അല്ലാഹുവിന്റെ ആജ്ഞ പാലിച്ച് സ്വീകാര്യമായ വ്രതം പൂര്‍ത്തിയാക്കിയവര്‍ക്ക് ആഹ്ലാദപൂര്‍വം പെരുന്നാള്‍ ആഘോഷിക്കാം. വ്രതനാളുകളില്‍ അനുഭവിച്ച തീക്ഷ്ണമായ ത്യാഗത്തിന് പരിസമാപ്തി കുറിക്കുന്നത് ആഹ്ലാദ പ്രകടനത്തോടെയാവട്ടെയെന്ന് അല്ലാഹു നിശ്ചയിച്ചു. റമളാന്‍ മുപ്പത് പൂര്‍ത്തിയാവുകയോ 29-ന് ശവ്വാല്‍ മാസപ്പിറവി കാണുകയോ ചെയ്താല്‍ പെരുന്നാളായി. റമളാന്‍ മാസപ്പിറവിയെ പോലെതന്നെ ഇവിടെയും നഗ്നനേത്രങ്ങള്‍ കൊണ്ട് പിറവി കാണുകതന്നെ വേണം. കണക്കുകൊണ്ടുള്ള കസര്‍ത്ത് പോരാ. പല സ്ഥലങ്ങളില്‍ പല ദിവസങ്ങളിലായി പെരുന്നാള്‍ ആഘോഷിക്കുന്നത് തെറ്റല്ല.

പെരുന്നാള്‍ സ്ഥിരപ്പെട്ടത് മുതല്‍ തക്ബീര്‍ മുഴങ്ങണം. ഇസ്‌ലാമിന്റെ ഈ പാരമ്പര്യം ഇന്ന് വേണ്ടത്ര സജീവമാകുന്നില്ല. പള്ളികളില്‍ നിന്ന് മാത്രമാണിന്ന് അല്ലാഹു അക്ബറിന്റെ അമരധ്വനി മുഴങ്ങുന്നത്. ഇതില്‍ മാറ്റം വരണം. വഴികള്‍, ടൗണുകള്‍, വീടുകള്‍, പള്ളികള്‍ തുടങ്ങി നാടും നഗരവും തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാവണം. ഇത് മഹത്തായ സുന്നത്തും ഇസ്‌ലാമിക സംസ്കാരത്തിന്റെ ഉല്‍ഘോഷവുമാണ്. ഈ തക്ബീര്‍ പെരുന്നാള്‍ നിസ്കാരം ആരംഭിക്കുന്നതുവരെ വേണം.

പെരുന്നാള്‍ നിസ്കാരം

സുന്നത്ത് നിസ്കാരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ് പെരുന്നാള്‍ നിസ്കാരം. നബി(സ്വ) ജമാഅത്തായി പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ച് ഇസ്‌ലാമിന്റെ പ്രത്യക്ഷ ചിഹ്നമായി കാണിച്ചുതന്നതു ഹദീസിലുണ്ട്. ജമാഅത്തില്ലാതെയും യാത്രക്കാരനുമെല്ലാം പെരുന്നാള്‍ നിസ്കാരം സുന്നത്തുണ്ട്. അബൂസഈദ്(റ) നിവേദനം: രണ്ടു പെരുന്നാളുകള്‍ക്കും നബി(സ്വ) നിസ്കാര സ്ഥലത്തെത്തിയാല്‍ ആദ്യം നിസ്കാരം നിര്‍വഹിക്കും. ശേഷം ജനങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞ് ഖുതുബ നിര്‍വഹിക്കും (ബുഖാരി, മുസ്ലിം).

ഇബ്നു ഉമര്‍(റ)ല്‍ നിന്ന്: നബി(സ്വ)യും അബൂബക്കര്‍(റ), ഉമര്‍(റ)വും ഖുതുബക്ക് മുമ്പാണ് രണ്ടു പെരുന്നാള്‍ നിസ്കാരവും നിര്‍വഹിച്ചിരുന്നത് (ബുഖാരി, മുസ്ലിം). ജാബിര്‍(റ)ല്‍ നിന്ന്: നബിയോടൊന്നിച്ച് പല പ്രാവശ്യം ഞാന്‍ പെരുന്നാള്‍ നിസ്കരിച്ചിട്ടുണ്ട്. അതിലൊന്നും വാങ്കും ഇഖാമത്തും ഉണ്ടായിരുന്നില്ല (മുസ്ലിം).

സൂര്യനുദിച്ചതു മുതല്‍ മധ്യത്തിലെത്തുന്നതു വരെയാണ് പെരുന്നാള്‍ നിസ്കാര സമയം. പെരുന്നാള്‍ നിസ്കാരം രണ്ടു റക്അത്താണ്. ജമാഅത്തായിട്ടാണെങ്കില്‍ ഇമാമിനോട് കൂടെ എന്നു കരുതണം. സുന്നത്തായ ചെറിയ പെരുന്നാള്‍ നിസ്കാരം ഞാന്‍ നിസ്കരിക്കുന്നു എന്നാണ് നിയ്യത്ത് ചെയ്യേണ്ടത്. തക്ബീറതുല്‍ ഇഹ്റാമിനും വജ്ജഹ്തുവിനും ശേഷം ഫാതിഹക്കു മുമ്പായി ഒന്നാം റക്അത്തില്‍ ഏഴും രണ്ടാം റക്അത്തില്‍ അഞ്ചും തക്ബീറുകള്‍ ചൊല്ലണം. നബി(സ്വ) അങ്ങനെയാണ് ചൊല്ലിയിരുന്നതെന്ന് തുര്‍മുദി(റ)യുടെ റിപ്പോര്‍ട്ടിലുണ്ട്. ഓരോ തക്ബീറുകള്‍ക്കിടയിലും കുറച്ച് സമയം നില്‍ക്കണം. അപ്പോള്‍ സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ എന്ന് ചൊല്ലലാണ് ഉത്തമം. സൂറത്തുല്‍ കഹ്ഫില്‍ പരാമര്‍ശിച്ച അല്‍ബാഖിയാതുസ്വാലിഹാത് (ശാശ്വത സല്‍കര്‍മം) മേല്‍ ദിക്റാണെന്നാണ് ഇബ്നുഅബ്ബാസ്(റ)ന്റെ അഭിപ്രായം. ഒന്നാം റക്അത്തിലെ ഫാതിഹക്ക് ശേഷം സൂറത്തുല്‍ ഖാഫും രണ്ടാം റക്അത്തില്‍ ഇഖ്തരിബതിസാഅ എന്ന സൂറത്തും ഓതല്‍ സുന്നത്തുണ്ട്. അബൂവാഖിദില്ലൈസി(റ)ല്‍ നിന്ന് ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസില്‍ നബി(സ്വ) ഇങ്ങനെ ചെയ്തിരുന്നതായി കാണാം. നുഅ്മാനുബ്നു ബശീര്‍(റ)ല്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ ഒന്നാം റക്അത്തില്‍ സബ്ബിഹിസ്മയും രണ്ടാം റക്അത്തില്‍ ഹല്‍അതാകയും നബി(സ്വ) ഓതിയിരുന്നതായി വന്നിട്ടുണ്ട്.

പെരുന്നാള്‍ നിസ്കാരത്തിലെ തക്ബീറുകള്‍ നിര്‍ബന്ധമോ മറന്നുപോയാല്‍ പരിഹരിക്കേണ്ടതോ അല്ല. മറന്നു നേരെ ഫാതിഹയിലേക്ക് കടന്നാല്‍ തക്ബീറുകളുടെ അവസരം നഷ്ടപ്പെടുന്നതാണ്.

ആഘോഷം

റമളാന്റെ ആത്മീയ ദിനങ്ങളില്‍ കഠിനമായധ്വാനിച്ച് സ്ഫുടം ചെയ്ത മനസ്സുമായാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. അന്ന് നോമ്പനുഷ്ഠിക്കല്‍ നിഷിദ്ധമാണ്. തിന്നും കുടിച്ചും ഉല്ലസിച്ചും മതം വിലക്കാത്ത തമാശകള്‍ ആസ്വദിച്ചും പെരുന്നാള്‍ ആഘോഷിക്കാം. അതും മഹത്തായ ആരാധനയാണ്. നിറഞ്ഞ മനസ്സിന്റെ നിറഞ്ഞ ആഘോഷം. ചെറിയ പെണ്‍കുട്ടികള്‍ ദഫ് മുട്ടി പാട്ടുപാടുമ്പോള്‍ കയറിവന്ന തിരുമേനിയെ കണ്ട് അബൂബക്കര്‍(റ) അവരെ തടഞ്ഞു. ഇതുകണ്ട നബി(സ്വ) പറഞ്ഞു: വേണ്ട, തടയേണ്ട. അവര്‍ പാടട്ടെ. ഇന്ന് നമ്മുടെ പെരുന്നാളല്ലേ… (ബുഖാരി, മുസ്ലിം).

കുടുംബ സന്ദര്‍ശനവും സ്വദഖയും സന്തോഷ കൈമാറ്റവുമാണ് പെരുന്നാള്‍ ദിനത്തില്‍ ശ്രദ്ധിക്കേണ്ട മറ്റു പ്രധാന ആരാധനകള്‍. അകന്ന മനസ്സുകളെ ഒന്നിപ്പിക്കാനും അടുത്ത് നില്‍ക്കുന്നവരില്‍ ബന്ധം ശക്തമാവാനും പെരുന്നാള്‍ ഉപകാരപ്പെടണം. കുടുംബ ബന്ധങ്ങളിലെ തുന്നിച്ചേര്‍ക്കലിന് വലിയ പുണ്യമുണ്ട്. വിശാല മനസ്സുള്ളവര്‍ക്ക് മറക്കാനും വെറുക്കാനും കഴിയും. പെരുന്നാല്‍ സന്ദര്‍ശനങ്ങള്‍ അതിന് ഏറ്റവും ഉചിതമാണ്.

ഏറെ മഹത്ത്വമുള്ള പെരുന്നാള്‍ ദിനത്തെ നിഷിദ്ധങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നവര്‍ സമൂഹത്തില്‍ വര്‍ധിക്കുകയാണ്. ഒരു മാസം നേടിയെടുത്ത എല്ലാ വിശുദ്ധിയും ക്ഷണനേരം കൊണ്ട് തരിപ്പണമാക്കുന്ന സംസ്കാരം ഇസ്‌ലാമിന്‍റേതല്ല. അത്തരം ആഘോഷക്കാര്‍ക്ക് ഇസ്‌ലാമുമായി ബന്ധവുമില്ല. അന്യസഹോദരങ്ങള്‍ കൂടി അതിശയത്തോടെ മുസ്ലിമിന്റെ ആഘോഷങ്ങളെ കാണേണ്ട അവസ്ഥകള്‍ ഒരിക്കലും നാം സൃഷ്ടിച്ചുകൂടാ. മറിച്ച് എല്ലാവര്‍ക്കും മാതൃകയാവുകയാണ് വേണ്ടത്.ചരി

ഫിത്വ്ര് സകാത്ത്

ശവ്വാല്‍ ആരംഭത്തോടെയാണ് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. മാസപ്പിറവിക്ക് ഒരു നിമിഷം മുമ്പ് ജനിച്ച കുട്ടിക്ക് പോലും ഫിത്വ്ര്‍ സകാത്ത് കൊടുക്കണം. ഒരു നിമിഷമെങ്കിലും മുമ്പ് മരിച്ചയാള്‍ക്ക് കൊടുക്കേണ്ട. മരിച്ചത് മാസപ്പിറവിയുടെ ഉടനെയാണെങ്കിലും കൊടുക്കണം.

ധനത്തിന്റെ സകാത്തിന് അര്‍ഹരായി നിശ്ചയിക്കപ്പെട്ട എട്ടു വിഭാഗമാണ് ഫിത്വ്റിന്റെയും അവകാശികള്‍. സമൂഹത്തിന്റെ താഴെക്കിടയിലുള്ള മുഴുവനാളുകളും ഈ എട്ട് വിഭാഗങ്ങളുടെ പട്ടികയില്‍ വരും. അതേ സമയം ധനത്തിന്റെ സകാത്തിനെ അപേക്ഷിച്ച് വളരെ ഉദാരമായ മാനദണ്ഡമാണ് ഫിത്വ്ര്‍ സകാത്തിന്റെ കാര്യത്തില്‍ നിശ്ചയിച്ചിട്ടുള്ളത്. ധനത്തിന്റെ സകാത്ത് കണക്ക് പ്രകാരം വേര്‍തിരിച്ച് നല്‍കുമ്പോള്‍ അതിന്റെ ആശ്വാസം കിട്ടുന്നവര്‍ കുറവായിരിക്കും. എന്നാല്‍ സമൂഹത്തിലെ ഇടത്തരക്കാരെയും അതിനു താഴെയുള്ളവരെയും ബാധിക്കുന്ന തരത്തിലാണ് ഫിത്വ്ര്‍ സകാത്തിന്റെ മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. പെരുന്നാള്‍ രാവിലും പകലിലും ഒരു വ്യക്തിക്കും അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കും ആവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ കഴിഞ്ഞ് വല്ലതും ബാക്കിയുണ്ടെങ്കില്‍ അതില്‍ നിന്ന് ഫിത്വ്ര്‍ സകാത്ത് നല്‍കണം. സമ്പത്തിന്റെ കണക്കല്ല ഫിത്വ്ര്‍ സകാത്തിന്റെ അടിസ്ഥാനം. തന്റെ പരിരക്ഷയില്‍ വരുന്ന ആശ്രിതരുടെ ഒരു ദിവസത്തെ ചെലവിന്റെ കണക്കാണ്.

നോമ്പ് നിര്‍ബന്ധമായ ഹിജ്റ രണ്ടാം വര്‍ഷം തന്നെയാണ് ഫിത്വ്ര്‍ സകാത്തും നിര്‍ബന്ധമായത്. ധനത്തിന്റെ സകാത്ത് പിന്നീടാണ് നിര്‍ബന്ധമാവുന്നത്. ഇബ്നു ഉമര്‍(റ)ല്‍ നിന്ന് റിപ്പോര്‍ട്ട്: ‘ഒരു സ്വാഅ് കാരക്ക, അല്ലെങ്കില്‍ ഒരു സ്വാഅ് ഗോതമ്പ് ഫിത്വ്ര്‍ സകാത്ത് നല്‍കാന്‍ നബി(സ്വ) നിര്‍ബന്ധമായി കല്‍പ്പിച്ചിരുന്നു.’

ഇബ്നു അബ്ബാസ്(റ)ല്‍ നിന്ന്: നബി(സ്വ) ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു. അനാവശ്യ കാര്യങ്ങളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും നോമ്പുകാരന് ശുദ്ധിയാണ് ഫിത്വ്ര്‍ സകാത്ത്. അതോടൊപ്പം അഗതികള്‍ക്ക് ആഹാരവും. പെരുന്നാള്‍ നിസ്കാരത്തിന് മുമ്പ് നിര്‍വഹിച്ചാല്‍ അത് സ്വീകരിക്കപ്പെട്ട ആരാധനയായി. നിസ്കാര ശേഷം നിര്‍വഹിച്ചാല്‍ അതൊരു ദാനമായി.

‘ഈ ദിവസം ആഹാരത്തിനു വേണ്ടി പാവപ്പെട്ടവര്‍ ചുറ്റിക്കറങ്ങേണ്ട അവസരം ഇല്ലാതെയാക്കുക’ (ദാറുഖുത്നി).

നാട്ടിലെ മുഖ്യ ആഹാരമാണ് ഫിത്വ്ര്‍ സകാത്ത് നല്‍കേണ്ടത്. ഒരു സ്വാഅ് ഏതാണ്ട് 3.200 ലിറ്റര്‍ വരും. തൂക്കമനുസരിച്ച് 2.600/2.800 കിലോഗ്രാമും. അതാണ് നല്‍കേണ്ട വിഹിതം. ഫിത്വ്ര്‍ സകാത്ത് ധാന്യമായി തന്നെ നല്‍കണം. വില നല്‍കിയാല്‍ പോരാ എന്നാണ് ഭൂരിപക്ഷം പണ്ഡിതരുടെയും വീക്ഷണം. ഫിത്വ്ര്‍ സകാത്ത് സംബന്ധമായി വന്ന ഹദീസുകളെല്ലാം ഭക്ഷ്യവസ്തുക്കളെയാണ് പരാമര്‍ശിക്കുന്നത്. ഇമാം മാലിക്, അഹ്മദ്ബ്നു ഹമ്പല്‍(റ) തുടങ്ങിയവര്‍ ഹദീസില്‍ പറഞ്ഞ നിശ്ചിത ഭക്ഷപദാര്‍ത്ഥങ്ങള്‍ തന്നെ നല്‍കണമെന്ന് പറയുമ്പോള്‍ ഇമാം ശാഫിഈ(റ) മുഖ്യ ആഹാരം നല്‍കണമെന്ന് അഭിപ്രായപ്പെടുന്നു.

പെരുന്നാള്‍ നിസ്കാരത്തിന് മുമ്പ് ഫിത്വ്ര്‍ സകാത്ത് കൊടുത്തുവീട്ടണം. അസ്തമയത്തിന് മുമ്പ് വീട്ടല്‍ നിര്‍ബന്ധമാണ്. പെരുന്നാള്‍ ദിവസത്തില്‍ വീട്ടാതിരിക്കല്‍ ഹറാമാണ്.

ഫിത്വ്ര്‍ സകാത്തോ ധനത്തിന്റെ സകാത്തോ കമ്മിറ്റിക്ക് വാങ്ങാന്‍ അധികാരമില്ല. കമ്മിറ്റിക്ക് നല്‍കിയാല്‍ സകാത്ത് വീടുകയുമില്ല. ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന്റെ വിധിയും ഇതുതന്നെ. വിശ്വസ്തനായ ഒരാളെ സകാത്ത് വിതരണത്തിന് വക്കാലത്താക്കുന്നതിന് വിരോധമില്ല. വക്കാലത്താക്കുമ്പോള്‍ അക്കാര്യം നിയ്യത്ത് ചെയ്യല്‍ വക്കീലിന് നിര്‍ബന്ധമാണ്. പ്രത്യേക കക്ഷിക്ക് കൊടുക്കാന്‍ ഏല്‍പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തന്നെ നല്‍കാന്‍ വക്കീല്‍ ബാധ്യസ്ഥനാണ്.

അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ