സമര്‍പ്പിത യൗവനം; സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ മലപ്പുറം ജില്ലയിലെ എടരിക്കോട് നടന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റേത് കേരള മുസ്ലിം ചരിത്രത്തിലെ ഏറ്റവും മികച്ച സംവിധാനമായിരുന്നു. സംഘടനാ പാടവം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും പുതിയൊരു സംഘടനാ സംസ്കാരവും ഈ സമ്മേളനം കാഴ്ച വെച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശ രാഷ്ര്ട്രങ്ങളില്‍ നിന്നുമായി ലക്ഷങ്ങള്‍ താജുല്‍ ഉലമാ നഗറിലേക്ക് ഒഴുകിയെത്തി.

വയനാട് ജില്ലയിലെ കല്‍പറ്റയില്‍ പ്രൗഢമായി സംഘടിപ്പിച്ച സമ്മേളന പ്രഖ്യാപന പരിപാടി തന്നെ അറുപതാം വാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായി വരാനിരിക്കുന്ന ബഹുമുഖ പദ്ധതികളുടെ സൂചനയായിരുന്നു. പ്രഖ്യാപന സമ്മേളനം ഇത്ര ജനകീയ വിജയമാണെങ്കില്‍ അറുപതാം വാര്‍ഷിക സമ്മേളനം എങ്ങനെയിരിക്കുമെന്ന ആവേശം തുടക്കത്തിലേ സുന്നി പ്രവര്‍ത്തകര്‍ക്കുണ്ടായി. പിന്നീട് സമ്മേളനം ഔദ്യോഗികമായി ആരംഭിക്കുന്നതുവരെ നടന്ന ജനകീയ പരിപാടികളും സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളും നാളിതുവരെ മറ്റൊരു യുവജന പ്രസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത രീതിയിലുള്ളതായിരുന്നു. ആതുര സേവന രംഗത്തെ സാന്ത്വനം പരിപാടികള്‍, കാര്‍ഷിക പദ്ധതികള്‍, ശുചീകരണ യജ്ഞങ്ങള്‍ തുടങ്ങിയവ ജനങ്ങള്‍ ഏറ്റെടുക്കുകയുണ്ടായി. ഒരു മതസംഘടനയുടെ പതിവു വാര്‍പ്പുരീതികള്‍ക്കപ്പുറം, സമൂഹത്തില്‍ നിരന്തരം ഇടപെടുന്ന ബഹുജന സംഘടനയുടെ ഏറ്റവും മികച്ച ഉദാഹരണമായി മാറി സുന്നി യുവജന സംഘം. താഴേ തട്ടിലുള്ള ജനങ്ങളുടെ ക്ഷേമകാര്യങ്ങളിലാണ് ഓരോ പദ്ധതിയും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ കേരളത്തിലെ ഓരോ മഹല്ലുകളിലും എസ് വൈ എസ് ആഴത്തില്‍ വേരുപിടിച്ചു. എന്തെങ്കിലും ചെയ്യുന്നുണ്ട് എന്ന് ഉപരിപ്ലവമായി കാണിക്കുന്ന പരമ്പരാഗത സംഘടനാ രീതികള്‍ കണ്ടുമടുത്ത ഗ്രാമീണജനങ്ങള്‍ എസ് വൈ എസ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ നേരിട്ടനുഭവിച്ചപ്പോള്‍ വലിയ മാറ്റങ്ങളാണ് ഓരോയിടത്തും ഉണ്ടായത്.

ദീര്‍ഘവീക്ഷണമുള്ള സംഘനേതൃത്വത്തിന്‍റെ തിളക്കമാര്‍ന്ന ചിന്തകളുടെയും അധ്വാനത്തിന്‍റെയും വിജയമായിരുന്നു അത്. അറുപതാം വാര്‍ഷിക സമാപന സമ്മേളനത്തിന്‍റെ സമഗ്രവിജയം ഇതില്‍ ഏറ്റവും തിളക്കമേറിയ അധ്യായമാണ്.

സമ്മേളനം തുടങ്ങുന്നതിന് തൊട്ടു മുമ്പുള്ള നാല് ദിനങ്ങള്‍ അവിസ്മരണീയമാണ്. യഥാര്‍ത്ഥത്തില്‍ സമ്മേളനത്തിന്‍റെ മുന്നൊരുക്കം എന്ന നിലയില്‍ സംഘടിപ്പിച്ച ചിലപരിപാടികള്‍ ജനങ്ങള്‍ ഏറ്റെടുത്ത് ശ്രദ്ധേയമാക്കുകയാണുണ്ടായത്. നഗരി കാണാന്‍ വരുന്ന ചെറുസംഘങ്ങള്‍ ആഴ്ചകള്‍ക്ക് മുന്‍പേ താജുല്‍ ഉലമാ നഗരി സന്ദര്‍ശനത്തിന് തുടക്കമിട്ടിരുന്നു. ഈ ചെറുസംഘങ്ങളും സന്ദര്‍ശകരും ചേര്‍ന്നാണ് സമ്മേളനത്തിന്‍റെ ഔദ്യോഗിക തുടക്കത്തിന് മുന്‍പ് തന്നെ ഫെബ്രുവരി 22 മുതല്‍ 25 വരെ നിറഞ്ഞ സദസ്സില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ താജുല്‍ ഉലമാ നഗരിയില്‍ സംഘടിപ്പിച്ചത്. ഫലത്തില്‍, കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത സംഘാടന മികവോടെ എട്ട് ദിവസത്തെ മഹാ സമ്മേളനമായി അറുപതാം വാര്‍ഷികം.

ഫെബ്രുവരി 22 ഞായറാഴ്ച വൈകീട്ട് ദിമശ്ഖ് കമേഴ്സ്യല്‍ ഫെയര്‍ ഉദ്ഘാടനം നടന്നു. പ്രമുഖ പ്രസാധകരുടെ വിവിധ ബുക്സ്റ്റാളുകളടക്കം വിവിധ വാണിജ്യ വസ്തുക്കളഉടെ സ്റ്റാളുകള്‍ ഫെയര്‍ സന്ദര്‍ശകര്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടായിരുന്നു. ശേഷം നടന്ന സാംസ്കാരിക സമ്മേളനം ‘മലപ്പുറത്തിന്‍റെ സ്നേഹ പൈതൃകം’ എന്ന വിഷയത്തിലായിരുന്നു. പ്രമുഖരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടി. നിറഞ്ഞ സദസ്സില്‍ നടന്ന സാംസ്കാരിക സമ്മേളനം വ്യത്യസ്തമായ പരിപാടിയായി. അന്നേ ദിവസം, സന്ധ്യക്ക് നടന്ന കലാവിരുന്ന് സര്‍ഗാത്മകതയുടെ സംഗമം കൂടിയായിരുന്നു. മാപ്പിളപ്പാട്ടിന്‍റെ സാംസ്കാരിക തനിമ റിയാലിറ്റിഷോകളിലും ചാനല്‍പ്രളയത്തിലും ഒലിച്ചുപോകുന്ന ഇക്കാലത്ത് പാരമ്പര്യമാപ്പിളപ്പാട്ടിന്‍റെ മാധുര്യവുമായാണ് കലാവിരുന്ന് നടന്നത്. ഇമ്പമാര്‍ന്ന ഗാനങ്ങള്‍ സദസ്യരുടെ മനംകവര്‍ന്നു.

തിങ്കളാഴ്ച എം എ ഉസ്താദ് അനുസ്മരണ പരിപാടിയായിരുന്നു മുഖ്യയിനം. സംഘനാ ചരിത്രത്തില്‍ ധൈഷണിക നേതൃത്വം നല്‍കി മുസ്ലിംകളെ മുന്നോട്ടു നയിച്ച പണ്ഡിതപ്രതിഭക്കുള്ള ആദരം. എം എ ഉസ്താദിന്‍റെ സംയുക്ത കൃതികള്‍ താജുല്‍ ഉലമ നഗറില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്കു മുന്‍പില്‍ അന്നേ ദിവസം പ്രകാശനം ചെയ്തു. ഫെബ്രുവരി 24 ചൊവ്വാഴ്ച ‘മാപ്പിളപ്പാട്ടിന്‍റെ പാരമ്പര്യം’ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. പ്രമുഖര്‍ സംസാരിച്ചു. ആവേശകരമായ ജനപങ്കാളിത്തം ഈ സെമിനാറിലുമുണ്ടായിരുന്നു. മാപ്പിളപ്പാട്ടിന്‍റെ പൈതൃകം നഷ്ടപ്പെടാന്‍ അനുവദിക്കരുതെന്നും യഥാര്‍ത്ഥ മാപ്പിളപ്പാട്ട് സംസ്കാരം നിലനിര്‍ത്താന്‍ ഇനിയും വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു നടന്നത് ‘ഇശല്‍ സന്ധ്യ’ മാപ്പിളപ്പാട്ടിന്‍റെ സ്വരമാധുരിയില്‍ ഗായകര്‍ പ്രേക്ഷകരെ കൈയിലെടുത്തു.

ബുധനാഴ്ച കൊടിമരജാഥാ സംഗമം നടന്നു. അറുപത് കൊടികള്‍ നാട്ടി താജുല്‍ ഉലമാ നഗരിയില്‍ മനോഹരമായ കാഴ്ചയൊരുക്കാന്‍ പ്രവര്‍ത്തകര്‍ക്കു സാധിച്ചു. ദേശീയപാതയിലൂടെ യാത്ര ചെയ്തവര്‍ ഈ കാഴ്ച കണ്ട് അത്ഭുതത്തോടെ സമ്മേളനവിശേഷങ്ങള്‍ അന്വേഷിച്ചറിഞ്ഞു. വൈകീട്ട് അഞ്ചിന് സൗഹൃദ സമ്മേളനം നടന്നു. കലുഷമായ സാമൂഹിക സാഹചര്യങ്ങള്‍ തലപൊക്കുന്ന കേരളീയ സാഹചര്യത്തില്‍ സൗഹാര്‍ദം നിലനിര്‍ത്തുന്നതിന്‍റെ മാര്‍ഗങ്ങളാണ് പ്രസ്തുത പരിപാടിയില്‍ ചര്‍ച്ചയായത്. പരസ്പരം അകലങ്ങളില്‍ കഴിയുന്ന മനുഷ്യരെ സ്നേഹത്തിന്‍റെ ഭാഷയില്‍ തുന്നിച്ചേര്‍ക്കാന്‍ ഈ പരിപാടി പ്രേരകമായി. രാഷ്ര്ട്രീയപ്രേരിത കൊലപാതകങ്ങളും വര്‍ഗീയ സംഘട്ടനങ്ങളും സമൂഹത്തെ കാര്‍ന്നു തിന്നുമ്പോഴും മതനേതൃത്വത്തിന്‍റെ ശക്തമായ ഇടപെടല്‍ മൂലം സമൂഹത്തില്‍ വേരൂന്നിയ സൗഹാര്‍ദ്ദാന്തരീക്ഷം ഏറെ ശ്രദ്ധേയമാണെന്നും സൗഹൃദസമ്മേളനം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് നടന്ന മതപ്രഭാഷണം പാരമ്പര്യ വഅ്ള് സംസ്കാരത്തിന്‍റെ വീണ്ടെടുപ്പ് കൂടിയായിരുന്നു.

ഫെബ്രുവരി 26 വ്യാഴാഴ്ചയാണ് സമ്മേളനം ഔദ്യോഗികമായി തുടങ്ങിയത്. രാവിലെ പത്തിന് ഉമര്‍ഖാളി സ്ക്വയറില്‍ നടന്ന എക്സിക്യൂട്ടീവ് മീറ്റ് സമ്മേളന മുന്നൊരുക്കങ്ങള്‍ തൃപ്തികരമാണെന്ന് ഉറപ്പു വരുത്തി. തുടര്‍ന്ന് മമ്പുറം തങ്ങള്‍ സ്ക്വയറില്‍ നടന്ന വളണ്ടിയര്‍ മീറ്റ് സമ്മേളത്തിനെത്തുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ നിയന്ത്രിക്കാനും നയിക്കാനുമുള്ള ആസൂത്രണത്തിന് അന്തിമ രൂപരേഖ തയ്യാറാക്കി. ആയിരക്കണക്കിന് വാഹനങ്ങള്‍ ട്രാഫിക് പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ ദേശീയ-സംസ്ഥാന പാതയിലൂടെ സുഖമായി കടന്നുപോയത് ഈ വളണ്ടിയര്‍ സംഘത്തിന്‍റെ നിരന്തര ജാഗ്രത മൂലമായിരുന്നു. സമ്മേളനാനന്തരം പൊതുസമൂഹം കൂടുതല്‍ പ്രശംസിച്ച കാര്യങ്ങളിലൊന്ന് മികച്ച വളണ്ടിയര്‍ സേവനം തന്നെ.

തുടര്‍ന്ന് ചരിത്രഭൂമികയെ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിപ്പിച്ചുകൊണ്ട് ഉച്ചക്ക് 2.30ന് സ്വഫ്വ റാലി ആരംഭിച്ചു. 25,000 പ്രവര്‍ത്തകര്‍ അണിനിരന്ന് മനോഹര ദൃശ്യവിരുന്നൊരുക്കി ഒരേ യൂണിഫോമില്‍ കൊടിപിടിച്ച് അച്ചടക്കത്തോടെ നീങ്ങിയ സ്വഫ്വ അംഗങ്ങള്‍ വൈകീട്ട് സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നു. എസ് വൈഎസ് അറുപതാം വാര്‍ഷികത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നായിരുന്നു സ്വഫ്വ റാലി. തുടര്‍ന്ന് പ്രൗഢമായ സദസ്സില്‍ ഉദ്ഘാടന സമ്മേളനം നടന്നു. വിദേശ പ്രതിനിധികള്‍ അടക്കം പ്രമുഖര്‍ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം മമ്പുറം തങ്ങള്‍ സ്ക്വയറില്‍ നടന്ന സ്വഫ്വ സമ്മേളനം വ്യത്യസ്തമായി.

മമ്പുറം തങ്ങള്‍ സ്ക്വയര്‍, ഉമര്‍ഖാളി സ്ക്വയര്‍, മഖ്ദൂം സ്ക്വയര്‍, ആലിമുസ്ലിയാര്‍ സ്ക്വയര്‍ എന്നിങ്ങനെയായിരുന്നു വേദികള്‍. ഒരേ സമയം വിവിധ വേദികളില്‍ പ്രൗഢമായ സെഷനുകള്‍ നടന്നു. ഓരോ വേദിയിലും നിറഞ്ഞ സദസ്സ്. സദസ്സില്‍ നിന്ന് മികച്ച പ്രതികരണമാണുണ്ടായതെന്ന് വിവിധ രാഷ്ട്രീയ, മത, വിദേശ പ്രഭാഷകര്‍ സംഘാടകരെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. ഇത്രയും അച്ചടക്കമുള്ള സദസ്സും വന്‍ ജനപങ്കാളിത്തം പല പ്രഭാഷകരുടെയും ജീവിതത്തിലെ ആദ്യാനുഭവമാണെന്നവര്‍ പങ്കുവെച്ചു.

വെള്ളിയാഴ്ച നടന്ന പ്രതിനിധി സമ്മേളനം വാര്‍ഷികത്തിന്‍റെ മുഖ്യ ഇനമായിരുന്നു. സ്ഥിരം പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗങ്ങള്‍ക്ക് തങ്ങളുടെ ജീവിതം തന്നെ മാറ്റിയെടുക്കാന്‍ പ്രാപ്തമായ അനുഭവസമ്പത്താണ് അറുപതാം വാര്‍ഷികം സമ്മാനിച്ചത്. അന്നേ ദിവസം സംഘടിപ്പിച്ച കടല്‍തൊഴിലാളി സമ്മേളനം വ്യത്യസ്തമായി. നാളിതുവരെ ഒരു യുവജന പ്രസ്ഥാനത്തിനും അഭിമുഖീകരിക്കാന്‍ കഴിയാതിരുന്ന കടല്‍ തൊഴിലാളികളുടെ നിരവധി പ്രശ്നങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് പരിഹാരം തേടാന്‍ പ്രസ്തുത പരിപാടിക്ക് സാധിച്ചു. കടലില്‍ പോയി ജോലി ചെയ്യുന്നവരുടെ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടായിരുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ പോലും ഇനിയും ശ്രദ്ധിച്ചിട്ടില്ലാത്ത വിഷയങ്ങളില്‍ എസ് വൈഎസ് ധീരമായി ഇടപെട്ടു. മത്സ്യത്തൊഴിലാളികളുടെ ജീവതത്തിലെ നവ്യാനുഭവമായിരുന്നു പ്രസ്തുത സെഷന്‍. അസ്വിറാതുല്‍ മുസ്തഖീം എന്ന പഠനസെഷന്‍ ഗഹനമായ ആധ്യാത്മിക ജീവിതം അപഗ്രഥനം ചെയ്തു. വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും അനുഷ്ഠിക്കേണ്ട ആധ്യാത്മികതയെക്കുറിച്ചും അതിന്‍റെ വിവിധ മേഖലകളെക്കുറിച്ചും സെഷന്‍ ചര്‍ച്ച ചെയ്തു.

സമ്മേളനത്തില്‍ ഏറെ ശ്രദ്ധേയവും ജനകീയവുമായ മറ്റൊരു പരിപാടിയായിരുന്നു ഉമര്‍ഖാളി സ്ക്വയറില്‍ നടന്ന അന്യസംസ്ഥാന തൊഴിലാളി സമ്മേളനം. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ ഇതില്‍ സജീവമായി പങ്കെടുത്തു. ഉര്‍ദു, ഹിന്ദി, ബംഗ്ല ഭാഷകളിലെ പ്രസംഗങ്ങള്‍ അവരുടെ ഹൃദയത്തില്‍ തട്ടുന്നതായിരുന്നു. അന്നം തേടിയെത്തിയ നാട്ടില്‍ മലയാളികളില്‍ നിന്നുള്ള പരിഗണനയില്‍ അവര്‍ ആവേശം കൊണ്ടു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്നു കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരത്തിനു ശ്രമിക്കുകയും ചെയ്ത് സമ്മേളനം പുതിയൊരു മാതൃക സൃഷ്ടിച്ചു. മതത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങള്‍ കേള്‍ക്കാനും ചിലതൊക്കെ ശീലിക്കാനും പാവപ്പെട്ട തൊഴിലാളികള്‍ക്ക് അവസരം ലഭിച്ചത് ചെറിയ കാര്യമല്ല. അവര്‍ അത് ശരിക്കുമാസ്വദിക്കുക തന്നെ ചെയ്തു. തുടര്‍ന്ന് മഖ്ദൂം സ്ക്വയറില്‍ ആധ്യാത്മിക സമ്മേളനം നടന്നു.

ശനിയാഴ്ച പുലര്‍ച്ചെ നടന്ന ‘സുഭാഷിതം’ പരിപാടിയിലൂടെയാണ് നഗരിയുണര്‍ന്നത്. പ്രധാന വേദിയില്‍ നടന്ന ‘പ്രസ്ഥാനം: ചരിത്രവഴികള്‍’ എന്ന സെഷന്‍ സംഘടനാ ചരിത്രത്തിന്‍റെ നാള്‍വഴികളിലേക്ക് വെളിച്ചം വീശി. ദേശീയ മുന്നേറ്റത്തിന്‍റെ ഭാഗമായി നടന്ന സംഘടനാ വളര്‍ച്ച വിശകലനം ചെയ്ത് എംഒഐ നാഷണല്‍ മീറ്റാണ് തുടര്‍ന്ന് നടന്നത്. മമ്പുറം തങ്ങള്‍ സ്ക്വയറില്‍ നടന്ന തൊഴിലാളി സമ്മേളനം, ഉമര്‍ഖാളി സ്ക്വയറില്‍ നടന്ന കര്‍ഷക സമ്മേളനം എന്നിവയും ജനശ്രദ്ധ പിടിച്ചുപറ്റി.

സമകാലിക ഇന്ത്യയിലെ മാധ്യമ ഇടപെടലുകള്‍ എന്ന വിഷയത്തില്‍ നടന്ന മാധ്യമ സെമിനാര്‍ മികച്ച പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. ഉണര്‍വിന്‍റെ യൗവനം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍, സ്ഥാപന മേധാവികളുടെ സമ്മേളനം, സാന്ത്വനം ക്ലബ്ബ് കോണ്‍ഫറന്‍സ് എന്നിവയും മികച്ചുനിന്നു. വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഇസ്ലാമിനെക്കുറിച്ചും മുസ്ലിംകളെക്കുറിച്ചും സംസാരിച്ച പ്രൗഢമായ സെഷനായിരുന്നു ‘എന്‍റെ ഇസ്ലാം അനുഭവങ്ങള്‍.’ ദേശീയോദ്ഗ്രഥന സമ്മേളനം നടന്നത് ‘മതേതരത്വവും ഇന്ത്യന്‍ ജനാധിപത്യവും’ എന്ന പ്രമേയത്തിലായിരുന്നു. സ്കൂള്‍ ഓഫ് ഖുര്‍ആന്‍ സംഗമം, സ്നേഹകീര്‍ത്തനം എന്നിവയും അതേ ദിവസം നടന്നു.

സമാപന ദിവസം ‘വഴിവിളക്ക്’ പരിപാടിയോടെ താജുല്‍ ഉലമ നഗര്‍ സജീവമായി. ദഅ്വ കോണ്‍ഫറന്‍സ്, പ്രൊഫഷണല്‍ കോണ്‍ഫറന്‍സ്, വ്യാപാരി വ്യവസായി സമ്മേളനം എന്നിവ സമയബന്ധിതമായി നടന്നു. വിദേശ രാഷ്ട്രങ്ങളില്‍ തുല്യതയില്ലാത്ത സംഘടനാ പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ഐസിഎഫ് പ്രതിനിധികളുടെ സമ്മേളനം ‘ഐസിഎഫ് കമ്മ്യൂണ്‍’ ശ്രദ്ധേയമായി. വിഷന്‍ 2015 അടുത്ത പത്തുവര്‍ഷത്തേക്കുള്ള സംഘടനാ പദ്ധതി അവതരിപ്പിച്ചു. കാമ്പസ് സമ്മിറ്റ്, ദേശാന്തരീയ വര്‍ത്തമാനം, മെസേജ് എന്നിവക്കു ശേഷമാണ് സമ്മേളനം സമാപന മഹാ സംഗമത്തിലേക്കെത്തിയത്.

സമാപന സമ്മേളനത്തെ വിശേഷിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളില്ല. അത്ര മനോഹരം. ഗംഭീരം. ലക്ഷങ്ങള്‍ ഒഴുകിയെത്തിയ പ്രൗഢമായ സമ്മേളന സമാപനം കേരള മുസ്ലിം ചരിത്രത്തിലെ ഏറ്റവും മികച്ച അധ്യായമാണ്.

യാസര്‍ അറഫാത്ത് നൂറാനി

 

 

ദൗത്യം പൂര്‍ത്തിയാക്കി അന്ത്യയാത്ര24

എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം കൃത്യതയോടെ പ്രക്ഷേപണം ചെയ്തത് ഇസ്ലാമിക് മീഡിയാ മിഷന്‍ എന്ന എസ് വൈ എസിന്‍റെ ഔദ്യോഗിക ഓണ്‍ലൈന്‍ ചാനലാണ്. സമ്മേളന ദിവസം കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്തതോടെ പ്രക്ഷേപണത്തിന് തുടക്കമായത്. ചാനലിന് ഓണ്‍ലൈന്‍ ക്ലാസ്റൂം, റേഡിയോ സംവിധാനങ്ങളുമുണ്ട്. ഇതിന്‍റെ മുഖ്യ ചാലക ശക്തിയും കോ-ഓര്‍ഡിനേറ്ററുമായിരുന്നു ആബിദ് അലി അരീക്കോട്. ചെറുപ്പത്തിലേ സംഘടനാ രംഗത്ത് കര്‍മനിരതനാണ് സ്വകാര്യ സ്ഥാപനത്തില്‍ അധ്യാപകന്‍ കൂടിയായ അദ്ദേഹം. സമാപന സമ്മേളനം കഴിഞ്ഞ് രാത്രി വീട്ടിലേക്കു തിരിച്ചു പോവുമ്പോള്‍ മഞ്ചേരി നെല്ലിപ്പറമ്പിന് സമീപം ബൈക്ക് അപകടത്തില്‍ ആബിദ് യാത്രയായി. ചുരുങ്ങിയ ജീവിത കാലത്തിനിടയില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് ഏറെ സേവനങ്ങള്‍ ചെയ്ത അദ്ദേഹം രണ്ടു പിഞ്ചു പൈതലുകളെ അനാഥരാക്കിയാണ് വിടപറഞ്ഞത്. അല്ലാഹു ആ ഖബര്‍ സ്വര്‍ഗമാക്കട്ടെ.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ