രണ്ടുമൂന്ന് വർഷങ്ങൾക്ക് മുമ്പ് നാട്ടിലെ ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന കാലം. നോമ്പിന്റെ അവസാന നാളുകളിൽ നാടിനടുത്തുള്ള വളരെ പാവപ്പെട്ട കുടുംബങ്ങളിലേക്ക് ‘പെരുന്നാൾ കിറ്റ്’ എന്ന പേരിൽ അൽപം ഭക്ഷ്യവസ്തുക്കളും കുട്ടികൾക്കുള്ള ഉടുപ്പും മധുരവും വിതരണം ചെയ്യാനിറങ്ങിയതായിരുന്നു ഞങ്ങൾ. റോഡിൽ നിന്നു മാറി വയലിനക്കരെ പുഴയോരത്തുള്ള വീടാണ് ലക്ഷ്യം. മഴക്കാലത്ത് പുഴ നിറഞ്ഞുകവിയുമ്പോൾ വെള്ളം കയറുന്നതുകൊണ്ടുതന്നെ ആ കരയിലെ താമസക്കാരുടെ എണ്ണം ഓരോ വർഷവും കുറഞ്ഞുവന്നു. ഇപ്പോൾ ഈ വീടു മാത്രമേ അവിടെയുള്ളൂ. ഭർത്താവു മരിച്ച ഉമ്മയും കെട്ടിച്ചയച്ച വീട്ടിൽ സ്ഥലപരിമിതിയുള്ളതിനാൽ ഉമ്മയോടൊപ്പം താമസമാക്കിയ മകളുമാണ് ആ വീട്ടിലെ താമസക്കാർ. മകൾക്ക് 7 വയസ്സുള്ളൊരു കുട്ടിയുമുണ്ട്. കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളായി ഇതേ ദിവസങ്ങളിൽ ഇത്തരം ചെറിയ സഹായ ഹസ്തവുമായി എത്താറുള്ളത് കൊണ്ടാവണം ഞങ്ങൾ വരമ്പുകയറിച്ചെന്ന ഉടനെത്തന്നെ ‘ഹാ, നിങ്ങളായിരുന്നല്ലേ, ഈ നേരത്ത് വര്ണത് കണ്ടപ്പോ തന്നെ നിങ്ങളായിരിക്കുംന്ന് ഊഹിച്ചു’ എന്നു പറഞ്ഞു ആ ഉമ്മ. രാത്രിസമയത്ത് പാടവരമ്പിലൂടെ ടോർച്ചടിച്ച് അധികമാരും ഈ കരയിലേക്ക് വരാറില്ലാത്തതു കൊണ്ടാവണം സമയവും കാലവും ഓർത്തുവെച്ച് വീട്ടുകാരി ഞങ്ങളെ മനസ്സിലാക്കിയത്.
ചെറിയ കിറ്റ് കൊടുത്തേൽപ്പിച്ച് കുട്ടിക്ക് കുറച്ച് മിഠായിയും സമ്മാനിച്ച് പോരാനൊരുങ്ങുമ്പോൾ ആ ഉമ്മ പിറകിൽ നിന്ന് വിളിച്ചു. ‘നിങ്ങൾക്ക് ഇനീം കുറേ പെരേല് പോകാനുണ്ടോ’
അഞ്ചെട്ട് സ്ഥലത്ത് പോവാനുണ്ടെന്ന് ഞങ്ങൾ.
‘എന്നാ നിങ്ങള് നാളെ പകലൊന്ന് വരോ, ദാ, ആ കാണുന്ന മൂച്ചിമ്മല്(മാവിന്മേൽ) കൊറേ വെള്ള മൂവ്വാണ്ടൻ ചെനച്ച് നിൽക്ക്ണ്ട്, ഞങ്ങൾ എടക്ക് തോട്ട്യോണ്ട് പറിക്കല്ണ്ട്. ഇനീം കൊറേ ണ്ട് അതിന്മേൽ. നിങ്ങൾ നാളെ വന്ന് പറിച്ചോളീം, ന്നാ ഇനി പോണ പെരേൽക്കൊക്കെ ന്റെ വക ഒരു കീസ് മാങ്ങേം കൂടെ കൊടക്കാലോ, ഇവിടെ പറിക്കാൻ ആളില്ലാണ്ട് ചെലപ്പോ അത് വെർതെ വീണു പോകും, നാളെയോ മറ്റന്നാളോ കഴിഞ്ഞാ പെര്ന്നാളായീലേ, അപ്പോത്തിന് ആ പെരക്കാർക്കൊക്കെ അത് തിന്നാലോ’- വീടിന് അടുത്തുള്ള, ഏറെ വലുതല്ലാത്ത മാവ് ചൂണ്ടി അവർ പറഞ്ഞു.
നാളെ വരാമെന്നു പറഞ്ഞു നടക്കുമ്പോൾ ആ ഉമ്മ പറഞ്ഞ ‘എന്റെ വക ഒരു കീസ് മാങ്ങ’ എന്ന വാക്കുകൾ എന്തുകൊണ്ടോ മനസ്സിൽ പലവട്ടം മുഴങ്ങി. എത്ര ഇല്ലായ്മയിൽ കഴിയുമ്പോഴും പരിഭവങ്ങളുടെ ആഴത്തിലാണ് ആ കുടുംബമെന്ന് വീടും ചുറ്റുപാടും അവരുടെ വേഷവിധാനവും പറയുമ്പോഴും ഉള്ളത് പകുത്തുനൽകാൻ കാണിക്കുന്ന ആവേശവും സന്തോഷവും വല്ലാതെ സ്പർശിച്ചു. നാഥൻ തനിക്കേകിയത് മറ്റുള്ളവർക്കു കൂടി പങ്കുവെക്കാനുള്ളതാണെന്ന വലിയ പാഠം ആവോളമുണ്ടായിരുന്നു ആ വാക്കിൽ. പിറ്റേ ദിവസം വന്ന് മാങ്ങ പറിക്കുമ്പോൾ നോമ്പും പെരുന്നാളും സമ്മാനിക്കുന്ന സാമൂഹിക ഐക്യത്തെയും ക്ഷേമത്തെയും കുറിച്ച് തന്റേതായ ഭാഷയിൽ പറഞ്ഞുകൊണ്ടേയിരുന്നു അവർ.
കൂടെയുണ്ട് സമൂഹം
‘ഏറ്റോം നല്ല നെലേൽ കുട്ട്യോൾക്ക് വല്ലതും കൊടുക്കാൻ പറ്റുന്നത് എപ്പോഴാണെന്നോ, അതീ നോമ്പിനും പെരുന്നാൾക്കും ഒക്കെ ആണ്. എല്ലാരും നമ്മളെ തിരിഞ്ഞ് നോക്ക്ണ കാലാണിത്. ഇപ്രാവശ്യൊക്കെ കൊറേ സഹായം കിട്ടി. ഇവരെ ഉപ്പ മരിച്ച ശേഷം അന്നമുണ്ടാക്കാൻ ഞാൻ എങ്ങോട്ടേലും ഒക്കെ തെണ്ടിത്തിരിഞ്ഞ് പോവലായിരുന്നു. ഇപ്പൊ അത് വേണ്ട, നോമ്പും പെരുന്നാളും ഒക്കെ ആയാ കൊറേ ആൾക്കാർ ഇങ്ങോട്ട് കൊടുന്ന് തരും. നമ്മുടെ ആൾക്കാരൊക്കെ ഇപ്പൊ നല്ലോം മാറി. പഴേ കാലത്ത് കൊടുക്കാത്തോരൊക്കെ ഇപ്പൊ കൊടുക്കുന്നുണ്ട്. അതുകൊണ്ട് എന്നെ പോലെ നയിക്കാൻ ആരും ഇല്ലാത്തോർക്ക് വല്യ സഹായാണത്. ഇനിപ്പോ പെരുന്നാൾ കഴിഞ്ഞാലും കുറച്ച് കാലത്തേക്ക് ബാക്കിണ്ടാവും ഈ കിട്ടിയതിൽ. നല്ല ഭാഗ്യാ ഇതൊക്കെ, പടച്ചോൻ കണ്ടറിഞ്ഞ് തരാന്നാ തോന്നുന്നേ…’ തനിക്ക് ചുറ്റുപാടിൽ നിന്നും ലഭിക്കുന്ന സൗഭാഗ്യങ്ങളെ കുറിച്ച് അവർ വാചാലയായി.
ആരുമില്ലാത്തവരിലും സ്വയം അധ്വാനിച്ചുണ്ടാക്കാൻ കഴിയാത്തവരിലും ഒറ്റക്കല്ലെന്ന, സമൂഹം കൂടെയുണ്ടെന്ന തോന്നലുണ്ടാവാൻ നോമ്പ് കാലത്ത് നമ്മുടെ നാടുകളിൽ വ്യാപകമാവുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. പല വിധത്തിലുള്ള കിറ്റ് വിതരണവും മറ്റും ഇത്ര വ്യാപകമായിട്ട് അധിക നാളൊന്നും ആയിട്ടില്ലെങ്കിലും അത് സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരിൽ ഉണ്ടാക്കിയ ആശ്വാസം ചെറുതല്ല. ഒരു വർഷം വല്ലയിടത്തുനിന്നും എന്തെങ്കിലും കിട്ടിയാൽ വരുംവർഷവും ലഭിച്ചേക്കുമെന്ന ശുഭാപ്തി വിശ്വാസം അവരിലുണ്ടാവാൻ കാരണവും അതവർക്ക് നൽകുന്ന ആശ്വാസം അത്ര തീവ്രമായതിനാലാണ്. കുടുംബനാഥൻ മരണപ്പെടുകയും കുട്ടികൾ അനാഥരാവുകയും ചെയ്താൽ ‘അവരെ, അവരുടെ ആൾക്കാർ നോക്കുമല്ലോ’ എന്ന് ഇതര സമുദായങ്ങൾ അടക്കം പറയുന്നതും ചേർത്തുപിടിക്കാനുള്ള മനസ്സ് നമ്മുടെ ഇടയിൽ ഏറെയുള്ളതുകൊണ്ടാണ്.
ചുറ്റുമുള്ളവരെ കണ്ടറിയാനും ഇല്ലാത്തവരിലേക്ക് സാധിക്കുന്നത് എത്തിക്കാനും കൂടെയുണ്ടെന്ന പ്രതീക്ഷ സമ്മാനിക്കാനും നമുക്കിനിയും സാധിക്കേണ്ടതുണ്ട്. വീടിന്റെ വലുപ്പത്തിലോ അംഗങ്ങളുടെ എണ്ണത്തിലോ അല്ല കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം എന്നറിഞ്ഞ് ചുറ്റുപാട് മനസ്സിലാക്കി ഓരോരുത്തരും ഇടപെട്ടാൽ ഇല്ലായ്മ ഭയക്കാതെ കുറച്ചുകാലമെങ്കിലും മുന്നോട്ട് പോവാൻ ഇത്തരം കുടുംബങ്ങൾക്ക് സാധിച്ചേക്കും. ആരുടേയും കണ്ണെത്താത്ത ഇടങ്ങളും ആരെങ്കിലും വല്ല സഹായവുമായി വരാതിരിക്കില്ല എന്ന മനസ്സോടെയുള്ളവരും ഇനിയും നമ്മുടെ ചുറ്റുഭാഗങ്ങളിൽ കാത്തിരിക്കുന്നുണ്ടെന്നു മറക്കാതിരിക്കുക.
പുത്തനുടുപ്പിന്റെ മണം
പെരുന്നാളിന്റെ പുതുമയിൽ പുതുവസ്ത്രങ്ങൾക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്നത് കുട്ടിക്കാലത്തേ അനുഭവിച്ചറിവുള്ളതാണ്. നിസ്കാരത്തിനായി പള്ളിയിലെത്തിയാൽ ചുറ്റുമുള്ള കുട്ടികളുടെ വസ്ത്രത്തിലേക്കാവും ആദ്യം കണ്ണെത്തുക. ആരെല്ലാം ഏതെല്ലാം മോഡൽ വസ്ത്രങ്ങൾ അണിഞ്ഞിട്ടുണ്ടെന്നതും പുതിയതല്ലാത്തത് ആരെങ്കിലും ഇട്ടിട്ടുണ്ടോ എന്നതും ആ നോട്ടത്തിൽ കണ്ടെത്തും. ഏതാനും ചില കാരണവന്മാരും സാമ്പത്തിക പരാധീനതമൂലം പുതുവസ്ത്രം എടുക്കാൻ കഴിയാതിരുന്ന ചില കുട്ടികളെ അപ്പോൾ കണ്ടെന്നു വരും. പെരുന്നാൾക്കെങ്കിലും പുതുവസ്ത്രമെടുക്കാത്തവർ അത്രയും പാവപ്പെട്ടവരായിരിക്കുമെന്ന് അന്നത്തെ കുഞ്ഞുമനസ്സ് പറഞ്ഞിരുന്നു.
പള്ളിയിൽ പോവുന്നവർ മാത്രമല്ല, വീട്ടിലെ സ്ത്രീകളും പുതുവസ്ത്രമണിയുന്ന സമയമാണ് പെരുന്നാൾ. കൂടുതൽ അപ്ഡേഷൻ നടക്കുന്നത് പെൺകുട്ടികളുടെ വസ്ത്രത്തിലായതിനാൽ ചുറ്റുമുള്ള സമപ്രായക്കാരും ക്ലാസിൽ കൂടെ പഠിക്കുന്നവരും ഏതെല്ലാം മോഡലാവും എടുത്തിട്ടുണ്ടാവുകയെന്ന ആകാംക്ഷ അവസാനം വരെയുണ്ടാകും. മുൻകൂട്ടി പ്ലാൻ ചെയ്ത് സമാനമായവ വാങ്ങുന്നവരും കുറവല്ല. വീട്ടിലെ മുതിർന്നവരാവും പുതുവസ്ത്രമെടുക്കാൻ താരതമ്യേന താൽപര്യം പ്രകടിപ്പിക്കാതിരിക്കുക. ഉള്ളതിൽ വെച്ച് പുതിയത് ധരിച്ച് പെരുന്നാൾ കൊണ്ടാടും അവർ. ഓരോ ആഘോഷവും ഓരോ പ്രായത്തിലുള്ളവർക്കും വ്യത്യാസപ്പെടുമെന്നതിനാൽ പുതുവസ്ത്രത്തിന്റെ കാര്യത്തിലും അത് പ്രതിഫലിച്ചേക്കും.
ഭാര്യക്കും മക്കൾക്കും നല്ല വസ്ത്രം എടുത്തുനൽകി അവരെ സന്തോഷിപ്പിക്കണമെന്നാഗ്രഹിച്ച് അതിനായി നോമ്പുനോറ്റും അധ്വാനിക്കുന്ന കൂലിപ്പണിക്കാർ, ടെക്സ്റ്റൈൽസിലെ തിരച്ചിലിനിടയിൽ മക്കൾക്ക് ഇഷ്ടപ്പെട്ട നിറവും മോഡലുമുള്ള വസ്ത്രം കണ്ടപ്പോൾ അതിനു പണം മതിയാവില്ലെന്ന് കണക്കുകൂട്ടി ‘ഇത് നമുക്ക് അടുത്ത പെരുന്നാൾക്ക് എടുക്കാമെന്ന്’ പറഞ്ഞ് താൽകാലിക കുറ്റവും കുറവും കണ്ടെത്തി ഉള്ളിൽ സങ്കടത്തോടെ മറ്റ് വസ്ത്രങ്ങളിലേക്കും അടുത്തുള്ള കടകളിലേക്കും കണ്ണുപായിക്കുന്ന ഉമ്മമാർ, മക്കളോ പേരമക്കളോ ഉറ്റവരോ നൽകിയ വസ്ത്രം ധരിച്ച് ‘ഇതെനിക്ക് അവൻ തന്നതാണെന്ന്’ അഭിമാനത്തോടെ പറയുന്ന വലിയുപ്പമാർ, വലിയുമ്മമാർ, മക്കൾക്ക് വസ്ത്രമെടുക്കാൻ എവിടുന്നെങ്കിലും പണം കിട്ടിയാൽ മതിയായിരുന്നുവെന്ന് ഉള്ളിൽ പ്രാർഥനയുമായി കാത്തിരിക്കുന്ന കൈയിലൊന്നുമില്ലാത്തവർ, ആരോ ദാനമായി നൽകിയ ശരിയായ അളവിലല്ലാത്ത വസ്ത്രം അൽപ്പം മടിയോടെ ധരിച്ച് സന്തോഷിക്കാൻ ശ്രമിക്കുന്ന സമപ്രായക്കാർ… ഓരോ വർഷവും പെരുന്നാളിലെ പുതുവസ്ത്രമെടുക്കാനുള്ള ഒരുക്കങ്ങൾക്കിടയിലും ധരിക്കുന്ന സമയമത്രയും ഉള്ളിൽ മിന്നിത്തെളിയുന്ന ഇതുപോലുള്ള എത്രയോ ഓർമകളും കാഴ്ചകളുമുണ്ടാവും നമുക്കെല്ലാം. പെരുന്നാളിന്റെ നിറങ്ങളിൽ പുതുവസ്ത്രം നൽകുന്ന നിറവും ഭംഗിയും ചെറുതല്ലാത്തതാവുന്നത് ഇത്തരം രംഗങ്ങളിങ്ങനെ നമ്മുടെയെല്ലാം മനസ്സിൽ മായാതിരിക്കുന്നതുകൊണ്ടാണ്.
പെരുന്നാൾ പണത്തിന്റെ നിറങ്ങൾ
മറ്റുള്ളവർ സന്തോഷത്തോടെ പണം തന്നതിന്റെ ഓർമകളിൽ ഏറ്റവും ആദ്യത്തേതായി മനസ്സിലുള്ളത് അയൽവാസിയായ ഒരു വല്ല്യുമ്മ നോമ്പിന്റെ അവസാന നാളുകളിൽ കൈയിൽ തരുമായിരുന്ന അഞ്ചിന്റെയും പത്തിന്റെയും പുത്തൻനോട്ടുകളാണ്. ഇരുപത്തിയേഴാം രാവിന്റെ സകാത്ത് പൈസ എന്നോ, പെരുന്നാൾക്ക് നിനക്ക് മിട്ടായി വാങ്ങാനുള്ള പണം എന്നോ പറഞ്ഞാണ് എന്റെ വലിയുമ്മയുടെ പ്രായമുള്ള അവരാ പണം തരുക. എന്തെല്ലാമോ കാരണങ്ങളാൽ അന്നാ അഞ്ചു രൂപ നോട്ട് മനസ്സിൽ നൽകിയ ആഹ്ലാദങ്ങൾക്ക് പകരമാവാൻ അതിനു ശേഷം ലഭിച്ച ദാനങ്ങൾക്കോ ശമ്പളങ്ങൾക്കോ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. നോമ്പും പെരുന്നാളുമാവുമ്പോൾ വീട്ടുകാരിൽനിന്നും അയൽക്കാരിൽനിന്നും ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന ഇത്തരം കുഞ്ഞുകുഞ്ഞു ശേഖരങ്ങളാവുമല്ലോ കുട്ടിക്കാലത്തെ സമ്പാദ്യം. പെരുന്നാളാവുമ്പോഴേക്ക് എനിക്ക് അവിടുന്ന് ഇത്ര കിട്ടും, അമ്മാവനിത്ര തരും, ഉപ്പ ഇത്ര തരും എന്നൊക്കെ ഓരോ നോമ്പു കാലത്തും മനസ്സിൽ കണക്ക് കൂട്ടിയിരിക്കും. പെരുന്നാൾ നിസ്കാരം കഴിഞ്ഞാൽ അതുമായി വല്ലതും വാങ്ങാനിറങ്ങും. ബാക്കിയുള്ളത് ഭദ്രമായി സൂക്ഷിക്കും, സ്കൂളിൽ പോവുമ്പോൾ വല്ലതും വാങ്ങാൻ. കുട്ടികളുടെ വിപണി ലക്ഷ്യംവെച്ച് പള്ളിക്കു സമീപമുള്ള കടകളിലും മറ്റും പെരുന്നാളാവുമ്പോൾ പ്രത്യേക കളിക്കോപ്പുകൾ നിറയും. ഓരോ കുട്ടിക്കും ലഭിക്കുന്ന പെരുന്നാൾ പണം അങ്ങനെ വിവിധ നിറങ്ങളിലുള്ള കളിക്കോപ്പുകളായും ബലൂണുകളായും രൂപാന്തരപ്പെടും.
പെരുന്നാളാവുമ്പോൾ മാത്രം കൈയിൽ കിട്ടുന്ന അധികപണം നിറം പകരുന്ന മനസ്സുകളിൽ ഏറ്റവും പ്രധാനമായത് പള്ളി-മദ്റസകളിൽ സേവനമനുഷ്ഠിക്കുന്ന നമ്മുടെ ഉസ്താദുമാരുടേതാണ്. ഉപ്പ ഒരു മതാധ്യാപകനായതിനാൽ തന്നെ അതിന്റെ നിറം ആവോളം നേരിൽ കാണാനായിട്ടുണ്ട്. അന്നൊക്കെ പെരുന്നാൾ ഖുതുബ കഴിഞ്ഞ് ഉപ്പ വീട്ടിലെത്തുമ്പോൾ ഉച്ച കഴിഞ്ഞിരിക്കും. ആരെല്ലാമോ സന്തോഷപൂർവം നൽകിയ കുറെ വിഭവങ്ങളുമുണ്ടാവും കൈയിൽ. എന്നത്തേക്കാളും സന്തോഷം കാണും അന്ന് ഉപ്പയുടെ മുഖത്ത്. ഉപ്പ വന്നുകയറി ചോറൊക്കെ തിന്നിരുന്നാൽ ഞങ്ങൾക്ക് പെരുന്നാൾ പണം എന്ന് പറഞ്ഞ് ഒരു തുക തരും. ആ പെരുന്നാളിന് കിട്ടിയ ഏറ്റവും വലിയ തുക അതുതന്നെയായിരിക്കും. പെരുന്നാൾ നിസ്കാരം കഴിഞ്ഞ് പലരും ചുരുട്ടി മടക്കി നൽകിയ കുറെ നോട്ടുകൾ കാണും ഉപ്പയുടെ ബാഗിലും പോക്കറ്റിലും. ആ പണമാവും ഉപ്പാക്ക് ആ വർഷത്തിൽ കിട്ടുന്ന വലിയ സംഖ്യ. ആ തുകക്കനുസരിച്ച് വീട്ടിലെ അത്യാവശ്യ സാധനങ്ങൾ വാങ്ങും, ചില മരാമത്തു പണികളും നടത്തും. അക്കാലത്ത് വലിയൊരു ആശ്വാസം തന്നെയായിരുന്നു ആ പണം. അദ്ദേഹത്തെ പോലെ എത്രയോ ഉസ്താദുമാർക്ക്, അവരുടെ കുടുംബങ്ങൾക്ക് ഈ പണം ആശ്വാസമായിട്ടുണ്ടാകും, അവരുടെ ആഗ്രഹങ്ങൾ നിറവേറിയിട്ടുണ്ടാവും, എത്ര ആളുകളുടെ മുഖത്ത് ആ പൈസ പ്രകാശം പരത്തിയിരിക്കും, പ്രാർഥനകളിൽ അത് നൽകിയവർക്ക് ഇടമുണ്ടായിട്ടുണ്ടാവും…
വാർഷിക പരീക്ഷ കഴിഞ്ഞ് മദ്റസ പൂട്ടുന്ന സമയത്ത് കുട്ടികളെല്ലാം അതാത് ക്ലാസിലെ ഉസ്താദുമാർക്ക് കൈനീട്ടമായി ഒരു തുക നൽകുന്ന പതിവുണ്ടായിരുന്നു ഞങ്ങളുടെ പഠന കാലത്ത്. നമ്മുടെ മനസ്സിൽ അക്കാലത്ത് വലുതെന്ന് തോന്നുന്ന സംഖ്യയാണ് ഉമ്മ തന്നേൽപിച്ചതെങ്കിൽ ഇത്രയൊക്കെ വേണോ എന്ന് കാര്യമറിയാതെ ചോദിച്ചെന്നിരിക്കും. കൊല്ലത്തിൽ ഒരിക്കൽ കൊടുക്കുന്നതല്ലേ, നമ്മൾ കൊടുത്തതേ അവർക്കുണ്ടാവൂ എന്ന് പറഞ്ഞ് ഉസ്താദുമാരുടെ കുടുംബങ്ങളിലെ പരിഭവങ്ങൾ ഉമ്മ നിരത്തും. അതു കേൾക്കുമ്പോൾ എന്റെ പക്കലുണ്ടെങ്കിൽ കുറച്ചു കൂട്ടി നൽകാമായിരുന്നുവെന്ന് മനസ്സു പറയും.
പെരുന്നാൾ പണം കുട്ടികളെക്കാളും തീവ്രമായ സന്തോഷം നൽകുന്ന വേറെയും കുറെ മനുഷ്യരുണ്ട് നമുക്കു ചുറ്റും. ദീർഘകാലം രോഗികളായി കിടക്കുന്ന അഗതികൾ, അനാഥർ, വിധവകൾ, ദൈന്യംദിന ചെലവുകൾക്കോ മരുന്നിനോ പണം നൽകാൻ ആരുമില്ലാത്ത പ്രായമായവർ… ഇങ്ങനെ ഒരുപാട് പേർ തങ്ങളുടെ ഏറെ നാളത്തേക്കുള്ള ആവശ്യങ്ങൾക്കും കുറെ കാലമായുള്ള ആഗ്രഹ നിവർത്തിക്കും വഴി കണ്ടെത്തുന്നത് നോമ്പ് അവസാനത്തിലും പെരുന്നാളിനും ആരെങ്കിലും നൽകുന്ന പണമുപയോഗിച്ചാണ്.
നമ്മളെത്ര തന്നെ അഭിവൃദ്ധിപ്പെട്ടെന്ന് പറയുമ്പോഴും പ്രവാസവും ഗൾഫ് പണവും നമ്മുടെ നാടിനെ അത്രമേൽ മാറ്റിയെന്ന യാഥാർഥ്യത്തിൽ അഭിമാനിക്കുമ്പോഴും നമ്മുടെ ചുറ്റും ഇപ്പോഴുമുണ്ടാകും ഇങ്ങനെ പരസഹായം കാത്ത് ദിനംകഴിക്കുന്ന ഒട്ടേറേ മനുഷ്യർ. അവരുടെ സന്തോഷങ്ങളാവട്ടെ നമ്മുടെ പെരുന്നാളുകൾ.
എല്ലാവരുടെയും ആഘോഷം
നാലഞ്ചു വർഷങ്ങൾക്ക് മുമ്പാണ്, അരീക്കോട് സുല്ലമുസ്സലാം ആർട്സ് കോളേജിലും മുക്കം മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ കോളേജിലും പഠിക്കുന്ന മുൻപരിചയമുള്ള ഏതാനും സുഹൃത്തുക്കൾ ‘ഈ പെരുന്നാൾ നമുക്ക് പെരുന്നാളൊന്നും ഇല്ലാത്ത ഒരുകൂട്ടം ആളുകളുടെ ഇടയിൽ ആഘോഷിച്ചാലോ’ എന്ന പ്ലാനിടുന്നത്. സോഷ്യൽ മീഡിയ ഇന്നത്തെ പോലെ വ്യാപകമല്ലെങ്കിലും ഫേസ്ബുക്കിലും മറ്റുമുള്ള ചില സുഹൃത്തുക്കളോടും അവരീ ആശയം പങ്കുവെച്ചു. അങ്ങനെയവർ പെരുന്നാൾ ദിവസം കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള ഗവൺമെന്റ് ഓൾഡ് എയ്ജ് ഹോമിൽ ആരോരുമില്ലാത്ത മുതിർന്നവർക്കൊപ്പം അടിപൊളിയായി ആഘോഷിച്ചു.
അവിടത്തെ അന്തേവാസികൾക്ക് നല്ല ഭക്ഷണം വിളമ്പി, സമ്മാനങ്ങൾ നൽകി, അവരുമായി കുറെയേറെ സംസാരിച്ചു, ഏറെ നേരം കേട്ടിരുന്നു… പങ്കുവെച്ചും പകുത്തുനൽകിയും ആ യുവകൂട്ടായ്മ ആഘോഷങ്ങളില്ലാത്ത ഒരു കൂട്ടമാളുകൾക്ക് സന്തോഷത്തിന്റെ നിറവേകി.
ആരുടേയും ശ്രദ്ധ പതിയാത്ത മാനസികാരോഗ്യ കേന്ദ്രങ്ങളും അനാഥാലയങ്ങളും വൃദ്ധസദനങ്ങളും തെരുവോരങ്ങളും പിന്നീടുള്ള ഓരോ പെരുന്നാൾക്കും ഇവർക്ക് വിനോദ കേന്ദ്രങ്ങളായി. അവിടത്തെ അന്തേവാസികൾ ആഘോഷങ്ങളിലെ സഹയാത്രികരും.
കഴിഞ്ഞ കുറെ വർഷമായി നമ്മുടെ കൗമാരവും യുവത്വവും ആഘോഷവേളകളിൽ ഇങ്ങനെ മറ്റുള്ളവർക്ക് താങ്ങായി സജീവമായി രംഗത്തുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇത്തരം കാര്യങ്ങൾക്ക് പലർക്കും പ്രചോദനമാവുകയും ഇതിനായി പണം കണ്ടെത്താനുള്ള വേദിയാവുകയും ചെയ്യുന്നുണ്ട് ഇപ്പോൾ. പുതുവസ്ത്രമില്ലാത്തവർക്ക് വസ്ത്രം നൽകിയും പെരുന്നാൾ വിഭവങ്ങൾ വീട്ടിലെത്തിച്ചും തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണപ്പൊതികളെത്തിച്ചും നമ്മുടെ യുവാക്കൾ ഒരുപാടു പേർക്ക് വഴിയും വെളിച്ചവുമാകുന്നുണ്ട്. പെരുന്നാളിന്റെ പിറകാണാത്ത ദിക്കുകളിലവർ പെരുന്നാളുകളാവുന്നുണ്ട്.
മുബശ്ശിർ മുഹമ്മദ്