയിലൊക്കെ പുയാപ്ലയുണ്ടാവുമ്പോള്‍ കുറവാക്കുന്നതെങ്ങനെയെന്ന ചിന്ത. എല്ലാ വീട്ടിലും ഉണ്ടായിരിക്കെ ഇവിടെ ഇല്ലാതാക്കാമോ എന്നു മറ്റു മേഖലകള്‍ ചിന്തിക്കുന്നു. എന്തായാലും ആര്‍ക്കോ വേണ്ടിയാണിതെന്നു വ്യക്തം. ഇതു തിരിച്ചറിയാനാവാത്ത ആശയക്കുഴപ്പത്തിനു മുകളിലാണ് സമൂസ അനിവാര്യമാക്കുന്ന പരസ്യപ്പലക പൊങ്ങുന്നത്.
ചില ആരോഗ്യ ചിന്തകള്‍ക്കുകൂടി പ്രസക്തിയുണ്ട്. നോമ്പുതുറ കൊഴുപ്പിക്കാനുള്ള വിഭവങ്ങളില്‍ തൊണ്ണൂറു ശതമാനവും മൈദ കൊണ്ടാണ് നിര്‍മിക്കുന്നത്. പഴംപൊരി മുതല്‍ പൊറാട്ടവരെയും മൈദയുടെ വിവിധ പരിണാമങ്ങള്‍ തന്നെ. കേരളക്കാര്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ ശരീരത്തിനു ഇത്രമേല്‍ ദ്രോഹമേല്‍പ്പിക്കുന്ന മറ്റൊന്നില്ല. തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ഏറെയുമെത്തുന്നത് മലപ്പുറത്തുകാരാണത്രെ. രാത്രി നിലന്പൂരില്‍ നിന്നു പുറപ്പെട്ട് രാവിലെ തിരുവനന്തപുരത്തെത്തുന്ന രാജ്യറാണി ട്രൈന്‍ ശരിക്കും അര്‍ബുദറാണി എക്സപ്രസാണെന്നത് വസ്തുത. കാന്‍സര്‍ രോഗം ഒരു പ്രദേശത്ത് ഇങ്ങനെ വര്‍ധിക്കാന്‍ കാരണം മൈദയും ചുവന്ന മാംസങ്ങളുടെ അമിതോപയോഗവുമാണെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഇതിന് മൈദ കാന്‍സര്‍ എന്നു പേരുപോലും വന്നിരിക്കുന്നു. എന്നിട്ടും മൈദ ഉല്‍പന്നങ്ങള്‍ വിശുദ്ധ വ്രതത്തിനു അവരെ അനിവാര്യമാക്കുന്നതാണ് അദ്ഭുതം.
മറ്റൊന്ന് എണ്ണക്കാര്യം. നിരവധി തവണ തിളപ്പിക്കപ്പെടുമ്പോള്‍ എണ്ണ ക്രമാതീതമായി വിഘടിപ്പിക്കപ്പെടുകയും അത് ശരീരത്തിനകത്തുവെച്ച് തുടരുകയും ചെയ്യുന്നു. വിവിധയിനം ട്യൂമറുകളാണ് ഇതു കാരണമായുണ്ടാവുന്നത്. ട്യൂമര്‍ എന്നാല്‍ കാന്‍സറിന്റെ നേരെ താഴെയുള്ളതാണുതാനും. ഫ്രൂട്സുകളില്‍ പ്രയോഗിക്കുന്ന മാരക വിഷങ്ങള്‍ മറ്റൊരുവിപത്ത്. എല്ലാംകൂടി ഒന്നിച്ചെടുത്ത് ആരോഗ്യം ദുരിതപൂര്‍ണമാവുന്ന സീസണിന് നോമ്പുകാലമെന്ന് പേരുപറയാവുന്ന വിധത്തിലാണ് കാര്യങ്ങള്‍. നോമ്പ് പരിചയാണെന്ന പ്രവാചകവചനം കേരളക്കാര്‍ക്ക് ബാധകമല്ലെന്നാണു തോന്നുക.
വിശ്വാസികളേ, നാം മധ്യമ സമൂഹമാണ്. മിതത്വമാണ് നമ്മുടെ മുഖമുദ്ര. ആവശ്യങ്ങള്‍ക്കുള്ള വിഭവങ്ങള്‍ പാടില്ലെന്നല്ല പറയുന്നത്. അത് ആഭാസവല്‍ക്കരിക്കരുതെന്നു മാത്രം. നോമ്പിനും പെരുന്നാളിനും ജീവിതത്തില്‍ മുഴുക്കെയും നാം ശ്രദ്ധിക്കേണ്ടതാണിത്. നമ്മെ നാം നിയന്ത്രിക്കുന്ന വിധത്തിലാവണം. മറ്റുള്ളവരുടെ കര്‍മങ്ങളും പരസ്യ വാചകങ്ങളുമൊന്നും ഡ്രൈവിംഗ് സീറ്റിലിരിക്കരുത്; അതിനനുവദിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഫിത്വര്‍ സകാത്ത്

ഫിത്വര്‍ ഈദുല്‍ ഫിത്വര്‍ പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഫിത്വ്റിന്റെയും ഫിത്വ്ര്‍ സകാത്തിന്റെയും പെരുന്നാളാണ്. ഈ…

ധനസമ്പാദനവും ഇസ്ലാമും

പ്രപഞ്ചത്തിലെ മുഴുവന്‍ വിഭവങ്ങളും അല്ലാഹുവിന്റെ ഉടമസ്ഥതയിലാണ്. അവയത്രയും അവന്‍ ഒരുക്കിവെച്ചിരിക്കുന്നത് മനുഷ്യന് വേണ്ടിയാണ്. മനുഷ്യനത് തേടിക്കണ്ടെത്തണം.…

ഈദുല്‍ ഫിത്വര്‍ ആഘോഷം ആരാധനയായ ദിനം

നബി(സ്വ) പറഞ്ഞു: ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്. ഈദുല്‍ ഫിത്വര്‍ നമ്മുടെ ആഘോഷമാകുന്നു. ആഘോഷിക്കുക മനുഷ്യന്റെ പ്രകൃതിപരമായ…