അറിവാണ് ഇസ്‌ലാമിന്റെ ജീവൻ എന്നത് പ്രചുര പ്രചാരമുള്ള നബി വചനമാണ്. അർത്ഥവ്യാപ്തിയിലും ആശയ സമ്പന്നതയിലും നിരവധി ആഴങ്ങൾ ഈ വചനത്തിനുണ്ട്. പ്രമുഖരായ മുഹദ്ദിസുകളെല്ലാം ആ നിലയിലാണ് ഈ ഹദീസിനെ വ്യാഖ്യാനിച്ചിട്ടുള്ളത.് പണ്ഡിതന്റെ മഹത്ത്വം കുറിക്കുന്ന വചനങ്ങളിൽ ഏറെ ആശയ സമ്പന്നതയുണ്ട് ഈ ഹദീസിന്.

പ്രപഞ്ചത്തിന് അല്ലാഹു നൽകിയ അനുഗ്രഹമാണ് ഇസ്‌ലാം. ബോധമുള്ള മനുഷ്യന് വഴികാണിക്കുന്ന സരണിയാണത്. ഇസ്‌ലാമിന്റെ നിലനിൽപ്പും പ്രസരിപ്പും മാത്രമല്ല, അതിന്റെ ആത്മാവ് തന്നെ നിലനിൽക്കുന്നത് അറിവിലൂടെയാണ്. അറിവിന്റെ വാഹകരിലൂടെയാണ് ഇസ്‌ലാമിന്റെ കൈമാറ്റം നടക്കുക. മഹാന്മാരായ പ്രവാചകന്മാരെ നിയോഗിച്ചു കൊണ്ടാണ് അല്ലാഹു അറിവിന്റെ പ്രകാശം ലോകത്തിനു നൽകിയത്. കഴിഞ്ഞകാല സമൂഹങ്ങൾക്കിടയിൽ അരാജകത്വവും അജ്ഞതയും നടമാടുകയും മതത്തിന്റെ മൂല്യങ്ങളിൽ തിരിമറികളും പുതുചിന്തകളും ഉണ്ടാവുകയും ചെയ്തപ്പോഴെല്ലാം പ്രവാചകന്മാരുടെ നിയോഗത്തിലൂടെ അറിവിന്റെ ധർമം ലോകത്ത് നിലനിന്നുപോന്നിട്ടുണ്ട്. തിരുനബിക്കു മുമ്പ് പ്രവാചകന്മാരാണ് പ്രധാനമായും ഈ ധർമം നിലനിർത്തിയത്. മുൻകാല പ്രവാചകന്മാരുടെ കാലത്ത് പണ്ഡിതന്മാരുടെ സാന്നിധ്യം, മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിലെ പണ്ഡിതന്മാരെ അപേക്ഷിച്ച് കുറവായിരുന്നു. തിരുനബിയുടെ രിസാലത്തോട് കൂടി പൂർത്തിയാക്കപ്പെട്ട ഇസ്‌ലാമിനെ പിൽക്കാലത്തേക്ക് കൈമാറിയതും അത്ഭുതാവഹമായ ചിന്തകൾ, രചനകൾ, ഗവേഷണങ്ങൾ, പഠനങ്ങൾ, നിരീക്ഷണങ്ങൾ നൽകി അറിവിനെ സമ്പന്നമാക്കിയതും പണ്ഡിത മഹാത്മാക്കളാണ്. തിരുനബിയിൽ നിന്ന് സ്വഹാബാക്കൾ ഏറ്റെടുത്ത്, അത് താബിഉകൾ മുഖേനെ ലോകത്തിന്റെ മുഴുവൻ കോണുകളിലും പ്രചരിച്ചു. അറിവിന്റെ വെളിച്ചെത്തിനു ഊർജ്ജം നൽകി അധ്വാനിച്ച പണ്ഡിതന്മാരുടെ സാന്നിധ്യം തന്നെയാണ് ലോകത്തെവിടെയും കാണുന്ന ഇസ്‌ലാമിക പ്രഭക്കു കാരണം. കൊച്ചു കേരളം തുല്യതയില്ലാത്ത സേവനമാണ് ഈ രംഗത്ത് കാഴ്ച്ചവെച്ചതും ഇപ്പോഴും നൽകി കൊണ്ടിരിക്കുന്നതും. പണ്ഡിതന്റെ മഹത്ത്വം ഉദ്‌ഘോഷിക്കുന്ന നിരവധി വചനങ്ങൾ ഖുർആനിൽ കാണാം. ‘അല്ലാഹു അല്ലാതെ ആരാധ്യനില്ല’ എന്നതിന് അല്ലാഹു സാക്ഷ്യം നിന്നിട്ടുണ്ട്. മലക്കുകളും പണ്ഡിതന്മാരും സാക്ഷികളായിട്ടുണ്ട് (ആലു ഇംറാൻ-18). അല്ലാഹുവിന്റെ അസ്ഥിത്വത്തിന് തന്നെയും അല്ലാഹു സാക്ഷികളാക്കി കാണിച്ചത് മലക്കുകൾക്കു പുറമേ പണ്ഡിതന്മാരെയാണ്. പ്രമുഖരായ ഖുർആൻ വ്യാഖ്യാതാക്കൾ പണ്ഡിത മഹത്ത്വത്തിന്റെ നിറവായാണ് ഈ വചനത്തെ വിശദീകരിച്ചത്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യമാണ് അല്ലാഹു. അവന്റെ അസ്ഥിത്വത്തിന് സാക്ഷികളാവുക എന്നത് തന്നെ മതി പണ്ഡിതന്റെ മഹത്ത്വത്തിന്. നീതിമാന്മാരെയാണ് സാക്ഷികളാക്കേണ്ടത്. പണ്ഡിതന്മാരിലൂടെ നീതിയുടെയും സത്യത്തിന്റെയും പ്രകാശനമാണ് അല്ലാഹു ഇവിടെ പഠിപ്പിക്കുന്നത്. ‘നബിയേ നിങ്ങൾ പറയുക, വിവരമുള്ളവരും ഇല്ലാത്തവരും സമമാകുമോ’ (സുമർ 9).

പണ്ഡിതന്മാരുടെ  മഹത്ത്വത്തെക്കുറിക്കുന്ന ശക്തമായ ഭാഷ. സ്വർഗവാസികളും നരകവാസികളും സമമാകുമോ എന്ന ചോദ്യം പോലെ, ഇരുട്ടും വെളിച്ചവും സമമാണോ എന്നതു പോലെ, വിശ്വാസവും അവിശ്വാസവും ഒരു പോലെയാണോ എന്ന ചോദ്യം പോലെ. സമാനമായ മറ്റൊരു വചനം ഇങ്ങനെ. ‘നബിയേ നിങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ടത് സത്യമാണെന്ന് അറിയിക്കുന്നവൻ അന്ധെന പോലെയാണോ? ഒരിക്കലുമല്ല. ചിന്തിക്കുന്നവർ പാഠം ഉൾക്കൊള്ളും’ (റഅദ് 19). വിവരമുള്ളവരുടെ മറുഭാഗത്തുള്ളവർ അന്ധത ബാധിച്ചവരാണെന്നാണ് ഇവിടുത്തെ ഭാഷ്യം. അന്ധന് എല്ലാം ഇരുട്ടാണല്ലോ, അത് തന്നെയാണ് വിവരമില്ലാത്തവന്റെ സ്ഥിതിയും. വിവരമുള്ളവൻ ഇരുട്ടകറ്റുന്നവനാണ്, പ്രകാശം പൊഴിക്കുന്നവനാണ്. ഈ നിലക്കാണ് അറിവിനെ പ്രകാശം എന്ന് വിളിക്കുന്നത്. ഖുർആനിലും ഹദീസിലും അത്തരം പരാമർശങ്ങൾ നിരവധി കാണാനാവും. സൂറത്തുൽ അൻകബൂത്തിലെ 43-ാം വചനത്തിന്റെ ആശയം ഇങ്ങനെ. ‘ആ ഉപമകൾ മനുഷ്യർക്ക് വേണ്ടി നാം നിശ്ചയിക്കുന്നതാണ്. വിവരമുള്ളവർ മാത്രമേ  ആ ഉപമകൾ മനസ്സിലാക്കുകയുള്ളൂ.’ മഹാന്മാരിൽ ഒരാൾ പറഞ്ഞു: ഖുർആനിലെ ഒരു ഉപമ എനിക്ക് മനസ്സിലാകാതെ വന്നാൽ ഞാൻ വല്ലാതെ പ്രയാസപ്പെടും. കാരണം വിവരമുള്ളവർക്കേ അതു മനസ്സിലാകൂ എന്നല്ലേ ഖുർആൻ പറഞ്ഞത്. ഞാൻ വിവരമില്ലാത്തവനാണല്ലോ. ‘നിങ്ങളിൽ വിശ്വാസമുള്ളവർക്കും വിജ്ഞാനം നൽകപ്പെട്ടവർക്കും നിരവധി പദവികളിൽ ഉയർച്ച നൽകുന്നതാണ്’ (മുജാദല 11). ഭൗതികമായി തന്നെ പണ്ഡിതന്റെ മഹത്ത്വം എത്രത്തോളമുണ്ട്. നിരവധി രാജാക്കളും ഭരണാധികാരികളും സമ്പന്നരും കഴിഞ്ഞ് പോയ ഈ പ്രപഞ്ചത്തിൽ അന്തസ്സാർന്ന ഓർമകൾ നിലനിൽക്കുന്നത് പണ്ഡിതരുടേത് മാത്രമാണ്. അവർ തീർത്ത ജ്ഞാനത്തിന്റെ മതിൽ ഒരു കോട്ടവും തട്ടാതെ, ഇളക്കമില്ലാതെ ഇന്നും തലയുയർത്തി നിൽക്കുന്നു. നെഞ്ച് വിരിച്ച് മസിൽ ചുരുട്ടി മേൻമകൾ കാണിച്ച ഉശിരൻമാരെ ചരിത്രം കാണുന്നേയില്ല. പണ്ഡിത തേജസ്വികളോ, ആദരവോടെയല്ലാതെ അവരെ സ്മരിക്കപ്പെടുന്നുമില്ല. ഇമാം അഹ്മദും ഇമാം ശാഫിഈയും ഇമാം മാലികും ഇമാം അബൂഹനീഫയും സുഫ്‌യാനുസ്സൗരിയും ഇമാം ഗസ്സാലിയും ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ചെറിയ പ്രായത്തിൽ പിരിഞ്ഞു പോയ ഇമാം നവവി(റ)യുമെല്ലാം ഇന്നും ചരിത്രത്തിന്റെ സ്‌നേഹ വികാരങ്ങളല്ലേ? പ്രപഞ്ചത്തിന്റെ അഷ്ടദിക്കുകളിലും അവർ ഇന്നും ജീവിക്കുന്നു. അവരുടെ നാമങ്ങൾ മർഹമത്തോടെ പറയപ്പെടുന്നു. അവരുടെ രചനകൾ എല്ലായിടത്തും പാരായണം ചെയ്യപ്പെടുന്നു. അവരെ അനുകരിച്ചും പിൻതുടർന്നും ജീവിക്കുന്ന എത്ര കോടി ജനങ്ങളാണ് കഴിഞ്ഞു പോയത്. ഇപ്പോൾ ജീവിക്കുന്നത്! ഈ മഹാപ്രപഞ്ചത്തിലെ ഓരോ മുസ്‌ലിമും തനിക്ക് മുന്നിൽ കാണുന്ന പ്രകാശത്തിന്റെ കൈത്തിരി ഏറ്റുവാങ്ങിയത് ഈ മഹാവ്യക്തിത്വങ്ങളിൽ നിന്നല്ലേ? വിശ്വാസവും ആരാധനകളടക്കമുള്ള എല്ലാ മതചിഹ്നങ്ങളും ആവാഹിച്ചെടുത്തത് ഈ മഹാമനീഷികളിൽ നിന്നല്ലേ? നന്മയുടെ വഴികാട്ടികളായി ഇന്നും ജീവിക്കുന്ന പണ്ഡിത തേജ്വസികളുടെ ഓരം പറ്റി ജീവിതത്തെ മിനുക്കിയെടുത്ത് പാകപ്പെടുത്താൻ താൽപര്യപൂർവം കൊതിച്ച് നിൽക്കുന്ന എത്ര പേരെയാണ് ലോകത്തിന് കാണാനായത്, ഇന്നും കാണുന്നതും. ഇതിനപ്പുറം ഭൗതിക ലോകത്ത് എന്ത് വേണം? മഹാഭാഗ്യശാലികൾ! വിജയശ്രേണിയിലെ അതികായർ! സൂറത്തുൽ ഫാത്വിർ 28, അൻകബൂത്ത് 49, തൗബ 122, അൻആം 122, നിസാഅ് 83, നിസാഅ് 59, സബഅ് 6 എന്നീ വചനങ്ങൾ പണ്ഡിതന്റെ മഹത്ത്വങ്ങൾ കുറിക്കുന്നവയാണ്. തിരുനബി(സ്വ) പറഞ്ഞു: ‘അല്ലാഹു ഒരാളിൽ നന്മ ഉദ്ദേശിക്കുന്നുവെങ്കിൽ ദീനിലുള്ള ജ്ഞാനം അവന് നൽകും’ (ബുഖാരി, മുസ്‌ലിം). മതത്തെക്കുറിച്ചറിയാനും പഠിക്കാനും ഭാഗ്യം ലഭിക്കാത്തവനിൽ ഒരു ഗുണവും ഇല്ലെന്നാണ് ഈ ഹദീസിന്റെ അർത്ഥം. ഏതെങ്കിലും നന്മ ഉള്ളവർ അല്ലാഹുവിന്റെ ദീൻ പഠിച്ചവരും മനസ്സിലാക്കിയവരുമാണ് എന്ന നിലക്കാണ് ഈ ഹദീസിനെ മുഹദ്ദിസുകൾ വ്യാഖ്യാനിക്കുന്നത്. നബി(സ്വ)പറഞ്ഞു: ‘നമ്മുടെ ഈ പള്ളിയിൽ ഒരു നന്മ പഠിക്കാനോ പഠിപ്പിക്കാനോ വരുന്ന ഒരുത്തൻ അല്ലാഹുവിന്റെ മാർഗത്തിലെ പടയാളിയെപോലെയാണ്’ (അഹ്മദ്). അല്ലാഹുവിന്റെ മാർഗത്തിന് തടസ്സമാകുന്ന ശത്രുവിനെ തടഞ്ഞുനിറുത്തുന്ന പടയാൡയുടെ ധർമസമരം തന്നെയാണ് പണ്ഡിതനും നടത്തുന്നത്. ജീവനുള്ള ഒരു ദർശനത്തിന്റെ സന്ദേശം ഏറ്റെടുത്ത് കൈമാറ്റം ചെയ്യുന്നതിലൂടെ സാധ്യമാവുന്നത് അതാണ്.

മനുഷ്യന്റെ രക്ഷ പണ്ഡിതന്മാരുടെ സാന്നിധ്യത്തിലാണ്. അല്ലാഹുവിന്റെ അമാനത്താകുന്ന ഇസ്‌ലാമിനെ പഠിപ്പിക്കുകയും അവന്റെ കലാമിനെ യഥാവിധി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ധർമമാണവരുടേത്. തിരുസുന്നത്തിന്റെ ചലിക്കുന്ന പതിപ്പുകളും ജീവസ്സുറ്റ വരികളുമാണവർ. അവരുടെ നഷ്ടം മനുഷ്യന്റെ നാശവും നഷ്ടവുമാണ്. തിരുനബി(സ്വ) പറഞ്ഞല്ലോ: അറിവിനെ അല്ലാഹു അടിമകളിൽ നിന്ന് പെട്ടെന്ന് തിരിച്ച് പിടിക്കില്ല. പണ്ഡിതന്മാരുടെ വേർപ്പാട് മുഖേനെയാണ് അറിവ് നഷ്ടപ്പെടുക(ബുഖാരി,  മുസ്‌ലിം). ഇബ്‌നു അബ്ബാസ്(റ) പറയുന്നു: തിരുനബി ചോദിച്ചു: അറിവ് നഷ്ടപ്പെടുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്കറിയുമോ? ഭൂമിയിൽ നിന്ന് പണ്ഡിതന്മാരുടെ വേർപ്പാടുണ്ടാകുമ്പോഴാണ് അത് സംഭവിക്കുക. മഹാനായ അബൂ ഉമാമയുടെ ഹദീസിൽ ഇങ്ങനെ വായിക്കാം. തിരുനബി(സ്വ) പറഞ്ഞു: അറിവ് നഷ്ടപ്പെടുന്നതിന് മുമ്പ് അത് നിങ്ങൾ സമ്പാദിക്കുക. അപ്പോൾ സ്വഹാബത്ത് ചോദിച്ചു: നബിയേ, അറിവ് എങ്ങനെയാണ് നഷ്ടപ്പെടുക, ഞങ്ങൾക്കിടയിൽ അല്ലാഹുവിന്റെ കിതാബുണ്ടല്ലോ? അപ്പോൾ നബി(സ്വ) ഗൗരവത്തോടെ പറഞ്ഞു: ബനൂ ഇസ്‌റാഈലിൽ തൗറാത്തും ഇഞ്ചീലും ഉണ്ടായിരുന്നില്ലേ. എന്നിട്ട് അവർക്കെന്താണ് സംഭവിച്ചത്? അറിവ് നഷ്ടപ്പെടുക എന്നാൽ അറിവിന്റെ വാഹകരുടെ വേർപ്പാടാണ് (ദാരിമി).

ഖുർആനിന്റെ സാന്നിധ്യം മാത്രം പോരാ. അതിനെ യഥാക്രമം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതന്മാർ നിർബന്ധമാണെന്ന് സാരം. ഭൂമിയുടെ പല ഭാഗങ്ങളിൽ നിന്നായി അതിനെ നാം ചുരുക്കുന്നത് അവർ കണ്ടിട്ടില്ലേ (റഅ്ദ് 41). ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ഭൂമിയുടെ ഭാഗങ്ങളിൽ ചുരുങ്ങൽ അനുഭവപ്പെടുക എന്നതിന്റെ താൽപര്യം പണ്ഡിതന്മാരുടെ മരണമാണ്. ഖവാരിജ്, മുർജിഅത്ത്, ജഹ്മിയ്യത്ത്, മുജസ്സിമത്ത് അടക്കമുള്ള അസത്യവാദികളുടെ കടന്ന് കയറ്റത്തെ തടയിട്ട് വിശുദ്ധ ഗ്രന്ഥത്തിന്റെ മൗലികത നിലനിറുത്താനായത് കഴിഞ്ഞ കാലത്തിലെ മഹാത്മാക്കളുടെ നിറസാന്നിധ്യം മൂലമായിരുന്നെങ്കിൽ ഇന്നും അത് നിലനിൽക്കുന്നത് അവരുടെ പിൻഗാമികളായ മഹത്തുക്കളിലൂടെ തന്നെയാണ്. ഇമാം ശാഫിഈ(റ) പറഞ്ഞു: പണ്ഡിതന്മാർ ആഖിറത്തിൽ അല്ലാഹുവിന്റെ ഔലിയാക്കളാണ്. അല്ലെങ്കിൽ അല്ലാഹുവിന് വലിയ്യ് ഇല്ലതന്നെ. ഇക്‌രിമ(റ) പറഞ്ഞു: പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരെ നിങ്ങൾ സൂക്ഷിക്കുക. പണ്ഡിതരെ പ്രയാസപ്പെടുത്തുന്നവർ തിരുനബിയെയാണ് പ്രയാസപ്പെടുത്തുന്നത്. കാരണം പണ്ഡിതന്മാർ തിരുനബിയുടെ സുന്നത്തിന്റെ പതിപ്പുകളാണ്. ഹസൻ(റ) പറഞ്ഞു: പണ്ഡിതന്റെ മരണം ഇസ്‌ലാമിന് സംഭവിക്കുന്ന വിള്ളലാണ്. കാലം എത്ര ചെന്നാലും ആ വിള്ളൽ അടയുകയില്ല.

ആകാശത്തും ഭൂമിയിലുമുള്ള സകല ജീവികളും വെള്ളത്തിനടിയിലെ മീനുകളും ഉറുമ്പുകൾ വരെയും ആലിമിന് വേണ്ടി പ്രാർത്ഥിക്കുമെന്നും പാപമോചനം തേടുമെന്നും അബൂദാവൂദ്, ഇബ്‌നുമാജ, തുർമുദി ഉദ്ധരിച്ച ഹദീസിലുണ്ട്. എത്ര ഉന്നതമായ മഹത്ത്വമാണിത്. ഒരാൾ നമുക്ക് വേണ്ടി ഒരു തവണ പ്രാർത്ഥിച്ചു എന്ന് കേട്ടാൽ നമുക്കുണ്ടാവുന്ന സന്തോഷവും ആനന്ദവും എത്രയാണ്. എന്നാൽ ലോകം നിലനിൽക്കുവോളം ആലിമിന് ലഭിക്കുന്ന പ്രാർത്ഥനയാണ് ഹദീസിൽ പരാമർശിച്ചത്. ആകാശ വാസികളായ മലക്കുകൾ മുതൽ ഉറുമ്പുകൾ വരെ നടത്തുന്ന പ്രാർത്ഥന. ‘പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. പ്രവാചകന്മാർ ദീനാറോ ദിർഹമോ അനന്തരമായി നൽകിയിട്ടില്ല. ജ്ഞാനമാണ് അവർ അനന്തരമായി നൽകിയത്. അത് കൊണ്ട് ജ്ഞാനം സമ്പാദിക്കുന്നവൻ പൂർണ വിഹിതമാണ് നേടുന്നത്’ (അബൂദാവൂദ്). അനന്തരവനോട് അനന്തരാവകാശിക്കുള്ള ബന്ധം കൊണ്ടാണല്ലോ അനന്തരസ്വത്തിൽ പങ്കാളിത്തമുണ്ടാകുന്നത്. ഇതുപോലെ പ്രവാചകന്മാരുമായി അടുത്ത ബന്ധമാണ് പണ്ഡിതന്മാർക്ക്. അത് കാരണമാണ് അവരുടെ അനന്തരസ്വത്ത് (ജ്ഞാനം) അനന്തരമായി പണ്ഡിതന്മാർക്ക് ലഭിച്ചത്. പ്രവാചകന്റെ തിരുശേഷിപ്പാണ് പണ്ഡിതന്മാർ വഹിക്കുന്ന ജ്ഞാന സമ്പത്തെന്നർത്ഥം.

അല്ലാഹുവിലേക്ക് ക്ഷണിക്കുക എന്ന മഹത്തായ കർമമാണ് പണ്ഡിതൻ നിർവഹിക്കുന്നത്. എന്റെ പ്രതിനിധിയെ ഭൂമിയിലേക്ക് നിശ്ചയിക്കുന്നു എന്നതിന്റെ താൽപര്യവും അത് തന്നെ. അല്ലാഹുവിന്റെ പ്രതിനിധിയായി പണ്ഡിതനാണ് ഈ ദൗത്യ നിർവഹണത്തിന്റെ മുന്നിൽ നിൽക്കേണ്ടത്. നിസ്‌കാരത്തിനായി നിങ്ങളെ വിളിച്ചുണർത്തുന്ന കോഴിയെ ചീത്ത പറയരുതെന്ന് തിരുവചനമുണ്ട്. അപ്പോൾ അല്ലാഹുവിന്റെ തൗഹീദിലേക്കും കിതാബ്, സുന്നത്തിലേക്കും മറ്റ് മതപരമായ കാര്യങ്ങളിലേക്കും ക്ഷണിക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന പണ്ഡിതനെ അപഹസിക്കുന്നത് എത്ര കുറ്റകരമാണ്. അല്ലാഹു പറഞ്ഞു: എന്റെ വലിയ്യിനോട് ഒരാൾ മത്സരിച്ചാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട് (ബുഖാരി). അടിസ്ഥാനപരമായി അല്ലാഹുവിന്റെ വലിയ്യ് അവന്റെ അറിവിന്റെ വാഹകരാണ്. അവർ മുഖേനെയാണ് തൗഹീദും കിതാബും സുന്നത്തും നിലനിൽക്കുന്നത്. ചില തിരുവചനങ്ങൾ  ശ്രദ്ധിക്കുക: ‘പ്രവാചകരോട് അടുത്ത് നിൽക്കുന്ന രണ്ട് പദവികളാണ് പണ്ഡിതന്റെയും പോരാളികളുടെയും പദവികൾ.’ പണ്ഡിതൻ പ്രവാചകന്മാരുടെ ദൗത്യം നിർവഹിക്കുന്നു. പോരാളിയോ മതത്തിനെതിരെയുള്ള ശത്രുക്കളെ പ്രതിരോധിക്കുന്നു. തിരുനബി(സ്വ) പറഞ്ഞു: ‘ഒരു പണ്ഡിതന്റെ മരണത്തേക്കാൾ ചെറുതാണ് ഒരു നാടിന്റെ മരണം.’ ‘നാൽപ്പത് ഹദീസുകൾ മനഃപാഠമാക്കുകയും എന്റെ സമുദായത്തിൽ അത് പ്രബോധനം നടത്തുകയും ചെയ്താൽ അന്ത്യനാളിൽ ഞാൻ അവന് സാക്ഷിയും ശിപാർശകനുമാകും.’ ഇബ്‌റാഹീം നബിയോട് അല്ലാഹു പറഞ്ഞു: ഇബ്‌റാഹീം, ഞാൻ അറിവുള്ളവനാണ്. അറിവുള്ള എല്ലാവരേയും ഞാൻ ഇഷ്ടപ്പെടുന്നു (ഇഹ്‌യ).

ജീവിതം മുഴുവൻ ജ്ഞാനസമ്പാദനത്തിനും സേവനത്തിനുമായി മാറ്റിവെച്ച മഹത്തുക്കളെയാണ് നമ്മുടെ മുൻഗാമികളിൽ കാണുന്നത്. പട്ടിണിയും ദാരിദ്ര്യവും ക്ഷീണവും പ്രയാസവും യാത്രയും എല്ലാം ഒന്നിച്ച് തിരിച്ചടിച്ചു കൊണ്ടിരുന്നപ്പോഴും അവർ അതിൽ നിന്ന് പിൻമാറിയിട്ടില്ല. അതിരറ്റ ആഗ്രഹവും അതീവ ഉത്സാഹവും അവരെ വീണ്ടും വീണ്ടും കർമോത്സുകരാക്കി. അഹ്‌ലുസ്സുഫയിൽ നാം ആ മാതൃക കാണുന്നു. അബൂഹുറൈറ(റ) അടക്കമുള്ള എഴുപത് സ്വഹാബി പണ്ഡിത പ്രമുഖരുടെ ത്യാഗം ചരിത്രം വരച്ചിടുന്നുണ്ട്. അവരിൽ നിന്ന് പാഠമുൾക്കൊണ്ട് കടന്നുവന്ന താബിഈ പ്രമുഖർ നിരവധി. അത്വാഉബ്‌നു അബീ റബാഅ്, ഉർവത്തുബ്‌നു സുബൈർ, ഖാളി ശുറൈഹ്, ഹസനുൽ ബസ്വരി, ഉമറുബ്‌നു അബ്ദുൽ അസീസ്, മുഹമ്മദുബ്‌നു സീരീൻ(റ) തുടങ്ങിയവർ അതിൽ പ്രമുഖരാണ്. മദ്ഹബിന്റെ നാല് ഇമാമുകളുടെ സേവനവും അധ്വാനവും ചെറുതല്ല. അവരെ ആശ്രയിച്ചാണ് ലോകമുസ്‌ലിംകൾ ഇന്നും മുന്നോട്ട് പോകുന്നത് എന്ന് വരുമ്പോൾ മദ്ഹബിന്റെ ഇമാമുകളുടെ പ്രൗഢി കൂടുതൽ തിളങ്ങുന്നു. ബുദ്ധികൂർമതയും സൂക്ഷ്മതയും നിരന്തര പരിശ്രമവുമായിരുന്നു അവരുടെ പ്രകൃതം. ഇമാം അബൂ ഹനീഫ(റ)യെ കുറിച്ച് ഇമാം യൂസുഫ്(റ) പറഞ്ഞു: ‘അബൂഹനീഫത്തുന്നുഅ്മാൻ(റ) നിഷിദ്ധ കാര്യങ്ങൾക്കെതിരെ ശക്തമായ അമർഷമുള്ളവരും നീണ്ട സമയം മൗനിയായി ചിന്തിക്കുന്നയാളുമായിരുന്നു.’ മറ്റ് മൂന്ന് ഇമാമുമാരുടെ സ്ഥിതിയും ഭിന്നമായിരുന്നില്ല. ഈ വിധം അനുപമമാണ് പണ്ഡിത ദൗത്യം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ