പാപങ്ങളുടെ നാശങ്ങള് അനവധിയാണ്. മരണത്തോടെ നമ്മുടെ തിന്മകള്‍കൂടി നശിക്കുന്ന അവസ്ഥയുണ്ടാവണം. എങ്കിലേ നാം നല്ലവരാകൂ. പരിചയക്കാരനോ അല്ലാത്തവരോ ആയ അന്യനെ അക്രമിക്കല്‍ വലിയ കുറ്റമാണ്. അല്ലാഹുവിനെ അനുസരിക്കുന്നവന് എല്ലാം അവന് അധീനപ്പെടുത്തിക്കൊടുക്കും. അവന് എതിരു പ്രവര്‍ത്തിക്കുന്നവനെ എല്ലാ വസ്തുക്കളും കീഴൊതുക്കുകയും ചെയ്യും. കുറ്റം പതിവാക്കുന്നവനുണ്ടാവുന്ന സൗകര്യവും അസൗകര്യവും രോഗവും ആരോഗ്യവുമൊക്കെ ശിക്ഷയുടെ ഭാഗമല്ലാതെ മറ്റെന്താണ്? അതേ സമയം തെറ്റുകള്‍ വര്ജിക്കുന്നവന് ദുരിതം സംജാതമാകുന്നത് ഒരര്‍ത്ഥത്തില്‍ രക്ഷയാകുന്നു.
മുഖത്തെ മ്ലാനതയോ മുതലിലെ നഷ്ടമോ അല്ല യഥാര്‍ത്ഥ ദുശ്ശകുനം. മറിച്ച് ഒരു പാപത്തില്‍ പെട്ടവന് തത്തുല്യമോ അതിനെക്കാള്‍ വലുതോ ആയ മറ്റൊന്നില്‍ ചെന്നു ചാടലാണ്. തൗബയുടെ കാര്യത്തില്‍ അശ്രദ്ധവാനാകുന്നതും ദയനീയം തന്നെ. കാലം, ഭാര്യ, കൂട്ടുകാര്‍ തുടങ്ങിയവയില്‍ വന്നുചേരുന്ന അവസ്ഥാ മാറ്റങ്ങളെല്ലാം പാപങ്ങളുടെ പ്രതിഫലമായും ഉണ്ടാവാം. വളര്‍ത്തുമൃഗങ്ങളില്‍ എന്നല്ല, വീട്ടിലെ എലികളില്‍ വരെ നീ ചെയ്യുന്ന തെറ്റുകളുടെ പ്രതിഫലനങ്ങള്‍ പ്രകടമാകും. ഖുര്‍ആന്‍ മറന്നുപോവുക, അറിവ് ഉയര്‍ന്നുപോവുക തുടങ്ങിയവയും പാപഫലമാണ്.
തൗബയുടെ പൊരുള്‍
കുറ്റത്തില്‍ നിന്നകന്ന് അല്ലാഹുവിനോടുള്ള അനുസരണത്തിലേക്ക് മടങ്ങലാണ് തൗബ. അഥവാ പശ്ചാതാപം. ഇലാഹീ പ്രീതിക്കുള്ള പ്രയാണമത്രെ അത്. തൗബക്ക് മുന്നോടിയായി ചില കാര്യങ്ങള്‍ അനിവാര്യമാണ്. ചെയ്തുപോയ തെറ്റിനെ പൂര്‍ണാര്‍ത്ഥത്തില്‍ അറിയുക, തൗബക്കുള്ള അവസരവും അവബോധവും അല്ലാഹു സൃഷ്ടിക്കുന്നതാണെന്ന ജ്ഞാനം കൈവിടാതിരിക്കുക തുടങ്ങിയവ അതില്‍ പെടുന്നു.
തൗബ രൂപപ്പെടുന്ന ഘടകങ്ങള്‍ നാലെണ്ണമാണ്. പാപത്തെ പറ്റിയുള്ള അറിവ്, ചെയ്തുപോയതില്‍ ഖേദം, ഇനി ചെയ്യില്ലെന്ന ഉറപ്പ്, ചെയ്തുകൊണ്ടിരിക്കുന്നത് പൂര്‍ണമായി വെടിയല്‍ എന്നിവയാണവ. തെറ്റുകള്‍ അതിജീവിക്കാന്‍ പ്രേരകമാകുന്ന അളവിലുള്ള ഖേദപ്രകടനം നിര്‍ബന്ധമാണ്.
തെറ്റുകള്‍ വിട്ടൊഴിഞ്ഞ് അല്ലാഹുവിലേക്ക് മടങ്ങല്‍ ഈമാനിന്റെ അടിസ്ഥാനത്തില്‍ പെട്ടതാണ്. സ്വന്തത്തെ വ്യാപൃതമാക്കുന്ന കാര്യങ്ങള്‍ വെടിഞ്ഞ് കൂടുതല്‍ ആത്മീയത പുലര്‍ത്തി അല്ലാഹുവിലേക്ക് മടങ്ങുക ഈമാനിന്റെ പൂര്ണതക്കനിവാര്യമാകുന്നു. പരലോക വിജയം പ്രാപിക്കാന്‍ ഇത് കൊണ്ടാകും. കുറ്റം പിണഞ്ഞില്ലെങ്കിലും തൗബ ജീവിതവ്രതമാക്കാന്‍ നമുക്കാകണം. അതുപോലെ അല്ലാഹുവിനു മുമ്പില്‍ എന്തും മടികൂടാതെ സമ്മതിച്ചംഗീകരിക്കാന് തുനിയുകയും വേണം. ഈ രണ്ട് സ്വഭാവങ്ങള്‍ക്ക് ആത്മീയഭാഷയില്‍ ഇനാബത്, ഇഖ്ബാത് എന്നു പറയും.
കൃപാലുവാകുക
സഹജീവികളോട് കൃപയോടെ വര്‍ത്തിക്കുക ആധ്യാത്മകാംക്ഷിക്ക് മറ്റെന്തിനേക്കാളും അനിവാര്യമാണ്. സൃഷ്ടികളോട് കൃപ കാണിക്കല്‍ അല്ലാഹുവിന്റെ കല്പനകളോടുള്ള ആദരവാണെന്നതാണിതിനു കാരണം.
ആളുകള്‍ ആവശ്യപ്പെടുന്നത് നല്‍കുക, അവര്‍ക്ക് കഴിയാത്തതിന് നിര്‍ബന്ധിക്കാതിരിക്കുക, അറിയാത്ത കാര്യങ്ങള്‍ സംസാരിക്കാന്‍ നില്‍ക്കാതിരിക്കുക, അവരുടെ സുഖദുഃഖങ്ങളില്‍ പങ്കാളിയാവുക, അവര്‍ക്ക് മതപരവും ഭൗതികവുമായ ഗുണങ്ങള്‍ ചെയ്തുകൊടുക്കുക, അവര്‍ക്കുവരുന്ന ദീനിയും ദുന്യവിയ്യുമായ ദുരിതങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുക എന്നിവയെല്ലാം കൃപയുടെ ഭാഗമായ ഗുണങ്ങളത്രെ. ആരുടെയെങ്കിലും മുഖത്ത് ഈച്ച ഇരുന്നാല്‍ പോലും അതിന്റെ വേദന നിന്റെ മനസ്സിനെ നോവിക്കുന്ന അവസ്ഥയുണ്ടാകണം. ഒരു സത്യവിശ്വാസിയുടെ രഹസ്യം പരസ്യമാകാതെ സൂക്ഷിക്കുന്നത് നിരവധി ഹജ്ജും ജിഹാദും ചെയ്യുന്നതിനേക്കാള്‍ നിനക്കുത്തമമാകുന്നു. സ്വന്തം അഭിമാനത്തെക്കാള്‍ സുഹൃത്തിന്റെ അഭിമാനത്തിനു മുന്‍തൂക്കം നല്‍കുകയും സ്വന്തം അപമാനത്തെക്കാള്‍ അവന്റെ അഭിമാനക്ഷതം സൂക്ഷിക്കുകയും വേണം. എങ്കിലേ കൃപ (ശഫഖത്) അര്‍ത്ഥപൂര്‍ണമാകൂ.
അവരുടെ നിസ്കാരം
ഇലാഹീ പ്രീതി നേടിയവരുടെ ഗുണങ്ങളില്‍ ഗണനീയമാണ് ഭക്തി സ്ഫുരിക്കുന്ന നിസ്കാരം. അവര്‍ നിസ്കാരം തുടങ്ങിയാല്‍ ലോകത്തെ മറക്കും. പരലോകത്ത് അല്ലാഹുവിലേക്ക് മുന്നിടും പോലെയായിരിക്കും ഇത്തരം സാത്വികര്‍ നിസ്കാരത്തിന് മുന്നിടുക. മഹ്ശറില്‍ അവന് മുമ്പില്‍ നില്‍ക്കുകയും വിചാരണക്കു വിധേയരാവുകയും ചെയ്യുമ്പോള്‍ അനുഭവിക്കുന്ന തീക്ഷ്ണാവസ്ഥയാകും നിസ്കാരത്തില്‍ അവര്‍ക്കുണ്ടാവുക. പരമശക്തിക്കു മുമ്പിലാണ് താന്‍ നില്ക്കുന്നതെന്ന ബോധത്തില്‍ അണു അളവ് വീഴ്ച അവര്‍ വരുത്തില്ല.
ഒരു അധ്യാത്മജ്ഞാനിയോട് നിസ്കാരത്തിലെ തക്ബീറിനെ കുറിച്ച് ചോദിച്ചപ്പോള്‍ കൊടുത്ത മറുപടി കാണുക: “അല്ലാഹു അക്ബര്‍ ഉരുവിടുമ്പോള്‍ അല്ലാഹുവിന്റെ സര്‍വമാന മാഹാത്മ്യവും ഉള്‍ക്കൊള്ളുന്ന അവസ്ഥ നിനക്കുണ്ടാകണം. അലിഫ് എന്ന അക്ഷരത്തോടെ അല്ലാഹുവിന്റെ ആദരവും ലാമോടെ ഗാംഭീര്യതയും നിരീക്ഷണ സ്വഭാവവും നീ ഹൃത്തില്‍ പ്രകടിപ്പിക്കണം.’
ആത്മജ്ഞാനികളില്‍ ചിലര്‍ “അല്ലാഹു അക്ബര്‍’ പറഞ്ഞാല്‍ പിന്നെ അല്ലാഹുവിന്റെ പരമോന്നത മഹത്ത്വം പര്യാലോചിക്കുന്നതില് നിമഗ്നരാവും. അതോടെ അവരുടെ മനോനഭസ്സില് ഒരു നെന്മണി കണക്കെ ഈ പ്രപഞ്ചം ചെറുതാകുന്നതാണ്. ആ നെന്മണിയെയും പിന്നെയവര്‍ വലിച്ചെറിയും. മനസ്സില്‍ രൂപപ്പെടുന്ന ഭൗതിക വിചാരങ്ങളും വികാരങ്ങളും ദുര്ചിന്തകളുമെല്ലാം നെന്മണിയുടെ സ്ഥാനം കവരുന്ന പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. അതുകൂടി വര്‍ജിച്ചാല്‍ പിന്നെ എങ്ങനെയാണ് ഈ ദാസന് പൈശാചിക കുതന്ത്രങ്ങള്‍ക്കു വശംവദനാവുക.
ഇമാം ഗസ്സാലിറ);പറുദീസ/14 എസ്എസ് ബുഖാരി