സവാരി കഴിഞ്ഞ് സര്‍ക്കാര്‍ മന്ദിരത്തില്‍ തിരിച്ചെത്തിയപ്പോഴാണ് ഗാന്ധിജിയെ വെടിവെച്ച വാര്‍ത്ത ലൂയി മൗണ്ട് ബാറ്റണ്‍ അറിഞ്ഞത്. അടുത്ത മണിക്കൂറുകളില്‍ ദശലക്ഷക്കണക്കിനാളുകള്‍ ചോദിച്ച ചോദ്യം തന്നെയാണ് അദ്ദേഹം ആദ്യം ഉന്നയിച്ചത്. ‘ആരത് ചെയ്തു?’
‘ഞങ്ങള്‍ക്കറിഞ്ഞുകൂടാ, സര്‍’ അദ്ദേഹത്തെ വിവരം ധരിപ്പിച്ച അംഗരക്ഷകന്‍ മറുപടി പറഞ്ഞു. നിമിഷങ്ങള്‍ക്കകം അദ്ദേഹം ഗവണ്‍മെന്‍റ് മന്ദിരത്തില്‍ നിന്ന് പുറത്ത് ചാടി. പത്രകാര്യ ഉദ്യോഗസ്ഥനായ അലന്‍ ക്യാംപ് ബെല്‍ ജോണ്‍സണെ കണ്ടു പിടിച്ച് കാത്തു കിടന്ന കാറില്‍ കയറാന്‍ ആജ്ഞാപിച്ചു. അവര്‍ ബിര്‍ളാ ഹൗസില്‍ എത്തുമ്പോഴേക്കും വമ്പിച്ച ഒരു ജനാവലി അവിടെ നിറഞ്ഞ് കഴിഞ്ഞിരുന്നു. ജനങ്ങള്‍ക്കിടയിലൂടെ ഗാന്ധിജിയുടെ ആസ്ഥാനത്തേക്ക് അവര്‍ തള്ളിക്കയറിയപ്പോള്‍, അതിനിടയില്‍ സംഭ്രാന്തിയും ഉന്‍മത്തതയും നിറഞ്ഞ മുഖഭാവത്തോടെ ഒരാള്‍ വിളിച്ചു പറഞ്ഞു. ‘ഒരു മുസ്ലിം ആണിത് ചെയ്തത്.’
പെട്ടെന്ന് ഒരു മൂകത ജനക്കൂട്ടത്തെ മരവിപ്പിച്ചു. മൗണ്ട് ബാറ്റണ്‍ പ്രഭു ആ മനുഷ്യന്‍റെ നേര്‍ക്ക് തിരിഞ്ഞു. ‘എടോ വിഡ്ഢീ അതൊരു ഹിന്ദുവാണെന്ന് തനിക്കറിഞ്ഞു കൂടേ?’ എന്ന് ആകാവുന്നത്ര ഉച്ചത്തില്‍ ചോദിച്ചു.
നിമിഷങ്ങള്‍ക്ക് ശേഷം, അവര്‍ ബിര്‍ളാ ഹൗസിലേക്ക് കടന്നപ്പോള്‍ ക്യാംപ് ബെല്‍ ജോണ്‍സണ്‍ ചോദിച്ചു: ‘അതൊരു ഹിന്ദുവാണെന്ന് അങ്ങേക്ക് എങ്ങനെയാണ് അറിയാന്‍ കഴിഞ്ഞത്?’
‘എനിക്കറിഞ്ഞു കൂടാ.’ മൗണ്ട് ബാറ്റണ്‍ മറുപടി പറഞ്ഞു. ‘പക്ഷേ യഥാര്‍ഥത്തില്‍ അതൊരു മുസ്ലിം ആണെങ്കില്‍ ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരമായ കൂട്ടക്കൊല ഇന്ത്യയില്‍ നടക്കാന്‍ പോകുകയാണ്’.
(സ്വാതന്ത്ര്യം അര്‍ധ രാത്രിയില്‍- ലാറി കോളിന്‍സ്, ഡൊമിനിക് ലാപിയര്‍)
നാഥുറാം വിനായക് ഗോഡ്സേ, നാരയണ്‍ ആപ്തെ. ഈ രണ്ട് ബ്രാഹ്മണര്‍ ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയത്. വിഷ്ണു കാര്‍ക്കറെ, മദന്‍ലാല്‍ പഹ്വ എന്നിവര്‍ സഹായികളായി. പല നിലകളില്‍ അവര്‍ പരിശീലനം നടത്തി. പല തരം പ്രാര്‍ഥനകളും ഹോമങ്ങളും നടത്തി ആത്മവിശ്വാസം ഊട്ടിയുറപ്പിച്ചു. അവര്‍ക്കറിയാമായിരുന്നു ചെയ്യുന്നത് ചെറിയ കാര്യമല്ല. മുമ്പൊക്കെ പിഴച്ച പോലെ ഇനി ആവര്‍ത്തിച്ചു കൂടാ. കൃത്യം നടത്താന്‍ ഗോഡ്സേയാണ് നിയുക്തനായത്. അത് അയാള്‍ ഭംഗിയായി നിര്‍വഹിച്ചു. നിരായുധനായ, ഉപവാസത്തില്‍ തളര്‍ന്നു വീഴാറായ ആ മനുഷ്യനെ വെടിവെച്ചു വീഴ്ത്തി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ചെയ്യാന്‍ ധൈര്യമില്ലാത്തത് സധീരം അയാള്‍ നിവര്‍ത്തിച്ചു. ഗാന്ധി വധം ഇന്ത്യന്‍ ഫാസിസത്തിന്‍റെ ഏറ്റവും ഭീകരമായ പ്രകടനമായിരുന്നു. ഫാസിസം ഒരിക്കലും ഒരു പ്രത്യേക ലക്ഷ്യത്തിനായി ഒരുങ്ങുകയും അത് പൂര്‍ത്തിയാക്കി പിന്‍വാങ്ങുകയുമല്ല ചെയ്യുന്നത്. ഗാന്ധി വധത്തിനുള്ള ഒരുക്കങ്ങള്‍ പതിറ്റാണ്ട് മുമ്പ് തന്നെ തുടങ്ങിയിരുന്നുവെന്നാണ് വിലയിരുത്തേണ്ടത്. ബ്രിട്ടീഷ് അധികാരികളോട് ഒട്ടി നിന്നു കൊണ്ട് നടത്തിയ നിരവധി ഗൂഢാലോചനകള്‍, കോണ്‍ഗ്രസില്‍ തന്നെ ബാലഗംഗാധര തിലകന്‍റെ നേതൃത്വത്തില്‍ രൂപപ്പെട്ടു വന്ന ഹിന്ദുത്വ തീവ്രവാദ ധാര. ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തനങ്ങള്‍, അതിന്‍റെ സന്നദ്ധ, കായിക, സായുധ സേനയെന്ന നിലയില്‍ ആര്‍ എസ് എസിന്‍റെ ഉത്ഭവം, വിഭജനത്തിന്‍റെ മുമ്പും ശേഷവുമായി നടന്ന വര്‍ഗീയ ഉന്‍മൂലന ആക്രമണങ്ങള്‍, വിഭജനത്തിന് തൊട്ട് ശേഷം നടന്ന കൂട്ടക്കൊലകള്‍, ആട്ടിയോടിക്കലുകള്‍, ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒഴിഞ്ഞു പോകലുകള്‍, സംഘര്‍ഷങ്ങള്‍. ചോരപ്പുഴകള്‍… ഇതിന്‍റെയെല്ലാം തുടര്‍ച്ചയായിരുന്നു ഗാന്ധി വധം. നിരവധി വധശ്രമങ്ങള്‍ക്ക് ശേഷമാണല്ലോ ഗാന്ധിജി കൊല്ലപ്പെടുന്നത്. ഫാസിസത്തിന്‍റെ ക്രമാനുഗതമായ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇത്തരം കൊടും ക്രൂരതകള്‍ അരങ്ങേറുന്നു. അതില്‍ നിന്ന് ഊര്‍ജം സംഭരിച്ച് അത് പിന്നെയും മുന്നോട്ട് പോകും; പുതിയൊരു ഉന്‍മൂലന ഘട്ടത്തിലേക്ക്.
ഇന്ത്യയില്‍ ഇപ്പോള്‍ ബി ജെ പിക്ക് കേവല ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാറാണ് അധികാരത്തിലിരിക്കുന്നത്. അത് മനുഷ്യരുടെ എല്ലാ തരം സ്വാഭാവിക അവകാശങ്ങളെയും കവര്‍ന്നെടുക്കാനും രാജ്യത്തിന്‍റെ സ്വാസ്ഥ്യം കെടുത്തുന്ന വര്‍ഗീയ വിഭജന തന്ത്രങ്ങള്‍ ദിനംപ്രതി നടപ്പാക്കാനുമുള്ള ആത്മവിശ്വാസമായി പരിണമിച്ചിരിക്കുകയാണ്. ഇവയെല്ലാം ദീര്‍ഘകാലമായി തുടര്‍ന്നു വന്ന കുടില തന്ത്രങ്ങളുടെ വിളവെടുപ്പ് മാത്രം. ഈ നൈരന്തര്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. അല്ലാതെ ഗോമാംസം പോലുള്ള ഏകമുഖമായ തലത്തിലേക്ക് ഫാസിസത്തിനെതിരായ പ്രചാരണവും പ്രതിരോധവും ചുരുങ്ങുന്നത് ആശാസ്യമായിരിക്കില്ല. ഗോവധം രാജ്യവ്യാപകമായി നിരോധിക്കുകയെന്നത് ഹിന്ദുത്വ ഫാസിസത്തിന്‍റെ ലക്ഷ്യമേയല്ല. അത് മറ്റേതൊക്കെയോ വിധ്വംസക ആവിഷ്കാരത്തിലേക്കുള്ള താത്കാലികമായ മാര്‍ഗം മാത്രമാണ്. അതാകട്ടെ ഇന്ന് പ്രയോഗിക്കപ്പെടുന്ന ഒരു ആയുധവുമല്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വവും ഹിന്ദുത്വ ശക്തികളും ആ മാര്‍ഗം ഉപയോഗിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ വിരോധം, മുസ്ലിം ജനസംഖ്യാ വര്‍ധനവ്, ന്യൂനപക്ഷ സംവരണം, മതപരിവര്‍ത്തനം, ഏക സിവില്‍ കോഡ്, കാശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ നിരന്തരം ഉപയോഗിക്കപ്പെടുന്നു. ഘര്‍ വാപസി, ലൗ ജിഹാദ് എന്നിവ ആ ഇനത്തില്‍ ഏറ്റവും പുതിയതായിരുന്നു. മനുഷ്യരുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങള്‍ക്ക് പകരം ഇത്തരം വര്‍ഗീയ വൈകാരികതകള്‍ ഉയര്‍ത്തിയാണ് ഹിന്ദുത്വത്തിന്‍റെ രാഷ്ട്രീയ രൂപമായ ബി ജെ പി കേവല ഭൂരിപക്ഷം പിടിച്ചത്. അങ്ങനെ വരുമ്പോള്‍ പ്രതിരോധങ്ങളും പ്രതികരണങ്ങളും പോലും വര്‍ഗീയ വിഭജന അജണ്ടകള്‍ നടപ്പാക്കുന്നതിനുള്ള ഉപാധിയായി തീരുമെന്ന പ്രതിസന്ധി കൂടി മതനിരപേക്ഷ വാദികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. ഇവിടെയാണ് ഇന്ന് നടക്കുന്ന ഇറച്ചിയുത്സവങ്ങളും പുരസ്കാര നിഷേധവുമൊക്കെ ഉദ്ദിഷ്ട ഫലം തന്നെയാണോ ഉണ്ടാക്കുകയെന്ന അത്യന്തം സങ്കീര്‍ണമായ ചോദ്യമുയരുന്നത്. ഫാസിസ്റ്റ് ശക്തികളുടെ ഗൂഢപദ്ധതികളില്‍ എക്കാലത്തും സാമ്രാജ്യത്വ ശക്തികളുടെ കറുത്തകരങ്ങള്‍ ഉണ്ടായിരുന്നുവെന്ന വസ്തുത കൂടി കണക്കിലെടുക്കേണ്ടതുണ്ട്. നിതാന്ത ശൈഥില്യത്തിന്‍റെ വിത്തുകള്‍ പാകിയാണ് കൊളോണിയല്‍ അധികാരം ഉപേക്ഷിച്ച് അവര്‍ മടങ്ങിയത്. വെറുതേ അങ്ങ് ഉപേക്ഷിച്ച് പോകുകയല്ല, അതിന്‍റെ തുടര്‍ വളര്‍ച്ചകളില്‍ അവര്‍ വലിയ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്. അത്കൊണ്ട് ഇന്ത്യയില്‍ ഉഗ്രരൂപം പ്രാപിക്കുന്ന ഫാസിസ്റ്റ് പ്രവര്‍ത്തന പദ്ധതിയില്‍ ഫൈനാന്‍സ് മൂലധന ശക്തികള്‍ക്കും അവരുടെ നടത്തിപ്പിലുള്ള ഭരണകൂടങ്ങള്‍ക്കും പങ്കുണ്ടെന്നത് കൂടി മനസ്സിലാക്കണം.
ഹിന്ദു മഹാ സഭയുടെയും ആര്‍ എസ് എസിന്‍റെയും നേതാക്കള്‍ അവയുടെ ആദ്യഘട്ടങ്ങളില്‍ തന്നെ പാഠങ്ങള്‍ പകര്‍ത്തിയിരുന്നത് ഇറ്റലിയിലെ മുസ്സോളിനിയില്‍ നിന്നും ജര്‍മനിയിലെ ഹിറ്റ്ലറില്‍ നിന്നുമായിരുന്നു. വംശീയമായ കലര്‍പ്പുകളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ഹിറ്റ്ലറും മുസ്സോളിനിയും സംഘ്പരിവാര്‍ നേതാക്കളും ഒരു പോലെ വിശ്വസിക്കുന്നു. ദേശീയത എന്നത് വന്നു കൂടിയവര്‍ എന്ന് ചാപ്പചാര്‍ത്തപ്പെട്ട എല്ലാ വിഭാഗം ജനങ്ങളെയും നിഷ്കാസനം ചെയ്യലാണെന്ന് ഇവര്‍ വാദിക്കുന്നു. കൂട്ടക്കൊലകളും ആട്ടിയോടിക്കലുകളും ന്യായീകരിക്കുന്നത് ഈ വാദമുയര്‍ത്തിയാണ്. കലാപങ്ങള്‍ വിതച്ചും നേരിട്ടു നടത്തിയും കൂട്ടക്കൊലകളൊന്നിലും സംഘ്പരിവാറിന് ഒരു കുറ്റബോധവും തോന്നാത്തത് അങ്ങേയറ്റം അപകടകരമായ ദേശീയതാ നിര്‍വചനം എടുത്തണിയുന്നത് കൊണ്ടാണ്. ഈ ന്യായീകരണം അവര്‍ പകര്‍ത്തുന്നത് മുസ്സോളിനിയില്‍ നിന്നും ഹിറ്റ്ലറില്‍ നിന്നുമാണ്. ഡോ. ബിഎസ് മൂഞ്ചെ ഹിന്ദു മഹാസഭയുടെ തലമുതിര്‍ന്ന നേതാവായിരുന്നു. ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്ഗേവാറിന്‍റെ ഉപദേശകരിലൊരാളും സുഹൃത്തുമായിരുന്നു. അദ്ദേഹം പല തവണ മുസ്സോളിനിയെ സന്ദര്‍ശിച്ചു. കായിക പരിശീലനം സിദ്ധിച്ച യുവാക്കളുടെ ബ്രിഗേഡുകള്‍ രൂപീകരിക്കുന്നതടക്കമുള്ള സംഘടനാ സംവിധാനങ്ങളെല്ലാം അദ്ദേഹം അവിടെ ചെന്ന് പഠിച്ചെടുക്കുകയായിരുന്നു. ഫാസിസത്തിന്‍റെയും നാസിസത്തിന്‍റെയും ആരാധകനായിരുന്നു വി ഡി സവര്‍ക്കര്‍. ഹിറ്റ്ലറുടെ ആത്മകഥയായ മെയ്ന്‍ കാംഫും ഗോള്‍വാള്‍ക്കറുടെ വിചാരധാരയും പല നിലകളില്‍ സമാനത പുലര്‍ത്തുന്നുണ്ട്. ബിംബാരാധകരും ബിംബാരാധനയെ നിരാകരിക്കുന്നവരും ഒരിക്കലും സഹവര്‍ത്തിത്വം സാധ്യമല്ലെന്നും വംശീയമായ വിച്ഛേദനം അനിവാര്യമാണെന്നും ഗോള്‍വാള്‍ക്കര്‍ ശഠിക്കുന്നത് ഹിറ്റ്ലറുടെ ആര്യ മേധാവിത്വ പരികല്‍പ്പനയുടെയും ജൂത ഉന്‍മൂലനത്തിന്‍റെയും മാതൃക മനസ്സില്‍ വെച്ചാണ്.
എന്നാല്‍ വൈജാത്യങ്ങള്‍ക്കിടയിലെ ഏകത ഈ രാജ്യത്തിന്‍റെ അടിസ്ഥാന ഭാവമാണെന്നും അത് മുറിച്ചു കടക്കുക എളുപ്പമല്ലെന്നും ഈ ഹിന്ദുത്വ നേതാക്കള്‍ക്കെല്ലാം അറിയാമായിരുന്നു. ഇത് ഇന്ത്യയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും തെളിമയോടെ വെളിപ്പെട്ടത് 1857ലായിരുന്നു. ശിപായി ലഹളയെന്ന് ബ്രിട്ടീഷുകാര്‍ അധിക്ഷേപിക്കുകയും ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ഇന്ത്യ അഭിമാനം കൊള്ളുകയും ചെയ്യുന്ന സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിനൊടുവില്‍ ചക്രവര്‍ത്തിയായി വാഴിച്ചത് ബഹദൂര്‍ഷാ സഫറിനെയായിരുന്നു. മുഗള്‍ രാജവംശത്തിലെ അവസാനത്തെ കണ്ണിയായിരുന്നു അദ്ദേഹം. അന്ന് അദ്ദേഹത്തിന്‍റെ ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്ത പട്ടാളക്കാരും പോരാളികളും ഇന്ത്യന്‍ ബഹുസ്വര സമൂഹത്തിന്‍റെ നേര്‍പ്പതിപ്പായിരുന്നു. അതില്‍ ഹിന്ദുക്കളും മുസ്ലിംകളും മറ്റനേകം വിഭാഗങ്ങളുമുണ്ടായിരുന്നു. നീണ്ട സ്വാതന്ത്ര്യ സമരത്തിനൊടുവില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യക്ക് പരമാധികാരം കൈമാറിയത് അനിവാര്യമായ ഒരു ചരിത്രസന്ധിയിലാണ്. അതവര്‍ക്കു കൂടി സ്വീകാര്യമായിരുന്നു. ഒരു വേള അവരത് ആഗ്രഹിച്ചിരുന്നു. എന്നാല്‍ 1857-ല്‍ താത്കാലികമായെങ്കിലും അധികാരം വിട്ടൊഴിയേണ്ടി വന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ തെല്ലൊന്നുമല്ല നാണക്കേടിലാക്കിയത്. അവര്‍ ശരിക്കും ഭയന്നു പോയി. ഇങ്ങനെയൊരു ഐക്യം നിലനിന്നാല്‍ ഈ രാജ്യം ലോകത്തെ നയിക്കുന്ന നിലയിലേക്ക് വളരുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവില്‍ നിന്നാണ് അവര്‍ ഭിന്നിപ്പിച്ച് ഭരിക്കല്‍ തത്ത്വശാസ്ത്രം ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
ബ്രിട്ടീഷുകാര്‍ പോയിട്ടും അവരുടെ ഇംഗിതങ്ങള്‍ ഇവിടെ പുലരാന്‍ പാകത്തില്‍ ശൈഥില്യം നിറച്ച് വെക്കാന്‍ അവര്‍ക്ക് സാധിച്ചു. അഥവാ സാമ്രാജ്യത്വവും ഹിന്ദുത്വവും ഒരേ ലക്ഷ്യത്തില്‍ ഒരുമിച്ചു. അയോധ്യയില്‍ നിന്നായിരുന്നു ബഹദൂര്‍ഷാ സഫറിനെ വാഴിക്കാനുള്ള പോരാട്ട സംഘം മാര്‍ച്ച് തുടങ്ങിയത്. അതേ അയോധ്യയില്‍ നിന്ന് തന്നെയാണ് രാജ്യത്തെ രണ്ടാമത്തെ അപകടകരമായ ഹിന്ദുത്വ ആവിഷ്കാരം ഉടലെടുത്തതും. ആര്‍എസ്എസ് വകവരുത്തിയ ഗാന്ധിജി കടുത്ത രാമഭക്തനായിരുന്നു. (ഗോഡ്സേ ഹിന്ദു മഹാസഭക്കാരനായിരുന്നുവെന്നും തങ്ങളുമായി ബന്ധമില്ലെന്നും ആര്‍ എസ് എസ് പറയാറുണ്ട്. മഹാസഭയുടെ അനുബന്ധ സംഘമായിരുന്നു ആര്‍ എസ് എസ് എന്നത് ചരിത്ര വസ്തുത. ആര്‍ എസ് എസ് വാദം വെറും സാങ്കേതികത മാത്രമാണ്. ഗോഡ്സേക്ക് സ്മാരകം പണിയാനുള്ള തിരക്കിലാണ് ഇപ്പോള്‍ സംഘപരിവാരം). ഗാന്ധിജിയുടെ രാമഭക്തിയില്‍ ഇതര സമൂഹങ്ങള്‍ സംശയം ഉന്നയിച്ചപ്പോഴെല്ലാം അദ്ദേഹം പറഞ്ഞു: ഞാന്‍ ഉരുവിടുന്ന രാമന്‍ വാല്‍മീകിയുടെ രാമനല്ല. അല്ലെങ്കില്‍ തുളസീദാസിന്‍റെ രാമനല്ല. അതുമല്ലെങ്കില്‍ ദശരഥന്‍റെ പുത്രന്‍ രാമനോ സീതയുടെ ഭര്‍ത്താവ് രാമനോ അല്ല. സത്യത്തില്‍ ഈ രാമന്‍ ഭൂമിയില്‍ ശരീരരൂപമാര്‍ജിച്ച ഒന്നല്ല. എന്‍റെ രാമന്‍ ഈ പ്രപഞ്ചത്തില്‍ ജനിച്ചു വീഴാത്ത പ്രപഞ്ച സ്രഷ്ടാവായ അധിപനാണ്.’
ഗാന്ധിജി പറയുന്ന രാമനെ ഉന്മൂലനം ചെയ്ത ശേഷമേ അക്രമാസക്ത രാമ സങ്കല്‍പ്പം ഉദ്ഘാടനം ചെയ്യാനാകൂ എന്ന് സംഘപരിവാരങ്ങള്‍ക്കറിയാമായിരുന്നു. മുപ്പത്തി മുക്കോടി ദൈവ സങ്കല്‍പ്പങ്ങളും പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളും പരസ്പര വിരുദ്ധമായ ആത്മീയ ധാരകളുമുള്ള ഹിന്ദു സംസ്കാരത്തെ ഏകശിലാത്മകമാക്കുന്നതിന് ഒരു രാമന്‍ വേണമായിരുന്നു. അത് സൃഷ്ടിക്കേണ്ടത് സാഹിത്യത്തിലൂടെയോ പ്രഭാഷണത്തിലൂടെയോ അല്ല, അന്യമത വിദ്വേഷത്തിലൂടെ ആകണമായിരുന്നു. അങ്ങനെയാണ് 1949 ഡിസംബറില്‍ ബാബരി മസ്ജിദില്‍ രാമന്‍റെയും സീതയുടെയും വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെടുന്നത്. രാമനും സീതയും പള്ളിയില്‍ സ്വയംഭൂവായിരിക്കുന്നുവെന്നും പള്ളി പൊളിച്ച് ഉടന്‍ ക്ഷേത്രമാക്കി മാറ്റണമെന്നും ഒരു സംഘം സന്യാസിമാര്‍ ആക്രോശിച്ചു. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റു പറഞ്ഞത് വിഗ്രഹങ്ങള്‍ എടുത്ത് സരയൂവില്‍ എറിയാനാണ്. എന്നാല്‍ യു പി ഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് ജി ബി പാന്ത് അതിന് തയ്യാറായില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് അതിന് മുതിരാതിരുന്നതത്രേ. എടുത്തു മാറ്റിയിരുന്നുവെങ്കിലും കാവി സംഘം ബാബരി മസ്ജിദിനെ വെറുതെ വിടുമായിരുന്നില്ല. കാരണം ഗാന്ധി വധത്തിനും വിഭജനാനന്തര കലാപങ്ങള്‍ക്കും ശേഷം അവര്‍ കരുതിവെച്ച ആയുധമായിരുന്നു അത്. 1985-ല്‍ നെഹ്റുവിന്‍റെ കൊച്ചു മകന്‍ രാജീവ് ഗാന്ധി രാജ്യം ഭരിച്ചപ്പോള്‍ ഈ വിഗ്രഹങ്ങളില്‍ പൂജ നടത്താനായി മസ്ജിദ് തുറന്ന് കൊടുത്തുവെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം.
ഏകശിലയില്‍ കൊത്തിയെടുത്ത രാമന്‍മാര്‍ ഇന്ത്യയിലാകെ നിറഞ്ഞു. വില്ലു കുലച്ച് നില്‍ക്കുന്ന രാമന്‍. പശ്ചാത്തലത്തില്‍ രാമക്ഷേത്രം. ഇതിഹാസത്തിലെ നിസ്സഹായനായ രാമന് പകരം അത്യന്തം പ്രഹരശേഷിയുള്ള ഒരു സങ്കല്‍പ്പം രൂപപ്പെടുത്തിയെടുക്കുകയായിരുന്നു സംഘ്പരിവാര്‍. ഭ്രാന്തമായ പ്രചാരണങ്ങള്‍, യു പിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അരങ്ങേറിയ കലാപങ്ങള്‍, എല്ലാം രാമന്‍റെ പേരില്‍. നിയമയുദ്ധങ്ങള്‍ വേറെ. നിലപാട് അയച്ചും മുറുക്കിയും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, അദ്വാനിയുടെ രഥയാത്രകള്‍, രാമന്‍ സാവധാനം ഒരു രാഷ്ട്രീയ ആയുധമായി പരിണമിക്കുകയായിരുന്നു. ഈ പരിണാമത്തില്‍ രാമായണം സീരിയല്‍ മുതല്‍ അസംഖ്യം കലാ നിര്‍മിതികളും സഹായിച്ചു. നിരവധി എഴുത്തുകാര്‍ ഈ പ്രക്രിയയില്‍ അറിഞ്ഞോ അറിയാതെയോ പങ്കെടുത്തു. രാജ്യത്തെ കോര്‍പറേറ്റ് ശക്തികളുടെ ആശീര്‍വാദം ഇതിനുണ്ടായിരുന്നു. സ്വദേശിവത്കരണം പോലുള്ള ആര്‍ എസ് എസിന്‍റെ പ്രഖ്യാപിത നയങ്ങള്‍ ബി ജെ പി ഈ മുതലാളിത്ത ശക്തികള്‍ക്ക് വേണ്ടി ഉപേക്ഷിച്ചു. 1991-ല്‍ ആരംഭിച്ച ഉദാരവത്കരണ നയങ്ങളെ കോണ്‍ഗ്രസിനേക്കാള്‍ ആത്മാര്‍ത്ഥമായി നടപ്പാക്കാനുള്ള കരാര്‍ അവര്‍ ഏറ്റെടുത്തു.
ഗാന്ധി വധത്തിന് ശേഷമുള്ള ഹിന്ദുത്വ ഭീകരതയുടെ ഏറ്റവും പ്രധാനപ്പെട്ട ആവിഷ്കാരമായിരുന്നു 1992-ലെ ബാബരി മസ്ജിദ് ധ്വംസനം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കോ കോടതിക്കോ ഭരണ നിര്‍വഹണ സംവിധാനങ്ങള്‍ക്കോ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇവയെല്ലാം സംഘ് ദൗത്യത്തിനായി അന്തരീക്ഷമൊരുക്കി കൊടുത്തു. രാമജന്‍മ ഭൂമിയില്‍ കൊടി നാട്ടിയാണ് ബി ജെ പി അതിന്‍റെ രാഷ്ട്രീയ ശക്തി സംഭരിച്ചത്. തൊട്ടുകൂടാത്തവരെയും തീണ്ടിക്കൂടാത്തവരെയും അസ്സല്‍ സവര്‍ണ പാര്‍ട്ടിയായ ബി ജെ പി തങ്ങളുടെ വോട്ട് ബേങ്കാക്കി മാറ്റി. ഈ തട്ടിപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ‘രാമന്‍’ ആയിരുന്നു. ഇന്ത്യയുടെ ഭരണ തലപ്പത്ത് ബി ജെ പി വന്നാലും മതിയെന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ചേരി അപ്പോഴേക്കും തീരുമാനത്തിലെത്തിയിരുന്നു. ബാബരി ധ്വംസനത്തില്‍ സി ഐ എയുടെ ചരടുവലികളും ഒത്താശകളും പിന്നീട് പുറത്ത് വന്നുവെന്ന് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. ബാബരി മസ്ജിദ് പൊളിച്ചെറിഞ്ഞത് ഹിന്ദുത്വ ഫാസിസം സംവത്സരങ്ങള്‍ കൊണ്ട് ആര്‍ജിച്ച ഊര്‍ജം മുഴുവന്‍ ആവാഹിച്ചാണ്. അത്കൊണ്ട് ഇനി വെടിമരുന്ന് സംഭരിക്കാന്‍ രാഷ്ട്രീയ അധികാരം അനിവാര്യമാണെന്ന് സംഘ് ബുദ്ധികേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞു.
ആദ്യ തവണ 13 ദിവസവും രണ്ടാം തവണ 13 മാസവും മൂന്നാം തവണ അഞ്ച് വര്‍ഷവും ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ ഇന്ത്യ ഭരിച്ചു. കോര്‍പറേറ്റുകള്‍ തിളങ്ങുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും ചെയ്തു. ഉദാരവത്കരണം കര്‍ഷകനെ അവന്‍റെ മണ്ണില്‍ നിന്ന് പിഴുതെറിഞ്ഞു. അവരുടെ വിത്ത് ആരൊക്കെയോ കൊള്ളയടിച്ചു. ദരിദ്ര ‘നാരായണന്‍’മാര്‍ സ്വയം തിരിച്ചറിഞ്ഞു തുടങ്ങിയ കാലമായിരുന്നു അത്. ഹിന്ദുവിന്‍റെ പേരില്‍ രാഷ്ട്രീയ അധികാരം പിടിച്ചവര്‍ തങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുകയാണെന്ന് അവരറിഞ്ഞു. സംഘ് ശക്തികള്‍ അപകടം മണത്തു. അങ്ങനെ അവര്‍ തിരിച്ചറിവിലേക്ക് ഉണരരുത്. വര്‍ഗീയ വിദ്വേഷത്തിന്‍റെ അന്ധതയില്‍ അവരെ തളച്ചിടണം. അങ്ങനെയാണ് പെരും നുണകളുടെ കെട്ടഴിച്ച് ഗുജറാത്ത് വംശഹത്യക്ക് സംഘ്ശക്തികള്‍ തീകൊളുത്തിയത്. നാസി ജര്‍മനി അപ്പടി ആവര്‍ത്തിക്കുകയായിരുന്നു. ഫാസിസ്റ്റുകള്‍ എങ്ങനെ പരസ്പരം കിരാത മാതൃകകള്‍ കൈമാറുന്നുവെന്ന് ഗുജറാത്ത് തെളിയിച്ചു. മുസ്ലിംകളെ പച്ചക്ക് തീയിട്ടു കൊന്നു. കുട്ടികളെ പെട്രോളൊഴിച്ച് കത്തിച്ചു. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. ഗര്‍ഭിണിയുടെ വയര്‍ തുരന്ന് ഭ്രൂണം പുറത്തെടുത്ത് ത്രിശൂലത്തില്‍ കോര്‍ത്തു. ആരാധനാലയങ്ങള്‍ തകര്‍ത്തു. പലതും പിടിച്ചെടുത്തു. ഭീകരര്‍ക്ക് പോലീസ് എല്ലാ സഹായവും ഒരുക്കി. പേടിച്ചരണ്ട് ഒളിച്ചു കഴിഞ്ഞ മുസ്ലിംകളെ പോലീസ് അക്രമികള്‍ക്ക് കാണിച്ചു കൊടുത്തു. ഹിന്ദുത്വ തേരോട്ടം അതിഭീകരമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ അട്ടഹാസമായിരുന്നു ഗുജറാത്ത് വംശഹത്യ. ഒഡീഷയിലും അത് തന്നെ ആവര്‍ത്തിച്ചു.
വംശഹത്യയില്‍ നിന്ന് ശക്തി സംഭരിച്ചയാളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അദ്ദേഹത്തിനായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സംഘങ്ങളാണ് വഴിവെട്ടിക്കൊണ്ടിരുന്നത്. ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളും പ്രകോപനങ്ങളും അതു വഴി കലാപങ്ങളും സൃഷ്ടിക്കാന്‍ ഒരു സംഘം. ഉത്തര്‍പ്രദേശിലാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ഈ സംഘം ഫലപ്രദമായി പ്രവര്‍ത്തിച്ചത്. അവിടെ ബി ജെ പി സഖ്യം 80-ല്‍ 73 സീറ്റ് നേടി. ഹൈന്ദവ കാര്‍ഡ് കളിച്ചപ്പോള്‍ ദലിത് വോട്ടുകള്‍ മുഴുവന്‍ ബി ജെ പി പെട്ടിയില്‍ വീണു. ഹൈന്ദവ ചിഹ്നങ്ങള്‍ വ്യാപകമായി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചു. ബുദ്ധിപൂര്‍വമായ സഖ്യങ്ങളും രൂപവത്കരിച്ചു. അവയില്‍ മിക്കതും പിന്നാക്ക ജാതികളെ കൂട്ടു പിടിച്ചായിരുന്നു. വികസന നായകനായി നരേന്ദ്ര മോദിയെ അവതരിപ്പിക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവരായിരുന്നു രണ്ടാം സംഘം. മുഖ്യധാരാ മാധ്യമങ്ങള്‍, കോര്‍പറേറ്റ് സിംഹങ്ങള്‍, പൗരപ്രമുഖര്‍ തുടങ്ങിയവരെല്ലാം ഈ സംഘത്തിലുണ്ട്. കോണ്‍ഗ്രസെന്നോ കമ്യൂണിസ്റ്റെന്നോ മുസ്ലിം ലീഗെന്നോ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ ഈ സംഘത്തില്‍ ചേരാന്‍ ക്യൂ നിന്നു. ഫലമോ ബി ജെ പിക്ക് കേവല ഭൂരിപക്ഷം. പതിറ്റാണ്ടുകള്‍ നീണ്ട ഹിന്ദുത്വ കൗശലങ്ങളുടെ ആത്യന്തിക വിജയം. ഹിന്ദുത്വ ആത്മവിശ്വാസം നട്ടുച്ച ചൂടില്‍ ജ്വലിച്ച് നില്‍ക്കുന്നു. മുഴുവന്‍ വിധ്വംസക ഗ്രൂപ്പുകളും സടകുടഞ്ഞുണരുന്നു; ഉഗ്രവിഷം ചീറ്റുന്നു. കോര്‍പറേറ്റുകള്‍ക്ക് ആഘോഷക്കാലം. ആഗോള മൂലധനത്തിന്‍റെ ഇന്ത്യന്‍ സ്വപ്നം സഫലം.
അത്കൊണ്ട് ഇക്കാലം ഇങ്ങനെയാകാതെ വയ്യ. വെറുമൊരു മൃഗത്തിന്‍റെ പേരില്‍ മനുഷ്യരെ പച്ചക്ക് കൊല്ലും. നിങ്ങള്‍ എന്ത് കഴിക്കണമെന്നും എന്ത് എഴുതണമെന്നും എന്ത് വായിക്കണമെന്നും എന്ത് ചിന്തിക്കണമെന്നും വരെ നിങ്ങള്‍ക്ക് തീരുമാനിക്കാനാകില്ല. ആ ശിലാശാസന ലംഘിക്കാന്‍ പോയാല്‍ നിങ്ങളെ ശാരീരികമായി കൊല്ലും, അല്ലെങ്കില്‍ മാനസികമായി കൊല്ലും. നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി എന്നിവരെ കൊന്നു. പെരുമാള്‍ മുരുകനെപ്പോലെ നിരവധി പേരെ നിശ്ശബ്ദരാക്കി. പേടിച്ച് വിറച്ച് അടങ്ങിയൊതുങ്ങി ജീവിച്ചോളണം. വായിച്ചു രസിക്കാവുന്ന ഇതിഹാസങ്ങള്‍ ശാസ്ത്രങ്ങളാകും. ശാസ്ത്രങ്ങളും സത്യങ്ങളും കെട്ടുകഥകളാകും. ചരിത്ര രേഖകള്‍ അഗ്നിക്കിരയാകും. തലക്കകത്ത് ഹിന്ദുത്വം മാത്രമുള്ളവര്‍ ചരിത്രം രചിച്ച സ്ഥാപനങ്ങളുടെ തലപ്പത്തെത്തും. ഈ അതിക്രമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ പോലും അക്രമികള്‍ക്ക് കരുത്തു പകരും.
മുഹമ്മദ് അഖ്ലാഖ് എന്ന മനുഷ്യനെ ഹിന്ദുത്വ ഭീകര സംഘം കൊന്നത് മാട്ടിറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്ന് പറഞ്ഞാണ്. ആ സംഭവത്തോട് പ്രധാനമന്ത്രി മോദി ഏറെ വൈകിയെങ്കിലും പ്രതികരിച്ചത് എത്ര തന്ത്രപരമായാണ്? ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം പോരടിക്കുന്നത് നിര്‍ത്തണമെന്നാണ് അദ്ദേഹം ഉപദേശിച്ചത്. ദാദ്രിയില്‍ ആരാണ് പോരടിച്ചത്? ആരാണ് ഏറ്റുമുട്ടിയത്? അഖ്ലാഖ് അങ്ങോട്ട് പോരിന് ചെന്നിട്ടാണോ അദ്ദേഹത്തെ കൊന്നത്? ഒരിക്കലുമല്ല. ഏകപക്ഷീയമായ ഉന്‍മൂലനം തന്നെയാണ് നടന്നത്. പിന്നെ പ്രധാനമന്ത്രി പറഞ്ഞത് ദാരിദ്ര്യത്തിനെതിരെയാണ് പോരാടേണ്ടത് എന്നാണ്. ദാരിദ്ര്യത്തിന്‍റെ സത്യം തേടാന്‍ അദ്ദേഹത്തിന്‍റെ പ്രത്യയ ശാസ്ത്രം എന്നെങ്കിലും അനുവദിച്ചിട്ടുണ്ടോ? നമ്മള്‍ ദരിദ്രരായിരിക്കുന്നത് അന്യ മതസ്ഥന്‍ സമ്പന്നരായിരിക്കുന്നത് കൊണ്ടാണന്നല്ലേ സമാധാന സേന, ഹനുമാന്‍ സേന, സംഘര്‍ഷ് സേന, വിഷ്ണു സേന, ശിവ സേന, ബ്രാഹ്മണ സേന എന്നൊക്കെ പേരുള്ള സംഘ് രൂപങ്ങള്‍ നാട്ടില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. തരം കിട്ടുമ്പോള്‍ ദരിദ്രര്‍ ആക്രമണങ്ങള്‍ക്ക് മുതിരുന്നു. അന്യമതസ്ഥനെ കൊള്ളയടിക്കുന്നു. എങ്ങനെ ദാരിദ്ര്യം അസ്തമിക്കും?
ഇറച്ചി രാഷ്ട്രീയത്തിന്‍റെ കേന്ദ്രത്തില്‍ മുസ്ലിംകളെ പ്രതിഷ്ഠിക്കുന്നതില്‍ തന്നെ വമ്പന്‍ ഗൂഢാലോചനയുണ്ട്. ഹിന്ദു മതത്തിലെ ഭൂരിപക്ഷം വകഭേദങ്ങളും മാംസാഹാരികളാണ്. പശുവിന്‍റെ പേരില്‍ കൊല്ലപ്പെട്ടവരില്‍ നല്ലൊരു ശതമാനം ദലിത്, പിന്നാക്ക ഹിന്ദുക്കളാണ്. ബീഹാറിലെ ഒരു ഗ്രാമത്തില്‍ ചത്ത പശുവിനെ ട്രാക്ടറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു ഒരു സംഘം തുകല്‍ പണിക്കാര്‍. സവര്‍ണര്‍ താമസിക്കുന്ന ഗ്രാമം കടന്ന് പോകണം അവര്‍ക്ക്. ട്രാക്ടര്‍ പോകുന്ന പോക്കില്‍ തുകല്‍ പൊളിച്ചു കൊണ്ടിരുന്നു അവര്‍. സവര്‍ണര്‍ അവരെ വളഞ്ഞു. ഏഴ് പേരെ അടിച്ചു കൊന്നു. അന്നാണ് ഒരു ചത്ത പശു സമം ഏഴ് ദലിതര്‍ എന്ന സമവാക്യം പിറന്നത്. പശു മാതാവാണെന്ന് ആക്രോശിക്കുകയും ദാദ്രി കൊലപാതകത്തെ ന്യായീകരിക്കുകയും ചെയ്ത ബി ജെ പി എം എല്‍ എ സംഗീത് സോം ഇറച്ചി വ്യവസായിയാണ്. രാജ്യത്തെ പ്രധാന മാംസ കയറ്റുമതി കമ്പനികളെല്ലാം സംഘ് അനുഭാവികളുടേതാണ്. ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായ നേപ്പാളിലാണ് ലോകത്തെ ഏറ്റവും വലിയ മൃഗബലി നടക്കുന്നത്. അത് തികച്ചും ഹൈന്ദവമായ അനുഷ്ഠാനമാണ്. അപ്പോള്‍ ഇത് വിശ്വാസത്തിന്‍റെ പ്രശ്നമേയല്ല. വര്‍ഗീയ വിഭജനത്തിന്‍റെ പല ഉപാധികളില്‍ ഒന്ന് മാത്രമാണ് മാംസം.
നാസിസത്തിന്‍റെയും ഫാസിസത്തിന്‍റെയും അടിസ്ഥാന സ്വഭാവം അത് ധീരമായ വാക്കുകളെ ഭയപ്പെട്ടിരുന്നു എന്നതാണ്. അവര്‍ക്കറിയാം ആയുധങ്ങളേക്കാള്‍ നൂറ് മടങ്ങ് ശക്തമാണ് വാക്കുകളെന്ന്. അവരില്‍ നിന്ന് വിത്തു സ്വീകരിച്ച ഇന്ത്യന്‍ ഫാസിസം കല്‍ബുര്‍ഗിയെന്ന എണ്‍പത്കാരനെ കൊല്ലുമ്പോള്‍ അവര്‍ ലക്ഷ്യമിടുന്നത്, അദ്ദേഹത്തിന്‍റെ വാക്കൊടുങ്ങണമെന്ന് മാത്രമല്ല. മറിച്ച് ഇനി എഴുതാനിരിക്കുന്നവരുടെ പേന വിറയ്ക്കണം എന്നതാണ് യഥാര്‍ഥ ലക്ഷ്യം. സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ തിരിച്ച് നല്‍കിയും സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞും ധീരമായ പ്രതികരണങ്ങള്‍ നടത്തിയ എഴുത്തുകാര്‍ ഈ ലക്ഷ്യത്തെയാണ് നിവര്‍ന്ന് നിന്ന് വെല്ലുവിളിക്കുന്നത്. നിശ്ശബ്ദരായിരിക്കാന്‍ തയ്യാറല്ലെന്ന് അവര്‍ ഉദ്ഘോഷിക്കുന്നു. ശ്മശാന മൂകത കൊതിക്കുന്നവര്‍ക്ക് മുന്നില്‍ ഒച്ചയുടെ അലോസരം തീര്‍ക്കുകയാണ് അവര്‍.
ഫാസിസത്തിന്‍റെ വിളവെടുപ്പ് കാലമാണിത്. ഈ കാലത്ത് ഈ രാജ്യം ഇക്കാലമത്രയും കാത്തു പോന്ന മൂല്യങ്ങള്‍ വേരടക്കം പിഴുതെറിയപ്പെടുമോ? വര്‍ഗീയ വിഭജനത്തിന്‍റെ ഊഷരഭൂമിയായി ഈ നാട് അസ്തമിക്കുമോ? രാജ്യത്തിന്‍റെ മഹത്തായ ചരിത്രവും ഭരണഘടനയും നല്‍കുന്ന ഉത്തരം അതിജീവിക്കുമെന്ന് തന്നെയാണ്. പക്ഷേ മതേതരപാര്‍ട്ടികളും സമാധാന കാംക്ഷികളായ വ്യക്തികളും സംഘങ്ങളും സാമൂഹികവും രാഷ്ട്രീയവുമായ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. പണ്ട് ബി ജെ പിയില്‍ പേരിനെങ്കിലും ഒരു മിതവാദ ധാര ഉണ്ടായിരുന്നു. ഇന്ന് അതിന്‍റെ ആവശ്യമില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. നരേന്ദ്ര മോദി നേതൃസ്ഥാനത്തേക്ക് വന്നതോടെ തന്നെ ആ പരിണാമം സംഭവിച്ചു കഴിഞ്ഞിരുന്നു. അദ്വാനി ഇപ്പോള്‍ മിതവാദം പറയുന്നത് എത്ര അശ്ലീലമാണ്. ചരിത്രത്തിലെ അദ്വാനിയാണ് വര്‍ത്തമാനത്തിലെ മോദി. ബീഫ് നിരോധനമൊന്നുമല്ല അടിസ്ഥാന പ്രശ്നം. സൈന്യം, നീതിന്യായ വിഭാഗം, ഉദ്യോഗസ്ഥ വൃന്ദം തുടങ്ങിയ മേഖലയിലെ ഹിന്ദുത്വവത്കരണമാണ് യഥാര്‍ഥ പ്രശ്നം. രാജ്യത്തിന്‍റെ മതേതര സ്വഭാവം തകര്‍ക്കാനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ് ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍. മനുഷ്യരുടെ മനസ്സിലേക്ക് നടക്കുന്ന നുഴഞ്ഞുകയറ്റങ്ങള്‍ അതിനേക്കാള്‍ അപായകരമാണ്. കോണ്‍ഗ്രസിനെപ്പോലുള്ള പാര്‍ട്ടികള്‍ മൃദു ഹിന്ദുത്വലാളന ഉപേക്ഷിച്ചേ തീരൂ. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എന്ത്കൊണ്ട് സംഘ്പരിവാറിന് പ്രിയങ്കരനാകുന്നുവെന്ന് കോണ്‍ഗ്രസ് ചിന്തിക്കണം. മന്‍മോഹന്‍ സിംഗ് പത്ത് വര്‍ഷം ഭരിച്ച് ഇറങ്ങുമ്പോള്‍ ദേശീയ സമ്പത്തിന്‍റെ 60 ശതമാനം, അഞ്ച് ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലാണ്. ദരിദ്രരെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന സാമ്പത്തിക നയമാണ് കോണ്‍ഗ്രസിനെ ഇങ്ങനെ ദുര്‍ബലമാക്കിയത്. ഈ നയം തള്ളിപ്പറയാതെ ബി ജെ പിയെ വെല്ലുവിളിക്കാന്‍ ആ പാര്‍ട്ടിക്ക് സാധ്യമല്ല. ന്യൂനപക്ഷങ്ങളെ സോപ്പിടാനുള്ള ചെപ്പടിവിദ്യകള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് ഇടതുപക്ഷങ്ങള്‍ മനസ്സിലാക്കണം. സി പി എം ‘നാദാപുരത്തി’ന് പഠിച്ചാല്‍ ഒരു പ്രതീക്ഷക്കും വകയില്ല. ജാതിശ്രേണിയില്‍ താഴ്ന്നവരെ അവരുടെ യഥാര്‍ഥ പ്രശ്നങ്ങളിലേക്ക് ഉണര്‍ത്താന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് കഴിയണം.
ഭൂരിപക്ഷ വര്‍ഗീയതയുടെ പരിഹാരം ന്യൂനപക്ഷ വര്‍ഗീയതയല്ല. മതപരമായ സഹവര്‍ത്തിത്വത്തിന്‍റെ ഉത്തമമാതൃകകള്‍ സൃഷ്ടിക്കാന്‍ പാരമ്പര്യ വിശ്വാസികള്‍ക്കാണ് സാധിക്കുക. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്ന് മുദ്രാവാക്യം മുഴക്കിയവരും കൈവെട്ട് സംഘവും പലപേരില്‍ പ്രത്യക്ഷപ്പെടുന്ന തീവ്രവാദ ഗ്രൂപ്പുകളും ഹിന്ദുത്വ ശക്തികള്‍ക്ക് കഞ്ഞിവെക്കുന്നവരാണ്. ഫാസിസ്റ്റ് വാഴ്ചയില്‍ ന്യൂനപക്ഷങ്ങളെ ഗ്രസിച്ച ഭയമാണ് ഇക്കൂട്ടര്‍ മുതലെടുക്കുന്നത്. പ്രതിരോധമെന്ന പേരില്‍ ഇവര്‍ നടത്തുന്ന വിഡ്ഢിത്തങ്ങള്‍ യഥാര്‍ഥത്തില്‍ ഹിന്ദുത്വശക്തികള്‍ക്ക് വളര്‍ച്ച നല്‍കുകയാണ് ചെയ്യുന്നത്.
മുസ്തഫ പി. എറയ്ക്കല്‍