വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ധനാഢ്യന്മാരിലൊരാളാണ് ബനൂഇസ്രാഈലുകാരന്‍ ഖാറൂന്‍. മൂസാ നബി(അ)ന്റെ പ്രബോധന കാലത്ത് ജീവിച്ച മാടമ്പി പ്രഭുവായിരുന്നു അയാള്‍. സമ്പന്നതയുല്‍പാദിപ്പിക്കുന്ന ആഢ്യത്വവും അഹങ്കാരവും ഭീകരമാണെന്ന് ഉദാഹരിക്കാനാണ് ഖാറൂന്‍ മുതലാളിയുടെ വൃത്താന്തം വിശുദ്ധ ഖുര്‍ആന്‍ അനുസ്മരിക്കുന്നത്. തന്റെ സാമര്‍ത്ഥ്യമുപയോഗിച്ച് അയാള്‍ ധാരാളം സമ്പാദിച്ചു. നിക്ഷേപങ്ങളുടെ ഖജനാവുകള്‍ അസംഖ്യമായിരുന്നു. അവയുടെ ഇരുമ്പു താക്കോലുകള്‍ മാത്രം വഹിക്കാന്‍ നാല്‍പതംഗ ഒട്ടകസംഘത്തെ ഏര്‍പ്പാടു ചെയ്തു. അവര്‍ തന്നെയും അവ ചുമന്നു നടക്കാന്‍ വല്ലാതെ കഷ്ടപ്പെട്ടു. അതിനുമാത്രമുണ്ടായിരുന്നു താക്കോലുകള്‍!!

പ്രഭുവിന്റെ മട്ടും ഭാവവും വേഷഭൂഷകളും കെറുവ് നിറഞ്ഞതായിരുന്നു; വസ്ത്രം നിലത്തിഴച്ചേ നടക്കൂ. പട്ടിണിപ്പാവങ്ങളെ കണ്ടുകൂടാ. ഉദാരതയും ആര്‍ദ്രതയും അയാള്‍ക്കു പരിചയമില്ല. നാട്ടുകാരില്‍ ചിലര്‍ അയാളെ ഉപദേശിച്ചുനോക്കി: നീ നിഗളിക്കരുത്. പുളകം കൊള്ളരുത്. അത്തരക്കാരെ അല്ലാഹുവിന് ഒട്ടും ഇഷ്ടമില്ല. അല്ലാഹു ധാരാളം നല്‍കിയിട്ടുണ്ടല്ലോ നിനക്ക്. അതുപയോഗിച്ച് പരലോകം വാങ്ങിക്കൂട്ടാന്‍ നോക്ക്. ഭൗതിക ജീവിതത്തിന് ആവശ്യമായത്ര വിനിയോഗിക്കാന്‍ മടിക്കുകയും വേണ്ട. അല്ലാഹു നിനക്ക് ധാരാളം നന്മ ചെയ്തപോലെ, അവയുപയോഗിച്ച് നീ അവന്റെ ദുര്‍ബലരായ അടിയാര്‍കളോടും നന്മ ചെയ്യുകയാണ് വേണ്ടത്. ധൂര്‍ത്തും പൊങ്ങച്ചവും സ്വാര്‍ത്ഥതയും കാണിച്ചാല്‍ ഭൂമിയിലെ മനുഷ്യജീവിതം നാശോന്മുഖമാവും. നീ അതിന് നില്‍ക്കേണ്ട.

ഔധത്യബോധം സിരകളില്‍ നിറഞ്ഞാല്‍ പിന്നെ ഉപദേശം ഫലിക്കില്ല. ഉപദേശികളോടും പുച്ഛമായിരിക്കും അയാളില്‍ ഉജ്ജ്വലിക്കുക. അതുതന്നെ സംഭവിച്ചു. ഖാറൂന്‍ മുതലാളി തന്റെ നാട്ടുകാരുടെ ഗുണകാംക്ഷയും സാരോപദേശവും വകവെച്ചില്ല. അഹങ്കാരം തികട്ടിക്കൊണ്ടയാള്‍ പ്രതികരിച്ചത് ഇങ്ങനെ: ‘നിങ്ങള്‍ പറയുംപോലെ അല്ലാഹുവിന്റെ ദാനമൊന്നുമല്ല എന്റെ നിധികുംഭങ്ങള്‍. എന്റെ സ്വന്തം സൂത്രവും പരിശ്രമവുമാണിതിനു പിന്നില്‍. അതിനാല്‍, അല്ലാഹുവിന്റെ ഇഷ്ടപ്രകാരം ഇതു വ്യയം ചെയ്യണമെന്ന് നിങ്ങള്‍ ഉപദേശിക്കുന്നതിലര്‍ത്ഥമില്ല; നിങ്ങള്‍ക്കു പോകാം.’

ദുഷിച്ച ധനത്തിനു ദാസ്യവേല ചെയ്യുന്ന പ്രഭുക്കന്മാര്‍ ഇങ്ങനെ പ്രതികരിക്കുമെന്ന് സൂറതു യാസീന്‍ 47-ല്‍ ലോകരക്ഷിതാവ് ഉണര്‍ത്തുന്നുണ്ട്: ‘അല്ലാഹു നിങ്ങള്‍ക്കു ഉദാരമായി നല്‍കിയ ധനത്തില്‍ നിന്നും നിങ്ങള്‍ അവന്റെ ഇഷ്ടപ്രകാരം വ്യയം ചെയ്യുവീന്‍ എന്നുപദേശിച്ചാല്‍ സത്യനിഷേധികളായ ധനാഢ്യര്‍ ഉപദേശകരായ സത്യവിശ്വാസികളോടു പ്രതികരിക്കുക ഇങ്ങനെയായിരിക്കും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ തന്നെ അന്നം നല്‍കുമായിരുന്ന ആളുകള്‍ക്ക് ഞങ്ങളെന്തിനു നല്‍കണം; നിങ്ങള്‍ക്ക് ഒട്ടും നേര്‍ബോധമില്ലേ കൂട്ടരേ.’

ഖാറൂന്‍ മുതലാളിക്കും സമാനരായ കോടീശ്വരന്മാര്‍ക്കും ചരിത്രാനുഭവങ്ങളെക്കുറിച്ച് ഒട്ടും ബോധമില്ല. എത്രയെത്ര സുശക്തരും സംഘബലമുള്ളവരും ധനം കുന്നുകൂട്ടിയവരും ചരിത്രത്തില്‍ എല്ലാം തകര്‍ന്നടിഞ്ഞിട്ടുണ്ട്. ദയ ആരിലും തോന്നാത്ത വിധം നശിച്ചില്ലാതായിട്ടുണ്ട്. ഖാറൂനെയും അല്ലാഹു വെറുതെ വിട്ടില്ല. ഒരു ദിനം അയാള്‍ സര്‍വാലങ്കാര വിഭൂഷിതനായി പരിവാരങ്ങള്‍ക്കൊപ്പം നിരത്തിലിറങ്ങിയതായിരുന്നു. കൊട്ടും കുരവും ആരവങ്ങളും നിറഞ്ഞ എഴുന്നള്ളിപ്പ്. പൊടുന്നനെ ഭൂമി പലതായി പിളര്‍ന്നു. ഖാനൂറും പരിവാരങ്ങളും തന്റെ കൊട്ടാരവും ഒന്നിച്ച് ഭൂമിയുടെ ആമാശയത്തില്‍ അടക്കം ചെയ്യപ്പെട്ടു. പരിവാരങ്ങളും ധനക്കൂമ്പാരങ്ങളും അയാളെ രക്ഷിച്ചില്ല (വിശുദ്ധ ഖുര്‍ആന്‍ 28/76-83 സൂക്തങ്ങള്‍ പരിശോധിക്കുക).

തിരുനബി(സ്വ)യുടെ പ്രബോധന കാലത്തുമുണ്ടായിരുന്നു ഖാറൂന് സമാനരായ ധാനാഢ്യന്മാര്‍. അവരെ ഇരുത്തിച്ചിന്തിപ്പിക്കുകയായിരുന്നു ഖാറൂന്‍ കഥയിലൂടെ അല്ലാഹു. പക്ഷേ, അവര്‍ നശിക്കാന്‍ തീരുമാനിച്ചവരായിരുന്നു. അബൂലഹബും കുടുംബവും നശിച്ച മുതലാളിക്കുടുംബങ്ങള്‍ക്കൊരുദാഹരണമാണ്.

‘അബൂലഹബിന്റെ ഇരുകൈകളും നശിച്ചു; അയാള്‍ തന്നെയും നശിച്ചു. അയാളുടെ ധനമോ അവന്റെ സമ്പാദ്യമോ അയാള്‍ക്ക് ഉപകാരപ്പെടില്ല. കത്തിജ്ജ്വലിക്കുന്ന അഗ്നിയിലേക്കവന്‍ നിപതിക്കാന്‍ പോകുന്നു. വിറകുചുമട്ടുകാരിയായ ഭാര്യയും കൂടെയുണ്ടാകും.’

ഖുര്‍ആന്‍ 111-ാം അധ്യായം അബൂലഹബിന്റെ ദാരുണമായ അന്ത്യത്തെ ഓര്‍മിപ്പിക്കുന്നത്. തൊട്ടു മുകളില്‍ അനാഥരെ അവഗണിക്കുന്ന, പാവപ്പെട്ടവന് അന്നം നല്‍കുവാന്‍ പ്രേരിപ്പിക്കാത്ത അബൂജാഹിലിനെ ആക്ഷേപിച്ചു, 107-ാം സൂറത്തില്‍. ദുര്‍ബല ജനവിഭാഗത്തോടു പുച്ഛം കാണിക്കുകയും ഗോഷ്ടി കാട്ടി അവരെ പരിഹസിക്കുകയും ചെയ്യുന്ന വൃത്തികെട്ട നോട്ടുകെട്ടുകാരനെയാണ് സൂറത് 104-ല്‍ തുറന്നുകാണിക്കുന്നത്. പണം എണ്ണിത്തിട്ടപ്പെടുത്തി അടുക്കിവെക്കുന്ന ആ ധനാഢ്യന്റെ മനഃശാസ്ത്രം അല്ലാഹു വെളിപ്പെടുത്തുന്നു: ‘തന്റെ പണം തനിക്കു ശാശ്വത ജീവിതം നല്‍കിയിരിക്കുന്നുവെന്ന് അയാള്‍ മൂഢമായി വിചാരിക്കുന്നു. അതല്ല സംഭവിക്കുക. അയാള്‍ ‘ഹുഥമ’യിലേക്ക് വലിച്ചെറിയപ്പെടുകയാണുണ്ടാവുക, നിസ്സംശയം.’ പര്യാപ്തതയും ആശ്രയമുക്തമായ ഐശ്വര്യവും വന്നു ചേരുമ്പോള്‍ മനുഷ്യനില്‍ ഉയിരെടുക്കുന്ന ധിക്കാരമനോഭാവത്തെ ഖുര്‍ആന്‍ ചോദ്യം ചെയ്യുന്നുണ്ട്: ‘അല്ല, സ്വയം പര്യാപ്തനായിക്കാണുമ്പോള്‍ മനുഷ്യന്‍ ധിക്കാരിയായിത്തീരുകയാണോ? തീര്‍ച്ചയായും താങ്കളുടെ രക്ഷിതാവിലേക്ക് മടക്കം’ (96/6,7,8).

ക്രിയാത്മകവും ഗുണസമ്പൂര്‍ണവുമായി ധനം വിനിയോഗിക്കുന്നവരെയും ആത്മനാശഹേതുവായ ലുബ്ധിനു കീഴ്പ്പെട്ടവരെയും വകതിരിച്ചു പരാമര്‍ശിക്കുന്ന അധ്യായമാണ് സൂറത്തുല്ലൈല്‍. അതിന്റെ ചുരുക്കമിങ്ങനെ:

‘തീര്‍ച്ചയായും നിങ്ങളില്‍ പലരും വ്യത്യസ്തമായാണ് പണിയെടുക്കുന്നത് (ചിലര്‍ ധനാത്മകമായും മറ്റു ചിലര്‍ ഋണാത്മകമായും). ദാനം നല്‍കുകയും സൂക്ഷ്മത പുലര്‍ത്തുകയും സുന്ദര വിശ്വാസ വചനത്തെ സത്യപ്പെടുത്തുകയും ചെയ്യുന്നവരുണ്ട്. അവര്‍ക്കു നാം ജീവിതം സുഗമമാക്കും. എന്നാല്‍, പിശുക്കുകയും സ്വയം പര്യാപ്തത നടിക്കുകയും സത്യപ്രസ്താവനയെ നിഷേധിച്ചു തള്ളുകയും ചെയ്യുന്നവരുമുണ്ട്. അവര്‍ക്കു ദുരിതപൂര്‍ണമായ ജീവിതത്തിലേക്കാണ് നാം വഴി എളുപ്പമാക്കിക്കൊടുക്കുക. അവരിലൊരുവന്‍ നാശത്തില്‍ നിപതിക്കുമ്പോള്‍ അയാളുടെ ധനം അതില്‍ നിന്നും രക്ഷപ്പെടുത്തില്ല.’

ധനാഢ്യരെയും വിനാശകരമായ നിലയില്‍ പണം സമ്പാദിക്കുകയോ ചെലവഴിക്കുകയോ ചെയ്യുന്നവരെയും ആക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ എമ്പാടും കാണും. സമൂഹത്തിന്റെ സമൂലമായ നാശത്തിനിടയാക്കുന്ന വന്‍ അപരാധങ്ങളുടെ ഗണത്തില്‍ അപകടകരമായ ധനസമ്പാദന വിനിയോഗ രീതികളെ പലയിടത്തും പരാമര്‍ശിച്ചു കാണുന്നു. ഒരു രാജ്യം സാന്മാര്‍ഗികമായി തകരുകയും അന്നാട്ടുകാര്‍ ദാരുണമായി നശിപ്പിക്കപ്പെടുകയും ചെയ്യുന്നതിനു നിമിത്തമാകുന്ന ഗുരുതര വീഴ്ചകളെണ്ണുന്നിടത്തെല്ലാം മുതലാളിമാരുടെ പണോത്സവവും ദുര്‍വിനിയോഗവും കടന്നുവരുന്നു. വല്ല രാജ്യവും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതിന്റെ പശ്ചാത്തലം പറയുന്നതിതാണ്: ‘നാം നല്‍കുന്ന സന്ദേശങ്ങള്‍ വകവെക്കാതെ അന്നാട്ടിലെ സുഖലോലുപന്മാര്‍ താന്തോന്നിത്തം ചെയ്യും. അപ്പോള്‍ നമ്മുടെ ആജ്ഞ അവര്‍ക്കുമേല്‍ യാഥാര്‍ത്ഥ്യമാകും; ആ രാജ്യം നിശ്ശേഷം നാം നശിപ്പിക്കും’ (ഇസ്റാഅ്/16).

ദൈവദൂതന്മാരെയും അവരുടെ പ്രതിനിധികളായ സന്ദേശവാഹകരെയും അവരിലേക്കു ക്ഷണിക്കുന്ന പണ്ഡിതന്മാരെയും പ്രബോധകരെയും നിഷേധിക്കാനും തള്ളിപ്പറയാനും മുന്‍പന്തിയിലുണ്ടായിരുന്നവര്‍ ഏറെയും പര്യാപ്തതയും ധനാധിക്യവും അനുഭവിക്കുന്നവരായിരുന്നു. “നാം താക്കീതുകാരനെ ഏതൊരു നാട്ടിലേക്കയച്ചപ്പോഴും അന്നാട്ടിലെ സുഖലോലുപന്മാര്‍ ‘നിങ്ങളെന്തുമായാണോ അയക്കപ്പെട്ടിരിക്കുന്നത് അത് വിശ്വസിക്കാന്‍ ഞങ്ങളില്ല’ എന്നു പ്രതികരിച്ചതായിട്ടേ ഉള്ളൂ” (സബഅ്/34).

ധനാഢ്യതയിലും സുഖലോലുപതയിലും വളരുന്നവരില്‍ രൂഢമൂലമാകുന്ന ചിന്താരീതിയും അത്തരക്കാരുടെ മാനസിക വ്യാപാരവും വിശുദ്ധ ഖുര്‍ആന്‍ മുഖ്യ പ്രമേയമായി ചിത്രീകരിച്ചിട്ടുണ്ട്. ‘നൂഹ്(അ) പ്രാര്‍ത്ഥിച്ചു: എന്റെ നാഥാ, തീര്‍ച്ചയായും ഇവര്‍ എന്നെ അനുസരിച്ചില്ല. സ്വത്തും സന്താനവും നിമിത്തം പരാജയം വര്‍ധിപ്പിച്ച ചിലരെയാണവര്‍ അനുഗമിച്ചത്’ (നൂഹ്/21).

പണം ഒരു പാപമല്ല

മനുഷ്യരുടെ ഭൗതിക ജീവിതത്തിന്റെ നിലനില്‍പിനു പണം അത്യന്താപേക്ഷിതമാണെന്ന് ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നു. അതിനെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ അറിയാത്ത ഭോഷന്മാരുടെ കൈകളില്‍ പണം കുമിഞ്ഞുകൂടുന്നതിനെ വലിയ ഭീഷണിയായി കാണുന്നു (നിസാഅ്/5).

ഖൈര്‍ (ഉത്തമമായ വസ്തു) എന്ന് ഖുര്‍ആന്‍ രണ്ടിടത്ത് പണത്തെ വിശേഷിപ്പിച്ചു (അല്‍ബഖറ/180, ആദിയാത്ത്/8). ഭക്തിയുടെയും പാപമുക്തിയുടെയും ഗുണഫലമായി ധനമെന്ന അനുഗ്രഹം ഭൂമിയില്‍ അല്ലാഹു വാഗ്ദാനം ചെയ്തു. ‘ആ ഗ്രാമീണര്‍ സത്യം സ്വീകരിക്കുകയും വിധിവിലക്കുകള്‍ സൂക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍, നാമവര്‍ക്ക് ആകാശഭൂമികളില്‍ നിന്നും അനുഗ്രഹങ്ങള്‍ തുറന്നു കൊടുക്കുമായിരുന്നു’ (അഅ്റാഫ്/96).

പാപമോചനത്തിന്റെ ഫലമായി ഇങ്ങനെ വാഗ്ദാനം ചെയ്തു: ‘നിങ്ങളുടെ നാഥനോട് പാപമോചനം തേടുവീന്‍, അവന്‍ വലിയ പാപങ്ങള്‍ പോലും പൊറുക്കുന്നവനാകുന്നു. നിങ്ങളതു ചെയ്താല്‍ അവന്‍ ആകാശത്തു നിന്നും സമൃദ്ധമായ മഴ അയച്ചുതരും. സ്വത്തും സന്താനങ്ങളും നല്‍കി അവന്‍ നിങ്ങളെ പരിപോഷിപ്പിക്കും…’ (നൂഹ്/12). പണം ഒരു പാപമല്ലെന്നാണീ വചനങ്ങള്‍ പറയുന്നത്. അല്ലാഹുവിന്റെ അനുഗ്രഹമാണത്. മറ്റേത് അനുഗ്രഹങ്ങളെയും പോലെ ഒരു പരീക്ഷണമാണ് പണവും.

പണത്തിന്റെ ഉപകാരങ്ങളെക്കുറിച്ച് അല്ലാമാ ഇബ്നു ഹജര്‍ ഹൈതമി(റ) വിശദീകരിക്കുന്നതു കാണുക: ‘പണത്തിന് മതപരവും ഭൗതികവുമായ ഒട്ടേറെ പ്രയോജനങ്ങളുണ്ട്. അല്ലാഹു പണത്തെ ഖൈര്‍ എന്നു വിശേഷിപ്പിച്ചിട്ടുണ്ടല്ലോ (2/180). അടിയാര്‍കള്‍ക്കുള്ള അനുഗ്രഹമായി സ്വത്തു നല്‍കുന്ന കാര്യം അല്ലാഹു എടുത്തു പറഞ്ഞിട്ടുണ്ട്. ‘ദാരിദ്ര്യം സത്യനിഷേധമായി വളരാന്‍ സാധ്യതയേറെയാണ് എന്ന് തിരുഹദീസില്‍ കാണുന്നു. ഭൗതികമായ പ്രയോജനം വളരെ വ്യക്തമാണ്. എന്നാല്‍ മതപരമായ പ്രയോജനങ്ങള്‍ പറയാം. മതം അനുശാസിക്കുന്ന ഹജ്ജ്, ഉംറ തുടങ്ങിയ സുപ്രധാന ഇബാദത്തുകള്‍ക്ക് പണമില്ലാതെ എത്തിച്ചേരാനാകില്ല. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിവാഹജീവിതം, ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ എന്നിവ സംതൃപ്തമാകാത്തവന് മതകാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ അസൗകര്യമായിരിക്കും. ഇവകള്‍ സംതൃപ്തമാകാന്‍ പണം വേണം. അപ്പോള്‍ ഇതുവഴി ഇബാദത്തിന് ശക്തിയേകുകയാണ് പണം ചെയ്യുന്നത്. ഒരു ഇബാദത്തിലേക്കെത്തിച്ചേരാന്‍ ആവശ്യമാകുന്നതെന്തോ അതും ആരാധനയാണെന്ന് പരിഗണിക്കുക (അതായത്, ഭൗതികമെന്ന് കരുതുന്ന മേല്‍പറഞ്ഞ ആവശ്യങ്ങള്‍ക്കുവേണ്ടി ധനം സമ്പാദിക്കാന്‍ ഏല്‍പ്പെടുന്നതും ഇബാദത്തായി പരിഗണിക്കപ്പെടും).

എന്നാല്‍ ജീവിക്കാനാവശ്യമായതിലപ്പുറം സമ്പാദിക്കാന്‍ തുനിയുന്നത് ഭൗതിക ലക്ഷ്യമായിട്ടേ കണക്കാക്കൂ. ദാനധര്‍മമായി പണം വിനിയോഗിക്കാന്‍ കഴിയുമെന്നതും പണത്തിന്റെ മതപരമായ പ്രയോജനങ്ങളില്‍ പെടുന്നു. ദാനധര്‍മത്തിന്റെ പുണ്യം പ്രസിദ്ധമാണല്ലോ.

അതിനുപുറമെ ഹദ്യകളും അതിഥി സല്‍ക്കാരങ്ങളും മറ്റും ചെയ്യാന്‍ ധനികന്മാര്‍ക്കേ കഴിയൂ. അവയിലെല്ലാം ധാരാളം പുണ്യങ്ങളുണ്ട്. ഒട്ടേറെ കൂട്ടുകാരെ അതുവഴി സമ്പാദിക്കാം. കൂടാതെ ഉദാരമതി എന്ന വിശേഷണം ആര്‍ജിക്കാനും സാധിക്കുന്നു. പരിഹാസ കവികളില്‍നിന്നും മതപരിത്യാഗിയില്‍ നിന്നും അഭിമാനം സംരക്ഷിക്കാനും സമ്പത്ത് സഹായിക്കും. അഭിമാന സംരക്ഷണത്തിനു സഹായകമാകുന്നതെന്തോ അത് സ്വദഖയാകുന്നു എന്ന തിരുമൊഴിയില്‍ വന്നിട്ടുണ്ട്. ജീവിത പരിസരങ്ങളുമായി ബന്ധപ്പെട്ട് താങ്കള്‍ നിര്‍വഹിക്കേണ്ട വേലകളും ചില്ലറപ്പണികളും ചെയ്തുതരാന്‍ കൂലിക്ക് ആളെ നിശ്ചയിക്കാനും പണം വേണം. താങ്കള്‍ സ്വയം അതിലേര്‍പ്പെടുകയാണെങ്കില്‍ പരലോക ക്ഷേമ പുണ്യങ്ങളില്‍ ഏര്‍പ്പെടാന്‍ സമയം ലഭിക്കാതെ വരും. മറ്റൊരാള്‍ക്ക് ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ കഴിയാത്ത ജ്ഞാന സമ്പാദന പ്രസരണ ദൗത്യം, ഇബാദത്തുകള്‍, ദിക്ര്‍, പരിചിന്തനം (ഫിക്ര്‍) തുടങ്ങിയ ബാധ്യതകളില്‍ താങ്കള്‍ക്ക് മുഴുകാമല്ലോ. മറ്റുള്ളവയില്‍ നിമഗ്നനാകുമ്പോള്‍ നഷ്ടപ്പെടുന്നത് വിലപ്പെട്ട സമയവും ആയുസ്സുമാണ്. മസ്ജിദ്, യാത്രാ സത്രങ്ങള്‍, മുസ്ലിം സാന്നിധ്യം അടയാളപ്പെടുത്തുന്ന സ്തൂപങ്ങള്‍, സ്തംഭങ്ങള്‍, വഴികളില്‍ ശുദ്ധജല സൗകര്യങ്ങള്‍, രോഗികള്‍ക്കു വേണ്ടിയുള്ള ശുശ്രൂഷാ കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതുജന ക്ഷേമം ലക്ഷ്യമാക്കിയുള്ള വഖ്ഫുകള്‍ക്കു ചെലവഴിക്കാന്‍ സമ്പത്തുണ്ടാവണമല്ലോ. ഇപ്പറഞ്ഞവ മരണാനന്തരം കാലാകാലത്തേക്ക് സജ്ജനങ്ങളുടെ ഉള്ളറിഞ്ഞ പ്രാര്‍ത്ഥനകളുടെ ബറകത്ത് ലഭ്യമാക്കുന്ന ശാശ്വത പുണ്യങ്ങളാണ്. ആ പ്രാര്‍ത്ഥന പോരേ നിനക്ക്. ഇവയ്ക്കു പുറമെ നശ്വരമായ മറ്റു ഗുണങ്ങളും പണം വഴി ലഭിക്കുന്നു. അന്തസ്സ്, സേവകവൃന്ദം, കൂട്ടുകാര്‍, പൊതുജനങ്ങളുടെ ആദരം തുടങ്ങിയവ പണം തരുന്ന താല്‍ക്കാലിക സുഖങ്ങളത്രെ (സവാജിര്‍ 1/178).

സമ്പത്തിന്റെ അപകട വശങ്ങളെക്കുറിച്ച് അല്ലാമാ ഹൈതമി(റ) തുടര്‍ന്ന് വിശദീകരിക്കുന്നുണ്ട്. മതസ്പര്‍ശമുള്ളതും ഭൗതിക സ്വഭാവമുള്ളതുമായ ധാരാളം അപകടങ്ങള്‍ സമ്പത്തിനുണ്ട്. സമ്പത്തിന്റെ സൗകര്യമുള്ളതിനാല്‍ പാപകര്‍മങ്ങളിലേക്ക് ആഗ്രഹങ്ങള്‍ ഉന്‍മുഖമാകുന്നുവെന്നതാണ് പ്രധാന ദോഷം. പാപപരിശുദ്ധത നമുക്ക് അവകാശപ്പെടാനില്ലല്ലോ. പാപം ചെയ്യാനുള്ള ശേഷിയുണ്ടെന്ന് നഫ്സിനു തോന്നിയാല്‍ പിന്നെ അതിലേക്ക് സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരക്കും. പാപത്തിനു പുറത്തുകയറി സഞ്ചാരം തുടങ്ങിയല്ലാതെ നഫ്സ് അടങ്ങില്ല. ഇത് സാധാരണ മനുഷ്യപ്രകൃതമാണ്. സമ്പത്തിന്റെ സാന്നിധ്യമാണ് നഫ്സിനെ മോഹിപ്പിക്കുന്ന സുപ്രധാന സൗകര്യങ്ങളിലൊന്ന്. മറ്റൊന്ന്, അനുവദനീയമായ ആസ്വാദക വസ്തുക്കളുപയോഗിച്ച് തുടങ്ങുകയെന്നതാണ്. ആദ്യമൊക്കെ നിയന്ത്രിതമായിരിക്കാമെങ്കിലും ആസ്വാദന സുഖം ക്രമത്തില്‍ തലക്കുപിടിക്കുകയും പതിയെ നിഷിദ്ധമായ സുഖാസ്വാദനങ്ങളിലേക്ക് കയറിപ്പോവുകയും ചെയ്യും. സുഖം ശീലിച്ചുപോയാല്‍ പിന്നെ അതുപേക്ഷിക്കാന്‍ വല്ലാതെ സമരം ചെയ്യേണ്ടിവരും. പലര്‍ക്കും അതിനു കഴിയാറില്ല. സുഖാസ്വാദന ത്വരയെ തൃപ്തിപ്പെടുത്താന്‍ നിഷിദ്ധമായ സമ്പാദന മാര്‍ഗങ്ങളിലാണ് അവര്‍ തുടര്‍ന്ന് ഏര്‍പ്പെടുക. ഇഷ്ടങ്ങളെ, മോഹങ്ങളെ കണ്ടുമുട്ടാന്‍ അതല്ലാതൊരു വഴി അവരുടെ മുന്നിലുണ്ടാകില്ല.

പണം വര്‍ധിക്കുന്നതിനനുസൃതമായി സമാനരുമായുള്ള സമ്പര്‍ക്കവും ഇടപഴക്കവും വര്‍ധിക്കാനിടയാകും. അങ്ങനെ അവര്‍ക്കു മുന്നില്‍ കപടനാട്യം കാണിക്കാന്‍, അവരെ സംതൃപ്തിപ്പെടുത്താനായി ദൈവധിക്കാരം ചെയ്യാന്‍ അയാള്‍ നിര്‍ബന്ധിതനായിത്തീരും. ശത്രുതയും പകയും പൊന്തിവരും. അസൂയ, നാട്യവേലകള്‍, അഹന്ത, കളവ്, പരദൂഷണം, ഏഷണി തുടങ്ങിയ ദുഷ്ടാവസ്ഥകളിലേക്ക് സാഹചര്യം അയാളെ വലിച്ചിഴക്കും. ഒടുവില്‍ ഇലാഹീ കോപത്തിനും ശാപത്തിനും അയാള്‍ പാത്രമായിത്തീരും. ധനത്തെ സേവിക്കാനും സംരക്ഷിക്കാനും മുഴുകേണ്ടി വരുന്നതിനാല്‍ അല്ലാഹുവിനെ സ്മരിക്കാനും ധ്യാനിക്കാനും വേണ്ടത്ര അവസരം ലഭിക്കാതെ വരുന്നു. അല്ലാഹുവിനെ വിസ്മരിപ്പിക്കുന്ന എന്തും അശുഭമാണ്; വ്യക്തമായ നാശവുമാണ്. അടിമകളെ പിടികൂടുന്ന ഏറ്റവും മാരകമായ രോഗമാണ് ദൈവവിസ്മൃതി. എല്ലാ തരം ഇബാദത്തുകളുടെയും പൊരുള്‍ തന്നെയും അല്ലാഹുവിനെ സ്മരിക്കാനുള്ള അവസരം സൃഷ്ടിക്കുകയെന്നതാണ്. അല്ലാഹുവിന്റെ മഹത്ത്വം മനസ്സില്‍ ധ്യാനിക്കാനാകണമെങ്കില്‍ അതിനേക്കാള്‍ പ്രാധാന്യമായിക്കാണുന്ന മറ്റെല്ലാ വിചാരങ്ങളില്‍ നിന്നും മനസ്സ് വിമലീകരിക്കണം. എന്തുപറയാന്‍, പണത്തെ സേവിച്ചും സംരക്ഷിച്ചും കഴിയുന്ന മനസ്സ് വിചാരശുദ്ധമാകുക ശ്രമകരമത്രെ!

പരലോക നഷ്ടങ്ങള്‍ കണ്ടുമുട്ടുന്നതിനു മുമ്പേ, ധനാഢ്യര്‍ ഇഹലോകത്തനുഭവിക്കുന്ന ദുരന്തങ്ങള്‍ ഇതിനു പുറമെയാണ്. ഭീതിയും ആധിയും വിഷാദവും ഭരിക്കുന്ന മാനസികാവസ്ഥ ധനികരനുഭവിക്കുന്ന ഇഹലോക ശിക്ഷകളത്രെ.

ചുരുക്കത്തില്‍ പണം തനി പുണ്യമോ പാപമോ അല്ല. ഇരു സംഗതികളുടെയും നിമിത്തം മാത്രമാണ്. എന്നാല്‍ സാമ്പത്തിക രോഗങ്ങള്‍ക്കുള്ള ഒറ്റമൂലി ഒന്നുമാത്രമേയുള്ളൂ; നിത്യാവശ്യങ്ങള്‍ക്കുള്ളതു മാത്രം കൈയില്‍ വെക്കുക, അവശേഷിക്കുന്നവയത്രയും അര്‍ഹര്‍ക്കു ദാനം ചെയ്യുക. അടിയന്തിരാവശ്യങ്ങള്‍ നിവൃത്തിക്കാനുള്ളതിനപ്പുറം പണം വാരിയെടുക്കുന്നവന്‍ സ്വയം വെടിയുതിര്‍ക്കാനാണൊരുമ്പെടുന്നത്. അതുകൊണ്ടല്ലേ പ്രവാചകരഖിലം ധനത്തിന്റെ ശല്യങ്ങളില്‍ നിന്നും അഭയം തേടിയത്.

അഭ്യാസമറിയില്ലെങ്കില്‍ അപകടമേഖലയില്‍ നിന്നും വിട്ടുനില്‍ക്കുകയാണഭികാമ്യം. നീന്താനറിയാത്തവന്‍ കടലില്‍ ചാടണോ? പാമ്പാട്ടിയുടെ ധൈര്യം കണ്ട് വിഷപ്പാമ്പിനെ വീട്ടില്‍ വളര്‍ത്തുന്നവന്‍ ഖേദിക്കേണ്ടി വരും. പണം കൊണ്ട് അഭ്യാസം കാണിക്കാനറിയുന്നവനെ കാണാന്‍ കൗതുകമാണ്; അയാളുണ്ടാക്കുന്ന കൗതുകം കാണികളില്‍ ഉല്‍ക്കര്‍ഷേഛയുണ്ടാക്കും. ധനം ധാരാളം ലഭിക്കുകയും വിദഗ്ധമായി അവ വിനിയോഗിക്കുകയും ചെയ്യുന്നവനോട് അസൂയ വെച്ചോളൂ എന്ന തിരുനബി(സ്വ)യുടെ നിര്‍ദേശം പ്രസക്തമാണ്. ‘നല്ലവന്റെ കൈയിലെ പണമാണ് നല്ല പണം’ എന്ന പ്രവാചകോക്തിയും ആലോചിക്കാന്‍ വക നല്‍കുന്നു.

സാമ്പത്തിക ഭക്തി പ്രധാനം

വ്യക്തിയുടെ സാമ്പത്തിക ചരിത്രത്തിന്റെ വിശുദ്ധി അളന്നുനോക്കിയാകട്ടെ അയാളുടെ ഭക്തിയുടെ ഗരിമ നിര്‍ണയിക്കാന്‍. വിശുദ്ധ ഖുര്‍ആന്റെ നയമതാണ്. മുത്തഖികളുടെ മഹദ്ഗുണങ്ങള്‍ എണ്ണുമ്പോള്‍ സാമ്പത്തിക ഘടകങ്ങള്‍ പരാമര്‍ശിക്കാത്ത ഒരിടവും വിശുദ്ധ ഖുര്‍ആനിലില്ല. അല്‍ബഖറയുടെ തുടക്കം ‘നാമവര്‍ക്ക് ഓശാരം നല്‍കിയതില്‍ നിന്നും ചെലവഴിക്കുന്നവരാണ് ഭക്തജനം’ എന്നു വിളംബരം ചെയ്യുന്നു. ‘അവരാണ് സത്യം പുല്‍കിയവര്‍, അവര്‍ തന്നെയാണ് ഭക്തര്‍’ (2/177). ആ ഭക്തരുടെ സാമ്പത്തിക പുണ്യങ്ങള്‍ എണ്ണിപ്പറയുന്നു ഫുര്‍ഖാന്‍/63-68 സൂക്തങ്ങള്‍. കാരുണ്യവാന്റെ അടിമകളുടെ ഗുണഗണങ്ങളെണ്ണവേ, പിശുക്കാതെയും പൊടിപൊടിക്കാതെയും മിതമായി ചെലവുചെയ്യുന്ന വീരകൃത്യത്തെ പ്രത്യേകം പരാമര്‍ശിക്കുന്നു.

സ്വര്‍ഗീയാനന്ദങ്ങളില്‍ നാഥന്‍ വാരിക്കോരി നല്‍കുന്നതെല്ലാം ആസ്വദിച്ചു കഴിയുന്ന ഭക്തജനങ്ങളുടെ സവിശേഷതകള്‍ വിവരിക്കവേ, ദാരിയാത്ത്/15-19 സൂക്തങ്ങള്‍ പറയുന്നു, ‘അവരുടെ ധനത്തില്‍ ചോദിച്ചെത്തുന്നവര്‍ക്കും തടയപ്പെട്ടവര്‍ക്കും ഒരവകാശമുണ്ട്’ എന്ന്. ‘മനുഷ്യകുലം മടക്കപ്പെടുന്ന ഭീകരനാളിനെ കരുതിയിരുന്നോളീന്‍’ എന്ന അന്ത്യ താക്കീത് നല്‍കുന്നതിനോട് ചേര്‍ന്ന് അപ്പുറമിപ്പുറവും ഇടപാടു വിശുദ്ധിയെക്കുറിച്ച് അല്ലാഹു പ്രത്യേകം ഉണര്‍ത്തുന്നു: എവിടുന്ന് സമ്പാദിച്ചു, എന്തിനുവേണ്ടി ചെലവഴിച്ചു എന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മനുഷ്യപുത്രാ, അന്ത്യനാളില്‍ ഒരടി മുന്നോട്ടുവെക്കാനാകില്ല; തീര്‍ച്ച.

സ്വാലിഹ് പുതുപൊന്നാനി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ