ഒരുമിച്ചിരുന്ന് ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്ന ഗതകാല സ്മരണകള്‍ മനസ്സില്‍ ആനന്ദത്തിന്റെ സുഗന്ധം കോരിയിടും. മക്കളും മാതാപിതാക്കളും വല്യുപ്പയും വല്യുമ്മയും കഥകളും ചരിത്രവും പറഞ്ഞും കേട്ടും സന്തോഷിക്കുന്ന ആ നല്ല നാളുകള്‍. കൊടുത്തും വാങ്ങിയും ശീലിച്ച അക്കാലം ഇന്ന് ഓര്‍ത്താസ്വദിക്കാനല്ലാതെ നിര്‍വാഹമില്ല. കാലം മാറുമ്പോള്‍ വേരുകള്‍ മാറി വരികയും ജീവിതശൈലി മാറ്റത്തിന് വിധേയമാവുകയും ചെയ്യാറുണ്ട്. അത് കുടുംബത്തെ ബാധിക്കുമ്പോള്‍ സ്വാഭാവികമായും പഴമയില്‍ ലഭിച്ച സുഖാസ്വാദനം പുതിയ കാലത്ത് ലഭിക്കാതെ പോകുന്നു.

ന്യൂജനറേഷന്‍ എന്നാണല്ലോ ഇക്കാലത്തെ കൗമാരക്കാരെ കുറിച്ച് പറയാറുള്ളത്. അടുക്കളയില്‍ പോലും ഇതിന്റെ അനുരണനങ്ങളെത്തുമ്പോള്‍ നഷ്ടപ്പെടുന്നത് ബന്ധങ്ങളും സ്നേഹവുമാണ്. ജോലികഴിഞ്ഞുവരുന്ന ഗൃഹനാഥന്റെ വലതുകൈയില്‍ മൊബൈല്‍ ഫോണും ഇടതുകൈയില്‍ ലാപ്ടോപും. വീടിന്റെ പടികടക്കുന്നതു തന്നെ മൊബൈലില്‍ സംസാരിച്ചുകൊണ്ട്. അകത്തു കടന്ന് തുറക്കുന്നത് ലാപ്ടോപ്. ജോലി സ്ഥലത്ത് ബാക്കിയായവ വീണ്ടും കുത്തിയിരുന്ന് പൂര്‍ത്തിയാക്കുന്നു.

വീടിന്റെ വിളക്കാണെന്ന് വിശേഷിപ്പിക്കപ്പെട്ട ഗൃഹനായിക സീരിയലില്‍ തോരാകണ്ണീരുമായി കഴിയുന്നു. വീടിന്റെ മറ്റു മുറികളില്‍ മക്കളുടെ സഹവാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാല്‍ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് ജീവികളായി മണിക്കൂറുകള്‍ കഴിച്ചുകൂട്ടുന്നു. എല്ലാവരും ടെക്നോളജിയുടെ അടിമകളും ആരാധകരും തന്നെ. ഓരോരുത്തരും ലോകത്തോടും സുഹൃത്തുക്കളോടും പലതും പങ്കുവെക്കുന്നു. പക്ഷേ, സ്വന്തം അകത്തളത്തില്‍ കുടുംബാംഗങ്ങളുടെ ഒരുമിച്ചിരുന്നുള്ള ആശയവിനിമയങ്ങള്‍ നടക്കുന്നില്ല. അകലെയുള്ളവരുമായി അടുപ്പം സൃഷ്ടിക്കുമ്പോള്‍ അടുത്തുള്ളവരുമായി അകലം സംഭവിക്കുന്നു. ഇവിടെയെവിടെ സുഖം. ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള സമയം ആര്‍ക്കുമില്ല.

മക്കളെ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ സ്വീകരിക്കുന്നത് ന്യൂജനറേഷന്‍ ശൈലികളാണ്. തൊട്ടിലില്‍ വെച്ച് കരയുന്ന കുട്ടിയെ ശാന്തമാക്കാന്‍ മനോഹരഗാനം വെച്ചുകൊടുക്കുന്നു. കുട്ടി കൊതിച്ചത് ഒരു സ്പര്‍ശനമായിരുന്നു. അത് ലഭിച്ചില്ല. വളര്‍ന്നുവരുമ്പോള്‍ അവരുടെ തലവേദന സൃഷ്ടിക്കുന്ന പരക്കം പാച്ചിലുകള്‍ക്ക് അടക്കമുണ്ടാക്കാന്‍ ടാബ്ലറ്റ്, കാര്‍ട്ടൂണ്‍, ടിവി, ഗെയിം സൗകര്യങ്ങള്‍ ഒരുക്കുന്നു. മക്കളുടെ വളര്‍ച്ച ടെക്നോളജിയിലൂടെ! ദിവസത്തില്‍ അരമണിക്കൂര്‍ പോലും മാതാപിതാക്കളും മക്കളും ഒരുമിച്ചിരിക്കുന്നില്ലെന്നതാണ് സത്യം. അതിന്റെ ദുരന്തങ്ങള്‍ ബുദ്ധിയിലും പഠനത്തിലും പെരുമാറ്റത്തിലും ന്യൂജനറേഷന്‍ മക്കളില്‍ കണ്ടുവരുന്നു.

സുഖസൗകര്യങ്ങളുടെ വിശാല ഭൂമിയായി വീട് മാറിയപ്പോള്‍ ഭക്ഷണം ഉണ്ടാക്കാന്‍ ഗൃഹനായികക്ക് സമയമില്ല. അതുകൊണ്ടുതന്നെയാണ് ഫാമിലി റസ്റ്റോറന്‍റുകള്‍ വര്‍ധിച്ചത്. ഹോട്ടലുകളില്‍ ഫാമിലി സൗകര്യങ്ങളും ഭക്ഷണവും ലഭ്യമാണല്ലോ. അടുക്കളയില്‍ വെച്ച് ഗൃഹനായികയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി മക്കള്‍ക്ക് ഫാമിലി റസ്റ്റോറന്‍റില്‍ വെച്ച് ലഭിക്കുമോ? മാതൃസ്നേഹം കൂട്ടിക്കുഴച്ചുണ്ടാക്കുന്ന ആഹാരങ്ങള്‍ പുറത്തുനിന്നു ലഭിക്കില്ലല്ലോ. പാര്‍സലുകള്‍ക്കാണിന്ന് തിരക്ക്. തിരക്കിനിടയിലും സീരിയലിന്റെ തുടര്‍ച്ചകള്‍ക്കിടയിലും ഭക്ഷണം തയ്യാറാക്കാന്‍ മറന്നുപോകുന്ന കുടുംബങ്ങളുണ്ട്. ഉടനെ പരിഹാരമായി ഹോട്ടല്‍ ഭക്ഷണം പാര്‍സലായി വീട്ടിലെത്തിക്കുന്നു.

കുടുംബ ജീവിതത്തിന്റെ വിജയരഹസ്യം ഭവനങ്ങളുടെ ഭദ്രതയാണ്. പുതുയുഗത്തില്‍ കൊട്ടാര സമാന ഭവന നിര്‍മാണം നടക്കുമ്പോഴും വീട് ഭദ്രമല്ല. പുറമെ നിന്നുള്ള വെയ്സ്റ്റുകള്‍ ഓരോ വീട്ടിലും എത്തുന്നില്ലേ. ഉണ്ട്. ടെലിവിഷനില്ലാത്ത വീടുകള്‍ വിരളമാണ്. ഒളിച്ചോട്ടത്തിന്റെയും ലൈംഗികതയുടെയും അക്രമങ്ങളുടെയും ചിത്രങ്ങള്‍ ലൈവായി വീടിന്റെ ഉള്ളിലെത്തുന്നു. വീടിന്റെ അകത്തു നടക്കുന്ന കാര്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പുറംലോകത്തുമെത്തുന്നു. വീട് ഭദ്രമാവുന്നില്ല. കുടുംബകാര്യങ്ങളില്‍ സ്വകാര്യത നഷ്ടപ്പെട്ടു.

കോടികളുണ്ടായിട്ടും കോടതി കയറുന്ന ദമ്പതികളുടെയും കുടുംബാംഗങ്ങളുടെയും എണ്ണം വര്‍ധിച്ചുവരുന്നതിന്റെ പിന്നില്‍ സ്നേഹ കുടുംബ പ്രശ്നങ്ങളുണ്ട്. ഡിജിറ്റല്‍ ഡൈവോഴ്സുകള്‍ കൂടിക്കൊണ്ടിരിക്കുന്നു. വളര്‍ന്നുവരുന്ന തലമുറ മാതാപിതാക്കളോടും വല്ല്യുപ്പവല്ല്യുമ്മമാരോടും മാനസിക അടുപ്പം കാണിക്കുന്നില്ല. രണ്ടു മക്കള്‍ സ്വന്തം പിതാവിനെ ക്ലോറഫോം മണപ്പിച്ച് കൊലപ്പെടുത്തുകയും ദൃശ്യം സിനിമ അനുകരിച്ച് കൊലപാതകത്തിന്റെ തെളിവ് നശിപ്പിച്ച് മാധ്യമങ്ങളില്‍ ഇടംപിടിക്കുകയും ചെയ്തത് ഈയിടെയായിരുന്നു. വൃദ്ധസദനങ്ങളില്‍ മാതാപിതാക്കള്‍ക്ക് റൂം റിസര്‍വ് ചെയ്തുവെക്കുന്ന മക്കളുടെ കാലം. മക്കളെ പീഡനത്തിനും കൊലപാതകത്തിനും ഇരയാക്കുന്ന മാതാപിതാക്കളുടെ കാലം. സന്തുഷ്ടമല്ലാത്ത കുടുംബജീവിതത്തിന്റെ ഒഴുക്ക് തുടര്‍ന്നുപോകുന്നു. രക്തബന്ധത്തിന് വിലയില്ലാതാവുകയും കുടുംബാന്തരീക്ഷം മലിനമാവുകയും ചെയ്യുമ്പോള്‍ നഷ്ടമാവുന്നത് ഭാവിതലമുറക്ക് നല്ല രക്ഷിതാക്കളും നല്ല സമൂഹവുമാണ്. ന്യൂജനറേഷന്‍ ഫാമിലിയില്‍ നിന്ന് പഴമയുടെ സുഗന്ധപൂരിത കൂട്ടായ്മയിലേക്ക് മടങ്ങിയേപറ്റൂ.

 

ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി അകത്തളം

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ