8തസ്കരന്‍ ചൂണ്ടിയ വളയത്തില്‍ ശരം കൊള്ളിക്കണം. അശ്വഭടന്‍ നിന്ന നില്‍പില്‍ തന്നെ ഉന്നം പിടിച്ചു.
വില്ലുകുലച്ചു.
വളയം ലക്ഷ്യമാക്കി ശരം തൊടുത്തുവിട്ടു.
കൃത്യം!
മധ്യവളയത്തിലൂടെ അമ്പ് ചീറിപ്പാഞ്ഞു കടന്നുപോയി. രണ്ടാമതും മൂന്നാമതും അയാള്‍ അസ്ത്രപ്രയോഗം നടത്തി. ഒന്നും പിഴച്ചില്ല.
കെട്ടിയിട്ട കയറിലെ കുരുക്കുകളില്‍, ദൂരെനിന്നു അന്പെയ്തു കൊള്ളിക്കല്‍ അറബികളുടെ ഒരു വിനോദമാണ്. കുരുക്കുകളില്‍ തുടര്‍ച്ചയായി അമ്പ് കൊള്ളിക്കാന്‍ കഴിവുള്ളവന്‍ അന്പെയ്ത്ത് വീരനായാണറിയപ്പെടുക. അവനോട് മല്ലിടാന്‍ ആരും തയ്യാറാവുകയില്ല.
തന്റെ മുന്നില്‍ നില്‍ക്കുന്നത് അതിശക്തനായ ഒരന്പെയ്ത്തു വീരനാണ്. അയാളോടേറ്റുമുട്ടുന്നത് ആരോഗ്യകരമല്ല. തല്‍ക്കാലം അയാളുടെ സാമര്‍ത്ഥ്യത്തിനു മുന്നില്‍ മുട്ടുമടക്കലാണ് ബുദ്ധി. പിന്മാറ്റം പരാജയമല്ല, യുദ്ധതന്ത്രമാണ്. തസ്കരന്റെ കൈകള്‍ താണു. അന്പുകള്‍ തിരികെ ആവനാഴിയിലേക്കു നിക്ഷേപിച്ചു. കുതിരക്കാരനുമുന്നില്‍ കീഴടങ്ങി. മോഷണക്കുറ്റം സമ്മതിച്ചു.
കുതിരപ്പടയാളി ഇറങ്ങിവന്ന് അയാളുടെ വാളും വില്ലും പിടിച്ചെടുത്തു. ഉറച്ച സ്വരത്തില്‍ കല്‍പ്പിച്ചു:
കയറൂ… എന്റെ പിന്നില്‍
മറ്റൊരു മാര്‍ഗവുമില്ല. ഇനി ഇയാള്‍ പറയുന്നത് അനുസരിക്കുകയേ നിര്‍വാഹമുള്ളൂ. എതിര്‍ത്താല്‍ തന്റെ കഥ കഴിഞ്ഞതുതന്നെ.
അയാള്‍ അനുസരണയോടെ കുതിരപ്പുറത്ത് കയറിയിരുന്നു.
അശ്വഭടന്‍ കടിഞ്ഞാണ്‍ അഴിച്ചിട്ടു. കുതിര പായാന്‍ തുടങ്ങി. പിറകെ ഒട്ടകക്കൂട്ടവും. അല്‍പദൂരം പിന്നിട്ടപ്പോള്‍ കുതിരപ്പടയാളി ചോദിച്ചു:
ഞാന്‍ നിന്നെ എന്തു ചെയ്യുമെന്നാണ് നീ കരുതുന്നത്?
അതിക്രൂരമായി ശിക്ഷിക്കുമെന്ന്
അതെന്താ, അങ്ങനെ ചിന്തിക്കാന്‍?
അത്… ഞാന്‍ നിങ്ങളുടെ മുതല്‍ അപഹരിച്ചു. നിങ്ങളത് കണ്ടുപിടിച്ചിട്ടും തിരികെ നല്‍കാന്‍ തയ്യാറായില്ല. ഇപ്പോഴാണെങ്കില്‍ ഞാന്‍ നിങ്ങളുടെ പിടിയിലുമാണ്
ഞാന്‍ നിന്നോട് ക്രൂരമായി പെരുമാറുമെന്ന് കരുതുന്നുവോ, ഇന്നലെ രാത്രി മുതല്‍ മുഹല്‍ഹിലിന്റെ കൂടെയിരിക്കുകയും ഭക്ഷണ പാനീയങ്ങള്‍ കഴിക്കുകയും ചെയ്തയാളല്ലേ നിങ്ങള്‍?
മുഹല്‍ഹില്‍ എന്നു കേട്ടതും അയാള്‍ ഞെട്ടി.
ആശ്ചര്യത്തോടെ ചോദിച്ചു:
നിങ്ങളാണോ മുഹല്‍ഹിലിന്റെ പുത്രന്‍ സൈദുനില്‍ ഖൈല്‍?
അതേ, ഞാന്‍ തന്നെ
അറേബ്യന്‍ മരുഭൂമിയിലെ ഒറ്റയാനാണ് പ്രസിദ്ധ വില്ലാളി വീരനും ധീരയോദ്ധാവുമായ മുഹല്‍ഹിലിന്റെ പുത്രന്‍ സൈദുനില്‍ ഖൈല്‍ (കുതിരക്കാരന്‍ സൈദ്). അയാളാണ് തന്റെ കൂടെയുള്ളതെന്നറിഞ്ഞപ്പോള്‍ തസ്കരന്‍ സ്തബ്ധനായി.
അറ്യേ ഭയപ്പെടുന്നത് ഈ നിത്യാഭ്യാസിയെയാണ്.
മോഷ്ടാവ് ഭയചകിതനായി. എങ്കിലും അതു മറച്ചുവെച്ചുകൊണ്ട് പറഞ്ഞു:
നിങ്ങളില്‍ നിന്നും നല്ല സമീപനം മാത്രം ഞാന്‍ പ്രതീക്ഷിക്കുന്നു
പേടിക്കേണ്ട, ഞാന്‍ നിന്നെ ഉപദ്രവിക്കില്ല
ഹാവൂ, സമാധാനമായി! അയാള്‍ ദീര്‍ഘശ്വാസം വിട്ടു.
മണിക്കൂറുകള്‍ നീണ്ട യാത്രക്കൊടുവില്‍ ഇരുവരും ടെന്‍റിനടുത്തെത്തി. സൈദ് അയാളോട് സൗമ്യമായി പറഞ്ഞു:
സഹോദരാ, ഈ ഒട്ടകക്കൂട്ടം എന്‍റേതായിരുന്നുവെങ്കില്‍ ഞാനവ മുഴുവന്‍ നിനക്ക് തരുമായിരുന്നു. പക്ഷേ, ഇതെന്റെ സഹോദരിയുടേതാണ്. അതിനാല്‍ തരാന്‍ എനിക്കു സാധ്യമല്ല. നീ കുറച്ചു ദിവസം ഇവിടെ നില്‍ക്ക്. ഞാനൊരു കൊള്ളക്കുള്ള ഒരുക്കത്തിലാണ്. അതില്‍ ലഭിക്കുന്ന മുതലുകളെല്ലാം നിനക്കു തരാം
തസ്കരനെ സൈദ് വീണ്ടും അമ്പരപ്പിച്ചു. അയാള്‍ക്കത് സമ്മതമായിരുന്നു. വെറുംകയ്യായില്ലല്ലോ. അറേബ്യന്‍ നാടോടിപ്പാട്ടുകളിലെ ക്രൂരനായ കഥാപാത്രം ഇദ്ദേഹം തന്നെയോ? എന്തു നല്ല മനുഷ്യന്‍! അയാള്‍ അവിടെ താമസിക്കാന്‍ തുടങ്ങി.
മൂന്നു നാള്‍ കഴിഞ്ഞതേയുള്ളൂ. ബനൂഖൈര്‍ ഗോത്രവുമായി അതിഘോരമായ പോരാട്ടം നടന്നു. അവരുടെ നൂറോളം ഒട്ടകങ്ങള്‍ സൈദുനില്‍ ഖൈല്‍ പിടിച്ചെടുത്തു. അവ പൂര്‍ണമായും തസ്കരനു നല്‍കി. സുരക്ഷക്കായി കുറച്ചുപേരെയും വിട്ടുകൊടുത്തു. സൈദിനു നന്ദിയോതി സസന്തോഷം തസ്കരന്‍ ഹീറയിലേക്ക് പുറപ്പെട്ടു.
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…