natural calamity-malayalam

പ്രകൃതി നിരന്തരമായി കലഹിക്കുകയാണ്. കലഹം പ്രകൃതിയിൽ ശക്തിയാകുമ്പോൾ അത് ക്ഷോഭമായി മാറുന്നു. പ്രകൃതി ക്ഷോഭിക്കുമ്പോൾ ജീവിത ചുറ്റുപാടുകളും പ്രക്ഷോഭത്തിലാകുന്നു. പ്രകൃതിയിലും കാലാവസ്ഥയിലുമുണ്ടാകുന്ന ക്ഷുഭിതാന്തരീക്ഷത്തിനുത്തരവാദിത്വം ആരുടെ മേൽ ചാർത്തണമെന്നതിൽ കൂടുതൽ ശങ്കിക്കേണ്ടതില്ല. അനേക വർഷങ്ങൾ പഴക്കമുള്ള ഭൂമിക്കുമേൽ ഇന്നേവരെ ബാഹ്യമായും ആന്തരികമായുമുണ്ടായ വികാസ പരിണാമങ്ങൾ ഭൂമിയുടെ അസ്തിത്വത്തെ ബാധിക്കും വിധത്തിലാണ്. ഈ പരിണാമങ്ങൾ പ്രകൃതിയിലും കാലാവസ്ഥയിലുമുള്ള സന്തുലിതാവസ്ഥയെ ദോഷകരമായി സ്വാധീനിച്ചു. അപകടകരമായ ഇത്തരം വ്യതിയാനങ്ങളെ ഓർമപ്പെടുത്തുകയാണ് ഓരോ സന്ദർഭത്തിലും പ്രത്യക്ഷമാകുന്ന വെള്ളപ്പൊക്കങ്ങളും ചുഴലിക്കാറ്റും ഉരുൾപൊട്ടലുകളുമെല്ലാം. വെള്ളവും കാറ്റും വെയിലും മഴയുമെല്ലാം പ്രകൃതിക്കും ജീവനും ആവശ്യമാണ്. പക്ഷേ ക്രമാതീതമാകുമ്പോൾ വെള്ളപ്പൊക്കമായും കൊടുങ്കാറ്റായും സൂര്യാഘാതമായും പ്രത്യക്ഷമാകുന്നു.

മണിക്കൂറിൽ 75 കിലോമീറ്ററിലധികം വേഗമുള്ള ഓഖി ചുഴലിക്കാറ്റ് കഴിഞ്ഞ വർഷം കനത്ത നാശനഷ്ടമാണ്  തീരപ്രദേശങ്ങളിൽ വരുത്തിയത്. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് നൽകിയ മുന്നറിയിപ്പനുസരിച്ച് കേരള തീരദേശങ്ങളിൽ ഭീമൻ തിരമാലകൾക്ക് സാധ്യത കൂടുതലാണ്. കാലാവസ്ഥയിലെ പ്രാതികൂല്യങ്ങൾ മൂലം ജനജീവിതം ദുസ്സഹമാവും. അപ്പോൾ, പ്രകൃതി ദുരന്തങ്ങൾക്ക് ഇരകളായിത്തീരുകയല്ലാതെ മറ്റൊരു നിർവാഹവും മനുഷ്യർക്കുണ്ടാകില്ല.

പ്രകൃതി ദുരന്ത വാർത്തകളും സന്ദേശങ്ങളും നിരന്തരമായി മാനവരാശിയെ അലോസരപ്പെടുത്തുകയാണ്. രാജ്യത്തിന്റെയും കേരളത്തിന്റെയും സ്ഥിതിയും ഭേദമല്ല. റിക്ടർ സ്‌കെയിലിൽ ഒമ്പതു വരുന്ന, പത്ത് കോടി ജനങ്ങളുടെ ജീവൻ കവരാൻ ശേഷിയുള്ള വൻഭൂകമ്പം ഇന്ത്യയെ തേടിയെത്തുമെന്ന ശാസ്ത്രീയ പ്രവചനം ആശങ്ക വർധിപ്പിക്കുന്നതാണ്.

അന്തരീക്ഷത്തിലെ ജീവജാലങ്ങൾക്ക് ജീവന്റെ തുടിപ്പു നൽകുന്ന ഓരോ കണികയും വിഷലിപ്തമായിരിക്കുകയാണ് ഇന്ന്. എൻവിയമെന്റൽ മാനേജ്‌മെന്റ് ആൻഡ് പോളിസി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഈയടുത്ത് പുറത്തുവിട്ട പഠന റിപ്പോർട്ട് പ്രകാരം, രാജ്യത്തെ ശുദ്ധജല സംഭരണികളെല്ലാം വിഷലിപ്തമാണ്. അന്തരീക്ഷ വായു പോലും വിഷലിപ്തമാവുകയാണ്. ഡൽഹിയിലനുഭവപ്പെട്ട അന്തരീക്ഷത്തിലെ വിഷപ്പുക എത്രമാത്രം ഭീതി പരത്തിയെന്നതിന് അനുഭവസ്ഥർ തെളിവാണല്ലോ. ജലസമൃദ്ധിയുള്ള എണ്ണൂറോളം തടാകങ്ങളുണ്ടായിരുന്ന ബംഗളൂരുവിലിപ്പോഴത് 70 എണ്ണമായി ചുരുങ്ങിയിരിക്കുന്നു. അവശേഷിക്കുന്നവ മാലിന്യം നിറഞ്ഞ് രോഗം പരത്തുന്ന സങ്കേതങ്ങളും.

 

അഭയാർത്ഥിയിലേക്കുള്ള ദൂരം

മ്യാന്മർ സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും പീഡനം മൂലം ഇന്ത്യയിലേക്ക് അഭയാർത്ഥികളായി വന്ന റോഹിംഗ്യൻ മുസ്‌ലിംകളെ മ്യാന്മറിലേക്കു തന്നെ തിരിച്ചയക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കത്തെ ശക്തമായപലപിച്ചുകൊണ്ടുള്ള യു.എൻ. ഹൈക്കമ്മീഷണറുടെ ശാസന കഴിഞ്ഞ വർഷത്തിലാണ് നാം വായിച്ചു തള്ളിയത്. യുദ്ധത്തിന്റെയും വർഗീയതയുടെയും പീഡനത്തിന്റെയും കെടുതികളിൽ നിന്നാണ് പൊതുവെ അഭയാർത്ഥി പ്രവാഹങ്ങൾ ഉടലെടുക്കാറുള്ളതെങ്കിലും പ്രകൃതിയുടെയും കാലാവസ്ഥയുടെയും സംഹാരതാണ്ഡവം കൊണ്ടും അഭയാർത്ഥികളുണ്ടാകാറുണ്ട്. സ്വന്തം മണ്ണിൽ നിർഭയത്വം നഷ്ടമാകുമ്പോൾ ആരാണ് അഭയാർത്ഥികളായി അലയാതിരിക്കുക?

കാലാവസ്ഥാ വ്യതിയാനം ജീവിതത്തെ ബാധിക്കും വിധം അനുദിനം രൂക്ഷമാവുകയാണ്. ദുരന്ത കാഠിന്യത്തെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് നാം ഏറെ കേൾക്കുന്നതും. കഴിഞ്ഞ ഓസോൺ ദിനത്തിൽ പുറത്തുവന്ന വാർത്ത നമ്മെ സംബന്ധിച്ചിടത്തോളം ഭീതിജനകമാണ്. ഓസോൺ പാളിക്ക് സംഭവിക്കുന്ന ക്ഷയം ഏറ്റവുമധികം ബാധിക്കുന്നത് ലോകത്ത് നാലു ശതമാനം മാത്രം വെള്ളം ലഭിക്കുന്ന/ലോക ജനസംഖ്യയുടെ 18 ശതമാനം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇന്ത്യയെയായിരിക്കുമെന്നാണത്. 2050 ആകുമ്പോഴേക്കും രാജ്യത്തെ ശുദ്ധജല സ്രോതസ്സുകൾ വറ്റിവരളുമെന്നാണ് ഗവേഷകരുടെ നിഗമനം. അമേരിക്കയിലെ കൽക്കരിയധിഷ്ഠിത വ്യവസായങ്ങളാണത്രെ ഓസോൺ പാളികളെ ബാധിക്കുന്നത്. കൽക്കരിയധിഷ്ഠിത വ്യവസായ ശാലകൾ അന്തരീക്ഷത്തിലേക്കു തള്ളുന്ന വൻതോതിലുള്ള ഹരിതഗൃഹ വാതകങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് മുഖ്യ കാരണമാകുന്നു. ഓസോണിന് ഭംഗം വരുത്തുന്നതെന്തും ഇന്ത്യയെ കുടുതൽ പ്രതിസന്ധിയിലാക്കും. 2050 ആകുമ്പോഴേക്കും ജല ലഭ്യത മാത്രമല്ല, സ്വസ്ഥമായി ജീവിക്കാവുന്ന ഇടങ്ങളും കുറയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങൾ ഭൂനിവാസികളുടെ സൈ്വരജീവിതത്തിന് തടസ്സമാകും. നാടും വീടും വിട്ടെറിഞ്ഞുള്ള പലായനത്തിനാണിത് വഴി വെക്കുക.

2020 ആകുമ്പോഴേക്കും 780 കോടി പുതിയ വൃക്ഷങ്ങൾ ഭൂമിയിൽ നട്ടുപിടിപ്പിക്കാനാണ് കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്. പ്രതിവർഷം ഭൂമിയിൽ നിന്ന് നഷ്ടപ്പെടുന്ന മരങ്ങളുടെ ഭീതിപ്പെടുത്തുന്ന തോത് പരിഹരിക്കാനാണ് ഐക്യരാഷ്ട്ര സഭയുടെ ശ്രമം. മാനുഷികാതിക്രമം മൂലമാണത്രെ വന നശീകരണം കൂടുതൽ സംഭവിക്കുന്നത്. ഇതിലൂടെ ലോകം ആസന്നമായൊരു മഹാവിപത്തിന്റെ പടിവാതിൽക്കലാണ്.

വ്യാവസായിക വത്കരണത്തിന്റെയും വനനശീകരണത്തിന്റെയും രൂക്ഷത പരിസ്ഥിതിയുടെ നിലനിൽപിനെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. ഉപഭോഗ സംസ്‌കാരം, നവ ലിബറൽ ആഗോളീകരണം, നൂതന കമ്പോളവത്കരണം എന്നിവ മനുഷ്യരിൽ രൂഢമായിട്ടുണ്ട്. ഇത്തരം ദുശ്ശീലങ്ങളിലൂടെ വന്നു ചേരുന്ന വിപത്തുകൾ വലുതാണ്. മനുഷ്യർ മാത്രമല്ല, ജീവികളും അചേതന വസ്തുക്കൾ പോലും  ഈ വിപത്തിന് ഇരകളാകുന്നു. നിരപരാധികളൊരിക്കലും കണ്ണീർ പൊഴിക്കരുതെന്ന പ്രാപഞ്ചിക തത്ത്വത്തിന് ഇതുവഴി ക്ഷതം സംഭവിക്കുന്നു. ഗുണം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതെന്നാണല്ലോ. മനുഷ്യനു ഗുണം കാംക്ഷിക്കുന്ന ജീവജാലങ്ങളോടു പോലും നാം ചെയ്യുന്ന പരാക്രമത്തെ എങ്ങനെ ന്യായീകരിക്കാനാകും.

ഫോസിൽ ഇന്ധനങ്ങളിൽ നിന്നു പുറംതള്ളുന്ന കാർബൺഡൈ ഓക്‌സൈഡ് വലിച്ചെടുത്ത് അന്തരീക്ഷവായു ശുദ്ധമാക്കുന്നത് മരങ്ങളും വനങ്ങളുമാണ്. കൂടാതെ, നൈട്രജൻ ഓക്‌സൈഡ്, അമോണിയ, സൾഫോറിക്ക് ഓക്‌സൈഡ് തുടങ്ങിയ വിഷവാതകങ്ങളെ വായുവിൽ നിന്ന് ആഗിരണം ചെയ്ത് അന്തരീക്ഷവായു ശുദ്ധമാക്കുന്നതും ഭൂമിയിലെ ഹരിതമേടുകളാണെന്ന യാഥാർത്ഥ്യം ഭൂമിവാസികൾ മറക്കരുത്. ഇവ്വിഷയകമായാണ് ഡൽഹിയഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിക പ്രതിസന്ധി. ഈ പ്രതിസന്ധി തരണം ചെയ്യാനാണ് ഡൽഹി ഭരണകൂടം പൊതുനിരത്തിൽ വാഹനമിറക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയത്. വായുശുദ്ധീകരണത്തിൽ ഭൂമിയിലെ  ഹരിത മേടുകൾ നിർവഹിക്കുന്ന ദൗത്യം ഉന്നതമാണ്. എന്നാൽ വാഹനങ്ങൾ പുറംതള്ളുന്ന വിഷവാതകങ്ങൾ ആഗിരണം ചെയ്യാൻ മതിയായ ഹരിതമേടുകൾ പോലും തലസ്ഥാന നഗരിയിലില്ല.

വർഷത്തിലൊരിക്കൽ ഉലകം മുഴുക്കെ പരിസ്ഥിതി, ഓസോൺ, ജലദിനം, കാലാവസ്ഥ തുടങ്ങി പല ദിനാചരണങ്ങളും നടത്തുന്നുവെങ്കിലും അതെല്ലാം കേവല ചടങ്ങുകളിലൊതുങ്ങുകയാണ്. ആത്മാർത്ഥമായി പരിസ്ഥിതിയെയും ഓസോണിനെയും ജലത്തെയും കാലാവസ്ഥയെയും പരിപാലിക്കാൻ ഭൂവാസികൾക്ക് കഴിയുന്നില്ല. ഓരോ പരിസ്ഥിതി ദിനത്തിലും കോടിക്കണക്കിന് വൃക്ഷത്തൈകൾ ഭൂമിയെ ചുമ്പിക്കുന്നുവെങ്കിലും ശേഷിക്കുന്ന നാളുകളിൽ എത്ര തൈകൾ പരിപാലിക്കപ്പെടുന്നു/ ബാക്കിയാകുന്നുവെന്നൊന്നും ആരും കണക്കെടുക്കെടുക്കാറില്ല. തൈ നടീൽ ജാഢകളിലൊതുങ്ങുകയാണ് പതിവ്. പരിസ്ഥിതി ദിനത്തിൽ ആരോ നട്ട ചെടിക്കടുത്തിരുന്ന് എത്ര മാന്യരാണ് കാമറയിൽ മുഖം കാണിക്കാറുള്ളത്. മുഖപുസ്തകത്തിലും വാട്‌സാപ്പിലും സ്റ്റാറ്റസപ്‌ഡേഷൻ നടത്താനൊരു കോമാളിത്തമെന്നതിലുപരി എന്തു പ്രയോജനം?

മരം ഒരു വരമെന്ന ചൊല്ല് പ്രസിദ്ധം. മരത്തിന്റെ ഓരോ ഭാഗവും ഭൂവാസിക്ക് വരമാണ്. അതിന്റെ തടി, ചില്ല, ഇല, ഫലം, തണൽ എല്ലാം ഗുണപ്രദം. വായുവിലെ പൊടിപടലങ്ങൾ അരിച്ചെടുക്കുന്ന അരിപ്പയാണത്രെ മരങ്ങളുടെ ഇലകൾ. ഈ ഇലകൾ ജീർണിച്ച് ഹ്യൂമസ് എന്ന പ്രതിഭാസത്തിലൂടെയാണ് ഫലപുഷ്ടിയുള്ളതും കൃഷിക്കുതകുന്നതുമായ മണ്ണുണ്ടാകുന്നത്. മനുഷ്യർക്കു സാധ്യമല്ലാത്ത അസംഖ്യം ധർമങ്ങൾ ഒരു വൃക്ഷത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. താനെന്ന ഭാവത്തിൽ ഞെളിഞ്ഞു നടക്കുന്ന മനുഷ്യനുണ്ടോ ഇതേ കുറിച്ച് വല്ലതും ചിന്തിക്കുന്നു?

 

പരിസ്ഥിതിയും ജീവനും

ജീവന്റെ ഓരോ കണികയും പരിസ്ഥിതിയുമായി അഭേദ്യമായി ബദ്ധപ്പെട്ടിരിക്കുന്നു, വിശിഷ്യാ വനങ്ങളുമായി. ഭൂമിയുടെ രക്ഷാകവചമായി വർത്തിക്കുകയാണ് വനങ്ങൾ. മണ്ണൊലിപ്പ്, ജലക്ഷാമം, അന്തരീക്ഷമർദം എന്നിവയിൽ നിന്ന് ഭൂമിയെ രക്ഷപ്പെടുത്തുന്നത് വനങ്ങളാണ്. ഇത്തരം പ്രതിസന്ധികൾ ജീവനുകൂടി തടസ്സമാണെന്ന് പറയേണ്ടതില്ല. നാമിന്നനുഭവിക്കുന്ന ചൂടിന്റെ കാഠിന്യത്തിൽ നിന്നും മോചനം ലഭിക്കണമെങ്കിൽ ട്രാൻസിപിരേഷൻ എന്ന പ്രതിഭാസം അന്തരീക്ഷത്തിൽ നടന്നിരിക്കണം. ട്രാൻസ്പിരേഷൻ മുഖേനയുണ്ടാകുന്ന ഈർപ്പമാണ് ചൂടിൽ നിന്ന് ശാന്തി നൽകുന്നത്. ഇത് വൃക്ഷ സാനിധ്യത്തിലേ നടക്കൂ. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ലോക രാഷ്ട്രങ്ങൾ ഉച്ചകോടികൾ സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷം 196 രാഷ്ട്രങ്ങളിൽ നിന്നുള്ള നേതാക്കളാണ് പാരീസിലെ ആഗോള ഉച്ചകോടിയിൽ സംബന്ധിച്ചത്. ഓരോ വർഷവും താപനിലയിൽ വരുന്ന വൻവർധനവാണ് ഉച്ചകോടി ചർച്ചയുടെ കാതൽ. മുൻ വർഷത്തേക്കാൾ 10 ശതമാനം കൂടുതലാണ് ഓരോ വർഷവും അനുഭവപ്പെടുന്ന താപനില.

പാരിസ്ഥിതിക പ്രശ്‌നങ്ങളിലകപ്പെട്ട് ലോകമിന്ന് ഉഴറുകയാണ്. മനുഷ്യർ തന്നെയാണ് അതിനുത്തരവാദി. സങ്കുചിത വിചാരങ്ങളും സ്വാർത്ഥ വികസനവുമാണ് ലാഭകരമെന്ന് മനുഷ്യൻ തെറ്റിദ്ധരിച്ചു. അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്താനവൻ പരിസ്ഥിതിയെ ചൂഷണം ചെയ്തു. ചൂഷണം (ഋഃുഹീശമേശേീി) ഒരർത്ഥത്തിൽ മോഷണമാണ്. ഭൂമിയുടെ വലിയ ഗുണഭോക്താവായ മനുഷ്യൻ തന്നെ അതിനെ ചൂഷണം ചെയ്യാനൊരുമ്പെട്ടാൽ തിരിച്ചടി പെട്ടെന്നുണ്ടാകും. ഭൂമിയുടെ ബാലൻസിന് ഇതേറെ ദോഷം വരുത്തുമെന്നുമുറപ്പാണ്.

പ്രകൃതിയെ ചൂഷണം ചെയ്യുകയെന്നത് പാശ്ചാത്യൻ രീതിയാണ്. പാശ്ചാത്യർ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കൾക്കും വില നിശ്ചയിച്ചു. ഈ നിർണയം അവയുടെ യഥാർത്ഥ മൂല്യം പരിഗണിക്കാതെയായിരുന്നു. ഉപഭോഗവും ഉത്പാദനവും കാരണമായി പ്രകൃതി കുഴഞ്ഞുമറിഞ്ഞു. വൻതോതിലുള്ള ഉത്പാദനത്തിന് വൻതോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായി. ഇതിന്റെ ഫലം ഗുരുതരമായ പരിസ്ഥിതി ആഘാതമായിരുന്നു. ഭൂവാസികൾക്ക് നാഥൻ സംവിധാനിച്ച വിഭവങ്ങളെയവർ പല വിധേനയും മലിനമാക്കി. മണലും ചതുപ്പ് നിലങ്ങളും പാറയും മരങ്ങളും കളിമണ്ണും ചുരണ്ടിയെടുക്കപ്പെട്ടു. മണലിന്റെ അഭാവം വെള്ളത്തെ മലിനപ്പെടുത്തി. ജലസ്രോതസ്സുകളിൽ നിന്ന് വെള്ളം കടലിലേക്കൊഴുകുന്നത് തടയാൻ മണലിനു കഴിയും. മഴ വെള്ളം ഭൂമിയിലേക്കാഴ്ന്നിറങ്ങിയാൽ മാത്രമേ ആവശ്യ സമയത്ത് അതുപയോഗപ്പെടുത്താൻ കഴിയൂ.

ജല സംഭരണത്തിന് സഹായകമായ മറ്റൊന്നാണ് ചതുപ്പ് നിലങ്ങൾ. ഇവയുടെ അഭാവവും ജലദൗർലഭ്യത്തിന് കാരണമാകും. 1970-ലെ ഒരു കണക്കനുസരിച്ച് 8 ലക്ഷം ഹെക്ടർ ചതുപ്പ് നിലങ്ങൾ നമുക്കുണ്ടായിരുന്നുവെങ്കിൽ ഇന്നത് 2 ലക്ഷമായി ചുരുങ്ങിയിരിക്കുന്നു. നാലര പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും 6 ലക്ഷം ഹെക്ടർ ചതുപ്പ് നിലങ്ങൾ ഭൂമിക്ക് നഷ്ടമായെങ്കിൽ ശേഷിക്കുന്നവ ഇല്ലാതെയാകാൻ എത്ര കാലം മതി!

പരിസ്ഥിതിയുടെ രോദനം

ലോകസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായി പരിസ്ഥിതി മാറിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളും വളരെ ഗൗരവപൂർവം പരിസ്ഥിതി പ്രശ്‌നങ്ങൾ പഠിക്കുകയും വിപത്തുകൾ കുറക്കാനുള്ള വഴികളാലോചിച്ചും തുടങ്ങി. ഇത് നമ്മുടെയും ധാർമിക ഉത്തരവാദിത്വമാണ്. അരുന്ധതി റോയിയുടെ ഭാഷ്യമനുസരിച്ച് മനുഷ്യന്റെ ഏറ്റവും വലിയ ശത്രുക്കൾ പ്രകൃതിയിലെ വായു, മണ്ണ്, ജലം, ആകാശം, കാറ്റ് എന്നിവയാണ്. അവ മനുഷ്യർക്കെതിരെ യുദ്ധത്തിന് ആയുധം മിനുക്കിക്കൊണ്ടിരിക്കുകയാണ്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്ന അടിസ്ഥാനങ്ങളാണ് പ്രകൃതിയിലെ ഓരോ ഘടകവും. അവക്കു മീതെയുള്ള മനുഷ്യന്റെ അടങ്ങാത്ത കൈയ്യേറ്റമാണ് അവയെ നമുക്കെതിരെ യുദ്ധത്തിനു പ്രേരിപ്പിക്കുന്നത്. ആ യുദ്ധത്തിന്റെ ചെറിയ സാമ്പിളുകളാണ് നാം ഇന്നനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങൾ.

മണ്ണിനെ നാം മലിനമാക്കി. കാടിന്റെ മക്കളെ കുടിയിറക്കി. കാട്ടാറുകൾ കൈയ്യേറി. കാട്ടുമരങ്ങൾ കട്ട് മുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കി. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. കാരണം ജലത്തിനും ഭക്ഷണത്തിനും തൊഴിലിനുമെല്ലാം പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവർക്കാണ് പരിസ്ഥിതിനാശം സ്വാനുഭവമായി മാറുക. സമൂഹത്തിലെ മുഖ്യധാരയിലുള്ളവർക്ക് ഇത് പെട്ടെന്ന് മനസ്സിലാവില്ല. എന്നിട്ടും നാമതിന് തയ്യാറാകുന്നില്ലെന്നതാണ് ദൗർഭാഗ്യകരം. ഏറ്റവും ചുരുങ്ങിയത് പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുകയെങ്കിലും ചെയ്യേണ്ടത് നമ്മുടെ വലിയ കടമയാണ്. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ സ്വയം സംസ്‌കരിക്കുക. കവറിൽ കെട്ടി ജലാശയങ്ങളിലോ പൊതുനിരത്തിലോ വലിച്ചെറിയാതിരിക്കുക. താനിഷ്ടപ്പെടാത്തത് അപരനും ഇഷ്ടപ്പെടാതിരിക്കാനുള്ള മതപരമായ ബാധ്യത കൂടി വിശ്വാസികൾക്കുണ്ടല്ലോ.

കേരളത്തിന്റെ അവസ്ഥ

കേരളത്തിന്റെ കാലാവസ്ഥയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. മിതശീതോഷ്ണ കാലാവസ്ഥയിൽ നിന്നും കൊടും ചൂടിലേക്ക് അന്തരീക്ഷം മാറിക്കൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ വേനലിൽ നേരിട്ട ചൂടിന്റെ കാഠിന്യം മുൻ വർഷങ്ങളിലേതിനേക്കാൾ ഏറെയായിരുന്നു. സംസ്ഥാനത്തിനു ലഭിച്ചിരുന്ന മഴയുടെ അളവിലും ഗണ്യമായ മാറ്റമുണ്ട്. ദേശീയ ശരാശരിയുടെ ഇരട്ടി മഴ കേരളത്തിനു ലഭിച്ചിരുന്നു. ഇന്നതല്ല സ്ഥിതി. മറ്റൊരു പ്രശ്‌നം വനനശീകരണമാണ്. 1905-ൽ കേരളത്തിന്റെ വനവിസ്തൃതി 44 ശതമാനമായിരുന്നു. ഇന്നത് 11 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അകാല മൃത്യു വരിക്കുകയാണ് കേരളത്തിലെ തോടുകളും പുഴകളുമെന്നു ചുരുക്കം.

മുൻകരുതൽ അത്യാവശ്യമാണ്

വയൽ നികത്തിയാലും മണൽ വാരി പുഴ നശിപ്പിച്ചാലും വനം വെട്ടിയാലും മാലിന്യ കൂമ്പാരങ്ങൾ കൂട്ടിയാലും കുന്നിടിച്ചാലും നമുക്ക് യാതൊരു പ്രശ്‌നവുമില്ല എന്ന കാഴ്ചപ്പാടിൽ മാറ്റം നാം വരുത്തണം. ഇത് മാനവരാശിയുടെ പ്രശ്‌നമാണ് എന്ന ബോധത്തോടെ ഇടപെട്ട് ഭൂമിയെയും പരിസ്ഥിതിയെയും  സംരക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ നമ്മുടെ മക്കൾക്ക് ഇവിടെ വാസയോഗ്യമല്ലാതാവും. പരിസ്ഥിതി പ്രശ്‌നങ്ങൾ മൂലം അഭയാർത്ഥികളായവരുടെ പട്ടികയിൽ നമ്മളോ ശേഷ തലമുറയോ ഉൾപ്പെടും.

അതിനാൽ പരിസ്ഥിതി സൗഹാർദപരമായ ജീവിതം നയിക്കാൻ നാം സ്വയം തയ്യാറാവണം. പാഠ്യപദ്ധതിയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആഴത്തിലുള്ള പഠനവും വേണം. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ-ആത്മീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ പരിസ്ഥിതി സംരക്ഷണത്തിന്റെ മുന്നണി പോരാളികളാകണം. എല്ലാത്തിനും പുറമെ പരിസ്ഥിതിക്ക് കോട്ടംവരുത്തുന്ന വികസനം വേണ്ടെന്നു വെക്കാനുള്ള ഇച്ഛാശക്തി നാം ആർജ്ജിക്കണം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ