INdian Politics -malayalam

ചിലപ്പോഴൊക്കെ പറ്റിക്കാം, എല്ലായ്‌പ്പോഴും അത് സാധിക്കില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിയോട് പറയുന്നതിനെ ഒറ്റവാചകത്തിൽ ഇങ്ങനെ ചുരുക്കിയെഴുതാം. നോട്ട് നിരോധനമെന്ന ഇരുട്ടടി, ഒരു മുന്നൊരുക്കവുമില്ലാതെ നടപ്പാക്കിയ ഏകീകൃത നികുതി, പെട്രോൾ-ഡീസൽ വിലയിലെ പകൽക്കൊള്ള, താങ്ങുവിലയിലും സംഭരണവിലയിലും കടാശ്വാസത്തിലും കർഷകരോട് ചെയ്ത കൊടുംചതി, നടപ്പാക്കാനാകാത്ത നൂറുകണക്കിന് മോഹന വാഗ്ദാനങ്ങൾ, രാജ്യത്തിന്റെ സമ്പത്തുമായി രാജ്യം വിടുന്ന സ്വന്തക്കാർ… എല്ലാം ജനങ്ങൾ കാണുന്നുണ്ടായിരുന്നു. പശു ഗുണ്ടായിസം കൊണ്ടും അതിർത്തിയിലെ സംഘർഷങ്ങൾ കൊണ്ടും മന്ദിർ രാഷ്ട്രീയം കൊണ്ടും ഇവയെല്ലാം മറയ്ക്കാമെന്നും ജനങ്ങൾ വർഗീയമായി ചേരിതിരിയുമ്പോൾ അവരുടെ ജീവൽപ്രശ്‌നങ്ങളെല്ലാം മറക്കുമെന്നുമുള്ള സംഘ്പരിവാറിന്റെ ആത്മവിശ്വാസത്തെയാണ് ‘പഞ്ചാങ്കം’ കടപുഴക്കിയെറിയുന്നത്. കോൺഗ്രസ് എവിടെയൊക്കെ ഭരണം പിടിച്ചു എന്നതിനേക്കാൾ ബിജെപിയുടെ നയങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമെന്ന നിലയിലാണ് ഈ ഫലം കാണേണ്ടത്.

മോദി ഫാട്കർ സമ്പൂർണമായി ഒടുങ്ങുകയാണ്. വികാസ് പുരുഷൻ എന്ന പ്രതിച്ഛായ നേരത്തേ തന്നെ അസ്തമിച്ചതാണ്. ഇപ്പോൾ ശക്തനായ ഭരണാധികാരിയെന്ന പ്രതിച്ഛായയും കൊടി താഴ്ത്തുന്നു. അദ്ദേഹം ഇടർച്ചകളും പരിദേവനങ്ങളും പരിഹാസങ്ങളുമാണ്  ഒടുവിൽ പ്രസരിപ്പിച്ചത്. ഭരണാധികാരിയെന്ന നിലയിൽ ദിശാസൂചകമായ ഒന്നും മുന്നോട്ട് വച്ചില്ലെന്ന് മാത്രമല്ല, പരാജയങ്ങൾ മറച്ചു വെക്കാൻ സർജിക്കൽ സ്‌ട്രൈക്ക് പോലുള്ള ‘നേട്ട’ങ്ങളെ ആശ്രയിക്കുകയാണ് അദ്ദേഹം ചെയ്തത്. രാജ്യത്തെ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലാത്ത വിധം വർഗീയമായ പ്രചാരണത്തിന് അദ്ദേഹം നേതൃത്വം നൽകി. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ വളരെ കുറച്ച് മാത്രം ഇടപെടുന്ന പ്രധാനമന്ത്രിമാരെയാണ് രാജ്യത്തിന് പരിചയം.

മധ്യപ്രദേശിൽ ബിജെപി വെള്ളം കുടിച്ചെങ്കിൽ അതിന്റെ പാപഭാരം ശിവരാജ് സിംഗ് ചൗഹാനിൽ മാത്രം കെട്ടിവെക്കാനാകില്ല. എല്ലാ ഉത്തരവാദിത്വവും തനിക്കാണെന്ന് ഫലം വന്ന ദിവസം ചൗഹാൻ പറയുന്നുണ്ട്. സർക്കാറുണ്ടാക്കാനില്ല. ഇപ്പോൾ ഞാൻ സ്വതന്ത്രനായിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ട്രോൾ സ്വഭാവമാണ് ഈ വാചകങ്ങൾക്കുള്ളത്. എല്ലാം തന്റെ പിരടിയിലിട്ട് ദേശീയ നേതൃത്വം തെളിഞ്ഞ വെള്ളത്തിൽ നിൽക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സത്യത്തിൽ ചൗഹാൻ  അവിടെ നിരവധി ജനപ്രിയ പദ്ധതികൾ നടപ്പാക്കിയിരുന്നു. ഛത്തീസ്ഗഢിൽ രമൺ സിംഗിനെയും കുറ്റവിമുക്തനാക്കേണ്ടി വരും. ഇവിടെയെല്ലാം വർഗീയ വിഭജന മന്ത്രങ്ങളുമായി കളം നിറഞ്ഞത് മോദിയും അമിത്ഷായുമായിരുന്നുവല്ലോ. കേന്ദ്ര സർക്കാർ നടപ്പാക്കിയ തലതിരിഞ്ഞ നയങ്ങളാണ് ഇന്ത്യക്കാരുടെ ജീവിതം ദുസ്സഹമാക്കിയത്. രാജസ്ഥാനിൽ വേണമെങ്കിൽ വസുന്ധരയെ പ്രതിസ്ഥാനത്ത് നിർത്താം. അവിടെയാണ് യഥാർത്ഥ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നത്. പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ വോട്ടർമാരുടെ മനസ്സിൽ ചൗഹാനോടും രമൺ സിംഗിനോടും വസുന്ധരയോടുമുള്ള അമർഷം മാത്രമായിരുന്നുവെന്ന് പറയുന്നത് എത്ര അസംബന്ധമാണ്. ജനങ്ങളെ ഇളക്കി മറിച്ച സ്റ്റാർ ക്യാമ്പയിനർമാർ തുപ്പിയ സ്‌ഫോടന ശേഷിയുള്ള വാക്കുകൾ തോൽക്കുമ്പോൾ മാത്രം മാഞ്ഞുപോകുന്നതെങ്ങനെ? ബിജെപി ജയിച്ചിരുന്നുവെങ്കിൽ അത് മോദിയുടെയും യോഗിയുടെയും ഷായുടെയും വിജയമായി ആഘോഷിക്കപ്പെടുമായിരുന്നില്ലേ. പ്രധാനമന്ത്രിയോട് മുഖത്തേക്ക് വിരൽ ചൂണ്ടി ചോദിക്കേണ്ട ചോദ്യങ്ങൾ ജനം കരുതി വച്ചിരുന്നു.  അദ്ദേഹം കാണാമറയത്ത് നിന്നാണ് മൻ കി ബാത്ത് പറഞ്ഞത്. വാരകൾക്കപ്പുറത്ത്, നിരവധി പടികൾ കയറേണ്ട, കരിമ്പൂച്ചകൾ കാവൽ നിൽക്കുന്ന വേദികളിൽ നിന്നാണ് അദ്ദേഹം മനുഷ്യരോട് സംസാരിച്ചത്. പാർലമെന്റിൽ പോലും അദ്ദേഹം ചോദ്യങ്ങളെ നേരിട്ടില്ല. മാധ്യമങ്ങൾക്ക് മുമ്പിലും ഇരുന്നുകൊടുത്തില്ല. അങ്ങനെയൊരാളോട് പോളിംഗ് ബൂത്തിന്റെ നിശ്ശബ്ദതയിൽ പൗരൻമാർ ചോദിച്ച തീ നിറച്ച ചോദ്യങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിരിച്ചുവരവായി കണ്ടത്. ഇന്ത്യൻ ജനാധിപത്യം ഇന്നും ശക്തമാണ്.

കോൺഗ്രസ് അധ്യക്ഷന്റെ വാക്കുകൾക്ക് മാധ്യമങ്ങളും പൊതുസമൂഹവും ചെവികൊടുക്കാൻ തുടങ്ങിയപ്പോൾ തന്നെ ഈ പരിണാമം ദൃശ്യമായിരുന്നു. റാഫേൽ അഴിമതി  സംബന്ധിച്ച വാർത്തകൾ രാഹുലിന്റെ വാക്കുകളായി മാത്രമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നോർക്കണം. അഴിമതിയില്ലെന്ന് സുപ്രീം കോടതി തീർത്ത് പറയുമ്പോൾ പോലും സംശയത്തിന്റെ മുനയൊടിയുന്നില്ലെന്നും മനസ്സിലാക്കണം. യുപിഎ ഭരണകാലത്ത് എല്ലാ അഴിമതിക്കഥകളും മാധ്യമങ്ങൾ പിറകേ ചെന്ന് അന്വേഷിച്ച് സ്വന്തം സ്റ്റോറികളായി അവതരിപ്പിക്കുകയായിരുന്നു. എന്നാൽ റാഫേലിലും അംബാനി-അദാനി കൂട്ടുകെട്ടിന് നൽകിയ വഴിവിട്ട സഹായങ്ങളിലും  നീരവ് മോദിമാരുടെ കൊള്ളയിലും  മുഖ്യധാരയെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങൾ ഗുരുതരമായ അലംഭാവം കാണിച്ചു.  എന്നിട്ടും റാഫേൽ എന്നത് അഴിമതിയുടെ പേരായി അടയാളപ്പെട്ടുവെങ്കിൽ അതിനർത്ഥം മോദിവിരുദ്ധ ചേരി വിശ്വാസമാർജിക്കുന്നുവെന്ന് തന്നെയാണ്.

റിസർവ് ബേങ്ക് അടക്കമുള്ള സ്വതന്ത്ര സംവിധാനങ്ങളെ വരുതിയിലാക്കി മുന്നോട്ട് പോകാനുള്ള ശ്രമം മോദിയുടെ ശക്തിയെ അല്ല അടയാളപ്പെടുത്തിയത്, ദൗർബല്യത്തെയാണ്. സ്വന്തം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യൻ മുതൽ മുൻ സൈനിക ഉദ്യോഗസ്ഥൻ വരെയുള്ളവരുടെ എതിർസ്വരങ്ങൾ കാറ്റു മാറി വീശുന്നതിന്റെ തെളിവാണ്. മോദി അശക്തനായ ഭരണാധികാരിയാണെന്നും നേരത്തെയുണ്ടായതെല്ലാം വാഴ്ത്തുപാട്ടുകളായിരുന്നുവെന്നും വ്യക്തമാകുന്നതോടെ പല കോണിൽ നിന്ന് സത്യങ്ങൾ വെളിപ്പെട്ടു കൊണ്ടേയിരിക്കും. ഉദ്യോഗസ്ഥ സംവിധാനത്തെയും നീതിന്യായ സംവിധാനത്തെയുമൊന്നും വിചാരിച്ചിടത്ത് കിട്ടില്ല. കൂടുതൽ കളം മാറ്റങ്ങളുണ്ടാകും. ആയാറാം ഗായാറാമുകൾ പലത് നടക്കും.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിലേറിയശേഷം മുന്നണി ബന്ധം വേർപ്പെടുത്തിയത് 12 കക്ഷികളാണെന്നത് ഇതിനോട് ചേർത്ത് വായിക്കണം.  ഏറ്റവുമൊടുവിൽ ഉപേന്ദ്ര കുശ്‌വാഹയുടെ ആർഎൽഎസ്പിയും മുന്നണി ബന്ധം അവസാനിപ്പിച്ചു. അടുത്തകാലം വരെ എൻഡിഎ ക്യാമ്പിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന തെലുങ്കു ദേശം പാർട്ടിയാണ് ഇന്ന് മോദി സർക്കാറിനെതിരായ പടയൊരുക്കം നയിക്കുന്നത്. ടിഡിപിക്ക് പിന്നാലെയാണ് ജമ്മു കശ്മീരിലെ സഖ്യകക്ഷിയായ പിഡിപി മുന്നണി വിട്ടത്. ശിവസേന അടുത്ത തവണ ബിജെപിക്കൊപ്പമുണ്ടാകില്ലെന്ന് വ്യക്തമായിട്ടുണ്ട്. അസം ഗണ പരിഷത്, ത്രിപുരയിലെ ഐപിഎഫ്ടി എന്നിവയും ബിജെപിയോട് ഇടഞ്ഞ് നിൽക്കുകയാണ്.  ഹിന്ദുസ്ഥാനി അവാം മോർച്ച (ജിതൻ റാം മാഞ്ചി), ജനാധിപത്യ രാഷ്ട്രീയസഭ (സികെ ജാനു), സ്വാഭിമാനി പക്ഷ (മഹാരാഷ്ട്ര), ജനസേവാ പാർട്ടി (പവൻ കല്യാൺ), ഡിഎംഡികെ (വിജയകാന്ത്), എഡിഎംകെ (വൈകോ), പിഎംകെ(രാംദാസ്), ഹരിയാന ജനഹിത കോൺഗ്രസ് (കുൽദീപ് ബിഷ്‌ണോയി), ഗൂർഖ ജനമുക്തി മോർച്ച തുടങ്ങിയവയെല്ലാം ബിജെപി ക്യാമ്പ് വിട്ടവയാണ്. അകാലി ദൾ ശക്തമായ വിമത സ്വരം പിറപ്പെടുവിച്ച് കഴിഞ്ഞു.

വിജയത്തിലെ അപകടം

പിറവിയുടെ പിതൃത്വം അവകാശപ്പെടുന്ന ടിആർഎസിന് മേൽക്കൈയുള്ള തെലങ്കാനയെയും ഒരാളെ മാത്രം ലോക്‌സഭയിലേക്ക് അയക്കുന്ന മിസോറാമിനെയും തത്കാലം വിശകലനത്തിൽ നിന്ന് മാറ്റി നിർത്താം. ബീമാരു എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിൽ ആര് മുന്നേറുന്നുവോ അവർ ഇന്ത്യ ഭരിക്കുമെന്നാണല്ലോ. മഹാരാഷ്ട്രയും ഗുജറാത്തും കേന്ദ്രമായി രംഗപ്രവേശം നടത്തിയ ബിജെപി ദേശീയ ശക്തിയായി വളരുന്നത് ഈ ബീമാരുവിൽ അശ്വമേധം നടത്തിക്കൊണ്ടാണ്. അത്‌കൊണ്ട് മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് സർക്കാറുകൾ വരുന്നുവെന്നത് വലിയ കാര്യം തന്നെയാണ്. ഇതിന്റെ കൂടെ തെരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢിൽ കോൺഗ്രസ് ആധികാരിക വിജയം നേടുകയും ചെയ്തു. എന്നാൽ ഈ സംസ്ഥാനങ്ങളെ ഒറ്റക്കൊറ്റക്ക് എടുത്ത് പരിശോധിച്ചാൽ കോൺഗ്രസ് അർഹിക്കുന്ന വിജയം നേടിയിട്ടില്ലെന്ന് വ്യക്തമാകും.

രാജസ്ഥാനിൽ വസുന്ധരാ രാജെ സർക്കാറിനെതിരെ ജനവികാരം ശക്തമായിരുന്നു. തൊഴുത്തിൽ കുത്തിൽ ആടിയുലയുകയായിരുന്നു ബിജെപി ക്യാമ്പ്. സമ്പൂർണ വിജയത്തിനുള്ള എല്ലാ ഘടകവും അവിടെയുണ്ടായിരുന്നു. അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും മത്സരിച്ച് നേതൃനിര ശക്തമാക്കി നിർത്താൻ കോൺഗ്രസിന് സാധിക്കുകയും ചെയ്തു. മുസ്‌ലിം വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി വീഴുമെന്ന് നേരത്തേതന്നെ വ്യക്തമായതുമാണ്. ടോങ്കിൽ പരമ്പരാഗതമായി മുസ്‌ലിം സ്ഥാനാർത്ഥികളെ നിർത്തുന്ന കോൺഗ്രസ് ഇത്തവണ സച്ചിൻ പൈലറ്റിനെ മത്സരിപ്പിച്ചപ്പോൾ ബിജെപി നിർത്തിയത് വസുന്ധരാ മന്ത്രിസഭയിൽ അംഗമായിരുന്ന യൂനുസ് ഖാനെയാണ്. മുസ്‌ലിംകൾ സച്ചിനെതന്നെ പിന്തുണച്ചു. ഈ അനുകൂല ഘടകങ്ങളെല്ലാം ഉണ്ടായിട്ടും കോൺഗ്രസിന്റെ മുന്നേറ്റം 99 സീറ്റിൽ ഒതുങ്ങിയെന്നോർക്കണം. താഴേത്തട്ടിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം അഞ്ച് വർഷം കൂടുമ്പോൾ ഭരണ മാറ്റം നടക്കാറുള്ള രാജസ്ഥാനിൽ പോലും ശക്തമല്ലെന്നതാണ് ഇതിൽനിന്നു പഠിക്കേണ്ട ഒരു പാഠം. മറ്റൊന്ന് കർഷക പ്രക്ഷോഭം ശക്തമായ മേഖലകളിൽ ആ പ്രതിഷേധത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യം നേടിയെടുക്കാൻ കോൺഗ്രസിന് സാധിച്ചില്ല എന്നതാണ്. നോർത്ത് രാജസ്ഥാനിലാണ് രാജ്യം കണ്ട ഏറ്റവും പ്രധാനപ്പെട്ട കാർഷിക പ്രക്ഷോഭങ്ങളിലൊന്ന് നടന്നത്. ഇവിടെ നടന്ന പ്രക്ഷോഭങ്ങളിലൊന്നും കോൺഗ്രസ് നേതൃനിരയിൽ ഉണ്ടായിരുന്നില്ല. അത്‌കൊണ്ട് തന്നെ ഇവിടെ സിപിഎമ്മിനെയും ബിഎസ്പിയെയുമൊക്കെയാണ് ജനം വിശ്വസിച്ചത്. 2019-ൽ ബിജെപിയെ മലർത്തിയടിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്ന കോൺഗ്രസിന് ഇത് ഒട്ടും ഭൂഷണമല്ല. പശുവിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം നടന്ന ആൽവാറിൽ പോലും കോൺഗ്രസ്  സ്ഥാനാർത്ഥി ജയിച്ചില്ല. നഗര മേഖലകളിൽ ബിജെപിയെ തളർത്താൻ കൈക്കരുത്തിന് സാധിച്ചിട്ടുമില്ല. ഭരണവിരുദ്ധ വികാരത്തിന്റെ കൊടുമുടിയിൽ ജയിച്ചു കയറുന്ന കോൺഗ്രസ് മുറിയടച്ചിരുന്ന് ആലോചിക്കണം. ഇതാണ് സ്ഥിതിയെങ്കിൽ ഈ നിയമസഭാ സീറ്റുകളെല്ലാം ലോക്‌സഭാ സീറ്റുകളായി പരിണമിക്കുമ്പോൾ ജയിച്ചു കയറാനുള്ള ആത്മവിശ്വാസം ഈ വിജയം തരുന്നുണ്ടോയെന്ന്. പൊള്ളുന്ന വേനലിൽ ഇത്തിരി ആശ്വാസമായി ഒരു ചെറു പുതുമഴ! അങ്ങനെയേ രാജസ്ഥാനിലെ ഭരണലബ്ധിയെ കാണാനാകൂ.

ഇനി മധ്യപ്രദേശിലേക്ക് വന്നാൽ സ്ഥിതി ഏറെ ആശങ്കാജനകമാണ്. അവിടെ നാലാമൂഴത്തിനിറങ്ങിയ ശിവരാജ് ചൗഹാന് മുന്നിൽ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു കോൺഗ്രസ്. 114 സീറ്റ് നേടിയ കോൺഗ്രസിന് ഭരണമുറപ്പിക്കാൻ തങ്ങളുടെ തന്നെ വിമതരായ സ്വതന്ത്രരുടെയും സഖ്യചർച്ചകളിൽ നിന്ന് ഇറങ്ങിപ്പോയ ബിഎസ്പിയുടെയും സഹായം സ്വീകരിക്കണം. എണ്ണത്തിലെ അപര്യാപ്തത മാത്രമല്ല മധ്യപ്രദേശിലെ പ്രശ്‌നം. ഹിന്ദുത്വ രാഷ്ട്രീയത്തെ അപകടകരമായ മൃദു ഹിന്ദുത്വം കൊണ്ട് നേരിട്ട് നേടിയ സീറ്റുകളുമായാണ് കമൽനാഥ് ഇവിടെ ഭരണത്തിലേറാൻ പോകുന്നത്. ഇത്തരമൊരു സർക്കാറിന് സംസ്ഥാനത്തെ ദളിതുകളെയും ന്യൂനപക്ഷങ്ങളെയും എങ്ങനെ ഉൾക്കൊള്ളാനാകും? ഇവിടെ കോൺഗ്രസിന്റെ പ്രകടന പത്രിക കണ്ട് ബിജെപി പോലും അന്തംവിട്ടുപോയതാണ്. പശുമയമായിരുന്നു അത്. എല്ലാ പഞ്ചായത്തിലും ഗോശാലകൾ, ദേശീയപാതയിലുടനീളം പശു വിശ്രമ, പരിചരണ കേന്ദ്രങ്ങൾ, ഗോമൂത്രം ശേഖരിച്ച് വിൽക്കാൻ പ്രത്യേക സംവിധാനം,  ആത്മീയതയ്ക്കായി പ്രത്യേക വകുപ്പ്, സംസ്ഥാനത്തുടനീളം സംസ്‌കൃത സ്‌കൂളുകൾ ഇങ്ങനെ പോകുന്നു വാഗ്ദാനങ്ങൾ. മധ്യപ്രദേശിൽ പതിച്ച പോസ്റ്ററുകളിലുടനീളം ശിവഭക്തനായ രാഹുൽ ഗാന്ധിയാണ് നിറഞ്ഞത്. ‘കൈലാസ പർവത’മായിരുന്നു പശ്ചാത്തലത്തിൽ. ഓരോ റാലിക്കു മുമ്പും അദ്ദേഹം ക്ഷേത്ര ദർശനം നടത്തി, ക്യാമറകൾ കാൺകെ. മുതിർന്ന നേതാക്കളായ കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനെ അനുഗമിച്ചു. മുസ്‌ലിം നേതാക്കളെ ബോധപൂർവം പ്രധാന വേദികളിൽ നിന്ന് അകറ്റി.

തീവ്രവലതുപക്ഷ, വിഭജന രാഷ്ട്രീയത്തിന്റെ അപകടകരമായ വ്യാപനശേഷിയുടെ തെളിവാണ് ഇത്. അതിനെ എതിർക്കുന്നവർക്ക് പോലും വിട്ടുനിൽക്കാനാകില്ല. ആ നിലക്ക് കോൺഗ്രസിന്റെ കാവിപ്പുതപ്പിനെയും കേരളത്തിലെ സിപിഎമ്മിന്റെ പുതുഭക്തിയെയുമൊക്കെ വിലയിരുത്താമെങ്കിലും ബദൽ രാഷ്ട്രീയ സംസ്‌കാരം വളർത്തിയെടുക്കേണ്ടവർ ഇങ്ങനെ കീഴടങ്ങുന്നത് എന്തായാലും ജനങ്ങളുടെ കുഴപ്പം കൊണ്ടല്ല. അവരവരുടെ ആത്മവിശ്വാസമില്ലായ്മ കൊണ്ടാണ്.

പശു തിരിഞ്ഞു കുത്തി

ജനങ്ങളുടെ കുഴപ്പമല്ല എന്ന് വെറുതെ പറഞ്ഞതല്ല. കണക്കുകൾ നോക്കൂ. ഹിന്ദുത്വം വളരെ കുറച്ച് മാത്രം പുറത്തെടുത്ത ഛത്തീസ്ഗഢിലാണ് കോൺഗ്രസ് ഏറ്റവും തിളക്കമാർന്ന വിജയം നേടിയത്. ഏറ്റവും കൂടുതൽ ഹിന്ദുത്വം പ്രദർശിപ്പിച്ച മധ്യപ്രദേശിലാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത്. ജീവിത പ്രയാസം കൊണ്ട് പൊറുതിമുട്ടിയ, രാഷ്ട്രീയ കൗശലങ്ങളറിയാത്ത ഗ്രാമീണർ കോൺഗ്രസിനെ പിന്തുണച്ചു. ബിജെപിയെ കൈവിട്ടു. സവർണ ഹൈന്ദവന്റെ വൈകാരികതയായ പശു ഭക്തിയെ മൂർച്ചയേറിയ വർഗീയ രാഷ്ട്രീയ ആയുധമാക്കിയ ബിജെപിയെ ജനം പാഠം പഠിപ്പിച്ചു. പശു രാഷ്ട്രീയം കത്തുകയും പശു സംരക്ഷണം ഒരു സംഘമാളുകൾ അക്രമാസക്തമായി നടപ്പാക്കുകയും ചെയ്തതോടെ വലഞ്ഞ  ഗ്രാമീണർ സഹികെട്ട് ബിജെപിക്കെതിരെ ജാതി മറന്ന് ഒന്നിച്ചതോടെയാണ് പല സീറ്റുകളിലും അവരുടെ സ്ഥാനാർഥികൾ തോൽവി രുചിച്ചത്. നിലനിൽപ്പിനായുള്ള പോരാട്ടമെന്ന നിലയിൽ ക്ഷീര കർഷകർ ഈ രാഷ്ട്രീയ തീരുമാനം കൈകൊള്ളുകയായിരുന്നു.

കറവ വറ്റിയ മാടുകളെ  വിറ്റ് ആ പണം കൊണ്ട് പുതിയവ വാങ്ങുകയാണ് കർഷകരുടെ പതിവ്. എന്നാൽ പശുരാഷ്ട്രീയം കത്തിപ്പടർന്നതോടെ ഉത്തരേന്ത്യയിലാകമാനം ഗോവധ നിരോധനം കർശനമാക്കി. ഇതോടെ പശുക്കളെ വാങ്ങാൻ ആളില്ലാതായി. ഉത്പാദനക്ഷമതയില്ലാത്ത കന്നുകാലികൾക്കു കൂടി തീറ്റ നൽകേണ്ട ഗതികേടിലായി കർഷകർ. ഇതിന് പരിഹാരമായി രഹസ്യമായി പശുക്കളെ വിൽക്കാൻ ചിലർ ശ്രമിച്ചിരുന്നു. എന്നാൽ  വാഹനങ്ങൾ തടഞ്ഞ് കച്ചവടക്കാരെ തല്ലിക്കൊല്ലുന്ന സംഭവങ്ങൾ വ്യാപകമായതോടെ ആ ഉദ്യമവും അവസാനിച്ചു.

15000 മുതൽ 20000 രൂപ വരെ വിലകിട്ടിയിരുന്ന ഉരുക്കൾക്ക് വെറുതേ തീറ്റ നൽകി കർഷകർ മടുത്തതോടെ നിരത്തുകളിലേക്ക് അഴിച്ചുവിട്ടത് മറ്റൊരു ഗുരുതര പ്രശ്‌നമായി. നാഥനില്ലാത്ത കന്നുകാലികൾ തെരുവിൽ നിത്യകാഴ്ചയും ദുരിതവുമായി. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രകടന പത്രികയിൽ പശുത്തൊഴുത്തുകൾ നിർമിക്കുമെന്ന വാഗ്ദാനം പ്രാധാന്യപൂർവം വന്നത്. കോൺഗ്രസ് തിരിച്ചുപിടിച്ച മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്ക് വിനയായത് കർഷകരോഷമാണ്. മധ്യപ്രദേശിലെ മന്ദ്‌സോറിൽ കഴിഞ്ഞ വർഷം ആറ് കർഷകരെ പ്രക്ഷോഭത്തിന്റെ പേരിൽ വെടി വച്ച് കൊന്നതോടെയാണ് വിവിധ കർഷക കൂട്ടായ്മകൾ ഉത്തരേന്ത്യയിൽ ഉയർന്നുവന്നത്. മധ്യപ്രദേശിൽ കടുത്ത കർഷക ദ്രോഹത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ വിട്ടവർ രൂപവത്കരിച്ച രാഷ്ട്രീയ കിസാൻ മഹാസംഘും കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ പ്രക്ഷോഭം നയിക്കാൻ മുൻപന്തിയിലുണ്ടായിരുന്നു. ആർഎസ്എസ് അനുഭാവമുണ്ടായിരുന്ന കർഷക നേതാവ് ശിവകുമാർ ശർമ (കക്കാജി) മുൻകൈയെടുത്തുണ്ടാക്കിയ സംഘടന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംഘടിപ്പിച്ച 75 ദിവസം നീണ്ടുനിന്ന അന്നദാതാ അധികാർ യാത്ര കർഷകരെ ഏറെ സ്വാധീനിച്ചു. 51 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോയത്. അന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹൻ സിംഗ് പറഞ്ഞ ഒരു വാചകം ഇന്ന് ഓർമിക്കാൻ രസമുണ്ട്. ‘മധ്യപ്രദേശിൽ ഏത് നേതാവ് വിചാരിച്ചാലും 1,000 കർഷകരെ കിട്ടും. കർഷകരുടെ ദിവസം നഷ്ടപ്പെടുന്നത് മിച്ചം!’

മധ്യപ്രദേശിൽ  ഗ്രാമ മേഖലയിൽ 94 സീറ്റുകളാണ് കോൺഗ്രസ് നേടിയത്.  ബിജെപിയുടെ സമ്പാദ്യം 86 സീറ്റായിരുന്നു. നഗരമേഖലയിൽ കോൺഗ്രസ് നേടിയത് 20 സീറ്റും ബിജെപി നേടിയത് 23 സീറ്റുമായിരുന്നു. ബിജെപിയെ മറികടന്നത് ഗ്രാമങ്ങളിലാണെന്ന് വ്യക്തം. ഛത്തീസ്ഗഢിൽ ഗ്രാമ മേഖലയിൽ 62 സീറ്റാണ് കോൺഗ്രസ് നേടിയത്. ബിജെപി നേടിയത് 13ഉം. രാജസ്ഥാനിൽ ഗ്രാമങ്ങളിൽ നിന്ന് കോൺഗ്രസിന്റെ സമ്പാദ്യം 87 സീറ്റാണ്. ബിജെപിക്ക് 55. ഇവിടെ നഗര മേഖലയിൽ ബിജെപിയാണ് മുന്നിൽ- 18 സീറ്റ്. കോൺഗ്രസിന് 13 സീറ്റേ നേടാനായുള്ളൂ. ഈ കണക്ക് ഉരുവിട്ട് പഠിക്കേണ്ടത് ബിജെപിയല്ല, കോൺഗ്രസാണ്. ആർഎസ്എസിന്റെ മുഴുസമയ പ്രവർത്തകർ വർഷങ്ങളായി ഉഴുതു മറിച്ചിട്ട മണ്ണായിട്ടും ഗ്രാമങ്ങളിൽ കോൺഗ്രസിന് കൈക്കരുത്തു കാട്ടാനായെങ്കിൽ ഈ പച്ച മനുഷ്യരെയാണ് ഗൗനിക്കേണ്ടതെന്ന  പാഠമുൾക്കൊള്ളണം. കൈവന്ന അധികാരം അവരുടെ ജീവൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഉപയോഗിക്കണം.

2019ലേക്കുള്ള വാതിലുകൾ

തിരിച്ചടിക്ക് പിറകേ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗം പരാജയം വിലയിരുത്തിയില്ലെന്നാണ് പുറത്തു വന്ന വാർത്ത. പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള തന്ത്രമാവിഷ്‌കരിക്കുകയാണത്രേ യോഗം ചെയ്തത്. ഇതൊരു സൈക്കോളജിക്കൽ മൂവ് ആണ്. തിരിച്ചടിയെ ഗൗനിക്കുന്നില്ലെന്ന പ്രതീതി സൃഷ്ടിക്കൽ. അവർ നന്നായി വിലയിരുത്തിയിട്ടുണ്ട്. മന്ദിർ, പശു, പ്രതിമ തുടങ്ങിയ ആയുധങ്ങൾ പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്ന് ഞെട്ടലോടെ അവർ തിരിച്ചറിയുന്നു. അത്‌കൊണ്ട് ആയുധങ്ങൾ ഇടകലർത്തി ഉപയോഗിക്കുകയാകും ഇനിയവർ ചെയ്യുക. മുമ്പ് നയരൂപവത്കരണത്തിൽ മുമ്പനായിരുന്ന, ഇപ്പോൾ ബിജെപിയുടെ കടുത്ത വിമർശകനായ  മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹ പറയുന്നത് ഹിന്ദുത്വ അജൻഡ കൂടുതൽ ശക്തിയോടെ നടപ്പാക്കുമെന്നാണ്. ആയിരിക്കാം. ഒപ്പം കർഷക സ്‌നേഹം കൂടി വിളമ്പും. കാർഷിക കടാശ്വാസം ഉടൻ പ്രഖ്യാപിക്കും. തൊഴിലവസരം കൂട്ടാൻ പദ്ധതികൾ പ്രഖ്യാപിക്കും. ഉർജിത് പട്ടേലിനെ ആർബിഐയിൽ നിന്ന് പുകച്ചു പുറത്ത് ചാടിച്ചത് വെറുതെയല്ല. വിത്തിന് വച്ചതെടുത്ത് കുത്താൻ തന്നെയാണ്. യോഗി ആദിത്യനാഥിനെ മുഖ്യ പ്രചാരകനായി ഇറക്കിയാകും ഹിന്ദുത്വ മുഖം പ്രദർശിപ്പിക്കുക. യോഗി പോയ ഇടങ്ങളിലെല്ലാം തോറ്റുവെന്നത് തൽക്കാലം കണക്കിലെടുക്കാനിടയില്ല. സത്യത്തിൽ ഈ ഫലത്തിൽ മോദി സന്തോഷിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന് ഭീഷണിയായി വളരാനിടയുള്ള ശിവരാജ് സിംഗ് അടക്കമുള്ള നേതാക്കൾ നിലംപരിശാകാൻ തന്നെയാണ് അദ്ദേഹം ആഗ്രഹിച്ചത്.

കോൺഗ്രസ് വിലയിരുത്തിയോ? കൃത്യമായി പഠിച്ചുവെന്നാണ് അതിന്റെ നേതാവ് രാഹുൽ ഗാന്ധിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. അപാരമായ പ്രതിപക്ഷ ബഹുമാനവും നയതന്ത്രജ്ഞതയും പ്രകടിപ്പിച്ചു അദ്ദേഹം. നന്ദി പറഞ്ഞത് കർഷകർക്കും പാവങ്ങൾക്കുമാണ്. രാഹുൽ പറഞ്ഞതാണ് കോൺഗ്രസിന്റെ മുൻഗണനയെങ്കിൽ നല്ലത്. വിജയം ആത്മവിശ്വാസം പകരണം, അഹങ്കാരമരുത്. സഖ്യങ്ങളിലൂടെ മാത്രമേ 2019 മറികടക്കാനാകൂ എന്ന് തിരിച്ചറിയണം. രാഹുലിന്റെ നേതൃസ്ഥാനം അംഗീകരിപ്പിക്കാനുള്ള മൂലധനമായി മൂന്ന് സംസ്ഥാനങ്ങളെ ഉപയോഗിക്കാം. അതിനപ്പുറത്തേക്കുള്ള താൻപോരിമ അബദ്ധമായിരിക്കും. യോജിച്ച പ്രക്ഷോഭങ്ങളിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ട സഖ്യങ്ങളാണ്  വേണ്ടത്. മുറിവേറ്റ എതിരാളി അപകടകാരിയാണ്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ