തമിഴ്‌നാട്ടിലെ വിശ്രുത പണ്ഡിതനും വെല്ലൂർ ബാഖിയാതുസ്വാലിഹാത് കോളേജിൽ 60 വർഷത്തോളം അധ്യാപനം നടത്തുകയും ചെയ്ത ശൈഖ് ആദം ഹസ്‌റത്തിന്റെ ഹജ്ജ് യാത്ര വരെയാണ് കഴിഞ്ഞ ലക്കത്തിൽ പരാമർശിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ആദർശബോധത്തെക്കുറിച്ച് ഏറെ വാചാലമാണ് 26/9/1969-ലെ ‘മഹാനായൊരു മുഫ്തി’ എന്ന ശീർഷകത്തിലുള്ള സുന്നി ടൈംസ്. പ്രസ്തുത ലക്കം അക്കമിട്ടു നിരത്തിയ ചില തെളിവുകൾ:

1. സഊദി രാജാവ് പരിശുദ്ധ മക്കയിൽ വെച്ച് പ്രതിവർഷം വിദേശങ്ങളിൽ നിന്നും ഹജ്ജ് നിർവഹിക്കാൻ വരുന്ന പണ്ഡിതർക്ക് നൽകി വരാറുള്ള സൽക്കാരത്തിന് ശൈഖുനാ അവർകളെയും ക്ഷണിക്കുകയുണ്ടായി. പക്ഷേ, രാജാവ് സുന്നത്ത് ജമാഅത്തുകാരനല്ലെന്ന ഏക കാരണത്താൽ ആ ക്ഷണം നിരസിക്കുകയാണുണ്ടായത്.

2. തന്റെ മുൻ ശിഷ്യനും ഇപ്പോൾ മദീനയിൽ താമസിച്ചു പോരുന്നവനുമായ ഒരു മൗലവി ശൈഖുനാ അവർകൾക്കു ഹസ്തദാനം ചെയ്യുവാൻ മുന്നോട്ടു വന്നപ്പോൾ അദ്ദേഹം വഹാബിയാണെന്നറിഞ്ഞതിനാൽ അത് വിസമ്മതിക്കുകയും അനുവാദം നൽകാതിരിക്കുകയും ചെയ്തു.

1378 മുഹർറം മാസത്തിൽ തിരിച്ചെത്തിയ ഹസ്‌റത്തിന് വെല്ലൂരിലെ ബഡി മസ്ജിദിൽ സ്വീകരണം നൽകിയതിനെ കുറിച്ചും പരാമർശമുണ്ട്.

‘ശൈഖുനായുടെ ആയുഷ്‌കാലം മുഴുവനും തന്നെ പരിശുദ്ധ ദീനീ ഖിദ്മത്തിനും സാമുദായിക സേവനത്തിനും ഉഴിഞ്ഞുവെച്ചതായിരുന്നു. ഈ ഉന്നത പദവികളിലേക്കുയരുന്നതിന് സഹായിച്ചത് അവിടുത്തെ നിഷ്‌കളങ്കവും നിസ്വാർത്ഥവുമായ പ്രവർത്തനങ്ങളും എന്തും സഹിക്കാനുള്ള മനോദാർഢ്യവും ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള നിരന്തരമായ അധ്വാനവും ലളിതവും പരിശുദ്ധവുമായ ജീവിതരീതിയും മാത്രമായിരുന്നു എന്നുള്ളതാണ് സത്യം. ചില പ്രഭാഷണങ്ങൾ മായാശക്തിയുള്ളതാണ് എന്ന നബിവചനത്തിന് മകുടം ചാർത്തുന്നതായിരുന്നു അവിടുത്തെ പ്രഭാഷണങ്ങൾ. ചെറുവാക്യങ്ങളിലായി ആരെയും ഇരുത്തിചിന്തിപ്പിക്കുന്നതായിരുന്നു അത്. പഠിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്‌തെങ്കിൽ മാത്രമേ നമുക്ക് വിജയം കൈവരിക്കാനാവുകയുള്ളൂവെന്നും ദീനീ സേവനത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ മാത്രമേ അത് ഫലപ്രദമാവുകയുള്ളൂവെന്നും ശൈഖുന അടിക്കടി ഉദ്‌ബോധിപ്പിക്കുന്നതായി കേൾക്കാം.’

ഹസ്‌റത്തിന്റെ വാദപ്രതിവാദ നൈപുണ്യത്തെക്കുറിച്ച് ലേഖകന്റെ സാക്ഷ്യം ഇങ്ങനെ: എഡി 1960 ജനുവരി 9-നു തബ്‌ലീഗ് പ്രചാരണത്തിനായി അറേബ്യയിൽ നിന്നും വന്ന ഒരു അറബിയുമായി ബഹു. ബാഖിയാത്ത് കോളേജിൽ നിന്നു നടത്തിയ മുനാളറ (വാദപ്രതിവാദം) യിൽ ആ തർക്കനിപുണനായ അറബി ഉത്തരം മുട്ടിയ കഥ ഈ ലേഖകനടക്കമുള്ള വിദ്യാർത്ഥികളും മറ്റും നേരിൽ കണ്ടതാണ്.

മലബാർ ബന്ധത്തെക്കുറിച്ച്: ശൈഖുനാ നമ്മുടെ മലബാറിൽ പലവുരു വന്നിട്ടുണ്ട്. ബഹു സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ചരിത്ര പ്രസിദ്ധമായ മീഞ്ചന്തയിൽ ചേർന്ന 17-ാം വാർഷിക സമ്മേളനത്തിൽ ശൈഖുനാ അവർകളായിരുന്നു അധ്യക്ഷപീഠം അലങ്കരിച്ചിരുന്നത്. അവസാനമായി ശൈഖുന മലബാറിൽ വന്നത് എഡി 1959 ജനുവരി 18-ന് പൊന്നാനിയിലെ മഊനത്തുൽ ഇസ്‌ലാം അറബി കോളേജ് ഉദ്ഘാടനത്തിനായിരുന്നു. ഈ യാത്രക്കൊരുങ്ങി പുറപ്പെടുമ്പോൾ യാത്രയയപ്പിനായി അവിടെ സന്നിഹിതരായിരുന്ന ശിഷ്യഗണങ്ങളോട് ശൈഖുനാ ഇത് എന്റെ അന്ത്യ മലബാർ യാത്രയാണെന്നു പറയുകയുണ്ടായി. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.

1960 ജൂലൈ 16-ന് വെള്ളിയാഴ്ച വുളൂഅ് ചെയ്തു എഴുന്നേൽക്കുന്നതിനിടെ വീണു പരിക്കേറ്റ അദ്ദേഹത്തിന് പിന്നെ കോളേജിൽ വരാനായില്ല. മരണത്തോടടുത്ത ദിവസം സന്ദർശകരോട് പറഞ്ഞു: ‘ബാനി ഹസ്‌റത്ത് ഇതാ വന്നിരിക്കുന്നു. അദ്ദേഹത്തിന് വഴിമാറി കൊടുക്കൂ.’ നവംബർ 30 (1380 ജമാദുൽ ആഖർ 10) ബുധൻ വൈകുന്നേരം ആ മഹാമനീഷി ചരിത്രത്തിലേക്കു പിൻവാങ്ങി. 92 വയസ്സായിരുന്നു.

പത്രങ്ങളിലും ആകാശവാണിയിലും വാർത്ത വന്നതോടെ ജനസഞ്ചയമൊഴുകി റഹ്മത്ത്പാല വീർപ്പുമുട്ടി. ലേഖകന്റെ വിവരണം: മലനാട്, തമിഴ്‌നാട്, ഇതരനാടുകളിൽ നിന്നും അനുശോചന കമ്പിസന്ദേശങ്ങൾ തുരുതുരാ പ്രവഹിച്ചു. 1960 ഡിസംബർ ഒന്നിന് വ്യാഴാഴ്ച രാവിലെ മയ്യിത്ത് പരിപാലന പരിപാടികൾ ആരംഭിക്കുകയും അസർ നിസ്‌കാരാനന്തരം നിറഞ്ഞ കണ്ണുകളോടെ നോക്കിനിൽക്കുന്ന ആയിരക്കണക്കിന് ജനതാമധ്യത്തിൽ ലാൽപേട്ട മദ്‌റസാ പ്രിൻസിപ്പാൾ മൗലാനാ സിക്തഉദ്ദീൻ ഹസ്‌റത്ത് അമാനി അവർകളുടെ നേതൃത്വത്തിൽ റഹ്മത്ത് പാല ജുമുഅത്ത് പള്ളിയുടെ വടക്കുകിഴക്കേ ഭാഗത്ത് ശൈഖുനാ അവർകളുടെ ഭൗതിക ജഡം സംസ്‌കരിക്കപ്പെട്ടു. അനന്തരം വെല്ലൂരിലെ ഈദുഗാഹിൽ ഒരു അനുശോചന യോഗം ചേർന്നു. മുസ്‌ലിം ലീഗ് നേതാക്കളായ മുഹമ്മദ് ഇസ്മാഈൽ സാഹിബ് എംപി, അബ്ദുസമദ് സാഹിബ് എംപി തുടങ്ങിയ നേതാക്കൾ സംസാരിച്ചു….. ശൈഖുനായുടെ ഖബർ ശരീഫ് പ്രസിദ്ധമാണ്. അവിടെ സദാസന്ദർശകർ വന്നുകൊണ്ടേയിരിക്കുന്നു. മഹാനവർകൾ ഈ നശ്വരലോകത്തുനിന്നും മറഞ്ഞുവെങ്കിലും ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.’

കുറിപ്പ് പ്രാർത്ഥനയോടെ അവസാനിക്കുകയാണ്. തമിഴ്‌നാട് ജന്മം നൽകിയ മഹാഗുരുവിന്റെ വിയോഗത്തോടെ ആ നാട് അനാഥമായി, ജനതയും. പണ്ഡിതവിയോഗങ്ങളൊന്നും പിന്നീട് നികത്തപ്പെടുന്നില്ലെന്ന സത്യം മാറ്റമില്ലാതെ ശേഷിക്കുന്നു.

(അവസാനിച്ചു)

ശൈഖ് ആദം ഹസ്‌റത്ത്/2

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ